Saturday, December 12, 2009

സ്വഭാവ ഗുണങ്ങള്‍




1) ജാബിര്‍(റ) പറയുന്നു: ഞങ്ങള്‍ ഒരു യുദ്ധത്തില്‍ (തബൂക്ക്) നബി(സ) യൊന്നിച്ചുണ്ടായിരുന്നു. അവിടുന്നിപ്രകാരം പറഞ്ഞു: മദീനയില്‍ ചിലരുണ്ട്. പര്‍വ്വതപ്രാന്തത്തിലൂടെ സഞ്ചരിച്ച നിങ്ങളുടെ പ്രതിഫലത്തില്‍ പങ്കാളികളാണവര്‍. കാരണം രോഗം അവരെ തടഞ്ഞുവെച്ചു. (മുസ്ലിം)

2) അബൂമൂസ(റ)ഉദ്ധരിക്കുന്നു: റസൂല്‍ അരുള്‍ ചെയ്തു: തീര്‍ച്ചയായും അല്ലാഹു (ത) നിങ്ങളുടെ സൌന്ദര്യമോ ശരീരപ്രകൃതിയോ അല്ല പരിഗണിക്കുന്നത്. നിങ്ങളുടെ ഹൃദയങ്ങളിലേക്കത്രെ അവന്റെ നോട്ടം. (മുസ്ലിം)

3) അബൂമാലിക്കി(റ)ല്‍ നിന്ന്: റസൂല്‍(സ) പ്രസ്താവിച്ചു. ശുചിത്വം ഈമാന്റെ പകുതിയാകുന്നു. 'അല്‍ഹംദുലില്ലാ' മീസാന്‍ നിറക്കും. 'സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാ' ആകാശഭൂമി കള്‍ക്കിടയെ നിറക്കും. നമസ്കാരം ഖുര്‍ആന്‍ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയിരിക്കും. ഓരോരുത്തരും പ്രഭാതത്തില്‍ പുറത്തുപോയി പണിയെടുക്കുന്നു. അതുവഴി തന്നെ അവന്‍ രക്ഷിക്കുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്നു. (മുസ്ലിം)

4) സുഹൈബ്(റ)ല്‍ നിന്ന്: നബി(സ) പറഞ്ഞു: സത്യവിശ്വാസിയുടെ നില അത്ഭുതം! എല്ലാം അവനു ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. സന്തുഷ്ടനാകുമ്പോള്‍ നന്ദി പ്രകടിപ്പിക്കും. ദുഃഖിതനാകുമ്പോള്‍ ക്ഷമ പാലിക്കും. അപ്പോള്‍ അത് (സുഖദുഃഖം) അവന് ഗുണകരമായിത്തീരുന്നു. (മുസ്ലിം)

5) മുആദി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: പ്രതികാരത്തിന് കഴിവുണ്ടായിരിക്കെ വല്ലവനും കോപമടക്കിയാല്‍ ജനമദ്ധ്യത്തില്‍ വെച്ച് തനിക്കിഷ്ടപ്പെട്ട സുന്ദരികളെ അല്ലാഹു അവന് സമ്മാനിക്കും. (അബൂദാവൂദ്, തിര്‍മിദി)

6) അബൂഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: സത്യവിശ്വാസിക്ക് തന്റെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണമുണ്ടായിക്കൊണ്ടിരിക്കും. അവസാനം അവന്‍ പാപരഹിതനായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)

7) സഹല്‍ ബിന്‍ ഹുനൈഫി(റ)ല്‍ നിന്ന്: (ബദറില്‍ പങ്കെടുത്തവ്യക്തിയാണദ്ദേഹം) നബി(സ) പറഞ്ഞു. രക്തസാക്ഷിയാകാന്‍ ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നവന്‍ തന്റെ വിരിപ്പില്‍ കിടന്നു മരണപ്പെട്ടാലും രക്തസാക്ഷിയുടെ പദവി അല്ലാഹു അവന് പ്രദാനം ചെയ്യുന്നതാണ്. (മുസ്ലിം)

8) ശദ്ദാദി(റ)ല്‍ നിന്ന്: നബി(സ) പ്രഖ്യാപിച്ചു: തന്നെ മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്തുന്നവനും മരണാനന്തരജീവിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവനുമാണ് ബുദ്ധിമാന്‍. ദേഹേച്ഛക്ക് വശംവദനായി ജീവിക്കുന്നതോടുകൂടി അല്ലാഹുവില്‍ നിന്ന് മോക്ഷമാഗ്രഹിക്കുന്നവന്‍ അതിന് അപ്രാപ്തനായിത്തീരുന്നു. (തിര്‍മിദി)

9) അബൂഹുറയ്റ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: അനാവശ്യങ്ങളില്‍ നിന്ന് മാറിനില്ക്കല്‍ ഇസ്ളാമിന്റെ പരിപൂര്‍ണ്ണതയില്‍പ്പെട്ടതാണ്. (തിര്‍മിദി)

10) തിരുമേനി(സ) അരുളിയതായി അബൂസഈദില്‍ നിന്ന്: ഇഹലോകം മധുരവും അലങ്കാര പ്രദവുമാണ്. അതില്‍ നിങ്ങളെ അല്ലാഹു പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുകയാണ്. നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവന്‍ വീക്ഷിക്കുന്നുണ്ട്. (മുസ്ലിം)

11) ഇബ്നു മസ്ഊദി(റ)ല്‍ നിന്ന്: നബി(സ) പതിവായി പ്രാര്‍ത്ഥിക്കാറുണ്ട്: അല്ലാഹുവേ! ക്ഷേമവും പവിത്രതയും തഖ്വയും സന്മാര്‍ഗ്ഗവും എനിക്ക് പ്രദാനം ചെയ്യേണമേ! (മുസ്ലിം)

12) അദിയ്യിബ്നു ഹാത്തിമി(റ)ല്‍ നിന്ന്: നബി(സ) പറയുന്നത് ഞാന്‍ കേട്ടു. ഒരാള്‍ ശപഥം ചെയ്തു. പിന്നീട് അതിനേക്കാള്‍ മെച്ചപ്പെട്ടത് കണ്ടാല്‍ അതവന്‍ കൊണ്ട് വരട്ടെ. (മുസ്ലിം)

13) സുദിയ്യ്ബ്നു അജ്ലാനില്‍ നിന്ന്: ഹജ്ജത്തുല്‍വദാഇല്‍ നബി(സ) പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അഞ്ചുനേരത്തെ നമസ്കാരം നിര്‍വ്വഹിക്കുകയും റംസാന്‍ മാസത്തില്‍ നോമ്പനുഷ്ടിക്കുകയും ധനത്തിനു സകാത്തുകൊടുക്കുകയും ഭരണകര്‍ത്താക്കളെ അനുസരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. (തിര്‍മിദി)

14) അബൂഹുറയ്റ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: പറവകള്‍ക്ക് സമാനം നിഷ്കളങ്കരായവര്‍ സ്വര്‍ഗ്ഗം പൂകുന്നതാണ്. (മുസ്ലിം)

15) മുഅ്മിനീങ്ങളുടെ മാതാവ് ഉമ്മുസല്‍മ ഉദ്ധരിക്കുന്നു: നബി(സ) തന്റെ വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയാറുണ്ട്: അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ യാത്രയാരംഭിക്കുന്നു. എല്ലാം ഞാന്‍ അല്ലാഹുവിനെ ഭരമേല്പിച്ചിരിക്കുന്നു. ഞാന്‍ അലഞ്ഞുതിരിയുകയോ വഴിതെറ്റിക്കപ്പെടുകയോ അബദ്ധത്തില്‍ ചാടുകയോ തെറ്റുചെയ്യിക്കപ്പെടുകയോ അക്രമിക്കയോ അക്രമിക്കപ്പെടുകയോ വിഢ്ഢിത്തം ചെയ്തുപോവുകയോ അവിവേകം പ്രവര്‍ത്തിക്കപ്പെടുകയോ ചെയ്യുന്നതില്‍ നിന്നെല്ലാം അല്ലാഹുവേ! നിന്നോട് ഞാന്‍ കാവല്‍ തേടുന്നു. (അബൂദാവൂദ്, തിര്‍മിദി)

16) അനസി(റ)ല്‍ നിന്ന്: നബി(സ) പ്രസ്താവിച്ചു: വല്ലവരും തന്റെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ അല്ലാഹുവേ! നിന്റെ നാമത്തില്‍ ഞാന്‍ പുറപ്പെടുന്നു. എല്ലാം ഞാന്‍ അല്ലാഹുവില്‍ ഭരമേല്പിച്ചിരിക്കുന്നു. അല്ലാഹുവിന്റെ സഹായം കൊണ്ടേ പാപകര്‍മ്മത്തില്‍ നിന്ന് പിന്‍മാറുവാനും ഇബാദത്ത് നിര്‍വ്വഹിക്കുവാനും സാധ്യമാവൂ. - ഇപ്രകാരം പറഞ്ഞാല്‍ (മലക്കുകള്‍ വഴി ) പറയപ്പെടും. നീ സന്മാര്‍ഗ്ഗം പ്രാപിച്ചിരിക്കുന്നു. നീ (സ്വയം) പര്യാപ്തനായിത്തീര്‍ന്നു. നീ രക്ഷപ്പെട്ടു എന്തു കൊണ്ടെന്നാല്‍ പിശാച് അവനില്‍ നിന്ന് അകന്നുപോയിരിക്കുന്നു. (അബൂദാവൂദ്, തിര്‍മിദി)

17) നബി(സ) പറഞ്ഞതായി അനസി(റ)ല്‍ നിന്ന്: നബി(സ) യുടെ കാലത്ത് രണ്ട് സഹോദരന്മാരുണ്ടായിരുന്നു. അവരിലൊരാള്‍ നബി(സ) യുടെ സവിധത്തില്‍ ചെന്ന് പഠിക്കുകയും മറ്റെയാള്‍ തൊഴിലിലേര്‍പ്പെടുകയും ചെയ്തു. തൊഴിലാളി, സഹോദരനക്കുറിച്ച് നബി(സ)യോട് ആവലാതിപ്പെട്ടു. നബി(സ) പറഞ്ഞു: അവന്റെ പേരില്‍ നീ അനുഗ്രഹിക്കപ്പെട്ടേക്കാം. (അതിനാല്‍ അവന്‍ പഠിച്ചു കൊള്ളട്ടെ. (തിര്‍മിദി)

18) സുഫ്യാനുബ്നു അബ്ദില്ല(റ)യില്‍ നിന്ന്: പ്രവാചകരേ! മറ്റാരോടും ചോദിച്ചു പഠിക്കേണ്ട ആവശ്യം നേരിടാത്തത്രയും വ്യക്തവും സമ്പൂര്‍ണ്ണവുമായ ഒരു വചനം എനിക്ക് പഠിപ്പിച്ചുതരണം. അവിടുന്ന് പറഞ്ഞു: ഞാന്‍ അല്ലാഹുവില്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചിരിക്കുന്നു എന്ന് നീ പറയുകയും സത്യമാര്‍ഗ്ഗത്തില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്യുക. (മുസ്ലിം)

19) അബൂഹുറയ്റ(റ)യില്‍ നിന്ന്: നിങ്ങള്‍ സന്മാര്‍ഗ്ഗം സ്വീകരിക്കുകയും അതില്‍ അടിയുറച്ചു നില്ക്കുകയും ചെയ്യുക. നിങ്ങളറിയണം: ആരും തന്നെ തന്റെ സല്‍പ്രവൃത്തികൊണ്ടുമാത്രം രക്ഷപ്പെടുകയില്ല. ഇതു കേട്ടപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു. പ്രവാചകരേ! അങ്ങും രക്ഷപ്പെടുകയില്ലേ? അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും എന്നെ ആവരണം ചെയ്തിട്ടു ണ്ടായിരുന്നില്ലെങ്കില്‍ ഞാനും രക്ഷപ്പെടുകയില്ലായിരുന്നു. (മുസ്ലിം)

20) അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. തീര്‍ച്ചയായും അന്ത്യദിനത്തില്‍ അല്ലാഹു ചോദിക്കും. എന്നെ മാനിച്ചുകൊണ്ട് പരസ്പരം സ്നേഹിച്ചവരെവിടെ? എന്റേതല്ലാത്ത മറ്റൊരു നിഴലും ഇല്ലാത്ത ഈ ദിവസം ഞാനവര്‍ക്ക് നിഴലിട്ടുകൊടുക്കുന്നതാണ്. (മുസ്ലിം)

21) അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെത്തന്നെയാണ്, സത്യവിശ്വാസികളാകുന്നതുവരെ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നതു വരെ നിങ്ങളാരും സത്യവിശ്വാസികളാവുകയില്ല. ഞാനൊരു കാര്യം നിങ്ങളെ അറിയിക്കാം. അതു കൈക്കൊണ്ടാല്‍ നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നവരാകും. നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കലാണത്. (മുസ്ലിം)

22) മുആദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നു എന്നെ ആദരിച്ചുകൊണ്ട് പരസ്പരം സ്നേഹിക്കുന്നവര്‍ക്ക് നാളെ പ്രകാശത്താലുള്ള സ്റേജുകളുണ്ടായിരിക്കും. നബിമാരും ശൂഹദാക്കളും കൂടി ആ സമുന്നത പദവി ആഗ്രഹിക്കുന്നവരാണ്. (തിര്‍മിദി)

23) മിഖ്ദാദ്ു(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു. ഒരാള്‍ തന്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കില്‍ അക്കാര്യം അവനെ അറിയിച്ചുകൊള്ളട്ടെ. (അബൂദാവൂദ്, തിര്‍മിദി)

24) മുആദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്റെ കൈ പിടിച്ചുപറഞ്ഞു അല്ലാഹുവാണ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നോട് വസിയ്യത്ത് ചെയ്യുന്നു. മുആദേ! നമസ്കാരത്തിനു ശേഷം ഇങ്ങനെ പ്രാര്‍ത്ഥിക്കുവാന്‍ നീ ഒരിക്കലും വിട്ടുപോകരുത് - അല്ലാഹുവേ! നിന്നെ സ്മരിക്കുന്നതിനും നിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്യുന്നതിനും ക്രമാനുസൃതം നിന്നെ ആരാധിക്കുന്നതിനും എന്നെ നീ സഹായിക്കേണമേ!. (അബൂദാവൂദ്, നസാഈ)

25) നവാസി(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: നന്മയില്‍ പ്രധാന ഭാഗം സല്‍സ്വഭാവമാണ്. നിന്റെ ഹൃദയത്തില്‍ ഹലാലോ ഹറാമോ എന്ന് സംശയമുളവാകുകയും ജനങ്ങളറിയുന്നത് നിനക്കിഷ്ടമില്ലാതിരിക്കുകയും ചെയ്യുന്നതേതോ അതാണ് (യഥാര്‍ത്ഥത്തില്‍) പാപം. (ജനങ്ങളറിയുന്നത് നിനക്കിഷ്ടമില്ലെങ്കില്‍ അത് നിഷിദ്ധമാണെന്നതിന് വ്യക്തമായ തെളിവാണ്). (മുസ്ലിം)

26) വാബിസത്തി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ഒരിക്കല്‍ റസൂല്‍(സ) യുടെ അടുത്ത് ചെന്നപ്പോള്‍ എന്നോട് ചോദിച്ചു. നന്മയെ സംബന്ധിച്ച് ചാദിച്ചു പഠിക്കാനാണോ നീ ഇപ്പോഴിവിടെ വന്നത്? അതെ എന്ന് ഞാന്‍ പ്രത്യുത്തരം നല്കിയപ്പോള്‍ അവിടുന്ന് എന്നോടാജ്ഞാപിച്ചു. എന്നാല്‍ നിന്റെ ഹൃദയത്തോട് നീ വിധി തേടിക്കൊള്ളുക. ഹൃദയത്തിന് ശാന്തിയും സമാധാനവും ലഭിക്കുന്നതേതോ അതാണ് (യഥാര്‍ത്ഥത്തില്‍) നന്മ. മറിച്ച് ഹൃദയത്തില്‍ സംശയവും പരിഭ്രാന്തിയും ഉളവാക്കുന്നതേതോ അതാണ് (സത്യത്തില്‍) പാപം. ജനങ്ങളൊക്കെ (അത് അനുവദനീയമാണെന്ന്) നിനക്ക് വിധി നല്കുന്നുവെങ്കിലും. (അഹ്മദ്, ദാരിമി)

27) അത്വിയ്യത്തി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: ദോഷമുള്ള കാര്യങ്ങള്‍ സൂക്ഷിക്കാന്‍വേണ്ടി (അതിലേക്ക് ചേര്‍ക്കാന്‍ സാദ്ധ്യതയുള്ള) തെറ്റില്ലാത്ത കാര്യം പോലും ഉപേക്ഷിക്കാതെ ആര്‍ക്കും ഭക്തന്മാരില്‍ ഉള്‍പ്പെടുവാന്‍ സാദ്ധ്യമല്ല. (തിര്‍മിദി)

28) സഅ്ദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, അല്ലാഹു ഭക്തനും നിരാശ്രയനും അപ്രശസ്തനുമായ വ്യക്തിയെ ഇഷ്ടപ്പെടും. (പേരിനും പ്രശസ്തിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍ സത്യത്തില്‍ അല്ലാഹുവിനെയല്ല ധ്യാനിക്കുന്നത്; ജനങ്ങളാണവന്റെ ലക്ഷ്യം). (മുസ്ലിം)

29) അബൂഹുറൈറ(റ)ല്‍ നിന്ന്: റസൂല്‍(സ) ഖണ്ഡിതമായി പറഞ്ഞു. യുദ്ധത്തിലേക്കു വിളികേള്‍ക്കുമ്പോഴൊക്കെ ശത്രുക്കളെ വധിക്കുവാനോ യുദ്ധക്കളത്തില്‍ രക്തസാക്ഷിയാകാനോ ഉദ്ദേശിച്ചുകൊണ്ട് തന്റെ കുതിരപ്പുറത്തുകയറി അതിന്റെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ട് പറക്കുന്നവനോ, നമസ്കാരം നിലനിര്‍ത്തുകയും സക്കാത്ത് കൊടുക്കുകയും മരണം വരെ തന്റെ നാഥനെ ആരാധിക്കുകയും ജനങ്ങള്‍ക്ക് നന്മമാത്രം നല്കുകയും ചെയ്തുകൊണ്ട് താഴ്വരകളിലോ പര്‍വ്വതനിരകളിലോ ആടുമേച്ച് ജീവിതം നയിക്കുന്നവനോ ആണ് ജനങ്ങളില്‍ ഉത്തമന്‍. (മുസ്ലിം)

30) ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. നിങ്ങള്‍ പരസ്പരം വിനയമുള്ളവരാകണം. ആരും അഹങ്കരിക്കരുത്. അപ്രകാരം ആരും മറ്റാരെയും ആക്രമിക്കുകയുമരുത് എന്ന് അല്ലാഹു എനിക്ക് ദൌത്യം നല്കിയിരിക്കുന്നു. (മുസ്ലിം)

31) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു. ധനം ധര്‍മ്മം കൊണ്ട് ഒരിക്കലും ചുരുങ്ങുകയില്ല. മാപ്പ് ചെയ്യുന്നതുകൊണ്ട് പ്രതാപം വര്‍ദ്ധിക്കുന്നു. അല്ലാഹുവിനോട് താഴ്മ കാണിക്കുന്നവനെ അവന്‍ ഉയര്‍ത്തുന്നു. (മുസ്ലിം)

32) അബൂരിഫാഅത്തി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനൊരിക്കല്‍ അടുത്തു ചെന്നുകൊണ്ട് പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരെ! ഞാനൊരു വിദേശിയാണ്. മതനടപടികളെ സംബന്ധിച്ച് ചോദിച്ച് പഠിക്കാന്‍ വേണ്ടി വന്നതാണ്. ദീന്‍ എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അന്നേരം റസൂല്‍(സ) ഖുത്തുബ ഉപേക്ഷിച്ചുകൊണ്ട് എന്റെ നേരെ തിരിഞ്ഞു. അവസാനം എന്റെ സമീപത്ത് എത്തിച്ചേര്‍ന്നപ്പോള്‍ ഒരുകസേര കൊണ്ടുവരപ്പെട്ടു. അതിന്മേല്‍ ഇരുന്നുകൊണ്ട് അവിടുത്തേക്ക് അല്ലാഹു പഠിപ്പിച്ചുകൊടുത്തതില്‍ നിന്ന് എന്നെ പഠിപ്പിക്കാന്‍ തുടങ്ങി. അതിനുശേഷം പ്രസംഗിച്ചിരുന്ന സ്ഥലത്ത് മടങ്ങിച്ചെന്ന് ഖുത്തുബ പൂര്‍ത്തികരിച്ചു. (മുസ്ലിം)

33) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഭക്ഷണം കഴിച്ചാല്‍ മൂന്നു വിരലുകളും നക്കാറുണ്ട്. അനസ്(റ) പറയുന്നു. നബി(സ) പറയുകയുണ്ടായി. നിങ്ങളില്‍ ആരുടെയെങ്കിലും ഭക്ഷണപ്പിടി താഴെ വീണാല്‍ അതില്‍ നിന്ന് അഴുക്കുകള്‍ നീക്കം ചെയ്ത് അവന്‍ തിന്നുകൊള്ളട്ടെ. പിശാചിനു വേണ്ടി അതുപേക്ഷിച്ചിടരുത്. ഭക്ഷണത്തളിക തുടച്ചുവൃത്തിയാക്കാന്‍ കല്‍പ്പിച്ചു കൊണ്ട് തിരുദൂതന്‍(സ)പറയാറുണ്ട്. നിങ്ങളുടെ ഏതു ഭക്ഷണത്തിലാണ് ബര്‍ക്കത്തെന്ന് നിങ്ങള്‍ക്കറിയുകയില്ല. (മുസ്ലിം)

34) അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു. ഹൃദയത്തില്‍ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അന്നേരം ഒരാള്‍ ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തന്റെ വസ്ത്രവും പാദരക്ഷയും കൌതുകമുള്ളതാകാന്‍ ആഗ്രഹിക്കാറുണ്ടല്ലോ? തിരുദൂതന്‍(സ)പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ട പ്പെടുന്നവനുമാണ്. അതുകൊണ്ട് അതൊരു അഹങ്കാരമല്ല. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാര്‍ത്ഥത്തില്‍ അഹങ്കാരം. (മുസ്ലിം)

35) സലമത്തി(റ)ല്‍ നിന്ന് നിവേദനം: നിശ്ചയം, ഒരാള്‍ നബി(സ)യുടെ സമീപത്തുവെച്ച് ഇടതു കൈകൊണ്ട് ഭക്ഷിച്ചു. അന്നേരം നബി(സ) അവനോട് നിര്‍ദ്ദേശിച്ചു. നിന്റെ വലതുകൈകൊണ്ട് നീ തിന്നുക. അയാള്‍ പറഞ്ഞു. എനിക്കതിന് കഴിയുകയില്ല. നബി(സ) പറഞ്ഞു. എന്നാല്‍ നിനക്കൊരിക്കലും കഴിയാതിരിക്കട്ടെ. അഹങ്കാരം മാത്രമായിരുന്നു അവനെ അതില്‍ നിന്നും തടുത്തുനിര്‍ത്തിയത്. റാവി പറയുന്നു. പിന്നീടൊരിക്കലും ആ (വലതു) കൈ തന്റെ വായിലേക്കുയര്‍ത്താന്‍ അവന് സാധിച്ചിട്ടില്ല. (മുസ്ലിം)

36) അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അന്ത്യദിനത്തില്‍ മൂന്നാളുകളോട് അല്ലാഹു സംസാരിക്കുകയോ അവരെ ശുദ്ധിയാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുകയില്ല. മാത്രമല്ല, വേദനാജനകമായ ശിക്ഷയും അവര്‍ക്കുണ്ട്. 1. വൃദ്ധനായ വ്യഭിചാരി 2. കള്ളം പറയുന്ന രാജാവ് 3. അഹങ്കാരിയായ ദരിദ്രന്‍ (മുസ്ലിം)

37) അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ പ്രവാചകന്‍(സ) അരുളിയിരിക്കുന്നു. അല്ലാഹു പറയുകയുണ്ടായി: പ്രതാപം എന്റെ അരയുടുപ്പും അഹങ്കാരം എന്റെ രണ്ടാംമുണ്ടും ആകുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ എന്നോടാരെങ്കിലും മത്സരിച്ചാല്‍ ഞാനവനെ ശിക്ഷിക്കുന്നതാണ്. (മുസ്ലിം)

38) സലമത്തി(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു. ഒരാള്‍ തന്നെ വാഴ്ത്തിക്കൊണ്ടേയിരിക്കും. അവസാനം ധിക്കാരികളുടെ കൂട്ടത്തില്‍ അവന്‍ എഴുതപ്പെടുകയും അനന്തരം അവര്‍ക്കെത്തിയത് ഇവനെ ബാധിക്കുകയും ചെയ്യും. (തിര്‍മിദി)

39) നവാസി(റ)ല്‍ നിന്ന് നിവേദനം: നന്മ-തിന്മയെ സംബന്ധിച്ച് ഒരിക്കല്‍ നബി(സ) യോട് ഞാന്‍ ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു. സല്‍സ്വഭാവമാണ് യഥാര്‍ത്ഥത്തില്‍ നന്മ. നിന്റെ ഹൃദയത്തില്‍ സംശയമുളവാക്കുകയും ജനങ്ങളറിയല്‍ നിനക്ക് വെറുപ്പുണ്ടാവുകയും ചെയ്യുന്നതേതോ അതാണ് തിന്മ. (മുസ്ലിം)

40) അബുദ്ദര്‍ദാഅ്(റ) നിവേദനം ചെയ്യുന്നു: നബി(സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തില്‍ സത്യവിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തേക്കാള്‍ ഘനംതൂങ്ങുന്ന മറ്റൊന്നുമില്ല. നിശ്ചയം നീച വാക്കുകള്‍ പറയുന്ന ദുസ്വഭാവിയോട് അല്ലാഹു കോപിക്കുക തന്നെ ചെയ്യും. (തിര്‍മിദി)

41) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന മിക്കകാര്യങ്ങളെ സംബന്ധിച്ചും റസൂല്‍(സ) ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് മറുപടി പറഞ്ഞു. സല്‍സ്വഭാവവും അല്ലാഹുവിനോടുള്ള ഭക്തിയുമാണത്. മനുഷ്യരെ നരകത്തില്‍ പ്രവേശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളെ സംബന്ധിച്ചും അവിടുന്ന് ചോദിക്കപ്പെട്ടു. വായയും ഗുഹ്യസ്ഥാനവുമാണത്. എന്ന് തിരുദൂതന്‍(സ) അപ്പോള്‍ മറുപടി പറഞ്ഞു. (തിര്‍മിദി)

42) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: അവരില്‍ വെച്ച് ഏറ്റവും സ്വഭാവ വൈശിഷ്ട്യമുളളവരാണ് സത്യവിശ്വാസികളില്‍ പരിപൂര്‍ണ്ണര്‍. നിങ്ങളിലുത്തമന്‍ തന്റെ സഹധര്‍മ്മിണിയോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനുമാകുന്നു. (തിര്‍മിദി)

43) ആയിശ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഒരു സത്യവിശ്വാസിക്ക് തന്റെ സല്‍സ്വഭാവം കൊണ്ട് (സദാ) വ്രതമനുഷ്ഠിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നവന്റെ പദവികളാര്‍ജ്ജിക്കാന്‍ കഴിയും. (അബൂദാവൂദ്) (ഉത്തമസ്വഭാവംകൊണ്ട് നമസ്കരിക്കുന്നവന്റെയും നോമ്പനുഷ്ഠിക്കുന്നവന്റെയും പ്രതിഫലം നേടാന്‍ കഴിയും)

44) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. തര്‍ക്കം കൈവെടിയുന്നവന് സ്വര്‍ഗ്ഗത്തിന്റെ ഒരു ഭാഗത്ത് ഒരു ഭവനം നല്‍കാമെന്ന് ഞാനേല്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ അവന്‍ സത്യത്തിനുവേണ്ടി വാദിക്കുന്നവനാണെങ്കിലും. അപ്രകാരം തന്നെ കള്ളം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ നടുവില്‍ ഒരു ഭവനം നല്‍കാമെന്നും ഞാനേല്‍ക്കുന്നു. അവന്‍ (കളവ് പറയാറുണ്ട്) തമാശരൂപത്തിലാണെങ്കിലും. ഉത്തമസ്വഭാവിക്ക് സ്വര്‍ഗ്ഗത്തിന്റെ ഉപരിഭാഗത്ത് ഒരു ഭവനം നല്‍കാമെന്നും ഞാനേല്‍ക്കുന്നു. (അബൂദാവൂദ്)

45) ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു. അന്ത്യദിനത്തില്‍ നിങ്ങളില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും സ്ഥാനം കൊണ്ട് എന്നോട് കൂടുതലടുത്തവരും നിങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമ സ്വഭാവികളാണ്. അന്ത്യദിനത്തില്‍ നിങ്ങളില്‍ വെച്ച് എന്നോട് ഏറ്റവും കോപമുള്ളവരും എന്നോടടുപ്പമില്ലാത്തവരും ധാരാളം സംസാരിക്കുന്നവരും ജനങ്ങളുടെമേല്‍ കുറ്റാരോപണം ചുമത്തുന്നവരും മുതഫയ്ഹിഖീങ്ങളുമാകുന്നു. അവര്‍ ചോദിച്ചു. പ്രവാചകരെ! സര്‍സാറും മുതശദ്ദിഖും ഞങ്ങള്‍ക്കറിയാം. മുതഫയ്ഹിഖുകൊണ്ടുള്ള വിവക്ഷയെന്താണ്? തിരു ദൂതന്‍(സ) പറഞ്ഞു. മുതകബ്ബിറൂന്‍ എന്നാണ് അതുകൊണ്ടുള്ള വിവക്ഷ. (തിര്‍മിദി)

46) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: അശജ്ജ് അബ്ദുല്‍ ഖൈസിനോട് ഒരിക്കല്‍ നബി(സ) പറഞ്ഞു. അല്ലാഹുവിനിഷ്ടമുള്ള രണ്ട് സ്വഭാവങ്ങള്‍ നിന്നിലുണ്ട്. 1. സഹിഷ്ണുത 2. സൌമ്യത. (മുസ്ലിം)

47) ആയിശ(റ)യില്‍ നിന്ന് നിവേദനം: നിശ്ചയം, നബി(സ) അരുള്‍ ചെയ്തു. അല്ലാഹു ദയയുള്ളവനും ദയ ഇഷ്ടപ്പെടുന്നവനുമത്രെ. മാത്രമല്ല, പരുഷസ്വഭാവത്തിനോ, മറ്റേതെങ്കിലും കാര്യങ്ങള്‍ക്കോ നല്‍കാത്ത പ്രതിഫലം കാരുണ്യത്തിന് അവന്‍ നല്കുന്നതുമാണ്. (മുസ്ലിം)

48) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഏതൊരുകാര്യത്തിലും ദയ അലങ്കാരമാണ്. അത് നീക്കം ചെയ്യപ്പെട്ടാല്‍ ഏതും വികൃതമാണ്. (മുസ്ലിം)

49) ജരീര്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. വല്ലവനും കാരുണ്യം സ്വയം വിലങ്ങിയാല്‍ സര്‍വ്വനന്മകളും അവനും വിലക്കപ്പെട്ടു. (മുസ്ലിം) (കരുണയില്ലാത്തവന്‍ എന്തുമാത്രം സദ്വൃത്തനാണെങ്കിലും അവന്‍ നല്ലവനായി ഗണിക്കപ്പെടുകയില്ല)

50) അബൂയഅ്ല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രഖ്യാപിച്ചു. എല്ലാകാര്യങ്ങളിലും അല്ലാഹു ഇഹ്സന്‍ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ വധിക്കുമ്പോള്‍ നന്നായി വധിക്കുകയും അറുക്കുമ്പോള്‍ നല്ല വിധത്തില്‍ അറുക്കുകയും ചെയ്യുക. അഥവാ നിങ്ങളോരോരുത്തരും തന്റെ അറവുകത്തി മൂര്‍ച്ച കൂട്ടുകയും മൃഗത്തിന് സുഖം നല്കുകയും ചെയ്യുക. (മുസ്ലിം)

51) ഇബ്നുമസ്ഊദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നരകം നിഷിദ്ധമായവനോ നരകത്തിന് നിഷിദ്ധമായവനോ ആരെന്ന് ഞാന്‍ പറഞ്ഞുതരട്ടെയോ? ജനങ്ങളോട് അടുപ്പവും സൌമ്യശീലവും സഹിഷ്ണുതയും വിട്ടുവീഴ്ചാ മനഃസ്ഥിതിയുമുള്ളവര്‍ക്കെല്ലാം അത് നിഷിദ്ധമാണ്. (തിര്‍മിദി) (ശാശ്വതമായി അവര്‍ നരകത്തില്‍ താമസിക്കേണ്ടിവരികയില്ല)

52) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരേ! എനിക്ക് ചില കുടുംബങ്ങളുണ്ട്. ഞാന്‍ അവരെ ചേര്‍ക്കുകയും അവരെന്റെ ബന്ധം മുറിക്കുകയും ചെയ്യുന്നു. ഞാനവരോട് നന്നായി വര്‍ത്തിക്കുന്നു. എന്നാല്‍, അവരാവട്ടെ എന്നോട് മോശമായി പെരുമാറുന്നു. ഞാനവര്‍ക്കുവേണ്ടി സഹനമവലംബിക്കുന്നു. അവരെന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോള്‍ തിരുദൂതന്‍(സ) പറഞ്ഞു. നീ പറഞ്ഞതുപോലെത്തന്നെയാണ് നീയെങ്കില്‍ ചൂടുള്ള വെണ്ണീര്‍ നീ അവരെ തീറ്റിയതുപോലെയാണ്. (അതുകൊണ്ടവര്‍ നശിക്കുക തന്നെ ചെയ്യും) നീ ഈ നില തുടരുമ്പോള്‍ ഒക്കെ നിനക്ക് അല്ലാഹുവില്‍ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും. (മുസ്ലിം)

53) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: ഭാര്യയും ഭര്‍ത്താവും സംയോഗം നടത്തുകയും എന്നിട്ട് അവളുടെ രഹസ്യം പരസ്യപ്പെടുത്തുകയും ചെയ്യുന്നവന്‍ അന്ത്യദിനത്തില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും താഴ്ന്ന പദവിയിലായിരിക്കും. (മുസ്ലിം)

54) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) എന്നോട് പറഞ്ഞു: പുണ്യകര്‍മ്മങ്ങളിലൊന്നിനെയും നീ നിസ്സാരമാക്കി തള്ളരുത്. അത് നിന്റെ സഹോദരനുമായി മുഖപ്രസന്നതയോടെ കണ്ടുമുട്ടുക എന്നതാണെങ്കിലും. (മുസ്ലിം)

55) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) യുടെ വാക്കുകള്‍ ശ്രോതാക്കള്‍ക്ക് ഗ്രാഹ്യമാകുംവിധം സ്പഷ്ടമായിരുന്നു. (അബൂദാവൂദ്)

56) അമ്മാറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഒരു വ്യക്തിയുടെ നമസ്കാരം നീളലും ഖുത്തുബ ചുരുങ്ങലും തന്റെ വിജ്ഞാനത്തിന്റെ ലക്ഷണമാണ്. അതുകൊണ്ട് നിങ്ങള്‍ നമസ്കാരം ദീര്‍ഘിപ്പിക്കുകയും ഖുത്തുബ ചുരുക്കുകയും ചെയ്യുക. (മുസ്ലിം)

57) ഉമര്‍ (റ)വില്‍ നിന്ന് നിവേദനം: ഞാനൊരിക്കല്‍ ഉംറ ചെയ്യാന്‍ നബി(സ)യുടെ അനുവാദം തേടി. അനുവാദം നല്‍കിക്കൊണ്ട് പറഞ്ഞു. സഹോദരാ! നിന്റെ പ്രാര്‍ത്ഥനാ വേളയില്‍ എന്നെ നീ മറക്കരുത്. ഉമര്‍(റ) പറഞ്ഞു. ചില വാക്കുകളാണ് നബി(സ) പറഞ്ഞത്. ഇഹലോകം മുഴുവന്‍ എനിക്ക് ലഭിക്കുകയാണെങ്കില്‍തന്നെ അതെന്നെ ആഹ്ളാദിപ്പിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്. എന്റെ സഹോദരാ! നിന്റെ പ്രാര്‍ത്ഥനയില്‍ എന്നെയും ഭാഗമാക്കാക്കുക. (അബൂദാവൂദ്, തിര്‍മിദി)

58) സാലിം(റ) വില്‍ നിന്ന് നിവേദനം: നിശ്ചയം, അബ്ദുല്ലാഹിബ്നു ഉമര്‍(റ) യാത്ര ഉദ്ദേശിക്കുന്നവ്യക്തിയോട് പറയാറുണ്ടായിരുന്നു. നീ ഇങ്ങോട്ടു അടുത്തുവരൂ! നബി(സ) ഞങ്ങളോട് യാത്ര പറയാറുളളതുപോലെ ഞാന്‍ നിന്നോട് യാത്ര പറയട്ടെ. എന്നിട്ടദ്ദേഹം പറഞ്ഞു. നിന്റെ ദീനും അമാനത്തും നിന്നിലര്‍പ്പിതമായ ബാധ്യതകളും നിന്റെ പ്രവര്‍ത്തനങ്ങളുടെ പര്യവസാനവും സുരക്ഷിതമാക്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. (തിര്‍മിദി)

59) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: നബി(സ) പട്ടാളത്തെ യാത്ര അയക്കാനുദ്ദേശിച്ചാല്‍ പറയാറുണ്ട്. നിങ്ങളുടെ മത നടപടികളും അമാനത്തും അമലുകളുടെ പര്യവസാനവും സുരക്ഷിതമാക്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. (അബൂദാവൂദ്)

60) അനസി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരാള്‍ നബി(സ)യുടെ സവിധത്തില്‍ ചെന്ന് പറഞ്ഞു. തിരുദൂതരേ! ഞാനൊരു യാത്ര ഉദ്ദേശിക്കുന്നു. എനിക്കെന്തെങ്കിലും പാരിതോഷികം നല്കിയാലും. തിരുദൂതന്‍(സ) പ്രാര്‍ത്ഥിച്ചു. നിനക്ക് അല്ലാഹു ഭക്തി പ്രദാനം ചെയ്യട്ടെ! അദ്ദേഹം പറഞ്ഞു. സ്വല്പം കൂടി അവിടുന്ന് പ്രാര്‍ത്ഥിച്ചു. നിന്റെ പാപം അല്ലാഹു പൊറുക്കുകയും ചെയ്യട്ടെ. അപ്പോഴും അദ്ദേഹം പറഞ്ഞു. അല്പവും കൂടി. അവിടുന്ന് അപ്പോള്‍ പ്രാര്‍ത്ഥിച്ചു. നീ എവിടെയായാലും അല്ലാഹു നിനക്ക് നന്മ എളുപ്പമാക്കിത്തരട്ടെ! (തിര്‍മിദി)

0 comments:

Post a Comment

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)