Saturday, February 20, 2010

ഇഅ്ത്തികാഫ്




1) അബ്ദുല്ല ഇബ്നുഉമര്‍(റ) നിവേദനം: റമളാനിലെ അവസാനത്തെ പത്തില്‍ നബി(സ) ഇഅ്തികാഫ് ഇരിക്കാറുണ്ട്. (ബുഖാരി. 3. 33. 242)

2) ആയിശ(റ) നിവേദനം: നബി(സ) മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ മരണശേഷം അവിടുത്തെ പത്നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു. (ബുഖാരി. 3. 33. 243)

3) ആയിശ(റ) പറയുന്നു: നബി(സ) പള്ളിയില്‍ ഇഅ്ത്തികാഫ് ഇരിക്കുമ്പോള്‍ തന്റെ തല എന്റെ അടുത്തേക്ക് നീട്ടിത്തരും. അപ്പോള്‍ ഞാന്‍ മുടി വാര്‍ന്നുകൊടുക്കും. നബി(സ) ഇഅ്ത്തികാഫിരിക്കുമ്പോള്‍ ആവശ്യത്തിന് വേണ്ടിയല്ലാതെ വീട്ടില്‍ പ്രവേശിക്കാറില്ല. (ബുഖാരി. 3. 33. 246)

4) അബ്ദുല്ല ഇബ്നുഉമര്‍(റ) പറയുന്നു: ഉമര്‍(റ) നബി(സ) യോടു ചോദിച്ചു. ഞാന്‍ ജാഹിലിയ്യാകാലത്തു ഒരു രാത്രി മസ്ജിദുല്‍ ഹറമില്‍ ഇഅ്തികാഫ് ഇരിക്കുവാന്‍ വേണ്ടി നേര്‍ച്ചയാക്കിയിട്ടുണ്ട്. അതു ഞാന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടോ? നബി(സ) അരുളി: നിന്റെ നേര്‍ച്ച നീ പൂര്‍ത്തിയാക്കുക. (ബുഖാരി. 3. 33. 248)

5) ആയിശ(റ) നിവേദനം: നബി(സ) റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ട്. ഞാന്‍ നബി(സ)ക്ക് ഒരു മറ നിര്‍മ്മിച്ചുകൊടുക്കും. സുബ്ഹ് നമസ്കരിച്ചതിനുശേഷം അവിടുന്ന് അതില്‍ പ്രവേശിക്കും. അപ്പോള്‍ ഹഫ്സ(റ) ആയിശ(റ) യോട് അവര്‍ക്ക് വേണ്ടി ഒരു മറ നിര്‍മ്മിക്കുവാന്‍ അനുവാദം ചോദിച്ചു. ആയിശ(റ) അനുവാദം നല്‍കുകയും ഒരു മറ നിര്‍മ്മിക്കുകയും ചെയ്തു. സൈനബ(റ) ഇതു കണ്ടപ്പോള്‍ മറ്റൊരു മറ അവരും നിര്‍മ്മിച്ചു. പ്രഭാതമായപ്പോള്‍ നബി(സ) ഈ തമ്പുകള്‍ കണ്ടു. അവിടുന്ന് ചോദിച്ചു. ഇതു എന്താണ്? അപ്പോള്‍ വിവരം നബി(സ)യോട് പറയപ്പെട്ടു. നബി(സ) വീണ്ടും ചോദിച്ചു: പുണ്യമാണോ ഇവയെക്കൊണ്ട് നിങ്ങളുദ്ദേശിക്കുന്നത്? (അതല്ല, പരസ്പരം മല്‍സരമോ?) നബി(സ) ആ മാസം ഇഅ്തികാഫിരിക്കുന്നതു ഉപേക്ഷിച്ചു. അവസാനം ശവ്വാലിലെ പത്തു ദിവസങ്ങളിലാണ് അവിടുന്ന് ഇഅ്തികാഫ് ഇരുന്നത്. (ബുഖാരി. 3. 33. 249)

6) നബി പത്നി സഫിയ്യ(റ) പറയുന്നു: റമളാനിലെ അവസാനത്തെ പത്തില്‍ നബി(സ) പള്ളിയില്‍ ഇഅ്ത്തികാഫിരുന്നപ്പോള്‍ അവര്‍ നബി(സ)യെ സന്ദര്‍ശിച്ചു. കുറെ സമയം അവര്‍ സംസാരിച്ചശേഷം തിരിച്ചു പോന്നു. യാത്രയയക്കാന്‍ നബി(സ) അവരെ അനുഗമിച്ചു. ഉമ്മു സലമ(റ) യുടെ വീട്ടിനടുത്തുള്ള പള്ളിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ രണ്ടു അന്‍സാരിക്കാര്‍ ആ വഴി കടന്നുപോയി. അവര്‍ നബി(സ)ക്ക് സലാം ചൊല്ലി. നബി(സ) അവരോട് പറഞ്ഞു. നിങ്ങളിവിടെ നില്‍ക്കുവീന്‍. നിശ്ചയം ഇവള്‍ സഫിയ്യയാണ്. അവര്‍ പറഞ്ഞു. സുബ്ഹാനല്ലാ! പ്രവാചകരേ! നബി(സ)യുടെ സംശയ നിവാരണം അവരെ സങ്കടപ്പെടുത്തി. നബി(സ) അരുളി: ശരീരത്തില്‍ രക്തം സഞ്ചരിക്കുന്നിടങ്ങളിലെല്ലാം പിശാചും സഞ്ചരിക്കും. അവന്‍ നിങ്ങളിലൂടെ മനസ്സില്‍ വല്ല തെറ്റിദ്ധാരണയും ഉണ്ടാക്കിക്കളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. (ബുഖാരി. 3. 33. 251)

7) അബൂഹുറൈറ(റ) നിവേദനം: നബി(സ) എല്ലാ റമളാനിലും പത്തു ദിവസം ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. നബി(സ) മരണപ്പെട്ട വര്‍ഷമാവട്ടെ ഇരുപത് ദിവസം ഇഅ്തികാഫിരുന്നു. (ബുഖാരി. 3. 33. 260)

0 comments:

Post a Comment

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)