Showing posts with label ഖുര്‍ആന്‍. Show all posts
Showing posts with label ഖുര്‍ആന്‍. Show all posts

Friday, March 12, 2010

ഖുര്‍ആന്‍ പാരായണത്തിനുള്ള മാഹാത്മ്യം

0 comments


1) അബീഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യണം. പാരായണം ചെയ്യുന്നവര്‍ക്ക് അന്ത്യദിനത്തില്‍ അത് ശുപാര്‍ശക്കാരനായി വരുന്നതാണ്. (മുസ്ലിം)

2) നവ്വാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ഖുര്‍ആനും ഇഹത്തില്‍ അതനുസരിച്ച് ജീവിതം നയിച്ച അഹ്ലുല്‍ ഖുര്‍ആനും അന്ത്യദിനത്തില്‍ കൊണ്ടുവരപ്പെടും. അവയില്‍ നിന്ന് ബഖറ സൂക്തവും ആലുഇംറാന്‍ സൂക്തവും അതനുസരിച്ച് പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി വാദിക്കുന്നതാണ്. (മുസ്ലിം)

3) ഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചു പറഞ്ഞു: നിശ്ചയം, അല്ലാഹു ഈ ഖുര്‍ആന്‍ മുഖേന ചില ജനങ്ങളെ ഉയര്‍ത്തുകയും മറ്റു ചിലരെ താഴ്ത്തുകയും ചെയ്യും. (മുസ്ലിം)

4) ഇബ്നുമസ്ഉദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഖുര്‍ആനിലെ ഒരക്ഷരംവല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ്ലാമീം ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ! അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (തിര്‍മിദി)

5) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഖുര്‍ആനില്‍ നിന്ന് യാതൊന്നും ഹൃദയത്തിലില്ലാത്തവന്‍ ശൂന്യമായ ഭവനത്തിന് തുല്യമാണ്. (തിര്‍മിദി)

6) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഖുര്‍ആന്‍ പാണ്ഡിത്യമുള്ളവനോട് പറയപ്പെടും. ഇഹലോകത്ത് മന്ദം മന്ദം ഓതിക്കൊണ്ടിരുന്നപോലെ ഇവിടെയും നീ മന്ദം മന്ദം ഓതുകയും (ആവേശത്തിമര്‍പ്പ്കൊണ്ട്) ഉയരുകയും ചെയ്യുക. നീ ഓതുന്ന ആയത്തിന്റെ അന്ത്യത്തിലാണ് നിന്റെ ഔന്നത്യം നിലക്കൊള്ളുന്നത്. (അബൂദാവൂദ്, തിര്‍മിദി) (കൂടുതല്‍ പാരായണം ചെയ്യുന്നവന് കൂടുതല്‍ പ്രതിഫലവും കുറച്ച് പാരായണം ചെയ്യുന്നവന് കുറച്ച് പ്രതിഫലവും ലഭിക്കുന്നതാണ്)

7) ബഷീര്‍(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഊന്നിപ്പറഞ്ഞു: ഖുര്‍ആന്‍ മണിച്ചോതാത്തവന്‍ നമ്മളില്‍പെട്ടവനല്ല. (അബൂദാവൂദ്)

8) അനസി(റ)ല്‍ നിന്ന് നിവേദനം: നിശ്ചയം, ഒരാള്‍ പറഞ്ഞു: പ്രവാചകരെ! ഇഖ്ലാസ് സൂറത്തിനെ ഞാനിഷ്ടപ്പെടുന്നു. നബി(സ) പറഞ്ഞു: അതിനോടുള്ള സ്നേഹം നിന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. (തിര്‍മിദി)

9) ഉഖ്ബത്തി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചു ചോദിച്ചു: ഇന്നേ രാത്രിയില്‍ കുറെ ആയത്തുകള്‍ ഇറക്കപ്പെട്ടത് നീ കണ്ടില്ലേ? അതുപോലെയുള്ളത് മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല. ഫലക്ക് സൂറത്തും അന്നാസ് സൂറത്തുമാണവ. (മുസ്ലിം)

10) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: മുഅവ്വദത്താനി അവതരിക്കുന്നതുവരെ കണ്ണേറില്‍നിന്നും ജിന്നില്‍നിന്നും റസൂല്‍(സ) കാവലപേക്ഷിച്ചിരുന്നു. അവ രണ്ടും ഇറങ്ങിയപ്പോള്‍ (കാവലപേക്ഷിക്കുന്നതിനു പകരം) അവ രണ്ടും അവലംബിക്കുകയും മറ്റുള്ളവ ഉപേക്ഷിക്കുകയും ചെയ്തു (തിര്‍മിദി)

11) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചു പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. പൊറുക്കപ്പെടുന്നതുവരെ അത് ആളുകള്‍ക്ക് ശുപാര്‍ശ ചെയ്യും. സൂറത്തുല്‍ മുല്‍ക്ക് ആണത്. (അബൂദാവൂദ്, തിര്‍മിദി)

12) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വന്തം വീടുകള്‍ നിങ്ങള്‍ ശ്മശാനമാക്കി മാറ്റരുത്. (അവിടെ ഖുര്‍ആന്‍ പാരായണം നടത്തണം) നിശ്ചയം, ബഖറ സൂറത്ത് ഓതുന്ന ഭവനത്തില്‍ നിന്ന് പിശാച് പുറപ്പെട്ടുപോകും. (മുസ്ലിം) (വിവിധ ആശയങ്ങളും വിഷയങ്ങളും ഉള്‍ക്കൊണ്ടതുകൊണ്ടും പിശാചിന്റെ കുതന്ത്രങ്ങള്‍ വരച്ചുകാട്ടിയിട്ടുള്ളതുകൊണ്ടും പിശാചിന് ഏറ്റവും വിഷമം ഉണ്ടാക്കിത്തീര്‍ക്കുന്ന ഒരു സൂറത്താണത്. തന്നിമിത്തം പാരായണം ചെയ്യപ്പെടുമ്പോള്‍ അതിന്റെ ബര്‍ക്കത്തുകൊണ്ട് പിശാച് ഒഴിഞ്ഞുമാറുന്നതാണ്)

13) ഉബയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ചോദിച്ചു: അബുല്‍മുന്‍ദിറേ! അല്ലാഹുവിന്റെ ഖുര്‍ആനില്‍ നീ പഠിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രാധാന്യമുള്ള ആയത്തേതെന്നു നിനക്കറിയാമോ? ഞാന്‍ പറഞ്ഞു: ആയത്തുല്‍കുര്‍സിയാണത്. അന്നേരം അവിടുന്ന് എന്റെ നെഞ്ചത്തടിച്ചിട്ട് പറഞ്ഞു: അബുല്‍മുന്‍ദിറേ! വിജ്ഞാനം നിന്നെ പുളകമണിയിക്കട്ടെ! (സുസ്ഥിരവും സദൃഢവുമായി വിജ്ഞാനം അല്ലാഹു നിനക്ക് പ്രദാനം ചെയ്യട്ടെ!) (മുസ്ലിം)

14) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കഹ്ഫ് സൂറത്തിന്റെ ആദ്യ ഭാഗത്തില്‍ നിന്ന് 10 ആയത്തുകള്‍ ഹൃദിസ്ഥമാക്കുന്നവന് ദജ്ജാലില്‍ നിന്ന് കാവല്‍ ലഭിക്കും. കഹ്ഫ് സൂറത്തിന്റെ അവസാന ഭാഗങ്ങളില്‍ നിന്ന് എന്നാണ് മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്. (മുസ്ലിം)

15) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ജിബ്രീല്‍ (അ) നബി(സ)യുടെ സന്നിധിയിലിരിക്കെ ഉപരിതലത്തില്‍ നിന്ന് ഒരു ശബ്ദം കേട്ടു. ഉടനെ തലയുയര്‍ത്തിയിട്ട് ജിബ്രീല്‍ (അ) പറഞ്ഞു: ഇതാ, ഇന്നേ ദിവസം വാനലോകത്തില്‍ ഒരു കവാടം തുറക്കപ്പെട്ടിരിക്കുന്നു. ഇന്നല്ലാതെ മുമ്പൊരിക്കലും അത് തുറക്കപ്പെട്ടിട്ടില്ല. എന്നിട്ടതില്‍ നിന്ന് ഒരു മലക്ക് ഇറങ്ങി വന്നിരിക്കുന്നു. ജിബ്രീല്‍ (അ) വിശദീകരിച്ചു. ഇദ്ദേഹം ഭൂലോകത്തേക്ക് ഇറങ്ങിവന്നിട്ടുള്ള ഒരു മലക്കാണ്. ഇന്നേ ദിവസമല്ലാതെ മറ്റൊരിക്കലും അദ്ദേഹം ഇറങ്ങിവന്നിട്ടില്ല. അങ്ങേയ്ക്ക് സലാം ചൊല്ലിയിട്ട് അദ്ദേഹം പറയുന്നു: നിങ്ങള്‍ക്ക് നല്‍്കപ്പെട്ടിട്ടുള്ള രണ്ട് പ്രകാശം കൊണ്ട് നീ സന്തോഷിക്കൂ! നിങ്ങള്‍ക്ക് മുമ്പേ ഒരു നബിക്കും അവ രണ്ടും നല്കപ്പെട്ടിട്ടില്ല. ഫാത്തിഹ സൂറത്തും2. ബഖറ സുറത്തിന്റെ അവസാനഭാഗവും, അവയില്‍ നിന്ന് ഒരു വിഷയവും നിങ്ങള്‍ ഓതുകയില്ല- നിങ്ങള്‍ക്കത് നല്കപ്പെട്ടിട്ടല്ലാതെ. (മുസ്ലിം)

16) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ ഏതെങ്കിലും ഭവനത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടും ചര്‍ച്ച ചെയ്തുകൊണ്ടും ആരും സമ്മേളിക്കുകയില്ല - സകീനത്ത് അവരില്‍ ഇറങ്ങിയിട്ടും റഹ്മത്ത് അവരെ ആവരണം ചെയ്തിട്ടും മലക്കുകള്‍ അവരെ വലയം ചെയ്തിട്ടും അല്ലാഹു തന്റെ അടുത്തുള്ളവരില്‍ അവരെ സംബന്ധിച്ച് പറഞ്ഞിട്ടുമല്ലാതെ. (മുസ്ലിം) (നാനാവിധേനയുള്ള സമാധാനവും സംരക്ഷണവും അനുഗ്രഹവും പ്രശസ്തിയും അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും)

Thursday, March 11, 2010

ഖുര്‍ആന്റെ സുജൂദുകള്‍

0 comments


1) അബ്ദുല്ല(റ) നിവേദനം: നബി(സ) മക്കയില്‍ വെച്ച് സൂറത്ത് നജ്മ് ഓതുകയും അതില്‍ സുജൂദ് ചെയ്യുകയും ചെയ്തു. അപ്പോള്‍ നബി(സ)യുടെ കൂടെയുണ്ടായിരുന്നവരും സുജൂദ് ചെയ്തു. ഒരു കിഴവന്‍ ഒഴികെ. അയാള്‍ തന്റെ കയ്യില്‍ ചെറിയ കല്ലോ മണ്ണോ എടുത്ത് തന്റെ നെറ്റിക്ക് നേരെ ഉയര്‍ത്തി എനിക്ക് ഇത്രയും മതിയെന്ന് ജല്‍പിച്ചു. അയാള്‍ ഈ സംഭവത്തിനുശേഷം അവിശ്വാസിയായി വധിക്കപ്പെട്ടത് ഞാന്‍ കാണുകയുണ്ടായി. (ബുഖാരി. 2. 19. 173)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) ജുമുഅ:യുടെ ദിവസം സുബ്ഹി നമസ്കാരത്തില്‍ സുറത്തു സജദ:യും സൂറത്തും ദഹ്റും ഓതാറുണ്ട്. (ബുഖാരി. 2. 19. 174)

3) ഇബ്നുഅബ്ബാസ്(റ) പറയുന്നു: സ്വാദ് സൂറത്തിലെ സുജൂദ് അത്യാവശ്യം സുജൂദുകളില്‍ പെട്ടതല്ല. നബി(സ) ഈ സൂറത്തില്‍ സുജൂദ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 2. 19. 175)

4) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) സൂറത്തു നജ്മ് പാരായണം ചെയ്തപ്പോള്‍ നബി(സ)യുടെ കൂടെ മുസ്ളിംകളും മുശ്രിക്കുകളും ജിന്നും മനുഷ്യനും സുജൂദ് ചെയ്തു. (ബുഖാരി. 2. 19. 177)

5) സെയ്തുബ്നു സാബിത്ത്(റ) നിവേദനം: നബി(സ)ക്ക് വന്നജ്മ് സൂറത്തു ഒരിക്കല്‍ അദ്ദേഹം ഓതി കേള്‍പ്പിച്ചു. അപ്പോള്‍ നബി(സ) സുജൂദ് ചെയ്തില്ല. (ബുഖാരി. 2. 19. 179)

6) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം ഇസസ്സാമഇന്‍ ശഖത്തു എന്ന സൂറത്തു ഓതുകയും അതില്‍ സുജൂദ് ചെയ്യുകയും ചെയ്തു. അതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നബി(സ) സുജൂദ് ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നില്ലെങ്കില്‍ ഞാന്‍ സുജൂദ് ചെയ്യുകയില്ലായിരുന്നു. (ബുഖാരി. 2. 19. 180)

7) ഇബ്നു ഉമര്‍(റ) നിവേദനം: സുജൂദ് ചെയ്യേണ്ട സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില സൂറത്തുകള്‍ ഞങ്ങളുടെ മുമ്പില്‍ വെച്ച് നബി(സ) ഓതാറുണ്ടായിരുന്നു. അന്നേരം നബി(സ) സുജൂദ് ചെയ്യും. അപ്പോള്‍ ഞങ്ങളും സുജൂദ് ചെയ്യും. ചിലപ്പോള്‍ ചിലര്‍ക്ക് നെറ്റി നിലത്ത് വെക്കാന്‍ പോലും സ്ഥലം ലഭിക്കാറില്ല. (ബുഖാരി. 2. 19. 181)

8) ഉമര്‍(റ) നിവേദനം: അദ്ദേഹം ഒരു വെള്ളിയാഴ്ച ദിവസം മിമ്പറില്‍ വെച്ച സൂറത്തു നഹ്ല് ഓതുകയും സുജൂദിന്റെ സ്ഥലത്ത് എത്തിയപ്പോള്‍ മിമ്പറില്‍ നിന്ന് താഴേക്ക് ഇറങ്ങി സുജൂദ് ചെയ്തു. ജനങ്ങളും സുജൂദ് ചെയ്തു. അടുത്ത് ജുമുഅ: യിലും അത് ഓതുകയും സുജൂദിന്റെ സ്ഥാനത്ത് എത്തിയപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു. അല്ലയോ ജനങ്ങളേ, സുജൂദിന്റെ ആയത്തിലൂടെ നാം കടന്നുപോകും. അപ്പോള്‍ വല്ലവനും സുജൂദ് ചെയ്താല്‍ സുന്നത്തു അവന്ന് ലഭിച്ചു. സുജൂദ് ചെയ്യാത്ത പക്ഷം അവന്റെ മേല്‍ തെറ്റില്ല. അങ്ങനെ ഉമര്‍(റ) സുജൂദ് ചെയ്തില്ല. ഇബ്നുഉമര്‍(റ)ന്റെ നിവേദനത്തില്‍ പറയുന്നു: ഈ സുജൂദ് അല്ലാഹു നിര്‍ബ്ബന്ധമാക്കിയിട്ടില്ല. നാം ഉദ്ദേശിച്ചാല്‍ സുജൂദ് ചെയ്യാം. (ബുഖാരി. 2. 19. 183)

9) അബൂറാഫിഅ്(റ) പറയുന്നു: അബൂഹുറൈറ(റ)യുടെ കൂടെ ഒരു ഇശാ നമസ്കാരം ഞാന്‍ നിര്‍വ്വഹിച്ചു. അപ്പോള്‍ അദ്ദേഹം ഇദസ്സമാഉന്‍ ശഖാത്തു ഓതുകയും സുജൂദ് ചെയ്യുകയും ചെയ്തു. ഇതെന്താണെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: അബൂഖാസിമിന്റെ (നബി) പിന്നില്‍ നിന്ന് ഈ സൂറത്തില്‍ ഞാന്‍ സുജൂദ് ചെയ്തിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടുന്നത് വരെ ചെയ്ത് കൊണ്ടിരിക്കും. (ബുഖാരി. 2. 19. 184)

Tuesday, January 19, 2010

ഖുര്‍ആന്‍ വ്യാഖ്യാനം

0 comments


1) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറഞ്ഞു: മനുഷ്യന്‍ എന്നെ നിഷേധിച്ചു. അവന് അതിന്നധികാരമില്ല. അവന്‍ എന്നെ ശകാരിച്ചു. അവന് അതിന്നും അധികാരമുണ്ടായിരുന്നില്ല. അവന്‍ എന്നെ നിഷേധിച്ചതു അവനെ മരണത്തിനുമുമ്പുളള രൂപത്തില്‍ പുനര്‍ജ്ജീവിപ്പിക്കുവാന്‍ എനിക്ക് സാധ്യമല്ലെന്ന് അവന്‍ വാദിച്ചതാണ്. എന്നെ ശകാരിച്ചുവെന്ന് പറഞ്ഞത് എനിക്ക് സന്താനമുണ്ടെന്ന അവന്റെ വാദവും. സഹധര്‍മ്മിണിയെയും സന്താനത്തേയും സ്വീകരിക്കുന്നതില്‍ നിന്നും എത്രയോ പരിശുദ്ധനാണ് ഞാന്‍. (ബുഖാരി. 6. 60. 9)

2) അബുഹുറൈറ(റ) പറയുന്നു: വേദക്കാര്‍ തൌറാത്ത് മുസ്ലിംകള്‍ക്ക് ഹിബ്രു ഭാഷയില്‍ വായിച്ചുകേള്‍പ്പിച്ച് അറബിഭാഷയില്‍ വിശദീകരിച്ചു കൊടുക്കാറുണ്ട്. അപ്പോള്‍ നബി(സ) പറഞ്ഞു: വേദക്കാരുടെ ഒരു വാക്കും നിങ്ങള്‍ വിശ്വസിക്കരുത്. നിഷേധിക്കുകയുമരുത്. അല്ലാഹുവിലും ഞങ്ങള്‍ക്കവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നുവെന്ന് മാത്രം പറഞ്ഞുകൊളളുക. (ബുഖാരി. 6. 60. 12)

3) ഹുദൈഫ:(റ) പറയുന്നു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ചിലവ് ചെയ്യുവീന്‍. നിങ്ങളുടെ കരങ്ങളെ നാശത്തിലേക്ക് നിങ്ങള്‍ ഇടരുത് (2:195) എന്ന സൂക്തം യുദ്ധത്തില്‍ ചിലവ് ചെയ്യുന്നതിനെ സംബന്ധിച്ച് അവതരിപ്പിക്കപ്പെട്ടതാണ്. (ബുഖാരി. 6. 60. 41)

4) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) ഒരു ദിവസം സഫാ മല മേല്‍ കയറി നിന്ന് പ്രഭാതത്തില്‍ വന്നു ഭവിച്ച വിപത്തേ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഖൂറൈശികള്‍ ഓടിയെത്തി ചുറ്റുംകൂടി പരിഭ്രാന്തിയോടെ ചോദിച്ചു: നിങ്ങള്‍ക്കെന്തുപറ്റി? നബി(സ) അരുളി: നിങ്ങളൊന്ന് ചിന്തിച്ചുനോക്കുക. നാളെ രാവിലെ അല്ലെങ്കില്‍ വൈകുന്നേരം ശത്രുക്കള്‍ ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ? അതെയെന്നവര്‍ മറുപടി പറഞ്ഞു. നബി(സ) അരുളി: ശരി, എങ്കില്‍ അല്ലാഹുവില്‍ നിന്നുളള കഠിനശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന്‍ വന്നവനാണ് ഞാന്‍. ഉടനെ അബൂലഹബ് പറഞ്ഞു: നിനക്ക് നാശം. ഇതിന് വേണ്ടിയാണോ നീ ഞങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത്. ആ സന്ദര്‍ഭത്തിലാണ്" അബൂലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നു”വെന്ന് ഖുര്‍ആന്‍ സൂക്തം അവതരിപ്പിക്കപ്പെട്ടത്. (111: 1, 5 (ബുഖാരി. 6. 60. 293)

5) അബ്ദുല്ല(റ) പറയുന്നു: നബി(സ) ഒരിക്കല്‍ പ്രസംഗത്തിനിടയില്‍ സാലിഹ് നബി (അ) യുടെ ഒട്ടകത്തെയും അതിനെ അറുത്തവനേയും കുറിച്ച് അരുളുന്നതു അദ്ദേഹം കേട്ടു. ആ സമൂഹത്തിലെ അങ്ങേയറ്റത്തെ ദുഷ്ടന്‍ എഴുന്നേറ്റു പുറപ്പെട്ടപ്പോള്‍ എന്ന വാക്കിന് അബൂസംഅതിനെപ്പോലെ തന്റെ ജനതയില്‍ ശക്തനും സുരക്ഷിതനും ദുഷ്ടനുമായി ജീവിച്ചിരുന്ന ഒരു പുരുഷന്‍ ആ ഒട്ടകത്തിന്റെ നേരെ എഴുന്നേറ്റു പുറപ്പെട്ടപ്പോള്‍ എന്നാണര്‍ത്ഥമെന്ന് നബി(സ) അരുളി. തുടര്‍ന്ന് നബി(സ) സ്ത്രീകളെക്കുറിച്ചു അരുളുകയുണ്ടായി. നിങ്ങളിലൊരാള്‍ അടിമയെ അടിക്കും പോലെ സ്വപത്നിയെ അടിക്കും. അതേ ദിവസം അവളോടൊപ്പം ശയിക്കുകയും ചെയ്യും. തുടര്‍ന്ന് കൊണ്ട് മറ്റുളളവര്‍ക്ക് കീഴ്വായു പോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ചിരിക്കുന്നവരേയും നബി(സ) ഉപദേശിച്ചു. തങ്ങളില്‍ നിന്ന് സംഭവിക്കാറുളള കാര്യത്തെക്കുറിച്ച് എന്തിനാണ് ചിരിക്കുന്നതെന്ന് നബി(സ) ചോദിച്ചു. സുബൈറിബ്നുല്‍ അഖാമിന്റെ പിതൃവ്യന്‍ അബൂസംഅതിനെപ്പോലെ എന്നാണ് മറ്റൊരു നിവേദനത്തില്‍ വന്നിട്ടുളളത്. (ബുഖാരി. 6. 60. 466)

6) ആയിശ(റ) നിവേദനം: നിനക്ക് നാം കൌസര്‍ നല്‍കിയിരിക്കുന്നുവെന്ന ഖുര്‍ആന്‍ വാക്യത്തെക്കുറിച്ച് അവരോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: നബിക്ക് പരലോകത്തുവെച്ച് നല്‍കപ്പെടുന്ന നദിയാണ്. അതിന്റെ ഇരു കരകളിലും ഉളള് ഓട്ടയായ മുത്തുകളുണ്ടായിരിക്കും. ആകാശത്തിലെ നക്ഷത്രങ്ങളുടെ അത്രയെണ്ണം പാത്രങ്ങളുണ്ടായിരിക്കും അവിടെ. (ബുഖാരി. 6. 60. 489)

Monday, January 18, 2010

ഖുര്‍ആനിന്റെ ശ്രേഷ്ഠത

0 comments


1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മനുഷ്യരില്‍ വിശ്വാസം ഉണ്ടാക്കുവാന്‍ പര്യാപ്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. എനിക്ക് ലഭിച്ചത് അല്ലാഹുവിങ്കല്‍ നിന്നുളള ബോധനം (വഹ്യ്) അത്രെ. അതുകൊണ്ട് പരലോകദിനത്തില്‍ അവരുടെ കൂട്ടത്തില്‍ കൂടുതല്‍ അനുയായികള്‍ എനിക്കായിരിക്കും ഉണ്ടായിരിക്കുകയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി. 6. 61. 504)

2) അനസ്(റ) നിവേദനം: നബി(സ) യുടെ മരണത്തിന് അല്‍പം മുമ്പ് മുതല്‍ അല്ലാഹു അവിടുത്തേക്ക് കൂടുതലായി വഹ്യ് നല്‍കിക്കൊണ്ടിരുന്നു. അവിടുന്ന് മരിക്കും വരേക്കും ആ അവസ്ഥ തുടര്‍ന്നുകൊണ്ടിരുന്നു. (ബുഖാരി. 6. 61. 505)

3) ഇബ്നുമസ്ഊദ്(റ) പറയുന്നു: അല്ലാഹു സത്യം. നബി(സ)യുടെ നാവില്‍ നിന്ന് എഴുപതില്‍ പരം അധ്യായങ്ങള്‍ ഞാന്‍ കേട്ടുപഠിച്ചിട്ടുണ്ട്. അല്ലാഹു സത്യം. നബി(സ)യുടെ അനുചരന്മാര്‍ തീര്‍ച്ചയായും ഞാനാണ് അവരില്‍ ഖുര്‍ആന്‍ എനിക്ക് ഏറ്റവും പഠിച്ചവനെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ അവരില്‍ ശ്രേഷ്ഠന്‍ അല്ലെങ്കിലും. (ബുഖാരി. 6. 61. 522)

4) അല്‍ഖമ:(റ) പറയുന്നു: ഞങ്ങള്‍ സിറിയയിലെ ഹിംസിലായിരുന്നു. അപ്പോള്‍ ഇബ്നുമസ്ഊദ്(റ) സൂറത്തു യൂസ്ഫ് ഓതി. അപ്പോള്‍ ഒരു മനുഷ്യന്‍ പറഞ്ഞു. ഇപ്രകാരമല്ല അവതരിച്ചിട്ടുളളത്. ഇബ്നുമസ്ഊദ്(റ) പറഞ്ഞു: നബി(സ)ക്ക് ഞാന്‍ ഈ അധ്യായം ഓതി കേള്‍പ്പിച്ചപ്പോള്‍ വളരെ നന്നായിരിക്കുന്നുവെന്നാണ് അരുളിയത്. ആ മനുഷ്യന്റെ വായില്‍ നിന്ന് കളളിന്റെ ദുര്‍ഗന്ധം വരുന്നുണ്ടായിരുന്നു. ഇബ്നു മസ്ഊദ്(റ) പറഞ്ഞു: നീ അല്ലാഹുവിന്റെ കിതാബിന്റെ പേരില്‍ കളളം പറയുകയും മദ്യപാനം നടത്തുകയും കൂടി ചെയ്യുകയാണോ? അദ്ദേഹം അയാളെ മദ്യപിച്ചതിന്റെ പേരില്‍ ശിക്ഷിച്ചു. (ബുഖാരി. 6. 61. 523)

5) അബ്ദുല്ല(റ) നിവേദനം: ആരാധനക്ക് അവകാശപ്പെട്ട അല്ലാഹു സത്യം. പരിശുദ്ധ ഖുര്‍ആനിലെ ഓരോ സൂറത്തും എവിടെ അവതരിപ്പിച്ചു എന്നും ഓരോസൂക്തവും ആരില്‍ അവതരിപ്പിച്ചുവെന്നും എനിക്കറിയാം. പരിശുദ്ധ ഖുര്‍ആനിനെക്കുറിച്ച് എന്നെക്കാള്‍ അറിവുളളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഞാനവന്റെ അടുക്കലേക്ക് വാഹനം കയറുക തന്നെ ചെയ്യും. എന്റെ ഒട്ടകത്തിന് അവിടെക്ക് എത്താന്‍ സാധിക്കുമെങ്കില്‍. (ബുഖാരി. 6. 61. 524)

6) അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന്‍ രാത്രി നമസ്കാരത്തില്‍ 'കുല്‍ഹുവല്ലാഹു അഹദ്'' ഓതുന്നത് മറ്റൊരു മനുഷ്യന്‍ കേട്ടു. അതയാള്‍ ആവര്‍ത്തിച്ചോതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോള്‍ കേട്ട മനുഷ്യന്‍ നബിയുടെ അടുക്കല്‍ ചെന്ന് ഈ വിവരം ഉണര്‍ത്തി. അയാളുടെ ദൃഷ്ടിയില്‍ ഈ സൂറത്തു വളരെ ചെറുതായിരിന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി. 6. 61. 533)

7) അബൂസഈദ്(റ) നിവേദനം: നബി(സ) ഒരിക്കല്‍ തന്റെ അനുചരന്മാരോട് ചോദിച്ചു: ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗം വീതം രാത്രി ഓതിക്കൊണ്ട് നമസ്കരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിവില്ലെന്നോ? ഇതവര്‍ക്ക് വളരെ വിഷമമായി അനുഭവപ്പെട്ടു. അവര്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളിലാര്‍ക്കാണതിന് കഴിയുക? നബി(സ) അരുളി: 'ഖുല്‍ഹുവല്ലാഹുഅഹദ്' എന്ന അധ്യായം ഖുര്‍ആന്റെ മൂന്നിലൊന്നാണ്. (ബുഖാരി. 6. 61. 534)

8) ആയിശ(റ) പറയുന്നു: നബി(സ) എല്ലാ രാത്രിയും തന്റെ വിരിപ്പില്‍ ചെന്നുകിടന്നുകഴിഞ്ഞാല്‍ രണ്ട് കൈപ്പത്തികളും ചേര്‍ത്തുപിടിച്ച് ഖുല്‍ഹുവല്ലാഹുഅഹദ് എന്ന സൂറത്തും ഖുല്‍ അഊദുബിറബ്ബില്‍ ഫലക് എന്ന സൂറത്തും ഖുല്‍ അഊദുബിറബ്ബിന്നാസ് എന്ന സൂറത്തും ഓതി അതില്‍ ഊതും ആ കൈപത്തികളും കൊണ്ട് ശരീരത്തില്‍ സൌകര്യപ്പെട്ട സ്ഥലങ്ങളിലെല്ലാം തടവും. തലയില്‍ നിന്ന് തുടങ്ങി മുഖം ശരീരത്തിന്റെ മുന്‍വശം എന്നിവയെല്ലാം തടവും. അതു മൂന്നുവട്ടം ആവര്‍ത്തിക്കും. (ബുഖാരി. 6. 61. 536)

9) ഉസൈദ് ബ്നുഹുളൈര്‍(റ) നിവേദനം: തന്റെ കുതിരയെ സമീപത്ത് കെട്ടിക്കൊണ്ട് രാത്രി അദ്ദേഹം അല്‍ബഖറ സൂറത്തു ഓതി നമസ്കരിക്കുവാന്‍ തുടങ്ങി. അപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. ഓത്തു നിറുത്തിയപ്പോള്‍ കുതിരയും അടങ്ങി. വീണ്ടും ഓത്തു തുടങ്ങിയപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. അദ്ദേഹം മൌനം പാലിച്ചു. കുതിരയും അടങ്ങി. വീണ്ടും അതുപോലെ ആവര്‍ത്തിച്ചു. അവസാനം നമസ്കാരത്തില്‍ നിന്ന് വിരമിച്ചു. അടുത്തിരിക്കുന്ന മകന്‍ യഹ്യായെ കുതിര ഉപദ്രവിച്ചേക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. നമസ്കാരാനന്തരം കുട്ടിയെ അവിടെനിന്നും എടുത്ത്് മാറ്റി. ആകാശത്തേക്ക് തലയുയര്‍ത്തി നോക്കിയപ്പോള്‍ ആകാശം കാണാന്‍ സാധിക്കുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹം നബിയുടെ അടുക്കല്‍ ചെന്ന് ഈ വര്‍ത്തമാനം പറഞ്ഞു. നബി(സ) കല്പിച്ചു: ഹുളൈറിന്റെ പുത്രാ! ഇനിയും പാരായണം ചെയ്തുകൊളളുക. ഹുളൈറിന്റെ പുത്രാ! നീ ഇനിയും ഖുര്‍ആന്‍ ഓതികൊളളുക. ഹുളൈര്‍ പറഞ്ഞു: പ്രവാചകരേ! എന്റെ കുട്ടി യഹ്യായെ കുതിര ചവിട്ടുമോ എന്നായിരുന്നു എന്റെ ഭയം. അവന്‍ അതിന്റെ അടുത്തായിരുന്നു. ഞാനെന്റെ തല ഉയര്‍ത്തി. മേലോട്ടു നോക്കിയപ്പോള്‍ അവിടെ കുട പോലൊരു വസ്തു. വിളക്കുകള്‍ പോലുളള എന്തോ അതില്‍ കാണ്മാനുണ്ട്. അവിടെ നിന്നും ഞാന്‍ പോന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ അതിനെ കണ്ടില്ല. നബി(സ) ചോദിച്ചു. അതെന്താണെന്ന് നിനക്കറിയുമോ? ഇല്ലെന്ന് ഞാന്‍ പ്രത്യുത്തരം നല്കി. നബി(സ) അരുളി: അതു മലക്കുകളാണ്. നിന്റെ ഖുര്‍ആന്‍ പാരായണശബ്ദം കേട്ടു അടുത്തു വന്നതാണവര്‍. നീ തുടര്‍ന്നും ഓതിക്കൊണ്ടിരുന്നെങ്കില്‍ വിട്ടുപോകാതെ അവര്‍ അവിടെത്തന്നെ നില്ക്കുകയും ജനങ്ങള്‍ പ്രഭാതത്തില്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അവരില്‍ നിന്നും അവര്‍ അപ്രത്യക്ഷമാകുമായിരുന്നില്ല. (ബുഖാരി. 6. 61. 536)

10) അബൂമൂസ(റ) നിവേദനം: ഖുര്‍ആന്‍ ഓതുന്നവന്റെ ഉപമ ഓറഞ്ച് പോലെയാണ്. അതിന്റെ രുചിയും വാസനയും നല്ലതാണ്. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസിയുടെ ഉദാഹരണം ഈത്തപ്പഴം പോലെയാണ്. അതിന്റെ രുചി നല്ലതാണ് എന്നാല്‍ അതിന് വാസനയില്ല. ഖുര്‍ആന്‍ ഓതുന്ന ദുര്‍മാര്‍ഗ്ഗിയുടെ ഉപമ തുളസിച്ചെടി പോലെയാണ്. അതിന്റെ വാസന നല്ലതും രുചി കയ്പുളളതുമാണ്. ഖുര്‍ആന്‍ ഓതുക പോലും ചെയ്യാത്ത ദുര്‍മാര്‍ഗ്ഗിയുടെ ഉപമ ആട്ടങ്ങ പോലെയാണ്. അതിന്റെ രുചി കയ്പുളളതാണ്. അതിന് നല്ല വാസനയുമില്ല. ഇപ്രകാരം നബി(സ) അരുളി: (ബുഖാരി. 6. 61. 538)

11) അബൂഹുറൈറ(റ) നിവേദനം: ഖുര്‍ആന്‍ കൊണ്ട് ഐശ്വര്യമാകുവാന്‍ നബിക്ക് അനുമതി നല്‍കിയതു പോലെ മറ്റൊന്നിനും നല്‍കിയിട്ടില്ല. (ബുഖാരി. 6. 61. 541)

12) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. രണ്ട് കാര്യത്തില്‍ അല്ലാതെ അസൂയയില്ല. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ മന: പ്പാഠമാക്കി നല്‍കിയിട്ടുണ്ട്. അയാള്‍ അതുമായി രാത്രിയുടെ യാമങ്ങളില്‍ എഴുന്നേറ്റ് നമസ്കരിക്കുന്നു. മറ്റൊരുപുരുഷന്‍ അയാള്‍ക്ക് അല്ലാഹു ധനം നല്‍കിയിട്ടുണ്ട്. അയാള്‍ അതു രാത്രിയിലും പകലിലും ധര്‍മ്മം ചെയ്യുന്നു. (ബുഖാരി. 6. 61. 543)

13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടാളുകളുടെ നിലപാടില്‍ മാത്രമാണ് അസൂയാര്‍ഹം. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ രാത്രിയിലും പകല്‍ സമയങ്ങളിലും അതുപാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ അയല്‍വാസി അതു കേള്‍ക്കുമ്പോള്‍ ഇവന്ന് ലഭിച്ചത് പോലെയുളള അറിവ് എനിക്കും ലഭിച്ചിരുന്നെങ്കില്‍ എന്ന് പറയും. മറ്റൊരുപുരുഷന്‍, അല്ലാഹു അവന്ന് കുറെ ധനം നല്‍കിയിട്ടുണ്ട്. അവനതു സത്യമാര്‍ഗ്ഗത്തില്‍ ചിലവ് ചെയ്യുന്നു. മറ്റൊരുവന്‍ അതുകാണുമ്പോള്‍ പറയും ഇന്നവന് ലഭിച്ചപോലെയുളള ധനം എനിക്ക് ലഭിച്ചെങ്കില്‍ നന്നായിരുന്നേനെ. അവന്‍ പ്രവര്‍ത്തിച്ചതുപോലെ എനിക്കും പ്രവര്‍ത്തിക്കാമായിരുന്നുവല്ലോ. (ബുഖാരി. 6. 61. 544)

14) ഉസ്മാന്‍(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (ബുഖാരി. 6. 61. 545)

15) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) അരുളി: ഖുര്‍ആന്‍ മന: പാഠമാക്കിയവന്റെ ഉപമ കെട്ടിയിട്ട ഒട്ടകത്തിന്റെ ഉടമസ്ഥന്റെതു പോലെയാണ്. അതിനെ ശരിക്കു പാലിക്കുന്ന പക്ഷം എപ്പോഴും അവന്റെ നിയന്ത്രണത്തിലായിരിക്കും. കയര്‍ അഴിച്ചുവിട്ടാലോ അതിന്റെ വഴിക്ക് പോവുകയും ചെയ്യും. (ബുഖാരി. 6. 61. 549)

16) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഇന്നിന്ന ആയത്തുകള്‍ ഞാന്‍ മറന്നുപോയി. ഇപ്രകാരം നിങ്ങളില്‍ ആര്‍ക്കെങ്കിലും പറയുവാനിട വരുന്നത് വളരെ മോശമാണ്. ഞാന്‍ മറപ്പിക്കപ്പെട്ടുവെന്ന് അവന്‍ പറയട്ടെ. നിങ്ങള്‍ ഖുര്‍ആനിനെക്കുറിച്ചുളള ഓര്‍മ്മ പുതുക്കിക്കൊണ്ടിരിക്കുവിന്‍. ഉടമസ്ഥനെ വിട്ടു ഓടിപ്പോകുന്ന നാല്‍ക്കാലികളെക്കാളും മനുഷ്യഹൃദയങ്ങളില്‍ നിന്ന് ഖുര്‍ആന്‍ കൂടുതല്‍ വേഗത്തില്‍ ഓടിപ്പോയിക്കൊണ്ടിരിക്കും. (ബുഖാരി. 6. 61. 550)

17) അബൂമൂസാ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഖുര്‍ആനുമായി ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുവീന്‍. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. കയര്‍ മുറിച്ച് ചാടിപ്പോകുന്ന ഒട്ടകത്തേക്കാളും ശക്തിയോടെ ചാടിപ്പോകുന്നവന്നാണ് ഖുര്‍ആന്‍. (ബുഖാരി. 6. 61. 552)

18) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) മരിച്ചപ്പോള്‍ എനിക്ക് പത്തു വയസ്സാണ്. ഞാന്‍ ഖുര്‍ആനിലെ മുഹ്കമ് (മുഫസ്വല്) ആയ അധ്യായങ്ങള്‍ മന: പ്പാഠമാക്കിയിരുന്നു. (ബുഖാരി. 6. 61. 554)

19) ഖതാദ(റ) പറയുന്നു: നബി(സ) എപ്രകാരമാണ് ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടായിരുന്നതെന്ന് ഞാന്‍ അനസ്(റ) നോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു; അവിടുന്ന് നീട്ടിയാണ് ഓതിയിരുന്നത്. (ബുഖാരി. 6. 61. 565)

20) ജുന്‍ദുബ്(റ) നിവേദനം: നബി(സ) അരുളി: മനസ്സിന് ഉന്മേഷം തോന്നുന്ന സമയങ്ങളില്‍ നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. മനസ്സ് അങ്ങോട്ടുമിങ്ങോട്ടും മാറാന്‍ തുടങ്ങിയാലോ അതു നിറുത്തി എഴുന്നേറ്റ് പോവുക. (ബുഖാരി. 6. 61. 581)

Saturday, December 19, 2009

ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കല്‍

0 comments


1) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: എന്റെ അനുയായികളെല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. നിരസിച്ചവര്‍ പ്രവേശിക്കുകയില്ല. അവര്‍ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവര്‍?. നബി(സ) അരുളി: എന്നെ വല്ലവനും അനുസരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. എന്റെ കല്‍പന ലംഘിച്ചവന്‍ നിരസിച്ചവനാണ്. (ബുഖാരി. 9. 92. 384)

2) ജാബിര്‍ (റ) പറയുന്നു: ഒരു സംഘം മലക്കുകള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. നബി(സ) ഉറങ്ങുകയായിരുന്നു. ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ്. മറ്റുചിലര്‍ പറഞ്ഞു: കണ്ണു ഉറങ്ങിയിട്ടുണ്ടെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അവരില്‍ ചിലര്‍ പറഞ്ഞു: നിങ്ങളുടെ ഈ സ്നേഹിതന് ഒരു ഉപമയുണ്ട്. അദ്ദേഹത്തിന്റെ ഉപമ വിവരിക്കുക. അപ്പോള്‍ ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ് മറ്റു ചിലര്‍ പറഞ്ഞു: കണ്ണ് ഉറങ്ങുകയാണെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ ഒരു വീട് നിര്‍മ്മിച്ചു. എന്നിട്ട് അതില്‍ ഒരു വിരുന്നു തയ്യാറാക്കി. ആളുകളെ ക്ഷണിക്കാന്‍ ആളയച്ചു. ക്ഷണം സ്വീകരിച്ചവര്‍ വീട്ടില്‍ പ്രവേശിക്കുകയും വിരുന്നിലെ വിഭവങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. ക്ഷണം സ്വീകരിക്കാത്തവര്‍ വീട്ടില്‍ പ്രവേശിക്കുകയോ സല്‍ക്കാരവിഭവങ്ങള്‍ ഭക്ഷിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് അവര്‍ പറഞ്ഞു; ഈ ഉപമ നിങ്ങളദ്ദേഹത്തിന് വിവരിച്ചുകൊടുക്കുക. അദ്ദേഹം അതു ശരിക്കും ഗ്രഹിക്കട്ടെ. അവരില്‍ ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ്. ചിലര്‍ പറഞ്ഞു: കണ്ണ് ഉറങ്ങിയിട്ടുണ്ടെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അവര്‍ പറഞ്ഞു: ആ പറഞ്ഞ വീട് സ്വര്‍ഗ്ഗമാണ്. വിരുന്നിന്ന് ക്ഷണിച്ചയാള്‍ മുഹമ്മദും. അതുകൊണ്ട് മുഹമ്മദിനെ വല്ലവനും അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. മുഹമ്മദിന്റെ കല്‍പന ലംഘിച്ചു. മുഹമ്മദാണ് ജനങ്ങളെ വിശ്വാസിയും അവിശ്വാസിയുമായി വേര്‍തിരിക്കുന്നത്. (ബുഖാരി. 9. 92. 385)

3) ഹുദൈഫ(റ) പറയുന്നു: അല്ലയോ ഓത്തുകാരേ! നിങ്ങള്‍ നേര്‍ക്കുനേരെ ജീവിക്കുക. നിങ്ങള്‍ തീര്‍ച്ചയായും വിജയത്തില്‍ ഒരു വലിയ മുന്‍കടക്കല്‍ കടന്നിട്ടുണ്ട്. നിങ്ങള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞാല്‍ വിദൂരമായ വഴികേടില്‍ നിങ്ങള്‍ വീഴുന്നതാണ്. (ബുഖാരി. 9. 92. 386)

4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ ഉപേക്ഷിച്ച വിഷയങ്ങളില്‍ നിങ്ങള്‍ എന്നെ വിട്ടേക്കുവീന്‍. പൂര്‍വ്വിക സമുദായങ്ങള്‍ നശിച്ചത് അവരുടെ നബിമാര്‍ക്ക് അവര്‍ എതിര്‍പ്രവര്‍ത്തിച്ചതുകൊണ്ടും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതു കൊണ്ടുമാണ്. ഞാന്‍ നിങ്ങളോട് എന്തെങ്കിലും വിരോധിച്ചാല്‍ അതിനെ നിങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുവീന്‍. എന്തെങ്കിലും കല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് സാധിക്കും പ്രകാരം അത് അനുഷ്ഠിക്കുവീന്‍. (ബുഖാരി. 9. 92. 391)

5) സഅ്ദ്(റ) നിവേദനം: നബി(സ) അരുളി: ഹറാമ് അല്ലാത്ത ഒരുകാര്യം (അനാവശ്യമായ) ചോദ്യം കാരണം നിഷിദ്ധമാക്കപ്പെട്ടാല്‍ ആ ചോദ്യ കര്‍ത്താവാണ് മുസ്ളിംകളില്‍ ഏറ്റവും വലിയ പാപി. (ബുഖാരി. 9. 92. 392)

6) അനസ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ ഉമര്‍(റ)യുടെ അടുത്ത് ഇരിക്കുകയാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: മനസ്സില്‍ ഇല്ലാത്തതു സാഹസപ്പെട്ടു ചെയ്യുന്നതിനെ ഞങ്ങള്‍ വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി. 9. 92. 396)

7) അനസ്(റ) പറയുന്നു: നബി(സ) അരുളി: മനുഷ്യര്‍ ഓരോന്നു ചോദിച്ചു കൊണ്ടേയിരിക്കും. അവസാനം അവര്‍ ചോദിക്കും. ഇതു അല്ലാഹുവാണ്. എല്ലാസൃഷ്ടികളുടെയും കര്‍ത്താവ്. എന്നാല്‍ അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത്? (ബുഖാരി. 9. 92. 399)

8) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മനുഷ്യരില്‍ നിന്ന് അറിവ് അല്ലാഹു ഒറ്റയടിക്ക് പിടിച്ചെടുക്കുകയില്ല. പണ്ഡിതന്മാരെ മരണപ്പെടുത്തുക വഴിക്കാണ് വിദ്യയെ മനുഷ്യരില്‍ നിന്ന് അവന്‍ പിടിച്ചെടുക്കുക. അവസാനം കുറെ മൂഢന്മാര്‍ അവശേഷിക്കും. അവരോട് മനുഷ്യര്‍ മതവിധി ചോദിക്കും. അപ്പോള്‍ സ്വന്തം അഭിപ്രായമനുസരിച്ച് അവര്‍ വിധി കല്‍പ്പിക്കും. അങ്ങിനെ അവര്‍ സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. (ബുഖാരി. 9. 92. 410)

9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പൂര്‍വ്വീക തലമുറകളുടെ സമ്പ്രദായങ്ങളെ ചാണ്‍ ചാണായും മുഴം മുഴമായും എന്റെ അനുയായികള്‍ പിന്‍പറ്റുന്നതുവരേക്കും അന്ത്യ ദിനം സംഭവിക്കുകയില്ല. പ്രവാചകരേ! പേര്‍ഷ്യക്കാരെയും റോമക്കാരെയുമാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ചിലര്‍ ചോദിച്ചു: അവരല്ലാതെ മറ്റാരാണ്? നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 9. 92. 421)

10) ആയിശ(റ) നിവേദനം: അവര്‍ അബ്ദുല്ലാഹിബ്നു സുബൈര്‍(റ) നോട് പറഞ്ഞു: ഞാന്‍ മരിച്ചാല്‍ എന്നെ എന്റെ സ്നേഹിതകളുടെ കൂടെ ഖബറടക്കം ചെയ്യുക. നിങ്ങള്‍ നബി(സ)യുടെ കൂടെ എന്നെ ഖബറടക്കം ചെയ്യരുത്. തീര്‍ച്ചയായും സ്വയം പരിശുദ്ധപ്പെടുത്തുന്നതിനെ ഞാന്‍ വെറുക്കുന്നു. ഉര്‍വ്വ(റ) പറയുന്നു: ഉമര്‍(റ) ആയിശ(റ)യുടെ അടുക്കലേക്ക് ഇപ്രകാരം ആവശ്യപ്പെട്ടുകൊണ്ട് ആളെ അയച്ചു. എന്റെ രണ്ടു സ്നേഹിതന്മാരുടെ കൂടെ എന്നെ കബറടക്കം ചെയ്യുവാന്‍ നിങ്ങള്‍ അനുമതി നല്‍കിയാലും. അവര്‍ പറഞ്ഞു: അതെ! അല്ലാഹു സത്യം. സഹാബിമാരെക്കാള്‍ ഞാന്‍ ആരെയും മുന്‍ഗണന നല്‍കുകയില്ലെന്ന് ആയിശ(റ) പറയും. (ബുഖാരി. 9. 92. 428)

11) അംറ്(റ) പറയുന്നു: നബി(സ) അരുളി: ഒരു ന്യായാധിപന്‍ ചിന്തിച്ചശേഷം ഒരു വിധി നല്‍കി. ആ വിധി സത്യമായിരിക്കുകയും ചെയ്തു. എന്നാല്‍ അവന്ന് ഇരട്ടപ്രതിഫലമുണ്ട്. ഇനി ശരിക്ക് ചിന്തിച്ച ശേഷം തെറ്റായ വിധിയാണ് നല്‍കിയതെങ്കിലോ അവന് ഒരുപ്രതിഫലമുണ്ട്. (ബുഖാരി. 9. 92. 450)

12) ജാബിര്‍ (റ) നിവേദനം: ഇബ്നുസ്സയ്യാദ് തന്നെയാണ് ദജ്ജാലെന്ന് അദ്ദേഹം സത്യം ചെയ്തു ഉറപ്പിച്ച് പറയാറുണ്ടായിരുന്നു. കൂടുതലായി നിങ്ങള്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി സത്യം ചെയ്തുറപ്പിച്ചുപറയുകയാണോ എന്നു ഞാന്‍ (നിവേദകന്‍) ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി(സ) യുടെ മുമ്പില്‍ വെച്ച് ഉമര്‍(റ) ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞുകൊണ്ട് സത്യം ചെയ്യുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നബി(സ) അതു നിഷേധിക്കുകയുണ്ടായില്ല. (ബുഖാരി. 9. 92. 453)

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)