Friday, December 11, 2009

വിവിധ സല്‍ക്കര്‍മ്മങ്ങള്‍




1) ഹദീസുകളില്‍ ആദ്യത്തേത് അബൂഹുറൈറ(റ)യുടേതാണ്. റസൂല്‍(സ) പ്രഖ്യാപിച്ചു: നിങ്ങള്‍ സല്‍ കര്‍മ്മങ്ങള്‍കൊണ്ട് മുന്നേറുക. ഇരുള്‍മുറ്റിയ രാത്രിയെപ്പോലെ ഫിത്നകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. പ്രഭാതത്തിലെ സത്യവിശ്വാസി പ്രദോഷത്തില്‍ സത്യനിഷേധിയും ആയിത്തീരുന്നു. തന്റെ ദീന്‍ ഐഹികനേട്ടങ്ങള്‍ക്ക് വേണ്ടി വില്‍ക്കുന്നതു കൊണ്ടാണത്. (മുസ്ലിം)

2) അബൂഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) ആജ്ഞാപിച്ചു: വരാനിരിക്കുന്ന ഏഴുകാര്യങ്ങള്‍ക്കു മുമ്പായി നിങ്ങള്‍ സല്‍ക്കര്‍മ്മങ്ങളില്‍ ജാഗരൂകരാവുക. വിസ്മൃതിയിലകപ്പെടുന്ന ദാരിദ്യ്രമോ, അധര്‍മ്മത്തിലേക്കു നയിക്കുന്ന സമ്പത്തോ, ആപത്തിലാഴ്ത്തുന്ന രോഗമോ, പിച്ചും പേയും പറയുന്ന വാര്‍ദ്ധക്യമോ, ആകസ്മിക മരണമോ, വരാനിരിക്കുന്നതില്‍ വെച്ചു ഏറ്റവും ക്രൂരനായ ദജ്ജാലോ കയ്പേറിയതും അപ്രതിരോധ്യവുമായ അന്ത്യദിനമോ അല്ലാത്ത വല്ലതും നിങ്ങള്‍ക്ക് പ്രതീക്ഷിച്ചിരിക്കാനുണ്ടോ? (തിര്‍മിദി)

3) റബീഅത്ത്(റ) നിവേദനം ചെയ്യുന്നു: ഞാന്‍ നബി(സ) യൊന്നിച്ച് രാത്രി താമസിക്കാറുണ്ട്. തിരുമേനിക്ക് വുളുചെയ്യാനുള്ള വെള്ളവും മറ്റ് അത്യാവശ്യസാധനങ്ങളും ഞാന്‍ എടുത്ത് കൊടുക്കാറുണ്ടായിരുന്നു. നിനക്കാവശ്യമുള്ളത് ചോദിച്ചുകൊള്ളുക എന്ന് പ്രവാചകന്‍ അരുളിയപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അങ്ങുമായുള്ള സഹവാസമാണ് ഞാനഭ്യര്‍ത്ഥിക്കുന്നതെന്ന് പറഞ്ഞു. തിരുമേനി പറഞ്ഞു: മറ്റൊന്നും നിനക്ക് ചോദിക്കാനില്ലേ? ഞാന്‍ പറഞ്ഞു: അതു തന്നേയുള്ളൂ. അവിടുന്ന് പറഞ്ഞു: എന്നാല്‍ നീ ധാരാളം സുജൂദ് ചെയ്തുകൊണ്ട് എന്നെ സഹായിക്കണം. (മുസ്ലിം)

4) സൌബാനി(റ)ല്‍ നിന്ന്: റസൂല്‍ തിരുമേനി(സ) പറയുന്നത് ഞാന്‍ കേട്ടു: നീ ധാരാളം സുജൂദ് ചെയ്യണം . എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിനുവേണ്ടി നീ ചെയ്യുന്ന ഒരു സുജൂദിന് പകരം അല്ലാഹു നിന്നെ ഒരുപടി ഉയര്‍ത്തുകയും അതുകൊണ്ട് തന്നെ ഒരുപാപം നിനക്ക് പൊറുത്തുതരികയും ചെയ്യും. (മുസ്ലിം)

5) അബൂസഫ്വാന്‍ അബ്ദുല്ലയില്‍ നിന്ന്: റസൂല്‍(സ) പ്രസ്താവിച്ചു: സദ്വൃത്തിയോടൊപ്പം ദീര്‍ഘായുസ് ലഭിച്ചിട്ടുള്ളവനാണ് മഹോന്നതന്‍. (തിര്‍മിദി)

6) അബൂദര്‍റി(റ)ല്‍ നിന്ന്: പ്രവാചകന്‍ പ്രസ്താവിച്ചിരിക്കുന്നു: നിങ്ങളോരോരുത്തര്‍ക്കും തന്റെ അവയവ സന്ധികളുടെ കണക്കനുസരിച്ചുള്ള ധര്‍മ്മം അനിവാര്യമാണ്. എന്നാല്‍ ഓരോ തസ്ബീഹും ഹംദും ദിക്റും തക്ബീറും നല്ലത് ഉപദേശിക്കലും ചീത്ത നിരോധിക്കലും എല്ലാമെല്ലാം ഓരോ സദഖയാണ്. അതിനെല്ലാം പകരമായി രണ്ട് റക്അത്ത് സുഹാ നമസ്കരിച്ചാലും മതി. (മുസ്ലിം)

7) അബൂദര്‍റി(റ)ല്‍ നിന്ന് നബി വിവരിക്കുന്നു: എന്റെ പ്രജകളുടെ നല്ലതും ചീത്തയുമായ അമലുകള്‍ എനിക്ക് വ്യക്തമാക്കപ്പെടുകയുണ്ടായി. വഴികളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ നീക്കം ചെയ്യുന്നത് സല്‍ക്കര്‍മ്മവും പള്ളികളില്‍ കാണപ്പെടുന്ന കാര്‍ക്കിച്ച കഫം നീക്കം ചെയ്യാതിരിക്കുന്നത് ദുഷ്കര്‍മ്മവുമായാണ് എനിക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞത്. (മുസ്ലിം)

8) അബൂദര്‍റി(റ)യില്‍ നിന്ന്: നബി(സ) ഒരവസരത്തില്‍ പറഞ്ഞു: പുണ്യകര്‍മ്മങ്ങളിലൊന്നിനേയും നീ നിസ്സാരമാക്കി തള്ളരുത്: നിന്റെ സഹോദരനുമായി മുഖപ്രസന്നതയോടെ കണ്ടുമുട്ടുക എന്നതാണെങ്കിലും (മുസ്ലിം)

9) അബൂഹുറൈറ(റ)ല്‍ നിന്ന്: നബി(സ) പറയുകയുണ്ടായി: മുസ്ളീംകളെ ശല്യപ്പെടുത്തിയിരുന്ന വഴിവക്കിലെ ഒരു വൃക്ഷം മുറിച്ചുനീക്കിയതിന്റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞ ഒരാളെ ഞാന്‍ കാണാനിടയായി. (മുസ്ലിം)

10) അബൂഹുറൈറ(റ)ല്‍ നിന്ന്്: റസൂല്‍(സ) പറഞ്ഞു: ഒരാള്‍ ക്രമപ്രകാരം വുളുചെയ്തു. എന്നിട്ടവര്‍ ജുമുഅ നമസ്കരിക്കാന്‍ (പള്ളിയില്‍) പോയി. ഖുത്തുബ ശ്രദ്ധാപൂര്‍വ്വം കേട്ടു. എങ്കില്‍ അതിന് മുമ്പത്തെ ജുമുഅവരേയും കൂടുതല്‍ മൂന്ന് ദിവസവും അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അവിടെ ആരെങ്കിലും കല്ലുവാരിക്കളിച്ചാല്‍ അവന്റെ പ്രവൃത്തി വിഫലമായി. (മുസ്ലിം)

11) അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്ന് അകന്നുനിന്നാല്‍ അഞ്ചു സമയങ്ങളിലെ നിസ്കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅ വരെയും ഒരു റംസാന്‍ അടുത്ത റംസാന്‍ വരെയുമുള്ള പാപങ്ങളെ പൊറുപ്പിക്കുന്നതാകുന്നു. (മുസ്ലിം)

12) ജാബിര്‍ (റ) നിവേദനം ചെയ്തിരിക്കുന്നു: റസൂല്‍(സ) പ്രഖ്യാപിച്ചു: ഒരു മുസ്ളീമിന്റെ കൃഷിയില്‍ നിന്ന് കട്ടുപോകുന്നതും തിന്നുനശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ട് പോകുന്നതും അവന് സദഖയായിത്തീരുന്നു. (മുസ്ലിം)

13) ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: ബനൂസലമ ഗോത്രക്കാര്‍ പള്ളിയുടെ സമീപത്തേക്ക് മാറിത്താമസിക്കാന്‍ തീരുമാനിച്ചു. വിവരം റസൂലി(സ) ന് ലഭിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: നിങ്ങള്‍ പള്ളിയുടെ സമീപത്തേക്ക് മാറിത്താമസിക്കാന്‍ തീരുമാനിച്ച വിവരം ഞാനറിഞ്ഞിരിക്കുന്നു. അവര്‍ പറഞ്ഞു: അതെ, പ്രവാചകരെ! ഞങ്ങളത് ഉദ്ദേശിച്ചിരിക്കുന്നു. ഉടനെത്തന്നെ അവിടുന്ന് പറഞ്ഞു: നിങ്ങളുടെ വീട്ടില്‍ തന്നെ നിങ്ങള്‍ താമസിച്ചുകൊള്ളുക. അത് നിങ്ങള്‍ കൈവിടേണ്ട! കാരണം പള്ളിയിലേക്ക് നടക്കുമ്പോഴുള്ള നിങ്ങളുടെ ചവിട്ടടി നിങ്ങള്‍ക്കെഴുതപ്പെടുകതന്നെ ചെയ്യും. (മുസ്ലിം) (ചവിട്ടടിയുടെ എണ്ണം കണ്ട് പ്രതിഫലം കൂടുന്നതാണ്).

14) ഉബയ്യുബ്നുകഅ്ബി(റ)ല്‍ നിന്ന്: പള്ളിയുമായി ഏറ്റവുമകലെ ഒരാള്‍ താമസിച്ചിരുന്നു. അയാളെപ്പോലെ ദൂരെ താമസിച്ചിരുന്ന ആരെയും എനിക്കറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അദ്ദേഹത്തിന് ഒരൊറ്റ ജമാഅത്തും പാഴായിരുന്നില്ല. ഒരവസരത്തില്‍ അദ്ദേഹത്തോട് പറയപ്പെടുകയോ ഞാന്‍ പറയുകയോ ഉണ്ടായി: കൂരിരുട്ടിലും അത്യുഷ്ണത്തിലും യാത്ര ചെയ്യാന്‍ പറ്റിയ ഒരു കഴുതയെ നിങ്ങള്‍ മേടിച്ചാലും. അദ്ദേഹം പറഞ്ഞു: എന്റെ വീട് പള്ളിയുടെ സമീപത്താകുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. കാരണം പള്ളിയിലേക്കുള്ള എന്റെ പോക്കും വരവും ധാരാളം എഴുതപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു. അപ്പോള്‍ റസൂല്‍(സ) അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: നിന്റെ ആഗ്രഹമെല്ലാം അല്ലാഹു സഫലീകരിക്കട്ടെ (മുസ്ലിം)

15) ഉമറി(റ)ല്‍ നിന്ന്: റസൂല്‍(സ) അരുള്‍ ചെയ്തിരിക്കുന്നു: ഒരാള്‍ രാത്രി പതിവായി ഓതിക്കൊണ്ടിരിക്കുന്നത് മുഴുവനോ ഭാഗികമായോ വെടിഞ്ഞ് ഉറങ്ങുകയും (പിറ്റെ ദിവസം) സുബ്ഹിന്റെയും ളുഹ്റിന്റെയും ഇടയില്‍ ഓതുകയും ചെയ്താല്‍, രാത്രിതന്നെ അവനത് ഓതിയതായി രേഖപ്പെടുത്തപ്പെടുന്നതാണ്. (മുസ്ലിം)

16) ആയിശ(റ)യില്‍ നിന്ന്: രോഗത്താലോ മറ്റോനബി(സ) ക്ക് രാത്രിയിലെ (സുന്നത്ത്) നമസ്കാരം പാഴായിപ്പോയാല്‍ പകല്‍ 12 റക്അത്ത് നമസ്കരിക്കുമായിരുന്നു. (മുസ്ലിം)

17) അനസ്(റ) വില്‍ നിന്ന് നിവേദനം: ഇസ്ളാമിന്റെ പേരില്‍ റസൂല്‍(സ) യോട് വല്ലതും ചോദിക്കപ്പെട്ടാല്‍ അവിടുന്ന് അത് കൊടുക്കാതിരിക്കയില്ല. ഒരവസരത്തില്‍ ഒരാള്‍ നബി(സ) യുടെ അടുത്തുവന്നപ്പോള്‍ രണ്ടുപര്‍വ്വതത്തിനിടയിലുള്ളത്രയും ആടുകളെ അയാള്‍ക്ക് സമ്മാനിച്ചു. അയാള്‍ കുടുംബത്തില്‍ മടങ്ങിച്ചെന്നുകൊണ്ട് പറഞ്ഞു: ഹേ ജനങ്ങളെ ! നിങ്ങള്‍ മുസ്ളീം കളായിക്കൊള്ളുക. നിശ്ചയം, മുഹമ്മദ്(സ) ദാരിദ്യ്രം ഭയപ്പെടാത്തവനെപ്പോലെ ധര്‍മ്മം ചെയ്യുന്നു. ചിലയാളുകള്‍ ഐഹിക നേട്ടം മാത്രം ഉദ്ദേശിച്ചുകൊണ്ട് മുസ്ളീമാകും. എന്നിട്ടോ? താമസംവിനാ ഇഹലോകത്തേക്കാളും അതിലുള്ളതിനേക്കാളും ഇസ്ളാം അവനുകൂടുതല്‍ പ്രിയങ്കരമായിത്തീരും. (മുസ്ലിം)

18) ഉമര്‍ (റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) കുറെ ധനം ഭാഗിച്ചുകൊടുത്തു. അന്നേരം ഞാന്‍ പറഞ്ഞു. വേറൊരുകൂട്ടരാണ് ഇവരേക്കാള്‍ ഇതിന് അര്‍ഹതയുള്ളവര്‍. തിരു ദൂതന്‍(സ) പറഞ്ഞു. ഒന്നുകില്‍ ഇവര്‍ ചോദിച്ചു ബുദ്ധിമുട്ടിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് കൊടുക്കേണ്ടിവരും. അതല്ലെങ്കില്‍ എന്നെ ലുബ്ധനാണെന്ന് അവര്‍ ആരോപിക്കും. ഞാന്‍ പിശുക്കനല്ലതാനും. (മുസ്ലിം)

19) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു. ധര്‍മ്മം ധനത്തെ കുറക്കുകയില്ല. ആര്‍ക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവന്‍ ഉയര്‍ത്തുകതന്നെ ചെയ്യും. (മുസ്ലിം)

20) അംറുബ്നു സഅ്ദ്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് അദ്ദേഹം കേട്ടു. ഞാന്‍ നിങ്ങളോട് സത്യം ചെയ്തുപറയുന്ന മൂന്ന് കാര്യം നിങ്ങള്‍ ഹൃദിസ്ഥമാക്കിക്കൊള്ളുക. 1. ധര്‍മ്മം നിമിത്തം ധനം കുറയുകയില്ല. 2. മര്‍ദ്ദനത്തിന്റെ പേരില്‍ ക്ഷമ പാലിച്ച മര്‍ദ്ദിതന് അല്ലാഹു ശ്രേഷ്ഠത വര്‍ദ്ധിപ്പിക്കുന്നതാണ്. 3. യാചനയുടെ കവാടം ആര്‍ തുറന്നാലും അല്ലാഹു അവന് ദാരിദ്യ്രത്തിന്റെ വാതില്‍ തുറന്ന് കൊടുക്കുന്നതാണ്. ഇതേ ആശയം ഉള്‍ക്കൊള്ളുന്ന വാക്കുകളാണ് പ്രവാചകന്‍ പറഞ്ഞത്. അതിനും പുറമെ ഞാന്‍ നിങ്ങളോട് പറയുന്ന പ്രസ്താവനയും നിങ്ങള്‍ ഹൃദിസ്ഥമാക്കുക. നിശ്ചയം, ഇഹലോകം നാലുതരം ആളുകള്‍ക്കാണ്. 1. അല്ലാഹു സമ്പത്തും വിജ്ഞാനവും പ്രദാനം ചെയ്തു. എന്നിട്ട് തന്റെ നാഥന്റെ വിധിവിലക്കുകള്‍ കൈകൊണ്ട്, ചാര്‍ച്ചയെ ചേര്‍ത്തു: അല്ലാഹുവിനോടുള്ള ബാധ്യത അറിഞ്ഞുപ്രവര്‍ത്തിച്ചു: ഇങ്ങനെയുള്ളവന്‍ ഉത്തമ പദവിയിലാണ്. 2. അല്ലാഹു ജ്ഞാനം നല്കി. ധനം അവന് നല്‍കിയതുമില്ല. എന്നാല്‍, ഉദ്ദേശ ശുദ്ധിയുള്ളവനായിരുന്നു അവന്‍. തന്നിമിത്തം അവന്‍ പറഞ്ഞു. എനിക്ക് ധനം ലഭിച്ചിരുന്നെങ്കില്‍ ഇന്നവനെപ്പോലെ ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. തന്റെ സദുദ്ദേശം നിമിത്തം അവരിരുവര്‍ക്കും ലഭിക്കുന്ന പ്രതിഫലം സമമത്രെ. 3. അല്ലാഹു ധനം നല്കിയവന്‍. ജ്ഞാനം അവന് നല്‍കിയതുമില്ല. അജ്ഞതയോടെ തനിക്കു ലഭിച്ച ധനത്തില്‍ അവന്‍ കൈകാര്യം ചെയ്തു. തന്റെ നാഥനെ അവന്‍ സൂക്ഷിച്ചില്ല. കുടുംബബന്ധം സംഘടിപ്പിച്ചതുമില്ല. അല്ലാഹുവിനോടുള്ള ബാധ്യത അവന്‍ അറിഞ്ഞു പ്രവര്‍ത്തിച്ചതുമില്ല. ഇവനോ ഏറ്റവും താഴ്ന്ന പടിയിലത്രെ. 4. അല്ലാഹു ജ്ഞാനവും ധനവും നല്‍കാത്തവന്‍. എനിക്ക് ധനം ലഭിച്ചിരുന്നെങ്കില്‍ ഇന്നവനെ പ്പോലെ തെറ്റ് ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. തന്റെ ദുരുദ്ദേശം കാരണം അവരിരുവരുടെയും പാപം സമമത്രെ. (തിര്‍മിദി)

21) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) യുടെ വീട്ടുകാര്‍ ഒരാടിനെ അറുത്ത് ധര്‍മ്മം ചെയ്തു. റസൂല്‍(സ) ചോദിച്ചു: ഇനി അതില്‍ നിന്ന് വല്ലതും ശേഷിച്ചിരിപ്പുണ്ടോ? ആയിശ(റ) പറഞ്ഞു. അതിന്റെ തോളല്ലാതെ മറ്റൊന്നും മിച്ചമില്ല. തിരുദൂതന്‍(സ) പറഞ്ഞു. അതിന്റെ തോളൊഴിച്ച് മറ്റുള്ളതൊക്കെ അവശേഷിച്ചു. (തിര്‍മിദി)

0 comments:

Post a Comment

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)