Wednesday, December 30, 2009

ലളിതമായ ആശയങ്ങള്‍

0 comments


1) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: രണ്ട് മഹത്തായ അനുഗ്രഹങ്ങള്‍. മിക്ക മനുഷ്യരും അതില്‍ വഞ്ചിതരാണ്. ആരോഗ്യവും വിശ്രമവും. (ബുഖാരി. 8. 76. 421)

2) അബ്ദുല്ല(റ) നിവേദനം: നബി(സ) എന്റെ ചുമല് പിടിച്ച് കൊണ്ട് പറഞ്ഞു: നീ ഈ ദുന്‍യാവില്‍ ഒരു അപരിചിതനെപ്പോലെയാകുക. അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെപ്പോലെ. ഇബ്നുഉമര്‍(റ) പറയാറുണ്ട്. നീ വൈകുന്നേരത്തില്‍ പ്രവേശിച്ചാല്‍ പ്രഭാതത്തെയും പ്രഭാതത്തില്‍ പ്രവേശിച്ചാല്‍ വൈകുന്നേരവും പ്രതീക്ഷിക്കരുത്. നിന്റെ ആരോഗ്യത്തില്‍ നിന്റെ രോഗത്തിനുവേണ്ടി നീ സമ്പാദിക്കുക. നിന്റെ ജീവിതത്തില്‍ നിന്റെ മരണത്തിനു വേണ്ടിയും. (ബുഖാരി. 8. 76. 425)

3) അബ്ദുല്ല(റ) നിവേദനം: നബി(സ) ചതുരത്തിലുള്ള ഒരു കള്ളിവരച്ചു. അതിന്റെ നടുവിലൂടെ ഒരു വരയും. ആ വര ചതുരക്കള്ളിയില്‍ നിന്ന് പുറത്തേക്ക് കടന്നു നിന്നിരുന്നു. ഇവക്ക് പുറമെ നടുവിലുള്ള വരയിലേക്ക് എത്തുന്നവിധം കുറെ ചെറിയ വരകളും വരച്ചു. ശേഷം നബി(സ) അരുളി: ഇതാണ് (നടുവിലുള്ള നീണ്ട രേഖ) മനുഷ്യന്‍ ഇതാണ് - ചതുരത്തിലുള്ള ഈ വരയാണ് അവന്റെ ആയുസ്സ് അതവനെ വലയം ചെയ്തിരിക്കുന്നു. പുറത്തേക്ക് കവിഞ്ഞു നില്‍ക്കുന്നവര അവന്റെ വ്യാമോഹമാണ്. ഈ ചെറിയ വരകള്‍ ചില ആപത്തുകളാണ്. ആ ആപത്തുകളില്‍ ഒന്നില്‍ നിന്ന് അവന്‍ രക്ഷപ്പെട്ടാല്‍ മറ്റേത് അവനെ ബാധിക്കും. മറ്റേതില്‍ നിന്ന് രക്ഷപ്പെട്ടാലോ അവനെ ഇതു ബാധിക്കും. (ബുഖാരി. 8. 76. 426)

4) അനസ്(റ) പറയുന്നു: നബി(സ) കുറെ വരകള്‍ വരച്ചശേഷം അവിടുന്ന് അരുളി. ഇതാണ് മനുഷ്യന്റെ വ്യാമോഹം. ഇതു അവന്റെ ആയുസും. ഈ വ്യാമോഹത്തിലിരിക്കുന്നതിനിടക്ക് തന്നെ മരണം അവന് വന്നെത്തുന്നു. (ബുഖാരി. 8. 76. 427)

5) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അറുപതു വയസ്സുവരെ ആയുസ്സ് നീട്ടിയിട്ടു കൊടുത്ത ഒരാളുടെ തെറ്റിന്നുള്ള ഒഴികഴിവുകള്‍ അല്ലാഹു സ്വീകരിക്കുകയില്ല. (ബുഖാരി. 8. 76. 428)

6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടു കാര്യങ്ങളില്‍ കിഴവന്റെ ഹൃദയം എപ്പോഴും നിലനിര്‍ത്തിക്കൊണ്ടേയിരിക്കും. ദുന്‍യാവിനോടുള്ള സ്നേഹം. ദീര്‍ഘായുസ്സിനുള്ള മോഹം. (ബുഖാരി. 8. 76. 429)

7) അനസ്(റ) പറയുന്നു: നബി(സ) അരുളി: ആദമിന്റെ മക്കള്‍ വലുതായികൊണ്ടിരിക്കും. അവന്റെ രണ്ട് കാര്യങ്ങളും വലിയതായിക്കൊണ്ടിരിക്കും. ധനത്തോടുള്ള സ്നേഹവും വയസ്സിനോടുള്ള വ്യാമോഹവും. (ബുഖാരി. 8. 76. 430)

8) ഇത്ബാന്‍(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് ലാ ഇലാഹ ഇല്ലല്ലാഹു എന്നുപറഞ്ഞ ഏതൊരു മുസ്ളീമും പരലോകദിവസം വന്നെത്തുമ്പോള്‍ അല്ലാഹു അവന് നരകം ഹറാമാക്കാതിരിക്കുകയില്ല. (ബുഖാരി. 8. 76. 431)

9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു. എന്റെ സത്യവിശ്വാസിയായ ഒരു ദാസന് കൂടുതല്‍ ഇഹലോകത്ത് പ്രിയപ്പെട്ടൊരു സാധനം ഞാന്‍ പിടിച്ചെടുത്തു. എന്റെ പക്കല്‍ നിന്നുള്ള പുണ്യമോര്‍ത്ത് അവന്‍ ക്ഷമിച്ചു. എങ്കില്‍ അതിനോടുള്ള പ്രതി ഫലം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. (ബുഖാരി. 8. 76. 432)

10) മിര്‍ദാസ് അസ്ലമി(റ) നിവേദനം: നബി(സ) അരുളി: നല്ലവരായ മനുഷ്യന്മാര്‍ ആദ്യമാദ്യം മരണമടഞ്ഞുകൊണ്ടിരിക്കും. പിന്നീട് ബാര്‍ലിയുടെതുപോലെയുള്ള ഉമി മാത്രമാണ് അവശേഷിക്കുക. അല്ലെങ്കില്‍ ഈത്തപ്പഴത്തിന്റെതു പോലെയുള്ള തൊലി അവശേഷിക്കും. അല്ലാഹു അവരെ ആദരിക്കുകയില്ല. (ബുഖാരി. 8. 76. 442)

11) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: രണ്ട് താഴ്വര നിറയെ ധനം ഒരു മനുഷ്യന് ലഭിച്ചാലും മൂന്നാമതൊരു താഴ്വരകൂടി ലഭിക്കുവാന്‍ അവന്‍ ആഗ്രഹിക്കും. മനുഷ്യന്റെ വയറ് നിറക്കാന്‍ മണ്ണിനല്ലാതെ കഴിയുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. (ബുഖാരി. 8. 76. 444)

12) അബ്ദുല്ല(റ) നിവേദനം: നബി(സ) ചോദിച്ചു. നിങ്ങളിലാരാണ് തന്റെ ധനത്തേക്കാള്‍ തന്റെ അനന്തരാവകാശിയുടെ ധനത്തോട് കൂടുതല്‍ പ്രേമം കാണിക്കുക? അനുചരന്മാര്‍ പറഞ്ഞു: പ്രവാചകരേ! തന്റെ സ്വന്തം ധനത്തെ സ്നേഹിക്കുന്നവരല്ലാതെ ഞങ്ങളില്‍ ആരും തന്നെ അനന്തരാവകാശിയുടെ ധനത്തെ സ്നേഹിക്കുന്നവരായി ഇല്ലതന്നെ. നബി(സ) അരുളി: താന്‍ മുമ്പ് ചിലവ് ചെയ്തതാണ് തന്റെ ധനം. ചെലവ് ചെയ്യാതെ ബാക്കിവെച്ചിരിക്കുന്നത് അവന്റെ അവകാശിയുടെ ധനവും. (ബുഖാരി. 8. 76. 449)

13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ധനം എന്നതു ഭൌതിക വിഭവത്തിന്റെ വര്‍ദ്ധനവല്ല. എന്നാല്‍ ധനം എന്നതു മനസ്സിന്റെ സംതൃപ്തിയാണ്. (ബുഖാരി. 8. 76. 453)

14) ആയിശ(റ) നിവേദനം: മുഹമ്മദിന്റെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷിച്ചാല്‍ ഒരു നേരത്തെ ഭക്ഷണം ഈത്തപ്പഴമല്ലാതെ ഭക്ഷിച്ചിട്ടില്ല. (ബുഖാരി. 8. 76. 462)

15) ആയിശ(റ) പറയുന്നു: നബി(സ)യുടെ വിരിപ്പ് തോലും അതില്‍ നിറച്ചതു ഈത്തപ്പന യുടെ ചകിരിയുമായിരുന്നു. (ബുഖാരി. 8. 76. 463)

16) ആയിശ(റ) പറയുന്നു: അടുപ്പില്‍ തീ കത്തിക്കാത്ത മാസങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടാവാറുണ്ട്. പച്ചവെള്ളവും കാരക്കയും ഞങ്ങള്‍ ഭക്ഷിക്കും. അല്പം മാംസം ലഭിച്ചാല്‍ ഒഴികെ. (ബുഖാരി. 8. 76. 465)

17) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കും. അല്ലാഹുവേ! നീ മുഹമ്മദിന്റെ കുടുംബത്തിന് കഷ്ടിച്ച് ജീവിക്കാനുള്ള ഭക്ഷണം നല്‍കേണമേ. (ബുഖാരി. 8. 76. 467)

18) ആയിശ(റ) നിവേദനം: പ്രവൃത്തിയില്‍ നബി(സ)ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അതിന്റെ ഉടമസ്ഥന്ന് (വയസ്സ് കാലത്തും) പതിവാക്കുവാന്‍ സാധിക്കുന്ന വിധം അനുഷ്ഠിക്കുന്നതാണ്. (ബുഖാരി. 8. 76. 469)

19) ആയിശ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ശരിയായ മാര്‍ഗ്ഗം സ്വീകരിക്കുക. ദൈവസാമീപ്യം പ്രാപിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹുവിന് ഏറ്റവും പ്രിയംകരമായ കര്‍മ്മം പതിവായി അനുഷ്ഠിക്കുന്ന സല്‍കര്‍മ്മങ്ങളാണ്. അതുകുറഞ്ഞാലും ശരി. (ബുഖാരി. 8. 76. 471)

20) ആയിശ(റ) പറയുന്നു: നബി(സ) ഒരുകര്‍മ്മം (സുന്നത്ത്) അനുഷ്ഠിച്ചാല്‍ അതിനെ പതിവാക്കും. എന്നാല്‍ അതു പോലെ നിങ്ങള്‍ക്ക് സാധിക്കണമെന്നില്ല. (ബുഖാരി. 8. 76. 473)

21) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: തന്റെ രണ്ട് താടിയെല്ലുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നത് അപ്രകാരം തന്നെ രണ്ടു കാലുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നത് എന്നിവയെ നിയന്ത്രിച്ച് നിര്‍ത്താമെന്ന് വല്ലവനും എനിക്ക് ഉറപ്പ് തരുന്നപക്ഷം അവന്ന് സ്വര്‍ഗ്ഗം ലഭിക്കുമെന്ന് ഞാന്‍ ഏറ്റുകൊള്ളാം. (ബുഖാരി. 8. 76. 481)

22) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന്‍ ഒരു വാക്ക് പറയും. അതിന്റെ അനന്തരഫലം അവന്‍ ചിന്തിക്കുകയില്ല. അങ്ങനെ അതു മൂലം അവന്‍ നരകത്തില്‍ പതിക്കും. (ബുഖാരി. 8. 76. 484)

23) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മനുഷ്യന്‍ അല്ലാഹുവിന് തൃപ്തിപ്പെട്ട ഒരു വാക്ക് പറയും. പ്രാധാന്യം കല്പിച്ചു കൊണ്ടല്ല അതുപറയുക. ആ വാക്ക് കാരണം അല്ലാഹു അവനെ പല പടികള്‍ ഉയര്‍ത്തും. വേറൊരു മനുഷ്യന്‍ ദൈവകോപത്തിന് കാരണമായ ഒരു വാക്ക് പറയും. അതിന് അവന്‍ പ്രാധാന്യം കല്‍പ്പിക്കുകയില്ല. ആ വാക്ക് കാരണം അല്ലാഹു അവനെ നരകത്തില്‍ വീഴ്ത്തും. (ബുഖാരി. 8. 76. 485)

24) അബൂമൂസ(റ) നിവേദനം: നബി(സ) അരുളി: എന്റെയും എന്നോടൊപ്പം അയച്ചിരിക്കുന്ന സന്ദേശങ്ങളുടെയും സ്ഥിതി ഒരു പുരുഷന്റെ സ്ഥിതിപോലെയാണ്. അവന്‍ ഒരു ജനതയുടെ അടുത്ത് ചെന്ന് വിളിച്ചുപറഞ്ഞു: എന്റെ കണ്ണുകള്‍കൊണ്ട് ഒരു സൈന്യത്തെ ഞാന്‍ കണ്ടു. ഞാനിതാ നിങ്ങളെ താക്കീതുചെയ്യുന്നു. നഗ്നനായിക്കൊണ്ട് (വളരെ ഗൌരവഭാവത്തില്‍ തന്നെ) അതുകൊണ്ട് ഇതാ രക്ഷക്കുള്ള മാര്‍ഗ്ഗം കൈകൊള്ളുവീന്‍. ഇതു കേട്ടപ്പോള്‍ ഒരു വിഭാഗം ആളുകള്‍ അയാളുടെ വാക്ക് അനുസരിച്ച് പ്രഭാതാരംഭത്തില്‍ തന്നെ ശാന്തതയോടെ അവിടെ നിന്നുപുറപ്പെട്ടു. അങ്ങിനെ അവര്‍ രക്ഷപ്പെട്ടു. മറ്റൊരു വിഭാഗക്കാര്‍ അദ്ദേഹത്തെ നിഷേധിച്ചു. അവസാനം പ്രഭാതവേളയില്‍ സൈന്യം അവരുടെ മുന്നില്‍ വന്നിറങ്ങി അവരെ നശിപ്പിച്ചു. (ബുഖാരി. 8. 76. 489)

25) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ ഗ്രഹിച്ചിരുന്നതുപോലെ യാഥാര്‍ത്ഥ്യം നിങ്ങള്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ അല്പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യും. (ബുഖാരി. 8. 76. 492)

26) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നരകത്തെ ഇച്ഛകള്‍കൊണ്ടും സ്വര്‍ഗ്ഗത്തെ അനിഷ്ട കാര്യങ്ങള്‍ ക്കൊണ്ടും മൂടിപ്പൊതിഞ്ഞിരിക്കുകയാണ്. (ബുഖാരി. 8. 76. 494)

27) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: നിങ്ങളുടെ ചെരിപ്പിന്റെ വാറിനേക്കാള്‍ നിങ്ങളോട് കൂടുതല്‍ അടുത്തിട്ടാണ് സ്വര്‍ഗ്ഗം സ്ഥിതിചെയ്യുന്നത്. നരകവും അങ്ങിനെതന്നെ. (ബുഖാരി. 8. 76. 495)

28) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളെക്കാള്‍ ധനവും ശരീരവും കൊണ്ട് ശ്രേഷ്ഠത നല്‍കപ്പെട്ടവനിലേക്ക് നിങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ നിങ്ങളേക്കാള്‍ താഴെയുള്ള വരിലേക്ക് നിങ്ങള്‍ നോക്കുവീന്‍. (ബുഖാരി. 8. 76. 497)

29) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു നന്മകളെയും തിന്മകളെയും നിര്‍ണ്ണയിച്ചു. എന്നിട്ടത് വിശദീകരിച്ചു. അപ്പോള്‍ ഒരാള്‍ നന്മ പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അവന്റെ ഉദ്ദേശത്തെഒരുപൂര്‍ണ്ണ പുണ്യകര്‍മ്മമായി അല്ലാഹു രേഖപ്പെടുത്തും. ഇനി ആ പുണ്യകര്‍മ്മം പ്രവര്‍ത്തിക്കാനുദ്ദേശിക്കുകയും അതുപ്രവര്‍ത്തിക്കുകയും ചെയ്താല്‍ ആ പുണ്യകര്‍മ്മത്തെ അല്ലാഹു തന്റെയടുക്കല്‍ പത്തുമുതല്‍ എഴുനൂറ് ഇരട്ടിയായും അതിന് മേല്‍പ്പോട്ട് എത്രയോ ഇരട്ടിയായും രേഖപ്പെടുത്തിവെക്കും. മറിച്ച്, ഒരു ദുഷ്കൃത്യം ചെയ്യുവാന്‍ ഉദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അതു ഒരുപൂര്‍ണ്ണമായ സല്‍ക്കര്‍മ്മമായി അവന്റെ പേരില്‍ അല്ലാഹു രേഖപ്പെടുത്തും. പ്രവര്‍ത്തിച്ചാല്‍ മറ്റൊരു ദുഷ്കൃത്യം അവന്‍ ചെയ്തതായി മാത്രമെ അല്ലാഹു രേഖപ്പെടുത്തുകയുള്ളൂ. (ബുഖാരി. 8. 76. 498)

30) അനസ്(റ) നിവേദനം: നിങ്ങള്‍ ചില പ്രവൃത്തികള്‍ ചെയ്യും. നിങ്ങളുടെ ദൃഷ്ടിയില്‍ അതു ഒരു മുടിയെക്കാള്‍ നിസ്സാരമായിരിക്കും. എന്നാല്‍ ഞങ്ങള്‍ (സഹാബിമാര്‍) നബി(സ)യുടെ കാലത്തു അതിനെ മഹാപാപമായിട്ടാണ് ദര്‍ശിച്ചിരുന്നത്. (ബുഖാരി. 8. 76. 499)

31) ജുന്‍ദുബ്(റ) നിവേദനം: നബി(സ) അരുളി: കേള്‍വിയും കീര്‍ത്തിയും നേടാന്‍ വല്ലവനും പ്രവര്‍ത്തിച്ചാല്‍ അല്ലാഹു അവന്ന് കേള്‍വിയും കീര്‍ത്തിയും കൈവരുത്തിക്കൊടുക്കും. ജനങ്ങളെ കാണിക്കാന്‍ ഒരു കാര്യം ചെയ്താല്‍ അതേ നിലക്ക് അവനോട് അല്ലാഹുവും പെരുമാറും. (ബുഖാരി. 8. 76. 506)

32) ഉബാദത്ത്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിനെ കാണാന്‍ വല്ലവനും ഇഷ്ടപ്പെട്ടാല്‍ അവനെ കാണാന്‍ അല്ലാഹുവും ഇഷ്ടപ്പെടും. അല്ലാഹുവിനെ കാണാന്‍ വല്ലവനും ഇഷ്ടപ്പെടുന്നില്ലെങ്കിലോ അവനെ കാണാന്‍ അല്ലാഹുവും ഇഷ്ടപ്പെടുകയില്ല. അന്നേരം ആയിശ ( റ) അല്ലെങ്കില്‍ തിരുമേനിയുടെ മറ്റൊരു പത്നി പറഞ്ഞു. ഞങ്ങള്‍ മരണം ഇഷ്ടപ്പെടുന്നില്ല. നബി(സ) അരുളി: ഞാന്‍ പറഞ്ഞതിന്റെ സാരം അതല്ല. സത്യവിശ്വാസിക്ക് മരണം ആസന്നമായാല്‍ അല്ലാഹുവിനുള്ള ബഹുമാനത്തെയും സംതൃപ്തിയെയും കുറിച്ചുള്ള സന്തോഷവാര്‍ത്ത അവനെ അറിയിക്കും. അപ്പോള്‍ തന്റെ മുമ്പിലുള്ളതിനേക്കാള്‍ (മരണത്തേക്കാള്‍) പ്രിയങ്കരമായി അവന്റെ പക്കല്‍ ഒന്നുമുണ്ടായിരിക്കുകയില്ല. അപ്പോള്‍ അല്ലാഹുവിനെ കാണാന്‍ അവനിഷ്ടപ്പെടും. അവനെ കാണാന്‍ അല്ലാഹുവും. സത്യനിഷേധിക്കു മരണം ആസന്നമായാല്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള സന്തോഷവാര്‍ത്തയാണ് അവനെ അറിയിക്കുക. അന്നേരം തന്റെ മുമ്പിലുള്ള മരണത്തേക്കാള്‍ വെറുക്കപ്പെട്ട ഒരുകാര്യവും അവന്റെ പക്കലുണ്ടായിരിക്കുകയില്ല. അല്ലാഹുവിനെ കാണുന്നതില്‍ അവന്ന് വെറുപ്പ് തോന്നും. അവനെ കാണുന്നതില്‍ അല്ലാഹുവിനും വെറുപ്പ് തോന്നും. (ബുഖാരി. 8. 76. 514)

33) ആയിശ(റ) നിവേദനം: കഠിനസ്വഭാവക്കാരായ ചില ഗ്രാമീണര്‍ നബി(സ)യുടെ അടുക്കല്‍ വന്ന് അന്ത്യദിനം എപ്പോഴെന്ന് ചോദിക്കാറുണ്ട്. അവരില്‍ ഏറ്റവും പ്രായം കുറഞ്ഞവന്റെ നേരെ നോക്കി നബി(സ) അരുളും. ഇവന്‍ ജീവിച്ചെങ്കില്‍ ഇവനെ വാര്‍ദ്ധക്യം ബാധിക്കുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ അന്ത്യദിനം സംഭവിക്കുന്നതാണ്. (ബുഖാരി. 8. 76. 518)

34) അബൂഖതാദ(റ) പറയുന്നു: നബി(സ)യുടെ അടുത്തുകൂടി ഒരു മയ്യിത്തുകൊണ്ടുപോയി. അവിടുന്നു അരുളി: വിശ്രമിക്കുന്നവന്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ശ്രമം ലഭിക്കുന്നവന്‍. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! എന്താണ് ഇതിന്റെ വിവക്ഷ? നബി(സ) പ്രത്യുത്തരം നല്‍കി. സത്യവിശ്വാസിയായ ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്‍ ദുന്‍യാവിന്റെ ക്ളേശങ്ങളില്‍ നിന്ന് മോചിതനായി. അതിലെ ഉപദ്രവങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് അവന്‍ നീക്കപ്പെട്ടു. ദുര്‍മാര്‍ഗ്ഗി മരിച്ചാല്‍ അവനില്‍ നിന്ന് മനുഷ്യര്‍ക്കും രാജ്യത്തിനും മരങ്ങള്‍ക്കും മൃഗങ്ങള്‍ക്കും വിശ്രമം ലഭിക്കും. (ബുഖാരി. 8. 76. 519)

35) അനസ്(റ) നിവേദനം: ഒരു മയ്യിത്തിനെ മൂന്നു സംഗതികള്‍ പിന്‍തുടരും. രണ്ടെണ്ണം തിരിച്ചു പോരും. ഒന്ന് അവന്റെ കൂടെ അവശേഷിക്കും. കുടുംബം, ധനം, പ്രവര്‍ത്തനം എന്നിവയാണത്. കുടുംബവും ധനവും മടങ്ങും. പ്രവര്‍ത്തനം അവശേഷിക്കും. (ബുഖാരി. 8. 76. 521)

36) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനത്തില്‍ ഭൂമി പരമാധികാരിയായ അല്ലാഹുവിന്റെ കയ്യിലായിരിക്കും. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ റൊട്ടി തിരിച്ചും മറിച്ചും ഇടുംപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ളൊരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ (ഭൂമിയെ) ഒരു റൊട്ടിപോലെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബി(സ)യോട് പറഞ്ഞു. അബുല്‍കാസിം, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. പരലോകദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാരവിഭവമെന്തായിരിക്കുമെന്ന് ഞാന്‍ താങ്കളെ അറിയിക്കട്ടെയോ? നബി(സ) അരുളി: അതെ, ജൂതന്‍ പറഞ്ഞു: അന്ന് ഭൂമി ഒരു റൊട്ടി പോലെയായിരിക്കും. നബി(സ) അരുളിയതുപോലെതന്നെ. അപ്പോള്‍ നബി(സ)യുടെ അണപ്പല്ലുകള്‍ കാണുംവിധം അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: റൊട്ടിയിലേക്ക് അവര്‍ക്ക് കറി എന്തായിരിക്കുമെന്ന് ഞാന്‍ നിന്നെ അറിയിക്കട്ടെയോ? അവരുടെ കറി ബലാമും നൂനുമായിരിക്കും. സഹാബിമാര്‍ ചോദിച്ചു: എന്താണത്? അവിടുന്ന് അരുളി: കാളയും മീനും. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം എഴുപതിനായിരം പേര്‍ക്ക് തിന്നാനുണ്ടാവും. (ബുഖാരി. 8. 76. 527)

37) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം വെളുത്ത മിനുസമുള്ളതും പത്തിരിപോലെയുള്ളതുമായ ഒരു ഭൂമിയില്‍ മനുഷ്യരെ സമ്മേളിപ്പിക്കും. സഹ്ല് അല്ലെങ്കില്‍ മറ്റൊരു നിവേദകന്‍ പറയുന്നു. ആ മൈതാനത്തു ആര്‍ക്കും പ്രത്യേകം അടയാളങ്ങളൊന്നും സ്ഥാപിച്ചിട്ടുണ്ടായിരിക്കുകയില്ല. (ബുഖാരി. 8. 76. 528)

38) ആയിശ(റ) നിവേദനം: നബി(സ) അരുളി: പരലോകത്തു സമ്മേളിപ്പിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ നഗ്നരും പാദരക്ഷ ധരിക്കാത്തവരും ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്തവരുമായിരിക്കും. ഞാന്‍ ചോദിച്ചു. പ്രവാചകരേ! സ്ത്രീകളും പുരുഷന്മാരും അപ്പോള്‍ പരസ്പരം നോക്കുകയില്ലേ? നബി(സ) അരുളി: അവിടത്തെ സ്ഥിതി അത്തരം ചിന്തകള്‍ക്കെല്ലാം അതീതമായിരിക്കും. (ബുഖാരി. 8. 76. 534)

39) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം മനുഷ്യരുടെ വിയര്‍പ്പ് കൂടുതല്‍ ഒലിച്ചിട്ട് എഴുപതു മുഴം ആഴത്തില്‍ കെട്ടിനില്‍ക്കും. അവരുടെ വായവരെ അല്ലാത്തവരുടെ ചെവിവരെത്തന്നെ അതെത്തും. (ബുഖാരി. 8. 76. 539)

40) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: പരലോകത്തുവെച്ച് ഏറ്റവുമാദ്യം വിധികല്‍പ്പിക്കുക കൊലക്കുറ്റങ്ങളുടെ കാര്യത്തിലാണ്. (ബുഖാരി. 8. 76. 540)

41) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലും നരകവാസികള്‍ നരകത്തിലും പ്രവേശിച്ചുകഴിഞ്ഞാല്‍ ഒരു വിളിച്ചുപറയുന്നവന്‍ ഇപ്രകാരം വിളിച്ച് പറയും. നരകവാസികളെ! മരണമില്ല, സ്വര്‍ഗ്ഗവാസികളെ! മരണമില്ല. നിങ്ങള്‍ക്ക് ശാശ്വതം. (ബുഖാരി. 8. 76. 552)

42) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു സ്വര്‍ഗ്ഗവാസികളെ വിളിക്കും. സ്വര്‍ഗ്ഗവാസികളെ, എന്ന്. അപ്പോള്‍ നാഥാ! നിന്റെ വിളി ഞങ്ങളിതാ ഉത്തരം നല്‍കുന്നുവെന്ന് അവര്‍ പറയും. നിങ്ങള്‍ അതൃപ്തരാണോ? അല്ലാഹു ചോദിക്കും. അവര്‍ പറയും. ഞങ്ങള്‍ എങ്ങനെ സംതൃപ്തരാകാതിരിക്കും! നിന്റെ സൃഷ്ടികളില്‍ ആര്‍ക്കും കൊടുത്തിട്ടില്ലാത്തതു നീ ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടല്ലോ! അല്ലാഹു പറയും: അതിനേക്കാളും ഉല്‍കൃഷ്ടമായതു ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. അവര്‍ ചോദിക്കും. ഇതിനേക്കാള്‍ ഉല്‍കൃഷ്ടമായത് എന്തുണ്ട്. അല്ലാഹു പറയും. എന്റെ സംതൃപ്തി നിങ്ങള്‍ക്ക് മീതെ ഇതാ ചൊരിഞ്ഞ് തരും. ഒരിക്കലും ഞാന്‍ നിങ്ങളോട് കോപിക്കുകയില്ല. (ബുഖാരി. 8. 76. 557)

43) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിനം സത്യനിഷേധിയുടെ രണ്ടു ചുമലുകള്‍ക്കിടയില്‍ ധൃതിയില്‍ പോകുന്ന ഒരു വാഹനയാത്രക്കാരന് മൂന്ന് ദിവസം സഞ്ചരിക്കുവാനുള്ള ദൂരമുണ്ടായിരിക്കും. (ബുഖാരി. 8. 76. 559)

44) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗത്തില്‍ ഒരു മരമുണ്ട്. അതിന്റെ നിഴലിലൂടെ ഒരു നല്ല കുതിരപ്പുറത്ത് ഒരാള്‍ യാത്ര ചെയ്താല്‍ നൂറ് വര്‍ഷം ആ യാത്ര തുടര്‍ന്നാലും നിഴലിനെ അയാള്‍ മുറിച്ച് കടക്കുകയില്ല. (ബുഖാരി. 8. 76. 559)

45) ജാബിര്‍(റ) പറയുന്നു: നബി(സ) അരുളി: ശുപാര്‍ശ കൊണ്ട് നരകത്തില്‍ നിന്ന് ഒരു വിഭാസത്തെ പുറത്തു കൊണ്ടുവരും. അവര്‍ പാലുണ്ണി പോലെയുണ്ടായിരിക്കും. (ബുഖാരി. 8. 76. 563)

46) അനസ്(റ) പറയുന്നു: നബി(സ) അരുളി: അഗ്നി തട്ടിക്കരിഞ്ഞ അടയാളത്തോട് കൂടി നരകത്തില്‍ നിന്ന് ഒരു ജനത പുറത്തുവരും. എന്നിട്ടവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അപ്പോള്‍ നരകക്കാര്‍ എന്ന് സ്വര്‍ഗ്ഗവാസികള്‍ അവരെ വിളിക്കും. (ബുഖാരി. 8. 76. 564)

47) നുഅ്മാന്‍(റ) പറയുന്നു: നബി(സ) അരുളി: നരകവാസികളില്‍ ഏറ്റവും ലഘുവായ ശിക്ഷ അനുഭവിക്കുന്നവന്‍ ഒരാളായിരിക്കും. അവന്റെ പാദങ്ങള്‍ക്കിടയില്‍ രണ്ട് തീക്കട്ട വെക്കും. അതുകാരണം ചട്ടിയിലോ വായ കുടുസ്സായ പാത്രത്തിലോ കിടന്ന് അതിലൊഴിച്ച സാധനം തിളച്ച് പൊങ്ങും പോലെ അവന്റെ തലച്ചോറ് തിളച്ചുപൊങ്ങിക്കൊണ്ടിരിക്കും. (ബുഖാരി. 8. 76. 567)

48) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞാലും കുറ്റം ചെയ്തെങ്കില്‍ അവന്ന് നരകത്തില്‍ നല്‍കുമായിരുന്ന സീറ്റ് കാണിച്ചുകൊടുക്കാതിരിക്കുകയില്ല. അവന്‍ അല്ലാഹുവിനോട് കൂടുതല്‍ നന്ദിയുള്ളവനായിരിക്കുവാനാണ് അങ്ങിനെ ചെയ്യുന്നത്. ഇപ്രകാരം തന്നെ ഒരാള്‍ നരകത്തില്‍ പ്രവേശിച്ചുകഴിഞ്ഞാലും നന്മചെയ്തതെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ ലഭിക്കുമായിരുന്ന സീറ്റ് അവന് കാണിച്ചു കൊടുക്കാതിരിക്കുകയില്ല. അവന്‍ ഖേദിക്കുവാന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. (ബുഖാരി. 8. 76. 573)

49) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: നരകത്തില്‍ നിന്ന് അവസാനമായി മോചിതനായി സ്വര്‍ഗ്ഗത്തില്‍ അവസാനമായി പ്രവേശിക്കുന്നവന്‍ ആരാണെന്ന് എനിക്കറിയാം. അയാള്‍ ഒരു മനുഷ്യനാണ്. മുട്ടുകുത്തിക്കൊണ്ട് അയാള്‍ നരകത്തില്‍ നിന്ന് പുറത്തുകയറും. അല്ലാഹു പറയും. നീ പോയി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അയാള്‍ അങ്ങനെ സ്വര്‍ഗ്ഗത്തില്‍ കടക്കും. അതു മുഴുവന്‍ സ്വര്‍ഗ്ഗമാണെന്ന് അയാള്‍ ഊഹിക്കും. അയാള്‍ തിരിച്ച് വന്ന് അല്ലാഹുവിനോട് പറയും: എന്റെ രക്ഷിതാവേ! ഞാനതു സമ്പൂര്‍ണ്ണമായി ദര്‍ശിച്ചു. അല്ലാഹു പറയും: നീ പോവുക സ്വര്‍ഗ്ഗത്തില്‍ കടക്കുക. ആദ്യത്തേതു പോലെ അയാള്‍ പറയും. അതുപോലെ അല്ലാഹു മറുപടിയും നല്‍കും. ശേഷം അല്ലാഹു പറയും: പത്തു ദുന്‍യാവ് പോലെയുള്ളത് നിനക്കുണ്ട്. അപ്പോള്‍ അയാള്‍ ചോദിക്കും. നീ എന്നെ പരിഹസിക്കുകയാണോ? അതല്ല എന്റെ നേരെ ചിരിക്കുകയാണോ? നീ രാജാവാണ്. ഇതുപറഞ്ഞു നബി(സ) തന്റെ പല്ലുകള്‍ കാണുന്നവിധം ചിരിച്ചു. (ബുഖാരി. 8. 76. 575)

50) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: നിങ്ങളുടെ മുമ്പില്‍ എന്റെ ഹൌള് പ്രത്യക്ഷപ്പെടാന്‍ പോകുന്നുണ്ട്. ജര്‍ബാഇന്നും അദ്റൂഹിന്നും ഇടക്കുള്ളത്രയുണ്ടായിരിക്കും അതിന്റെ അകലം. (ബുഖാരി. 8. 76. 579)

51) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ)ക്ക് നല്‍കിയ ധാരാളം നന്മകള്‍ക്കാണ് കൌസര്‍ എന്ന് പറയുന്നത്. (ബുഖാരി. 8. 76. 580)

52) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: എന്റെ ഹൌളിന്റെ വിസ്താരം ഒരു മാസത്തെ യാത്രാദൂരമാണ്. അതിലെ വെള്ളം പാലിനെക്കാള്‍ വെളുത്തതും കസ്തൂരിയേക്കാള്‍ സുഗന്ധമുള്ള തുമായിരിക്കും. ആ വെള്ളം നിറക്കാനുള്ള കൂജകള്‍ നക്ഷത്രങ്ങള്‍ പോലെയായിരിക്കും. അതു ആരെങ്കിലും കുടിച്ചാല്‍ പിന്നീട് ഒരിക്കലും അവന്‍ ദാഹിക്കുന്നവനല്ല. (ബുഖാരി. 8. 76. 581)

53) അനസ്(റ) നിവേദനം: നബി(സ) അരുളി: എന്റെ ഹൌളിന് ഐലക്കും യമനിലെ സന്‍ആഇന്നും ഇടക്കുള്ളത്ര വിസ്താരമുണ്ടായിരിക്കും. അതിലെ ജലം നിറക്കാന്‍ നക്ഷത്രങ്ങളുടെ എണ്ണത്തോളം വരുന്ന കൂജകളുണ്ടായിരിക്കും. (ബുഖാരി. 8. 76. 582)

54) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം എന്റെ ഹൌളില്‍ നിന്ന് ചിലരെ തട്ടിമാറ്റും. അപ്പോള്‍ ഞാന്‍ പറയും: എന്റെ രക്ഷിതാവേ! അവര്‍ എന്റെ അനുയായികളാണ്. അപ്പോള്‍ അവന്‍ പറയും. നിനക്ക് ശേഷം അവര്‍ പുതിയതായി നിര്‍മ്മിച്ചതിനെ സംബന്ധിച്ച് നിനക്ക് യാതൊരു അറിവുമില്ല. അവര്‍ പിന്നിലേക്ക് പോയിക്കൊണ്ടിരുന്നു. (ബുഖാരി. 8. 76. 584)

Tuesday, December 29, 2009

വിധി

0 comments


1) ഇംറാന്‍(റ) നിവേദനം: ഒരാള്‍ ചോദിച്ചു. പ്രവാചകരെ! സ്വര്‍ഗവാസികളെയും നരകവാസികളെയും വേര്‍തിരിച്ചറിയാന്‍ കഴിയുമോ? അതെയെന്ന് അവിടന്നരുളി: അയാള്‍ വീണ്ടും ചോദിച്ചു: പ്രവര്‍ത്തിക്കുന്നവര്‍ എന്തിന് പ്രവര്‍ത്തിക്കണം? നബി(സ) അരുളി: ഏത് ലക്ഷ്യത്തെ മുന്‍ നിര്‍ത്തിക്കൊണ്ടാണോ തങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ആ ലക്ഷ്യം നിറവേറ്റാനായിരിക്കും ഓരോ മനുഷ്യനും സ്വതവേ പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ തനിക്ക് സൌകര്യപ്പെട്ടത് പ്രവര്‍ത്തിക്കാനാണ് ഓരോ മനുഷ്യനും ശ്രമിക്കുക. (ബുഖാരി. 8. 77. 595)

2) ഹുദൈഫ(റ) നിവേദനം: നബി(സ) ഞങ്ങളെ അഭിമുഖീകരിച്ച് ഒരു പ്രസംഗം നടത്തി. അന്ത്യദിനം വരേയുണ്ടാകുന്ന ഒരുകാര്യവും അതില്‍ എടുത്ത് പറയാതെ നബി(സ) വിട്ടില്ല. ഓര്‍മ്മിക്കാന്‍ താല്പര്യമുള്ളവരെല്ലാം അതു ഓര്‍മ്മിച്ചു. താല്പര്യമില്ലാത്തവര്‍ വിസ്മരിച്ചു. ഒരാള്‍ക്ക് മറ്റൊരാളെ പരിചയമുണ്ടായിരിക്കും അയാള്‍ കണ്‍മുമ്പില്‍ നിന്ന് പോയാല്‍ ഇവന്റെ വിസ്മൃതിപഥത്തില്‍ നിന്നും അയാള്‍ വിട്ടു പോവുക സ്വാഭാവികമാണ്. പിന്നീട് കണ്ടുമുട്ടുമ്പോള്‍ ഓര്‍മ്മ വരികയും ചെയ്യും. ഇതു പോലെ ചില സംഗതികള്‍ ഓര്‍മ്മയില്‍ നിന്ന് വിട്ടുപോവുകയും പിന്നീടതിനെക്കുറിച്ച് ഓര്‍ക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ ഓര്‍മ്മ വരികയും അല്ലാത്തപക്ഷം മറന്നുപോകുകയും ചെയ്യും. (ബുഖാരി. 8. 77. 601)

3) ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) നേര്‍ച്ചയെ വിരോധിച്ചിരിക്കുന്നു. അവിടുന്ന് അരുളിയിട്ടുണ്ട്. തീര്‍ച്ചയായും നേര്‍ച്ച യാതൊരു ഉപകാരവും കൊണ്ട് വരില്ല. പിശുക്കന്മാരില്‍ നിന്ന് അതു ധനം പുറത്തെടുക്കും (അത്രമാത്രം). (ബുഖാരി. 8. 77. 605)

4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു: ഞാന്‍ നിശ്ചയിച്ചുവെച്ചതല്ലാതെ അതിന്നപ്പുറം ഒരു നേട്ടവും നേര്‍ച്ച മൂലം ആദമിന്റെ സന്താനങ്ങള്‍ക്ക് ലഭിക്കുകയില്ല. എന്നാല്‍ വിധി അവനെ കണ്ടുമുട്ടും. പിശുക്കില്‍ നിന്ന് അതു ധനത്തെ പുറത്തെടുക്കും. (ബുഖാരി. 8. 77. 606)

5) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: രണ്ട് രഹസ്യോപദേഷ്ടാക്കള്‍ ഉപദേശം നല്‍കിക്കൊണ്ടിരിക്കാത്ത ഒരൊറ്റ ഖലീഫയും അധികാരത്തിലിരുന്നിട്ടില്ല. ഒരു ഉപദേഷ്ടാവ് അവനോട് നന്മ ഉപദേശിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യും. മറ്റേ ഉപദേഷ്ടാവോ തിന്മ ഉപദേശിക്കും. അതിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അല്ലാഹു ആരെ കാത്തു രക്ഷിച്ചോ അവനെത്രെ സുരക്ഷിതന്‍. (ബുഖാരി. 8. 77. 608)

6) അബ്ദുല്ല(റ) നിവേദനം: അങ്ങിനെയല്ല. ഹൃദയങ്ങളെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം എന്ന് നബി(സ) പലപ്പോഴും പറയാറുണ്ടായിരുന്നു. (ബുഖാരി. 8. 77. 614)

Monday, December 28, 2009

പ്രതിജ്ഞകളും നേര്‍ച്ചകളും

0 comments


1) അബ്ദുറഹ്മാന്‍ ബിന്‍ സമുറ(റ) നിവേദനം: നബി(സ) അരുളി: അല്ലയോ അബ്ദുറഹ്മാന്‍! നീ അധികാരം ചോദിച്ചു വാങ്ങരുത്. ആവശ്യപ്പെട്ടിട്ട് നിനക്കതു ലഭിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിനക്കായിരിക്കും. ആവശ്യപ്പെടാതെ നിനക്കാസ്ഥാനം ലഭിച്ചാല്‍ അധികാരസ്ഥാനത്തു നിനക്ക് സഹായസഹകരണങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കും. ഇപ്രകാരം നീ ഒരു സത്യം ചെയ്തു. ആ പ്രതിജ്ഞ ലംഘിക്കുന്നതാണ് കൂടുതല്‍ പ്രയോജനമെന്ന് നിനക്ക് തോന്നി. എങ്കില്‍ പ്രായശ്ചിത്തം നല്‍കി നിന്റെ പ്രതിജ്ഞ ലംഘിക്കുകയും കൂടുതല്‍ ഉത്തമമായ നടപടി സ്വീകരിക്കുകയും ചെയ്തുകൊള്ളുക. (ബുഖാരി. 8. 78. 619)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നാം കാലം കൊണ്ട് അവസാനത്തെ സമുദായമാണെങ്കിലും പുനരുത്ഥാന ദിവസം സ്ഥാനം കൊണ്ട് മുന്‍കടക്കുന്നവരാണ്. തന്റെ ഭാര്യയുടെ കാര്യത്തില്‍ താന്‍ സ്വീകരിച്ച പ്രതിജ്ഞയുടെ മേല്‍ ശഠിച്ച് നില്‍ക്കുന്നതാണ് പ്രതിജ്ഞ ലംഘിച്ചിട്ട് അല്ലാഹു നിശ്ചയിച്ച പ്രായശ്ചിത്തം നല്‍കുന്നതിനേക്കാളും വലിയ പാപം. (ബുഖാരി. 8. 78. 621)

3) അബൂദര്‍റ്(റ) നിവേദനം: ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നപ്പോള്‍ കഅ്ബ:യുടെ നാഥനെക്കൊണ്ട് സത്യം. അവര്‍ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി. കഅ്ബ:യുടെ നാഥനെക്കൊണ്ട് സത്യം. അവര്‍ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി എന്ന് കഅ്ബ:യുടെ നിഴലില്‍ ഇരുന്നുകൊണ്ട് അവിടുന്ന് പറയുന്നുണ്ട്. അവിടുന്ന് എന്നില്‍ എന്തെങ്കിലും കാണുന്നുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ അവിടുത്തെ മുമ്പില്‍ ചെന്നിരുന്നു. അപ്പോഴും അവിടുന്ന് അങ്ങിനെ അരുളിക്കൊണ്ടിരുന്നു. എനിക്ക് മൌനം ദീക്ഷിക്കുവാന്‍ കഴിഞ്ഞില്ല. എന്നെവളരെയേറെ ദു:ഖം ബാധിച്ചു. ഞാന്‍ ചോദിച്ചു: പ്രവാചകരേ! എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് വേണ്ടി ബലി. ആരെക്കുറിച്ചാണ് താങ്കള്‍ അരുളിക്കൊണ്ടിരിക്കുന്നത്? നബി(സ) അരുളി: കൂടുതല്‍ ധനമുള്ളവര്‍ തന്നെ. പക്ഷെ, ആ ധനം കൊണ്ട് ഇങ്ങിനെയും ഇങ്ങിനെയും ഇങ്ങിനെയും ചെയ്തവര്‍ അതിലുള്‍പ്പെടുകയില്ല. (ബുഖാരി. 8. 78. 633)

4) അബ്ദുല്ല(റ) നിവേദനം: അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക, മാതാപിതാക്കളെ ഉപദ്രവിക്കുക, അന്യായമായി മനുഷ്യരെ വധിക്കുക, കള്ളസത്യം ചെയ്യുക മുതലായവ മഹാപാപത്തില്‍ പെട്ടതാണെന്ന് നബി(സ) അരുളി. (ബുഖാരി. 8. 78. 667)

5) ആയിശ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിനെ അനുസരിക്കാന്‍ വല്ലവനും നേര്‍ച്ചയാക്കിയാല്‍ അവന്‍ അനുസരിച്ച് കൊള്ളട്ടെ. അല്ലാഹുവിന്റെ കല്‍പന ലംഘിക്കുവാനാണ് ഒരാള്‍ നേര്‍ച്ചയാക്കിയതെങ്കില്‍ കല്‍പന ലംഘിച്ചുകൊണ്ടുള്ള ആ നേര്‍ച്ച അവന്‍ ഒരിക്കലും പൂര്‍ത്തിയാക്കരുത്. (ബുഖാരി. 8. 78. 687)

6) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സദസ്സിന്റെ ഒരു ഭാഗത്തു ഒരു മനുഷ്യന്‍ നില്‍ക്കുന്നതു കണ്ടു. നബി(സ) അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. അതു അബുഇസ്രാഈല്‍ ആണെന്നും അദ്ദേഹം ഇരിക്കുകയോ സംസാരിക്കുകയോ തണലില്‍ ചെന്നിരിക്കുകയോ ചെയ്യുകയില്ലെന്നും നോമ്പ് അനുഷ്ഠിച്ചു കൊണ്ടേയിരിക്കുമെന്നും നേര്‍ച്ചയാക്കിയിരിക്കുകയാണെന്ന് സദസ്യര്‍ പറഞ്ഞു. നബി(സ) അരുളി: അയാളോട് സംസാരിക്കുവാനും ഇരിക്കുവാനും തണല്‍ ഉപയോഗിക്കുവാനും പറയുക. നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്തുകൊള്ളട്ടെ. (ബുഖാരി. 8. 78. 695)

Sunday, December 27, 2009

പ്രതിജ്ഞക്കുള്ള പ്രായശ്ചിത്തങ്ങള്‍

0 comments


1) സാഇബ് ബിന്‍ യസീദ്(റ) പറയുന്നു: നബി(സ)യുടെ കാലത്തെ ഒരു സ്വാഅ് നിങ്ങളുടെ ഇന്നത്തെ ഒരു മുദും അതിന്റെ മൂന്നില്‍ രണ്ടു ഭാഗവുമായിരുന്നു. ഉമറ്ബനുല്‍ അബദില്‍ അസീസ്(റ) ന്റെ കാലത്ത് അതില്‍ വര്‍ദ്ധനവ് ഉണ്ടാക്കി. (ബുഖാരി. 8. 79. 703)

2) നാഫിഅ്(റ) പറയുന്നു. ഇബ്നുഉമര്‍(റ) ഫിത്വ്ര്‍ സകാത്ത് നല്‍കാറുണ്ടായിരുന്നത് നബി(സ)യുടെ മുദ്ദിനെ പരിഗണിച്ചായിരുന്നു. പ്രായശ്ചിത്തം അപ്രകാരം തന്നെ. (ബുഖാരി. 8. 79. 704)

3) ഹമ്മാദ്(റ) പറയുന്നു: നബി(സ) അരുളി: ഞാനൊരു സംഗതിചെയ്യുകയില്ലെന്ന് സത്യം ചെയ്തു. ശേഷം അതിനേക്കാള്‍ ഉത്തമമായതു കണ്ടാല്‍ സത്യം ലംഘിച്ച് പ്രായശ്ചിത്തം നല്‍കും. (ബുഖാരി. 8. 79. 710)

Friday, December 25, 2009

അനന്തരാവകാശം

0 comments


1) ആയിശ(റ) നിവേദനം: നബി(സ) അരുളി: ഞങ്ങള്‍ അനന്തരമെടുക്കപ്പെടുകയില്ല. ഞങ്ങള്‍ ഉപേക്ഷിച്ചിടുന്നത് ദാനധര്‍മ്മമാണ്. (ബുഖാരി. 8. 80. 719)

2) ഇബ്നുഅബ്ബാസ്(റ) നിവേദം: നബി(സ) അരുളി: അനന്തരാവകാശികള്‍ക്ക് അവരുടെ ഓഹരികള്‍ നല്‍കിയശേഷം ബാക്കിയുള്ളത് കുടുംബത്തില്‍ ഏറ്റവും അടുത്ത ബന്ധമുള്ള പുരുഷന് അവകാശപ്പെട്ടതാണ്. (ബുഖാരി. 8. 80. 724)

3) മുആദ്(റ) നിവേദനം: ഒരാള്‍ മരിച്ച് അയാള്‍ക്ക് പെണ്‍കുട്ടിയും സഹോദരിയും ഉണ്ടായാല്‍ പെണ്‍കുട്ടിക്ക് പകുതിയും സഹോദരിക്കു പകുതിയും ലഭിക്കും. (ബുഖാരി. 8. 80. 726)

4) ഹൂസൈല്‍(റ) പറയുന്നു: മരിച്ചവ്യക്തിക്ക് ഒരു പുത്രിയും മകന്റെ ഒരുപുത്രിയും ഒരു സഹോദരിയുമുണ്ട്. എങ്കില്‍ അവരുടെ അവകാശം എങ്ങിനെയാണെന്ന് അബൂമൂസ(റ)യോട് ഒരാള്‍ ചോദിച്ചു. സ്വന്തം പുത്രിക്ക് പകുതിയും സഹോദരിക്കുപകുതിയും ലഭിക്കുമെന്ന് മറുപടി അദ്ദേഹം നല്‍കി. ശേഷം പറഞ്ഞു: നിങ്ങള്‍ ഇബ്നുമസ്ഊദിന്റെയടുക്കല്‍ പോയി അദ്ദേഹത്തോട് ചോദിച്ചുകൊള്ളുക. അദ്ദേഹം എന്റെ അഭിപ്രായത്തെ അനുകൂലിക്കുമെന്ന് അബൂമൂസ പറഞ്ഞു. ഇബ്നുമസ്ഊദിന്റെ യടുക്കല്‍ ചെന്ന് അബൂമൂസായുടെ തീരുമാനം അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. അങ്ങിനെ വിധി കല്‍പ്പിക്കുന്നപക്ഷം ഞാന്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവനായിരിക്കുകയില്ല. വഴി പിഴച്ചവനായിരിക്കും. നബി(സ) കല്‍പ്പിച്ചതനുസരിച്ചാണ് ഈ വിഷയത്തില്‍ ഞാന്‍ തീരുമാനം കല്‍പ്പിക്കുക. സ്വന്തം പുത്രിക്ക് പകുതി ലഭിക്കും. മകന്റെ മകള്‍ക്ക് ആറിലൊരംശവും. ബാക്കിയുള്ളത് സഹോദരിക്ക് ലഭിക്കും. അബൂമൂസയെ വിവരമറിയിച്ചപ്പോള്‍ ഈ മഹാപണ്ഡിതന്‍ നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന കാലമത്രയും ഇത്തരം വിഷയങ്ങളെക്കുറിച്ച് നിങ്ങളെന്നോട് ചോദിക്കാന്‍ വരരുത് എന്നദ്ദേഹം ഉപദേശിച്ചു. (ബുഖാരി. 8. 80. 728)

5) അസ്വദ്(റ) പറയുന്നു: മുആദ്(റ) നബി(സ)യുടെ കാലത്ത് പുത്രിക്ക് പകുതിയും സഹോദരിക്ക് പകുതിയും അവകാശം നല്‍കി. സുലൈമാന്‍ (നിവേദകന്‍) ശേഷം പറഞ്ഞു: നബി(സ) യുടെ കാലത്ത് എന്നുപറയുന്നില്ല. (ബുഖാരി. 8. 80. 733)

6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ വെറുക്കരുത്. വല്ലവനും തന്റെ പിതാവിനെ വെറുക്കുന്ന പക്ഷം അവന്‍ നന്ദികെട്ടവനത്രെ. (ബുഖാരി. 8. 80. 759)

7) അബൂ ഉമാമ(റ) പറഞ്ഞു: ഹജ്ജത്തുല്‍ വദായിലെ പ്രഭാഷണത്തില്‍ (ഖുത്തുബ) പ്രവാചകന്‍(സ) പറയുന്നതു ഞാന്‍ കേട്ടു: നിശ്ചയമായും അല്ലാഹു ഓരോരുത്തര്‍ക്കും അവനു അവകാശപ്പെട്ട് പങ്കു നല്‍കിയിരിക്കുന്നു. അതിനാല്‍ പിന്തുടര്‍ച്ചാവകാശി യാകുന്നവരുവനു വേണ്ടി മരണശാസനം വേണ്ട (അബൂദാവൂദ്)

8) ബുറൈദ(റ) പറഞ്ഞു: കസാഅയില്‍പെട്ട ഒരാള്‍ മരിക്കയും അയാളുടെ പിന്തുടര്‍ച്ചാവകാശം പ്രവാചക(സ) ന്റെ അടുക്കല്‍ കൊണ്ടുവരപ്പെടുകയും ചെയ്തു. അവിടുന്നു പറഞ്ഞു: അയാളുടെ അവകാശിയെ അല്ലെങ്കില്‍ പെണ്‍വഴിക്കു അയാളുമായി ബന്ധമുള്ള ഒരാളെ അന്വേഷിക്കുക . എന്നാല്‍ അയാള്‍ക്കു ഒരു അവകാശിയേയോ, പെണ്‍വഴിയില്‍ ബന്ധമുള്ള ഒരാളെയോ കാണുവാന്‍ അവര്‍ക്കു സാധിച്ചില്ല. അതിനാല്‍ അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: അയാളുമായി പ്രപിതാമഹന്‍ മൂലം ഏറ്റവും അടുത്ത ബന്ധമുള്ള കസാഅയില്‍ പെട്ടവര്‍ക്ക് കൊടുക്കുക. (അബൂദാവൂദ്)

9) ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു. ഒരാള്‍ മരിക്കയും അയാള്‍ സ്വതന്ത്രനാക്കപ്പെട്ട ഒരു അടിമയല്ലാതെ മറ്റു അവകാശികള്‍ അയാള്‍ക്കു അവശേഷിക്കാതിരിക്കയും ചെയ്തു. പ്രവാചകന്‍(സ) പറഞ്ഞു. അയാള്‍ക്ക് (പിന്‍തുടര്‍ച്ചാവകാശപ്പെടുത്തുന്നതിന്) ആരെങ്കിലും ഉണ്ടോ? അവര്‍ പറഞ്ഞു: സ്വതന്ത്രനാക്കിയ ഒരടിമയല്ലാതെ അയാള്‍ക്കു മറ്റാരും ഇല്ല. അതിനാല്‍ പ്രവാചകന്‍(സ) അയാളുടെ പിന്‍തുടര്‍ച്ചാവകാശം അയാള്‍ക്ക് (അടിമക്ക്) കൊടുത്തു. (അബൂദാവൂദ്)

10) മിഖ്ദാം(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഞാന്‍ ഓരോ വിശ്വാസിയോടും അവനവനെത്തന്നെയെക്കാള്‍ അടുത്താണ്. അതുകൊണ്ട് ഒരുകടത്തെയോ പുലര്‍ത്തേണ്ട കുട്ടികളേയോ ആരൊരുവന്‍ ശേഷിപ്പിക്കുന്നുവോ, അതു നമ്മുടെ ചുമതലയിലാണ്; ആരൊരുവന്‍ സ്വത്തു ശേഷിപ്പിക്കുന്നുവോ, അത് അവന്റെ പിന്‍ഗാമികള്‍ക്കുമാണ്. അവാകാശികളില്ലാത്ത ആളിന്റെ അവകാശി ഞാനാകുന്നു. ഞാന്‍ അയാളുടെ സ്വത്തിനു അവകാശിയായിത്തീരുകയും അവന്റെ ബാദ്ധ്യസ്ഥതയെ വിമോചിക്കയും ചെയ്യുന്നു. (അബൂദാവൂദ്)

11) അബുഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഘാതകന്‍ പിന്തുടര്‍ച്ചാവകാശിയാകുന്നില്ല. (തിര്‍മിദി)

12) അംറ് ഇബ്നു ഷുഅയ്ബ്(റ) നിവേദനം ചെയ്തു: പ്രവാചകന്‍(സ) പറഞ്ഞു: സ്വതന്ത്രയായ ഒരു സ്ത്രീയുമായോ ഒരു അടിമസ്ത്രീയായോ വ്യഭിചാരം നടത്തി (അപ്രകാരം ജനിക്കുന്ന) ശിശു നിയമാനുസൃതമല്ല. അവന്‍ പിന്‍തുടര്‍ച്ചാവകാശിയാകുന്നില്ല. അവനെ പിന്‍തുടര്‍ച്ചാവകാശപ്പെടുത്തുന്നുമില്ല. (തിര്‍മിദി)

Wednesday, December 23, 2009

ശിക്ഷാവിധികള്‍

0 comments


1) അനസ്(റ) നിവേദനം: നബി(സ) കള്ള് കുടിയനെ ചെരിപ്പുകള്‍ കൊണ്ടും ഈത്തപ്പനയുടെ മടല്‍കൊണ്ടും അടിക്കുവാന്‍ കല്‍പ്പിച്ചു. അബൂബക്കര്‍(റ) നാല്‍പതു അടിയാണ് അവന്ന് നല്‍കിയിരുന്നത്. (ബുഖാരി. 8. 81. 764)

2) അലി(റ) പറയുന്നു: ഞാന്‍ ഒരാളുടെ മേല്‍ ശിക്ഷാനടപടികള്‍ നടപ്പാക്കുമ്പോള്‍ അവന്‍ മരിച്ചാല്‍ ദു: ഖിക്കുകയില്ല. മദ്യപാനി ഒഴികെ കാരണം അവന്റെ മേല്‍ നിര്‍ണ്ണിതമായ ശിക്ഷാനടപടി പ്രവാചകന്‍ മതപരമാക്കിയിട്ടില്ല. അതിനാല്‍ അവന്‍ മരിച്ചാല്‍ ഞാന്‍ പ്രായശ്ചിത്തം നല്‍കുന്നതാണ്. (ബുഖാരി. 8. 81. 769)

3) സാഇബ്(റ) നിവേദനം: നബി(സ)യുടെയും അബൂബക്കര്‍(റ)ന്റെയും ഉമര്‍(റ)ന്റെയും ഭരണകാലത്ത് ആരംഭത്തിലും മദ്യപാനികളെ ഞങ്ങള്‍ കൈകള്‍ കൊണ്ടും ചെരിപ്പുകള്‍കൊണ്ടും വസ്ത്രംകൊണ്ടും അടിക്കുകയാണ് ചെയ്തിരുന്നത്. ഉമര്‍(റ) ഭരണത്തിന്റെ അവസാനഘട്ടം നാല്‍പതു അടി നടപ്പിലാക്കി. പക്ഷെ, മദ്യപാനികള്‍ വര്‍ദ്ധിക്കുകയും അവര്‍ ദുര്‍മാര്‍ഗ്ഗം ചെയ്യുവാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ഉമര്‍(റ) ശിക്ഷ 80 അടിയായി വര്‍ധിപ്പിച്ചു. (ബുഖാരി. 8. 81. 770)

4) ഉമര്‍ (റ) നിവേദനം: നബി(സ)യുടെ കാലത്ത് അബ്ദുല്ല എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. ജനങ്ങള്‍ അയാളെ കഴുത (ഹിമാര്‍) എന്നാണ് വിളിച്ചിരുന്നത്. അയാള്‍ നബി(സ)യെ തമാശ പറഞ്ഞ് ചിരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ മദ്യപിച്ച കാരണം നബി(സ) അയാളെ അടിച്ചു. വീണ്ടും മദ്യപിച്ചതുമൂലം അയാളെ നബിയുടെ മുന്നില്‍ കൊണ്ടു വന്നു. അപ്പോഴും നബിയുടെ കല്പനപ്രകാരം അനുചരന്മാര്‍ അയാളെ അടിച്ചു. കൂട്ടത്തിലൊരാള്‍ പറഞ്ഞു. അല്ലാഹു നിന്നെ ശപിക്കട്ടെ. എത്ര പ്രാവശ്യമായി അവനെ മദ്യപിച്ച നിലക്ക് പിടിച്ചുകൊണ്ടുവരുന്നു. നബി(സ) അരുളി: നിങ്ങളയാളെ ശപിക്കരുത്. അല്ലാഹു സത്യം! അയാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും സ്നേഹിക്കുന്നുവെന്ന് തന്നെയാണ് എന്റെ അറിവ്. (ബുഖാരി. 8. 81. 771)

5) അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ കള്ള് കുടിച്ച ഒരാളെ നബി(സ)യുടെ അടുക്കല്‍ കൊണ്ടു വന്നു. നബി(സ) അരുളി: നിങ്ങള്‍ അവനെ അടിക്കുവീന്‍. ഞങ്ങളില്‍ ചിലര്‍ കൈകൊണ്ടും ചിലര്‍ ചെരിപ്പുകൊണ്ടും ചിലര്‍ വസ്ത്രം കൊണ്ടും അവനെ അടിച്ചു. അവന്‍ വിട്ടുപോയപ്പോള്‍ ചിലര്‍ പറഞ്ഞു: അല്ലാഹു നിന്നെ അപമാനിക്കട്ടെ. ഉടനെ നബി(സ) അരുളി: അങ്ങിനെ പറയരുത്, അത് അവന്ന് അനുകൂലമായി പിശാചിനെ സഹായിക്കലായിരിക്കും. (ബുഖാരി. 8. 81. 772)

6) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ശരിയായ വിശ്വാസിയായിക്കൊണ്ട് ഒരാള്‍ വ്യഭിചരിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുകയില്ല. (ബുഖാരി. 8. 81. 773)

7) ആയിശ(റ) നിവേദനം: നബി(സ) അരുളി: കാല്‍ സ്വര്‍ണ്ണനാണയമോ അതിലധികമോ മോഷ്ടിക്കുന്നപക്ഷം ശിക്ഷയായി കൈ മുറിക്കേണ്ടതാണ്. (ബുഖാരി. 8. 81. 780)

8) ആയിശ(റ) പറയുന്നു: ഒരു പരിചയുടെ വില വരുന്ന സാധനം മോഷ്ടിച്ചാലല്ലാതെ നബി(സ)യുടെ കാലത്ത് മോഷ്ടാവിന്റെ കൈ മുറിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 8. 81. 783)

9) ഇബ്നുഉമര്‍ (റ) നിവേദനം: ഒരിക്കല്‍ മൂന്ന് ദിര്‍ഹം വിലക്കുള്ള ഒരു പരിച മോഷ്ടിക്കുക കാരണം നബി(സ) ഒരാളുടെ കൈ മുറിച്ചു. (ബുഖാരി. 8. 81. 787)

10) സഹ്ല്(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും രണ്ട് കാലുകള്‍ക്കും താടിയെല്ലുകള്‍ക്കും ഇടയിലുള്ളതിനെ സംരക്ഷിക്കാമെന്ന് എനിക്ക് ജാമ്യം നില്‍ക്കുന്ന പക്ഷം സ്വര്‍ഗ്ഗം അവനുണ്െടന്ന് ഞാനും ജാമ്യം നില്‍ക്കാം. (ബുഖാരി. 8. 82. 799)

11) അനസ്(റ) പറയുന്നു: ഒരു മനുഷ്യന്‍ വന്ന് നബി(സ)യോട് പറഞ്ഞു. ഒരു സ്ത്രീയെ ഞാന്‍ സംയോഗം ചെയ്യുന്നത് ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചെയ്തു. എന്നെ താങ്കള്‍ ശിക്ഷിച്ചാലും. നബി(സ) മറുപടിയൊന്നും പറഞ്ഞില്ല. ഉടനെ നമസ്കാരത്തിന്റെ സമയമായി. അയാളും നബി(സ)യുടെ കൂടെ നമസ്കരിച്ചു. നമസ്കാരശേഷം അയാള്‍ ഈ ആവശ്യം ഉന്നയിച്ചു. നബി(സ) ചോദിച്ചു: നീ എന്റെ കൂടെ നമസ്കരിച്ചുവോ? അതെയെന്ന് അയാള്‍ പ്രത്യുത്തരം നല്‍കി. നബി(സ) അരുളി: നിന്റെ പാപം അല്ലാഹു നിനക്ക് മാപ്പ് ചെയ്തു തന്നിരിക്കുന്നു. (ബുഖാരി. 8. 82. 812)

12) അബൂബുര്‍ദ(റ) നിവേദനം: നബി(സ) അരുളി: മര്യാദ പഠിപ്പിക്കുവാന്‍ പത്തിലധികം അടിക്കുവാന്‍ പാടില്ല. അല്ലാഹുവിന്റെ ശിക്ഷാനടപടികളില്‍ അല്ലാതെ. (ബുഖാരി. 8. 82. 831)

13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും നരപരാധിയായ തന്റെ അടിമയെക്കുറിച്ച് കുറ്റാരോപണം നടത്തിയാല്‍ പരലോകത്ത് അല്ലാഹു അവനെ ശിക്ഷിക്കും. (ബുഖാരി. 8. 82. 841)

Tuesday, December 22, 2009

നഷ്ടപരിഹാരം

0 comments


1) ഇബ്നുഉമര്‍ (റ) പറയുന്നു: നബി(സ) അരുളി: ആദരണീയ രക്തം ഒഴുക്കാത്ത കാലമത്രയും സത്യവിശ്വാസിക്ക് തന്റെ മതത്തിന്റെ വിട്ടുവീഴ്ചകളും ഒഴികഴിവുകളും ലഭിച്ചുകൊണ്ടേയിരിക്കും. (ബുഖാരി. 9. 83. 2)

2) ഇബ്നുഉമര്‍ (റ) പറയുന്നു: നബി(സ) അരുളി: പ്രവര്‍ത്തിച്ചാല്‍ രക്ഷാമാര്‍ഗ്ഗമില്ലാത്ത നാശമാണ് നിരപരാധിയുടെ രക്തം ഒഴുക്കല്‍. അവകാശമില്ലാതെ. (ബുഖാരി. 9. 83. 3)

3) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) മിഖ്ദാദിനോട് പറഞ്ഞു: സത്യവിശ്വാസിയായൊരു മനുഷ്യന്‍ സത്യനിഷേധികള്‍ക്കിടയില്‍ സ്വവിശ്വാസം മറച്ച് വെച്ച് ജീവിക്കുന്നതിനിടയില്‍ ഒരിക്കല്‍ തന്റെ വിശ്വാസത്തെ വെളിപ്പെടുത്തി. അവന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തുകൊണ്ട് നീ അവനെ വധിച്ചുകളഞ്ഞു എങ്കില്‍ ആ നടപടി പാപമാണ്. മുമ്പ് മക്കായില്‍ ജീവിച്ചിരുന്ന കാലം നിങ്ങളും വിശ്വാസം മറച്ച് വെച്ചുകൊണ്ട് ജീവിച്ചിരുന്നവരായിരുന്നല്ലോ. . . . (ബുഖാരി. 9. 83. 5)

4) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദന്‍ റസൂലുല്ലാഹി എന്ന്. ഒരു മനുഷ്യന്‍ പറഞ്ഞാല്‍ മൂന്നിലൊരു കാരണമില്ലാതെ അവന്റെ രക്തം ഒഴുകുവാന്‍ പാടില്ല ഒരാളെ വധിക്കല്‍, വിവാഹിതനായ വ്യഭിചാരി, ഇസ്ളാമിനെ വെടിഞ്ഞു സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്നവന്‍. (ബുഖാരി. 9. 83. 17)

5) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) പറഞ്ഞു: ഇതും ഇതും നഷ്ടപരിഹാരത്തില്‍ സമമാണ്. ചെറുവിരലും പെരുവിരലുമാണ് നബി(സ) ചോദിച്ചത്. (ബുഖാരി. 9. 83. 33)

Monday, December 21, 2009

സ്വപ്നവ്യാഖ്യാനം

0 comments


1) അനസ്(റ) നിവേദനം: നബി(സ) അരുളി: സദ്വൃത്തനായ മനുഷ്യന്‍ കാണുന്ന നല്ല സ്വപ്നങ്ങള്‍ പ്രവാചകത്വത്തിന്റെ നാല്‍പ്പത്തിയാറില്‍ ഒരംശമാണ്. (ബുഖാരി. 9. 87. 112)

2) അബൂസഈദ്(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളില്‍ വല്ലവനും താനിഷ്ടപ്പെടുന്ന രീതിയിലുള്ള സ്വപ്നം കണ്ടാല്‍ തീര്‍ച്ചയായും അതു അല്ലാഹുവില്‍ നിന്നുള്ളതാണ്. അവന്‍ അല്ലാഹുവിനെ സ്തുതിക്കുകയും അതിനെ സംബന്ധിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യട്ടെ. വല്ലവനും താന്‍ വെറുക്കുന്നതരത്തിലുള്ള സ്വപ്നം കണ്ടാല്‍ തീര്‍ച്ചയായും അതു പിശാചില്‍ നിന്നുള്ളതാണ്. അതിന്റെ നാശത്തില്‍ നിന്ന് അവന്‍ അല്ലാഹുവിനോട് അഭയം തേടുകയും അതു പറയാതിരിക്കുകയും ചെയ്യട്ടെ. അത് അവന് യാതൊരു ഉപദ്രവവും ചെയ്യുകയില്ല. (ബുഖാരി. 9. 87. 114)

3) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: പ്രവാചകത്വത്തിന്റെ അംശങ്ങളില്‍ സന്തോഷ വാര്‍ത്തകളല്ലാതെ ഒന്നും അവശേഷിച്ചിട്ടില്ല. അനുചരന്മാര്‍ ചോദിച്ചു: എന്താണ് സന്തോഷ വാര്‍ത്തകള്‍. ഉത്തമസ്വപ്നങ്ങള്‍ തന്നെയെന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 9. 87. 119)

4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനം അടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയുടെ സ്വപ്നം കള്ളമാവുകയില്ല. സത്യവിശ്വാസിയുടെ സ്വപ്നമാവട്ടെ നുബുവ്വത്തിന്റെ നാല്‍പത്തിയാറിന്റെ ഒരംശമാണ്. നുബുവ്വത്തിന്റെ അംശമായത് കള്ളമായിരിക്കുകയില്ല. മുഹമ്മദ് ബ്നുസിറീന്‍ പറയുന്നു: സ്വപ്നം മൂന്ന് തരമാണ്. മനസ്സിന്റെ വര്‍ത്തമാനം, പിശാചിന്റെ ഭയപ്പെടുത്തല്‍, അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്ത. ഉറക്കത്തില്‍ കഴുത്തില്‍ ആമം വെച്ചത് കാണുന്നത് അവര്‍ വെറുത്തിരുന്നു. കാല്‍ബന്ധിച്ചത് അവര്‍ ഇഷ്ടപ്പെട്ടിരുന്നു. കാരണം അതിന്റെ അര്‍ത്ഥം മതത്തില്‍ ഉറച്ച് നില്‍ക്കലാണ്. (ബുഖാരി. 9. 87. 144)

5) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും താന്‍ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന് വാദിക്കുന്നപക്ഷം (പരലോക ദിവസം) രണ്ട് ബാര്‍ലിമണികളെ തമ്മില്‍ പിടിച്ച് കെട്ടി ബന്ധിപ്പിക്കാന്‍ അവനെ നിര്‍ബന്ധിക്കും. വാസ്തവത്തിലോ അവനത് ചെയ്യുവാന്‍ സാധിക്കുകയില്ല. വല്ലവനും ഒരു കൂട്ടരുടെ സംസാരം ശ്രദ്ധിച്ചുകേട്ടു. അവനത് കേള്‍ക്കുന്നത് അവരിഷ്ടപ്പെടുകയില്ല. എങ്കില്‍ പരലോകത്ത് അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കും. വല്ലവനും ഒരു രൂപമുണ്ടാക്കിയാല്‍ അതില്‍ ജീവനൂതാന്‍ അവനെ നിര്‍ബന്ധിക്കും. എന്നാല്‍ അവന് അതില്‍ ജീവനിടാന്‍ കഴിയുകയില്ല. (ബുഖാരി. 9. 87. 165)

Sunday, December 20, 2009

കുഴപ്പങ്ങള്‍

0 comments


1) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും തന്റെ ഭരണാധികാരിയില്‍ വെറുക്കപ്പെട്ടത് കണ്ടാല്‍ അവന്‍ ക്ഷമ കൈക്കൊള്ളട്ടെ. കാരണം വല്ലവനും ഭരണാധിപനെ അനുസരിക്കാതെ ഒരു ചാണ്‍ അകന്ന് നിന്നാല്‍ ജാഹിലിയ്യാ മരണമാണ് അവന്‍ വരിക്കുക. (ബുഖാരി. 9. 88. 176)

2) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: ആരെങ്കിലും തന്റെ ഭരണാധികാരിയില്‍ അനിഷ്ടകരമായത് കണ്ടാല്‍ അവന്‍ ക്ഷമ കൈക്കൊള്ളട്ടെ. കാരണം ഇസ്ളാമിക സമൂഹ ത്തില്‍ നിന്നും ഒരു ചാണ്‍ ആരെങ്കിലും അകന്നു നിന്നാല്‍ അവന്‍ ജാഹിലിയ്യാ മരണമാണ് വരിക്കുന്നത്. (ബുഖാരി. 9. 88. 177)

3) അബൂമൂസ(റ) പറയുന്നു: നബി(സ) അരുളി: അന്ത്യദിനത്തിന്റെ മുമ്പ് ചില ദിവസങ്ങളുണ്ട്. അറിവില്ലായ്മ അന്ന് പ്രചരിക്കും. വിജ്ഞാനം നശിക്കും. വധം വര്‍ദ്ധിക്കും. (ബുഖാരി. 9. 88. 185)

4) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനത്തില്‍ ജീവിച്ചിരിക്കുന്നവര്‍ ജനങ്ങളില്‍ വെച്ചേറ്റവും ദുഷ്ടരായിരിക്കും. (ബുഖാരി. 9. 88. 187)

5) സുബൈര്‍ (റ) പറയുന്നു: നിങ്ങള്‍ അനസി(റ)ന്റെ അടുത്ത് ചെന്ന് ഹജ്ജാജില്‍ നിന്നും ഏല്‍ക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ആവലാതിപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ക്ഷമ കൈക്കൊള്ളുക. പിന്നീട് വരുന്ന കാലങ്ങള്‍ ആദ്യമാദ്യം വരുന്ന കാലത്തേക്കാള്‍ ദുഷിച്ചുകൊണ്ട് തന്നെയാണ് പോവുക. നിങ്ങളുടെ നാഥനെ കണ്ടുമുട്ടുംവരെ. നിങ്ങള്‍ ഈ അവസ്ഥ തുടരും. ഞാനിതു നിങ്ങളുടെ നബി(സ)യില്‍ നിന്നും കേട്ടതുതന്നെയാണ്. (ബുഖാരി. 9. 88. 188)

6) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളാരും തന്റെ സഹോദരന്റെ നേരെ വാള്‍ ചൂണ്ടിക്കാട്ടരുത് (കൈക്ക് പകരമായി) ഒരുപക്ഷെ പിശാച് അവന്റെ കയ്യില്‍ നിന്ന് ആ വാള്‍ പിടിച്ചെടുക്കുകയും അവസാനം അവന്‍ നരകക്കുഴിയില്‍ വീഴാനിടയാവുകയും ചെയ്തെങ്കിലോ. (ബുഖാരി. 9. 88. 193)

7) ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ഒരു ജനതയെ ശിക്ഷിക്കുമ്പോള്‍ ആ ശിക്ഷ അവരിലുള്ള എല്ലാവരേയും ബാധിക്കും. പിന്നീട് അവരില്‍ ഓരോരുത്തരേയും അവരുടെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍ജീവിപ്പിക്കും. (ബുഖാരി. 9. 88. 224)

8) ഹുദൈഫ(റ) പറയുന്നു: നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്ന മുനാഫിഖുകളെക്കാള്‍ ചീത്തയാണ് ഇന്നുള്ള മുനാഫിക്കുകള്‍. അവര്‍ അന്ന് രഹസ്യമാക്കിവെച്ചു. ഇവര്‍ ഇന്ന് പരസ്യമാക്കുന്നു. (ബുഖാരി. 9. 88. 229)

9) ഹുദൈഫ:(റ) നിവേദനം: നബി(സ)യുടെ കാലത്തായിരുന്നു കാപട്യം (നിഫാക്ക്) ഉണ്ടായിരുന്നത് . ഇന്നുള്ളത് വിശ്വസിച്ചശേഷം കാഫിറായി മാറുന്ന സ്വഭാവമാണ്. (ബുഖാരി. 9. 88. 230)

10) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ദൌസിലെ സ്ത്രീകള്‍ ദുല്‍ഖുലൈസ്വത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. ദുല്‍ഖുലൈസ്വ: എന്നാല്‍ കിരാത യുഗത്തില്‍ ആരാധിച്ചിരുന്ന വിഗ്രഹമാണ്. (ബുഖാരി. 9. 88. 232)

11) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഹിജാസില്‍ നിന്ന് ഒരു അഗ്നിപുറപ്പെട്ടു. ബുസ്റാ: യിലെ ഒട്ടകങ്ങളുടെ പിരടിയെ പ്രകാശിപ്പിക്കുംവരെ അന്ത്യദിനം സംഭവിക്കുകയില്ല. (ബുഖാരി. 9. 88. 234)

12) അബൂഹുറൈറ(റ)നിവേദനം: നബി(സ) അരുളി: അടുത്തുതന്നെ യുപ്രട്ടീസ് നദിയില്‍ നിന്ന് ഒരു സ്വര്‍ണ്ണനിധി പുറത്തുവന്നേക്കാം. വല്ലവനും അപ്പോള്‍ അവിടെയുണ്ടെങ്കില്‍ അതില്‍ നിന്നും എടുത്തു പോകരുത്. മറ്റൊരു നിവേദനത്തില്‍ സ്വര്‍ണ്ണത്തിന്റെ പര്‍വ്വതമാണെന്ന് പറയുന്നു. (ബുഖാരി. 9. 88. 235)

13) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ടു വലിയ സമൂഹത്തിന്റെ ഇടയില്‍ ഒരു വലിയ യുദ്ധം നടക്കുന്നതുവരേക്കും അന്ത്യദിനം സംഭവിക്കുകയില്ല. ആ രണ്ടു വിഭാഗത്തിന്റെയും ആദര്‍ശം ഒന്നു തന്നെയായിരിക്കും. അപ്രകാരം തന്നെ കള്ളവാദികളായ മുപ്പതോളം ദജ്ജാലുകള്‍ പുറത്തു വരും. അവരിലോരോരുത്തരും താന്‍ പ്രവാചകനാണെന്ന് വാദിച്ചുകൊണ്ടിരിക്കും. ജ്ഞാനം നശിച്ചുപോകുകയും ഭൂചലനം വര്‍ദ്ധിക്കുകയും സമയം കുറയുകയും കുഴപ്പങ്ങള്‍ വര്‍ദ്ധിക്കുകയും കൊല വര്‍ദ്ധിക്കുകയും ചെയ്യുന്നതുവരേക്കും അന്ത്യദിനം ഉണ്ടാവുകയില്ല. നിങ്ങളില്‍ സമ്പത്ത് അധികമായി വര്‍ദ്ധിച്ച് വെള്ളം പോലെ ഒഴുകാന്‍ തുടങ്ങും. അവസാനം ദാനധര്‍മ്മം സ്വീകരിക്കുവാന്‍ ആരെയാണ് കിട്ടുകയെന്ന ചിന്ത ഉടമസ്ഥനെ അലട്ടാന്‍ തുടങ്ങും. അവന്‍ തന്റെ ധനം ചിലര്‍ക്ക് വെച്ച് കെട്ടുമ്പോള്‍ എനിക്കതാവശ്യമില്ലെന്ന് മറ്റവന്‍ പറയും. കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതില്‍ ജനങ്ങള്‍ കിടമത്സരം നടത്തും. ഒരാള്‍ മറ്റൊരാളുടെ ഖബറിന്റെ അരികിലൂടെ നടന്നുപോകുമ്പോള്‍ ഇവന്റെ സ്ഥാനത്ത് ഖബറില്‍ കിടക്കുന്നത് ഞാനായിരുന്നുവെങ്കില്‍ നന്നായിരുന്നേനെയെന്ന് അവന്‍ ആശിച്ചു പോകും. സൂര്യന്‍ അതിന്റെ അസ്തമന സ്ഥാനത്തു ഉദിച്ചു ഉയരും. അങ്ങിനെ അതു ഉദിക്കുകയും മനുഷ്യര്‍ കാണുകയും ചെയ്താല്‍ എല്ലാ മനുഷ്യരും സത്യത്തില്‍ വിശ്വസിക്കും. പക്ഷെ പുതിയ വിശ്വാസം പ്രയോജനം ലഭിക്കാത്ത സമയമായിരിക്കും അത്. രണ്ടാളുകള്‍ കച്ചവടം നടത്തുവാന്‍ അവരുടെ മുണ്ട് നിവര്‍ത്തി കയ്യിമേല്‍ ഇട്ടിട്ടുണ്ടായിരിക്കും. പക്ഷേ അവര്‍ക്ക് വ്യാപാരം നടത്തുവാനോ ആ തുണി ചുരുട്ടാനോ സമയം ലഭിക്കുകയില്ല. ഒരാള്‍ ഒട്ടകത്തെക്കറന്ന പാലും കൊണ്ട് പോകുന്നുണ്ടാകും. അവനതുകുടിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവുകയില്ല. മറ്റൊരാള്‍ നാല്‍ക്കാലികള്‍ക്ക് കുടിക്കാനുള്ള വെള്ളം സ്ഥലം ശുചീകരിക്കുന്നുണ്ടാവും. പക്ഷെ നാല്‍ക്കാലികളെ വെള്ളം കുടിപ്പിക്കാന്‍ സമയം കിട്ടിയിരിക്കയില്ല. ഒരാള്‍ ഭക്ഷണം എടുത്ത് വായിലേക്ക് പൊക്കിക്കൊണ്ടു പോകും. പക്ഷെ അത് തിന്നാന്‍ അവന്ന് കഴിഞ്ഞിട്ടുണ്ടായിരിക്കുകയില്ല. (ബുഖാരി. 9. 88. 237)

14) അനസ്(റ) നിവേദനം: നബി(സ) അരുളി: ഉണങ്ങിയ മുന്തിരിങ്ങ പോലെയുള്ള ശിരസ്സോടുകൂടിയ ഒരു നീഗ്രോ അടിമ നിങ്ങളുടെ ഭരണാധികാരിയെങ്കില്‍ പോലും അദ്ദേഹത്തിന്റെ കല്‍പനകള്‍ നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുവീന്‍. (ബുഖാരി. 9. 89. 256)

15) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ലീമായ മനുഷ്യന്‍ അവന്ന് ഇഷ്ടകരവും അനിഷ്ടകരവുമായ സംഗതികളില്‍ ഭരണാധികാരിയെ അനുസരിക്കണം. തെറ്റ് കല്‍പ്പിക്കപ്പെടുന്നത് വരെ. തെറ്റ് ഭരണാധികാരി കല്‍പ്പിച്ചാല്‍ കേള്‍വിയും അനുസരണവുമില്ല. (ബുഖാരി. 9. 89. 258)

16) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഭരണാധികാരം കിട്ടാന്‍ കൊതിച്ചുകൊണ്ടിരിക്കും. പരലോകദിനം നിങ്ങള്‍ക്ക് ഖേദത്തിന് കാരണമായിത്തീരുകയും ചെയ്യും. മുല കൊടുത്തവള്‍ എത്ര നല്ലവള്‍! മുല കുടി നിര്‍ത്തുന്നവള്‍ എത്ര മോശപ്പെട്ടവള്‍! (ബുഖാരി. 9. 89. 262)

17) മഅ്ഖല്‍ (റ) പറയുന്നു: നബി(സ) അരുളി: ഒരു മനുഷ്യനെ ഒരു വിഭാഗത്തിന്റെ ഭരണാധികാരിയായി അല്ലാഹു നിശ്ചയിച്ചു. എന്നിട്ട് ഗുണകാംക്ഷയോട് കൂടി അവരെ അവന്‍ പരിപാലിച്ചില്ല. എങ്കില്‍ അത്തരത്തിലുള്ള ഒരൊറ്റ മനുഷ്യനും സ്വര്‍ഗ്ഗത്തിന്റെ സുഗന്ധം ആസ്വദിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 9. 89. 264)

18) മഅ്ഖല്‍ (റ) നിവേദനം: നബി(സ) അരുളി: ഒരാള്‍ മുസ്ലിംകളില്‍ ഒരു വിഭാഗത്തിന്റെ അധികാരം ഏറ്റെടുത്തു. അവരെ വഞ്ചിച്ചുകൊണ്ടാണ് അവന്‍ മൃതിയടഞ്ഞതെങ്കില്‍ അല്ലാഹു അവന് സ്വര്‍ഗ്ഗം ഹറാമാക്കാതിരിക്കുകയില്ല. (ബുഖാരി. 9. 89. 265)

19) ജൂന്‍ദുബ്(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും കേള്‍വിക്കു വേണ്ടി വല്ല സല്‍പ്രവൃത്തിയും ചെയ്താല്‍ പരലോകദിവസം അല്ലാഹു അവന് പ്രസിദ്ധിയുണ്ടാക്കിക്കൊടുക്കും. വല്ലവനും ജനങ്ങളെ പ്രയാസങ്ങള്‍ക്ക് വിധേയരാക്കുന്ന പക്ഷം പരലോകദിവസം അല്ലാഹു അവനെ പ്രയാസപ്പെടുത്തും. സഹാബിമാര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ കൂടുതല്‍ ഉപദേശിച്ചാലും. നബി(സ) അരുളി: മനുഷ്യന്റെ ശരീരത്തില്‍ നിന്ന് ആദ്യമായി ചീഞ്ഞു പോകുക അവന്റെ വയറാണ്. അതുകൊണ്ട് വല്ലവനും ശുദ്ധമായ വസ്തുക്കള്‍ മാത്രം ഭക്ഷിക്കാന്‍ സാധിക്കുന്ന പക്ഷം അങ്ങിനെ ചെയ്തുകൊള്ളട്ടെ. വല്ലവനും താന്‍ ചിന്തിയ ഒരു കൈക്കുമ്പിള്‍ നിറയെയുള്ള രക്തവും കൊണ്ട് തനിക്കും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഒരു മറയുണ്ടാക്കാതെ കഴിക്കാന്‍ കഴിഞ്ഞെങ്കില്‍ അപ്രകാരം അവന്‍ ചെയ്തുകൊള്ളട്ടെ. (ബുഖാരി. 9. 89. 266)

20) അനസ്(റ) പറയുന്നു: ഖൈസ്ബ്നു സഅദിന്ന് നബി(സ)യുടെ അടുത്ത് ഭരണാധികാരിയുടെ അടുത്തു ഒരു പോലീസ്കാരനു ഉണ്ടായിരിക്കുന്ന പരിഗണനയായിരുന്നു. (ബുഖാരി. 9. 89. 269)

21) ഇബ്നുഉമര്‍ (റ) പറയുന്നു: ഭരണാധികാരിയുടെ മുന്നില്‍ വെച്ച് ഒന്നുപറയുക. പുറത്തു വന്നാല്‍ മറ്റൊന്നും പറയുക. ഇത് നബി(സ)യുടെ കാലത്ത് കാപട്യമായിട്ടാണ് ദര്‍ശിച്ചിരുന്നത്. (ബുഖാരി. 9. 89. 289)

22) സൈദ്(റ) പറയുന്നു: നബി(സ) അദ്ദേഹത്തോട് ജൂതന്മാരുടെ എഴുത്തിന്റെ ഭാഷ പഠിക്കുവാന്‍ കല്‍പ്പിച്ചു. അങ്ങിനെ നബിയുടെ എഴുത്ത് ഞാന്‍ എഴുതും. അവരുടെ എഴുത്ത് അദ്ദേഹത്തിന് വായിച്ച് കേള്‍പ്പിക്കുകയുംചെയ്യും. (ബുഖാരി. 9. 89. 301)

23) ഇബാദത്തു(റ) പറയുന്നു: ഞങ്ങള്‍ എവിടെയായിരുന്നാലും സത്യം പറയുവാനും അതിന് വേണ്ടി നിലകൊള്ളുവാനും അല്ലാഹുവിന്റെ പ്രശ്നത്തില്‍ ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഒട്ടും ഭയപ്പെടാതിരിക്കുവാനും നബി(സ) പ്രതിജ്ഞ ചെയ്യുകയുണ്ടായി. (ബുഖാരി. 9. 89. 307)

24) ഇബ്നുഉമര്‍ (റ) നിവേദനം: ഞങ്ങള്‍ നബി(സ)യോട് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് പറയുമ്പോള്‍ അവിടുന്ന് പറയും. നിങ്ങള്‍ക്ക് സാധിക്കുന്നതില്‍ (ബുഖാരി. 9. 89. 309)

25) ഇബ്നദീനാര്‍ (റ) പറയുന്നു: അബ്ദുല്‍ മലികിന്റെ മേല്‍ ജനങ്ങള്‍ ഒരുമിച്ച് കൂടിയപ്പോള്‍ ഇബ്നുഉമര്‍(റ)ന്റെ അടുത്ത് ഞാന്‍ ഉണ്ടായിരുന്നു. ഞാന്‍ അബ്ദുള്‍ മാലിക്കിന് കേള്‍വിയും അനുസരണവും സമ്മതിക്കുന്നു. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ചര്യയുടെ അടിസ്ഥാനത്തില്‍. നിശ്ചയം, എന്റെ സന്താനങ്ങളും അതു പോലെ അംഗീകരിക്കുന്നു എന്ന് അദ്ദേഹം എഴുതി. (ബുഖാരി. 9. 89. 310)

26) ഇബ്നുഉമര്‍ (റ) പറയുന്നു: താങ്കള്‍ ഖലീഫയെ നിശ്ചയിക്കുന്നില്ലയോ എന്ന് ഉമര്‍(റ) നോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ഞാന്‍ ഖലീഫയെ നിശ്ചയിച്ചാല്‍ എന്നെക്കാള്‍ ശ്രേഷ്ഠനായ അബൂബക്കര്‍ അപ്രകാരം ചെയ്തിട്ടുണ്ട്. ഉപേക്ഷിച്ചാല്‍ ഉത്തമനായ നബി(സ) ഉപേക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ പ്രശംസിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ആഗ്രഹിക്കുന്നവനും ഭയപ്പെടുന്നവനും. ഭരണത്തിന്റെ നന്മയില്‍ നിന്നും തന്മയില്‍ നിന്നും ഞാന്‍ രക്ഷപ്രാപിച്ചുവെന്നു ഞാന്‍ ആഗ്രഹിച്ചു. ഇല്ല. ജീവിക്കുന്ന സന്ദര്‍ഭത്തിലും മരിച്ചാലും ഞാന്‍ അതിന്റെ ബാധ്യത ഏറ്റെടുക്കുകയോ? (ബുഖാരി. 9. 89. 325)

27) അനസ്(റ) പറയുന്നു: ഉമര്‍(റ) ന്റെ ഖുതൂബ: അദ്ദേഹം കേള്‍ക്കുകയുണ്ടായി നബി(സ) മരണപ്പെട്ട ദിവസമായിരുന്നു അത്. അദ്ദേഹം തശഹുദ് ചൊല്ലി. അബൂബക്കര്‍ മൌനമായി ഇരിക്കുന്നു. നമുക്ക് ശേഷം അവസാനമായി നബി(സ) മരിക്കുവാനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മുഹമ്മദ് മരിച്ചു. അല്ലാഹു നമുക്ക് മുന്നില്‍ ഒരു പ്രകാശത്തെ നിശ്ചയിച്ചിട്ടുണ്ട്. അതുമൂലം നമുക്ക് മാര്‍ഗ്ഗദര്‍ശനം ലഭിക്കും. മുഹമ്മദിന് അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കിയതും അതുകൊണ്ടാണ്. നിശ്ചയം അബൂബക്കര്‍ പ്രവാചകന്റെ സ്നേഹിതനാണ്. രണ്ടില്‍ ഒരുത്തനും. നമ്മുടെ കാര്യത്തിന് ഏറ്റവും അവകാശപ്പെട്ടത് അദ്ദേഹമാണ്. നിങ്ങള്‍ എഴുന്നേറ്റ് അദ്ദേഹത്തിന് പ്രതിജ്ഞ ചെയ്യുവീന്‍. ഈ പ്രസംഗത്തിനു മുമ്പ് തന്നെ ഒരു സംഘം അദ്ദേഹത്തിന് ബനൂസാഇദ:യുടെ നടപ്പന്തലില്‍ വെച്ച് ബൈഅത്തുചെയ്തിരുന്നു. മിമ്പറില്‍ വെച്ചാണ് പൊതുവായ ബൈഅത്തു നടന്നത്. ഉമര്‍(റ) പറഞ്ഞു: താങ്കള്‍ മിമ്പറില്‍ കയറുക. പല പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം കയറുകയും ജനങ്ങള്‍ പൊതുവായ ബൈഅത്തുചെയ്യുകയും ചെയ്തു. (ബുഖാരി. 9. 89. 326)

Saturday, December 19, 2009

ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കല്‍

0 comments


1) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: എന്റെ അനുയായികളെല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. നിരസിച്ചവര്‍ പ്രവേശിക്കുകയില്ല. അവര്‍ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവര്‍?. നബി(സ) അരുളി: എന്നെ വല്ലവനും അനുസരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. എന്റെ കല്‍പന ലംഘിച്ചവന്‍ നിരസിച്ചവനാണ്. (ബുഖാരി. 9. 92. 384)

2) ജാബിര്‍ (റ) പറയുന്നു: ഒരു സംഘം മലക്കുകള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. നബി(സ) ഉറങ്ങുകയായിരുന്നു. ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ്. മറ്റുചിലര്‍ പറഞ്ഞു: കണ്ണു ഉറങ്ങിയിട്ടുണ്ടെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അവരില്‍ ചിലര്‍ പറഞ്ഞു: നിങ്ങളുടെ ഈ സ്നേഹിതന് ഒരു ഉപമയുണ്ട്. അദ്ദേഹത്തിന്റെ ഉപമ വിവരിക്കുക. അപ്പോള്‍ ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ് മറ്റു ചിലര്‍ പറഞ്ഞു: കണ്ണ് ഉറങ്ങുകയാണെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ ഒരു വീട് നിര്‍മ്മിച്ചു. എന്നിട്ട് അതില്‍ ഒരു വിരുന്നു തയ്യാറാക്കി. ആളുകളെ ക്ഷണിക്കാന്‍ ആളയച്ചു. ക്ഷണം സ്വീകരിച്ചവര്‍ വീട്ടില്‍ പ്രവേശിക്കുകയും വിരുന്നിലെ വിഭവങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. ക്ഷണം സ്വീകരിക്കാത്തവര്‍ വീട്ടില്‍ പ്രവേശിക്കുകയോ സല്‍ക്കാരവിഭവങ്ങള്‍ ഭക്ഷിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് അവര്‍ പറഞ്ഞു; ഈ ഉപമ നിങ്ങളദ്ദേഹത്തിന് വിവരിച്ചുകൊടുക്കുക. അദ്ദേഹം അതു ശരിക്കും ഗ്രഹിക്കട്ടെ. അവരില്‍ ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ്. ചിലര്‍ പറഞ്ഞു: കണ്ണ് ഉറങ്ങിയിട്ടുണ്ടെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അവര്‍ പറഞ്ഞു: ആ പറഞ്ഞ വീട് സ്വര്‍ഗ്ഗമാണ്. വിരുന്നിന്ന് ക്ഷണിച്ചയാള്‍ മുഹമ്മദും. അതുകൊണ്ട് മുഹമ്മദിനെ വല്ലവനും അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. മുഹമ്മദിന്റെ കല്‍പന ലംഘിച്ചു. മുഹമ്മദാണ് ജനങ്ങളെ വിശ്വാസിയും അവിശ്വാസിയുമായി വേര്‍തിരിക്കുന്നത്. (ബുഖാരി. 9. 92. 385)

3) ഹുദൈഫ(റ) പറയുന്നു: അല്ലയോ ഓത്തുകാരേ! നിങ്ങള്‍ നേര്‍ക്കുനേരെ ജീവിക്കുക. നിങ്ങള്‍ തീര്‍ച്ചയായും വിജയത്തില്‍ ഒരു വലിയ മുന്‍കടക്കല്‍ കടന്നിട്ടുണ്ട്. നിങ്ങള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞാല്‍ വിദൂരമായ വഴികേടില്‍ നിങ്ങള്‍ വീഴുന്നതാണ്. (ബുഖാരി. 9. 92. 386)

4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ ഉപേക്ഷിച്ച വിഷയങ്ങളില്‍ നിങ്ങള്‍ എന്നെ വിട്ടേക്കുവീന്‍. പൂര്‍വ്വിക സമുദായങ്ങള്‍ നശിച്ചത് അവരുടെ നബിമാര്‍ക്ക് അവര്‍ എതിര്‍പ്രവര്‍ത്തിച്ചതുകൊണ്ടും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതു കൊണ്ടുമാണ്. ഞാന്‍ നിങ്ങളോട് എന്തെങ്കിലും വിരോധിച്ചാല്‍ അതിനെ നിങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുവീന്‍. എന്തെങ്കിലും കല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് സാധിക്കും പ്രകാരം അത് അനുഷ്ഠിക്കുവീന്‍. (ബുഖാരി. 9. 92. 391)

5) സഅ്ദ്(റ) നിവേദനം: നബി(സ) അരുളി: ഹറാമ് അല്ലാത്ത ഒരുകാര്യം (അനാവശ്യമായ) ചോദ്യം കാരണം നിഷിദ്ധമാക്കപ്പെട്ടാല്‍ ആ ചോദ്യ കര്‍ത്താവാണ് മുസ്ളിംകളില്‍ ഏറ്റവും വലിയ പാപി. (ബുഖാരി. 9. 92. 392)

6) അനസ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ ഉമര്‍(റ)യുടെ അടുത്ത് ഇരിക്കുകയാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: മനസ്സില്‍ ഇല്ലാത്തതു സാഹസപ്പെട്ടു ചെയ്യുന്നതിനെ ഞങ്ങള്‍ വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി. 9. 92. 396)

7) അനസ്(റ) പറയുന്നു: നബി(സ) അരുളി: മനുഷ്യര്‍ ഓരോന്നു ചോദിച്ചു കൊണ്ടേയിരിക്കും. അവസാനം അവര്‍ ചോദിക്കും. ഇതു അല്ലാഹുവാണ്. എല്ലാസൃഷ്ടികളുടെയും കര്‍ത്താവ്. എന്നാല്‍ അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത്? (ബുഖാരി. 9. 92. 399)

8) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മനുഷ്യരില്‍ നിന്ന് അറിവ് അല്ലാഹു ഒറ്റയടിക്ക് പിടിച്ചെടുക്കുകയില്ല. പണ്ഡിതന്മാരെ മരണപ്പെടുത്തുക വഴിക്കാണ് വിദ്യയെ മനുഷ്യരില്‍ നിന്ന് അവന്‍ പിടിച്ചെടുക്കുക. അവസാനം കുറെ മൂഢന്മാര്‍ അവശേഷിക്കും. അവരോട് മനുഷ്യര്‍ മതവിധി ചോദിക്കും. അപ്പോള്‍ സ്വന്തം അഭിപ്രായമനുസരിച്ച് അവര്‍ വിധി കല്‍പ്പിക്കും. അങ്ങിനെ അവര്‍ സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. (ബുഖാരി. 9. 92. 410)

9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പൂര്‍വ്വീക തലമുറകളുടെ സമ്പ്രദായങ്ങളെ ചാണ്‍ ചാണായും മുഴം മുഴമായും എന്റെ അനുയായികള്‍ പിന്‍പറ്റുന്നതുവരേക്കും അന്ത്യ ദിനം സംഭവിക്കുകയില്ല. പ്രവാചകരേ! പേര്‍ഷ്യക്കാരെയും റോമക്കാരെയുമാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ചിലര്‍ ചോദിച്ചു: അവരല്ലാതെ മറ്റാരാണ്? നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 9. 92. 421)

10) ആയിശ(റ) നിവേദനം: അവര്‍ അബ്ദുല്ലാഹിബ്നു സുബൈര്‍(റ) നോട് പറഞ്ഞു: ഞാന്‍ മരിച്ചാല്‍ എന്നെ എന്റെ സ്നേഹിതകളുടെ കൂടെ ഖബറടക്കം ചെയ്യുക. നിങ്ങള്‍ നബി(സ)യുടെ കൂടെ എന്നെ ഖബറടക്കം ചെയ്യരുത്. തീര്‍ച്ചയായും സ്വയം പരിശുദ്ധപ്പെടുത്തുന്നതിനെ ഞാന്‍ വെറുക്കുന്നു. ഉര്‍വ്വ(റ) പറയുന്നു: ഉമര്‍(റ) ആയിശ(റ)യുടെ അടുക്കലേക്ക് ഇപ്രകാരം ആവശ്യപ്പെട്ടുകൊണ്ട് ആളെ അയച്ചു. എന്റെ രണ്ടു സ്നേഹിതന്മാരുടെ കൂടെ എന്നെ കബറടക്കം ചെയ്യുവാന്‍ നിങ്ങള്‍ അനുമതി നല്‍കിയാലും. അവര്‍ പറഞ്ഞു: അതെ! അല്ലാഹു സത്യം. സഹാബിമാരെക്കാള്‍ ഞാന്‍ ആരെയും മുന്‍ഗണന നല്‍കുകയില്ലെന്ന് ആയിശ(റ) പറയും. (ബുഖാരി. 9. 92. 428)

11) അംറ്(റ) പറയുന്നു: നബി(സ) അരുളി: ഒരു ന്യായാധിപന്‍ ചിന്തിച്ചശേഷം ഒരു വിധി നല്‍കി. ആ വിധി സത്യമായിരിക്കുകയും ചെയ്തു. എന്നാല്‍ അവന്ന് ഇരട്ടപ്രതിഫലമുണ്ട്. ഇനി ശരിക്ക് ചിന്തിച്ച ശേഷം തെറ്റായ വിധിയാണ് നല്‍കിയതെങ്കിലോ അവന് ഒരുപ്രതിഫലമുണ്ട്. (ബുഖാരി. 9. 92. 450)

12) ജാബിര്‍ (റ) നിവേദനം: ഇബ്നുസ്സയ്യാദ് തന്നെയാണ് ദജ്ജാലെന്ന് അദ്ദേഹം സത്യം ചെയ്തു ഉറപ്പിച്ച് പറയാറുണ്ടായിരുന്നു. കൂടുതലായി നിങ്ങള്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി സത്യം ചെയ്തുറപ്പിച്ചുപറയുകയാണോ എന്നു ഞാന്‍ (നിവേദകന്‍) ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി(സ) യുടെ മുമ്പില്‍ വെച്ച് ഉമര്‍(റ) ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞുകൊണ്ട് സത്യം ചെയ്യുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നബി(സ) അതു നിഷേധിക്കുകയുണ്ടായില്ല. (ബുഖാരി. 9. 92. 453)

Thursday, December 17, 2009

തൌഹീദ് (ഏകദൈവവിശ്വാസം)

0 comments


1) ആയിശ(റ) പറയുന്നു: നബി(സ) ഒരുപട്ടാളസംഘത്തിന്റെ നേതാവായിക്കൊണ്ട് ഒരാളെ അയച്ചു. അദ്ദേഹം ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുമ്പോള്‍ ഖുര്‍ആന്‍ ഓതിയിട്ട് ഖുല്‍ഹുവല്ലാഹു അഹദ് എന്ന അധ്യായത്തിലാണ് ഓത്ത് അവസാനിപ്പിക്കുക. തിരിച്ചുവന്നപ്പോള്‍ ഇതുകൂട്ടുകാര്‍ നബി(സ)യെ ഉണര്‍ത്തി. അങ്ങിനെ ചെയ്യാന്‍ കാരണമെന്താണെന്ന് ചോദിക്കുവാന്‍ കൂട്ടുകാരെ നബി(സ) ഉപദേശിച്ചു. അവര്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആ അധ്യായം അല്ലാഹുവിന്റെ ഗുണങ്ങളെ വര്‍ണ്ണിക്കുന്നവന്നാണ്. തന്നിമിത്തം അതു നമസ്കാരത്തിലോതാന്‍ ഞാനിഷ്ടപ്പെടുന്നു. നബി(സ) അരുളി: അല്ലാഹു ഇദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് നിങ്ങള്‍ അറിയിച്ചുകൊള്ളുവീന്‍. (ബുഖാരി. 9. 93. 472)

2) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! നീയല്ലാതെ ഒരു ആരാധ്യനുമില്ല. നിന്റെ പ്രതാപത്തെ ഞാനിതാ അഭയം പ്രാപിക്കുന്നു. നിനക്ക് മരണമില്ല. ജിന്നും ഇന്‍സുമെല്ലാം മരണമടയുകതന്നെ ചെയ്യും. (ബുഖാരി. 9. 93. 480)

3) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ തന്റെ പക്കലുള്ള ഒരുഗ്രന്ഥത്തില്‍ താന്‍ സ്വീകരിച്ച തത്വങ്ങളെല്ലാം സിംഹാസനത്തിന്മേല്‍ വെച്ചു. എന്റെ കാരുണ്യം എന്റെ കോപത്തെ അതിര് കവിയും എന്നതാണത്. (ബുഖാരി. 9. 93. 501)

4) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു പറയും: എന്നെക്കുറിച്ച് എന്റെ അടിമക്കുള്ള ധാരണ എവിടെയാണോ അവിടെയായിരിക്കും ഞാന്‍. എന്നെ അവന്‍ സ്മരിക്കുമ്പോള്‍ ഞാനവനോടൊപ്പമുണ്ടായിരിക്കും. എന്നെ സ്മരിച്ചതു അവന്റെ മനസ്സുകൊണ്ടാണെങ്കില്‍ എന്റെ മനസ്സുകൊണ്ട് ഞാനവനെയും സ്മരിക്കും. ഒരു സദസ്സില്‍ വെച്ച് അവന്‍ എന്നെ സ്മരിച്ചെങ്കില്‍ അവരേക്കാളുന്നതരായ ഒരു സമൂഹത്തില്‍വെച്ച് ഞാനവനെയും സ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഒരു മുഴം ഞാനങ്ങോട്ടടുക്കും. ഒരു മുഴം അവന്‍ എന്നിലേക്കടുത്താല്‍ ഒരുകൈ ഞാനങ്ങോട്ടടുക്കും. അവന്‍ എന്റെയടുക്കലേക്ക് നടന്നു വന്നാല്‍ ഞാന്‍ അവന്റെയടുക്കലേക്ക് ഓടിച്ചെല്ലും. (ബുഖാരി. 9. 93. 502)

5) അബ്ദുല്ല(റ) പറയുന്നു: ഒരു ജൂതപണ്ഡിതന്‍ നബി(സ)യുടെ അടുത്തുവന്ന് പറഞ്ഞു: മുഹമ്മദേ! അല്ലാഹു തീര്‍ച്ചയായും ആകാശത്തെ ഒരു വിരലിലും ഭൂമി ഒരു വിരലിലും പര്‍വ്വതം ഒരു വിരലിലും മരങ്ങളും നദികളും ഒരു വിരലിലും മറ്റുള്ള സൃഷ്ടികള്‍ ഒരു വിരലിലും വെയ്ക്കുന്നതാണ്. ശേഷം അവന്‍ പറയും. ഞാനാണ് രാജാവ്. അപ്പോള്‍ നബി(സ) ചിരിച്ചു. ശേഷം ഇപ്രകാരം ഓതി: അവര്‍ അല്ലാഹുവിനെ പരിഗണിക്കേണ്ടത് പോലെ പരിഗണിച്ചില്ല. (ബുഖാരി. 9. 93. 510)

6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു: എന്റെ അടിമ ഒരുതിന്മ ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവനതു പ്രവര്‍ത്തിക്കുന്നതുവരെ അവന്റെ പേരില്‍ അതു നിങ്ങള്‍ (മലക്കുകള്‍) എഴുതരുത്. പ്രവര്‍ത്തിച്ചുകഴിഞ്ഞാലോ ഒരുതിന്മ മാത്രം പ്രവര്‍ത്തിച്ചതായി രേഖപ്പെടുത്തിക്കൊള്ളുക. പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചശേഷം എന്നെ ഓര്‍മ്മിച്ചു ആ തിന്മയെ അവര്‍ വിട്ടുകളഞ്ഞാലോ അതവന്റെ പേരില്‍ ഒരു നന്മയായി രേഖപ്പെടുത്തിക്കൊള്ളുക. എന്നും ഞാന്‍ നിര്‍ദ്ദേശിക്കും. (ബുഖാരി. 9. 93. 592)

7) അബൂഹുറൈറ(റ) നിവേദനം: എന്റെ അടിമ എന്നെ കണ്ടുമുട്ടുവാന്‍ ഉദ്ദേശിച്ചാല്‍ ഞാന്‍ അവനെയും കണ്ടുമുട്ടുവാന്‍ ആഗ്രഹിക്കും. വെറുത്താല്‍ ഞാന്‍ അവനെയും വെറുക്കും എന്ന് അല്ലാഹു പറഞ്ഞതായി നബി(സ) അരുളി. (ബുഖാരി. 9. 93. 595)

8) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഒരു മനുഷ്യന്‍ ഒരു തെറ്റ് ചെയ്തിട്ട് രക്ഷിതാവേ! ഞാനൊരു തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് നീ മാപ്പ് ചെയ്തുതരേണമേ എന്ന് പറഞ്ഞു. അപ്പോള്‍ രക്ഷിതാവ് ചോദിച്ചു: തനിക്കൊരു രക്ഷിതാവുണ്ടെന്നും അവന്‍ ശിക്ഷിക്കുകയും പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും എന്റെ അടിമ ഗ്രഹിച്ചിരിക്കുന്നു. എന്റെ ദാസന്് ഞാനിതാ മാപ്പ് ചെയ്തിരിക്കുന്നു. കുറേക്കാലം കഴിഞ്ഞ് വീണ്ടും അവനൊരു തെറ്റുചെയ്തു. അപ്പോഴും രക്ഷിതാവേ! ഞാന്‍ മറ്റൊരു തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് നീ പൊറുത്ത് തരേണമേ! എന്നവന്‍ പ്രാര്‍ത്ഥിക്കും. പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ടെന്ന് എന്റെ ദാസന്‍ മനസിലാക്കിയിട്ടുണ്ട്. എന്റെ ദാസന് ഞാനിതാ മാപ്പ് ചെയ്യുന്നു. അപ്പോഴും അല്ലാഹു പറയും. കുറെ കാലങ്ങള്‍ക്കുശേഷം ഇതുപോലെ വീണ്ടും അവന്‍ ആവര്‍ത്തിക്കും. അല്ലാഹു പറയും: ഞാനിതാ മൂന്ന് പ്രാവശ്യം ദാസന് പൊറുത്തുകൊടുത്തിരിക്കുന്നു. അതുകൊണ്ട് തനിക്ക് ഇഷ്ടമുള്ളത് അവന്‍ ചെയ്തുകൊള്ളട്ടെ എന്ന് മൂന്ന് പ്രാവശ്യം അല്ലാഹു അന്നേരം ആവര്‍ത്തിച്ചുപറയും. (ബുഖാരി. 9. 93. 598)

9) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ട് വാക്യങ്ങള്‍ പരണകാരുണികന് വളരെ ഇഷ്ടപ്പെട്ടവയാണ്. അവ നാവുകൊണ്ട് ഉച്ചരിക്കാന്‍ വളരെ ലഘുവാണ്. എന്നാല്‍ തുലാസില്‍ വളരെ ഭാരം തൂങ്ങും. സുബ്ഹാനല്ലാഹി വബിഹംദിഹീ (അല്ലാഹുവിന്റെ പരിശുദ്ധതയേയും അവന്റെ മഹത്വത്തേയും ഞാനിതാ പ്രകീര്‍ത്തനം ചെയ്യുന്നു) സുബ്ഹാനല്ലാഹില്‍ അളിം (മഹാനായ അല്ലാഹു പരിശുദ്ധനാണ്) എന്നീ രണ്ടു വാക്യങ്ങളാണവ. (ബുഖാരി. 9. 93. 652)

Tuesday, December 15, 2009

ഭരണം

0 comments


1) അബൂസഈദു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: അനീതിമാനായ ഒരു ഭരണാധികാരിയുടെ മുമ്പില്‍, സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്. (തിര്‍മിദി)

2) ആയിശ(റ)യില്‍ നിന്ന് നിവേദനം: എന്റെ ഈ ഭവനത്തില്‍വെച്ച് റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവേ! എന്റെ പ്രജകളുടെ വല്ല പ്രശ്നവും ആരെങ്കിലും ഏറ്റെടുത്തു. എന്നിട്ടവര്‍ അവരെ ശല്യപ്പെടുത്തി. എങ്കില്‍ നീ അവനെയും ശല്യപ്പെടുത്തേണമേ! എന്റെ പ്രജകളുടെ കാര്യങ്ങള്‍ വല്ലവനും ഏറ്റെടുത്തു. എന്നിട്ടവന്‍ അവര്‍ക്ക് നന്മചെയ്തു. എങ്കില്‍ നീ അവനെ അനുഗ്രഹിക്കേണമേ! (മുസ്ലിം)

3) അബൂമറിയമി(റ) വില്‍ നിന്ന് നിവേദനം: ഞാനൊരിക്കല്‍ മുആവിയ(റ)യോട് പറഞ്ഞു. റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. മുസ്ളിംകളുടെ വല്ല കാര്യവും അല്ലാഹു ഒരാളെ ചുമതലപ്പെടുത്തി, എന്നിട്ടവരുടെ ദാരിദ്യ്രത്തിന്റെയും മറ്റാവശ്യങ്ങളുടെയും മുമ്പിലവന്‍ വിലങ്ങായാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്റെ ആവശ്യത്തിനുമുമ്പില്‍ തടസ്സം സൃഷ്ടിക്കുന്നതാണ്. ഇതുകൊണ്ടാണ് മുആവിയ(റ) ജനങ്ങളുടെ ആവശ്യങ്ങളന്വേഷിച്ചറിയുവാന്‍ ഒരാളെ നിശ്ചയിച്ചിരുന്നത്. (അബൂദാവൂദ്, തിര്‍മിദി)

4) അബ്ദുല്ലാ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു. സ്വന്തം കുടുംബത്തിലും തങ്ങളെ ഏല്‍പ്പിക്കപ്പെട്ടതിലും നീതി പുലര്‍ത്തുന്നവര്‍ അല്ലാഹുവിങ്കല്‍ പ്രകാശത്തിലുള്ള സ്റേജുകളിലാണ്. (മുസ്ലിം) (മഹത്തായ പ്രതിഫലമാണ് അല്ലാഹുവിങ്കല്‍ അവര്‍ക്കുള്ളത്).

5) ഔഫി(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിങ്ങള്‍ ഇഷ്ടപ്പെടുകയും നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് നിങ്ങളുടെ ഉത്തമരായ ഇമാമുകള്‍. മറിച്ച്, നിങ്ങള്‍ കോപിക്കുകയും നിങ്ങളോട് കോപിക്കയും നിങ്ങള്‍ ശപിക്കുകയും നിങ്ങളെ ശപിക്കുകയും ചെയ്യുന്നവരാണ് നിങ്ങളുടെ നീചരായ ഇമാമുകള്‍. ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ ! ഞങ്ങളവരെ നിരാകരിച്ചാലോ? അവര്‍ നമസ്കാരം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ നിങ്ങളിത് ചെയ്യരുത്. (മറിച്ച്, അംഗീകരിക്കുകയും നിങ്ങളുടെ കടമ നിങ്ങള്‍ നിറവേറ്റുകയും വേണം) (മുസ്ലിം)

6) ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്യുന്നത് ഞാന്‍ കേട്ടു. മൂന്നാളുകളാണ് സ്വര്‍ഗ്ഗവാസികള്‍. 1. നീതിമാനായ ഭരണകര്‍ത്താവ്. 2. കുടുംബത്തോടും പൊതുവെ മുസ്ളീംകളോടും ദയാദാക്ഷിണ്യമുള്ളവര്‍ 3. അന്തസ്സ് പാലിക്കുന്ന പ്രാരബ്ധക്കാരനായ മാന്യന്‍. (മുസ്ലിം)

7) ഇബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: വല്ലവനും ഭരണാധിപനെ ധിക്കരിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹുവിനെ സമീപിക്കുമ്പോള്‍ അവനുകാരണം പറഞ്ഞൊഴിവാകുക സാദ്ധ്യമല്ല. (ഭരണകര്‍ത്താവ്) അനുസരണ പ്രതിജ്ഞചെയ്യാതെ വല്ലവനും മരണപ്പെടുന്നപക്ഷം ജാഹിലിയ്യ മരണമാണ് അവന്‍ മരിക്കുക. (മുസ്ലിം) മത സ്വാതന്ത്യ്രങ്ങള്‍ നിലനില്ക്കുന്ന കാലത്തൊന്നും ഭരണ കര്‍ത്താക്കളെ ധിക്കരിക്കാവതല്ല)

8) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചു: നിന്റെ ദാരിദ്യ്രത്തിലും ഐശ്വര്യത്തിലും സന്തോഷത്തിലും സന്താപത്തിലും നിന്നെ മറികടന്ന് അനര്‍ഹരെ തെരെഞ്ഞെടുക്കുമ്പോഴും നീ അയാള്‍ (ഭരണകര്‍ത്താക്കളുടെ വാക്ക്) പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും വേണം. (മുസ്ലിം)

9) വാഇലി(റ)വില്‍ നിന്ന് നിവേദനം: തിരുദൂതനോട്(സ) ഒരിക്കല്‍ സലമത്ത്(റ) ചോദിച്ചു: പ്രവാചകരെ! പറഞ്ഞുതന്നാലും. തങ്ങളുടെ അവകാശം ചോദിച്ചുവാങ്ങുകയും ഞങ്ങളോടുള്ള ബാദ്ധ്യത നിറവേറ്റാതിരിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കള്‍ നിലവില്‍വന്നാല്‍ ഞങ്ങള്‍ എന്തുചെയ്യണം? നബി(സ) അയാളില്‍ നിന്നു തിരിഞ്ഞുകളഞ്ഞു (മറുപടി നല്കിയില്ല) വീണ്ടും ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: നിങ്ങള്‍ കേട്ട് അനുസരിച്ചുകൊള്ളുക. അവരില്‍ അര്‍പ്പിക്കപ്പെട്ടത് അവരുടെ ബാദ്ധ്യതയും നിങ്ങളില്‍ അര്‍പ്പിക്കപ്പെട്ടത് നിങ്ങളുടെ ബാദ്ധ്യതയുമാകുന്നു. (മുസ്ലിം) (ഭരണകര്‍ത്താക്കള്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നില്ലെങ്കിലും സ്വന്തം കടമ നിങ്ങള്‍ നിര്‍വ്വഹിച്ചേ മതിയാകൂ)

11) അബൂബക്കറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ഭരണമേധാവിയെ അവഗണിക്കുന്നവന്‍ അല്ലാഹുവിനെയും അവഗണിച്ചവനാണ്. (തിര്‍മിദി) (മതസ്വാതന്ത്യ്രം നിലനില്ക്കുന്നിടത്തോളം ഭരണമേധാവികളെ ധിക്കരിക്കാന്‍ പാടുള്ളതല്ല)

12) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) പറഞ്ഞു: അബൂദര്‍റേ! ഞാന്‍ നിന്നെ (ഭരണകാര്യത്തില്‍ ) ബലഹീനനായി കാണുന്നുവല്ലോ? എന്നാല്‍, എനിക്ക് ഞാനിഷ്ടപ്പെടുന്നത് നിനക്കും ഞാനിഷ്ടപ്പെടുന്നു. നീ രണ്ടാളുടെ ഭരണാധികാരിയാവുകയും അനാഥരുടെ ധനം കൈകാര്യം ചെയ്യുകയും ചെയ്യരുത്. (മുസ്ലിം) (ഭരണത്തില്‍ പാകത സിദ്ധിച്ചിട്ടില്ലാത്തവന്‍ ഭരണമേറ്റെടുക്കുന്നതുകൊണ്ട് പല അപാകതകളും സംഭവിക്കാനിടയുണ്ട്. തന്നിമിത്തം അതേല്‍ക്കാതിരിക്കുന്നതാണുത്തമം)

13) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരെ! എന്നെ ഒരു ഉദ്യോഗസ്ഥനാക്കി നിയമിച്ചുകൂടെ? അന്നേരം അവുടുത്തെ കൈ എന്റെ ചുമലില്‍ തല്ലിക്കൊണ്ട് പറഞ്ഞു: അബൂദര്‍റേ! നീ ബലഹീനനാണ്. അതൊരു അമാനത്തുമാണ്. അര്‍ഹിക്കും വിധം കൈകാര്യം ചെയ്യാത്തവന് അന്ത്യദിനത്തില്‍ നിന്ദ്യതക്കും ഖേദത്തിനും അതു കാരണമായിത്തീരും. (മുസ്ലിം)

14) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു; അമീറിന് അല്ലാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ സത്യസന്ധനായ ഒരുകൂട്ടുകാരനെ അവന് അല്ലാഹു ഉണ്ടാക്കിക്കൊടുക്കും. അവന്‍ വിസ്മരിച്ചാല്‍ ഉണര്‍ത്തുകയും ഓര്‍മ്മയുള്ളവനാണെങ്കില്‍ സഹായിക്കുകയും ചെയ്യുന്നവന്‍, മറിച്ച് മറ്റു വല്ലതുമാണ് (തിന്മയാണ്) അവനുദ്ദേശിച്ചതെങ്കില്‍ ചീത്ത കൂട്ടുകാരനെയാണ് അല്ലാഹു അവനു നിശ്ചയിച്ചുകൊടുക്കുക. അവന്‍ മറന്നാല്‍ അനുസരിപ്പിക്കുകയോ അനുസ്മരിച്ചാല്‍ സഹായിക്കുകയോ ചെയ്യാത്ത കൂട്ടുകാരനായിരിക്കും. (അബൂദാവൂദ്)

Monday, December 14, 2009

പശ്ചാത്താപം

0 comments


1) അഗര്‍റ്(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു. ജനങ്ങളെ ! നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവനോട് പാപമോചനത്തിന്നഭ്യര്‍ത്ഥിക്കുകയും ചെയ്യുക: കാരണം ഞാന്‍ ദിവസവും നൂറുപ്രാവശ്യം മടങ്ങുന്നു. (മുസ്ലിം)

2) മുസ്ളിമിന്റെ റിപ്പോര്‍ട്ടിലുണ്ട്: യാത്രാമദ്ധ്യേമരുഭൂമിയില്‍വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്‍ക്ക് നഷ്ടപ്പെട്ടു. തെരഞ്ഞുപിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷച്ചുവട്ടിലിരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറഞ്ഞുപോയി. അല്ലാഹുവേ! നീ എന്റെ ദാസനും ഞാന്‍ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറഞ്ഞു. അയാളേക്കാള്‍ ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ സന്തോഷിക്കുന്നവനാണ് അല്ലാഹു.

3) അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: പകലത്തെ കുറ്റവാളികളുടെ തൌബ രാത്രിയിലും രാത്രിയിലെ കുറ്റവാളികളുടെ തൌബ പകലും സ്വീകരിക്കുവാന്‍ അല്ലാഹു തയ്യാറാകുന്നു. ഈ പ്രക്രിയ സൂര്യന്‍ പശ്ചിമഭാഗത്തു നിന്നും ഉദിക്കുന്നതുവരെ (അന്ത്യനാള്‍ വരെ) തുടരും. (മുസ്ലിം)

4) അബ്ദുല്ലാഹിബ്നു ഉമറി(റ)ല്‍ നിന്ന് നബി(സ) പറയുകയുണ്ടായി: റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാസന്റെ തൌബ അല്ലാഹു സ്വീകരിക്കുന്നതാണ്. (തിര്‍മിദി)

5) അഗര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനെ ത്തന്നെയാണെ, നിങ്ങള്‍ പാപംചെയ്യുന്നില്ലെങ്കില്‍ ഈ ഭൂലോകത്ത് നിന്ന് അല്ലാഹു നിങ്ങളെ എടുത്തുമാറ്റുകയും പകരം പാപം പ്രവര്‍ത്തിക്കുകയും ഇസ്തിഗ്ഫാര്‍ ചെയ്യുകയും അനന്തരം അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തെ അവനിവിടെ കൊണ്ടുവരികയും ചെയ്യും. (മുസ്ലിം)

6) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: ഒരേ സദസ്സില്‍വെച്ച് നാഥാ! എനിക്കു നീ പൊറുത്തുതരേണമേ! എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ! നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാലുവുമാകുന്നു. എന്ന് 100 പ്രാവശ്യം റസൂല്‍(സ) പ്രാര്‍ത്ഥിച്ചിരുന്നത് ഞങ്ങള്‍ എണ്ണി കണക്കാക്കിയിരുന്നു. (അബൂദാവൂദ്, തിര്‍മിദി)

7) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര്‍ ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാകുന്നു. (അബൂദാവൂദ്)

8) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുന്നു. എന്നെന്നും ജീവിച്ചിരിക്കുന്നവനും നിയന്താവുമായ അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല. ഞാന്‍ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു എന്ന് വല്ലവനും പറഞ്ഞാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും. അവന്‍ രണാങ്കണത്തില്‍ നിന്ന് ഓടിപ്പോയവനാണെങ്കിലും. (അബൂദാവൂദ്, തിര്‍മിദി, ഹാകിം)

9) സൌബാനി(റ)ല്‍ നിന്ന് നിവേദനം: നമസ്കരിച്ചതിനുശേഷം റസൂല്‍(സ) മൂന്ന് പ്രാവശ്യം ഇസ്തിഗ്ഫാര്‍ ചെയ്തിട്ട് പറയുമായിരുന്നു. അല്ലാഹുവേ! നീ രക്ഷ മാത്രമാണ്. നിന്നില്‍ നിന്ന് മാത്രമാണ് രക്ഷ. മഹാനും പ്രതാപിയുമായവനേ! നീ ഗുണാഭിവൃദ്ധിയുള്ളവനാണ്. ഇതിന്റെ നിവേദകരില്‍പ്പെട്ട വൌസാഇ(റ) യോട് ചോദിക്കപ്പെട്ടു. ഇസ്തിഗ്ഫാര്‍ എങ്ങനെയായിരുന്നു. അദ്ദേഹം പറഞ്ഞു: നബി(സ) പറഞ്ഞിരുന്നത് 'അസ്തഗ്ഫിറുല്ലാ' എന്നായിരുന്നു. (മുസ്ലിം)

10) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മം പെരുപ്പിക്കണം. ധാരാളമായി ഇസ്തിഗ്ഫാറും ചെയ്യണം. നിശ്ചയം നരകവാസികളില്‍ കൂടുതലും നിങ്ങളെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അന്നേരം അവരില്‍പെട്ട ഒരു സ്ത്രീ ചോദിച്ചു. എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളായത്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ലഅ്നത്ത് പെരുപ്പിക്കുകയും ഭര്‍ത്താക്കളോട് നന്ദികേട് പ്രവര്‍ത്തിക്കുകയും ചെയ്യും. ബുദ്ധി കുറഞ്ഞവരായിട്ടും ബുദ്ധിയുള്ള പുരുഷന്മാരെ കീഴടക്കുന്നവരായും ചിന്താമണ്ഡലത്തിലും ദീനീരംഗത്തും നിങ്ങളേക്കാള്‍ കഴിവുകുറഞ്ഞവരായും മറ്റാരെയും ഞാന്‍ കണ്ടില്ല. അവര്‍ ചോദിച്ചു: ദീനും അഖലും അപര്യാപ്തമായത് എന്തുകൊണ്ടാണ്? അവിടുന്ന് അരുള്‍ചെയ്തു: ഒരു പുരുഷന്‍ സാക്ഷി നില്‍ക്കുന്നേടത്ത് രണ്ട് സ്ത്രീകള്‍ സാക്ഷി നില്ക്കണം. അനേക ദിവസം (പുരുഷനെ അപേക്ഷിച്ച്) അവള്‍ (സ്ത്രീ) നമസ്കാരം കൂടാതെ കഴിക്കും. (മുസ്ലിം)

Saturday, December 12, 2009

സ്വഭാവ ഗുണങ്ങള്‍

0 comments


1) ജാബിര്‍(റ) പറയുന്നു: ഞങ്ങള്‍ ഒരു യുദ്ധത്തില്‍ (തബൂക്ക്) നബി(സ) യൊന്നിച്ചുണ്ടായിരുന്നു. അവിടുന്നിപ്രകാരം പറഞ്ഞു: മദീനയില്‍ ചിലരുണ്ട്. പര്‍വ്വതപ്രാന്തത്തിലൂടെ സഞ്ചരിച്ച നിങ്ങളുടെ പ്രതിഫലത്തില്‍ പങ്കാളികളാണവര്‍. കാരണം രോഗം അവരെ തടഞ്ഞുവെച്ചു. (മുസ്ലിം)

2) അബൂമൂസ(റ)ഉദ്ധരിക്കുന്നു: റസൂല്‍ അരുള്‍ ചെയ്തു: തീര്‍ച്ചയായും അല്ലാഹു (ത) നിങ്ങളുടെ സൌന്ദര്യമോ ശരീരപ്രകൃതിയോ അല്ല പരിഗണിക്കുന്നത്. നിങ്ങളുടെ ഹൃദയങ്ങളിലേക്കത്രെ അവന്റെ നോട്ടം. (മുസ്ലിം)

3) അബൂമാലിക്കി(റ)ല്‍ നിന്ന്: റസൂല്‍(സ) പ്രസ്താവിച്ചു. ശുചിത്വം ഈമാന്റെ പകുതിയാകുന്നു. 'അല്‍ഹംദുലില്ലാ' മീസാന്‍ നിറക്കും. 'സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാ' ആകാശഭൂമി കള്‍ക്കിടയെ നിറക്കും. നമസ്കാരം ഖുര്‍ആന്‍ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയിരിക്കും. ഓരോരുത്തരും പ്രഭാതത്തില്‍ പുറത്തുപോയി പണിയെടുക്കുന്നു. അതുവഴി തന്നെ അവന്‍ രക്ഷിക്കുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്നു. (മുസ്ലിം)

4) സുഹൈബ്(റ)ല്‍ നിന്ന്: നബി(സ) പറഞ്ഞു: സത്യവിശ്വാസിയുടെ നില അത്ഭുതം! എല്ലാം അവനു ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. സന്തുഷ്ടനാകുമ്പോള്‍ നന്ദി പ്രകടിപ്പിക്കും. ദുഃഖിതനാകുമ്പോള്‍ ക്ഷമ പാലിക്കും. അപ്പോള്‍ അത് (സുഖദുഃഖം) അവന് ഗുണകരമായിത്തീരുന്നു. (മുസ്ലിം)

5) മുആദി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: പ്രതികാരത്തിന് കഴിവുണ്ടായിരിക്കെ വല്ലവനും കോപമടക്കിയാല്‍ ജനമദ്ധ്യത്തില്‍ വെച്ച് തനിക്കിഷ്ടപ്പെട്ട സുന്ദരികളെ അല്ലാഹു അവന് സമ്മാനിക്കും. (അബൂദാവൂദ്, തിര്‍മിദി)

6) അബൂഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: സത്യവിശ്വാസിക്ക് തന്റെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണമുണ്ടായിക്കൊണ്ടിരിക്കും. അവസാനം അവന്‍ പാപരഹിതനായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)

7) സഹല്‍ ബിന്‍ ഹുനൈഫി(റ)ല്‍ നിന്ന്: (ബദറില്‍ പങ്കെടുത്തവ്യക്തിയാണദ്ദേഹം) നബി(സ) പറഞ്ഞു. രക്തസാക്ഷിയാകാന്‍ ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നവന്‍ തന്റെ വിരിപ്പില്‍ കിടന്നു മരണപ്പെട്ടാലും രക്തസാക്ഷിയുടെ പദവി അല്ലാഹു അവന് പ്രദാനം ചെയ്യുന്നതാണ്. (മുസ്ലിം)

8) ശദ്ദാദി(റ)ല്‍ നിന്ന്: നബി(സ) പ്രഖ്യാപിച്ചു: തന്നെ മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്തുന്നവനും മരണാനന്തരജീവിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവനുമാണ് ബുദ്ധിമാന്‍. ദേഹേച്ഛക്ക് വശംവദനായി ജീവിക്കുന്നതോടുകൂടി അല്ലാഹുവില്‍ നിന്ന് മോക്ഷമാഗ്രഹിക്കുന്നവന്‍ അതിന് അപ്രാപ്തനായിത്തീരുന്നു. (തിര്‍മിദി)

9) അബൂഹുറയ്റ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: അനാവശ്യങ്ങളില്‍ നിന്ന് മാറിനില്ക്കല്‍ ഇസ്ളാമിന്റെ പരിപൂര്‍ണ്ണതയില്‍പ്പെട്ടതാണ്. (തിര്‍മിദി)

10) തിരുമേനി(സ) അരുളിയതായി അബൂസഈദില്‍ നിന്ന്: ഇഹലോകം മധുരവും അലങ്കാര പ്രദവുമാണ്. അതില്‍ നിങ്ങളെ അല്ലാഹു പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുകയാണ്. നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവന്‍ വീക്ഷിക്കുന്നുണ്ട്. (മുസ്ലിം)

11) ഇബ്നു മസ്ഊദി(റ)ല്‍ നിന്ന്: നബി(സ) പതിവായി പ്രാര്‍ത്ഥിക്കാറുണ്ട്: അല്ലാഹുവേ! ക്ഷേമവും പവിത്രതയും തഖ്വയും സന്മാര്‍ഗ്ഗവും എനിക്ക് പ്രദാനം ചെയ്യേണമേ! (മുസ്ലിം)

12) അദിയ്യിബ്നു ഹാത്തിമി(റ)ല്‍ നിന്ന്: നബി(സ) പറയുന്നത് ഞാന്‍ കേട്ടു. ഒരാള്‍ ശപഥം ചെയ്തു. പിന്നീട് അതിനേക്കാള്‍ മെച്ചപ്പെട്ടത് കണ്ടാല്‍ അതവന്‍ കൊണ്ട് വരട്ടെ. (മുസ്ലിം)

13) സുദിയ്യ്ബ്നു അജ്ലാനില്‍ നിന്ന്: ഹജ്ജത്തുല്‍വദാഇല്‍ നബി(സ) പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അഞ്ചുനേരത്തെ നമസ്കാരം നിര്‍വ്വഹിക്കുകയും റംസാന്‍ മാസത്തില്‍ നോമ്പനുഷ്ടിക്കുകയും ധനത്തിനു സകാത്തുകൊടുക്കുകയും ഭരണകര്‍ത്താക്കളെ അനുസരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. (തിര്‍മിദി)

14) അബൂഹുറയ്റ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: പറവകള്‍ക്ക് സമാനം നിഷ്കളങ്കരായവര്‍ സ്വര്‍ഗ്ഗം പൂകുന്നതാണ്. (മുസ്ലിം)

15) മുഅ്മിനീങ്ങളുടെ മാതാവ് ഉമ്മുസല്‍മ ഉദ്ധരിക്കുന്നു: നബി(സ) തന്റെ വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയാറുണ്ട്: അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ യാത്രയാരംഭിക്കുന്നു. എല്ലാം ഞാന്‍ അല്ലാഹുവിനെ ഭരമേല്പിച്ചിരിക്കുന്നു. ഞാന്‍ അലഞ്ഞുതിരിയുകയോ വഴിതെറ്റിക്കപ്പെടുകയോ അബദ്ധത്തില്‍ ചാടുകയോ തെറ്റുചെയ്യിക്കപ്പെടുകയോ അക്രമിക്കയോ അക്രമിക്കപ്പെടുകയോ വിഢ്ഢിത്തം ചെയ്തുപോവുകയോ അവിവേകം പ്രവര്‍ത്തിക്കപ്പെടുകയോ ചെയ്യുന്നതില്‍ നിന്നെല്ലാം അല്ലാഹുവേ! നിന്നോട് ഞാന്‍ കാവല്‍ തേടുന്നു. (അബൂദാവൂദ്, തിര്‍മിദി)

16) അനസി(റ)ല്‍ നിന്ന്: നബി(സ) പ്രസ്താവിച്ചു: വല്ലവരും തന്റെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ അല്ലാഹുവേ! നിന്റെ നാമത്തില്‍ ഞാന്‍ പുറപ്പെടുന്നു. എല്ലാം ഞാന്‍ അല്ലാഹുവില്‍ ഭരമേല്പിച്ചിരിക്കുന്നു. അല്ലാഹുവിന്റെ സഹായം കൊണ്ടേ പാപകര്‍മ്മത്തില്‍ നിന്ന് പിന്‍മാറുവാനും ഇബാദത്ത് നിര്‍വ്വഹിക്കുവാനും സാധ്യമാവൂ. - ഇപ്രകാരം പറഞ്ഞാല്‍ (മലക്കുകള്‍ വഴി ) പറയപ്പെടും. നീ സന്മാര്‍ഗ്ഗം പ്രാപിച്ചിരിക്കുന്നു. നീ (സ്വയം) പര്യാപ്തനായിത്തീര്‍ന്നു. നീ രക്ഷപ്പെട്ടു എന്തു കൊണ്ടെന്നാല്‍ പിശാച് അവനില്‍ നിന്ന് അകന്നുപോയിരിക്കുന്നു. (അബൂദാവൂദ്, തിര്‍മിദി)

17) നബി(സ) പറഞ്ഞതായി അനസി(റ)ല്‍ നിന്ന്: നബി(സ) യുടെ കാലത്ത് രണ്ട് സഹോദരന്മാരുണ്ടായിരുന്നു. അവരിലൊരാള്‍ നബി(സ) യുടെ സവിധത്തില്‍ ചെന്ന് പഠിക്കുകയും മറ്റെയാള്‍ തൊഴിലിലേര്‍പ്പെടുകയും ചെയ്തു. തൊഴിലാളി, സഹോദരനക്കുറിച്ച് നബി(സ)യോട് ആവലാതിപ്പെട്ടു. നബി(സ) പറഞ്ഞു: അവന്റെ പേരില്‍ നീ അനുഗ്രഹിക്കപ്പെട്ടേക്കാം. (അതിനാല്‍ അവന്‍ പഠിച്ചു കൊള്ളട്ടെ. (തിര്‍മിദി)

18) സുഫ്യാനുബ്നു അബ്ദില്ല(റ)യില്‍ നിന്ന്: പ്രവാചകരേ! മറ്റാരോടും ചോദിച്ചു പഠിക്കേണ്ട ആവശ്യം നേരിടാത്തത്രയും വ്യക്തവും സമ്പൂര്‍ണ്ണവുമായ ഒരു വചനം എനിക്ക് പഠിപ്പിച്ചുതരണം. അവിടുന്ന് പറഞ്ഞു: ഞാന്‍ അല്ലാഹുവില്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചിരിക്കുന്നു എന്ന് നീ പറയുകയും സത്യമാര്‍ഗ്ഗത്തില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്യുക. (മുസ്ലിം)

19) അബൂഹുറയ്റ(റ)യില്‍ നിന്ന്: നിങ്ങള്‍ സന്മാര്‍ഗ്ഗം സ്വീകരിക്കുകയും അതില്‍ അടിയുറച്ചു നില്ക്കുകയും ചെയ്യുക. നിങ്ങളറിയണം: ആരും തന്നെ തന്റെ സല്‍പ്രവൃത്തികൊണ്ടുമാത്രം രക്ഷപ്പെടുകയില്ല. ഇതു കേട്ടപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു. പ്രവാചകരേ! അങ്ങും രക്ഷപ്പെടുകയില്ലേ? അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും എന്നെ ആവരണം ചെയ്തിട്ടു ണ്ടായിരുന്നില്ലെങ്കില്‍ ഞാനും രക്ഷപ്പെടുകയില്ലായിരുന്നു. (മുസ്ലിം)

20) അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. തീര്‍ച്ചയായും അന്ത്യദിനത്തില്‍ അല്ലാഹു ചോദിക്കും. എന്നെ മാനിച്ചുകൊണ്ട് പരസ്പരം സ്നേഹിച്ചവരെവിടെ? എന്റേതല്ലാത്ത മറ്റൊരു നിഴലും ഇല്ലാത്ത ഈ ദിവസം ഞാനവര്‍ക്ക് നിഴലിട്ടുകൊടുക്കുന്നതാണ്. (മുസ്ലിം)

21) അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെത്തന്നെയാണ്, സത്യവിശ്വാസികളാകുന്നതുവരെ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നതു വരെ നിങ്ങളാരും സത്യവിശ്വാസികളാവുകയില്ല. ഞാനൊരു കാര്യം നിങ്ങളെ അറിയിക്കാം. അതു കൈക്കൊണ്ടാല്‍ നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നവരാകും. നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കലാണത്. (മുസ്ലിം)

22) മുആദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നു എന്നെ ആദരിച്ചുകൊണ്ട് പരസ്പരം സ്നേഹിക്കുന്നവര്‍ക്ക് നാളെ പ്രകാശത്താലുള്ള സ്റേജുകളുണ്ടായിരിക്കും. നബിമാരും ശൂഹദാക്കളും കൂടി ആ സമുന്നത പദവി ആഗ്രഹിക്കുന്നവരാണ്. (തിര്‍മിദി)

23) മിഖ്ദാദ്ു(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു. ഒരാള്‍ തന്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കില്‍ അക്കാര്യം അവനെ അറിയിച്ചുകൊള്ളട്ടെ. (അബൂദാവൂദ്, തിര്‍മിദി)

24) മുആദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്റെ കൈ പിടിച്ചുപറഞ്ഞു അല്ലാഹുവാണ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നോട് വസിയ്യത്ത് ചെയ്യുന്നു. മുആദേ! നമസ്കാരത്തിനു ശേഷം ഇങ്ങനെ പ്രാര്‍ത്ഥിക്കുവാന്‍ നീ ഒരിക്കലും വിട്ടുപോകരുത് - അല്ലാഹുവേ! നിന്നെ സ്മരിക്കുന്നതിനും നിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്യുന്നതിനും ക്രമാനുസൃതം നിന്നെ ആരാധിക്കുന്നതിനും എന്നെ നീ സഹായിക്കേണമേ!. (അബൂദാവൂദ്, നസാഈ)

25) നവാസി(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: നന്മയില്‍ പ്രധാന ഭാഗം സല്‍സ്വഭാവമാണ്. നിന്റെ ഹൃദയത്തില്‍ ഹലാലോ ഹറാമോ എന്ന് സംശയമുളവാകുകയും ജനങ്ങളറിയുന്നത് നിനക്കിഷ്ടമില്ലാതിരിക്കുകയും ചെയ്യുന്നതേതോ അതാണ് (യഥാര്‍ത്ഥത്തില്‍) പാപം. (ജനങ്ങളറിയുന്നത് നിനക്കിഷ്ടമില്ലെങ്കില്‍ അത് നിഷിദ്ധമാണെന്നതിന് വ്യക്തമായ തെളിവാണ്). (മുസ്ലിം)

26) വാബിസത്തി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ഒരിക്കല്‍ റസൂല്‍(സ) യുടെ അടുത്ത് ചെന്നപ്പോള്‍ എന്നോട് ചോദിച്ചു. നന്മയെ സംബന്ധിച്ച് ചാദിച്ചു പഠിക്കാനാണോ നീ ഇപ്പോഴിവിടെ വന്നത്? അതെ എന്ന് ഞാന്‍ പ്രത്യുത്തരം നല്കിയപ്പോള്‍ അവിടുന്ന് എന്നോടാജ്ഞാപിച്ചു. എന്നാല്‍ നിന്റെ ഹൃദയത്തോട് നീ വിധി തേടിക്കൊള്ളുക. ഹൃദയത്തിന് ശാന്തിയും സമാധാനവും ലഭിക്കുന്നതേതോ അതാണ് (യഥാര്‍ത്ഥത്തില്‍) നന്മ. മറിച്ച് ഹൃദയത്തില്‍ സംശയവും പരിഭ്രാന്തിയും ഉളവാക്കുന്നതേതോ അതാണ് (സത്യത്തില്‍) പാപം. ജനങ്ങളൊക്കെ (അത് അനുവദനീയമാണെന്ന്) നിനക്ക് വിധി നല്കുന്നുവെങ്കിലും. (അഹ്മദ്, ദാരിമി)

27) അത്വിയ്യത്തി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: ദോഷമുള്ള കാര്യങ്ങള്‍ സൂക്ഷിക്കാന്‍വേണ്ടി (അതിലേക്ക് ചേര്‍ക്കാന്‍ സാദ്ധ്യതയുള്ള) തെറ്റില്ലാത്ത കാര്യം പോലും ഉപേക്ഷിക്കാതെ ആര്‍ക്കും ഭക്തന്മാരില്‍ ഉള്‍പ്പെടുവാന്‍ സാദ്ധ്യമല്ല. (തിര്‍മിദി)

28) സഅ്ദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, അല്ലാഹു ഭക്തനും നിരാശ്രയനും അപ്രശസ്തനുമായ വ്യക്തിയെ ഇഷ്ടപ്പെടും. (പേരിനും പ്രശസ്തിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍ സത്യത്തില്‍ അല്ലാഹുവിനെയല്ല ധ്യാനിക്കുന്നത്; ജനങ്ങളാണവന്റെ ലക്ഷ്യം). (മുസ്ലിം)

29) അബൂഹുറൈറ(റ)ല്‍ നിന്ന്: റസൂല്‍(സ) ഖണ്ഡിതമായി പറഞ്ഞു. യുദ്ധത്തിലേക്കു വിളികേള്‍ക്കുമ്പോഴൊക്കെ ശത്രുക്കളെ വധിക്കുവാനോ യുദ്ധക്കളത്തില്‍ രക്തസാക്ഷിയാകാനോ ഉദ്ദേശിച്ചുകൊണ്ട് തന്റെ കുതിരപ്പുറത്തുകയറി അതിന്റെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ട് പറക്കുന്നവനോ, നമസ്കാരം നിലനിര്‍ത്തുകയും സക്കാത്ത് കൊടുക്കുകയും മരണം വരെ തന്റെ നാഥനെ ആരാധിക്കുകയും ജനങ്ങള്‍ക്ക് നന്മമാത്രം നല്കുകയും ചെയ്തുകൊണ്ട് താഴ്വരകളിലോ പര്‍വ്വതനിരകളിലോ ആടുമേച്ച് ജീവിതം നയിക്കുന്നവനോ ആണ് ജനങ്ങളില്‍ ഉത്തമന്‍. (മുസ്ലിം)

30) ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. നിങ്ങള്‍ പരസ്പരം വിനയമുള്ളവരാകണം. ആരും അഹങ്കരിക്കരുത്. അപ്രകാരം ആരും മറ്റാരെയും ആക്രമിക്കുകയുമരുത് എന്ന് അല്ലാഹു എനിക്ക് ദൌത്യം നല്കിയിരിക്കുന്നു. (മുസ്ലിം)

31) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു. ധനം ധര്‍മ്മം കൊണ്ട് ഒരിക്കലും ചുരുങ്ങുകയില്ല. മാപ്പ് ചെയ്യുന്നതുകൊണ്ട് പ്രതാപം വര്‍ദ്ധിക്കുന്നു. അല്ലാഹുവിനോട് താഴ്മ കാണിക്കുന്നവനെ അവന്‍ ഉയര്‍ത്തുന്നു. (മുസ്ലിം)

32) അബൂരിഫാഅത്തി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനൊരിക്കല്‍ അടുത്തു ചെന്നുകൊണ്ട് പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരെ! ഞാനൊരു വിദേശിയാണ്. മതനടപടികളെ സംബന്ധിച്ച് ചോദിച്ച് പഠിക്കാന്‍ വേണ്ടി വന്നതാണ്. ദീന്‍ എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അന്നേരം റസൂല്‍(സ) ഖുത്തുബ ഉപേക്ഷിച്ചുകൊണ്ട് എന്റെ നേരെ തിരിഞ്ഞു. അവസാനം എന്റെ സമീപത്ത് എത്തിച്ചേര്‍ന്നപ്പോള്‍ ഒരുകസേര കൊണ്ടുവരപ്പെട്ടു. അതിന്മേല്‍ ഇരുന്നുകൊണ്ട് അവിടുത്തേക്ക് അല്ലാഹു പഠിപ്പിച്ചുകൊടുത്തതില്‍ നിന്ന് എന്നെ പഠിപ്പിക്കാന്‍ തുടങ്ങി. അതിനുശേഷം പ്രസംഗിച്ചിരുന്ന സ്ഥലത്ത് മടങ്ങിച്ചെന്ന് ഖുത്തുബ പൂര്‍ത്തികരിച്ചു. (മുസ്ലിം)

33) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഭക്ഷണം കഴിച്ചാല്‍ മൂന്നു വിരലുകളും നക്കാറുണ്ട്. അനസ്(റ) പറയുന്നു. നബി(സ) പറയുകയുണ്ടായി. നിങ്ങളില്‍ ആരുടെയെങ്കിലും ഭക്ഷണപ്പിടി താഴെ വീണാല്‍ അതില്‍ നിന്ന് അഴുക്കുകള്‍ നീക്കം ചെയ്ത് അവന്‍ തിന്നുകൊള്ളട്ടെ. പിശാചിനു വേണ്ടി അതുപേക്ഷിച്ചിടരുത്. ഭക്ഷണത്തളിക തുടച്ചുവൃത്തിയാക്കാന്‍ കല്‍പ്പിച്ചു കൊണ്ട് തിരുദൂതന്‍(സ)പറയാറുണ്ട്. നിങ്ങളുടെ ഏതു ഭക്ഷണത്തിലാണ് ബര്‍ക്കത്തെന്ന് നിങ്ങള്‍ക്കറിയുകയില്ല. (മുസ്ലിം)

34) അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു. ഹൃദയത്തില്‍ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അന്നേരം ഒരാള്‍ ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തന്റെ വസ്ത്രവും പാദരക്ഷയും കൌതുകമുള്ളതാകാന്‍ ആഗ്രഹിക്കാറുണ്ടല്ലോ? തിരുദൂതന്‍(സ)പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ട പ്പെടുന്നവനുമാണ്. അതുകൊണ്ട് അതൊരു അഹങ്കാരമല്ല. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാര്‍ത്ഥത്തില്‍ അഹങ്കാരം. (മുസ്ലിം)

35) സലമത്തി(റ)ല്‍ നിന്ന് നിവേദനം: നിശ്ചയം, ഒരാള്‍ നബി(സ)യുടെ സമീപത്തുവെച്ച് ഇടതു കൈകൊണ്ട് ഭക്ഷിച്ചു. അന്നേരം നബി(സ) അവനോട് നിര്‍ദ്ദേശിച്ചു. നിന്റെ വലതുകൈകൊണ്ട് നീ തിന്നുക. അയാള്‍ പറഞ്ഞു. എനിക്കതിന് കഴിയുകയില്ല. നബി(സ) പറഞ്ഞു. എന്നാല്‍ നിനക്കൊരിക്കലും കഴിയാതിരിക്കട്ടെ. അഹങ്കാരം മാത്രമായിരുന്നു അവനെ അതില്‍ നിന്നും തടുത്തുനിര്‍ത്തിയത്. റാവി പറയുന്നു. പിന്നീടൊരിക്കലും ആ (വലതു) കൈ തന്റെ വായിലേക്കുയര്‍ത്താന്‍ അവന് സാധിച്ചിട്ടില്ല. (മുസ്ലിം)

36) അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അന്ത്യദിനത്തില്‍ മൂന്നാളുകളോട് അല്ലാഹു സംസാരിക്കുകയോ അവരെ ശുദ്ധിയാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുകയില്ല. മാത്രമല്ല, വേദനാജനകമായ ശിക്ഷയും അവര്‍ക്കുണ്ട്. 1. വൃദ്ധനായ വ്യഭിചാരി 2. കള്ളം പറയുന്ന രാജാവ് 3. അഹങ്കാരിയായ ദരിദ്രന്‍ (മുസ്ലിം)

37) അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ പ്രവാചകന്‍(സ) അരുളിയിരിക്കുന്നു. അല്ലാഹു പറയുകയുണ്ടായി: പ്രതാപം എന്റെ അരയുടുപ്പും അഹങ്കാരം എന്റെ രണ്ടാംമുണ്ടും ആകുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ എന്നോടാരെങ്കിലും മത്സരിച്ചാല്‍ ഞാനവനെ ശിക്ഷിക്കുന്നതാണ്. (മുസ്ലിം)

38) സലമത്തി(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു. ഒരാള്‍ തന്നെ വാഴ്ത്തിക്കൊണ്ടേയിരിക്കും. അവസാനം ധിക്കാരികളുടെ കൂട്ടത്തില്‍ അവന്‍ എഴുതപ്പെടുകയും അനന്തരം അവര്‍ക്കെത്തിയത് ഇവനെ ബാധിക്കുകയും ചെയ്യും. (തിര്‍മിദി)

39) നവാസി(റ)ല്‍ നിന്ന് നിവേദനം: നന്മ-തിന്മയെ സംബന്ധിച്ച് ഒരിക്കല്‍ നബി(സ) യോട് ഞാന്‍ ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു. സല്‍സ്വഭാവമാണ് യഥാര്‍ത്ഥത്തില്‍ നന്മ. നിന്റെ ഹൃദയത്തില്‍ സംശയമുളവാക്കുകയും ജനങ്ങളറിയല്‍ നിനക്ക് വെറുപ്പുണ്ടാവുകയും ചെയ്യുന്നതേതോ അതാണ് തിന്മ. (മുസ്ലിം)

40) അബുദ്ദര്‍ദാഅ്(റ) നിവേദനം ചെയ്യുന്നു: നബി(സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തില്‍ സത്യവിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തേക്കാള്‍ ഘനംതൂങ്ങുന്ന മറ്റൊന്നുമില്ല. നിശ്ചയം നീച വാക്കുകള്‍ പറയുന്ന ദുസ്വഭാവിയോട് അല്ലാഹു കോപിക്കുക തന്നെ ചെയ്യും. (തിര്‍മിദി)

41) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന മിക്കകാര്യങ്ങളെ സംബന്ധിച്ചും റസൂല്‍(സ) ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് മറുപടി പറഞ്ഞു. സല്‍സ്വഭാവവും അല്ലാഹുവിനോടുള്ള ഭക്തിയുമാണത്. മനുഷ്യരെ നരകത്തില്‍ പ്രവേശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളെ സംബന്ധിച്ചും അവിടുന്ന് ചോദിക്കപ്പെട്ടു. വായയും ഗുഹ്യസ്ഥാനവുമാണത്. എന്ന് തിരുദൂതന്‍(സ) അപ്പോള്‍ മറുപടി പറഞ്ഞു. (തിര്‍മിദി)

42) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: അവരില്‍ വെച്ച് ഏറ്റവും സ്വഭാവ വൈശിഷ്ട്യമുളളവരാണ് സത്യവിശ്വാസികളില്‍ പരിപൂര്‍ണ്ണര്‍. നിങ്ങളിലുത്തമന്‍ തന്റെ സഹധര്‍മ്മിണിയോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനുമാകുന്നു. (തിര്‍മിദി)

43) ആയിശ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഒരു സത്യവിശ്വാസിക്ക് തന്റെ സല്‍സ്വഭാവം കൊണ്ട് (സദാ) വ്രതമനുഷ്ഠിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നവന്റെ പദവികളാര്‍ജ്ജിക്കാന്‍ കഴിയും. (അബൂദാവൂദ്) (ഉത്തമസ്വഭാവംകൊണ്ട് നമസ്കരിക്കുന്നവന്റെയും നോമ്പനുഷ്ഠിക്കുന്നവന്റെയും പ്രതിഫലം നേടാന്‍ കഴിയും)

44) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. തര്‍ക്കം കൈവെടിയുന്നവന് സ്വര്‍ഗ്ഗത്തിന്റെ ഒരു ഭാഗത്ത് ഒരു ഭവനം നല്‍കാമെന്ന് ഞാനേല്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ അവന്‍ സത്യത്തിനുവേണ്ടി വാദിക്കുന്നവനാണെങ്കിലും. അപ്രകാരം തന്നെ കള്ളം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ നടുവില്‍ ഒരു ഭവനം നല്‍കാമെന്നും ഞാനേല്‍ക്കുന്നു. അവന്‍ (കളവ് പറയാറുണ്ട്) തമാശരൂപത്തിലാണെങ്കിലും. ഉത്തമസ്വഭാവിക്ക് സ്വര്‍ഗ്ഗത്തിന്റെ ഉപരിഭാഗത്ത് ഒരു ഭവനം നല്‍കാമെന്നും ഞാനേല്‍ക്കുന്നു. (അബൂദാവൂദ്)

45) ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു. അന്ത്യദിനത്തില്‍ നിങ്ങളില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും സ്ഥാനം കൊണ്ട് എന്നോട് കൂടുതലടുത്തവരും നിങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമ സ്വഭാവികളാണ്. അന്ത്യദിനത്തില്‍ നിങ്ങളില്‍ വെച്ച് എന്നോട് ഏറ്റവും കോപമുള്ളവരും എന്നോടടുപ്പമില്ലാത്തവരും ധാരാളം സംസാരിക്കുന്നവരും ജനങ്ങളുടെമേല്‍ കുറ്റാരോപണം ചുമത്തുന്നവരും മുതഫയ്ഹിഖീങ്ങളുമാകുന്നു. അവര്‍ ചോദിച്ചു. പ്രവാചകരെ! സര്‍സാറും മുതശദ്ദിഖും ഞങ്ങള്‍ക്കറിയാം. മുതഫയ്ഹിഖുകൊണ്ടുള്ള വിവക്ഷയെന്താണ്? തിരു ദൂതന്‍(സ) പറഞ്ഞു. മുതകബ്ബിറൂന്‍ എന്നാണ് അതുകൊണ്ടുള്ള വിവക്ഷ. (തിര്‍മിദി)

46) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: അശജ്ജ് അബ്ദുല്‍ ഖൈസിനോട് ഒരിക്കല്‍ നബി(സ) പറഞ്ഞു. അല്ലാഹുവിനിഷ്ടമുള്ള രണ്ട് സ്വഭാവങ്ങള്‍ നിന്നിലുണ്ട്. 1. സഹിഷ്ണുത 2. സൌമ്യത. (മുസ്ലിം)

47) ആയിശ(റ)യില്‍ നിന്ന് നിവേദനം: നിശ്ചയം, നബി(സ) അരുള്‍ ചെയ്തു. അല്ലാഹു ദയയുള്ളവനും ദയ ഇഷ്ടപ്പെടുന്നവനുമത്രെ. മാത്രമല്ല, പരുഷസ്വഭാവത്തിനോ, മറ്റേതെങ്കിലും കാര്യങ്ങള്‍ക്കോ നല്‍കാത്ത പ്രതിഫലം കാരുണ്യത്തിന് അവന്‍ നല്കുന്നതുമാണ്. (മുസ്ലിം)

48) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഏതൊരുകാര്യത്തിലും ദയ അലങ്കാരമാണ്. അത് നീക്കം ചെയ്യപ്പെട്ടാല്‍ ഏതും വികൃതമാണ്. (മുസ്ലിം)

49) ജരീര്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. വല്ലവനും കാരുണ്യം സ്വയം വിലങ്ങിയാല്‍ സര്‍വ്വനന്മകളും അവനും വിലക്കപ്പെട്ടു. (മുസ്ലിം) (കരുണയില്ലാത്തവന്‍ എന്തുമാത്രം സദ്വൃത്തനാണെങ്കിലും അവന്‍ നല്ലവനായി ഗണിക്കപ്പെടുകയില്ല)

50) അബൂയഅ്ല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രഖ്യാപിച്ചു. എല്ലാകാര്യങ്ങളിലും അല്ലാഹു ഇഹ്സന്‍ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ വധിക്കുമ്പോള്‍ നന്നായി വധിക്കുകയും അറുക്കുമ്പോള്‍ നല്ല വിധത്തില്‍ അറുക്കുകയും ചെയ്യുക. അഥവാ നിങ്ങളോരോരുത്തരും തന്റെ അറവുകത്തി മൂര്‍ച്ച കൂട്ടുകയും മൃഗത്തിന് സുഖം നല്കുകയും ചെയ്യുക. (മുസ്ലിം)

51) ഇബ്നുമസ്ഊദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നരകം നിഷിദ്ധമായവനോ നരകത്തിന് നിഷിദ്ധമായവനോ ആരെന്ന് ഞാന്‍ പറഞ്ഞുതരട്ടെയോ? ജനങ്ങളോട് അടുപ്പവും സൌമ്യശീലവും സഹിഷ്ണുതയും വിട്ടുവീഴ്ചാ മനഃസ്ഥിതിയുമുള്ളവര്‍ക്കെല്ലാം അത് നിഷിദ്ധമാണ്. (തിര്‍മിദി) (ശാശ്വതമായി അവര്‍ നരകത്തില്‍ താമസിക്കേണ്ടിവരികയില്ല)

52) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരേ! എനിക്ക് ചില കുടുംബങ്ങളുണ്ട്. ഞാന്‍ അവരെ ചേര്‍ക്കുകയും അവരെന്റെ ബന്ധം മുറിക്കുകയും ചെയ്യുന്നു. ഞാനവരോട് നന്നായി വര്‍ത്തിക്കുന്നു. എന്നാല്‍, അവരാവട്ടെ എന്നോട് മോശമായി പെരുമാറുന്നു. ഞാനവര്‍ക്കുവേണ്ടി സഹനമവലംബിക്കുന്നു. അവരെന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോള്‍ തിരുദൂതന്‍(സ) പറഞ്ഞു. നീ പറഞ്ഞതുപോലെത്തന്നെയാണ് നീയെങ്കില്‍ ചൂടുള്ള വെണ്ണീര്‍ നീ അവരെ തീറ്റിയതുപോലെയാണ്. (അതുകൊണ്ടവര്‍ നശിക്കുക തന്നെ ചെയ്യും) നീ ഈ നില തുടരുമ്പോള്‍ ഒക്കെ നിനക്ക് അല്ലാഹുവില്‍ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും. (മുസ്ലിം)

53) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: ഭാര്യയും ഭര്‍ത്താവും സംയോഗം നടത്തുകയും എന്നിട്ട് അവളുടെ രഹസ്യം പരസ്യപ്പെടുത്തുകയും ചെയ്യുന്നവന്‍ അന്ത്യദിനത്തില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും താഴ്ന്ന പദവിയിലായിരിക്കും. (മുസ്ലിം)

54) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) എന്നോട് പറഞ്ഞു: പുണ്യകര്‍മ്മങ്ങളിലൊന്നിനെയും നീ നിസ്സാരമാക്കി തള്ളരുത്. അത് നിന്റെ സഹോദരനുമായി മുഖപ്രസന്നതയോടെ കണ്ടുമുട്ടുക എന്നതാണെങ്കിലും. (മുസ്ലിം)

55) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) യുടെ വാക്കുകള്‍ ശ്രോതാക്കള്‍ക്ക് ഗ്രാഹ്യമാകുംവിധം സ്പഷ്ടമായിരുന്നു. (അബൂദാവൂദ്)

56) അമ്മാറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഒരു വ്യക്തിയുടെ നമസ്കാരം നീളലും ഖുത്തുബ ചുരുങ്ങലും തന്റെ വിജ്ഞാനത്തിന്റെ ലക്ഷണമാണ്. അതുകൊണ്ട് നിങ്ങള്‍ നമസ്കാരം ദീര്‍ഘിപ്പിക്കുകയും ഖുത്തുബ ചുരുക്കുകയും ചെയ്യുക. (മുസ്ലിം)

57) ഉമര്‍ (റ)വില്‍ നിന്ന് നിവേദനം: ഞാനൊരിക്കല്‍ ഉംറ ചെയ്യാന്‍ നബി(സ)യുടെ അനുവാദം തേടി. അനുവാദം നല്‍കിക്കൊണ്ട് പറഞ്ഞു. സഹോദരാ! നിന്റെ പ്രാര്‍ത്ഥനാ വേളയില്‍ എന്നെ നീ മറക്കരുത്. ഉമര്‍(റ) പറഞ്ഞു. ചില വാക്കുകളാണ് നബി(സ) പറഞ്ഞത്. ഇഹലോകം മുഴുവന്‍ എനിക്ക് ലഭിക്കുകയാണെങ്കില്‍തന്നെ അതെന്നെ ആഹ്ളാദിപ്പിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്. എന്റെ സഹോദരാ! നിന്റെ പ്രാര്‍ത്ഥനയില്‍ എന്നെയും ഭാഗമാക്കാക്കുക. (അബൂദാവൂദ്, തിര്‍മിദി)

58) സാലിം(റ) വില്‍ നിന്ന് നിവേദനം: നിശ്ചയം, അബ്ദുല്ലാഹിബ്നു ഉമര്‍(റ) യാത്ര ഉദ്ദേശിക്കുന്നവ്യക്തിയോട് പറയാറുണ്ടായിരുന്നു. നീ ഇങ്ങോട്ടു അടുത്തുവരൂ! നബി(സ) ഞങ്ങളോട് യാത്ര പറയാറുളളതുപോലെ ഞാന്‍ നിന്നോട് യാത്ര പറയട്ടെ. എന്നിട്ടദ്ദേഹം പറഞ്ഞു. നിന്റെ ദീനും അമാനത്തും നിന്നിലര്‍പ്പിതമായ ബാധ്യതകളും നിന്റെ പ്രവര്‍ത്തനങ്ങളുടെ പര്യവസാനവും സുരക്ഷിതമാക്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. (തിര്‍മിദി)

59) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: നബി(സ) പട്ടാളത്തെ യാത്ര അയക്കാനുദ്ദേശിച്ചാല്‍ പറയാറുണ്ട്. നിങ്ങളുടെ മത നടപടികളും അമാനത്തും അമലുകളുടെ പര്യവസാനവും സുരക്ഷിതമാക്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. (അബൂദാവൂദ്)

60) അനസി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരാള്‍ നബി(സ)യുടെ സവിധത്തില്‍ ചെന്ന് പറഞ്ഞു. തിരുദൂതരേ! ഞാനൊരു യാത്ര ഉദ്ദേശിക്കുന്നു. എനിക്കെന്തെങ്കിലും പാരിതോഷികം നല്കിയാലും. തിരുദൂതന്‍(സ) പ്രാര്‍ത്ഥിച്ചു. നിനക്ക് അല്ലാഹു ഭക്തി പ്രദാനം ചെയ്യട്ടെ! അദ്ദേഹം പറഞ്ഞു. സ്വല്പം കൂടി അവിടുന്ന് പ്രാര്‍ത്ഥിച്ചു. നിന്റെ പാപം അല്ലാഹു പൊറുക്കുകയും ചെയ്യട്ടെ. അപ്പോഴും അദ്ദേഹം പറഞ്ഞു. അല്പവും കൂടി. അവിടുന്ന് അപ്പോള്‍ പ്രാര്‍ത്ഥിച്ചു. നീ എവിടെയായാലും അല്ലാഹു നിനക്ക് നന്മ എളുപ്പമാക്കിത്തരട്ടെ! (തിര്‍മിദി)

Friday, December 11, 2009

വിവിധ സല്‍ക്കര്‍മ്മങ്ങള്‍

0 comments


1) ഹദീസുകളില്‍ ആദ്യത്തേത് അബൂഹുറൈറ(റ)യുടേതാണ്. റസൂല്‍(സ) പ്രഖ്യാപിച്ചു: നിങ്ങള്‍ സല്‍ കര്‍മ്മങ്ങള്‍കൊണ്ട് മുന്നേറുക. ഇരുള്‍മുറ്റിയ രാത്രിയെപ്പോലെ ഫിത്നകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. പ്രഭാതത്തിലെ സത്യവിശ്വാസി പ്രദോഷത്തില്‍ സത്യനിഷേധിയും ആയിത്തീരുന്നു. തന്റെ ദീന്‍ ഐഹികനേട്ടങ്ങള്‍ക്ക് വേണ്ടി വില്‍ക്കുന്നതു കൊണ്ടാണത്. (മുസ്ലിം)

2) അബൂഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) ആജ്ഞാപിച്ചു: വരാനിരിക്കുന്ന ഏഴുകാര്യങ്ങള്‍ക്കു മുമ്പായി നിങ്ങള്‍ സല്‍ക്കര്‍മ്മങ്ങളില്‍ ജാഗരൂകരാവുക. വിസ്മൃതിയിലകപ്പെടുന്ന ദാരിദ്യ്രമോ, അധര്‍മ്മത്തിലേക്കു നയിക്കുന്ന സമ്പത്തോ, ആപത്തിലാഴ്ത്തുന്ന രോഗമോ, പിച്ചും പേയും പറയുന്ന വാര്‍ദ്ധക്യമോ, ആകസ്മിക മരണമോ, വരാനിരിക്കുന്നതില്‍ വെച്ചു ഏറ്റവും ക്രൂരനായ ദജ്ജാലോ കയ്പേറിയതും അപ്രതിരോധ്യവുമായ അന്ത്യദിനമോ അല്ലാത്ത വല്ലതും നിങ്ങള്‍ക്ക് പ്രതീക്ഷിച്ചിരിക്കാനുണ്ടോ? (തിര്‍മിദി)

3) റബീഅത്ത്(റ) നിവേദനം ചെയ്യുന്നു: ഞാന്‍ നബി(സ) യൊന്നിച്ച് രാത്രി താമസിക്കാറുണ്ട്. തിരുമേനിക്ക് വുളുചെയ്യാനുള്ള വെള്ളവും മറ്റ് അത്യാവശ്യസാധനങ്ങളും ഞാന്‍ എടുത്ത് കൊടുക്കാറുണ്ടായിരുന്നു. നിനക്കാവശ്യമുള്ളത് ചോദിച്ചുകൊള്ളുക എന്ന് പ്രവാചകന്‍ അരുളിയപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അങ്ങുമായുള്ള സഹവാസമാണ് ഞാനഭ്യര്‍ത്ഥിക്കുന്നതെന്ന് പറഞ്ഞു. തിരുമേനി പറഞ്ഞു: മറ്റൊന്നും നിനക്ക് ചോദിക്കാനില്ലേ? ഞാന്‍ പറഞ്ഞു: അതു തന്നേയുള്ളൂ. അവിടുന്ന് പറഞ്ഞു: എന്നാല്‍ നീ ധാരാളം സുജൂദ് ചെയ്തുകൊണ്ട് എന്നെ സഹായിക്കണം. (മുസ്ലിം)

4) സൌബാനി(റ)ല്‍ നിന്ന്: റസൂല്‍ തിരുമേനി(സ) പറയുന്നത് ഞാന്‍ കേട്ടു: നീ ധാരാളം സുജൂദ് ചെയ്യണം . എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിനുവേണ്ടി നീ ചെയ്യുന്ന ഒരു സുജൂദിന് പകരം അല്ലാഹു നിന്നെ ഒരുപടി ഉയര്‍ത്തുകയും അതുകൊണ്ട് തന്നെ ഒരുപാപം നിനക്ക് പൊറുത്തുതരികയും ചെയ്യും. (മുസ്ലിം)

5) അബൂസഫ്വാന്‍ അബ്ദുല്ലയില്‍ നിന്ന്: റസൂല്‍(സ) പ്രസ്താവിച്ചു: സദ്വൃത്തിയോടൊപ്പം ദീര്‍ഘായുസ് ലഭിച്ചിട്ടുള്ളവനാണ് മഹോന്നതന്‍. (തിര്‍മിദി)

6) അബൂദര്‍റി(റ)ല്‍ നിന്ന്: പ്രവാചകന്‍ പ്രസ്താവിച്ചിരിക്കുന്നു: നിങ്ങളോരോരുത്തര്‍ക്കും തന്റെ അവയവ സന്ധികളുടെ കണക്കനുസരിച്ചുള്ള ധര്‍മ്മം അനിവാര്യമാണ്. എന്നാല്‍ ഓരോ തസ്ബീഹും ഹംദും ദിക്റും തക്ബീറും നല്ലത് ഉപദേശിക്കലും ചീത്ത നിരോധിക്കലും എല്ലാമെല്ലാം ഓരോ സദഖയാണ്. അതിനെല്ലാം പകരമായി രണ്ട് റക്അത്ത് സുഹാ നമസ്കരിച്ചാലും മതി. (മുസ്ലിം)

7) അബൂദര്‍റി(റ)ല്‍ നിന്ന് നബി വിവരിക്കുന്നു: എന്റെ പ്രജകളുടെ നല്ലതും ചീത്തയുമായ അമലുകള്‍ എനിക്ക് വ്യക്തമാക്കപ്പെടുകയുണ്ടായി. വഴികളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ നീക്കം ചെയ്യുന്നത് സല്‍ക്കര്‍മ്മവും പള്ളികളില്‍ കാണപ്പെടുന്ന കാര്‍ക്കിച്ച കഫം നീക്കം ചെയ്യാതിരിക്കുന്നത് ദുഷ്കര്‍മ്മവുമായാണ് എനിക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞത്. (മുസ്ലിം)

8) അബൂദര്‍റി(റ)യില്‍ നിന്ന്: നബി(സ) ഒരവസരത്തില്‍ പറഞ്ഞു: പുണ്യകര്‍മ്മങ്ങളിലൊന്നിനേയും നീ നിസ്സാരമാക്കി തള്ളരുത്: നിന്റെ സഹോദരനുമായി മുഖപ്രസന്നതയോടെ കണ്ടുമുട്ടുക എന്നതാണെങ്കിലും (മുസ്ലിം)

9) അബൂഹുറൈറ(റ)ല്‍ നിന്ന്: നബി(സ) പറയുകയുണ്ടായി: മുസ്ളീംകളെ ശല്യപ്പെടുത്തിയിരുന്ന വഴിവക്കിലെ ഒരു വൃക്ഷം മുറിച്ചുനീക്കിയതിന്റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞ ഒരാളെ ഞാന്‍ കാണാനിടയായി. (മുസ്ലിം)

10) അബൂഹുറൈറ(റ)ല്‍ നിന്ന്്: റസൂല്‍(സ) പറഞ്ഞു: ഒരാള്‍ ക്രമപ്രകാരം വുളുചെയ്തു. എന്നിട്ടവര്‍ ജുമുഅ നമസ്കരിക്കാന്‍ (പള്ളിയില്‍) പോയി. ഖുത്തുബ ശ്രദ്ധാപൂര്‍വ്വം കേട്ടു. എങ്കില്‍ അതിന് മുമ്പത്തെ ജുമുഅവരേയും കൂടുതല്‍ മൂന്ന് ദിവസവും അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അവിടെ ആരെങ്കിലും കല്ലുവാരിക്കളിച്ചാല്‍ അവന്റെ പ്രവൃത്തി വിഫലമായി. (മുസ്ലിം)

11) അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്ന് അകന്നുനിന്നാല്‍ അഞ്ചു സമയങ്ങളിലെ നിസ്കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅ വരെയും ഒരു റംസാന്‍ അടുത്ത റംസാന്‍ വരെയുമുള്ള പാപങ്ങളെ പൊറുപ്പിക്കുന്നതാകുന്നു. (മുസ്ലിം)

12) ജാബിര്‍ (റ) നിവേദനം ചെയ്തിരിക്കുന്നു: റസൂല്‍(സ) പ്രഖ്യാപിച്ചു: ഒരു മുസ്ളീമിന്റെ കൃഷിയില്‍ നിന്ന് കട്ടുപോകുന്നതും തിന്നുനശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ട് പോകുന്നതും അവന് സദഖയായിത്തീരുന്നു. (മുസ്ലിം)

13) ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: ബനൂസലമ ഗോത്രക്കാര്‍ പള്ളിയുടെ സമീപത്തേക്ക് മാറിത്താമസിക്കാന്‍ തീരുമാനിച്ചു. വിവരം റസൂലി(സ) ന് ലഭിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: നിങ്ങള്‍ പള്ളിയുടെ സമീപത്തേക്ക് മാറിത്താമസിക്കാന്‍ തീരുമാനിച്ച വിവരം ഞാനറിഞ്ഞിരിക്കുന്നു. അവര്‍ പറഞ്ഞു: അതെ, പ്രവാചകരെ! ഞങ്ങളത് ഉദ്ദേശിച്ചിരിക്കുന്നു. ഉടനെത്തന്നെ അവിടുന്ന് പറഞ്ഞു: നിങ്ങളുടെ വീട്ടില്‍ തന്നെ നിങ്ങള്‍ താമസിച്ചുകൊള്ളുക. അത് നിങ്ങള്‍ കൈവിടേണ്ട! കാരണം പള്ളിയിലേക്ക് നടക്കുമ്പോഴുള്ള നിങ്ങളുടെ ചവിട്ടടി നിങ്ങള്‍ക്കെഴുതപ്പെടുകതന്നെ ചെയ്യും. (മുസ്ലിം) (ചവിട്ടടിയുടെ എണ്ണം കണ്ട് പ്രതിഫലം കൂടുന്നതാണ്).

14) ഉബയ്യുബ്നുകഅ്ബി(റ)ല്‍ നിന്ന്: പള്ളിയുമായി ഏറ്റവുമകലെ ഒരാള്‍ താമസിച്ചിരുന്നു. അയാളെപ്പോലെ ദൂരെ താമസിച്ചിരുന്ന ആരെയും എനിക്കറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അദ്ദേഹത്തിന് ഒരൊറ്റ ജമാഅത്തും പാഴായിരുന്നില്ല. ഒരവസരത്തില്‍ അദ്ദേഹത്തോട് പറയപ്പെടുകയോ ഞാന്‍ പറയുകയോ ഉണ്ടായി: കൂരിരുട്ടിലും അത്യുഷ്ണത്തിലും യാത്ര ചെയ്യാന്‍ പറ്റിയ ഒരു കഴുതയെ നിങ്ങള്‍ മേടിച്ചാലും. അദ്ദേഹം പറഞ്ഞു: എന്റെ വീട് പള്ളിയുടെ സമീപത്താകുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. കാരണം പള്ളിയിലേക്കുള്ള എന്റെ പോക്കും വരവും ധാരാളം എഴുതപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു. അപ്പോള്‍ റസൂല്‍(സ) അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: നിന്റെ ആഗ്രഹമെല്ലാം അല്ലാഹു സഫലീകരിക്കട്ടെ (മുസ്ലിം)

15) ഉമറി(റ)ല്‍ നിന്ന്: റസൂല്‍(സ) അരുള്‍ ചെയ്തിരിക്കുന്നു: ഒരാള്‍ രാത്രി പതിവായി ഓതിക്കൊണ്ടിരിക്കുന്നത് മുഴുവനോ ഭാഗികമായോ വെടിഞ്ഞ് ഉറങ്ങുകയും (പിറ്റെ ദിവസം) സുബ്ഹിന്റെയും ളുഹ്റിന്റെയും ഇടയില്‍ ഓതുകയും ചെയ്താല്‍, രാത്രിതന്നെ അവനത് ഓതിയതായി രേഖപ്പെടുത്തപ്പെടുന്നതാണ്. (മുസ്ലിം)

16) ആയിശ(റ)യില്‍ നിന്ന്: രോഗത്താലോ മറ്റോനബി(സ) ക്ക് രാത്രിയിലെ (സുന്നത്ത്) നമസ്കാരം പാഴായിപ്പോയാല്‍ പകല്‍ 12 റക്അത്ത് നമസ്കരിക്കുമായിരുന്നു. (മുസ്ലിം)

17) അനസ്(റ) വില്‍ നിന്ന് നിവേദനം: ഇസ്ളാമിന്റെ പേരില്‍ റസൂല്‍(സ) യോട് വല്ലതും ചോദിക്കപ്പെട്ടാല്‍ അവിടുന്ന് അത് കൊടുക്കാതിരിക്കയില്ല. ഒരവസരത്തില്‍ ഒരാള്‍ നബി(സ) യുടെ അടുത്തുവന്നപ്പോള്‍ രണ്ടുപര്‍വ്വതത്തിനിടയിലുള്ളത്രയും ആടുകളെ അയാള്‍ക്ക് സമ്മാനിച്ചു. അയാള്‍ കുടുംബത്തില്‍ മടങ്ങിച്ചെന്നുകൊണ്ട് പറഞ്ഞു: ഹേ ജനങ്ങളെ ! നിങ്ങള്‍ മുസ്ളീം കളായിക്കൊള്ളുക. നിശ്ചയം, മുഹമ്മദ്(സ) ദാരിദ്യ്രം ഭയപ്പെടാത്തവനെപ്പോലെ ധര്‍മ്മം ചെയ്യുന്നു. ചിലയാളുകള്‍ ഐഹിക നേട്ടം മാത്രം ഉദ്ദേശിച്ചുകൊണ്ട് മുസ്ളീമാകും. എന്നിട്ടോ? താമസംവിനാ ഇഹലോകത്തേക്കാളും അതിലുള്ളതിനേക്കാളും ഇസ്ളാം അവനുകൂടുതല്‍ പ്രിയങ്കരമായിത്തീരും. (മുസ്ലിം)

18) ഉമര്‍ (റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) കുറെ ധനം ഭാഗിച്ചുകൊടുത്തു. അന്നേരം ഞാന്‍ പറഞ്ഞു. വേറൊരുകൂട്ടരാണ് ഇവരേക്കാള്‍ ഇതിന് അര്‍ഹതയുള്ളവര്‍. തിരു ദൂതന്‍(സ) പറഞ്ഞു. ഒന്നുകില്‍ ഇവര്‍ ചോദിച്ചു ബുദ്ധിമുട്ടിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് കൊടുക്കേണ്ടിവരും. അതല്ലെങ്കില്‍ എന്നെ ലുബ്ധനാണെന്ന് അവര്‍ ആരോപിക്കും. ഞാന്‍ പിശുക്കനല്ലതാനും. (മുസ്ലിം)

19) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു. ധര്‍മ്മം ധനത്തെ കുറക്കുകയില്ല. ആര്‍ക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവന്‍ ഉയര്‍ത്തുകതന്നെ ചെയ്യും. (മുസ്ലിം)

20) അംറുബ്നു സഅ്ദ്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് അദ്ദേഹം കേട്ടു. ഞാന്‍ നിങ്ങളോട് സത്യം ചെയ്തുപറയുന്ന മൂന്ന് കാര്യം നിങ്ങള്‍ ഹൃദിസ്ഥമാക്കിക്കൊള്ളുക. 1. ധര്‍മ്മം നിമിത്തം ധനം കുറയുകയില്ല. 2. മര്‍ദ്ദനത്തിന്റെ പേരില്‍ ക്ഷമ പാലിച്ച മര്‍ദ്ദിതന് അല്ലാഹു ശ്രേഷ്ഠത വര്‍ദ്ധിപ്പിക്കുന്നതാണ്. 3. യാചനയുടെ കവാടം ആര്‍ തുറന്നാലും അല്ലാഹു അവന് ദാരിദ്യ്രത്തിന്റെ വാതില്‍ തുറന്ന് കൊടുക്കുന്നതാണ്. ഇതേ ആശയം ഉള്‍ക്കൊള്ളുന്ന വാക്കുകളാണ് പ്രവാചകന്‍ പറഞ്ഞത്. അതിനും പുറമെ ഞാന്‍ നിങ്ങളോട് പറയുന്ന പ്രസ്താവനയും നിങ്ങള്‍ ഹൃദിസ്ഥമാക്കുക. നിശ്ചയം, ഇഹലോകം നാലുതരം ആളുകള്‍ക്കാണ്. 1. അല്ലാഹു സമ്പത്തും വിജ്ഞാനവും പ്രദാനം ചെയ്തു. എന്നിട്ട് തന്റെ നാഥന്റെ വിധിവിലക്കുകള്‍ കൈകൊണ്ട്, ചാര്‍ച്ചയെ ചേര്‍ത്തു: അല്ലാഹുവിനോടുള്ള ബാധ്യത അറിഞ്ഞുപ്രവര്‍ത്തിച്ചു: ഇങ്ങനെയുള്ളവന്‍ ഉത്തമ പദവിയിലാണ്. 2. അല്ലാഹു ജ്ഞാനം നല്കി. ധനം അവന് നല്‍കിയതുമില്ല. എന്നാല്‍, ഉദ്ദേശ ശുദ്ധിയുള്ളവനായിരുന്നു അവന്‍. തന്നിമിത്തം അവന്‍ പറഞ്ഞു. എനിക്ക് ധനം ലഭിച്ചിരുന്നെങ്കില്‍ ഇന്നവനെപ്പോലെ ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. തന്റെ സദുദ്ദേശം നിമിത്തം അവരിരുവര്‍ക്കും ലഭിക്കുന്ന പ്രതിഫലം സമമത്രെ. 3. അല്ലാഹു ധനം നല്കിയവന്‍. ജ്ഞാനം അവന് നല്‍കിയതുമില്ല. അജ്ഞതയോടെ തനിക്കു ലഭിച്ച ധനത്തില്‍ അവന്‍ കൈകാര്യം ചെയ്തു. തന്റെ നാഥനെ അവന്‍ സൂക്ഷിച്ചില്ല. കുടുംബബന്ധം സംഘടിപ്പിച്ചതുമില്ല. അല്ലാഹുവിനോടുള്ള ബാധ്യത അവന്‍ അറിഞ്ഞു പ്രവര്‍ത്തിച്ചതുമില്ല. ഇവനോ ഏറ്റവും താഴ്ന്ന പടിയിലത്രെ. 4. അല്ലാഹു ജ്ഞാനവും ധനവും നല്‍കാത്തവന്‍. എനിക്ക് ധനം ലഭിച്ചിരുന്നെങ്കില്‍ ഇന്നവനെ പ്പോലെ തെറ്റ് ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. തന്റെ ദുരുദ്ദേശം കാരണം അവരിരുവരുടെയും പാപം സമമത്രെ. (തിര്‍മിദി)

21) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) യുടെ വീട്ടുകാര്‍ ഒരാടിനെ അറുത്ത് ധര്‍മ്മം ചെയ്തു. റസൂല്‍(സ) ചോദിച്ചു: ഇനി അതില്‍ നിന്ന് വല്ലതും ശേഷിച്ചിരിപ്പുണ്ടോ? ആയിശ(റ) പറഞ്ഞു. അതിന്റെ തോളല്ലാതെ മറ്റൊന്നും മിച്ചമില്ല. തിരുദൂതന്‍(സ) പറഞ്ഞു. അതിന്റെ തോളൊഴിച്ച് മറ്റുള്ളതൊക്കെ അവശേഷിച്ചു. (തിര്‍മിദി)

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)