Saturday, January 30, 2010

നിബന്ധനകള്‍

0 comments


1) ആയിശ(റ) നിവേദനം: അല്ലാഹു വിശ്വാസികളെ! നിങ്ങളുടെ അടുക്കലേക്ക് സത്യവിശ്വാസികളായ സ്ത്രീകള്‍ സ്വദേശം ഉപേക്ഷിച്ചു കൊണ്ടുവന്നാല്‍. എന്ന് തുടങ്ങുന്ന ആയത്ത് (60:10 12) ഓതിക്കേള്‍പ്പിച്ചുകൊണ്ട് നബി(സ) അവരെ പരിശോധിക്കും. ഈ ആയത്തില്‍ പറഞ്ഞ സംഗതികള്‍ അംഗീകരിക്കുന്നവരോട് നബി(സ) പറയും: ഞാന്‍ നിനക്ക് ബൈഅത്ത് ചെയ്തിരിക്കുന്നു. അല്ലാഹു സത്യം! പ്രവാചകന്‍ ഒരിക്കലും ബൈഅത്ത് ചെയ്യുമ്പോള്‍ ഒരു സ്ത്രീയുടെയും കൈ സ്പര്‍ശിക്കാറില്ല. വാക്കുകള്‍ കൊണ്ട് മാത്രമാണ് അവിടുന്ന് സ്ത്രീകളുമായി ബൈഅത്തു ചെയ്യാറുള്ളത്. (ബുഖാരി. 3. 50. 874)

2) ഉഖ്ബ(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീയുടെ നഗ്നത അനുവദനീയമാകുവാന്‍ വേണ്ടി (വിവാഹം ചെയ്യാന്‍ വേണ്ടി) നിങ്ങള്‍ നല്‍കുന്ന വ്യവസ്ഥകളാണ് കരാറുകളില്‍ വെച്ച് നിറവേറ്റുവാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളത്. (ബുഖാരി. 3. 50. 882)

Friday, January 29, 2010

വസ്വിയ്യത്ത്

0 comments


1) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) ഒരു മുസ്ളിമിന് എന്തെങ്കിലും വസ്വിയത്ത് ചെയ്യാനുണ്ടെങ്കില്‍ തന്റെ വസ്വിയത്ത് കൈവശം എഴുതി സൂക്ഷിക്കാതെ രണ്ടു ദിവസം അവന്‍ രാത്രി താമസിക്കുകയില്ല. (ബുഖാരി. 4. 51. 1)

2) ജുവൈരിയ(റ) യുടെ സഹോദരന്‍ അംറ്(റ) പറയുന്നു. നബി(സ) മരിക്കുമ്പോള്‍ ഒരു അടിമയോ ദിര്‍ഹമോ ദിനാറോ ഒരു അടിമസ്ത്രീയോ മറ്റു വല്ല സാധനമോ വിട്ടുപോയിരുന്നില്ല. ഒരു കോവര്‍ കഴുതയും തന്റെ ആയുധവും ഒരു ഭൂമിയും മാത്രമാണ് നബി(സ) ക്കുണ്ടായിരുന്നത്. (ബുഖാരി. 4. 51. 2)

3) അബ്ദുല്ല ബിന്‍ അബി ഔഫ(റ) നിവേദനം: നബി(സ) എന്തെങ്കിലും വസ്വിയത്ത് ചെയ്തിരുന്നോ എന്ന് ത്വല്‍ഹ അദ്ദേഹത്തോട് ചോദിച്ചു. ഇല്ലെന്ന് അബ്ദുല്ല(റ) മറുപടി പറഞ്ഞു. മനുഷ്യനോട് വസ്വിയ്യത്ത് ചെയ്യാന്‍ പിന്നീടെന്തുകൊണ്ടാണ് നബി(സ) കല്‍പ്പിച്ചത്? അദ്ദേഹം പറഞ്ഞു:അല്ലാഹുവിന്റെ കിതാബ് കൊണ്ട് അവിടുന്ന് വസ്വിയ്യത്തു ചെയ്തു. (ബുഖാരി. 4. 51. 3)

4) ഇബ്നുഅബ്ബാസ്(റ) പറയുന്നു: ജനങ്ങള്‍ 1/4 ഭാഗത്തിലേക്ക് ചുരുക്കുന്നതാണ് നല്ലത്. കാരണം 1/3 ഭാഗത്തെക്കുറിച്ച് നബി(സ) പറഞ്ഞത് അതു കൂടുതലാണ് എന്നാണ്. (ബുഖാരി. 4. 51. 6)

5) ഇബ്നുഅബ്ബാസ്(റ) പറയുന്നു: ആദ്യകാലത്ത് ധനം ആണ്‍കുട്ടിക്കായിരുന്നു. വസ്വിയ്യത്ത് മാതാപിതാക്കള്‍ക്കും ശേഷം വസ്വിയത്തില്‍ ദുര്‍ബ്ബലമാക്കല്‍ ഉദ്ദേശിച്ചതു അല്ലാഹു ദുര്‍ബ്ബലമാക്കി. അങ്ങനെ പുരുഷന് സ്ത്രീയുടെ ഇരട്ടിയും മാതാപിതാക്കള്‍ക്ക് 1/6 വീതവും ഭാര്യക്ക് 1/8, 1/4, ഭര്‍ത്താവിന് 1/2, 1/4 ഓഹരികളും നിശ്ചയിച്ചു. (ബുഖാരി. 4. 51. 10)

6) അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ നബി(സ) യോടു ചോദിച്ചു. പ്രവാചകരേ! ഏത് ദാനധര്‍മ്മമാണ് ഏറ്റവും ശ്രേഷ്ഠമായത്? നബി(സ) അരുളി: നീ ആരോഗ്യവാനായിരിക്കുക. ധനത്തോട് നിനക്ക് ആഗ്രഹമുണ്ടായിരിക്കുക. ഐശ്വര്യത്തെ നീ പ്രതീക്ഷിക്കുക. ദാരിദ്യ്രത്തെക്കുറിച്ച് നീ ഭയപ്പെടുക എന്നീ പരിതസ്ഥിതിയില്‍ നീ നല്‍കുന്ന ദാനമാണ് ഏറ്റവും ശ്രേഷ്ഠമായത്. നീ ദാനത്തെ പിന്തിരിപ്പിക്കരുത്. ജീവന്‍ കണ്ഠനാളത്തിലെത്തിക്കഴിഞ്ഞാല്‍ ഇന്നവന്നിത്ര കൊടുക്കണം എന്നെല്ലാം നീ പറയാന്‍ തുടങ്ങും. എന്നാല്‍ അതു മറ്റൊരുവന്റെ സ്വത്തായി മാറിയിരിക്കുന്നു. (ബുഖാരി. 4. 51. 11)

7) അബൂഹുറൈറ(റ) നിവേദനം: നിന്റെ അടുത്ത കുടുംബത്തെ നീ താക്കീത് ചെയ്യുക എന്ന ആയത്തു അവതരിപ്പിക്കപ്പെട്ടപ്പോള്‍ നബി(സ) ഇപ്രകാരം അരുളി: ഖുറൈശീ ഗോത്രമേ! നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകാഗ്നിയില്‍ നിന്ന് മോചിപ്പിക്കുവീന്‍. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അശേഷവും നിങ്ങളെ രക്ഷിക്കുവാന്‍ എനിക്ക് കഴിയുകയില്ല. അബ്ദുമനാഫ് സന്താനങ്ങളേ! അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അല്‍പം പോലും നിങ്ങളെ രക്ഷിക്കാന്‍ എനിക്ക് കഴിയുകയില്ല. അബ്ദുല്‍ മുത്ത്വലിബിന്റെ പുത്രന്‍ അബ്ബാസേ! അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് ഒന്നും തന്നെ തടുക്കുവാന്‍ എനിക്ക് സാധ്യമല്ല. പ്രവാചകന്റെ അമ്മായി സഫിയ്യാ! അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും തന്നെ തടുക്കുവാന്‍ എനിക്ക് സാധ്യമല്ല. മുഹമ്മദിന്റെ പുത്രി ഫാത്തിമാ! എന്റെ ധനത്തില്‍ നിന്ന് നീ ഉദ്ദേശിക്കുന്നതു ചോദിച്ചു കൊള്ളുക. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും തന്നെ നിന്നില്‍ നിന്ന് തടുക്കുവാന്‍ സാധ്യമല്ല. (ബുഖാരി. 4. 51. 16)

8) ഇബ്നുഅബ്ബാസ്(റ) നിവേദനം: സഅ്ദ്ബനു ഉബാദയുടെ മാതാവ് മരണപ്പെട്ടപ്പോള്‍ അദ്ദേഹം വിദൂരത്തായിരുന്നു. നബി(സ)യോട് അദ്ദേഹം പറഞ്ഞു. പ്രവാചകരേ! എന്റെ മാതാവ് മരണപ്പെട്ടു. ഞാന്‍ അവരുടെ സദസ്സില്‍ ഇല്ലാത്ത സന്ദര്‍ഭം. ഇനി ഞാന്‍ അവര്‍ക്കുവേണ്ടി ദാനം ചെയ്താല്‍ അവര്‍ക്ക് എന്തെങ്കിലും ഉപകാരം ലഭിക്കുമോ? നബി(സ) അരുളി: അദ്ദേഹം പറഞ്ഞു. താങ്കളെ സാക്ഷി നിറുത്തി മഹ്റാഫിലെ എന്റെ തോട്ടം അവര്‍ക്ക് വേണ്ടി ഞാന്‍ ദാനം ചെയ്യുന്നു. (ബുഖാരി. 4. 51. 19)

9) ഇബ്നുഅബ്ബാസ്(റ) നിവേദനം: ചില ആളുകള്‍ ഈ ആയത്തു ദുര്‍ബ്ബലമാക്കപ്പെട്ടതാണെന്ന് വാദിക്കുന്നു. അല്ലാഹു സത്യം! ഇതു ദുര്‍ബ്ബലമാക്കപ്പെട്ട ആയത്തല്ല. എന്നാല്‍ ജനങ്ങള്‍ നിസ്സാരമാക്കിത്തള്ളിയ ആയത്താണ്. രണ്ടുതരം ബന്ധുക്കള്‍ ഉണ്ട്. ഒന്ന് അനന്തരം എടുക്കുന്നവന്‍. അവരാണ് ഹാജരാകുന്നതുവരെ തീറ്റിക്കേണ്ടത്. മറ്റൊന്ന് അനന്തരവകാശം എടുക്കാത്തവര്‍. അവരാണ് ഹാജരാകുന്നവരോട് നല്ല വാക്ക് പറയേണ്ടത് നിനക്ക് യാതൊന്നുമില്ലെന്ന് അവന്‍ പറയണം. (ബുഖാരി. 4. 51. 21)

10) ഇബ്നുഅബ്ബാസ്(റ) നിവേദനം: സഅ്ദ്ബ്നു ഉബാദ(റ) പറയുന്നു. എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ക്ക് നേര്‍ച്ചയുണ്ടായിരുന്നു. അതു ഞാന്‍ നിര്‍വ്വഹിക്കുന്നതിനെക്കുറിച്ച് നബി(സ)യോട് മതവിധി അന്വേഷിച്ചു. അവിടുന്ന് അരുളി: നീ അവര്‍ക്ക് വേണ്ടി അതു വീട്ടുക. (ബുഖാരി. 4. 51. 23)

11) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഏഴ് മഹാപാപങ്ങളെ വര്‍ജ്ജിക്കുവീന്‍. അനുചരന്മാര്‍ ചോദിച്ചു. അവ ഏതെല്ലാമാണ് പ്രവാചകരേ? നബി(സ) അരുളി. അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, മാരണം, നിരപരാധിയെ വധിക്കല്‍, പലിശ തിന്നല്‍, അനാഥയുടെ ധനം ഭക്ഷിക്കല്‍, യുദ്ധത്തില്‍ പിന്തിരിഞ്ഞോടല്‍, പതിവ്രതകളും ശുദ്ധഹൃദയരുമായ സത്യവിശ്വാസിനികളുടെ പേരില്‍ അപരാധം പറയല്‍ എന്നിവയാണവ. (ബുഖാരി. 4. 51. 28)

12) അനസ്(റ) നിവേദനം: നബി(സ) മദീനയില്‍ വന്നപ്പോള്‍ നബി(സ)ക്ക് ഭൃത്യന്മാര്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ അബൂത്വല്‍ഹ(റ) എന്റെ കൈ പിടിച്ച് നബി(സ)യുടെ സന്നിദ്ധിയില്‍ വന്നു പറഞ്ഞു. പ്രവാചകരേ, അനസ് ബുദ്ധിയുള്ള കുട്ടിയാണ്. അവന്‍ നിങ്ങള്‍ക്ക് സേവനം ചെയ്യട്ടെ. അനസ്(റ) പറയുന്നു. അങ്ങനെ യാത്രയിലും സ്വദേശത്തും ഞാന്‍ നബി(സ)ക്ക് സേവനം ചെയ്തു. ഞാന്‍ പ്രവര്‍ത്തിച്ച ഏതെങ്കിലും ഒരു പ്രവര്‍ത്തിയെ സംബന്ധിച്ച് നീ എന്തിന് അപ്രകാരം ചെയ്തു എന്ന് നബി(സ) ചോദിച്ചിട്ടില്ല. ഞാന്‍ പ്രവര്‍ത്തിക്കാതിരുന്നതിനെ സംബന്ധിച്ച് നീ എന്തുകൊണ്ട് ആ ജോലി ചെയ്തില്ല എന്നു പ്രസ്താവിച്ചിട്ടില്ല. (ബുഖാരി. 4. 51. 29)

13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ അനന്തരാവകാശികള്‍ക്ക് ദിര്‍ഹമോ ദിനാറോ ഓഹരി വെക്കാനുണ്ടാവുകയില്ല. എന്റെ ഭാര്യമാരുടെ ചിലവും എന്റെ ഉദ്യോഗസ്ഥന്മാരുടെ ചിലവും കഴിച്ച് ബാക്കിയുള്ളത് ജനങ്ങള്‍ക്ക് പൊതു സ്വത്തായി ചിലവ് ചെയ്യാനുള്ളതാണ്. (ബുഖാരി. 4. 51. 37)


Thursday, January 28, 2010

ധര്‍മ്മയുദ്ധം

0 comments


1) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി:(മക്കാ)വിജയത്തിനുശേഷം ഹിജ്റ:യില്ല. എന്നാല്‍ ധര്‍മ്മയുദ്ധവും അതിനുള്ള ഉദ്ദേശവുമുണ്ട്. അപ്പോള്‍ യുദ്ധത്തിന് ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ അതിനു പുറപ്പെടുക. (ബുഖാരി. 4. 52. 42)

2) അബൂ ഹൂറൈറ(റ) നിവേദനം: ഒരു മനുഷ്യന്‍ നബി(സ)യുടെ മുമ്പില്‍ വന്നിട്ട് പറഞ്ഞു. ധര്‍മ്മയുദ്ധത്തിന് തുല്യമായ ഒരു പ്രവര്‍ത്തനം താങ്കള്‍ എനിക്ക് അറിയിച്ചു തന്നാലും. നബി(സ) അരുളി: ഞാനതു ദര്‍ശിക്കുന്നില്ല. ശേഷം നബി(സ) തുടര്‍ന്നു. ഒരു യോദ്ധാവ് യുദ്ധത്തിനു പോയിക്കഴിഞ്ഞാല്‍ നിന്റെ പള്ളിയില്‍ പ്രവേശിച്ച് ക്ഷീണിക്കാതെ നമസ്കരിച്ച് കൊണ്ടിരിക്കുവാനും മുറിക്കാതെ നോമ്പനുഷ്ഠിക്കുവാനും നിനക്ക് സാധിക്കുമോ? അയാള്‍ പറഞ്ഞു: ആര്‍ക്കാണതിന് സാധിക്കുക. അബൂഹൂറൈറ(റ) പറയുന്നു. നിശ്ചയം യോദ്ധാവിന്റെ കുതിര അതിന്റെ കയറിലായി ഉന്മേഷം കൊള്ളുന്നതുപോലും അവന് നന്മയായി രേഖപ്പെടുത്തപ്പെടും. (ബുഖാരി. 4. 52. 44)

3) അബൂസഈദ്(റ) നിവേദനം: പ്രവാചകരേ! മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാണെന്ന് അവിടുന്നു ചോദിക്കപ്പെട്ടു. നബി(സ) അരുളി: തന്റെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്ന വിശ്വാസി. ശേഷം ആരാണെന്ന് വീണ്ടും ചോദിച്ചു. നബി(സ) പ്രത്യുത്തരം നല്‍കി. ഏതെങ്കിലുമൊരു മലഞ്ചെരുവില്‍ ആണെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ടും മനുഷ്യരെ ഉപദ്രവിക്കുന്നതു വര്‍ജ്ജിച്ചുകൊണ്ടും ജീവിക്കുന്നവന്‍. (ബുഖാരി. 4. 52. 45)

4) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളിയതായി ഞാന്‍ കേട്ടു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മയുദ്ധം ചെയ്യുന്നവന്റെ ഉപമ-ആരാണ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടുന്നവനെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ - നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നവന്റെതുപോലെയാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവന്‍ മരിക്കുന്നപക്ഷം അവന് സ്വര്‍ഗ്ഗം പ്രദാനം ചെയ്യും. അങ്ങിനെയല്ല, സുരക്ഷിതമായി യുദ്ധത്തില്‍ നിന്ന് മടങ്ങുന്ന പക്ഷം അവനില്‍ നിന്നുള്ള പുണ്യവും യുദ്ധത്തില്‍ കൈവന്ന ധനവും അവന്ന് ലഭിക്കുന്നു. ഇവ രണ്ടിലേതെങ്കിലുമൊന്ന് അവന്ന് ലഭിക്കുമെന്ന് അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നു. (ബുഖാരി. 4. 52. 46)

5) അബൂഹൂറൈ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും റമളാനില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്താല്‍ അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കല്‍ അല്ലാഹുവിന്റെ ബാധ്യതയാണ്. അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുകയോതാന്‍ ജനിച്ച ഭൂമിയില്‍(വെറുതെ)ഇരിക്കുകയോ ചെയ്താലും ശരി. അപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ ഈ സന്തോഷവാര്‍ത്ത ജനങ്ങളെ അറിയിക്കട്ടെയോ? നബി(സ) അരുളി: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ നൂറ് പദവികള്‍ ഉണ്ട്. അവ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍ക്ക് അവന്‍ ഒരുക്കി വെച്ചിരിക്കുന്നു. അവയിലെ ഈ രണ്ടു പദവികള്‍ക്കിടയില്‍ ആകാശഭൂമികള്‍ക്കിടയിലുള്ളത്ര അന്തരമുണ്ട്. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുമ്പോള്‍ ഫിര്‍ദൌസിനെ ചോദിക്കുവിന്‍. നിശ്ചയം അതാണ്. സ്വര്‍ഗ്ഗത്തിലെ മധ്യഭാഗവും ഏറ്റവും ഉന്നതപദവിയുമാണ്. അല്ലാഹുവിന്റെ സിംഹാസനം അതിനു മുകളിലാണ് എന്നുകൂടി നബി(സ) അരുളിയെന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. അവിടെ നിന്നാണ് സ്വര്‍ഗ്ഗത്തിലെ അരുവികള്‍ പൊട്ടി ഒഴുകുന്നത്. (ബുഖാരി. 4. 52. 48)

6) അനസ്(റ) നിവേദനം: "അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ രാവിലെയോ വൈകുന്നേരമോ പുറപ്പെടല്‍ ഇഹലോകത്തേക്കാളും അതിലുള്ള സകലവസ്തുക്കളേക്കാളും പുണ്യമുള്ളതാണ്''. എന്ന് നബി(സ) അരുളി. (ബുഖാരി. 4. 52. 50)

7) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗത്തിലെ ഒരു വില്ലിന്റെ ഞാണ്‍ സൂര്യനുദിച്ച് അസ്തമിക്കുന്നതിനിടക്കുള്ള എല്ലാ വസ്തുക്കളെക്കാളും ശ്രേഷ്ഠമായതാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരു പ്രഭാതത്തിലേയോ വൈകുന്നേരത്തെയോ ഉള്ള യാത്ര സൂര്യനുദിച്ച് അസ്തമിക്കുന്നതിന്നിടക്കുള്ള വസ്തുക്കളേക്കാള്‍ മഹത്വമേറിയതാണ്. (ബുഖാരി. 4. 52. 51)

8) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള പ്രഭാതത്തിലെയും വൈകുന്നേരത്തിലെയും യാത്ര ദുന്‍യാവിനേക്കാളും അതിലുള്ള വസ്തുക്കളെക്കാളും ഏറ്റവും ഉത്തമമായതാണ്. (ബുഖാരി. 4. 52. 52)

9) അനസ്(റ) നിവേദനം:നബി(സ) അരുളി: മരണപ്പെടുന്ന യാതൊരു വ്യക്തിയും അല്ലാഹുവിന്റെ അടുത്തു അവന് ലഭിക്കുന്ന പ്രതിഫലത്തിന്റെ നന്മകാരണം ദുന്‍യാവിലെ സര്‍വ്വ വസ്തുക്കള്‍ ലഭിച്ചാലും ദുന്‍യാവിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുകയില്ല. രക്തസാക്ഷികള്‍ ഒഴികെ. അവര്‍ ദുന്‍യാവിലേക്ക് തിരിച്ചുവന്നു ഒന്നുകൂടി രക്തസാക്ഷിയാവാന്‍ ആഗ്രഹിക്കുന്നതാണ്. അനസ്(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും സ്വര്‍ഗ്ഗവാസികളില്‍പ്പെട്ട ഒരു സ്ത്രീ ഭൂനിവാസികളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആകാശഭൂമികള്‍ക്കിടയിലുള്ള സ്ഥലങ്ങള്‍ മുഴുവനും സുഗന്ധത്താല്‍ നിറയുന്നതാണ്. ആ വനിതകള്‍ തലയിലിടുന്ന തട്ടം ഈ ലോകത്തേക്കാളും അതിലുള്ള സര്‍വ്വവസ്തുക്കളേക്കാളും വിലപിടിച്ചതാണ്. (ബുഖാരി. 4. 52. 53)

10) അനസ്(റ) നിവേദനം: ഒരിക്കല്‍ ബനൂസുലൈം ഗോത്രക്കാരായ എഴുപതുപേരെ നബി(സ) ബനൂആമിര്‍ ഗോത്രക്കാരുടെ അടുക്കലേക്ക് നിയോഗിച്ചു. അവര്‍ അവിടെയെത്തിയപ്പോള്‍ എന്റെ അമ്മാവന്‍ അവരോട് പറഞ്ഞു; നിങ്ങളെക്കാള്‍ മുമ്പ് ഞാന്‍ അവരുടെയടുത്തേക്ക് പോകാം. നബി(സ)യുടെ സന്ദേശം ഞാനവര്‍ക്കെത്തിക്കും വരേക്കും അവരെനിക്ക് അഭയം നല്‍കിയാല്‍ ഞാന്‍ നിങ്ങളേയും വിളിക്കാം. അല്ലാത്തപക്ഷം നിങ്ങളെന്റെ സമീപത്തായി നിന്നാല്‍ മതി. അങ്ങനെ അദ്ദേഹം മുന്നിട്ടുചെന്നു. അവരദ്ദേഹത്തിന് അഭയം നല്‍കി. അദ്ദേഹം അവരോട് നബി(സ)യെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ കൂട്ടത്തില്‍പ്പെട്ട ഒരാള്‍ക്ക് സൂചന നല്‍കുകയും ഉടനെയവന്‍ അദ്ദേഹത്തിന് കുന്തംകൊണ്ട് കുത്തുകൊടുത്തു. അത് അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചുകയറി. അദ്ദേഹം പറഞ്ഞു. അല്ലാഹു അക്ബര്‍! കഅ്ബ: യുടെ രക്ഷിതാവ് സത്യം. ഞാന്‍ വിജയിച്ചുകഴിഞ്ഞു. ശേഷം അദ്ദേഹത്തിന്റെ ശേഷിച്ച സ്നേഹിതന്മാരുടെ നേരെ തിരിഞ്ഞു. അവരുടെ കൂട്ടത്തില്‍ മുടന്തനായ ഒരാളൊഴികെ മറ്റെല്ലാവരെയും കൊന്നുകളഞ്ഞു. മുടന്തന്‍ ഒരു മലമുകളില്‍ കയറി രക്ഷപ്പെട്ടു. ഈയവസരത്തില്‍ ജീബ്രീല്‍ (അ) നബി(സ)യെ സമീപിച്ച് അവരെല്ലാം തങ്ങളുടെ നാഥനെ കണ്ടുമുട്ടിയെന്നും അവരുടെ നാഥന്‍ അവരെ സംബന്ധിച്ചും അവര്‍ അവനെ സംബന്ധിച്ചും തൃപ്തിപ്പെട്ടിരിക്കുന്നുവെന്നും അറിയിച്ചു. ഞങ്ങള്‍ ഇപ്രകാരം പാരായണം ചെയ്തിരുന്നു. "ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടിക്കഴിഞ്ഞു. എന്നിട്ട് അവന്‍ ഞങ്ങളെക്കുറിച്ചും ഞങ്ങള്‍ അവനെക്കുറിച്ചും സംതൃപ്തനായിരുന്നു. ഇതു ഞങ്ങളുടെ ജനതയെ നിങ്ങള്‍ അറിയിക്കുവിന്‍'' ശേഷം ഈ വാക്യം ദുര്‍ബ്ബലപ്പെടുത്തി. അതിനുശേഷം നബി(സ) ദിഅ്ല്, ദക്വാന്‍, ബനൂലിഹ്യാന്‍, ബനൂഉസയ്യ് - അല്ലാഹുവിനോടും അവന്റെ ദൂതനോടും ധിക്കാരം പ്രവര്‍ത്തിച്ചവരാണവര്‍ - എന്നീ ഗോത്രങ്ങള്‍ക്കെതിരില്‍ നാല്‍പത് പ്രഭാതത്തില്‍ പ്രാര്‍ത്ഥന (ഖുനൂതൂ) നടത്തി. (ബുഖാരി. 4. 52. 57)

11) ജൂന്‍ദുബ്(റ) നിവേദനം: നിശ്ചയം ഒരു യുദ്ധത്തില്‍ നബി(സ)യുടെ ഒരു വിരല്‍ മുറിഞ്ഞ് രക്തമൊഴുകാന്‍ തുടങ്ങി. അപ്പോള്‍ അവിടുന്നു ഇപ്രകാരം പാടി: രക്തമൊഴുകുന്ന ഒരു വിരലല്ലാതെ മറ്റെന്താണ് നീ. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ് നീ ഈ വിപത്ത് നേരിട്ടത്. (ബുഖാരി. 4. 52. 58)

12) അബൂഹുറൈ(റ) നിവേദനം: നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരാളും മുറിവേല്‍ക്കുകയില്ല - ആരാണ് അവന്റെ മാര്‍ഗ്ഗത്തില്‍ മുറിവേല്‍ക്കുന്നവനെന്ന് അല്ലാഹുവിനാണ് അറിയുക - അന്ത്യനാളില്‍ അവന്റെ മുറിവില്‍ നിന്നും രക്തമൊഴുകുന്ന നിലയിലല്ലാതെ അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുകയില്ല. ആ മുറിവില്‍ വര്‍ണ്ണം രക്തത്തിന്റെ വര്‍ണ്ണമാണ്. എന്നാല്‍ ഗന്ധം കസ്തൂരിയുടേതുമായിരിക്കും. (ബുഖാരി. 4. 52. 59)

13) അനസ്(റ) പറയുന്നു: അനസ്ബ്നുന്നളീറിന്റെ സഹോദരി റുബയ്യിഅ് ഒരു സ്ത്രീയുടെ മുന്‍പല്ല് പൊട്ടിച്ചു കളഞ്ഞു. നബി(സ) ശിക്ഷാ നടപടി എടുക്കാന്‍ കല്‍പിച്ചു. അപ്പോള്‍ അനസ്ബ്നുന്നളീര്‍(റ) പറഞ്ഞു. പ്രവാചകരേ! സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ് സത്യം. അവളുടെ പല്ല് പൊട്ടിക്കപ്പെടുകയില്ല. ഉടനെ നഷ്ടപരിഹാരം വാങ്ങല്‍ കൊണ്ട് അന്യായക്കാര്‍ തൃപ്തിപ്പെട്ടു. ശിക്ഷാ നടപടി അവര്‍ വേണ്ടെന്നു വെക്കുകയും ചെയ്തു. അന്നേരം നബി(സ) അരുളി: അല്ലാഹുവിന്റെ ദാസന്മാരില്‍ ചില ആളുകളുണ്ട്. അല്ലാഹുവിന്റെ മേല്‍ സത്യം ചെയ്തു കൊണ്ട് അവര്‍ ഒരു സംഗതി ചോദിച്ചാല്‍ അല്ലാഹു അവര്‍ക്കതു നിറവേറ്റിക്കൊടുക്കും. (ബുഖാരി. 4. 52. 61)

14) സൈദ്ബ്നു സാബിതു(റ) നിവേദനം: ഖുര്‍ആന്‍ വാക്യങ്ങള്‍ എഴുതി വെച്ചിരുന്ന മുസ്ഹഫില്‍ നിന്ന് അവയെല്ലാം ഒരു മുസ്വഹഫിലേക്ക് ആക്കിയപ്പോള്‍ അഹ്സാബ് സൂറത്തിലെ ഒരായത്തു ഞാന്‍ കണ്ടില്ല. നബി(സ) അതു പാരായണം ചെയ്യുന്നത് ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു. അവസാനം ഖുസൈമത്തൂര്‍ അന്‍സാരിയുടെ പക്കല്‍ നിന്നാണു എനിക്കതു കണ്ടുകിട്ടിയത്. അദ്ദേഹത്തിന്റെ സാക്ഷ്യത്തെ രണ്ടു പുരുഷന്മാരുടെ സാക്ഷ്യത്തിന് തുല്യമാക്കിക്കൊണ്ട് നബി(സ) വിധി കല്‍പ്പിച്ചിട്ടുണ്ട്. സത്യവിശ്യാസികളില്‍ ചില പുരുഷന്മാരുണ്ട്. അല്ലാഹു ചെയ്ത കരാര്‍ അവര്‍ സാക്ഷാത്കരിച്ചിരിക്കുന്നു എന്ന ഖുര്‍ആന്‍ വാക്യമാണത്. (ബുഖാരി. 4. 52. 62)

15) ബറാഅ്(റ) നിവേദനം: ഇരുമ്പിന്റെ മുഖംമൂടി ധരിച്ച ഒരു മനുഷ്യന്‍ നബി(സ)യുടെ അടുത്തുവന്നു. അങ്ങനെ അദ്ദേഹം പറഞ്ഞു. പ്രവാചകരേ! ഞാന്‍ യുദ്ധം ചെയ്യുകയോ ഇസ്ളാം മതം സ്വീകരിക്കുകയോ ഏതാണ് ചെയ്യേണ്ടത്? നബി(സ) പറഞ്ഞു: നീ ആദ്യം മുസ്ലീമാകുക. ശേഷം നീ യുദ്ധം ചെയ്യുക. ഉടനെ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. എന്നിട്ട് യുദ്ധം ചെയ്തു; ശഹീദായി. നബി(സ) അരുളി: അദ്ദേഹം അല്‍പം പ്രവര്‍ത്തിച്ചു കൂടുതല്‍ പുണ്യം കരസ്ഥമാക്കി. (ബുഖാരി. 4. 52. 63)

16) അനസ്(റ) നിവേദനം: ബറാഇന്റെ മകള്‍ ഉമ്മുഹാരിസ്(റ) നബി(സ)യുടെ അടുത്തുവന്ന് പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരെ! ഹാരിസിനെക്കുറിച്ച് അവിടുന്ന് എനിക്ക് വിവരിച്ചു തന്നാലും - അദ്ദേഹം ബദര്‍ യുദ്ധത്തില്‍ ഒരു ഒളിയമ്പ് ബാധിച്ചാണ് മരണപ്പെട്ടത് - അവന്‍ സ്വര്‍ഗ്ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിച്ചുകൊള്ളാം. മറിച്ചാണെങ്കില്‍ അദ്ദേഹത്തെചൊല്ലി കരയാന്‍ ഞാന്‍ പാടുപെടും. നബി(സ) അരുളി: ഹാരിസിന്റെ മാതാവേ! സ്വര്‍ഗ്ഗത്തില്‍ നിശ്ചയം പല പദവികളുണ്ട്. നിന്റെ പുത്രന് ലഭിച്ചിരിക്കുന്നത് മഹോന്നതമായ ഫിര്‍ദൌസാണ്. (ബുഖാരി. 4. 52. 64)

17) അബൂമൂസാ(റ) നിവേദനം: ഒരാള്‍ നബി(സ)യുടെ അടുത്തു വന്നു പറഞ്ഞു. ഒരാള്‍ ധനം മോഹിച്ച് യുദ്ധം ചെയ്യുന്നു. മറ്റൊരുത്തന്‍ പ്രസിദ്ധിക്കുവേണ്ടി യുദ്ധം ചെയ്യുന്നു. മറ്റൊരുത്തന്‍ തന്റെ സ്ഥാനം മറ്റുള്ളവര്‍ കാണാന്‍ വേണ്ടി യുദ്ധം ചെയ്യുന്നു. ഇവരില്‍ ആരാണ് ദൈവ മാര്‍ഗ്ഗത്തില്‍? നബി(സ) അരുളി: അല്ലാഹുവിന്റെ വചനം (തൌഹീദ്) ഉയര്‍ന്നുനില്‍ക്കാന്‍വേണ്ടി യുദ്ധം ചെയ്യുന്നവന്‍ ആരോ അവന്‍ മാത്രമാണ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍. (ബുഖാരി. 4. 52. 65)

18) അബ്ദുറഹ്മാന്‍(റ) നിവേദനം: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരാളുടെ ഇരു കാല്‍പാദങ്ങളിലും മണ്ണ് പുരളുകയും അതിന് നരകാഗ്നി സ്പര്‍ശിക്കലും ഉണ്ടാവുകയില്ലെന്ന് നബി(സ) അരുളുകയുണ്ടായി. (ബുഖാരി. 4. 52. 66)

19) ആയിശ:(റ) നിവേദനം: നബി(സ) ഖന്തക്ക് യുദ്ധം കഴിഞ്ഞു മടങ്ങി. ആയുധങ്ങളെല്ലാം ഇറക്കിവെച്ച് കുളിച്ചു. അപ്പോള്‍ ജിബ്രീല്‍ വന്ന് - നബി(സ)യുടെ തലയില്‍ മണ്ണ് മൂടിപ്പൊടിഞ്ഞിരുന്നു - ചോദിച്ചു. അവിടുന്നു ആയുധം ഇറക്കിവെച്ചിട്ടില്ല. നബി(സ) ചോദിച്ചു. ഇനി എങ്ങോട്ടാണ്? ഇങ്ങോട്ട് എന്ന് പറഞ്ഞിട്ട് ബനൂഖുറൈളാ ഗോത്രത്തിന്റെ കേന്ദ്രത്തിലേക്ക് ജീബ്രീല്‍ ചൂണ്ടിക്കാട്ടി. ആയിശ(റ) പറയുന്നു: അപ്പോള്‍ നബി(സ) അവരുടെ ഭാഗത്തേക്ക് പുറപ്പെട്ടു. (ബുഖാരി. 4. 52. 68)

20) അനസ്(റ) നിവേദനം: വല്ലവനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ദുന്‍യാവിലെ സര്‍വ്വ വസ്തുക്കള്‍ അവന് ലഭിച്ചാലും ദുന്‍യാവിലേക്ക് മടക്കത്തെ ആഗ്രഹിക്കുകയില്ല. രക്തസാക്ഷി ഒഴികെ അവന്‍ ദുന്‍യാവിലേക്ക് മടക്കത്തെ ആഗ്രഹിക്കുന്നു. അങ്ങനെ പത്തു പ്രാവശ്യം വധിക്കപ്പെടുവാനും. അവന് അതുമൂലം ലഭിക്കുന്ന ആദരവ് അവന്‍ ദര്‍ശിച്ചതിനാല്‍. (ബുഖാരി. 4. 52. 72)

21) അബ്ദുല്ലാഹിബ്നു അബി ഔഫാ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ അറിയുവിന്‍! നിശ്ചയം വാളിന്റെ നിഴലിന്ന് കീഴില്‍ സ്വര്‍ഗമുണ്ട്. (ബുഖാരി. 4. 52. 73)

22) ജൂബൈറ്ബ്നു മുത്വ്ളം(റ) നിവേദനം: അദ്ദേഹം നബി(സ)യുടെ കൂടെ ഹൂനൈന്‍ യുദ്ധത്തില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ ഒരു സംഘം ആളുകളും ഉണ്ടായിരുന്നു. യാചിച്ചും കൊണ്ട് ജനങ്ങള്‍ നബി(സ)യെ ബന്ധിക്കുകയും ഒരു എലന്തമരത്തിന്റെ അടുത്തേക്കു നീങ്ങുവാന്‍ അവര്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുകയും ചെയ്തു. അവിടുത്തെ തട്ടം അതിന്മേല്‍ കൊളുത്തി വലിച്ചു. നബി(സ) അവിടെ നിന്നുകൊണ്ട് പറഞ്ഞു. നിങ്ങള്‍ എന്റെ തട്ടം എനിക്ക് തരിക. ഈ കാണുന്ന മരങ്ങള്‍ക്ക് എണ്ണം ഒട്ടകങ്ങള്‍ എനിക്കുണ്ടായാല്‍ ഞനതു നിങ്ങള്‍ക്കിടയില്‍ മുഴുവനും വീതിച്ചു തരുന്നതാണ്. നിങ്ങള്‍ എന്നെ പിശുക്കനായും വ്യാജനായും ഭീരുവായും ദര്‍ശിക്കുകയില്ല. (ബുഖാരി. 4. 52. 75)

23) അംറ്(റ) നിവേദനം: സഅ്ദ്(റ) ഒരു അധ്യാപകന്‍ കുട്ടികളെ സാക്ഷരത പഠിപ്പിക്കുന്നതുപോലെ, താഴെ പറയുന്ന വാക്യങ്ങള്‍ ഞങ്ങളെ പഠിപ്പിക്കാറുണ്ടായിരുന്നു. നബി(സ) നമസ്കാരത്തിന്റെ ശേഷം പ്രാര്‍ത്ഥിക്കും. അല്ലാഹുവേ! ഭീരുത്വത്തില്‍ നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു. വയസ്സിന്റെ മോശമായ അവസ്ഥയിലേക്ക് ഞാന്‍ മടക്കപ്പെടുന്നതില്‍ നിന്നും ദുന്‍യാവിന്റെ കുഴപ്പത്തില്‍ നിന്നും ഖബറിലെ ശിക്ഷയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. മുസ്ഹഅബിനോട് ഞാന്‍ ഈ ഹദീസ് പറഞ്ഞപ്പോള്‍ അദ്ദേഹം ഇതിനെ സത്യപ്പെടുത്തി. (ബുഖാരി. 4. 52. 76)

24) അനസ്(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ട്. അല്ലാഹുവേ, ദുര്‍ബ്ബലത, അലസത, ഭീരുത്വം, വാര്‍ധക്യം എന്നിവയില്‍ നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു. (ബുഖാരി. 4. 52. 77)

25) സാഇബ്ബ്നു യസീദ്(റ) പറയുന്നു: ത്വല്‍ഹ, സഅ്ദ, മിഖ്ദാദ്, അബ്ദുറഹ്മാന്‍ മുതലായവരെ ഞാന്‍ സഹവസിച്ചിട്ടുണ്ട്. ഇവരില്‍ ആരും തന്നെ നബി(സ) യില്‍ നിന്ന് ഹദീസ് ഉദ്ധരിക്കുന്നതുകൊണ്ട് ഞാന്‍ കേട്ടിട്ടില്ല. ഉഹ്ദ്യുദ്ധത്തെ സംബന്ധിച്ച് ത്വല്‍ഹ: വിവരിച്ചുപറഞ്ഞതല്ലാതെ. (ബുഖാരി. 4. 52. 78)

26) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ട് വ്യക്തികളെ നോക്കിയിട്ട് അല്ലാഹു ചിരിക്കും. അവരില്‍ ഒരാള്‍ മറ്റെയാളെ വധിക്കുന്നു. രണ്ടുപേരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്തു വധിക്കപ്പെടുന്നു. ശേഷം അയാളെ കൊന്നവന്റെ പാപം അല്ലാഹു പൊറുത്തുകൊടുക്കും. അങ്ങനെ അദ്ദേഹവും രക്തസാക്ഷിയാവും. (ബുഖാരി. 4. 52. 80)

27) അനസ്(റ) നിവേദനം: അബൂത്വല്‍ഹ:(റ) നബി(സ)യുടെ കാലത്തു യുദ്ധം കാരണം (സുന്നത്ത്) നോമ്പ് നോല്‍ക്കാറുണ്ടായിരുന്നില്ല. നബി(സ) മരണപ്പെട്ടശേഷം ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍ എന്നീ രണ്ടു ദിവസങ്ങളിലല്ലാതെ അദ്ദേഹം നോമ്പുപേക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുമില്ല. (ബുഖാരി. 4. 52. 81)

28) അനസ്(റ) നിവേദനം: നബി(സ) അരുളി: പ്ളേഗ് രോഗം ഓരോ മുസ്ളിമിന്നും രക്തസാക്ഷിത്വമാണ്. (ബുഖാരി. 4. 52. 82)

29) ബറാഅ്(റ) പറയുന്നു: സത്യവിശ്വാസികളില്‍ നിന്നു യുദ്ധത്തെവിട്ടു ഇരുന്നു കളയുന്നവരും. എന്നു തുടങ്ങുന്ന ആയത്തു അവതരിപ്പിക്കപ്പെട്ടപ്പോള്‍ നബി(സ) സൈദ്(റ) നെ വിളിച്ചു. അദ്ദേഹം ഒരു എല്ലിന്റെ കഷ്ണവുമായി വന്നു. അതു എഴുതി രേഖപ്പെടുത്തുവാന്‍ ഉദ്ദേശിച്ചപ്പോള്‍ ഇബ്നു ഉമ്മി മക്തൂമ(റ) വന്ന് തന്റെ അന്ധതയെക്കുറിച്ച് ആവലാതിപ്പെട്ടു. (ബുഖാരി. 4. 52. 84)

30) സഹ്ല്(റ) പറയുന്നു: മര്‍വാന്‍ പള്ളിയില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ മുന്നിട്ടുവന്ന് അദ്ദേഹത്തിന്റെ അടുത്തു ഇരുന്നു. അപ്പോള്‍ സൈദ്ബ്നു സാബിത്(റ) പറഞ്ഞതായി അദ്ദേഹം ഞങ്ങളോട് ഇപ്രകാരം പ്രസ്താവിച്ചു. നബി(സ) എനിക്ക് ഓതി തന്നു: "സത്യവിശ്വാസികളില്‍ നിന്ന് (യുദ്ധത്തെവിട്ടു) ഇരിക്കുന്നവരും'' അപ്പോള്‍ ഉമ്മു മക്തൂമിന്റെ മകന്‍ കയറിവന്നു പറഞ്ഞു: പ്രവാചകരേ! എനിക്ക് ജിഹാദിന് സാധിക്കുമായിരുന്നുവെങ്കില്‍ ഞാനതു ചെയ്യുമായിരുന്നു - അദ്ദേഹം ഒരു അന്ധനായിരുന്നു - അപ്പോള്‍ അല്ലാഹു "ബുദ്ധിമുട്ടുള്ളവര്‍ ഒഴികെ'' എന്ന ഭാഗം അവതരിച്ചു. ആ സന്ദര്‍ഭത്തില്‍ നബി(സ)യുടെ തുട എന്റെ തുടക്ക് മീതെ വെച്ചിരിക്കുകയായിരുന്നു. അന്നേരം ഉണ്ടായ ഭാരം മൂലം എന്റെ തുട പൊട്ടുമോ എന്നെനിക്ക് ഭയം തോന്നി. പിന്നീട് നബി(സ) യില്‍ നിന്ന് ആ അവസ്ഥ നീങ്ങിപ്പോയി. (ബുഖാരി. 4. 52. 85)

31) അനസ്(റ) നിവേദനം: നബി(സ) ഖന്തക്ക് യുദ്ധസന്ദര്‍ഭത്തില്‍ കിടങ്ങ് കുഴിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്കു പുറപ്പെട്ടു. അപ്പോള്‍ കഠിനശൈത്യമുള്ള പ്രഭാതത്തില്‍ മുഹാജിറുകളും അന്‍സാരികളുമതാ കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കുന്നു. അന്ന് അവര്‍ക്ക് ജോലിചെയ്യുവാന്‍ ഭൃത്യന്മാരും ഉണ്ടായിരുന്നില്ല. അവരെ ബാധിച്ചിരുന്ന ക്ഷീണവും വിശപ്പും കണ്ടപ്പോള്‍ നബി(സ) ഇങ്ങിനെ പാടി: "അല്ലാഹുവേ! ജീവിതം യഥാര്‍ത്ഥത്തില്‍ പരലോകജീവിതം മാത്രമാണ്. അല്ലാഹുവേ! അന്‍സാരികള്‍ക്കും മുഹാജിറുകള്‍ക്കും നീ പൊറുത്തു കൊടുക്കേണമേ. അപ്പോള്‍ നബി(സ)ക്ക് മറുപടിയായി അവര്‍ പറഞ്ഞു. ഞങ്ങള്‍ മുഹമ്മദിന് അനുസരണ പ്രതിജ്ഞ ചെയ്തവരാണ്. ജീവിച്ചിരിക്കുന്ന കാലമത്രയും പോരാട്ടത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും. (ബുഖാരി. 4. 52. 87)

32) ബറാഅ്(റ) നിവേദനം: നബി(സ) ഖന്തക്ക് യുദ്ധദിവസം മണ്ണു ചുമക്കുകയുണ്ടായി. അവിടുന്നു പറയും. അല്ലാഹുവേ! നിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ സന്മാര്‍ഗ്ഗത്തിലാകുമായിരുന്നില്ല. (ബുഖാരി. 4. 52. 89)

33) ബറാഅ്(റ) പറയുന്നു: അഹ്സാബ് യുദ്ധത്തില്‍ നബി(സ) മണ്ണ് ചുമന്നുകൊണ്ടു പോകുന്നത് ഞാന്‍ കണ്ടു. നബി(സ)യുടെ വെളുത്ത വയറ് മണ്ണുപുരണ്ടു കഴിഞ്ഞിരുന്നു. അവിടുന്നു ഇപ്രകാരം പാടിക്കൊണ്ടിരുന്നു. അല്ലാഹുവേ! നിന്റെ അനുഗ്രഹം ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് നേര്‍മാര്‍ഗ്ഗം സിദ്ധിക്കുമായിരുന്നില്ല. ഞങ്ങള്‍ ദാനം ചെയ്യുകയും നമസ്കരിക്കുകയും ചെയ്യുമായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് നീ ശാന്തി പ്രദാനം ചെയ്യേണമേ. ശത്രുക്കളെ അഭിമുഖീകരിക്കുമ്പോള്‍ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിറുത്തേണമേ. ഞങ്ങളെ ആക്രമിക്കുന്നവര്‍ ഞങ്ങളെ മര്‍ദ്ദിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളതു തടയുകതന്നെ ചെയ്യും. (ബുഖാരി. 4. 52. 90)

34) അനസ്(റ) പറയുന്നു: തബൂക്ക് യുദ്ധത്തില്‍ നിന്ന് നബി(സ)യുടെ കൂടെ ഞങ്ങള്‍ മടങ്ങി. (ബുഖാരി. 4. 52. 92)

35) അനസ്(റ) നിവേദനം: നബി(സ) ഒരു യൂദ്ധത്തില്‍ അരുളി: നമ്മോടൊപ്പം പോരാതെ മദീനായില്‍ ചില ആളുകള്‍ പിന്തി നില്‍ക്കുന്നുണ്ട്. നാം ഒരു മലയിടുക്കിലോ താഴ്വരയിലോ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അവരും നമ്മുടെ കൂടെ (മനസ്സുകൊണ്ട്)ഉണ്ടാവാതിരിക്കുന്നില്ല. ചില പ്രതിബന്ധങ്ങളാണ് അവരെ തടസ്സപ്പെടുത്തിയത്. (ബുഖാരി. 4. 52. 92)

36) അബുസഈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (യുദ്ധം ചെയ്യുവാന്‍) ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ 70 കൊല്ലത്തെ യാത്രാ ദൂരം വരെ അല്ലാഹു അവന്റെ മുഖത്തെ നരകത്തില്‍ നിന്ന് വിദൂരമാക്കുന്നതാണ്. (ബുഖാരി. 4. 52. 93)

37) സൈദ്ബ്നുഖാലിദ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന് യുദ്ധോപകരണങ്ങള്‍ വല്ലവനും തയ്യാറാക്കിയാല്‍ അവന്‍ യുദ്ധം ചെയ്തു. വല്ലവനും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന ഒരു യോദ്ധാവിന്റെ കുടുംബത്തിലിരുന്ന് മുസ്ളിമിന്റെ താല്പര്യങ്ങള്‍ നല്ലനിലക്ക് സംരക്ഷിച്ചാല്‍ അവനും യുദ്ധം ചെയ്തു. (ബുഖാരി. 4. 52. 96)

38) അനസ്(റ) പറയുന്നു: നബി(സ) തന്റെ ഭാര്യമാരൊഴിച്ച് മറ്റൊരു സ്ത്രീയുടെ വീട്ടിലും പ്രവേശിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഉമ്മുസുലൈമിന്റെ വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് അരുളി: എനിക്കവളോട് വളരെ അനുകമ്പയുണ്ട്. എന്നോടൊപ്പം യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവളുടെ സഹോദരന്‍ മരണമടഞ്ഞത്. (ബുഖാരി. 4. 52. 97)

39) അനസ്(റ) പറയുന്നു: യമാമ യുദ്ധസന്ദര്‍ഭത്തില്‍ അദ്ദേഹം സാബിത്തിബ്നു ഖൈസിന്റെയടുക്കല്‍ ചെന്നു. സാബിത്തു തന്റെ രണ്ടു തുടയില്‍ നിന്നും തുണി പൊക്കിയിട്ടു സുഗന്ധം പൂശിക്കൊണ്ടിരിക്കുകയായിരുന്നു'. അനസ്(റ) ചോദിച്ചു. എന്റെ പിതൃവ്യാ! എന്തുകൊണ്ടാണ് താങ്കള്‍ യുദ്ധരംഗത്തേക്ക് വരാതെ പിന്തി നില്‍ക്കുന്നത്? സാബിത്തൂ(റ) പറഞ്ഞു: എന്റെ സഹോദരപുത്രാ! ഇതാ എത്തിക്കഴിഞ്ഞു. ശേഷം സുഗന്ധദ്രവ്യം തുടര്‍ന്നു അദ്ദേഹം പൂശിക്കൊണ്ടിരുന്നു. പിന്നീടദ്ദേഹം വന്ന് ഇരിക്കുകയും ആളുകള്‍ യുദ്ധക്കളം വിട്ടോടിപ്പോയ വാര്‍ത്ത വിവരിക്കുകയും ചെയ്തു. അദ്ദേഹംപറഞ്ഞു: ഞങ്ങള്‍ ശത്രുക്കളുമായി ഇങ്ങിനെ നേരിട്ടാണ് പടവെട്ടിയിരുന്നത്. അല്ലാതെ ഇന്നു കാണുന്ന ഈ രൂപത്തിലല്ല നബി(സ) യോടൊപ്പം ഞങ്ങള്‍ യുദ്ധം ചെയ്തിരുന്നത്. നിങ്ങളുടെ തലമുറയെ നിങ്ങള്‍ പരിശീലിപ്പിച്ച സമ്പ്രദായം എത്ര മോശമായിരിക്കുന്നു. (ബുഖാരി. 4. 52. 98)

40) ജാബിര്‍(റ) നിവേദനം: ഖന്തക്ക് യുദ്ധവേളയില്‍ നബി(സ) പറഞ്ഞു: ശത്രുക്കളുടെ വാര്‍ത്ത ആരാണ് എനിക്ക് കൊണ്ടുവന്നു തരിക? അപ്പോള്‍ സുബൈര്‍(റ) മറുപടി പറഞ്ഞു: ഞാനൊരുക്കമാണ്. നബി(സ) പ്രത്യുത്തരം നല്‍കി. എല്ലാ നബിമാര്‍ക്കും ആത്മാര്‍ത്ഥ സ്നേഹിതന്മാരുണ്ട്. എന്റെ ആത്മാര്‍ത്ഥ സ്നേഹിതന്‍ സുബൈര്‍ ആണ്. (ബുഖാരി. 4. 52. 99)

41) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനം വരെ കുതിരയുടെ മൂര്‍ദ്ധാവില്‍ നന്മയുണ്ട്. (ബുഖാരി. 4. 52. 102)

42) ഉര്‍വ:(റ) നിവേദനം: നബി(സ) അരുളി: കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ്. അനസ്(റ) നിവേദനം: നബി(സ) അരുളി: കുതിരയുടെ നെറുകയില്‍ നന്മയുണ്ട്. (ബുഖാരി. 4. 52. 103)

43) അബൂഹുറൈറ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ അരുളി: വല്ലവനും ഒരു ഒട്ടകത്തെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വഖ്ഫ് ചെയ്തു വെച്ചു. അല്ലാഹുവില്‍ വിശ്വസിച്ചുകൊണ്ടും അവന്റെ വാഗ്ദാനത്തെ സത്യപ്പെടുത്തിക്കൊണ്ടും. എന്നാല്‍ അത് വയറു നിറക്കുന്നതും ദാഹം തീര്‍ക്കുന്നതും അതിന്റെ കാഷ്ഠവും മൂത്രവും എല്ലാം തന്നെ അന്ത്യദിനത്തില്‍ മീസാനില്‍ ഉണ്ടാവുന്നതാണ്. (ബുഖാരി. 4. 52. 105)

44) അനസ്(റ) നിവേദനം: നബി(സ)ക്ക് "അള്ബാഅ്" എന്നു പേരുളള ഒരൊട്ടകമുണ്ടായിരുന്നു. നടത്തത്തില്‍ അതിനെ മുന്‍കടക്കൂവാന്‍ ഒരൊട്ടകത്തിനും കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ ഒരു ഗ്രാമീണന്‍ യൌവനം നിറഞ്ഞ ഒരൊട്ടകപ്പുറത്തു കയറി നബി(സ)യുടെ ആ ഒട്ടകത്തെ പരാജയപ്പെടുത്തിക്കൊണ്ടു മുന്‍കടന്നു. അതു മുസ്ളിംകള്‍ക്ക് വളരെ പ്രയാസം സൃഷ്ടിക്കുകയും അവരുടെ പ്രയാസം നബി(സ)ക്ക് മനസ്സിലാകുകയും ചെയ്തു. അപ്പോള്‍ നബി(സ) പ്രഖ്യാപിച്ചു: ലോകത്ത് ഏതൊരു വസ്തുവും ഉയര്‍ന്നു കഴിഞ്ഞാല്‍ അതിനെ താഴ്ത്തി വെക്കേണ്ടത് അല്ലാഹുവിന്റെ ബാധ്യതയാണ്. (ബുഖാരി. 4. 52. 124)

45) ആയിശ:(റ) നിവേദനം: നബി(സ) ഒരു യാത്രക്ക് ഉദ്ദേശിച്ചാല്‍ തന്റെ ഭാര്യമാരുടെ ഇടയില്‍ നറുക്കിടും. ആരുടെ നറുക്കാണോ ലഭിച്ചത് അവരുമായി യാത്ര പുറപ്പെടും അങ്ങനെ ഒരു യുദ്ധത്തില്‍ നബി(സ) നറുക്കിടുകയും എന്റെ നറുക്ക് ലഭിക്കുകയും ഞാന്‍ നബി(സ)യുടെ കൂടെ പുറപ്പെടുകയും ചെയ്തു. ഈ സംഭവം ഹിജാബിന്റെ ആയത്ത് അവതരിപ്പിക്കപ്പെട്ട ശേഷമാണ്. (ബുഖാരി. 4. 52. 130)

46) അനസ്(റ) പയുന്നു: ഉഹ്ദ് യുദ്ധദിവസത്തില്‍ ജനങ്ങള്‍ നബി(സ) യില്‍ നിന്ന് തോറ്റോടുവാന്‍ തുടങ്ങി. അബൂബക്കറിന്റെ പുത്രി ആയിശ(റ)യും ഉമ്മു സുലൈമും(റ) തോല്‍പാത്രങ്ങളില്‍ വെളളം കൊണ്ടു വരികയുണ്ടായി. വസ്ത്രം അവര്‍ കയറ്റിയതിനാല്‍ അവരുടെ കാല്‍പാദങ്ങള്‍ ഞാന്‍ ദര്‍ശിക്കുകയുണ്ടായി. ശേഷം പട്ടാളക്കാരുടെ വായില്‍ അവര്‍ അത് ഒഴിച്ചു കൊടുക്കും. വീണ്ടും മടങ്ങിവന്ന് വെളളം നിറക്കും. (ബുഖാരി. 4. 52. 131)

47) സഅ്ലബ്(റ) നിവേദനം: മദീനയിലെ സ്ത്രീകള്‍ക്കിടയില്‍ ഒരിക്കല്‍ ഉമര്‍(റ) കുറെ തുണികള്‍ പങ്കിട്ടു കൊടുത്തു. അവസാനം ഒരു നല്ല തുണി ബാക്കിയായി. അദ്ദേഹത്തിന്റെ അടുത്തു ഉണ്ടായിരുന്നവരില്‍ ചിലര്‍ പറഞ്ഞു. അമീറുല്‍ മുഅ്മീനിന്‍!അങ്ങയുടെ(ഭാര്യയായി) അടുത്തുളള നബിയുടെ പുത്രിക്ക് ഇത് നല്‍കിയാലും. അലി(റ) യുടെ പുത്രി ഉമ്മു കുല്‍സുമിനെയാണ് അവരുദ്ദേശച്ചത്. ഉമര്‍(റ) പറഞ്ഞു. ഇത് ഉമ്മുസലീത്തിന് കൊടുക്കാനാണ് ഏറ്റവും അവകാശപ്പെട്ടത്. നബി(സ) യുമായി അനുസരണപ്രതിജ്ഞ ചെയ്ത അന്‍സാരി സ്ത്രീകളില്‍ ഒരാളാണവര്‍. ഉമര്‍(റ) തുടര്‍ന്നു പറഞ്ഞു:ഉഹ്ദ് യുദ്ധത്തില്‍ തോല്‍ പാത്രത്തില്‍ വെളളം നിറച്ച് ഞങ്ങള്‍ക്ക് കൊണ്ടുതന്നിരുന്നത് അവരായിരുന്നു. (ബുഖാരി. 4. 52. 132)

48) റുബയ്യിഅ്(റ) നിവേദനം: നബി(സ) യുദ്ധത്തിന് പോകുമ്പോള്‍ ഞങ്ങളും കൂടെ പോകാറുണ്ട്. പട്ടാളക്കാര്‍ക്ക് കുടിക്കാന്‍ വെളളംകൊണ്ടുപോയി കൊടുക്കുക, മുറിവേറ്റവരെ ചികിത്സിക്കുക, മരണമടഞ്ഞവരെ മദീനയിലേക്ക് കൊണ്ടുവരിക ഇതെല്ലാമാണ് ഞങ്ങള്‍ നിര്‍വഹിച്ചിരുന്ന ജോലികള്‍. (ബുഖാരി. 4. 52. 133)

49) റുബയ്യിഅ്(റ) നിവേദനം: യുദ്ധത്തില്‍ മുറിവേറ്റവരേയും മരണമടഞ്ഞവരെയും മദീനയിലേക്ക് കൊണ്ടുവരിക ഞങ്ങളാണ്. (ബുഖാരി. 4. 52. 134)

50) അബൂമൂസ(റ) പറയുന്നു: അബു ആമിറിന്റെ കാല്‍മുട്ടില്‍ ഒരു മുറിവ് ബാധിച്ചു. ഞാന്‍ അദ്ദേഹത്തെ ദര്‍ശിക്കുവാന്‍ ചെന്നു. അദ്ദേഹം പറഞ്ഞു: ഈ അമ്പ് നീ ഊരിയെടുത്താലും. അപ്പോള്‍ ഞാനതു ഊരിയെടുത്തു. ഉടനെ അതില്‍ നിന്ന് ഒരു തരം ദ്രാവകം പുറത്തുവന്നു. നബി(സ)യോട് ഞാന്‍ വിവരം പറഞ്ഞപ്പോള്‍ അവിടുന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! നീ അബുഅമീറിന്ന് പാപമോചനം നല്‍കേണമേ. (ബുഖാരി. 4. 52. 135)

51) അബൂഹുറൈറ(റ) പറയുന്നു: തൂഫൈലും അദ്ദേഹത്തിന്റെ അനുയായികളും നബി(സ)യെ സന്ദര്‍ശിച്ചു. അവര്‍ പറഞ്ഞു. പ്രവാചകരേ, ദൌസ് ഗോത്രം ഇസ്ലാം സ്വീകരിക്കുന്നതില്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നു. ദൌസ് ഗോത്രത്തെ നശിപ്പിക്കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും. അപ്പോള്‍ ദൌസ്ഗോത്രം നശിക്കട്ടെ എന്ന് അവരുടെ കൂട്ടത്തില്‍ ചിലര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ നബി(സ) പ്രാര്‍ത്ഥിച്ചത് ഇപ്രകാരമാണ്. അല്ലാഹുവേ! ദൌസ് ഗോത്രത്തിന് മാര്‍ഗദര്‍ശനം നല്‍കുകയും അവരെ നല്ലവഴിക്ക് കൊണ്ട് വരികയും ചെയ്യേണമേ.. (ബുഖാരി. 4. 52. 188)

52) സഹ്ല്(റ) നിവേദനം: ഖൈബര്‍ യുദ്ധദിവസം നബി(സ) ഇപ്രകാരം പ്രഖ്യാപിക്കുന്നത് ഞാന്‍ കേട്ടു. തീര്‍ച്ചയായും ഒരു മനുഷ്യന് ഞാന്‍ കൊടി നല്‍കുന്നതാണ്. അദ്ദേഹത്തിന്റെ കൈക്ക് അല്ലാഹു വിജയം നല്‍കുന്നതാണ്, കൊടി തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് അനുചരന്മാര്‍ ആഗ്രഹിച്ചുകൊണ്ടു അവിടെ നിന്ന് എഴുന്നേറ്റുപോയി. അടുത്ത ദിവസം അവരിലോരോരുത്തരും തങ്ങള്‍ക്ക് കൊടി ലഭിക്കണമെന്ന് ആശിച്ചുകൊണ്ട് പ്രഭാതത്തില്‍ പുറപ്പെട്ടു. അലിയെവിടെ? നബി(സ) ചോദിച്ചു. നേത്രരോഗം ബാധിച്ചിരിക്കുകയാണെന്ന് പറയപ്പെട്ടു. ഉടനെ നബി(സ)യുടെ നിര്‍ദ്ദേശപ്രകാരം അലി(റ) യെ കൂട്ടിക്കൊണ്ടുവന്നു. നബി(സ) അലിയുടെ കണ്ണില്‍ അല്പം തുപ്പുനീര്‍ പുരട്ടി. ഉടനെ അദ്ദേഹത്തിന് രോഗശമനം ലഭിച്ചു. മുമ്പ് രോഗം ബാധിക്കാത്തതുപോലെ അലി(റ) പറഞ്ഞു. അവര്‍ നമ്മെപ്പോലെ ആകുന്നതുവരേക്കു നാം അവരുമായി യുദ്ധം ചെയ്യുന്നതാണ്. നബി(സ) പറഞ്ഞു: നീ അവരുടെ വീടുകള്‍ക്കു മുമ്പില്‍ ഇറങ്ങുന്നത് വരേക്കും ശാന്തതയോടെ പുറപ്പെടുക. ശേഷം അവരെ ഇസ്ളാമിലേക്ക് ക്ഷണിക്കുക. അവരുടെ ബാധ്യതകള്‍ അവരോട് പറയുക. അല്ലാഹു സത്യം. ഒരു മനുഷ്യന്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നതിന് നീ കാരണമാകുന്നതാണ്, ചുവന്ന ഒട്ടകങ്ങളെക്കാളും നിനക്ക് ഉത്തമം. (ബുഖാരി. 4. 52. 192)

53) സ്വഅ്ബ്(റ) പറയുന്നു: നബി(സ) അബവാളല്‍ വെച്ച് അല്ലെങ്കില്‍ വദ്ദാനില്‍വെച്ച് എന്റെ അരികിലൂടെ നടന്നുപോയി. അന്നേരം ഒരു പ്രശ്നത്തെക്കുറിച്ച് അവിടുന്നു ചോദിക്കപ്പെട്ടു. രാത്രി സമയങ്ങളില്‍ ബഹുദൈവവിശ്വാസികളുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അപ്പോള്‍ അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്ത് ബാധിക്കുന്നു. അതിനെക്കുറിച്ച് എന്താണവിടുന്ന് പറയുന്നത് നബി(സ) അരുളി: ആ സ്ത്രീകളും കുട്ടികളും അവരില്‍പ്പെട്ടവര്‍ തന്നെയാണല്ലോ? അല്ലാഹുവിനും അവന്റെ ദൂതനുമല്ലാതെ മേച്ചില്‍ സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ലെന്ന് നബി(സ) അരുളുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. (ബുഖാരി. 4. 52. 256)

54) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) നടത്തിയ ഒരു യുദ്ധത്തില്‍ ഒരു സ്ത്രീ വധിക്കപ്പെട്ട കിടക്കുന്നത് കണ്ടു. അപ്പോള്‍ സ്ത്രീകളേയും കുട്ടികളേയും വധിക്കുന്നത് നബി(സ) വിരോധിച്ചു. (ബുഖാരി. 4. 52. 256)

55) ജരീര്‍(റ) പറയുന്നു: എന്നോട് നബി(സ) പറഞ്ഞു; ദുല്‍ഖലാസായുടെ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് മനസ്സമാധാനം തരികയില്ലേ? ഖസ്അം ഗോത്രത്തിന്റേതായി കഅബത്തുല്‍യമാനിയ എന്നറിയപ്പെടുന്ന ഒരു വിഗ്രഹാലയമായിരുന്നു ദുല്‍ഖലാസാ. ഉടനെ അഹ് മസ് ഗോത്രത്തിലെ 150 പേരുളള ഒരു കുതിരപ്പട്ടാളത്തോടൊപ്പം ഞാന്‍ പുറപ്പെട്ടു. അവര്‍ കുതിരകളെ വളര്‍ത്തുന്നവരായിരുന്നു. ഞാനാണെങ്കില്‍ കുതിരപ്പുറത്ത് ഇരിക്കാന്‍ പരിചയമില്ലാത്തവനായിരുന്നു. നബി(സ) എന്റെ നെഞ്ചില്‍ ഒന്നടിച്ചു. എന്നീട്ട് അവിടുന്ന് പ്രാര്‍ത്ഥിച്ചു; അല്ലാഹുവേ! ജരീറിന്ന് സ്ഥൈര്യവും ധൈര്യവും പ്രദാനം ചെയ്യുകയും അദ്ദേഹത്തെ മാര്‍ഗ്ഗദര്‍ശിയും മാര്‍ഗ്ഗദര്‍ശനം ലഭിച്ചവനുമാക്കുകയും ചെയ്യണമേ! ജരീര്‍ ആ വിഗ്രഹാലയത്തിലേക്ക് പോയി. അതെല്ലാം പൊട്ടിച്ചുകളഞ്ഞുകൊണ്ട് അഗ്നിക്കിരയാക്കി. അനന്തരം നബി(സ)യെ വിവരം അറിയിക്കാന്‍ ജരീര്‍ അയച്ച ആള്‍ നബിയുടെ മുന്‍പില്‍ വന്നിട്ടുണര്‍ത്തി. സത്യവും കൊണ്ട് അങ്ങയെ അയച്ചിരിക്കുന്നു. അല്ലാഹു സത്യം ആ വിഗ്രഹാലയത്തെ ചൊറിപിടിച്ച ഒട്ടകത്തെപ്പോലെയാക്കിയശേഷമല്ലാതെ ഞാന്‍ താങ്കളുടെ അടുക്കല്‍ വന്നിട്ടില്ല. അപ്പോള്‍ നബി(സ) പ്രാര്‍ത്ഥിച്ചു. അഹ്മസ് ഗോത്രത്തിലെ പുരുഷന്മാര്‍ക്ക് അല്ലാഹു നന്മ ചെയ്യട്ടെ. ഇപ്രകാരം അഞ്ചുപ്രാവശ്യം നബി(സ) ആവര്‍ത്തിച്ചു. (ബുഖാരി. 4. 52. 262)

56) അബുമൂസ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ബന്ദികളെ മോചിപ്പിക്കുവിന്‍. വിശന്നവന് ഭക്ഷണം നല്‍കുകയും, രോഗിയെ സന്ദര്‍ശിക്കുകയും ചെയ്യുവിന്‍. (ബുഖാരി. 4. 52. 282)

57) അബുജുഹൈഫ(റ) നിവേദനം: അല്ലാഹുവിന്റെ ഗ്രന്ഥത്തിലുളളതിനുപുറമെ ദൈവീകസന്ദേശത്തില്‍പ്പെട്ട വല്ലതും നിങ്ങളുടെ പക്കലുണ്ടോ എന്ന് ഞാന്‍ അലി(റ) യോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഇല്ല. വിത്തിനെ മുളപ്പിച്ചവനും ആത്മാവിനെ സൃഷ്ടിച്ചവനുമായ അല്ലാഹു സത്യം. അങ്ങനെയൊന്ന് ഉളളതായി ഞാന്‍ ഗ്രഹിച്ചിട്ടില്ല. പക്ഷേ ഖുറാനില്‍ നിന്ന് വല്ലതും ഗ്രഹിക്കാനുളള കഴിവ് മനുഷ്യന് അല്ലാഹു നല്‍കിയിട്ടുണ്ടെങ്കില്‍ അതു ഇതില്‍പ്പെടുകയില്ല. അതെ പ്രകാരം തന്നെ ഈ ഏടിലുളള ചിലകാര്യങ്ങളും ഞങ്ങളുടെ പക്കലുണ്ട്. ഞാന്‍ ചോദിച്ചു; എന്താണ് ഈ ഏടിലുളളത്? അദ്ദേഹം പറഞ്ഞു കുറ്റങ്ങള്‍ക്ക് നല്‍കേണ്ടതായ നഷ്ടപരിഹാരം, ബന്ധനസ്ഥരെ മോചിപ്പിക്കേണ്ട കാര്യം. ശത്രുവിനെ വധിച്ചതിനുപകരം ഒരു മുസ്ലീമിനെ വധിക്കാന്‍ പാടില്ല ഇവ മാത്രമാണ്. (ബുഖാരി. 4. 52. 283)

59) അസ്ലം(റ) പറയുന്നു: ഉമര്‍(റ) ഹുനൈയ്യ് എന്ന് വിളിക്കപ്പെടുന്ന ഒരു മോചിത അടിമയെ ഒരു സംരക്ഷണഭൂമിയുടെ ഗവര്‍ണ്ണറായി നിശ്ചയിച്ചു. എന്നിട്ട് ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു. അല്ലയോ ഹൂനൈയ്യ്! നീ മുസ്ലീമുകളോട് വിനയത്വം കാണിക്കുക. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയെ നീ സൂക്ഷിക്കുക. നിശ്ചയം മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കപ്പെടുന്നതാണ്. അല്പം ഒട്ടകങ്ങളും ആടുകളുമുളളവരെ നീ ഉപേക്ഷിക്കുക. ഇബ്നുഔഫ്, ഇബ്നുഅഫ്ഫാന്‍ മുതലായവരുടെ ഒട്ടകങ്ങളെ സംബന്ധിച്ച് എന്റെ നിയമത്തെ നീ സൂക്ഷിക്കുക. അവരുടെ മൃഗങ്ങള്‍ നശിച്ചാല്‍ അവര്‍ കൃഷിയിലേക്ക് പ്രവേശിക്കും. അല്പം ഒട്ടകങ്ങളുടേയും ആടുകളുടേയും ഉടമസ്ഥന്മാര്‍ അവരുടെ മൃഗങ്ങള്‍ നശിച്ചാല്‍ അവരുടെ സന്താനങ്ങളേയുമായി എന്റെ അടുത്ത് വന്ന് ഇപ്രകാരം പറയും: വിശ്വാസികളുടെ ഭരണാധികാരി! ഞങ്ങള്‍ ദരിദ്രന്മാരാണ്. ഞങ്ങളെ സഹായിച്ചാലും അവരെ ഉപേക്ഷിക്കാന്‍ എനിക്ക് സാധിക്കുമോ? നിനക്ക് നാശം. സ്വര്‍ണ്ണത്തെക്കാളും വെളളിയേക്കാളും എന്റെ അടുത്ത് നിസ്സാരമായത് വെളളവും പുല്ലുമാണ്. അല്ലാഹു സത്യം. ഞാനവരെ ആക്രമിച്ചതായി അവര്‍ ദര്‍ശിക്കും. ഭൂമി അവരുടേതാണ്. അജ്ഞാനകാലത്തു അതിനുവേണ്ടിയാണ് അവര്‍ യുദ്ധം ചെയ്തിരുന്നതും. അതുമായി അവര്‍ മുസ്ലീമാവുകയും ചെയ്തു. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുളള മൃഗങ്ങളെ സംരക്ഷിക്കേണ്ടതായ ബാദ്ധ്യത എനിക്കില്ലായിരുന്നുവെങ്കില്‍ അവരുടെ ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ പോലും സംരക്ഷണ ഭൂമിയാക്കുമായിരുന്നില്ല. (ബുഖാരി. 4. 52. 292)

60) അബ്ദുല്ലാഹിബിനു അംറ്(റ) നിവേദനം: നബി(സ)യുടെ സമ്മാനങ്ങള്‍ സൂക്ഷിക്കുവാനേല്‍പ്പിക്കപ്പെട്ടത് "കിര്‍കിറ" എന്ന് പേരായ ഒരാളെയായിരുന്നു. അയാള്‍ മരിച്ചപ്പോള്‍ അവന്‍ നരകത്തിലാണ് എന്ന് നബി(സ) അരുളി. സഹാബിമാര്‍ അയാളുടെ സ്ഥിതി അന്വേഷിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ വഞ്ചിച്ചെടുത്ത ഒരു പുതപ്പ് അവര്‍ക്ക് കണ്ടുകിട്ടി. (ബുഖാരി. 4. 52. 308)

61) ഇംറാന്‍ ഇബ്നുഹുസൈന്‍(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു; എന്റെ സമുദായത്തില്‍ നിന്നു ഒരു സംഘം, സത്യത്തിന് വേണ്ടിയുള്ള സമരം നിര്‍ത്തരുത്. അവര്‍ അവരുടെ എതിരാളികളുടെ മേല്‍ വിജയം പ്രാപിക്കുന്നതാണ്. (അബൂദാവൂദ്)

62) അബഹുറയ്റാ(റ) നിവേദനം ചെയ്തു, പ്രവാചകന്‍(സ) പറഞ്ഞു: അല്ലാഹു ഈ സമുദായത്തില്‍ ഓരോ നൂറ്റാണ്ടുകളുടേയും ആദ്യത്തില്‍, ഓരോ മതപരിഷ്ക്കര്‍ത്താക്കളെ അയക്കും. (അബൂദാവൂദ്)


63) അബ്ഹുറയ്റ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: നിങ്ങളില്‍, രക്തസാക്ഷിയായി നിങ്ങള്‍ ഗണിക്കുന്നതാരെയാണ്? അവര്‍ പറഞ്ഞു, അല്ലാഹുവിന്റെ ദൂതരെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെട്ടവനാരോ അവനാണ് രക്തസാക്ഷി. അവിടുന്നു പറഞ്ഞു, അങ്ങനെയാണെങ്കില്‍ എന്റെ സമുദായത്തില്‍ രക്തസാക്ഷികള്‍ കുറവായിരിക്കും. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെട്ടവനാരോ അവന്‍ രക്തസാക്ഷിയാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സ്വാഭാവികമായി മരണം പ്രാപിച്ചവനാരോ അവനും രക്തസാക്ഷിയാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പ്ളേഗ് മൂലം മരിച്ചവനാരോ അവനും രക്തസാക്ഷിയാണ്. വിഷൂചിക മൂലം മരിച്ചവനാരോ അവനും രക്തസാക്ഷിയാണ്. (മുസ്ലിം)

64) സല്‍മാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഒരു രാപ്പകലെങ്കിലും ശത്രുവിനെ പാര്‍ത്തിരിക്കല്‍ ഒരു മാസം നോമ്പുനോല്‍ക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നതിനെക്കാള്‍ ഉല്‍കൃഷ്ടമായതാണ്. അതിലവന്‍ മരണപ്പെട്ടാലോ? തദവസരത്തിലുള്ള തന്റെ പ്രവര്‍ത്തനഫലം അവനെന്നും കിട്ടിക്കൊണ്ടിരിക്കും. അപ്രകാരം തന്നെ (സ്വര്‍ഗ്ഗത്തില്‍ നിന്ന്) അവന് ഭക്ഷണം കിട്ടിക്കൊണ്ടിരിക്കുകയും ഖബര്‍ ശിക്ഷയില്‍ നിന്ന് അവന് അഭയം ലഭിക്കുകയും ചെയ്യും. (മുസ്ലിം)

65) ഫളാലത്തി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: എല്ലാ മൃതശരീരങ്ങളുടെയും അമലുകള്‍ സീല്‍ വെക്കപ്പെടും. (പിന്നീട് അതിന് വര്‍ദ്ധനവുണ്ടാവുകയില്ല)അല്ലാഹുവിന്റെ സബീലില്‍ ശത്രുക്കളെ പ്രതീക്ഷിച്ചിരിക്കുന്നവരുടേതൊഴികെ. അന്ത്യദിനം വരേക്കും അവന്റെ പ്രവര്‍ത്തനം (പ്രതിഫലം) വളര്‍ന്നുകൊണ്ടേയിരിക്കും. ഖബര്‍ ശിക്ഷയില്‍ നിന്ന് അവന് അഭയവും ലഭിക്കും. (അബൂദാവൂദ്, തിര്‍മിദി)

66) ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മുസ്ളിം രാഷ്ട്രത്തിലെ അതിര്‍ത്തിയില്‍ കാവലിരിക്കുന്ന ഒരു ദിവസം മറ്റു കാര്യങ്ങളില്‍ ചെലവഴിക്കുന്ന ആയിരം ദിവസത്തേക്കാള്‍ ഉത്തമമാണ്. (തിര്‍മിദി)

67) അബൂഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (ജിഹാദിന്ന്) പുറപ്പെട്ടവന് അല്ലാഹു നന്മ ചെയ്യുമെന്ന് ഏറ്റിട്ടുണ്ട്. കാരണം, എന്റെ മാര്‍ഗ്ഗത്തിലുള്ള സമരവും എന്നിലുള്ള വിശ്വാസദാര്‍ഢ്യവും എന്റെ പ്രവാചകനിലുള്ള യഥാര്‍ത്ഥ വിശ്വാസവും മാത്രമാണ് അവനെ വീട്ടില്‍ നിന്ന് പുറപ്പെടുവിച്ചത്. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയോ, ഗനീമത്ത് സ്വത്തുക്കളും പ്രതിഫലവുമായി പുറപ്പെട്ട വീട്ടിലേക്ക് തിരിച്ചെത്തിക്കുകയോ ചെയ്യുമെന്ന് അല്ലാഹു ഏറ്റിട്ടുണ്ട്. മുഹമ്മദിന്റെ ആത്മാവ് നിയന്ത്രിക്കുന്നവനെത്തന്നെയാണ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഏല്‍ക്കുന്ന ഏതൊരു പരിക്കും അന്ത്യദിനത്തില്‍ പരിക്ക് പറ്റിയ ദിവസത്തെപ്പോലെയാണ്. അതിന്റെ വര്‍ണ്ണം രക്തത്തിന്റേതും മണം കസ്തൂരിയുടേതുമത്രെ. മുഹമ്മദിന്റെ ആത്മാവ് നിയന്ത്രിക്കുന്നവനെത്തന്നെയാണ, (ദുര്‍ബ്ബലരായ) മുസ്ളിംകള്‍ക്ക് വിഷമം നേരിടുകയില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധത്തിന് പുറപ്പെടുന്ന ഓരോ യോദ്ധാക്കളുടേയും പിന്നില്‍ ഞാനിരിക്കയില്ലായിരുന്നു. പക്ഷേ, അവരെ കൊണ്ടു പോകുന്ന സൌകര്യം ഞാനെത്തിക്കുകയില്ല. അവര്‍ക്ക് സ്വന്തമായി അതിനുള്ള ശേഷിയില്ലതാനും. എന്നെ കൂടാതെ പിന്തിനില്‍ക്കല്‍ അവരെ ക്ളേശിപ്പിക്കുകയും ചെയ്യും. മുഹമ്മദിന്റെ ആത്മാവ് കൈവശമുള്ളവനെക്കൊണ്ട് സത്യം, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്ത് രക്തസാക്ഷിയാവുക എന്നതാണ് ഞാനാഗ്രഹിക്കുന്നത്. (മുസ്ലിം)

68) മുആദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ചെയ്തു: ഒട്ടകത്തിന്റെ രണ്ട് കറവുകള്‍ക്കിടയിലുള്ളത്ര സമയം വല്ല മുസ്ളിമും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്താല്‍ സ്വര്‍ഗ്ഗം അവന് സ്ഥിരപ്പെട്ടു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വല്ലവനും മുറിവേല്‍ക്കുകയോ ഒരു പോറലേല്‍ക്കുകയോ ചെയ്താല്‍ അന്ത്യദിനത്തില്‍ അത് അത്യധികം വലിപ്പമുള്ളതായി പരിണമിക്കും. അതിന്റെ നിറം കുങ്കുമത്തിന്റേതും മണം കസ്തൂരിയുടേതുമായിരിക്കും. (അബൂദാവൂദ്, തിര്‍മിദി)

69) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: റസൂല്‍(സ)യുടെ അസ്ഹാബിമാരിലൊരാള്‍ ശുദ്ധജലപ്രവാഹമുള്ള ഒരു മലയിടുക്കിലൂടെ നടന്നുപോയപ്പോള്‍ അതദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. തല്‍സമയം അയാള്‍ പറഞ്ഞു. ജനങ്ങളെ കൈ വെടിഞ്ഞുകൊണ്ട് ഞാന്‍ ഈ മലയിടുക്കില്‍ താമസിച്ചിരുന്നെങ്കില്‍ (നന്നായിരുന്നു) പക്ഷേ, റസൂല്‍(സ)യോട് അതിന്നനുമതി തേടാതെ ഞാനങ്ങനെ ചെയ്യുകയില്ല. അങ്ങനെ അദ്ദേഹം റസൂല്‍(സ)യോട് അക്കാര്യം പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു. ഒരിക്കലും നീ അങ്ങനെ ചെയ്യരുത്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (മുജാഹിദായി) നിലകൊള്ളല്‍ 70 കൊല്ലം തന്റെ ഭവനത്തില്‍വെച്ച് നമസ്കരി ക്കുന്നതിനേക്കാള്‍ ഉല്‍കൃഷ്ടമാണ്. അല്ലാഹു പൊറുത്തുതരികയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പി ക്കുകയും ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? എന്നാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യൂ. ഒട്ടകത്തിന്റെ രണ്ടു കറവുകള്‍ക്കിടയിലുള്ളത്ര സമയം വല്ലവനും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്താല്‍ അവന് സ്വര്‍ഗ്ഗം സുനിശ്ചിതമായി. (തിര്‍മിദി)

70) അബുസഈദില്‍ നിന്ന് നിവേദനം: സംരക്ഷകനായി അല്ലാഹുവിനെയും മതമായി ഇസ്ളാമിനെയും പ്രവാചകനായി മുഹമ്മദ്നബി(സ)യെയും വല്ലവനും തൃപ്തിപ്പെട്ടാല്‍ അവന്ന് സ്വര്‍ഗ്ഗം സ്ഥിരപ്പെട്ടു. അബുസഈദ്(റ) ഇതില്‍ ആശ്ചര്യപ്പെട്ടുകൊണ്ട് പറഞ്ഞു: പ്രവാചകരേ! അതൊന്നുകൂടി ആവര്‍ത്തിച്ചാലും! നബി(സ) അതാവര്‍ത്തിച്ച് തുടര്‍ന്നുപറഞ്ഞു. വേറൊരു കാര്യമുണ്ട്. അതുവഴി സ്വര്‍ഗ്ഗത്തില്‍ ഒരടിമക്ക് 100 പദവി ഉയര്‍ത്തപ്പെടും. ഈരണ്ട് പദവികള്‍ക്കിടയില്‍ ആകാശഭൂമികള്‍ക്കിടയിലുള്ളത്ര ദൂരമുണ്ട്. അദ്ദേഹം ചോദിച്ചു: പ്രവാചകരേ! അതെന്താണ്? അവിടുന്ന് അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള സമരമാണത്. (മുസ്ലിം)

71) അബൂബക്കറി(റ)ല്‍ നിന്ന് നിവേദനം: ശത്രുക്കളുടെ സാന്നിദ്ധ്യത്തില്‍വെച്ച് എന്റെ പിതാവ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. റസൂല്‍(സ) പറഞ്ഞു: നിശ്ചയം, സ്വര്‍ഗ്ഗത്തിന്റെ കവാടം വാളിന്റെ നിഴലിലാണ്. അന്നേരം ജീര്‍ണ്ണിച്ച വസ്ത്രധാരിയായ ഒരാള്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു. അബൂമൂസാ! ഇത് റസൂല്‍(സ) പറയുന്നത് നീ കേട്ടിട്ടുണ്ടോ? അതെ എന്നദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം തന്റെ കൂട്ടുകാര്‍ക്കിടയിലേക്ക് മടങ്ങിചെന്നിട്ട് ഞാന്‍ നിങ്ങള്‍ക്ക് സലാമോതുന്നു എന്നു പറഞ്ഞതിനുശേഷം തന്റെ വാളുറ പിച്ചിക്കീറി വലിച്ചെറിയുകയും വാളുമേന്തിക്കൊണ്ട് ശത്രുക്കളിലേക്ക് ഇറങ്ങിച്ചെന്ന് യുദ്ധം ചെയ്ത് രക്തസാക്ഷിയാവുകയുമുണ്ടായി. (മുസ്ലിം)

72) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെട്ടു കരഞ്ഞവന്‍, കറന്നെടുത്ത പാല് അകിട്ടിലേക്ക് മടങ്ങുംവരെ നരകത്തില്‍ പ്രവേശിക്കുകയില്ല. അപ്രകാരം അല്ലാഹുവിന്റെ പോര്‍ക്കളത്തിലെ പൊടിയും നരകത്തിലെ പുകയും കൂടി ഒരാളില്‍ ഒരുമിച്ചുകൂടുകയില്ല.! (തിര്‍മിദി)

73) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞ കണ്ണിനെയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (ശത്രുക്കളെ) കാവല്‍ നില്‍ക്കുന്ന കണ്ണിനെയും നരകം സ്പര്‍ശിക്കുകയില്ല. (തിര്‍മിദി)

74) അബുഉമാമ(റ)യില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തണലേകുന്ന ഒരു തമ്പ് നിര്‍മ്മിക്കലും, സേവനം ചെയ്യുന്ന ഒരു ദാസനെ സൌജന്യം ചെയ്യലും, പ്രായപൂര്‍ത്തിയെത്തിയ ഒരൊട്ടകത്തെ ദാനംചെയ്യലുമാണ് ധര്‍മ്മങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമായത്. (തിര്‍മിദി)

75) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: കടം ഒഴിച്ച് മറ്റെല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും. (മുസ്ലിം)

76) അനസി(റ)ല്‍ നിന്ന് നിവേദനം: മുശ്രിക്കുകളെ മുന്‍കടക്കുമാറ് റസൂല്‍(സ) യും സഹാബാക്കളും ബദറിലേക്ക് പുറപ്പെട്ടു. മുശ്രിക്കുകളെത്തിച്ചേര്‍ന്നപ്പോള്‍ റസൂല്‍(സ) പറഞ്ഞു. ഞാന്‍ മുമ്പിലില്ലാതെ നിങ്ങളാരും ഒരു സ്ഥലത്തേക്കും പോകാന്‍ പാടില്ല. അങ്ങനെ മുശ്രിക്കുകള്‍ അടുത്തെത്തിയപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ആകാശഭൂമിയുടെയത്ര വിസ്താരമുള്ള സ്വര്‍ഗ്ഗത്തിലേക്ക് നിങ്ങള്‍ എഴുന്നേല്‍ക്കൂ! അനസ്(റ) പറയുന്നു: ഉമൈര്‍(റ) ചോദിച്ചു: പ്രവാചകരേ! ആകാശഭൂമിയുടെയത്ര വിസ്താരമുള്ള സ്വര്‍ഗ്ഗമോ? അവിടുന്ന് പറഞ്ഞു. അതെ. ഉടനെതന്നെ ഉമൈര്‍(റ) പറഞ്ഞു. ബഖിന്‍ ബഖിന്‍ (കൊള്ളാം) റസൂല്‍(സ) അദ്ദേഹത്തോട് ചോദിച്ചു. ബഖിന്‍ ബഖിന്‍ എന്ന് നീ പറയാന്‍ എന്താണ് കാരണം? അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ, പ്രവാചകരെ! എനിക്കതിന്റെ അഹ്ലുകാരിലുള്‍പ്പെടാനുള്ള ആഗ്രഹം മാത്രമാണ്. അവിടുന്ന് പറഞ്ഞു: എന്നാല്‍ നീ അതിന്റെ അഹ്ലുകാരില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഉടനെ തന്നെ കുറച്ച് കാരക്കകള്‍ എടുത്തുകൊണ്ട് തിന്നാന്‍ തുടങ്ങി. എന്നിട്ടദ്ദേഹം പറഞ്ഞു: ഞാന്‍ ഈ കാരക്ക ഭക്ഷിച്ചുകഴിയുന്നത്ര സമയം ജീവിക്കുന്നപക്ഷം അതൊരു ദീര്‍ഘമായ ജീവിതമാണ്. ഒട്ടും താമസിച്ചില്ല. കാരക്ക വലിച്ചെറിഞ്ഞുകൊണ്ട് അവരുമായി പടപൊരുതി അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു. (മുസ്ലിം)

77) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും ആത്മാര്‍ത്ഥതയോടെ രക്തസാക്ഷിയായി മരണം വരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അങ്ങനെ മരിച്ചിട്ടില്ലെങ്കിലും പ്രതിഫലം നല്‍കപ്പെടും. (മുസ്ലിം)

78) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: നിങ്ങള്‍ ഉറുമ്പു കടി അനുഭവിക്കുംപോലെയല്ലാതെ രക്തസാക്ഷിക്ക് മരണവേദന അനുഭവപ്പെടുകയില്ല. (തിര്‍മിദി) (അത്രയും നിസ്സാര വേദനയാണനുഭവപ്പെടുക)

79) സഹ്ലി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: രണ്ട് പ്രാര്‍ത്ഥന നിരസിക്കപ്പെടുകയില്ല. അതല്ലെങ്കില്‍ വളരെ അപൂര്‍വ്വമായേ തടയപ്പെടുകയുള്ളു: ബാങ്കി (ഇഖാമത്തി) ന്റെ ഉടനെയുള്ള പ്രാര്‍ത്ഥന. ഗതികെട്ട് പോരടിക്കുമ്പോഴുള്ള പ്രാര്‍ത്ഥന. (അബൂദാവൂദ്)

80) അനസി(സ) ല്‍ നിന്ന് നിവേദനം: റസൂല്‍(സ) യുദ്ധത്തിന് പുറപ്പെട്ടാല്‍ ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ! നീയാണ് എന്റെ സഹായി. നിന്റെ പേരില്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഞാന്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. നിന്റെ പേരില്‍ മാത്രമാണ് ഞാന്‍ ശത്രുക്കളോട് എതിര്‍ക്കുന്നതും രണാങ്കണത്തില്‍ വെച്ച് പോരാടുന്നതും. (അബൂദാവൂദ്, തിര്‍മിദി)

81) അബൂമസ്ഉദി(റ)ല്‍ നിന്ന് നിവേദനം: ഒരാള്‍ നബി(സ)യുടെ സവിധത്തില്‍ മൂക്കുകയറിട്ട ഒട്ടകത്തെ കൊണ്ടുവന്ന് പറഞ്ഞു: ഇത് അല്ലാഹുവിന്റെ വഴിയിലാണ്. റസൂല്‍(സ) പറഞ്ഞു: നിനക്കതിനുപകരം അന്ത്യദിനത്തില്‍ 700 ഒട്ടകം ലഭിക്കും. അതെല്ലാം കടിഞ്ഞാണിട്ടതായിരിക്കും. (മുസ്ലിം)

82) ഉഖ്ബ(റ)യില്‍ നിന്നും നിവേദനം: റസൂല്‍(സ) മിമ്പറില്‍വെച്ച് പറയുന്നത് ഞാന്‍ കേട്ടു. ശത്രുക്കള്‍ക്കെതിരെ നിങ്ങളുടെ കഴിവില്‍പ്പെട്ട ശക്തി നിങ്ങള്‍ സംഭരിക്കണം. അറിയണം. ശക്തികളില്‍ പ്രധാനപ്പെട്ടത് (അമ്പ്) തൊടുത്തുവിടലാണ്. മൂന്ന് പ്രാവശ്യം അതാവര്‍ത്തിച്ചു. (മുസ്ലിം)

83) ഉഖ്ബ(റ)യില്‍ നിന്നും നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. പല സ്ഥലങ്ങളും നിങ്ങള്‍ക്ക് ഫത്ഹാക്കപ്പെടും. അനന്തരം നിങ്ങള്‍ക്ക് അല്ലാഹു യുദ്ധം ആവശ്യമില്ലാതാക്കിത്തീര്‍ക്കും. തദവസരം നിങ്ങളാരും അമ്പ് പരിശീലനം കൈവെടിയരുത്. (മുസ്ലിം)

84) ഉഖ്ബ(റ)യില്‍ നിന്നും നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും അമ്പെയ്യാന്‍ പഠിച്ചു. പിന്നീടതുപേക്ഷിച്ചാല്‍ അവന്‍ നമ്മളില്‍പ്പെട്ടവനല്ല-അല്ലെങ്കില്‍ അവന്‍ പാപിയാണ്. (മുസ്ലിം)

85) ഉഖ്ബ(റ)യില്‍ നിന്നും നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ഒരേ അമ്പുകൊണ്ട് മൂന്നാളുകളെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. നന്മ ഉദ്ദേശിച്ചുകൊണ്ട് അതുണ്ടാക്കിയവന്‍, അത് പ്രയോഗിച്ചവന്‍, അതുകൊണ്ട് യോദ്ധാവിനെ ഒരുക്കി അയക്കുന്നവന്‍ (അതല്ലെങ്കില്‍ അമ്പെടുത്ത് കൊടുക്കുന്നവന്‍). അതുകൊണ്ട് നിങ്ങള്‍ അമ്പെയ്യുകയും വാഹനപ്പുറത്തേറുകയും ചെയ്യൂ! (അവ രണ്ടും പരിശീലിക്കൂ!) നിങ്ങള്‍ അമ്പെയ്തു പഠിക്കലാണ് വാഹനപ്പുറത്തേറി പരിശീലിക്കുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം. പരിശീലനം നേടിയതിനുശേഷം അവഗണനയോടെ അമ്പെയ്ത്ത് വല്ലവനും കൈവെടിഞ്ഞാല്‍ നിശ്ചയം ഒരു നിഅ്മത്തിനെ യാണവന്‍ കൈവെടിഞ്ഞത്. അല്ലെങ്കില്‍ നിഷേധിച്ചത്. (അബൂദാവൂദ്)

86) അംറി(റ)ല്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വല്ലവനും അമ്പെയ്താല്‍ അത് ഒരടിമയെ മോചിപ്പിച്ചതിന് തുല്യമാണ്. (അബൂദാവൂദ്, തിര്‍മിദി)

87) ഖുറൈമി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വല്ലവനും എന്തെങ്കിലും ചെലവഴിച്ചാല്‍ 700 ഇരട്ടി പ്രതിഫലം അവന്നെഴുതപ്പെടും. (തിര്‍മിദി)

88) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വല്ലവനും വ്രതമനുഷ്ഠിച്ചാല്‍ അവന്റെയും നരകത്തിന്റെയും ഇടയില്‍ ആകാശഭൂമിയുടെ അത്ര വിടവ് അല്ലാഹു ഉണ്ടാക്കിവെക്കും. (തിര്‍മിദി)

89) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: (യുദ്ധവേളയില്‍) വല്ലവനും യുദ്ധം ചെയ്യാതെയോ യുദ്ധം ചെയ്യണമെന്ന് മനസ്സില്‍ വിചാരിക്കാതെയോ മരണപ്പെട്ടാല്‍ കപടവിശ്വാസിയായിക്കൊണ്ടാണ് അവന്‍ അന്ത്യശ്വാസം വലിക്കുന്നത്. (മുസ്ലിം)

90) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: വല്ല ഭടന്മാരും യുദ്ധം ചെയ്ത് ഗനീമത്ത് സമ്പാദിച്ചുകൊണ്ട് രക്ഷപ്പെട്ടു. എങ്കില്‍ അവരുടെ പ്രതിഫലത്തിന്റെ മൂന്നില്‍ രണ്ടംശം അവര്‍ക്ക് ലഭിച്ചു കഴിഞ്ഞു. വല്ല യോദ്ധാക്കളും (മരണംകൊണ്ടോ, പരിക്കുകള്‍കൊണ്ടോ) വിപത്തേല്‍ക്കുകയും പരാജയപ്പെടുകയും ചെയ്തെങ്കില്‍ അവര്‍ക്ക് (പരലോകത്ത്) അവരുടെ പ്രതിഫലം പരിപൂര്‍ണ്ണമായി ലഭിക്കും. (മുസ്ലിം)

91) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ! എനിക്ക് സിയാഹത്തിന് (പലായനം ചെയ്യാന്‍)അനുവാദം തന്നാലും. നബി(സ) പറഞ്ഞു: എന്റെ സമുദായത്തിന്റെ സിയാഹത്ത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള യുദ്ധമാണ്. (അബൂദാവൂദ്)

92) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. യുദ്ധം കഴിഞ്ഞ് മടങ്ങല്‍ (ഫലത്തില്‍) യുദ്ധത്തെപ്പോലെയാണ്. (യുദ്ധം കഴിഞ്ഞുള്ള തിരിച്ചുവരവിലും യുദ്ധത്തിന് പോകുമ്പോഴുള്ള പ്രതിഫലം ലഭിക്കും) (അബൂദാവൂദ്)

93) സാഇബി(റ)ല്‍ നിന്ന് നിവേദനം: നബി(സ) തബൂക്ക് യുദ്ധത്തില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ എതിരേറ്റ് സ്വീകരിച്ചു. കുറേ കുട്ടികളൊന്നിച്ച് സനിയ്യത്തുല്‍ വദാഇല്‍വെച്ച് ഞാനും അദ്ദേഹത്തെ എതിരേറ്റു. (അബൂദാവൂദ്)

94) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വല്ലവനും യുദ്ധം ചെയ്യുകയോ ഒരു യോദ്ധാവിനെ ഒരുക്കി അയക്കുകയോ അല്ലെങ്കില്‍ ഒരു യോദ്ധാവിന്റെ കുടുംബത്തില്‍ നല്ല കാര്യത്തിന് യോദ്ധാവിന് പകരം വര്‍ത്തിക്കുന്നവനാകുകയോ ചെയ്തില്ലെങ്കില്‍ അന്ത്യനാള്‍ക്ക് മുമ്പ് തന്നെ അല്ലാഹുവില്‍ നിന്നും ഒരു വിപത്ത് അവനെ പിടികൂടുന്നതാണ്. (അബൂദാവൂദ്)

95) അനസി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ധനം കൊണ്ടും ശരീരം കൊണ്ടും നാവുകൊണ്ടും മുശ്രിക്കുകളോട് നിങ്ങള്‍ ജിഹാദ് ചെയ്യുവിന്‍. (അബൂദാവൂദ്)

96) നുഅ്മാനി(റ)ല്‍ നിന്ന് നിവേദനം: നബി(സ)യെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. പകലിന്റെ ആദ്യസമയത്ത് യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ മദ്ധ്യാഹ്നത്തില്‍ നിന്ന് സൂര്യന്‍ ചായുകയും കാറ്റടിച്ച് വീശുകയും (അന്തരീക്ഷം തണുത്ത്) സഹായം ലഭിക്കുകയും ചെയ്യുന്നതുവരെ അവിടുന്ന് യുദ്ധം പിന്തിച്ചിരുന്നു. (അബൂദാവൂദ്, തിര്‍മിദി)

97) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) ചോദിച്ചു: നിങ്ങളില്‍ ആരെയാണ് ശുഹദാക്കളായി കണക്കാക്കുന്നത്? സദസ്യര്‍ പറഞ്ഞു: പ്രവാചകരേ! അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെട്ടവരാണ് ശുഹദാക്കള്‍. പ്രവാചകന്‍(സ) പറഞ്ഞു: എങ്കില്‍ എന്റെ സമുദായത്തില്‍ ശുഹദാക്കള്‍ വളരെ കുറവായിരിക്കും. അവര്‍ ചോദിച്ചു: പ്രവാചകരേ, പിന്നെ ആരാണവര്‍? അവിടുന്ന് മറുപടി പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെട്ടവന്‍ ശഹീദാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (യുദ്ധം നിമിത്തമല്ലാതെ) മരണപ്പെട്ടവന്‍ ശഹീദാണ്. വിഷൂചിക നിമിത്തം മരണപ്പെട്ടവന്‍ ശഹീദാണ്. വയറിലെ അസുഖം നിമിത്തം മരണപ്പെട്ടവന്‍ ശഹീദാണ്. മുങ്ങിമരിച്ചവന്‍ ശഹീദാണ്. (മുസ്ലിം)

98) സഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ധനത്തിനുമുമ്പില്‍ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്. രക്തത്തിന് മുമ്പില്‍ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്. ദീനിനു മുമ്പില്‍ കൊല്ലപ്പെട്ടവന്‍ ശഹീദാണ്. കുടുംബത്തിനു മുമ്പില്‍ കൊല്ലപ്പെട്ടവന്‍ ശഹീദാണ്. (അബൂദാവൂദ്, തിര്‍മിദി)

99) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ നബി(സ)യുടെ അടുത്തുവന്ന് പറഞ്ഞു: പ്രവാചകരെ അവിടുന്ന് പറഞ്ഞാലും! ഒരാള്‍ എന്റെ ധനം തട്ടിയെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുവന്നാല്‍ (ഞാനെന്ത് ചെയ്യണം)? അവിടുന്ന് പറഞ്ഞു: നിന്റെ ധനം അവന് കൊടുക്കരുത്. അയാള്‍ പറഞ്ഞു: അവിടുന്ന് പറഞ്ഞുതരിക. അവനെന്നോട് പോരാടിയാലോ? അവിടുന്ന് പറഞ്ഞു: നീയും അവനോട് പോരാടണം. അയാള്‍ പറഞ്ഞു. അവിടുന്ന് പറഞ്ഞുതന്നാലും. അവനെന്നെ കൊന്നാലോ? അവിടുന്ന് പറഞ്ഞു നീ അപ്പോള്‍ രക്തസാക്ഷിയാണ്. അയാള്‍ പറഞ്ഞു: അവിടുന്ന് പറഞ്ഞുതന്നാലും, ഞാനവനെ കൊന്നാലോ? അവിടുന്ന് പറഞ്ഞു അവന്‍ നരകത്തിലാണ്. (മുസ്ലിം)

100) മഅ്ഖലി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കലാപവേളയിലെ ഇബാദത്ത് എന്റെ അടുത്തേക്ക് ഹിജ്റ ചെയ്യുന്നതിന്(ഫലത്തില്‍) തുല്യമാണ്. (മുസ്ലിം)


Wednesday, January 27, 2010

അഞ്ചില്‍ ഒന്ന് നിര്‍ബന്ധം

0 comments


1) ഉമര്‍ (റ) പറയുന്നൂ: നബി(സ) അരുളി: നമ്മുടെ ധനം ആര്‍ക്കും അനന്തരാവകാശമായിലഭിക്കുകയില്ല. നാം ഉപേക്ഷിച്ചുപോകുന്ന സ്വത്തു ദൈവമാര്‍ഗ്ഗത്തില്‍ ചിലവ് ചെയ്യാനുളളതായിരിക്കും. അല്ലാഹു യുദ്ധത്തില്‍ കൈവരുത്തി കൊടുത്ത ധനത്തില്‍ നിന്ന് ഭാര്യമാര്‍ക്ക് ഓരോ കൊല്ലത്തേക്ക് ആവശ്യമുളള ചിലവ് സംഖ്യ നീക്കികൊടുക്കുകയാണ് നബി(സ) ചെയ്തിരുന്നത്. ബാക്കിയുളള അല്ലാഹുവിന്റെ ധനം (ബൈത്തൂല്‍മാല്‍) ചിലവുചെയ്യുന്ന രംഗങ്ങളിലേക്ക് തിരിച്ചുവിടും. തുടര്‍ന്ന് നബി(സ)യുടെ അനുചരന്മാരായ സദസ്യരോട് ഉമര്‍(റ) ചോദിച്ചു. ആകാശഭൂമികള്‍ ഏത് രക്ഷിതാവിന്റെ നിയന്ത്രണത്തിലാണോ സ്ഥിതിചെയ്യുന്നത്, ആ നാഥനാണ് സത്യം. ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കറിവില്ലേ? അതേ എന്ന് സദസ്യര്‍ മറുപടി നല്‍കി. സദസ്സില്‍ അലി, അബ്ബാസ്, ഉസ്മാന്‍, അബ്ദുറഹിമാന്ബ്ബ്നു ഔഫ്, സുബൈര്‍, സഅദ്(റ) എന്നിവരെല്ലാം ഉണ്ടായിരുന്നു. (ബുഖാരി. 4. 53. 326)

2) ആയിശ:(റ) നിവേദനം: തിരുമേനി(സ) മരണപ്പെട്ടപ്പോള്‍ കരളുളള ഒരു വസ്തുവിന് തിന്നാന്‍ പറ്റുന്ന യാതൊന്നും തന്നെ എന്റെ വീട്ടില്‍ ഉണ്ടായിരുന്നില്ല. എനിക്കുണ്ടായിരുന്ന ഒരു പാത്രത്തില്‍ അല്പം ബാര്‍ലി മാത്രം. അത് തിന്നുകൊണ്ട് കുറേക്കാലം ഞാന്‍ ജീവിച്ചു. അങ്ങനെ അതു തീര്‍ന്നുപോയി. (ബുഖാരി. 4. 53. 329)

3) ആയിശ(റ) നിവേദനം: നബി(സ)ക്ക് രോഗം കഠിനമായപ്പോള്‍ എന്റെ വീട്ടില്‍വെച്ച് ചികിത്സ നടത്തുവാന്‍ അവിടുന്ന് തന്റെ പത്നിമാരോട് സമ്മതം ചോദിച്ചു. അപ്പോള്‍ അവര്‍ സമ്മതം നല്കി. (ബുഖാരി. 4. 53. 331)

4) ആയിശ(റ) നിവേദനം: നബി(സ) എന്റെ വീട്ടില്‍വെച്ച് എന്റെ ഊഴത്തിലാണ് മരണപ്പെട്ടത്. എന്റെ നെഞ്ചിനോട് ചാരികിടന്നുകൊണ്ട്. എന്റെയും അവിടുത്തെയും ഉമിനീരിനെ അല്ലാഹു യോജിപ്പിക്കുകയുണ്ടായി. ആയിശ:(റ) പറയുന്നു: അബ്ദുറഹ്മാന്‍ ഒരു മിസ്വാക്കുമായി അവിടെ പ്രവേശിച്ചു. നബി(സ) അതില്‍ നിന്ന് ഒരു കഷണം ആവശ്യപ്പെടുകയും ഞാനത് ചവച്ചശേഷം അതുകൊണ്ട് നബി(സ)ക്ക് മിസ് വാക്ക് ചെയ്തുകൊടുക്കുകയും ചെയ്തു. (ബുഖാരി. 4. 53. 332)

5) അനസ്(റ) നിവേദനം: പഴകി കറുത്തതും ഓരോ വാറോടുകൂടിയതുമായ രണ്ടു ചെരിപ്പുകൊണ്ടുവന്നിട്ട് അദ്ദേഹം പറഞ്ഞു. ഇവയാണ് നബി(സ)യുടെ ചെരിപ്പുകള്‍. (ബുഖാരി. 4. 53. 339)

6) അബുബുര്‍ദ(റ) പറയുന്നു: ആയിശ(റ) കണ്ടം വെച്ച ഒരു പുതപ്പ് എടുത്തുകാണിച്ചിട്ട് ഇതിനുളളില്‍ കിടന്നാണ് നബി(സ) പരലോകപ്രാപ്തനായത് എന്ന് അവര്‍ പറഞ്ഞു. യമനില്‍ നെയ്തുണ്ടാക്കുന്ന ഒരു പരുത്തിത്തുണിയും നിങ്ങള്‍ 'മലബ്ബദ്' എന്നു പറഞ്ഞുവരുന്ന ഒരു പുതപ്പും അവര്‍ എടുത്തുകാണിച്ചു. (ബുഖാരി. 4. 53. 340)

7) അനസ്(റ) നിവേദനം: നിശ്ചയം നബി(സ) ഉപയോഗിച്ചിരുന്ന ഒരു കോപ്പ ഒരിക്കല്‍ പൊട്ടിപ്പോയി. അപ്പോള്‍ പൊട്ടിയ സ്ഥലത്ത് തിരുമേനി(സ) വെള്ളിയുടെ ഒരു കഷണം പിടിപ്പിച്ചു. ആസിം(റ) പറയുന്നു: നബിയുടെ ആ കോപ്പ ഞാന്‍ കാണുകയും അതില്‍ കിടക്കുകയും ചെയ്തു. (ബുഖാരി. 4. 53. 341)

8) ജാബിര്‍(റ) നിവേദനം: അന്‍സാരികളില്‍പ്പെട്ട ഒരാള്‍ക്ക് ഒരാണ്‍കുട്ടി ജനിച്ചപ്പോള്‍ ആ കുട്ടിയ്ക്ക് 'മുഹമ്മദ്' എന്ന പേരിടാന്‍ അവര്‍ ഉദ്ദേശിച്ചു. അപ്പോള്‍ നബി(സ) അരുളി: നിങ്ങള്‍ എന്റെ പേര് ഇട്ടുകൊളളുക എന്നാല്‍ എന്റെ ഉപനാമം നിങ്ങള്‍ ഇടരുത്. (ബുഖാരി. 4. 53. 345)

9) ഖൌലത്തു(റ) പറയുന്നു: നബി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചില ആളുകള്‍ അനര്‍ഹമായ നിലയ്ക്ക് അല്ലാഹുവിന്റെ ധനം കൈകാര്യം ചെയ്യുന്നു. പരലോകദിനം നരകമായിരിക്കും അവര്‍ക്കുളള പ്രതിഫലം. (ബുഖാരി. 4. 53. 347)

Tuesday, January 26, 2010

സൃഷ്ടിയുടെ ആരംഭം

0 comments


1) ഇംറാന്‍(റ) നിവേദനം: ഞാനൊരിക്കല്‍ നബി(സ)യുടെ അടുത്തു പ്രവേശിച്ചു. എന്റെ ഒട്ടകത്തെ വാതിലില്‍ ബന്ധിപ്പിച്ചു. അപ്പോള്‍ ബനുതമീമില്‍പ്പെട്ട ഒരു വിഭാഗം അവിടെ കയറി വന്നു. (ആവര്‍ത്തനം) ശേഷം യമനില്‍പ്പെട്ട ചിലര്‍ തിരുസന്നിധിയില്‍ കയറിവന്നു. ഞങ്ങള്‍ പ്രപഞ്ചത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ചോദിക്കുവാന്‍ വന്നവരാണെന്ന് പറഞ്ഞു. നബി(സ) അരുളി: ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവുമുണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്ന് വെളളത്തിനു മീതെയാണ്. അങ്ങനെ അവന്‍ ഏട്ടില്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അവന്‍ ആകാശഭൂമികളെ സൃഷ്ടിച്ചു. ഈ അവസരത്തില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. ഹുസൈന്റെ മകനെ! നിന്റെ ഒട്ടകം ഓടിപ്പോയിരിക്കുന്നു. ഉടനെ ഞാന്‍ എഴുന്നേറ്റുപോയി. ആ ഒട്ടകം മരീചിക മുറിച്ചുകൊണ്ട് അതാ പോകുന്നു! അല്ലാഹു സത്യം ആ ഒട്ടകത്തെ ഉപേക്ഷിച്ച് നബി(സ)യുടെ മുമ്പിലിരുന്ന് അവിടുത്തെ ഉപദേശം കേട്ടിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്ന് എനിക്ക് ഖേദം തോന്നി. ത്വാരിഖ്(റ) പറയുന്നു: ഉമര്‍(റ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു. ഒരിക്കല്‍ തിരുമേനി(സ) ഞങ്ങളില്‍ പ്രസംഗിക്കുന്നവനായി എഴുന്നേറ്റു നിന്നു. എന്നിട്ട് പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് ഞങ്ങളോട് അവിടുന്ന് വര്‍ത്തമാനം പറഞ്ഞു. അങ്ങനെ സ്വര്‍ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും നരകവാസികള്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതുവരെയുളള വിവരണം ഞങ്ങള്‍ക്ക് നല്‍കി. അതിനെ ഗ്രഹിച്ചവന്‍ ഗ്രഹിക്കുകയും വിസ്മരിച്ചവന്‍ വിസ്മരിക്കുകയും ചെയ്തു. (ബുഖാരി. 4. 54. 414)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു സൃഷ്ടിപ്പ് നിര്‍വ്വഹിച്ചുകഴിഞ്ഞപ്പോള്‍ എന്റെ കാരുണ്യം എന്റെ കോപത്തെ കവച്ചുവെക്കും എന്ന് തന്റെ ഏടില്‍ എഴുതിവെച്ചു. ആ ഏട് സിംഹാസനത്തിന്റെ മുകളില്‍ അവന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. (ബുഖാരി. 4. 54. 416)

3) അബൂസലമ:(റ) നിവേദനം: അദ്ദേഹത്തിന്റെയും ഒരു സംഘത്തിന്റെയും ഇടയില്‍ ഒരു ഭൂമിയുടെ പ്രശ്നത്തില്‍ തര്‍ക്കം ഉല്‍ഭവിച്ച് ആയിശ:(റ) പറഞ്ഞു; അബൂസലമ: നീ ആ ഭൂമി ഉപേക്ഷിക്കുക. നിശ്ചയം തിരുമേനി(സ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. വല്ലവനും ഒരു ചാണ്‍ ഭൂമി കവര്‍ന്നെടുത്താല്‍ തന്നെ ഏഴ് ഭൂമി അവന്റെ കഴുത്തില്‍ അണിയിക്കുന്നതാണ് (ബുഖാരി. 4. 54. 417)

4) അബ്ദുല്ല(റ) നിവേദനം: പ്രവാചകന്‍ - അവിടുന്ന് സത്യസന്ധനും സത്യസന്ധനായി അംഗീകരിക്കപ്പെട്ടവനുമാണ് - അരുളി: നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടിപ്പിനുളള തയ്യാറെടുപ്പ് നിങ്ങളുടെ മാതാവിന്റെ ഗര്‍ഭാശയത്തില്‍വെച്ച് 40 ദിവസം കൊണ്ടാണ് നടക്കുന്നത്. മറ്റൊരു 40 ദിവസത്തിനുളളില്‍ അതു ഒരു രക്തപിണ്ഡമായി മാറുന്നു. അനന്തരം വേറൊരു 40 ദിവസത്തിനകം അതൊരു മാംസപിണ്ഡമായി മാറുന്നു. ശേഷം നാല് കല്‍പനകള്‍ നല്‍കിക്കൊണ്ട് അല്ലാഹു ഒരു മലക്കിനെ അയക്കുന്നു. അവന്റെ പ്രവര്‍ത്തനങ്ങള്‍, അവന്റെ ആഹാരം, അവന്റെ ആയുസ്, അവന്‍ വിജയിയോ പരാജിതനോ എന്ന കാര്യം ഇവയെല്ലാം എഴുതിവെക്കാന്‍ അല്ലാഹു ആ മലക്കിനോട് നിര്‍ദ്ദേശിക്കും. അനന്തരം അവനില്‍ ആത്മാവിനെ ഊതുന്നതാണ്. പിന്നീട് ഈ എഴുത്തനുസരിച്ചാണ് ആ മനുഷ്യന്‍ പ്രവര്‍ത്തിക്കുക. അവന്‍ ചിലപ്പോള്‍ സ്വര്‍ഗ്ഗത്തെ സമീപിക്കും. അവന്നും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഒരു മുഴം അകലം മാത്രമേ ദൂരമുണ്ടായിരിക്കുകയുളളൂ. ആ ഘട്ടത്തില്‍ അവന്റെ കാര്യത്തിലുളള എഴുത്തു അവന്റെ കര്‍മ്മങ്ങളെ കവച്ച് വെക്കും. പിന്നീട് നരകവാസികളുടെ കര്‍മ്മമാണ് അവനാരംഭിക്കുക. അതുപോലെ മറ്റൊരു മനുഷ്യന്‍ പാപം ചെയ്ത് നരകത്തെ സമീപിക്കും അവസാനം അവന്നും നരകത്തിനുമിടയിലുളള ദൂരം ഒരു മുഴം മാത്രമായി അവശേഷിക്കും. അന്നേരം അവന്റെ പ്രശ്നത്തിലുളള എഴുത്ത് അവന്റെ പ്രവര്‍ത്തനത്തെ കവച്ചു വെയ്ക്കും. അപ്പോള്‍ അവന്‍ സ്വര്‍ഗ്ഗവാസികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. (ബുഖാരി. 4. 54. 430)

5) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ഒരു മനുഷ്യനെ സ്നേഹിച്ചാല്‍ ജിബ്രീല്‍ ഇപ്രകാരം വിളിച്ചു പറയും; അല്ലാഹു ഇന്നവനെ സ്നേഹിക്കുന്നു. അതുകൊണ്ട് നിങ്ങളും അവനെ സ്നേഹിച്ചുകൊളളുവിന്‍. അങ്ങനെ ജിബ്രീലും അവനെ സ്നേഹിക്കും. മാത്രമല്ല, വാനലോകനിവാസികളില്‍ ജിബ്രീലും ഇങ്ങനെ വിളിച്ചു പറയുക കൂടി ചെയ്യും. അല്ലാഹു ഇന്ന മനുഷ്യനെ സ്നേഹിക്കുന്നു. അതു കൊണ്ട് നിങ്ങളും അവനെ സ്നേഹിച്ചുകൊളളുക. അപ്പോള്‍ വാനലോക നിവാസികള്‍ അഖിലവും അവനെ സ്നേഹിക്കും. (ബുഖാരി. 4. 54. 431)

6) ആയിശ(റ) നിവേദനം: നബി(സ) പറയുന്നത് അവര്‍ കേള്‍ക്കുകയുണ്ടായി. മലക്കുകള്‍ മേഘത്തിലായിക്കൊണ്ട് ഇറങ്ങും. അന്നേരം വാനലോകത്തുവെച്ച് തീരുമാനിച്ച കാര്യങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചുകൊണ്ടിരിക്കും. അപ്പോള്‍ പിശാചുക്കള്‍ അതു കട്ട് കേള്‍ക്കും. പ്രശ്നം വെക്കുന്നവര്‍ക്ക് ആ വാര്‍ത്ത രഹസ്യമായി ആ പിശാചുക്കള്‍ അറിയിച്ചുകൊടുക്കും. പ്രശ്നക്കാര്‍(ജ്യോത്സ്യന്മാര്‍) ആ വാര്‍ത്തയോടൊപ്പം നൂറു കളളം സ്വന്തം കയ്യില്‍ നിന്ന് കൂട്ടിച്ചേര്‍ക്കും. (ബുഖാരി. 4. 54. 432)

7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; വെളളിയാഴ്ച ദിവസം വന്നാല്‍ പളളിയുടെ ഓരോ വാതില്ക്കലും കുറെ മലക്കുകള്‍ വന്നു നില്‍ക്കും. ആദ്യമാദ്യം വരുന്നവരാരെന്ന് അവരെഴുതികൊണ്ടിരിക്കും. അവസാനം ഇമാം മിമ്പറില്‍ കയറി ഇരുന്നുകഴിഞ്ഞാല്‍ മലക്കുകള്‍ അവരുടെ കടലാസുകളെല്ലാം ചുരുട്ടിവെച്ച് ഇമാമിന്റെ ഉല്‍ബോധനം കേള്‍ക്കാന്‍ ചെന്നിരിക്കും. (ബുഖാരി. 4. 54. 434)

8) ആയിശ(റ) നിവേദനം: ഒരിക്കല്‍ നബി(സ) അവരോട് പറഞ്ഞു. ആയിശ! ഇതാ ജിബ്രീല്‍ നിനക്ക് സലാം പറയുന്നു. അപ്പോള്‍ ആയിശ(റ) പറഞ്ഞു: വഅലൈഹിസ്സലാം വറഹ്മത്തുല്ലാഹിവബറക്കാത്തൂഹൂ. ശേഷം ആയിശ തുടര്‍ന്നു: നബി(സ) കാണുന്നത് എനിക്ക് കാണാന്‍ കഴിയുകയില്ലല്ലോ. (ബുഖാരി. 4. 54. 440)

9) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കല്‍ നബി(സ) ജിബ്രീലിനോടരുളി: നിങ്ങള്‍ സാധാരണ സന്ദര്‍ശിക്കുന്നതില്‍ കൂടുതല്‍ പ്രാവശ്യം എന്തുകൊണ്ട് ഞങ്ങളെ സന്ദര്‍ശിക്കുന്നില്ല? ഇബ്നു അബ്ബാസ്(റ) പറയുന്നു: താങ്കളുടെ നാഥന്റെ കല്‍പനയനുസരിച്ചല്ലാതെ ഞങ്ങള്‍ ഇറങ്ങാറില്ല. ഞങ്ങളുടെ മുമ്പിലുളളതും പിന്നിലുളളതുമെല്ലാം നടക്കുന്നത് അവന്റെ ഹിതമനുസരിച്ചാണ് (19:64)എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചത് അപ്പോഴാണ്. (ബുഖാരി. 4. 54. 441)

10) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: എനിക്ക് ജിബ്രീല്‍ ഒരു രീതിയില്‍ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു തന്നു. അപ്പോള്‍ കൂടുതല്‍ രീതിയില്‍ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു തരുവാന്‍ ജിബ്രീലിനോട് ഞാനാവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം കാണിച്ചു തന്നതനുസരിച്ച് ഏഴു രൂപത്തിലുളള ഓത്തുവരെ എത്തിച്ചേര്‍ന്നു. (ബുഖാരി. 4. 54. 442)

11) അബുദര്‍റ്(റ) നിവേദനം: നബി(സ) അരുളി: ജിബ്രീല്‍ എന്നോട് പറഞ്ഞു: നിന്റെ സമുദായത്തില്‍ നിന്ന് ആരെങ്കിലും അല്ലാഹുവില്‍ ഒന്നിനെയും ശിര്‍ക്ക് ചെയ്യാതെ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. അവന്‍ വ്യഭിചരിച്ചാലും മോഷ്ടിച്ചാലും. (ബുഖാരി. 4. 54. 445)

12) ഇബ്നു മസ്ഊദ്(റ) പറയുന്നു: "തന്റെ രക്ഷിതാവിന്റെ മഹത്തരങ്ങളായ ദൃഷ്ടാന്തങ്ങളില്‍ ചിലതു അദ്ദേഹം കണ്ടു'' (53:18)എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ ഉദ്ദേശ്യം ചക്രവാളത്തെ ആകെ മൂടിയതും പച്ചനിറത്തിലുളളതുമായ ഒരു വിരിപ്പ് നബി(സ) കണ്ടു എന്നതാണ്. (ബുഖാരി. 4. 54. 456)

13) ആയിശ(റ) നിവേദനം: അവര്‍ പറഞ്ഞു: മുഹമ്മദ്(സ) തന്റെ നാഥനെ (അല്ലാഹുവിനെ) കണ്ടുവെന്ന് വല്ലവനും വാദിക്കുകയാണെങ്കില്‍ അവന്‍ വമ്പിച്ച കുറ്റാരോപണമാണ് അല്ലാഹുവിന്റെ പേരില്‍ ചുമത്തുന്നത്. തിരുമേനി(സ) കണ്ടത് ജിബ്രീലിനെയാണ്. ജിബ്രീലിന്റെ സ്വതവേയുളള രൂപത്തിലും സ്വഭാവത്തിലുമാണ് നബി(സ) കണ്ടതും. അന്നേരം ജിബ് രീല്‍ ചക്രവാളത്തെ മുഴുവനും മൂടിയിരുന്നു. (ബുഖാരി. 4. 54. 457)

14) സമുറ:(റ) പറയുന്നു: നബി(സ) അരുളി: ഞാന്‍ രാത്രിയില്‍ എന്റെ അടുത്തു രണ്ട് മനുഷ്യന്മാര്‍ വരുന്നതു സ്വപ്നം കണ്ടു. അങ്ങിനെ അവര്‍ പറഞ്ഞു: നരകത്തെ സൂക്ഷിക്കുന്ന മാലിക്കാണ് നരകത്തെ ജ്വലിപ്പിക്കുക. ഞാന്‍ ജിബ്രീലാണ്. ഇതു മീക്കായിലും. (ബുഖാരി. 4. 54. 459)

15) അബൂഹൂറൈറ(റ) നിവേദനം: ഒരു മനുഷ്യന്‍ തന്റെ ഇണയെ തന്റെ വിരിപ്പിലേക്ക് ക്ഷണിച്ച് അപ്പോള്‍ അവള്‍ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ഠനായിക്കൊണ്ട് ആ രാത്രി അവന്‍ കഴിച്ചുകൂട്ടി. എങ്കില്‍ പ്രഭാതം വരേക്കും മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടേയിരിക്കും. (ബുഖാരി. 4. 54. 460)

16) ഖൈസ്(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗത്തിലെ കൂടാരം ഉള്‍ഭാഗം ശൂന്യമായ പവിഴം കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ്. ഉപരിഭാഗത്തെ അതിന്റെ നീളം 30 മൈലാണ്. അതിന്റെ സര്‍വ്വ കോണുകളിലും സത്യവിശ്വാസിക്ക് കുടുംബമുണ്ടായിരിക്കും. മറ്റുളളവര്‍ അവരെ ദര്‍ശിക്കുകയില്ല. മറ്റൊരു നിവേദനത്തില്‍ 60 മൈല്‍ എന്നാണ്. (ബുഖാരി. 4. 54. 466)

17) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറഞ്ഞു: പുണ്യകര്‍മ്മം അനുഷ്ഠിക്കുന്ന എന്റെ ദാസന്മാര്‍ക്ക് ഒരു കണ്ണും ദര്‍ശിക്കാത്തതും ഒരു ചെവിയും കേള്‍ക്കാത്തതും ഒരു മനുഷ്യന്റെ മനസ്സും നിരൂപിക്കാത്തതുമായവ ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇപ്രകാരം പാരായണം ചെയ്യുക (കണ്‍കുളുര്‍മ്മയില്‍ നിന്ന് അവര്‍ക്ക് ഗോപ്യമാക്കപ്പെട്ടതു യാതൊരു മനസ്സും അറിയുകയില്ല). (ബുഖാരി. 4. 54. 467)

18) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: ആദ്യമായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരുടെ രൂപം പതിനാലാം രാവിലെ പൂര്‍ണ്ണ ചന്ദ്രന്റേതായിരിക്കും. അവരവിടെ തുപ്പുകയോ മൂക്കുചീറ്റുകയോ വിസര്‍ജ്ജനം നടത്തുകയോ ചെയ്യുകയില്ല. സ്വര്‍ണ്ണമായിരിക്കും അവരുടെ തളികകള്‍. ചീര്‍പ്പുകള്‍ സ്വര്‍ണ്ണം കൊണ്ടും വെളളി കൊണ്ടുമുളളവയും. അവര്‍ സുഗന്ധദ്രവ്യങ്ങള്‍ പുകക്കുന്ന കുറ്റികളില്‍ ഊദ് ആണ് പുകയ്ക്കുക. കസ്തൂരിയുടേതായിരിക്കും അവരുടെ വിയര്‍പ്പിന്റെ മണം. അവര്‍ക്ക് രണ്ടു ഭാര്യമാര്‍ വീതമുണ്ടായിരിക്കും. സൌന്ദര്യാധിക്യത്താല്‍ അവരുടെ കണങ്കാലുകളിലെ മജ്ജപോലും പുറത്തുകാണും. അവര്‍ക്കിടയില്‍ യാതൊരുവിധ അഭിപ്രായഭിന്നതയോ വിദ്വേഷമോ ഉണ്ടായിരിക്കുകയില്ല. അവരുടെയെല്ലാം മനസ്സ് ഒരൊറ്റ മനുഷ്യന്റെ മനസ്സുപോലെയിരിക്കും രാവിലെയും വൈകീട്ടും അവര്‍ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തും. (ബുഖാരി. 4. 54. 468)

19) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അവര്‍ക്ക് ശേഷം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍ ഏറ്റവും ശക്തിയേറിയ നക്ഷത്രം പോലെ പ്രകാശിച്ചുകൊണ്ടിരിക്കും. അവരുടെ മനസ്സുകള്‍ ഒരൊറ്റ മനുഷ്യന്റെ മനസ്സുപോലെയായിരിക്കും. അവര്‍ക്കിടയില്‍ യാതൊരു ഭാര്യമാര്‍ വീതമുണ്ടായിരിക്കും. സൌന്ദര്യത്തിന്റെ വര്‍ദ്ധനവു കാരണം അവരുടെ കണങ്കാലുകളുടെ മാംസത്തിനുളളിലെ മജ്ജപോലും പിന്നിലൂടെ പുറത്തുകാണും. രാവിലെയും വൈകുന്നേരവും അവര്‍ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കും. അവരെ ഒരിക്കലും രോഗം ബാധിക്കുകയില്ല. (ബുഖാരി. 4. 54. 469)

20) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: എന്റെ സമുദായത്തില്‍ നിന്നും എഴുപതിനായിരം പേര്‍ അല്ലെങ്കില്‍ ഏഴുലക്ഷം പേര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും അവരെല്ലാവരും ഒന്നിച്ചായിരിക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. പതിനാലാം രാവിലെ പൂര്‍ണ്ണചന്ദ്രന്റെ രൂപത്തിലായിരിക്കും അവരുടെ മുഖങ്ങള്‍. (ബുഖാരി. 4. 54. 470)

21) അനസ്(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ ഒരു വൃക്ഷമുണ്ട്. ഒരു വാഹനയാത്രക്കാരന്‍ നൂറുവര്‍ഷം സഞ്ചരിച്ചാലും അതിന്റെ തണല്‍ മുറിച്ചുകടക്കുകയില്ല. (ബുഖാരി. 4. 54. 474)

22) അബുഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗത്തില്‍ ഒരു മരമുണ്ട്. ഒരു വാഹനയാത്രക്കാരന്‍ നൂറുവര്‍ഷം സഞ്ചരിച്ചാലും അതിന്റെ നിഴല്‍ കടന്നുപോകുകയില്ല. നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇപ്രകാരം പാരായണം ചെയ്തുകൊളളുവിന്‍ (വ്യാപിച്ചു കിടക്കുന്ന തണലുകള്‍ക്കും. വളില്ലിന്‍ മംദൂദിന്‍). (ബുഖാരി. 4. 54. 475)

23) അബൂസഈദില്‍ഖുദ്രി(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ അവര്‍ക്ക് മീതെയുളള മാളികമുകളിലെ നിവാസികളെ ആകാശത്തിന്റെ കിഴക്കോ അല്ലെങ്കില്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ ജ്വലിച്ചു പ്രകാശിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെപ്പോലെ ദര്‍ശിക്കും. അവരുടെ ഇടയിലുളള പദവികള്‍ തമ്മിലുളള വ്യത്യാസം കാരണം. സഹാബിമാര്‍ ചോദിച്ചു. പ്രവാചകരേ! അതു പ്രവാചകന്മാരുടെ പദവികളായിരിക്കും. അവിടെ മറ്റാര്‍ക്കും എത്തിച്ചേരാന്‍ സാധിക്കുകയില്ലല്ലോ. നബി(സ) പ്രത്യുത്തരം നല്‍കി. അതെ, എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു സത്യം. അല്ലാഹുവില്‍ വിശ്വസിക്കുകയും പ്രവാചകന്മാരെ സത്യപ്പെടുത്തുകയും ചെയ്ത പുരുഷന്മാരാണിവര്‍. (ബുഖാരി. 4. 54. 478)

24) അബൂജംറ:(റ) നിവേദനം: ഞാന്‍ ഇബ്നു അബ്ബാസിന്റെ അടുത്തു മക്കയില്‍ ഇരിക്കുകയാണ്. അപ്പോള്‍ എന്നെ പനി ബാധിച്ചു അദ്ദേഹം പറഞ്ഞു. സംസം വെളളം കൊണ്ട് നീ അതിനെ തണുപ്പിക്കുക. നിശ്ചയം. നബി(സ) അരുളി. പനി നരകത്തിന്റെ ആവിയില്‍പ്പെട്ടതാണ്. അതിനാല്‍ നിങ്ങള്‍ വെളളം കൊണ്ട് അതിനെ തണുപ്പിക്കുക അല്ലെങ്കില്‍ സംസംകൊണ്ട് നിവേദകനായ ഹമ്മാദ് ഇവിടെ സംശയിക്കുന്നു. (ബുഖാരി. 4. 54. 483)

25) ആയിശ(റ) നിവേദനം: നബി(സ) അരുളി: പനി നരകത്തിന്റെ ആവിയില്‍പ്പെട്ടതാണ്. അതുകൊണ്ട് പനിയെ നിങ്ങള്‍ വെളളം കൊണ്ട് തണുപ്പിക്കുക. (ബുഖാരി. 4. 54. 485)

26) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളുടെ ഈ അഗ്നി നരകാഗ്നിയുടെ എഴുപതിലൊരു ഭാഗമാണ്. ദൈവദൂതരെ! ഈ അഗ്നി തന്നെ എല്ലാം കരിക്കുവാന്‍ മതിയാകുമല്ലോ എന്ന് പറയപ്പെട്ടു. നബി(സ) പ്രത്യുത്തരം നല്‍കി. നരകാഗ്നിക്ക് ഈ അഗ്നിയേക്കാള്‍ 69 ഇരട്ടി ശക്തി നല്‍കപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തിനും ഇതേ തോതില്‍ ചൂടുണ്ടായിരിക്കുന്നതാണ്. (ബുഖാരി. 4. 54. 487)

27) ജാബിര്‍(റ) നിവേദനം: നബി(സ) അരുളി: രാവ് ഇരുട്ടായാല്‍ നിങ്ങളുടെ കുട്ടികള്‍ വീട്ടില്‍ നിന്നും പുറത്തുപോകുന്നത് നിങ്ങള്‍ തടഞ്ഞുകൊളളുക. കാരണം ആ സമയത്ത് പിശാചുക്കള്‍ ഭൂമിയില്‍ പരക്കുന്നു. ഇശാക്കുശേഷം കുറച്ച് സമയം കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ വിട്ടേക്കുക. എന്നിട്ട് വാതിലടച്ച് ബിസ്മിചൊല്ലി വിളക്ക് കെടുത്തി ഉറങ്ങാന്‍ കിടക്കുക. ബിസ്മി ചൊല്ലുകയും വെളളപ്പാത്രത്തിന്റെ വായ കെട്ടുകയും ചെയ്യുക. നീ നിന്റെ ആഹാരപ്പാത്രം മൂടിവെക്കുകയും വീണ്ടും ബിസ്മി ചൊല്ലുകയും ചെയ്യുക. മൂടിവെക്കാന്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ അതിന്റെ വായില്‍ ഏതെങ്കിലും സാധനം വിലങ്ങനെ എടുത്തുവെക്കുക. (ബുഖാരി. 4. 54. 500)

28) സുലൈമാന്‍(റ) നിവേദനം: ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ കൂടെ ഇരിക്കുമ്പോള്‍ രണ്ടാളുകള്‍ പരസ്പരം ശകാരിക്കുവാന്‍ തുടങ്ങി. അവരിലൊരാളുടെ മുഖം ചുവന്നിരുന്നു. കണ്ഠനാഡി വീര്‍ക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ നബി(സ) പറഞ്ഞു; നിശ്ചയം എനിക്ക് ഒരു വചനം അറിവുണ്ട്. അതു അയാള്‍ ചൊല്ലിയാല്‍ അയാളുടെ മനസ്സില്‍ ഉളളതു (രോഷം) നീങ്ങിപ്പോകുന്നതാണ്. അഊദുബില്ലാഹിമിനശൈത്താനി എന്ന് അവന്‍ പറഞ്ഞാല്‍ രോഷം വിട്ടുമാറും. ഉടനെ അനുചരന്മാര്‍ അയാളെ ഇതു ഉപദേശിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: എന്ത്! എനിക്ക് ഭ്രാന്തുണ്ടോ? (ബുഖാരി. 4. 54. 502)

29) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: ആദമിന്റെ സന്താനങ്ങള്‍ ജനിക്കുമ്പോള്‍ പിശാച് അവന്റെ ഇരുവിരലുകള്‍ കൊണ്ട് അവന്റെ ഇരുഭാഗങ്ങളിലും കുത്തുന്നതാണ്. ഈസബ്നുമറിയം ഒഴികെ. അദ്ദേഹത്തെ കുത്തുവാനും അവന്‍ പുറപ്പെട്ടു. എന്നാല്‍ മറമേല്‍ ആണ് അവന്‍ കുത്തിയത്. (ബുഖാരി. 4. 54. 506)

30) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കോട്ടുവായ് പിശാചിന്റെ പ്രവര്‍ത്തികളില്‍പ്പെട്ടതാണ്. അതിനാല്‍ നിങ്ങളില്‍ വല്ലവനും കോട്ടുവായ് ഇട്ടാല്‍ തന്റെ കഴിവനുസരിച്ച് അതിനെ അവന്‍ നിയന്ത്രിക്കട്ടെ. കോട്ടുവായിട്ടുകൊണ്ട് നിങ്ങളിലൊരാള്‍ ഹാ! എന്നു പറയുമ്പോള്‍ പിശാച് ചിരിക്കുന്നതാണ്. (ബുഖാരി. 4. 54. 509)

31) അബൂഖത്താദ(റ) നിവേദനം: നബി(സ) അരുളി: നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍ നിന്നുളളതാണ്. പേക്കിനാവുകളില്‍ പിശാചില്‍ നിന്നുളളതും. നിങ്ങളില്‍ ആരെങ്കിലും ഭയപ്പെടുത്തുന്ന സ്വപ്നം കണ്ടാല്‍ അവന്‍ തന്റെ ഇടതുഭാഗത്തേക്ക് ഒന്നു തുപ്പുകയും അതിന്റെ നാശത്തില്‍ നിന്നും അല്ലാഹുവിങ്കല്‍ അഭയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊളളട്ടെ. നിശ്ചയം അതു അവനെ ഉപദ്രവിക്കുകയില്ല. (ബുഖാരി. 4. 54. 513)

32) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും "ലാ ഇലാഹ ഇല്ലല്ലാഹു വഹദഹുലാശരീകലഹു ലഹൂല്‍ മുല്‍കു വലഹുല്‍ഹംദു വഹുവ അല്ലാകുല്ലി ശൈഇന്‍ ഖദീര്‍'' എന്ന് ഒരു ദിവസം ചൊല്ലിയാല്‍ അതു അവന്നു പത്തു അടിമകളെ മോചിപ്പിച്ചതിന് തുല്യമാണ്. നൂറ് പുണ്യങ്ങള്‍ അവന് രേഖപ്പെടുത്തും. നൂറ് പാപങ്ങള്‍ മാപ്പ് ചെയ്യപ്പെടും. വൈകുന്നേരം വരെ അത് അവന്ന് പിശാചില്‍ നിന്നുളള സംരക്ഷണവും ആയിത്തീരും. ഇവന്‍ കൊണ്ടുവന്നതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു സംഗതി ആരും കൊണ്ടുവരുന്നില്ല. ഒരാള്‍ ഒഴികെ. അവന്‍ ഇതിനേക്കാള്‍ പ്രവര്‍ത്തിച്ചു. (ബുഖാരി. 4. 54. 514)

33) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍ നിന്നു ഉണര്‍ന്നാല്‍ അവന്‍ വുളു എടുക്കുകയും മൂന്നു പ്രാവശ്യം വെളളം കയറ്റി ചീറ്റുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ അവന്റെ നാസാദ്വാരത്തിലാണ് പിശാച് രാത്രി കഴിച്ചുകൂട്ടിയത്. (ബുഖാരി. 4. 54. 516)

34) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) മിമ്പറിന്മേല്‍ നിന്നുകൊണ്ട് ഇപ്രകാരം പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പാമ്പുകളെ നിങ്ങള്‍ കൊന്നുകളയുവിന്‍. വിശിഷ്യാ ശരീരത്തില്‍ രണ്ടു വെളുത്ത വരകളുളള പാമ്പിനേയും വാല്‍ മുറിഞ്ഞ പാമ്പിനേയും. അവ രണ്ടും കണ്ണിന്റെ കാഴ്ച നശിപ്പിക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്യും. (ബുഖാരി. 4. 54. 518)

35) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; ഒരു വേശ്യയായ സ്ത്രീക്ക് മാപ്പ് ചെയ്യപ്പെട്ടു. ദാഹം മൂലം ചാവാറായി ഒരു കിണറ്റിന്‍ കരയിലെ നനഞ്ഞ മണ്ണ് നക്കിക്കൊണ്ടിരുന്ന ഒരു നായയുടെ അരികിലൂടെ അവള്‍ നടന്നുപോയി. അതു കണ്ടപ്പോള്‍ അവള്‍ തന്റെ ഷൂസഴിച്ച് തട്ടത്തിന്റെ ഒരു തലക്കുകെട്ടി കിണറ്റിലേക്ക് താഴ്ത്തി ആ നായ്ക്ക് വെളളം കോരിയെടുത്ത് കൊടുത്തു. അതു കാരണം അവള്‍ക്ക് മാപ്പ് ചെയ്യപ്പെട്ടു. (ബുഖാരി. 4. 54. 538)

Monday, January 25, 2010

നബിമാരുടെ വര്‍ത്തമാനങ്ങള്‍

0 comments


1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ആദമിനെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ നീളം അറുപതു മുഴമായിരുന്നു. ശേഷം അല്ലാഹു പറഞ്ഞു: നീ പോയിട്ട് ആ മലക്കുകള്‍ക്ക് സലാം ചൊല്ലുക. എങ്ങിനെയാണ് നിന്റെ സലാമിന് അവര്‍ മറുപടി പറയുന്നതെന്ന് നീ ശ്രദ്ധിക്കുക. അതുതന്നെയായിരിക്കും നിന്റെയും നിന്റെ സന്താനങ്ങളുടെയും അഭിവാദ്യം. ആദം അവര്‍ക്ക് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു. അസ്സലാമു അലൈക്ക വറഹ് മത്തുല്ലാഹി'' എന്ന്. അതായത്, വറഹ്മതുല്ലാഹി എന്ന് അവര്‍ അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചു. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരെല്ലാവരും ആദമിന്റെ രൂപത്തിലായിരിക്കും. അവരുടെ വലിപ്പമോ അതു ഇന്നുവരേക്കും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. (ബുഖാരി. 4. 55. 543)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഇസ്രായീല്യര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മാംസം കെട്ടുപോവുകയില്ലായിരുന്നു. ഹവ്വാഅ് ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു സ്ത്രീയും അവളുടെ ഭര്‍ത്താവിനെ വഞ്ചിക്കുകയില്ലായിരുന്നു. (ബുഖാരി. 4. 55. 547)

3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കുവിന്‍. നിശ്ചയം, സ്ത്രീകള്‍ വാരിയെല്ലു കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വാരിയെല്ലുകളില്‍ ഉപരിഭാഗത്തുളളതാണ് ഏററവും വളഞ്ഞത്. നീ അതിനെ നേരെയാക്കുവാന്‍ പുറപ്പെട്ടാല്‍ നീ അതിനെ പൊട്ടിച്ചു കളയും. ഉപേക്ഷിച്ചാലോ! അതു വളഞ്ഞു കൊണ്ടുമിരിക്കും. അതിനാല്‍ സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കുവിന്‍. (ബുഖാരി. 4. 55. 548)

4) അനസ്(റ) നിവേദനം: നബി(സ) അരുളി: നരകവാസികളില്‍ ഏറ്റവും ലഘുവായ ശിക്ഷയുളളവരോട് അല്ലാഹു ചോദിക്കും. ലോകത്തുളള സര്‍വ്വവസ്തുക്കളും നിങ്ങളുടെ ഉടമസ്ഥതയിലും അധീനത്തിലും ആണെങ്കില്‍ അവ നല്‍കി ശിക്ഷയില്‍ നിന്നും മോചനം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? അവന്‍ പറയും: അതെ. അല്ലാഹു പറയും: ആദമിന്റെ മുതുകിലായിരുന്ന സന്ദര്‍ഭത്തില്‍ ഇവയെക്കാള്‍ ലഘുവായ ഒരു കാര്യം നിര്‍വ്വഹിക്കുവാന്‍ നിങ്ങളോട് ഞാനാവശ്യപ്പെട്ടിരുന്നു. എന്നില്‍ ശിര്‍ക്ക് ചെയ്യരുതെന്ന്. എന്നാല്‍ നീ അതു ധിക്കരിച്ചു. എന്നില്‍ ശിര്‍ക്ക് വെച്ചു. (ബുഖാരി. 4. 55. 551)

5) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഏതൊരു ആത്മാവും അക്രമമായി വധിക്കപ്പെടുകയാണെങ്കില്‍ ആദമിന്റെ ആദ്യസന്താനത്തിന് ആ കുറ്റത്തില്‍ ഒരു പങ്ക് ലഭിക്കാതിരിക്കില്ല. നിശ്ചയം, അവനാണ് ഒന്നാമതായി കൊല നടപ്പില്‍ വരുത്തിയത്. (ബുഖാരി. 4. 55. 552)

6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ദജ്ജാലിനെക്കുറിച്ച് ഒരു പ്രവാചകനും തന്റെ സമുദായത്തെ ഉണര്‍ത്താത്ത ഒരു വാര്‍ത്ത ഞാന്‍ നിങ്ങളോട് പറയാം. തീര്‍ച്ചയായും അവന്‍ ഒറ്റക്കണ്ണനാണ്. സ്വര്‍ഗ്ഗവും നരകവും പോലെയുളള അത് അവന്‍ കൊണ്ടുവരും. അവന്‍ സ്വര്‍ഗ്ഗമെന്ന് പറയുന്നത് നരകവും നരകമെന്ന് പറയുന്നത് സ്വര്‍ഗ്ഗവുമായിരിക്കും. നുഹ് തന്റെ സമുദായത്തെ ഇവനെ സംബന്ധിച്ച് താക്കീത് ചെയ്തതുപോലെ ഞാനും താക്കീത് ചെയ്യുന്നു. (ബുഖാരി. 4. 55. 553)

7) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: നൂഹിനെയും അദ്ദേഹത്തിന്റെ സമുദായത്തെയും കൊണ്ടുവരും. അദ്ദേഹത്തോട് അല്ലാഹു ചോദിക്കും. നീ പ്രബോധനം ചെയ്തുവോ? അതെയെന്ന് അദ്ദേഹം മറുപടി പറയും. അല്ലാഹു അപ്പോള്‍ അദ്ദേഹത്തിന്റെ സമുദായത്തോട് ചോദിക്കും. നിങ്ങള്‍ക്ക് അദ്ദേഹം പ്രബോധനം ചെയ്തുവോ? അവന്‍ പറയും: ഇല്ല, ഞങ്ങള്‍ക്ക് ഒരു പ്രവാചകന്‍ വന്നിട്ടില്ല. നിനക്ക് ആരാണ് സാക്ഷിയെന്ന് നുഹിനോട് ചോദിയ്ക്കും. മുഹമ്മദും അദ്ദേഹത്തിന്റെ സമുദായവുമെന്ന് നുഹ് മറുപടി പറയും. അങ്ങനെ ഞങ്ങള്‍ സാക്ഷി നില്‍ക്കാമെന്ന് അവര്‍ പറയും. (ഇപ്രകാരം ഞാന്‍ നിങ്ങളെ മാതൃകാസമുദായമാക്കി. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷി നില്‍ക്കുവാന്‍ വേണ്ടി) എന്ന് അല്ലാഹു പറഞ്ഞതിന്റെ വിവക്ഷ ഇതാണ്. (ബുഖാരി. 4. 55. 555)

8) സൈനബ്(റ) നിവേദനം: ഒരു ദിവസം നബി(സ) പരിഭ്രമിച്ചവനായി അവരുടെ അടുത്ത് പ്രവേശിച്ചു. അവിടുന്ന് പറഞ്ഞു: 'ലാഇലാഹ ഇല്ലല്ലാഹു' അറബികള്‍ക്ക് വമ്പിച്ച ഒരാപത്ത് ആസന്നമായിരിക്കുന്നു. യഅ്ജൂജിന്റെയും മഅ്ജൂജിന്റെയും ഇതാ ഇതുപോലെയുളെളാരു ഓട്ട തുറന്നിരിക്കുന്നു. ചൂണ്ടാണിവിരലും പെരുവിരലും ചേര്‍ത്ത് വൃത്താകൃതിയിലാക്കിയിട്ട് ഇതാ ഇത്രവലിപ്പമുളള ഓട്ട എന്ന് നബി(സ) ഉണര്‍ത്തി. അപ്പോള്‍ ഞാന്‍ ചോദിച്ചു: പ്രവാചകരേ! നമുക്കിടയില്‍ നല്ല ആളുകളുണ്ടായിരിക്കെ നാം നശിച്ചുപോകുമോ? നബി(സ) പ്രത്യുത്തരം നല്കി: അതെ, ദുഷ്ടന്മാര്‍ കൂടുതലായാല്‍ നാം നശിക്കുകതന്നെ ചെയ്യും. (ബുഖാരി. 4. 55. 565)

9) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: പരലോകത്തില്‍ നഗ്നപാദത്തില്‍ ചേലാ കര്‍മം ചെയ്യപ്പെടാത്തവരുമായിട്ടാണ് നിങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക. നബി(സ) ഇപ്രകാരം ഓതി (ആദ്യമായി സൃഷ്ടിപ്പ് ആരംഭിച്ചതുപോലെ തന്നെ അതു നാം ആവര്‍ത്തിക്കും. ഇതു നമ്മുടെമേല്‍ നിര്‍ബന്ധ വാഗ്ദാനമാണ്) പരലോകത്തു ആദ്യമായി വസ്ത്രം ധരിപ്പിക്കുക ഇബ്രാഹിം (അ)യെയാണ് എന്റെ അനുചരന്മാരില്‍ ചിലരെ അന്നു ഇടതുഭാഗത്തേക്ക് കൊണ്ടു പോകും. അപ്പോള്‍ ഞാന്‍ പറയും. എന്റെ അനുചരന്മാര്‍! എന്റെ അനുചരന്മാര്‍! അന്നേരം നിങ്ങള്‍ വിട്ടുപോന്ന ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് തന്നെ മടങ്ങിപോയവരാണവര്‍ എന്ന് എനിയ്ക്ക് മറുപടി ലഭിക്കും. അപ്പോള്‍ ഉല്‍ക്കൃഷ്ടദാസന്‍ (ഈസാ) പറഞ്ഞതുപോലെ തന്നെ ഞാന്‍ പറയും. (അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന കാലമത്രയും അവരുടെ ജീവിതത്തെ ഞാന്‍ വീക്ഷിച്ചുകൊണ്ടിരുന്നു) (5:120). (ബുഖാരി. 4. 55. 568)

10) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിനം ഇബ്രാഹിംനബി (അ) തന്റെ പിതാവിനെ കണ്ടുമുട്ടുമ്പോള്‍ അയാളുടെ മുഖം പൊടി പുരണ്ട് കറുത്തിരിക്കും. ഇബ്രാഹിം അയാളോട് പറയും. എന്നെ ധിക്കരിക്കരുതെന്ന്. ഞാന്‍ താങ്കളോട് പറഞ്ഞിരുന്നില്ലേ? പിതാവ് പറയും ഈ ദിവസം ഞാന്‍ നിന്നെ ധിക്കരിക്കുന്നില്ല. അപ്പോള്‍ ഇബ്രാഹിം പറയും. എന്റെ രക്ഷിതാവേ! നീ എന്നെ പരലോക ദിവസത്തില്‍ അപമാനിക്കുകയില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നിന്റെ അനുഗ്രഹത്തില്‍ നിന്ന് അങ്ങേയറ്റം വിദൂരമാക്കപ്പെട്ട നിലയ്ക്ക് എന്റെ പിതാവ് ജീവിക്കുന്നതിനേക്കാള്‍ വലിയ അപമാനം എനിയ്ക്ക് എന്താണുളളത്. അല്ലാഹു പറയും: തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് സ്വര്‍ഗ്ഗം ഹറാമാക്കിയിരിക്കുന്നു. ശേഷം ഇബ്രാഹിമിനോട് ചോദിക്കും. താങ്കളുടെ കാലിന്നടിയിലെന്താണുളളത്. അദ്ദേഹം നോക്കുമ്പോള്‍ ചോര പുരണ്ട ഒരു ഉടുമ്പിനെ കാണും. ഉടനെ അതിന്റെ കാലുകള്‍ നരകത്തിലേക്കെറിഞ്ഞുകളയും. (ബുഖാരി. 4. 55. 569)

11) സമുറ(റ) നിവേദനം: നബി(സ) അരുളി: രാത്രി ഉറക്കത്തില്‍ രണ്ടാളുകള്‍ എന്റെ അടുക്കല്‍ വന്നു. ദീര്‍ഘകായനായ ഒരാളുടെ അടുക്കല്‍ ഞങ്ങള്‍ ചെന്നു. ഉയരം കാരണം അദ്ദേഹത്തിന്റെ ശിരസ്സ് എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. തീര്‍ച്ചയായും അദ്ദേഹം ഇബ്രാഹിമായിരുന്നു. (ബുഖാരി. 4. 55. 573)

12) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: എന്നാല്‍ ഇബ്രാഹിം (അ) യെ കാണണമെന്നാഗ്രഹിക്കുന്നവന്‍ നിങ്ങളുടെ സ്നേഹിതനെ (എന്നെ) നോക്കട്ടെ. മൂസയാകട്ടെ ചുരുണ്ട മുടിയും ചുകപ്പും വെളുപ്പും കലര്‍ന്ന നിറവുമാണ് അദ്ദേഹത്തിന്റേത്. ഈത്തപ്പനമരം ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയ ഒരു കയറുകൊണ്ട് മൂക്കുകയറിട്ട ഒരു ചുകന്ന ഒട്ടകത്തിന്മേലാണ് അദ്ദേഹം യാത്രചെയ്തിരുന്നത്. അദ്ദേഹം താഴ് വരയിലേക്ക് ഇറങ്ങിപ്പോകുന്നത് ഞാനിതാ കാണുന്നു. (ബുഖാരി. 4. 55. 574)

13) അബുദര്‍റ്(റ) നിവേദനം: ഞാന്‍ ചോദിച്ചു: ദൈവദൂതരെ! ആദ്യമായി ഭൂമിയില്‍ സ്ഥാപിതമായ പളളി ഏതാണ്. നബി(സ) അരുളി: മസ്ജിദുല്‍ഹറാം. പിന്നീട് ഏത് പളളിയാണെന്ന് ഞാന്‍ ചോദിച്ചു. നബി(സ) അരുളി: ബൈത്തുല്‍മുഖദ്ദസ്. എത്രകൊല്ലം ഇടവിട്ടാണ് അവ രണ്ടും സ്ഥാപിതമായത്? നബി(സ) അരുളി: നാല്പതുകൊല്ലം ഇടവിട്ട്. ഇനി എവിടെവച്ചാണോ നമസ് ക്കാരസമയമായത് അവിടെവച്ച് നീ നമസ്ക്കരിച്ചുകൊളളുക. തീര്‍ച്ചയായും അതിലാണ് പുണ്യമി രിക്കുന്നത്. (ബുഖാരി. 4. 55. 585)

14) അബൂഹുമൈദ്(റ) നിവേദനം: അനുചരന്മാര്‍ ചോദിച്ചു. പ്രവാചകരെ! ഞങ്ങള്‍ അങ്ങേക്ക് എങ്ങിനെയാണ് സ്വലാത്തു ചൊല്ലേത്. നബി(സ) അരുളി: നിങ്ങള്‍ ചൊല്ലുക. അല്ലാഹുമ്മ സൊല്ലി അലാമുഹമ്മദിന്‍ വാഅസ്വാജിഹി.. ഇന്നക്ക ഹമീദും മജീദും. (ബുഖാരി. 4. 55. 588)

15) കഅ്ബ്(റ) നിവേദനം: അദ്ദേഹം അബ്ദുറഹ്മാനിനോട് പറഞ്ഞു. നബി(സ) യില്‍ നിന്ന് ഞാന്‍ കേട്ടതായ ഒരു സമ്മാനം നിനക്ക് ഞാന്‍ നല്കട്ടെയോ? അതെയെന്ന് ഞാന്‍ മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: പ്രവാചകരെ! ഞങ്ങള്‍ നിങ്ങള്‍ക്ക് എങ്ങനെ സലാം ചൊല്ലണമെന്ന് അല്ലാഹു ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എങ്ങിനെയാണ് സ്വലാത്തുചൊല്ലേണ്ടത്. നബി(സ) അരുളി: നിങ്ങള്‍ പറയുക: അല്ലാഹുമ്മ സ്വല്ലി:. ഇന്നക്കഹമീദുംമജീദ്. (ബുഖാരി. 4. 55. 589)

16) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ഹസ്സന്‍, ഹുസൈന്‍(റ) എന്നിവരെ പിശാചിന്റെ തിന്മയില്‍ നിന്ന് രക്ഷിക്കുവാന്‍ രക്ഷ തേടാറുണ്ട്. നിങ്ങളുടെ പിതാവ് ഇബ്രാഹിം, ഇസ്മാ ഈല്‍, ഇസ്ഹാക്ക് എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷ തേടിയിരുന്നത് ഇതേ വാചകങ്ങള്‍ കൊണ്ടായിരുന്നു. അഊദ്ബികലിമാദില്ലാഹിത്താമ; മിന്‍കുല്ലി ശൈത്താനിന്‍ വഹാമ: വമിന്‍ കുല്ലി ഐനിന്‍ ലാമ (എല്ലാ പിശാചുക്കളില്‍ നിന്നും വിഷജന്തുക്കളില്‍ നിന്നും ഉപദ്രവകാരികളായ കണ്ണുകളുടെ നാശങ്ങളില്‍ നിന്നും അല്ലാഹുവിന്റെ തത്വസംപൂര്‍ണ്ണങ്ങളായ വചനങ്ങള്‍ മുഖേന ഞാനിതാ രക്ഷനേടുന്നു). (ബുഖാരി. 4. 55. 590)

17) അബൂമൂസ(റ) നിവേദനം: പുരുഷന്മാരില്‍ ധാരാളം പേര്‍ പൂര്‍ണ്ണത പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകളില്‍ ഫീര്‍ഔന്നിന്റെ ഭാര്യ ആസിയവും ഇംറാനിന്റെ മകള്‍ മര്‍യമും മാത്രമാണ് പൂര്‍ണ്ണത പ്രാപിച്ചിട്ടുളളത്. ഇതര സ്ത്രീകളെ അപേക്ഷിച്ച് ആയിശ: യുടെ ശ്രേഷ്ഠത ഇതര ആഹാരപദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കറിചേര്‍ത്ത പത്തിരിക്കുളളതുപോലെയാണ്. (ബുഖാരി. 4. 55. 623)

18) അബൂഹുറൈറ(റ) നിവേദനം: ദാവൂദ് (അ)ന്ന് അല്ലാഹു സബൂര്‍ പാരായണം ചെയ്യല്‍ ലഘൂകരിച്ചു കൊടുത്തു. താന്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ജീനിയിടാന്‍ അദ്ദേഹം കല്പിക്കും. ജീനിയിട്ട് കഴിയുംമുന്‍പ് അദ്ദേഹം സബൂര്‍ ഓതി കഴിഞ്ഞിരിക്കും. സ്വന്തം കൈകള്‍ കൊണ്ട് അദ്ധ്വാനിച്ച് സമ്പാദിച്ചതല്ലാതെ അദ്ദേഹം ഭക്ഷിക്കാറില്ല. (ബുഖാരി. 4. 55. 628)

19) അലിറ(റ) നിവേദനം: നബി(സ) അരുളിയതു ഞാന്‍ കേട്ടിട്ടുണ്ട്. തന്റെ സമകാലീനരായ സ്ത്രീകളില്‍ ഇംറാന്റെ മകള്‍ മറിയമാണ് ഏറ്റവും ഉല്‍ക്കൃഷ്ട. അപ്രകാരം തന്റെ സമകാലീനരായ സ്ത്രീകളില്‍ ഉല്‍ക്കൃഷ്ട ഖദീജയുമാണ്. (ബുഖാരി. 4. 55. 642)


Sunday, January 24, 2010

സവിശേഷതകള്‍

0 comments


1) അനസ്(റ) നിവേദനം: ഉസ്മാന്‍(റ) സൈദ്ബ്നുസാബിത്തു, അബ്ദുളളാഹിബ്നു സുബൈര്‍, സഈദ്ബ്നു ആസ്വി, അബ്ദുറഹ്മാന് ബ്നു ഹാരീസ്(റ) മുതലായവരെ ഖുര്‍ആന്‍ പകര്‍ത്തിയെഴുതുവാന്‍ ക്ഷണിച്ചു. അങ്ങിനെ അവര്‍ മുസ്വ്ഹഫുകളിലേക്ക് പകര്‍ത്തി. ഉസ്മാന്‍(റ) ഖുറൈശികളായ മൂന്നു പേരോട് പറഞ്ഞു. നിങ്ങളും സൈദിബ്നു സാബിത്തും പാരായണശൈലിയില്‍ ഭിന്നിച്ചാല്‍ നിങ്ങള്‍ അതിന് ഖുറൈശികളുടെ ഭാഷാശൈലിയില്‍ എഴുതുക. കാരണം അത് അവരുടെ ഭാഷയിലാണ് അവതരിപ്പിച്ചത്. അങ്ങനെ അവര്‍ അപ്രകാരം ചെയ്തു. (ബുഖാരി. 4. 56. 709)

2) ജുബൈര്‍ (റ) നിവേദനം: നബി(സ) അരുളി: എനിക്ക് അഞ്ചു നാമങ്ങള്‍ ഉണ്ട്. ഞാന്‍ മുഹമ്മദും അഹമ്മദുമാണ്. ഞാന്‍ മായ്ക്കുന്നവന്‍ (മാഹി) യാണ്. സത്യനിഷേധത്തെ എന്നെക്കൊണ്ടു അല്ലാഹു മാച്ചുകളയും. ഞാന്‍ ഹാശിറുമാണ്. എന്റെ പിന്നിലായിരിക്കും പുനരുത്ഥാനദിവസം ജനങ്ങളെയെല്ലാം പുനര്‍ജ്ജീവിപ്പിച്ച് ഒരുമിച്ച് കൂട്ടുക. ഞാന്‍ ആഖിബ് (മറ്റു പ്രവാചകരുടെശേഷം വന്നവന്‍) ആണ്. (ബുഖാരി. 4. 56. 732)

3) ജാബിര്‍(റ) നിവേദനം: നബി(സ) അരുളി: എന്റെയും പൂര്‍വ്വപ്രവാചകന്മാരുടെയും ഉപമ ഒരു വീട് നിര്‍മ്മിച്ച മനുഷ്യന്റേതാണ്. ആ ഭവനത്തിന്റെ പണി അയാള്‍ പരിപൂര്‍ണ്ണമാക്കുകയും അതിനെ അലങ്കരിക്കുകയും ചെയ്തു. എന്നാല്‍ ഒരു ഇഷ്ടികയുടെ സ്ഥാനം മാത്രം ഒഴിച്ചിട്ടു. മനുഷ്യന്‍ ആ വീട്ടില്‍ പ്രവേശിക്കുവാനും അത്ഭുതം പ്രകടിപ്പിക്കുവാനും തുടങ്ങി. അവര്‍ പറഞ്ഞുകൊണ്ടിരുന്നു: ഈ ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴിച്ചിട്ടിരുന്നില്ലെങ്കില്‍ (എത്ര നന്നായിരുന്നു) നബി(സ) തുടര്‍ന്നു അരുളി: ഞാനാണ് ആ ഇഷ്ടിക. ഞാന്‍ നബിമാരുടെ ഖാതമ് ആണ്. (ബുഖാരി. 4. 56. 734)

4) ഉഖ്ബ(റ) നിവേദനം: ഒരിയ്ക്കല്‍ അബൂബക്കര്‍(റ) അസര്‍ നമസ്ക്കരിച്ചു പുറത്തിറങ്ങി നടക്കുവാന്‍ തുടങ്ങി. അപ്പോള്‍ ഹസ്സന്‍ കുട്ടികളുടെ കൂടെ കളിക്കുന്നത് അദ്ദേഹം കണ്ടു. ഹസ്സനെ ചുമലിലേറ്റിക്കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു. എന്റെ പിതാവ് നിനക്ക് ബലിയാണ്. നബി(സ) യോടാണ് നിനക്ക് സാദൃശ്യം. അലിയോട് അല്ല തന്നെ. അലി(റ) അതുകേട്ട് ചിരിച്ചു. (ബുഖാരി. 4. 56. 742)

5) അബൂജുഹൈഫ(റ) നിവേദനം: നബി(സ)യെ ഞാന്‍ കണ്ടിട്ടുണ്ട്. ഹസ്സന്‍ അദ്ദേഹത്തോട് സാദൃശ്യനാകും. (ബുഖാരി. 4. 56. 743)

6) അബൂജുവൈഫ(റ) പറയുന്നു: നബി(സ)യെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അലിയുടെ പുത്രന്‍ ഹസ്സന് നബിയോട് സാദൃശ്യമുണ്ട്. നബി(സ)യെ ഞങ്ങള്‍ക്ക് വര്‍ണ്ണിച്ചു തരിക. ചിലര്‍ അബൂജുഹൈഫ യോട് ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു. നബിയുടെ നിറം വെളുപ്പായിരുന്നു. രോമം നരച്ചതും നരയ്ക്കാത്തതും ഇടകലര്‍ന്നതായിരുന്നു. നബി(സ) ഞങ്ങള്‍ക്ക് പതിമൂന്ന് ഒട്ടകം തരാന്‍ കല്പിച്ചു. എന്നാല്‍ ഞങ്ങള്‍ക്കത് ലഭിക്കുംമുന്‍പ് തന്നെ അവിടുന്ന് മരണപ്പെട്ടു. (ബുഖാരി. 4. 56. 744)

7) അബൂജുഹൈഫ(റ) നിവേദനം: നബി(സ)യെ ഞാന്‍ ദര്‍ശിച്ചിട്ടുണ്ട്. അവിടുത്തെ താഴത്തെ ചുണ്ടിന് അടിയിലുളള രോമങ്ങള്‍ വെളുത്തിരുന്നു. (ബുഖാരി. 4. 56. 745)

8) അബ്ദുല്ലാഹിബ്നു ബുസ്വര്‍(റ) നിവേദനം: തിരുമേനി(സ) ഒരു വൃദ്ധനായിരുന്നോ എന്നു ചിലര്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. നബിയുടെ അന്‍ഫഖ്തു (താടിക്കും ചുണ്ടിനും മദ്ധ്യത്തിലുളള രോമങ്ങള്‍) നരച്ചിട്ടുണ്ടായിരുന്നു. (ബുഖാരി. 4. 56. 746)

9) അനസ്(റ) പറയുന്നു: നബി(സ) ജനങ്ങളില്‍വെച്ച് മിതമായ വലിപ്പമുളളവനായിരുന്നു. പൊക്കം കൂടുതലോ കുറവോ ഉണ്ടായിരുന്നില്ല. തിളങ്ങുന്ന വര്‍ണ്ണമായിരുന്നു. തനി വെളളയോ ശുദ്ധ തവിട്ടു നിറമോ ആയിരുന്നില്ല. മുടി ചുരുണ്ട് കട്ടപിടിച്ചതോ നീണ്ടുനിവര്‍ന്ന് കിടക്കുന്നതോ ആയിരുന്നില്ല. നബി(സ)ക്ക് 40 വയസ്സായപ്പോള്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു. 10 വര്‍ഷം തുടര്‍ച്ചയായി വഹ്യ് ലഭിച്ചുകൊണ്ട് മക്കയില്‍ ജീവിച്ചു. 10 വര്‍ഷം മദീനയിലും ജീവിച്ചു. അവിടുന്ന് പരലോക പ്രാപ്തനാകുമ്പോള്‍ അവിടത്തെ തലയിലും താടിയിലും കൂടി 20 രോമം പോലും നരച്ചിട്ടുണ്ടായിരുന്നില്ല. (ബുഖാരി. 4. 56. 748)

10) ബറാഅ്(റ) നിവേദനം: നബി(സ) മനുഷ്യരില്‍ ഏറ്റവുമധികം മുഖസൌന്ദര്യം ഉളളവനായിരുന്നു. അതുപോലെ ശരീര രൂപത്തിലും. അമിത പൊക്കമുളളവനോ കുറിയ ആളോ ആയിരുന്നില്ല. (ബുഖാരി. 4. 56. 749)

11) ഖത്താദ(റ) പറയുന്നു: നബി(സ) തന്റെ രോമത്തിന് ചായം കൊടുക്കാറുണ്ടായിരുന്നുവോ എന്ന് ഞാന്‍ അനസ്(റ) യോട് ചോദിച്ചു അദ്ദേഹം പറഞ്ഞു: ഇല്ല. എന്നാല്‍ അവിടത്തെ രണ്ട് ചെന്നിയിലും അല്പം നരയുണ്ടായിരുന്നു. (ബുഖാരി. 4. 56. 750)

12) ബറാഅ്(റ) നിവേദനം: നബി(സ) മിതമായ ഉയരം ഉളളവനായിരുന്നു. അവിടുത്തെ ഇരു ചുമലുകള്‍ക്കിടയില്‍ നല്ല വിസ്താരമുണ്ടായിരുന്നു. തലമുടി ഇരുചെവിക്കുറ്റിവരെ താഴ്ന്ന് കിടന്നിരുന്നു. നബി(സ) ഒരിക്കല്‍ ഒരു ചുവന്ന വസ്ത്രം ധരിച്ചത് ഞാന്‍ കണ്ടു. നബിയെക്കാള്‍ സുന്ദരമായ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി. 4. 56. 751)

13) അബൂഇസ്ഹാഖ്(റ) നിവേദനം: നബി(സ)യുടെ മുഖം തിളങ്ങുന്ന വാളുപോലെയായിരുന്നുവോ എന്ന് ബറാഅ്(റ) നോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അല്ല ചന്ദ്രനെപ്പോലെയായിരുന്നു. (ബുഖാരി. 4. 56. 752)

14) ആയിശ(റ) നിവേദനം: നബി(സ) ഒരിക്കല്‍ അവരുടെ അടുത്ത് സന്തുഷ്ടനായി പ്രവേശിച്ചു. അവിടുത്തെ നെറ്റിത്തടത്തിലെ വരികള്‍ പ്രകാശിക്കുന്നുണ്ട്. അവിടുന്ന് പറഞ്ഞു: സൈദ്, ഉസാമ: എന്നിവരെ സംബന്ധിച്ച് മുദ്ലിജ് പറഞ്ഞത് നീ കേട്ടില്ലേ? അവരുടെ കാല്‍പാദങ്ങള്‍ പരിശോധിച്ച് ഇവ പരസ്പരം ബന്ധമുളളതാണെന്ന് അവന്‍ പറഞ്ഞു. (ബുഖാരി. 4. 56. 755)

15) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) തന്റെ തലമുടി കീഴ്പോട്ട് താഴ്ത്തിയിടുകയായിരുന്നു പതിവ്. മുശ്രിക്കുകള്‍ അവരുടെ തലമുടി ഇരുവശത്തേക്കും വാര്‍ന്നുവെച്ചിരുന്നു. വേദക്കാരും തലമുടി കീഴ്പ്പോട്ട് താഴ്ത്തിയിടുകയായിരുന്നു. പ്രത്യേകം കല്‍പനയൊന്നും അല്ലാഹുവിങ്കല്‍ നിന്ന് വന്നിട്ടില്ലാത്ത കാര്യങ്ങളില്‍ വേദക്കാരോട് യോജിക്കുകയായിരുന്നു നബി(സ) ഇഷ്ടപ്പെട്ടിരുന്നത്. (ബുഖാരി. 4. 56. 758)

16) ആയിശ(റ) നിവേദനം: രണ്ടു കാര്യങ്ങളിലൊന്നു നബി(സ) തിരഞ്ഞെടുക്കുമ്പോള്‍ അവയില്‍ ഏറ്റവുമെളുപ്പമുളളതായിരുന്നു തിരഞ്ഞെടുക്കുക; അതൊരു പാപകര്‍മ്മമല്ലെങ്കില്‍. അതൊരു പാപമുളളതാണെങ്കില്‍ അവിടുന്നായിരിക്കും അതില്‍ ഏറ്റവും അകന്നു നില്‍ക്കുന്നവന്‍. തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ നബി(സ) ഒരിയ്ക്കലും പ്രതികാര നടപടിയെടുത്തിരുന്നില്ല. അല്ലാഹു ആദരണീയമാക്കിവെച്ച സംഗതികള്‍ വല്ലവനും അനാദരിച്ചുകളഞ്ഞാലോ, അല്ലാഹുവിന്നു വേണ്ടി നബി(സ) പ്രതികാരനടപടിയെടുക്കുക തന്നെ ചെയ്യും. (ബുഖാരി. 4. 56. 760)

17) അനസ്(റ) നിവേദനം: നബി(സ)യുടെ കൈപ്പടത്തേക്കാള്‍ മൃദുലമായ പട്ട് ഞാന്‍ സ്പര്‍ശിച്ചിട്ടില്ല. നബി(സ) യുടേതിനേക്കാള്‍ ഉത്തമമായ ഒരു സുഗന്ധദ്രവ്യം ഞാന്‍ വാസനച്ചിട്ടുമില്ല. (ബുഖാരി. 4. 56. 761)

18) അബൂഹൂറൈറ(റ) നിവേദനം: നബി(സ) ഒരിയ്ക്കലും ഒരു ഭക്ഷണസാധനത്തെ വിമര്‍ശിക്കാറില്ല. തനിക്ക് ഇഷ്ടപ്പെട്ടാല്‍ അതു ഭക്ഷിക്കും. ഇല്ലെങ്കില്‍ അതു ഉപേക്ഷിക്കും. (ബുഖാരി. 4. 56. 764)

19) ആയിശ(റ) പറയുന്നു: നബി(സ) സംസാരിച്ചാല്‍ ഒരാള്‍ക്ക് അതിലെ വാക്കുകള്‍ വരെ എണ്ണിക്കണക്കാക്കാന്‍ സാധിക്കുമായിരുന്നു. ആയിശ(റ) നിവേദനം: നബി(സ) നിങ്ങളെപ്പോലെ വേഗത്തില്‍ സംസാരിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 3567)

20) അനസ്(റ) നിവേദനം: നബി(സ)യെ കഅ്ബയില്‍ നിന്നും കൊണ്ടുപോയ രാത്രിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അനസ്(റ) പറഞ്ഞു: നബി(സ)ക്ക് വഹ്യ് ലഭിക്കുന്നതിന് മുമ്പ് മൂന്നുപേര്‍ അവിടുത്തെ അടുക്കല്‍ വന്നു. നബി(സ) മസ്ജിദുല്‍ഹറാമില്‍ ഉറങ്ങുകയായിരുന്നു. അവരില്‍ ഒന്നാമന്‍ ചോദിച്ചു. ഇവരില്‍ ആരാണ് അദ്ദേഹം? രണ്ടാമന്‍ പറഞ്ഞു: ഇവരില്‍ ഏറ്റവും ഉത്തമനാണദ്ദേഹം. ഇവരില്‍ ഉത്തമനെ നിങ്ങള്‍ പിടിച്ചുകൊളളുക. മൂന്നാമന്‍ പറഞ്ഞു. പിന്നീട് മറ്റൊരു രാത്രി വരേക്കും അവരെ നബി(സ) സ്വപ്നത്തില്‍ കണ്ടില്ല. നബിയുടെ കണ്ണു രണ്ടും ഉറങ്ങും. മനസ്സ് ഉറങ്ങുകയില്ല. പ്രവാചകന്മാരുടെ സ്ഥിതി പൊതുവില്‍ അങ്ങനെയാണ് അവരുടെ കണ്ണുകളുറങ്ങും. മനസ്സുറങ്ങുകയില്ല. രണ്ടാമത്തെ രാത്രി വന്ന് ജീബ്രീല്‍ തിരുമേനിയെ ഏറ്റെടുത്തു. അവിടുത്തെയും കുട്ടി ജിബ്രീല്‍ ആകാശത്തേക്ക് പോയി. (ബുഖാരി. 4. 56. 770)

21) അനസ്(റ) നിവേദനം: നബി(സ) സൌറാഅ് എന്ന സ്ഥലത്തായിരുന്നപ്പോള്‍ അവിടുത്തെ അടുക്കല്‍ ഒരു പാത്രം കൊണ്ടുവന്നു. നബി(സ) തന്റെ കൈ ആ പാത്രത്തില്‍വെച്ചു. വെളളം നബി(സ)യുടെ വിരലുകള്‍ക്കിടയിലൂടെ ഉറവ പൊട്ടിഒഴുകുവാന്‍ തുടങ്ങി. ജനങ്ങള്‍ വുളു എടുത്തു. ഖതാദ(റ) പറയുന്നു: നിങ്ങള്‍ എത്ര പേരുണ്ടായിരുന്നുവെന്ന് ഞാന്‍ അനസിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: മുന്നൂറ് പേര്‍ അല്ലെങ്കില്‍ ഏതാണ്ട് മുന്നൂറ് പേര്‍. (ബുഖാരി. 4. 56. 772)

22) ജാബിര്‍(റ) നിവേദനം: ഹുദൈബിയ: ദിവസം ജനങ്ങള്‍ ദാഹിച്ചു: നബിയുടെ മുന്നില്‍ ഒരു ചെറിയ തോല്‍പ്പാത്രമുണ്ട്. നബി(സ) അതില്‍ നിന്ന് വുളു എടുത്തു. ജനങ്ങള്‍ അതിന്റെ നേരെ ധൃതിപ്പെട്ടു നിങ്ങള്‍ക്ക് എന്താണെന്ന് നബി(സ) ചോദിച്ചു. വുളു എടുക്കുമ്പോള്‍ വെളളമില്ലെന്ന് അവര്‍ പ്രത്യുത്തരം നല്കി. ഞങ്ങള്‍ക്ക് കുടിക്കുവാനും. താങ്കളുടെ മുന്നിലുളളത് അല്ലാതെ. അപ്പോള്‍ നബി(സ) തന്റെ കൈ ആ തോല്‍പ്പാത്രത്തില്‍ വെച്ചു. ഉറവുപോലെ നബിയുടെ വിരലുകള്‍ക്കിടയിലൂടെ പൊട്ടിയൊഴുകി. അങ്ങിനെ ഞങ്ങള്‍ പാനം ചെയ്യുകയും വുളു എടുക്കുകയും ചെയ്തു. സാലിം(റ) പറയുന്നു. നിങ്ങള്‍ എത്രപേരുണ്ടായിരുന്നുവെന്ന് ഞാന്‍ ജാബിര്‍നോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ ഒരുലക്ഷം പേര്‍ ഉണ്ടായിരുന്നാല്‍പോലും വെളളം ഞങ്ങള്‍ക്കു മതിയാകുമായിരുന്നു. എന്നാല്‍ അവര്‍ 15,000 പേര്‍ ഉണ്ടായിരുന്നു. (ബുഖാരി. 4. 56. 776)

23) അബ്ദുല്ലാ(റ) നിവേദനം: അമാനുഷിക സംഭവങ്ങളെ ഞങ്ങള്‍ ദൈവീകാനുഗ്രഹമായാണ് ഗണിച്ചിരുന്നത്. നിങ്ങളാവട്ടെ അവയെ ദൈവത്തില്‍ നിന്നുളള ശിക്ഷയായി ദര്‍ശിക്കുന്നു. ഞങ്ങള്‍ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. വെളളം വളരെ കുറവാണ്. നബി(സ) അരുളി അല്പം വെളളം ആരുടെയെങ്കിലും അടുക്കല്‍ ബാക്കിയുണ്ടോ എന്ന് അന്വേഷിക്കുക. സഹാബിമാര്‍ അല്പം വെളളമുളള ഒരു പാത്രം കൊണ്ടുവന്നു. നബി(സ)കൈ ആ പാത്രത്തില്‍ പ്രവേശിപ്പിച്ചു. ശേഷം അരുളി: അനുഗ്രഹീതമായ ശുദ്ധജലം ആവശ്യമുളളവര്‍ മുന്നോട്ട് വരിക. ഈ അനുഗ്രഹം അല്ലാഹുവിങ്കല്‍ നിന്നത്രെ. നബി(സ)യുടെ വിരലുകള്‍ക്കിടയിലൂടെ വെളളം ഉറവ് എടുക്കുന്നത് ഞാന്‍ കണ്ടു. ആഹാരം കഴിക്കുമ്പോള്‍ ആഹാര പദാര്‍ത്ഥങ്ങളുടെ തസ്ബീഹ് ഞങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. (ബുഖാരി. 4. 56. 779)

24) ഹൂദൈഫ:(റ) പറയുന്നു: ജനങ്ങള്‍ നന്മയെക്കുറിച്ചാണ് നബി(സ)യോട് സാധാരണയായി ചോദിക്കാറുളളത്. ഞാന്‍ തിന്മയെക്കുറിച്ചും. അതെന്നെ ബാധിച്ചെങ്കിലോ എന്ന ഭയം കാരണം ഞാന്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ അജ്ഞാനകാലത്തിലും തിന്മയിലുമായിരുന്നു അപ്പോഴാണ് അല്ലാഹു ഞങ്ങള്‍ക്ക് ഈ നന്മ കൊണ്ടുവന്നത്. ഇനി ഈ നന്മക്കുശേഷം വല്ല തിന്മയുമുണ്ടാകുമോ? അതെയെന്ന് നബി(സ) മറുപടി പറഞ്ഞു: ഞാന്‍ ചോദിച്ചു. പിന്നീട് ആ തിന്മക്കുശേഷം വല്ല നന്മയുമുണ്ടാകുമോ? അതെ, നബി(സ) പ്രത്യുത്തരം നല്‍കി. നബി(സ) തുടര്‍ന്ന് പ്രസ്താവിച്ചു: അതില്‍ കലക്കമുണ്ടാകും. എന്താണ് അതിലെ കലക്കം എന്ന് ഞാന്‍ ചോദിച്ചു. നബി(സ) അരുളി: എന്റെ മാര്‍ഗ്ഗദര്‍ശനം വിട്ട് മറ്റു മാര്‍ഗ്ഗം സ്വീകരിക്കുന്ന ഒരു ജനത നലിവില്‍ വരും. അവരില്‍ നന്മയും തിന്മയും നീ കാണും. ഞാന്‍ വീണ്ടും ചോദിച്ചു. ആ നന്മക്കുശേഷം വല്ല തിന്മയുമുണ്ടാകുമോ? നബി(സ) അരുളി: അതെ, നരകത്തിന്റെ കവാടങ്ങളിലേക്കു ക്ഷണിക്കുന്ന ചില ആളുകള്‍ വരും. വല്ലവനും അവരുടെ ആഹ്വാനം സ്വീകരിച്ചാല്‍ അവനെ അവരതില്‍ വീഴ്ത്തും. പ്രവാചകരേ! ആ വിഭാഗത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരിച്ചു തന്നാലും എന്നു പറഞ്ഞു. നബി(സ) അരുളി: അവര്‍ നമ്മുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കും. നമ്മുടെ ഭാഷ തന്നെയായിരിക്കും അവര്‍ സംസാരിക്കുക. ഞാന്‍ ചോദിച്ചു. പ്രവാചകരേ! എന്റെ കാലത്താണവര്‍ വരുന്നതെങ്കില്‍ ഞാനെന്തു ചെയ്യണം? നബി(സ) അരുളി: നീ മുസ്ലിംകളുടെ സംഘടനയേയും അവരുടെ നേതാവിനേയും ചേര്‍ന്നുകൊണ്ട് ജീവിക്കുക. ഞാന്‍ ചോദിച്ചു: അവര്‍ക്ക് സംഘടനയും നേതാവും ഇല്ലെങ്കിലോ? നബി(സ) അരുളി: ആ വിഭാഗങ്ങളെയെല്ലാം നീ വിട്ട് അകന്ന് നില്‍ക്കുക. നീ ഒരു വൃക്ഷത്തിന്റെ മൂട് കടിച്ചുപിടിച്ചുകൊണ്ട് നിന്നാലും വിരോധമില്ല. മരണം വരേക്കും ആ നിലയില്‍ ഉറച്ചു നില്‍ക്കുക. (ബുഖാരി. 4. 56. 803)

25) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: ഏകദേശം മുപ്പതോളം നുണപറയുന്ന ദജ്ജാലുകള്‍ രംഗപ്രവേശനം ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. അല്ലാഹുവിന്റെ ദൂതന്മാരാണ് ഞങ്ങളെന്ന് അവരെല്ലാവരും ജല്‍പ്പിക്കുന്നതാണ്. (ബുഖാരി. 4. 56. 806)

26) ബറാഅ്(റ) നിവേദനം: ഒരു മനുഷ്യന്‍ അല്‍കഹ്ഫ് സൂറത്തു ഓതിക്കൊണ്ടിരിക്കുമ്പോള്‍ അയാളുടെ വീട്ടില്‍ ഒരു കുതിരയെ കെട്ടിയിരുന്നു. കുതിര വിറളി പിടിച്ച് ചാടാന്‍ തുടങ്ങി. ഉടനെ ആ മനുഷ്യന്‍ രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അപ്പോഴതാ ഒരു മേഘം അയാളെ പൊതിഞ്ഞിരിക്കുന്നു. പിന്നീടദ്ദേഹം ഈ കഥ നബിയെ അറിയിച്ചു. അന്നേരം നബി(സ) അരുളി: നീ ഇനിയും ഓതിക്കൊളളുക. ഖുര്‍ആന്‍ പാരായണം മൂലം ഇറങ്ങിയ മന:ശാന്തിയാണത്. (ബുഖാരി. 4. 56. 811)

27) ഇബ്നുമസ്ഊദ്(റ) നിവേദനം: നബി(സ)യുടെ കാലത്തു ചന്ദ്രന്‍ രണ്ടു ഭാഗമായി പിളര്‍ന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ സാക്ഷി നില്‍ക്കുവിന്‍. (ബുഖാരി. 4. 56. 830)

28) അനസ്(റ) നിവേദനം: മക്കാ നിവാസികള്‍ പ്രവാചകനോട് അവര്‍ക്ക് ഒരു ദൃഷ്ടാന്തം കാണിച്ചുകൊടുക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ചന്ദ്രന്‍ പിളര്‍ന്നത് നബി(സ) അവര്‍ക്ക് കാണിച്ചുകൊടുത്തു. (ബുഖാരി. 4. 56. 831)


Saturday, January 23, 2010

സഹാബിമാരുടെ മഹത്വം

0 comments


1) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ)യുടെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ ചിലരെ ഞങ്ങള്‍ മഹത്വപ്പെടുത്താറുണ്ട്. അബൂബക്കറിനെ ഞങ്ങള്‍ മഹത്വപ്പെടുത്തും. ശേഷം ഉമര്‍(റ) നെ. ശേഷം ഉസ്മാന്‍(റ) നെ. (ബുഖാരി. 5. 57. 7)

2) അബുഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഇസ്രാഈല്യരില്‍ ചില പുരുഷന്മാരുണ്ടായിരുന്നു. അവര്‍ നബിമാരായിരുന്നില്ല. എന്നിട്ടും അല്ലാഹു അവരോട് സംസാരിക്കാറുണ്ടായിരുന്നു. എന്റെ അനുയായികളില്‍ അത്തരം ഒരാളുണ്ടെങ്കില്‍ അതു ഉമര്‍ മാത്രമാണ്. (ബുഖാരി. 5. 57. 38)

3) അനസ്(റ) നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മറ്റുളള ഭക്ഷണത്തിന്റെ മേല്‍ ഇറച്ചിക്കറി ചേര്‍ത്ത പത്തിരിക്ക് ഉളള ശ്രേഷ്ഠതയാണ് ആയിശ:ക്ക് മറ്റുളള സ്ത്രീകളുടെ മേല്‍ ഉളള ശ്രേഷ്ഠത. (ബുഖാരി. 5. 57. 114)

Thursday, January 21, 2010

നബി(സ)യുടെ രോഗവും മരണവും

0 comments


1) ആയിശ:(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗത്തില്‍ ഇപ്രകാരം പറഞ്ഞു: ആയിശ! ഖൈബറില്‍ വെച്ച് ഞാന്‍ ഭക്ഷിച്ച വിഷം കലര്‍ത്തിയ മാംസത്തിന്റെ വേദന ഇതുവരെ ഞാന്‍ അനുഭവിക്കുകയായിരുന്നു. ഇപ്പോള്‍ അത് അവസാനിക്കുന്നതിന്റെ സമയമാണ്. (ബുഖാരി. 5. 59. 713)

2) ആയിശ(റ) പറയുന്നു: നബി(സ)ക്ക് മരണത്തിന്റെ രോഗം ബാധിച്ചപ്പോള്‍ അവിടുന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഉന്നത സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എത്തിക്കേണമേ. (ബുഖാരി. 5. 59. 722)

3) ആയിശ(റ) നിവേദനം: നബി(സ) മരണവേളയില്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! നീ എനിക്ക് മാപ്പ് തരികയും എനിക്ക് കരുണ ചെയ്യുകയും ചെയ്യണമേ. (ബുഖാരി. 5. 59. 724)

4) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗാവസരത്തില്‍ അലി(റ) അവിടുത്തെയടുക്കല്‍ നിന്നും പുറത്തുവന്നപ്പോള്‍ ജനങ്ങള്‍ ചോദിച്ചു: അബുല്‍ഹസ്സന്‍! നബിക്കെങ്ങനെയുണ്ട്? അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നബി(സ)ക്ക് സുഖമാണ്. അബ്ബാസ്(റ) അദ്ദേഹത്തിന്റെ കൈ പിടിച്ച് പറഞ്ഞു: അല്ലാഹു സത്യം! മൂന്നു ദിവസം കഴിഞ്ഞാല്‍ നീ വടിയുടെ അടിമയായിരിക്കും (നിസ്സഹായനായിരിക്കും) ഈ രോഗത്തില്‍ നബി(സ) മരണപ്പെടുമെന്ന് ഞാന്‍ വിചാരിക്കുന്നു. അബ്ദുല്‍മുത്തലിബ് പരമ്പരയില്‍പ്പെട്ടവരുടെ മരണവേളയിലുളള മുഖലക്ഷണം എനിക്കു നന്നായറിയാം. നമുക്കൊരുമിച്ച് നബി(സ)യുടെയടുക്കലേക്ക് പോയി നബി(സ)ക്ക് ശേഷം ഭരണകാര്യം ആരാണ് ഏറ്റെടുക്കേണ്ടതെന്ന് ചോദിയ്ക്കാം. ഭരണം ഏറ്റെടുക്കേണ്ടത് നാമാണെങ്കില്‍ അതു നാം അറിഞ്ഞിരിക്കണം. അങ്ങനെയെങ്കില്‍ നബി(സ) നമ്മുടെ കാര്യത്തില്‍ അവരോട് വസീയത്ത് ചെയ്യുമല്ലോ. അലി പറഞ്ഞു. അല്ലാഹു സത്യം. നബി(സ)യോട് നാം അത് അന്വേഷിക്കുമ്പോള്‍ അവിടുന്ന് നമുക്ക് തരികയില്ലെന്ന് അരുളിയെന്ന് വെയ്ക്കുക. പിന്നീട് ജനങ്ങളും അതു നമുക്ക് തരികയില്ല. അല്ലാഹു സത്യം. ഞാന്‍ നബി(സ) യോടന്വേഷിക്കുകയേയില്ല. (ബുഖാരി. 5. 59. 728)

5) ആയിശ(റ) നിവേദനം: എന്റെ ഊഴദിവസം വീട്ടില്‍വെച്ച് എന്റെ നെഞ്ചില്‍കിടന്നുകൊണ്ട് നബി(സ) മരണപ്പെട്ടത് അല്ലാഹു എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളില്‍പ്പെട്ടതാണ്. അല്ലാഹു എന്റെയും നബി(സ)യുടെയും തുപ്പുനീരുകള്‍ കൂട്ടിച്ചേര്‍ത്തു. കയ്യില്‍ ഒരു മിസ്വാക്കുമായി അബ്ദുര്‍റഹ്മാന്‍ കടന്നുവന്നു. ഞാന്‍ നബി(സ)യെ താങ്ങിയിരിക്കുകയായിരുന്നു. നബി(സ) അബ്ദുര്‍ റഹിമാന്റെ നേരെ നോക്കിയപ്പോള്‍ അവിടുന്ന് പല്ല് തേയ്ക്കാനാഗ്രഹിക്കുന്നുണ്ടെന്ന് എനിയ്ക്ക് മനസ്സിലായി. ഞാന്‍ ചോദിച്ചു. താങ്കള്‍ക്കുവേണ്ടി ഞാനത് സ്വീകരിക്കട്ടെയോ? നബി(സ) സമ്മതഭാവത്തില്‍ തലയാട്ടി. ഞാനതു വാങ്ങി. അതു കൂടുതല്‍ കടുപ്പമുളളതായിരുന്നു. ഞാന്‍ പറഞ്ഞു. താങ്കള്‍ക്കുവേണ്ടി ഞാനതു ചതച്ച് മൃദുലമാക്കട്ടയോ? അപ്പോഴും നബി(സ) സമ്മതഭാവത്തില്‍ തലയാട്ടി. ഞാനതു മൃദുവാക്കിക്കൊടുത്തു. നബി(സ) അതുകൊണ്ട് പല്ലുതേച്ചു. നബി(സ)യുടെ ഒരു വെളളപ്പാത്രമുണ്ടായിരുന്നു. അവിടുന്ന് ആ പാത്രത്തില്‍ കയ്യിട്ട് മുഖത്ത് തടവിക്കൊണ്ട് ഇങ്ങനെ അരുളി: ലാ ഇലാഹ ഇല്ലല്ലാഹു. മരണത്തിന് ചില വെപ്രാളങ്ങളുണ്ട്. ശേഷം അവിടുന്ന് തന്റെ കൈ ഉയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഉന്നതരായ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എന്നെയെത്തിക്കേണമേ. അവസാനം അവിടുന്ന് മരണപ്പെട്ടു: കൈ തളര്‍ന്നു ചാഞ്ഞു. (ബുഖാരി. 5. 59. 730)

6) ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ടപ്പോള്‍ അബൂബക്കര്‍ അദ്ദേഹത്തെ ചുംബിച്ചു. (ബുഖാരി. 5. 59. 734)

7) ആയിശ(റ) നിവേദനം: രോഗം പിടിച്ച് കിടക്കുമ്പോള്‍ ഞങ്ങള്‍ മരുന്ന് തൊട്ടുകൊടുത്തു. നിങ്ങള്‍ എന്നെ നിര്‍ബന്ധിച്ച് മരുന്ന് കുടിപ്പിക്കേണ്ടതില്ലെന്ന് നബി(സ) ആംഗ്യം കാണിച്ചു. ഞങ്ങള്‍ പറഞ്ഞു. രോഗിക്ക് മരുന്നിനോടുളള വെറുപ്പ് കൊണ്ടാണ് അങ്ങിനെ അരുളുന്നത്. നബി(സ)ക്ക് ബോധം വന്നപ്പോള്‍ അവിടുന്ന് അരുളി: നിങ്ങളെന്നെ നിര്‍ബന്ധിച്ച് മരുന്ന് കുടിപ്പിക്കേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ. ഞങ്ങള്‍ പറഞ്ഞു. രോഗി മരുന്ന് വെറുക്കും. അത് സ്വാഭാവികമാണ്. നബി(സ) അരുളി: ഞാന്‍ നോക്കി നില്ക്കവേ നിര്‍ബന്ധിച്ച് മരുന്ന് കുടിപ്പിച്ചാലല്ലാതെ ഈ വീട്ടിലുളള ഒരാളെയും ഞാന്‍ വിടുകയില്ല. അബ്ബാസിനെ മാത്രം ഒഴിവാക്കും. അദ്ദേഹം നിങ്ങളോടൊപ്പമുണ്ടായിരുന്നില്ല. (ബുഖാരി. 5. 59. 735)

8) അനസ്(റ) പറയുന്നു: നബി(സ)ക്ക് രോഗം മൂര്‍ച്ഛിച്ച സന്ദര്‍ഭത്തില്‍ ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടായിക്കൊണ്ടിരുന്നു. അപ്പോള്‍ ഫാത്തിമ(റ) പറഞ്ഞു: ഹാ ഹോ! എന്റെ പിതാവിന്റെ കഷ്ടപ്പാട്. നബി(സ) അരുളി: ഈ ദിവസത്തിനുശേഷം നിന്റെ പിതാവിന് കഷ്ടപ്പാടുകളൊന്നും ഉണ്ടാവില്ല. നബി(സ) മരണപ്പെട്ടപ്പോള്‍ ഫാത്തിമ(റ) പറഞ്ഞു: എന്റെ പിതാവിന്റെ കഷ്ടപ്പാട്: അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് രക്ഷിതാവ് ഉത്തരം നല്കിയല്ലോ. (ബുഖാരി. 5. 59. 739)

9) ആയിശ(റ) പറയുന്നു: നബി(സ) ആരോഗ്യവാനായിരുന്ന സന്ദര്‍ഭത്തില്‍ ഇപ്രകാരം പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ തനിക്കുളള സ്ഥാനം കാണിച്ചു കൊടുക്കപ്പെടാതെ ഒരു നബിയും മരണപ്പെട്ടിട്ടില്ല. നബി(സ)ക്ക് മരണത്തിന്റെ രോഗം ബാധിച്ചപ്പോള്‍ അവിടുന്ന് എന്റെ മേല്‍ ചാരിക്കിടന്നു. അങ്ങിനെ അബോധാവസ്ഥ അദ്ദേഹത്തെ ബാധിച്ചു. അതില്‍ നിന്ന് തെളിഞ്ഞപ്പോള്‍ വീട്ടിന്റെ മേല്‍പ്പുരയിലേക്ക് തുറിച്ചുനോക്കി ക്കൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ! ഉന്നത സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എത്തിക്കേണമേ. അപ്പോള്‍ ഞാന്‍ പറഞ്ഞു: എങ്കില്‍ ഞങ്ങളെ അദ്ദേഹം തിരഞ്ഞെടുക്കുകയില്ല. (ബുഖാരി. 5. 59. 740)

10) ബറാഅ്(റ) പറയുന്നു: നബി(സ)യുടെ കൂടെ ഞാന്‍ 15 യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. (ബുഖാരി. 5. 59. 748)

11) ഇബ്നുബുര്‍ദ്ദ(റ) പറയുന്നു:അദ്ദേഹത്തിന്റെ പിതാവ് നബി(സ)യുടെ കൂടെ 16 യുദ്ധം ചെയ്തിട്ടുണ്ട്. (ബുഖാരി. 5. 59. 749)

Tuesday, January 19, 2010

ഖുര്‍ആന്‍ വ്യാഖ്യാനം

0 comments


1) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറഞ്ഞു: മനുഷ്യന്‍ എന്നെ നിഷേധിച്ചു. അവന് അതിന്നധികാരമില്ല. അവന്‍ എന്നെ ശകാരിച്ചു. അവന് അതിന്നും അധികാരമുണ്ടായിരുന്നില്ല. അവന്‍ എന്നെ നിഷേധിച്ചതു അവനെ മരണത്തിനുമുമ്പുളള രൂപത്തില്‍ പുനര്‍ജ്ജീവിപ്പിക്കുവാന്‍ എനിക്ക് സാധ്യമല്ലെന്ന് അവന്‍ വാദിച്ചതാണ്. എന്നെ ശകാരിച്ചുവെന്ന് പറഞ്ഞത് എനിക്ക് സന്താനമുണ്ടെന്ന അവന്റെ വാദവും. സഹധര്‍മ്മിണിയെയും സന്താനത്തേയും സ്വീകരിക്കുന്നതില്‍ നിന്നും എത്രയോ പരിശുദ്ധനാണ് ഞാന്‍. (ബുഖാരി. 6. 60. 9)

2) അബുഹുറൈറ(റ) പറയുന്നു: വേദക്കാര്‍ തൌറാത്ത് മുസ്ലിംകള്‍ക്ക് ഹിബ്രു ഭാഷയില്‍ വായിച്ചുകേള്‍പ്പിച്ച് അറബിഭാഷയില്‍ വിശദീകരിച്ചു കൊടുക്കാറുണ്ട്. അപ്പോള്‍ നബി(സ) പറഞ്ഞു: വേദക്കാരുടെ ഒരു വാക്കും നിങ്ങള്‍ വിശ്വസിക്കരുത്. നിഷേധിക്കുകയുമരുത്. അല്ലാഹുവിലും ഞങ്ങള്‍ക്കവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നുവെന്ന് മാത്രം പറഞ്ഞുകൊളളുക. (ബുഖാരി. 6. 60. 12)

3) ഹുദൈഫ:(റ) പറയുന്നു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ചിലവ് ചെയ്യുവീന്‍. നിങ്ങളുടെ കരങ്ങളെ നാശത്തിലേക്ക് നിങ്ങള്‍ ഇടരുത് (2:195) എന്ന സൂക്തം യുദ്ധത്തില്‍ ചിലവ് ചെയ്യുന്നതിനെ സംബന്ധിച്ച് അവതരിപ്പിക്കപ്പെട്ടതാണ്. (ബുഖാരി. 6. 60. 41)

4) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) ഒരു ദിവസം സഫാ മല മേല്‍ കയറി നിന്ന് പ്രഭാതത്തില്‍ വന്നു ഭവിച്ച വിപത്തേ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഖൂറൈശികള്‍ ഓടിയെത്തി ചുറ്റുംകൂടി പരിഭ്രാന്തിയോടെ ചോദിച്ചു: നിങ്ങള്‍ക്കെന്തുപറ്റി? നബി(സ) അരുളി: നിങ്ങളൊന്ന് ചിന്തിച്ചുനോക്കുക. നാളെ രാവിലെ അല്ലെങ്കില്‍ വൈകുന്നേരം ശത്രുക്കള്‍ ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ? അതെയെന്നവര്‍ മറുപടി പറഞ്ഞു. നബി(സ) അരുളി: ശരി, എങ്കില്‍ അല്ലാഹുവില്‍ നിന്നുളള കഠിനശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന്‍ വന്നവനാണ് ഞാന്‍. ഉടനെ അബൂലഹബ് പറഞ്ഞു: നിനക്ക് നാശം. ഇതിന് വേണ്ടിയാണോ നീ ഞങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത്. ആ സന്ദര്‍ഭത്തിലാണ്" അബൂലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നു”വെന്ന് ഖുര്‍ആന്‍ സൂക്തം അവതരിപ്പിക്കപ്പെട്ടത്. (111: 1, 5 (ബുഖാരി. 6. 60. 293)

5) അബ്ദുല്ല(റ) പറയുന്നു: നബി(സ) ഒരിക്കല്‍ പ്രസംഗത്തിനിടയില്‍ സാലിഹ് നബി (അ) യുടെ ഒട്ടകത്തെയും അതിനെ അറുത്തവനേയും കുറിച്ച് അരുളുന്നതു അദ്ദേഹം കേട്ടു. ആ സമൂഹത്തിലെ അങ്ങേയറ്റത്തെ ദുഷ്ടന്‍ എഴുന്നേറ്റു പുറപ്പെട്ടപ്പോള്‍ എന്ന വാക്കിന് അബൂസംഅതിനെപ്പോലെ തന്റെ ജനതയില്‍ ശക്തനും സുരക്ഷിതനും ദുഷ്ടനുമായി ജീവിച്ചിരുന്ന ഒരു പുരുഷന്‍ ആ ഒട്ടകത്തിന്റെ നേരെ എഴുന്നേറ്റു പുറപ്പെട്ടപ്പോള്‍ എന്നാണര്‍ത്ഥമെന്ന് നബി(സ) അരുളി. തുടര്‍ന്ന് നബി(സ) സ്ത്രീകളെക്കുറിച്ചു അരുളുകയുണ്ടായി. നിങ്ങളിലൊരാള്‍ അടിമയെ അടിക്കും പോലെ സ്വപത്നിയെ അടിക്കും. അതേ ദിവസം അവളോടൊപ്പം ശയിക്കുകയും ചെയ്യും. തുടര്‍ന്ന് കൊണ്ട് മറ്റുളളവര്‍ക്ക് കീഴ്വായു പോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ചിരിക്കുന്നവരേയും നബി(സ) ഉപദേശിച്ചു. തങ്ങളില്‍ നിന്ന് സംഭവിക്കാറുളള കാര്യത്തെക്കുറിച്ച് എന്തിനാണ് ചിരിക്കുന്നതെന്ന് നബി(സ) ചോദിച്ചു. സുബൈറിബ്നുല്‍ അഖാമിന്റെ പിതൃവ്യന്‍ അബൂസംഅതിനെപ്പോലെ എന്നാണ് മറ്റൊരു നിവേദനത്തില്‍ വന്നിട്ടുളളത്. (ബുഖാരി. 6. 60. 466)

6) ആയിശ(റ) നിവേദനം: നിനക്ക് നാം കൌസര്‍ നല്‍കിയിരിക്കുന്നുവെന്ന ഖുര്‍ആന്‍ വാക്യത്തെക്കുറിച്ച് അവരോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: നബിക്ക് പരലോകത്തുവെച്ച് നല്‍കപ്പെടുന്ന നദിയാണ്. അതിന്റെ ഇരു കരകളിലും ഉളള് ഓട്ടയായ മുത്തുകളുണ്ടായിരിക്കും. ആകാശത്തിലെ നക്ഷത്രങ്ങളുടെ അത്രയെണ്ണം പാത്രങ്ങളുണ്ടായിരിക്കും അവിടെ. (ബുഖാരി. 6. 60. 489)

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)