Showing posts with label കൃഷി. Show all posts
Showing posts with label കൃഷി. Show all posts

Friday, February 12, 2010

കൃഷി ചെയ്യലും കൃഷിസ്ഥലം പാട്ടത്തിന് മറ്റുള്ളവരെ ഏല്‍പ്പിച്ചു കൊടുക്കലും

0 comments


1) അനസ്(റ) നിവേദനം: നബി(സ) അരുളി: ഏതെങ്കിലുമൊരു മുസ്ളിം ചെടി വെച്ചു പിടിപ്പിക്കുകയോ വിത്തു വിതക്കുകയോ ചെയ്തു. അങ്ങനെ അതിന്റെ ഫലം ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ ഭക്ഷിച്ചു. എങ്കില്‍ അതു അവന്റെ ഒരു ദാനമായി ഗണിക്കപ്പെടാതിരിക്കുകയില്ല. (ബുഖാരി. 3. 39. 513)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും കൃഷിയുടെയോ കന്നുകാലികളുടെയോ കാവലിനുവേണ്ടിയല്ലാതെ ഒരു നായയെ വളര്‍ത്തിയാല്‍ ഓരോ ദിവസവും അതു കാരണം അവന്റെ പുണ്യകര്‍മ്മങ്ങളില്‍ നിന്ന് ഓരോ ഖീറാത്തു വീതം കുറഞ്ഞുകൊണ്ടിരിക്കും. മറ്റൊരു നിവേദനത്തില്‍ ആടുമേയ്ക്കാനോ കൃഷിക്കോ വേട്ടക്കോ വളര്‍ത്തുകയാണെങ്കില്‍ വിരോധമില്ല എന്നാണുള്ളത്. (ബുഖാരി. 3. 39. 515)

3) സുഫ്യാന്‍(റ) നിവേദനം: നബി(സ) അരുളി: കൃഷിക്കോ കന്നുകാലികളുടെ ആവശ്യത്തിനോ അല്ലാതെ വല്ലവനും നായയെ വളര്‍ത്തിയാല്‍ അവന്റെ പുണ്യകര്‍മ്മങ്ങളില്‍ നിന്ന് ഓരോ ദിവസം ഓരോ ഖീറാത്തു വീതം കുറഞ്ഞുകൊണ്ടിരിക്കും. താങ്കള്‍ ഇത് നബി(സ) യില്‍ നിന്നു കേട്ടത് തന്നെയാണോ എന്ന് അദ്ദേഹം ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു. അതെ! ഈ പള്ളിയുടെ രക്ഷിതാവ് തന്നെ സത്യം. (ബുഖാരി. 3. 39. 516)

4) അബ്ദുല്ല(റ) പറയുന്നു: നബി(സ) ജൂതഗോത്രമായ ബനൂനളിന്റെ ചില ഈത്തപ്പനകള്‍ മുറിക്കുവാനും അഗ്നിക്കിരയാക്കുവാനും കല്‍പ്പിച്ചു. അവ ഖുറൈ എന്ന സ്ഥലത്തായിരുന്നു. ഇതിനെക്കുറിച്ചു ഹസ്സാന്‍(റ) പാടുകയുണ്ടായി. ബനൂലുഅയ്യ ഗോത്രത്തിലെ നേതാക്കന്മാരെ നിന്ദ്യത പിടികൂടി. ബുവൈറ എന്ന സ്ഥലത്തു പടര്‍ന്നുപിടിച്ച അഗ്നി. (ബുഖാരി. 3. 39. 519)

5) ഉമര്‍ (റ) പറഞ്ഞു: മുസ്ളീംകളുടെ ഭാവി തലമുറകളെക്കുറിച്ച് ചിന്ത എനിക്കില്ലായിരുന്നുവെങ്കില്‍ നബി(സ) ഖൈബര്‍ ഭൂമി ഭാഗിച്ചുകൊടുത്തതുപോലെ ജയിച്ചടക്കുന്ന ഓരോ പ്രദേശത്തെയും ഭൂമി അതിന്റെ അവകാശികള്‍ക്ക് (പട്ടാളക്കാര്‍ക്ക്) ഞാന്‍ ഭാഗിച്ചു കൊടുക്കുമായിരുന്നു. (ബുഖാരി. 3. 39. 527)

6) ആയിശ(റ) നിവേദനം: നബി(സ) അരുളി: ആരുടെയും ഉടമസ്ഥതയില്ലാത്ത ഭൂമി വല്ലവനും കൃഷി ചെയ്തു ജീവിപ്പിച്ചാല്‍ അവനാണ് അതിന്റെ അവകാശി. ഉര്‍വ(റ) പറയുന്നു: ഉമര്‍(റ) തന്റെ ഭരണക്കാലത്ത് ഇപ്രകാരം വിധിക്കുകയുണ്ടായി. (ബുഖാരി. 3. 39. 528)

7) ഇബ്നുഉമര്‍(റ) പറയുന്നു: ഹിജാസിന്റെ മണ്ണില്‍ നിന്നും ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഉമര്‍(റ) നാടുകടത്തി. ഖൈബര്‍ കീഴടക്കിയപ്പോള്‍ ജൂതന്മാരെ അവിടെനിന്നും നാടുകടത്താന്‍ നബി(സ) ഉദ്ദേശിച്ചിരുന്നു. നബി(സ) ജയിച്ചടക്കിയപ്പോള്‍ ഭൂമി അല്ലാഹുവിന്റേതും അവന്റെ ദൂതന്റേതും മുസ്ളിംകളുടേതുമായിത്തീര്‍ന്നു. നബി(സ) അതിനാല്‍ ജൂതന്മാരെ പുറത്താക്കാനാലോചിച്ചു. അപ്പോള്‍ ആ ഭൂമി അവര്‍ക്ക് തന്നെ ഉല്‍പന്നത്തിന്റെ പകുതി പാട്ടം നിശ്ചയിച്ചു വിട്ടുകൊടുക്കാനും അവരെ അവിടെ തന്നെ താമസിപ്പിക്കാനും ജൂതന്മാര്‍ അപേക്ഷിച്ചു. നാമുദ്ദേശിക്കുന്ന കാലം വരേക്കും ഈ വ്യവസ്ഥയിന്മേല്‍ നിങ്ങള്‍ക്കിവിടെ താമസിക്കാമെന്ന് നബി(സ) അരുളി. ശേഷം തൈമാഅ്, അരീഹാഅ് എന്നീ സ്ഥലങ്ങളിലേക്ക് ഉമര്‍(റ) അവരെ നാട് കടത്തുംവരേക്കും അവരവിടെ താമസിച്ചു. (ബുഖാരി. 3. 39. 531)

8) ജാബിര്‍(റ) നിവേദനം: സഹാബിമാര്‍ മൂന്നില്‍ ഒന്ന് നാലില്‍ ഒന്ന് പകുതി എന്നീ ക്രമത്തില്‍ കൃഷി ഭൂമി പാട്ടത്തിന് നല്‍കാറുണ്ടായിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: വല്ലവനുംഭൂമിയുണ്ടെങ്കില്‍ അവന്‍ അതില്‍ കൃഷി ചെയ്യട്ടെ. അല്ലെങ്കില്‍ അത് തന്റെ സ്നേഹിതന് വിട്ടുകൊടുക്കട്ടെ. അവനതു ചെയ്യുന്നില്ലെങ്കില്‍ തന്റെ ഭൂമി (തല്‍ക്കാലം) പിടിച്ചുവെക്കട്ടെ. (ബുഖാരി. 3. 39. 533

9) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) പാട്ടത്തിന് നല്‍കുന്നത് വിരോധിച്ചിട്ടില്ല. അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്. നിങ്ങളില്‍ ഒരുവന്ന് തന്റെ ഭൂമി വെറുതെ കൃഷി ചെയ്യുവാന്‍ വേണ്ടി തന്റെ സ്നേഹിതന് ദാനം നല്‍കുന്നതാണ് നിശ്ചിത വിഹിതം പാട്ടമായി വാങ്ങുന്നതിനേക്കാള്‍ ഉത്തമം. (ബുഖാരി. 3. 39. 534)

10) അബൂഹുറൈറ(റ) നിവേദനം: ഒരു ദിവസം നബി(സ) സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ അടുത്തു ഒരു ഗ്രാമീണന്‍ ഇരിക്കുന്നുണ്ടായിരുന്നു. നബി(സ) അരുളി: സ്വര്‍ഗ്ഗവാസികളിലൊരാള്‍ തന്റെ രക്ഷിതാവിനോട് കൃഷി ചെയ്യാനനുവാദം ചോദിച്ചു. നീ ആഗ്രഹിക്കുന്ന ക്ഷേമൈശ്വര്യങ്ങളിലല്ലേ നീ ഇപ്പോഴുള്ളത്? എന്ന് അല്ലാഹു ചോദിച്ചു. അദ്ദേഹം പറഞ്ഞു. അതെ, പക്ഷെ കൃഷി ചെയ്യാനെനിക്ക് അതിയായ ആഗ്രഹം. എന്നിട്ടവന്‍ വിത്തു വിതച്ചു. കണ്ണ് ചിമ്മി തുറക്കുന്നതിനകം ആ വിത്ത് മുളച്ചു വളര്‍ന്നു കൊയ്യാന്‍ പാകമായി. അവയുടെ ഫലങ്ങള്‍ പര്‍വ്വതങ്ങളോളം വളര്‍ന്നു. അന്നേരം അല്ലാഹു പറയും. ഇതാ മനുഷ്യ പുത്രാ! നിന്റെ മുമ്പില്‍ നീ ആഗ്രഹിച്ചത്. നീ എടുത്തോളൂ. നിനക്ക് എത്ര കിട്ടിയാലും മതിയാവുകയില്ല. അപ്പോള്‍ ഗ്രാമീണന്‍ പറഞ്ഞു. അല്ലാഹു സത്യം. ഒന്നുകില്‍ ആ മനുഷ്യന്‍ ഖുറൈശിയായിരിക്കും. അല്ലെങ്കില്‍ അന്‍സാരി. അവരാണ് കൃഷിക്കാര്‍ (ഞങ്ങള്‍ കൃഷിക്കാരൊന്നുമല്ല) അപ്പോള്‍ നബി(സ) ചിരിച്ചു. (ബുഖാരി. 3. 39. 538)

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)