1) ഇബ്നുമസ്ഊദ്(റ) പറയുന്നു: ഒരു മനുഷ്യന്‍ ചോദിച്ചു: പ്രവാചകരേ! ജാഹിലിയ്യാകാലത്തു ഞങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് ഞങ്ങളെ ശിക്ഷിക്കുമോ? നബി(സ) അരുളി: ഇസ്ലാമില്‍ പ്രവേശിച്ചശേഷം ഒരാള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിത്തീര്‍ത്തെങ്കില്‍ കിരാതയുഗത്തില്‍ പ്രവര്‍ത്തിച്ച തെറ്റുകള്‍ക്ക് അവനെ ശിക്ഷിക്കുകയില്ല. ഇസ്ളാമില്‍ പ്രവേശിച്ചശേഷം ഒരാള്‍ തെറ്റ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നെങ്കിലോ മുമ്പ് ചെയ്ത തെറ്റുകള്‍ക്കും പില്‍ക്കാലങ്ങളില്‍ ചെയ്ത തെറ്റുകള്‍ക്കും അല്ലാഹു അവനെ ശിക്ഷിക്കുന്നതാണ്. (ബുഖാരി. 6921)
2) നാഫിഅ്(റ) പറയുന്നു: സ്വഫിയ്യ: അദ്ദേഹത്തോട് പറഞ്ഞു: ഖലീഫ ഉമര്‍(റ)ന്റെ ഒരു അടിമ യുദ്ധത്തില്‍ പെട്ട ഒരു അടിമസ്ത്രീയെ നിര്‍ബന്ധിച്ച് അവളുടെ കന്യകത്വം നഷ്ടപ്പെടുത്തി. ഉമര്‍(റ) അവനെ ശിക്ഷിക്കുകയും നാട് കടത്തുകയും ചെയ്തു. എന്നാല്‍ സ്ത്രീയെ അദ്ദേഹം ശിക്ഷിക്കുകയുണ്ടായില്ല. (ബുഖാരി. 6949)
3) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളാരും മരിക്കാന്‍ കൊതിക്കരുത്. സുകൃതം ചെയ്യുന്നവനാണെങ്കില്‍ അവന്ന് കൂടുതല്‍ സുകൃതം ചെയ്യുവാന്‍ അവസരം ലഭിക്കും. പാപം ചെയ്യുന്നവനാണെങ്കില്‍ പശ്ചാത്തപിച്ച് മടങ്ങാനും അവസരം ലഭിക്കും. (ബുഖാരി. 7235)
4) ഇബ്നു മസ്ഊദി(റ)ല്‍ നിന്ന്: നബിതിരുമേനി(സ) മൂന്ന് പ്രാവശ്യം പ്രഖ്യാപിക്കുകയുണ്ടായി. (ഇബാദത്തില്‍) അമിതമായ നിലപാട് കൈക്കൊള്ളുന്നവര്‍ പരാജയത്തിലാണ്. (മുസ്ലിം)
5) ജാബിറി(റ)ല്‍ നിന്ന്: ഞാന്‍ നബി(സ)യൊന്നിച്ച് നിസ്കരിക്കാറുണ്ട്. അപ്പോഴെല്ലാം അവിടുത്തെ നിസ്കാരവും ഖുത്തുബയും മദ്ധ്യനിലയിലായിരുന്നു. (മുസ്ലിം)
6) സല്‍മത്ത്ബ്നു അംറി(റ)ല്‍ നിന്ന്: പ്രവാചകസന്നിധിയില്‍വെച്ച് ഒരാള്‍ ഇടതുകൈകൊണ്ട് ഭക്ഷിച്ചു. അവിടുന്നരുളി: വലതുകൈകൊണ്ട് ഭക്ഷിക്കുക. അയാള്‍ പറഞ്ഞു: എനിക്കതിന് കഴിവില്ല. നബി(സ) പ്രാര്‍ത്ഥിച്ചു: എന്നാല്‍ നിനക്കതിന് കഴിയാതിരിക്കട്ടെ! അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാള്‍ക്ക് തന്റെ കൈ വായിലേക്കുയര്‍ത്താന്‍ സാധിച്ചിട്ടില്ല. (മുസ്ലിം)
7) ജാബിര്‍ (റ) വില്‍ നിന്ന്: ഒരവസരത്തില്‍ റസൂല്‍(സ) ഇങ്ങനെ പറയുകയുണ്ടായി: എന്റെയും നിങ്ങളുടെയും സ്ഥിതി തീ കത്തിച്ച് അതില്‍ വണ്ടുകളും പാറ്റകളും വീഴാന്‍ തുടങ്ങിയപ്പോള്‍ അതിനെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെയാണ്. നരകത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ തടഞ്ഞു നിര്‍ത്തുന്നു. നിങ്ങളാണെങ്കില്‍ എന്റെ കയ്യില്‍ നിന്ന് വഴുതിപ്പോവുകയും ചെയ്യുന്നു. (മുസ്ലിം)
8) ജാബിര്‍ (റ)ല്‍ നിന്ന്: (ആഹാരം കഴിക്കുമ്പോള്‍) ഭക്ഷണത്തളികയും വിരലുകളും (വൃത്തിയാകും വരെ) തുടച്ച് നക്കുവാന്‍ അല്ലാഹുവിന്റെ പ്രവാചകന്‍(സ) അരുളിയിരിക്കുന്നു. ഏതിലാണ് ബര്‍ക്കത്തെന്ന് നിങ്ങള്‍ക്കറിയുകയില്ല എന്നും നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. (മുസ്ലിം)
9) ഉഖ്ബത്തുബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)
10) അബൂഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) പ്രസ്താവിച്ചു: നല്ല മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവന് തന്നെ അനുഗമിച്ച് പ്രവര്‍ത്തിച്ചവനുള്ള തുല്യപ്രതിഫലം ലഭിക്കുന്നതാണ്. അത് നടപ്പാക്കിയവന് ഒരു കുറവും വരുകയില്ല. അനാചാരത്തിലേക്ക് ക്ഷണിച്ചവന് അനുകരിച്ചവന്റെ തുല്യ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. അതുകൊണ്ട് അവര്‍ക്ക് ഒരു കുറവും വരുന്നില്ല. (മുസ്ലിം)
11) അബൂസഈദ് നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളില്‍ ആരെങ്കിലും ഒരു നിഷിദ്ധകര്‍മ്മം കണ്ടാല്‍ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലെങ്കില്‍ താന്‍ അതിനെ കുറ്റപ്പെടുത്തികൊള്ളട്ടെ അതിനും സാധിച്ചില്ലെങ്കില്‍ തന്റെ ഹൃദയംകൊണ്ട് വെറുത്തു കൊള്ളട്ടെ. അതാകട്ടെ, ഈമാന്റെ ഏറ്റവും താഴ്ന്ന പടിയാണ്. (മുസ്ലിം)
12) ഇബ്നു മസ്ഊദ്(റ)ല്‍ നിന്ന്: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക് മുമ്പ് അല്ലാഹു നിയോഗിച്ചയച്ച ഏത് നബിക്കും തന്റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത് പറയുകയും കല്പിക്കപ്പെടാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്. ഹൃദയം കൊണ്ട് വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം)
13) ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു: നിങ്ങള്‍ക്ക് അംഗീകരിക്കാവുന്ന ചില കാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റു ചിലതും കല്‍പ്പിക്കുന്ന കൈകാര്യ കര്‍ത്താക്കള്‍ നിങ്ങളില്‍ നിയോഗിക്കപ്പെടുന്നതാണ്. (എന്നാല്‍ ദുഷ്പ്രവര്‍ത്തികളില്‍) വെറുപ്പ് പ്രകടിപ്പിച്ചവന്‍ രക്ഷ പ്രാപിച്ചവനായി. അതിനെ നിരാകരിച്ചവന്‍ പാപരഹിതനുമായി. അവര്‍ ചോദിച്ചു: മറിച്ച് അതില്‍ സംതൃപ്തി പൂണ്ട് അനുധാവനം ചെയ്തവനോ ? പ്രവാചകരെ, ഞങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്തുകൂടെയോ? പ്രവാചകന്‍(സ) അരുളി: അവന്‍ നമസ്കാരം നിലനിര്‍ത്തുന്നേടത്തോളം അത് പാടുള്ളതല്ല. (മുസ്ലിം)
14) ഹുദൈഫ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ചെയ്തിരിക്കുന്നു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെക്കൊണ്ട് സത്യം. നിങ്ങള്‍ നല്ലത് കല്പിക്കുകയും ചീത്ത നിരോധിക്കുകയും വേണം. അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ മേല്‍ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തും. നിങ്ങള്‍ പ്രാര്‍ത്ഥിക്കും. ഉത്തരം ലഭിക്കില്ല. (തിര്‍മിദി)
15) അബൂസഈദില്‍ ഖുദ്രി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചിരിക്കുന്നു: ധിക്കാരിയായ ഭരണാധിപന്റെ മുമ്പില്‍ ന്യായം പറയലാണ് ഏറ്റവും വലിയ ജിഹാദ്. (അബൂദാവൂദ്, തിര്‍മിദി)
16) ത്വാരിഖുബിന്‍ ശിഹാബ് നിവേദനം ചെയ്തിരിക്കുന്നു: നബി(സ) കാല്‍ (ഒട്ടകത്തിന്റെ) കാലണിയില്‍ വെച്ചിട്ടും യാത്ര പുറപ്പെടാന്‍ ഒരുങ്ങിയിരിക്കെ ധര്‍മ്മ സമരത്തില്‍ വെച്ചേറ്റവും ഉത്തമം ഏതാണെന്ന് ഒരാള്‍ ചോദിച്ചു. തിരുമേനി(സ) പറഞ്ഞു: ദുഷ്ടനായ ഭരണാധിപന്റെ മുമ്പില്‍ നീതിപൂര്‍വ്വം സംസാരിക്കലാണ്. (നസാഈ)
17) ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) ആജ്ഞാപിച്ചിരിക്കുന്നു: നിങ്ങള്‍ അക്രമം സൂക്ഷിക്കണം. അക്രമം അന്ത്യദിനത്തില്‍ ഇരുളുകളായിരിക്കും. ലുബ്ധിനെ നിങ്ങള്‍ സൂക്ഷിക്കണം. ലുബ്ധാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്. രക്തം ചിന്താനും നിഷിദ്ധമായത് അനുവദനീയമാക്കാനും അതവരെ പ്രേരിപ്പിച്ചിരിക്കുന്നു. (മുസ്ലിം)
18) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറഞ്ഞു: ബാദ്ധ്യതകള്‍ അന്ത്യ ദിനത്തില്‍ തിരിച്ചേല്പിക്കപ്പെടുന്നതാണ്. കൊമ്പില്ലാത്ത ആടിനുപോലും കൊമ്പുള്ള ആടിനോട് പ്രതികാരം ചെയ്യാന്‍ സാധിക്കും. (മുസ്ലിം)
19) ഇയാസുബ്നു സഅ്ലബത്തില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുസ്ളീമിന്റെ ധനം കള്ളസത്യം വഴി അപഹരിച്ചെടുക്കുന്നവന് അല്ലാഹു നരകം അനിവാര്യവും സ്വര്‍ഗം നിഷിദ്ധവുമായിരിക്കുന്നു. തിരെ നിസ്സാരമായ വല്ലതുമാണെങ്കിലോ പ്രവാചകരേ ! ഒരാള്‍ ചോദിച്ചു. ഉകമരത്തിന്റെ ഒരു കൊമ്പായിരുന്നാലും മതിയെന്നു പ്രവാചകന്‍ പറഞ്ഞു. (മുസ്ലിം)
20) ഉമറി(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഖൈബര്‍ യുദ്ധത്തില്‍ നബി(സ) യുടെ ചില അനുചരന്മാര്‍ വന്ന് ഇന്നവനും രക്തസാക്ഷിയായി എന്ന് പറഞ്ഞു. അതിനിടയില്‍ ഒരാള്‍ രക്തസാക്ഷിയായെന്ന് പറഞ്ഞപ്പോള്‍, നബി(സ) പറഞ്ഞു: അങ്ങനെയല്ല, ഒരു പുതപ്പോ കരിമ്പടമോ വഞ്ചിച്ചെടുത്ത കാരണത്താല്‍ ഞാന്‍ അവനെ നരകത്തില്‍ കണ്ടിരിക്കുന്നു. (മുസ്ലിം)
21) ജുന്തുബി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രഖ്യാപിച്ചു: സുബ്ഹി നമസ്കരിച്ചവന്‍ അന്ന് അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. നിങ്ങളെ ഏല്‍പിച്ചിട്ടുള്ളവയില്‍ നിന്നൊന്നും അവന്‍ നിങ്ങളോട് അന്വേഷിക്കാന്‍ ഇടവരാതിരിക്കട്ടെ! അന്വേഷിക്കുന്ന പക്ഷം അവനെ അല്ലാഹു പിടികൂടി മുഖം കുത്തി വീഴുമാറ് നരകത്തിലേക്ക് വലിച്ചെറിയും. (മുസ്ലിം)
22) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുളി: ഇഹത്തില്‍ ഒരു ദാസന്‍ മറ്റൊരു ദാസന്റെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍, പരത്തില്‍ അല്ലാഹു അവന്റെ ന്യൂനതയും മറച്ചുവെക്കുന്നതാണ്. (മുസ്ലിം)
23) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുകയുണ്ടായി: തന്റെയോ അന്യന്റെയോ അനാഥയെ സംരക്ഷിക്കുന്നവനും ഞാനും സ്വര്‍ഗ്ഗത്തില്‍ ഇവ രണ്ടും പോലെയാണ്. റാവിയയെ മാലിക്കുബ്നു അനസ് ചൂണ്ടുവിരലും നടുവിരലും കൊണ്ട് ആംഗ്യം കാണിച്ചു. (മുസ്ലിം)
24) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുളുകയുണ്ടായി: ആവശ്യമുള്ളവന്‍ തടയപ്പെടുകയും ആവശ്യമില്ലാത്തവന്‍ ക്ഷണിക്കപ്പെടുകയും ചെയ്യുന്ന വിരുന്നാണ് ഭക്ഷണങ്ങളില്‍വെച്ച് ഏറ്റവും മോശമായത്. ക്ഷണം നിരസിക്കുന്നവന്‍ അല്ലാഹുവിനോടും റസൂലിനോടും അനാദരവ് കാണിച്ചവനാണ്. (മുസ്ലിം)
25) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിവരെ സംരക്ഷിച്ചവനും ഞാനും അന്ത്യനാളില്‍ ഇതുപോലെയായിരിക്കും. നബി(സ) തന്റെ വിരലുകള്‍ ചേര്‍ത്തുകാണിച്ചു. (മുസ്ലിം)
26) ആയിശ(റ)യില്‍ നിന്ന് നിവേദനം: രണ്ടു പെണ്‍കുട്ടികളെ ചുമന്നുകൊണ്ട് ഒരു ദരിദ്ര സ്ത്രീ എന്റെ അടുക്കല്‍ വന്നു. മൂന്നുകാരക്ക ഞാനവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുത്തു. ഓരോരുത്തര്‍ക്കും ഓരോന്നു വീതം അവള്‍ പങ്കിട്ടുകൊടുത്തു. ഒന്ന് അവള്‍ തിന്നാന്‍ വേണ്ടി വായിലേക്കുയര്‍ത്തി. അപ്പോഴേക്കും ആ കുട്ടികള്‍ വീണ്ടും ഭക്ഷണമാവശ്യപ്പെട്ടു. ഭക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്ന കാരക്ക അവള്‍ രണ്ടായി ചീന്തി അവര്‍ക്കു രണ്ടുപേര്‍ക്കുമായി വീതിച്ചുകൊടുത്തു. അവളുടെ കാര്യം എന്നെവല്ലാതെ ആശ്ചര്യപ്പെടുത്തി. വിവരം നബി(സ) യോട് പറഞ്ഞു. ആ കുട്ടികള്‍ വഴി അല്ലാഹു അവര്‍ക്ക് സ്വര്‍ഗ്ഗം അനിവാര്യമാക്കുമെന്നോ അതല്ല, അതുകൊണ്ടുതന്നെ അവളെ നരകത്തില്‍ നിന്നു മോചിപ്പിക്കുമെന്നോനബി(സ) തറപ്പിച്ചുപറഞ്ഞു. (മുസ്ലിം)
27) ഖുവൈലിദ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: അല്ലാഹുവേ! അനാ ഥര്‍ സ്ത്രീകള്‍ എന്നീ അബലരുടെ അവകാശം അവഗണിക്കുന്നവരെ ഞാന്‍ പാപികളായിക്കാണുന്നു. (നസാഈ)
28) ഉവൈമിറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടു. എനിക്കു വേണ്ടി നിങ്ങള്‍ അബലരെ തേടിപ്പിടിക്കുക. (ഞാനവരുടെ പേരില്‍ അല്ലാഹുവിനോട് സഹായം അപേക്ഷിക്കാം) നിങ്ങള്‍ക്ക് സഹായം ലഭിക്കുന്നതും ഭക്ഷണം കിട്ടുന്നതും ബലഹീനരുടെ പേരിലാണ്. (അബൂദാവൂദ്)
29) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: നബി(സ) പ്രവചിച്ചിരിക്കുന്നു: ഒരു ദീനാര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നീ ചെലവഴിക്കും. ഒരു ദീനാര്‍ അടിമത്തവിമോചനത്തിലും ചെലവഴിക്കും. ഒരു ദീനാര്‍ ദരിദ്രന് ധര്‍മ്മമായും ചെലവഴിക്കും. ഒരു ദീനാര്‍ നിന്റെ കുടുംബത്തിലും നീ ചെലവഴിക്കും. എന്നാല്‍ അവയില്‍ കൂടുതല്‍ പ്രതിഫലമുള്ളത് സ്വന്തം കുടുംബത്തിനുവേണ്ടിചെലവഴിച്ചതിനാണ്. (മുസ്ലിം)
30) സൌബാനി(റ)ല്‍ നിന്ന് നിവേദനം:: തിരുമേനി(സ) പറയുകയുണ്ടായി: ഒരു വ്യക്തി ചെലവഴിക്കുന്നതില്‍വെച്ച് ഏറ്റവും ഉത്തമമായ ദീനാര്‍ കുടുംബത്തിനു വേണ്ടി ചെലവഴിക്കുന്നതും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തന്റെ വാഹനത്തില്‍ ചെലവഴിക്കുന്നതും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തന്റെ കൂട്ടുകാര്‍ക്കു വേണ്ടി ചെലവഴിക്കുന്നതുമാകുന്നു. (മുസ്ലിം)
31) സബുറത്തുബിന്‍ മഅ്ബദി(റ)ല്‍ നിന്ന്: റസൂല്‍(സ) അരുളി: ഏഴു വയസ്സായ കുട്ടികള്‍ക്ക് നിങ്ങള്‍ നമസ്കാരം പഠിപ്പിക്കണം. പത്ത് വയസ്സായാല്‍ അതുപേക്ഷിച്ചതിന് അവരെ അടിക്കണം. (അബൂദാവൂദ്, തിര്‍മിദി)
32) അബൂശൂറൈഹ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവനാരോ അവന്‍ അയല്‍വാസിക്ക് നന്മ ചെയ്തുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അതിഥിയെ മാനിച്ചുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത് പറയുകയോ മൌനമവലംബിക്കുകയോ ചെയ്യട്ടെ. (മുസ്ലിം)
33) ഇബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്‍(സ) പ്രസ്താവിച്ചു: അല്ലാഹുവിങ്കല്‍ കൂട്ടുകാരില്‍ ഉത്തമന്‍ അവരില്‍വെച്ച് സുഹൃത്തിനോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. അയല്‍വാസികളില്‍ ഗുണവാന്‍ അയല്‍വാസിയോട് നല്ല നിലയില്‍ പെരുമാറുന്നവനുമാണ്. (തിര്‍മി ദി)
34) ഉഖ്ബ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. ജനങ്ങള്‍ക്ക് ഇമാമാകേണ്ടത് അവരില്‍ ധാരാളം ഖുര്‍ആന്‍ മനഃപാഠമുള്ളവരാണ്. ഖുര്‍ആന്‍ പാണ്ഡിത്യത്തില്‍ അവരെല്ലാം സമന്മാരാണെങ്കിലോ, ഹദീസില്‍ കൂടുതല്‍ പാണ്ഡിത്യമുള്ളവരാണ്. ഹദീസ് വിജ്ഞാനത്തിലും അവരെല്ലാം സമന്മാരായാലോ ആദ്യമാദ്യം ഹിജ്റ ചെയ്തവരാണ്. അതിലും സമന്മാരാണെങ്കില്‍ താരതമ്യേന കൂടുതല്‍ പ്രായമുള്ളവരാണ്. മറ്റൊരാളുടെ അധികാരസ്ഥലത്ത് അനുവാദം കൂടാതെ ഇമാമാകുകയോ, അയാളുടെ പ്രത്യേകമായ ഇരിപ്പിടത്തില്‍ ഇരിക്കുകയോ ചെയ്യരുത്. (മുസ്ലിം)
35) ഉഖ്ബ(റ)യില്‍ നിന്ന് നിവേദനം: നമസ്കാരത്തില്‍ തിരുദൂതന്‍(സ) ഞങ്ങളുടെ ചുമലുകള്‍ നേരെയാക്കാറുണ്ടായിരുന്നു. നിങ്ങള്‍ നേരെ നില്‍ക്കൂ. വളഞ്ഞ് നില്‍ക്കരുത്. ഹൃദയങ്ങള്‍ ഭിന്നിച്ചേക്കും. എന്ന് പ്രവാചകന്‍(സ) പറഞ്ഞിരുന്നു. ബുദ്ധിമാന്മാരും പ്രായം എത്തിയവരുമാണ് എന്നോടടുത്ത് നില്ക്കേണ്ടത്. പിന്നീട് അവരോടടുത്തവരും അതിനുശേഷം അവരോടടുത്തവരുമാണ്. (മുസ്ലിം)
36) റസൂല്‍(സ) പറഞ്ഞു: നമസ്കാരസ്ഥലങ്ങളില്‍ അങ്ങാടിയിലേതുപോലെ ശബ്ദ കോലാഹ ലണ്ടളുണ്ടാക്കാതെ സൂക്ഷിക്കണം. (മുസ്ലിം)
37) ഇബ്നു ഉമര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഞാന്‍ പല്ല് ബ്രഷ് ചെയ്യുന്നതായും, തദവസരത്തില്‍ രണ്ടാളുകള്‍ എന്റെയടുത്ത് വന്നതായും സ്വപ്നം കാണുകയുണ്ടായി. ഒരാള്‍ മറ്റേയാളെക്കാള്‍ പ്രായം ചെന്നവനാണ്. ഞാന്‍ ആ മിസ്വാക്ക് ചെറിയ ആള്‍ക്ക് കൊടുത്തപ്പോള്‍ വലിയവന് മുന്‍ഗണന നല്‍കൂ എന്ന് എന്നോട് പറയപ്പെട്ടു. ഞാന്‍ പ്രായം ചെന്നവന് അത് തിരിച്ചുവാങ്ങിക്കൊടുത്തു. (മുസ്ലിം)
38) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. പ്രായമെത്തിയ മുസ്ളിമിനേയും ഖുര്‍ആന്റെ നടപടികളില്‍ അതിരുകവിയാത്തവരും അതില്‍ നിന്ന് ഒഴിഞ്ഞു മാറാത്തവരുമായ ഖുര്‍ആന്‍ പണ്ഡിതരേയും നീതിമാന്മാരായ ഭരണകര്‍ത്താക്കളെയും മാനിക്കുന്നത് അല്ലാഹുവിനെ മാനിക്കുന്നതില്‍ പെട്ടതാണ്. (അബൂദാവൂദ്)
39) അബ്ദുല്ലാഹിബ്നു അംറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ചെറിയവരോട് കരുണയില്ലാത്തവരും പ്രായം ചെന്നവരുടെ മഹിമ മനസ്സിലാക്കാത്തവരും നമ്മില്‍ പെട്ടവരല്ല. (അബൂദാവൂദ്, തിര്‍മിദി)
40) മൈമൂന്‍ ബിന്‍ അബീശബീബി(റ)ല്‍ നിന്ന് നിവേദനം: ആയിശ(റ)യുടെ അടുത്തുകൂടി ഒരു യാചകന്‍ കടന്നുപോയി. ആ മഹതി ആയാള്‍ക്ക് ഒരു പത്തിരിക്കഷണം കൊടുത്തു. നല്ല വസ്ത്രങ്ങള്‍ ധരിച്ച സുന്ദരനായ വ്യക്തി അതിലേ കടന്നുപോയി. അവരയാളെ സ്വീകരിച്ചിരുത്തുകയും അയാള്‍ അവിടെനിന്നു ഭക്ഷണം കഴിക്കുകയും ചെയ്തു. ഇക്കാര്യത്തെ സംബന്ധിച്ച് ആയിശ(റ)യോട് ചോദിച്ചപ്പോള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന പദവി നല്കണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ്)
41) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: വൃദ്ധനെ പ്രായത്തിന്റെ പേരില്‍ ആദരിക്കുന്ന യുവാവ് തന്റെ വാര്‍ദ്ധക്യകാലത്ത് മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. (തിര്‍മിദി)
42) അനസ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ)യുടെ വിയോഗാനന്തരം അബൂബക്കര്‍(റ), ഉമര്‍(റ)നോട് പറഞ്ഞു. നമുക്ക് ഉമ്മുഅയ്മന്‍(റ)യുടെ അടുത്ത് പോകാം. റസൂല്‍(സ) അവരെ സന്ദര്‍ശിച്ചിരുന്നതുപോലെ നമുക്കും സന്ദര്‍ശിക്കാം. രണ്ടുപേരും അവരുടെ അടുത്ത് എത്തിച്ചേര്‍ന്നപ്പോള്‍ ആ മഹതി കരയാന്‍ തുടങ്ങി. അല്ലാഹുവിങ്കലുള്ളത് റസൂല്‍(സ)ക്ക് ഖയ്റാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നവര്‍ ചോദിച്ചപ്പോള്‍ ഗുണമാണെന്ന് എനിക്കറിയാഞ്ഞിട്ടല്ല കരയുന്നത്. വഹ്യ് നിലച്ചുപോയല്ലോ എന്നോര്‍ത്താണ് എന്ന് ആ മഹതി മറുപടി നല്കി. അവര്‍ പ്രചോദിപ്പിച്ചതിനാല്‍ അവരിരുവരും കൂടി കരയാന്‍ തുടങ്ങി. (മുസ്ലിം)
43) അബൂഹുറയ്റ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: രോഗിയെ സന്ദര്‍ശിക്കുകയോ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി തന്റെ സ്നേഹിതനെ സന്ദര്‍ശിക്കുകയോ ചെയ്യുന്നവനെ വിളിച്ചുകൊണ്ട് മലക്കുപറയും. നീ തൃപ്തനാകൂ, നിന്റെ നടത്തം തൃപ്തികരമാണ: സ്വര്‍ഗ്ഗത്തില്‍ നിനക്കൊരു വീട് നീ തയ്യാര്‍ ചെയ്തിരിക്കുന്നു. (തിര്‍മിദി)
44) അബൂസഈദ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു. സത്യവിശ്വാസിയോടല്ലാതെ നീ സഹവസിക്കരുത്. മുത്തഖിയല്ലാതെ നിന്റെ ഭക്ഷണം തിന്നരുത്. (അബൂദാവൂദ്, തിര്‍മിദി)
45) അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഖനികളെപ്പോലെ മനുഷ്യന്‍ (വിവിധ സ്വഭാവ സംസ്കാരങ്ങളുടെ) ഖനികളാണ്. ഇസ്ളാമിനു മുമ്പേ ഉത്തമ സ്വഭാവമുള്ളവര്‍ മതവിജ്ഞാനം കരസ്ഥമാക്കുന്ന പക്ഷം ഇസ്ളാമിലും ഉന്നതന്മാര്‍ തന്നെ. ആത്മാക്കള്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു വ്യൂഹമാണ്. അതില്‍ നിന്ന് പരസ്പരം പരിചിതര്‍ ഒന്നിക്കുകയും അപരിചിതര്‍ ഭിന്നിക്കുകയും ചെയ്യും. (മുസ്ലിം)
46) ഉമര്‍ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരിക്കല്‍ ഉംറ നിര്‍വ്വഹിക്കുവാന്‍ നബി(സ)യോട് അനുവാദം ചോദിച്ചപ്പോള്‍, എനിക്ക് അനുവാദം തന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു. പ്രിയ സഹോദരാ! നിന്റെ വിലയേറിയ പ്രാര്‍ത്ഥനയില്‍ നമ്മളെ മറക്കുരതേ! ഉമര്‍(റ) പറയുന്നു. റസൂല്‍(സ) പറഞ്ഞ ആ ഒരു വാക്കിനുപകരം ഇഹലോകമൊട്ടുക്കും എനിക്കുണ്ടായിരുന്നാലും എന്നെ സംതൃപ്തനാക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്. എന്റെ പ്രിയ സഹോദരാ! നിന്റെ വിലയേറിയ പ്രാര്‍ത്ഥനയില്‍ നമ്മളെയും പങ്കുചേര്‍ക്കണേ! (അബൂദാവൂദ്, തിര്‍മിദി)
47) അബൂഅബ്ദില്ല താരിഖ്(റ) വില്‍ നിന്ന്: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്ന് പറയുകയും അല്ലാഹുവല്ലാത്ത മറ്റാരാധ്യ വസ്തുക്കളില്‍ അവിശ്വസിക്കുകയും ചെയ്യുന്നവന്റെ സമ്പത്തും രക്തവും (അന്യായമായി കൈകാര്യം ചെയ്യല്‍) നിഷിദ്ധമാണ്. അവന്റെ വിചാരണ അല്ലാഹുവിങ്കലാണ്. (മുസ്ലിം)
48) ഇബ്നു മസ്ഊദ്(റ) നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു: അന്നേ ദിവസം (അന്ത്യ ദിനത്തില്‍) നരകം ഹാജരാക്കപ്പെടും. എഴുപതിനായിരം കടിഞ്ഞാണ്‍ അതിനുണ്ടായിരിക്കും. ഓരോ വട്ടക്കയറിലും എഴുപതിനായിരം മലക്കുകള്‍ അതിനെ വലിച്ചുപിടിച്ചു കൊണ്ടിരിക്കും. (മുസ്ലിം)
49) സമുറ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നരകവാസികളില്‍ ചിലരുടെ (അന്ത്യദിനത്തില്‍) കണങ്കാലസ്ഥിവരെയും മറ്റുചിലരുടെ മുട്ടുകാല്‍വരെയും ചിലരുടെ അരക്കെട്ടുവരെയും വേറെ ചിലരുടെ തൊണ്ടക്കുഴി വരെയും നരകാഗ്നി ബാധിക്കുന്നതാണ്. (മുസ്ലിം)
50) മിഖ്ദാദ്(റ) വില്‍ നിന്ന്: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. അന്ത്യദിനത്തില്‍ ഒരു മീല്‍ അകലത്തില്‍ സൂര്യന്‍ സൃഷ്ടികളോടടുപ്പിക്കപ്പെടും. റിപ്പോര്‍ട്ടറായ സുലൈം(റ) പറയുന്നു. അല്ലാഹുവാണ്, മീല്‍ കൊണ്ട് ഭൂമിയിലെ ദൂരമാണോ, അതല്ല സുറുമക്കോലാണോ ഉദ്ദേശിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. ഈ അവസരത്തില്‍ ജനങ്ങള്‍ സ്വന്തം പ്രവര്‍ത്തനമനുസരിച്ചുള്ള വിയര്‍പ്പിലായിരിക്കും. കണങ്കാലസ്ഥിവരെ ആ വിയര്‍പ്പ് ബാധിക്കുന്നവരും അവരിലുണ്ടായിരിക്കും. രണ്ടുകാല്‍മുട്ടു വരെ ബാധിക്കുന്നവരും അരക്കെട്ടുവരെ ബാധിക്കുന്നവരും വിയര്‍പ്പു കൊണ്ടു കടിഞ്ഞാണിട്ടതു പോലെ അനുഭവപ്പെടുന്നവരും അവരിലുണ്ടായിരിക്കും. (കടിഞ്ഞാണ്‍ പോലെ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം) നബി(സ) അവിടുത്തെ ഇരുകൈകൊണ്ടും വായിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു വ്യക്തമാക്കിക്കൊടുത്തു. (മുസ്ലിം)
51) അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍ റസൂല്‍(സ)യുടെ സമീപത്തുണ്ടായിരുന്നു. അപ്പോള്‍ നബി(സ)ക്ക് ഒരു ശബ്ദം കേള്‍ക്കാനിടയായി. ഉടനെത്തന്നെ ഇതെന്താണ് എന്ന് നിങ്ങള്‍ക്കറിയാമോ? എന്ന് അവിടുന്ന് ചോദിച്ചു. അല്ലാഹുവും അവന്റെ പ്രവാചകനുമാണ് അതറിയുക - ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. 70 വര്‍ഷം മുമ്പെ നരകത്തിലൊരു കല്ലെറിയപ്പെട്ടു. ഇതുവരെ അത് നരകത്തിലാണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴതിന്റെ ആഴത്തില്‍ അതെത്തിയ ശബ്ദമാണ് നിങ്ങള്‍ കേട്ടത്. (മുസ്ലിം)
52) അബൂദര്‍ദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു. നിങ്ങള്‍ക്കറിയാത്ത പലതും എനിക്കറിയാം. ആകാശം ശബ്ദിച്ചു കൊണ്ടിരിക്കുന്നു. എന്നാലതിന് ശബ്ദിക്കാന്‍ അര്‍ഹതയുണ്ട്. കാരണം നാലു വിരലുകള്‍ക്കുള്ള സ്ഥലം അതിലില്ല - അവിടെയെല്ലാം ഒരു മലക്ക് അല്ലാഹുവിന് സുജൂദിലായിക്കൊണ്ട് നെറ്റിവെച്ചിട്ടല്ലാതെ. അല്ലാഹുവാണ് ഞാനറിയുന്നതെല്ലാം നിങ്ങളറിയുമെങ്കില്‍ അല്പം മാത്രമെ നിങ്ങള്‍ ചിരിക്കുകയുള്ളു. പിന്നെയോ, ധാരാളമായി നിങ്ങള്‍ കരയുകതന്നെ ചെയ്യും. മാത്രമല്ല (മാര്‍ദ്ദവമേറിയ) വിരിപ്പുകളില്‍ സ്ത്രീകളുമായി നിങ്ങള്‍ സല്ലപിക്കുകയുമില്ല. നേരെമറിച്ച് അല്ലാഹുവിനോട് കാവലപേക്ഷിച്ചുകൊണ്ട് മരുഭൂമികളിലേക്ക് നിങ്ങള്‍ ഓടി രക്ഷപ്പെടുമായിരുന്നു. (തിര്‍മിദി)
53) അബൂബര്‍സത്ത്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. തന്റെ ആയുസ്സ് എന്തിലാണ് നശിപ്പിച്ചതെന്നും എന്തെന്തുപ്രവര്‍ത്തനത്തിലാണ് തന്റെ അറിവു വിനിയോഗിച്ചതെന്നും തന്റെ സമ്പത്ത് എവിടെ നിന്നു സമ്പാദിച്ചെന്നും എന്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്നും തന്റെ ശരീരം എന്തൊന്നിലാണ് ഉപയോഗപ്പെടുത്തിയതെന്നും ചോദ്യം ചെയ്യപ്പെടാതെ അന്ത്യദിനത്തില്‍ ഒരടിമയ്ക്കും സ്വന്തം പാദങ്ങള്‍ എടുത്തു മാറ്റുക സാദ്ധ്യമല്ല. (തിര്‍മിദി)
54) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) (ഭൂമി അതിന്റെ വര്‍ത്തമാനം അന്നേ ദിവസം വിളിച്ച് പറയും) എന്ന ഖൂര്‍ആന്‍ വാക്യം ഓതിക്കേള്‍പ്പിച്ചുകൊണ്ട് ചോദിച്ചു. അതിന്റെ അഖ്ബാര്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അല്ലാഹുവും അവന്റെ റസൂലുമാണ് അതറിയുന്നതെന്ന് അവര്‍ പറഞ്ഞപ്പോള്‍ അതിന്റെ ബഹിര്‍ഭാഗത്തുവെച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ചെല്ലാം ഓരോ സ്ത്രീപുരുഷന്റെ പേരിലും പ്രവര്‍ത്തനങ്ങള്‍ക്ക് ആ ഭൂമി സാക്ഷി നില്ക്കലാണത് എന്ന് നബി പറഞ്ഞു. അതായത് ഇന്നിന്ന സമയത്ത് ഇന്നിന്ന പ്രവര്‍ത്തനങ്ങള്‍ നീ പ്രവര്‍ത്തിച്ചു എന്ന് ഭൂമി വിളിച്ചുപറയും. ഇതാണ് അതിന്റെ അഖ്ബാര്‍ എന്നതുകൊണ്ടുള്ള വിവക്ഷ. (തിര്‍മിദി)
55) അബൂസഈദില്‍ ഖുദ്രിയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അന്ത്യദിനത്തിന്റെ കാഹളം ഏല്പിക്കപ്പെട്ട മലക്ക് (ഇസ്റാഫില്‍) കാഹളത്തില്‍ ഊതുന്നതിനുള്ള ഉത്തരവും ചെവിപാര്‍ത്ത് കാഹളം വായില്‍ വെച്ച്കൊണ്ടിരിക്കെ ഞാനെങ്ങിനെ സുഖലോലുപനായി ജീവിക്കും? ഈ വാക്ക് റസൂല്‍(സ) യുടെ അനുചരന്‍മാര്‍ക്ക് വളരെയധികം പ്രയാസങ്ങളുണ്ടാക്കി. അപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു: നമുക്ക് അല്ലാഹു മതി. നാം ഭരമേല്പിച്ചവന്‍ ഉത്തമന്‍ എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. (തിര്‍മിദി)
56) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: ആരെങ്കിലും അര്‍ദ്ധരാത്രിയിലെ അപകടം ഭയപ്പെടുന്ന പക്ഷം അവന്‍ രാത്രിയുടെ അന്ത്യയാമത്തില്‍ തന്നെ യാത്ര പുറപ്പെടും. കാരണം ആദ്യയാമത്തില്‍ യാത്ര പുറപ്പെടുന്നവന്‍ (അപകടം കൂടാതെ) തന്റെ ഭവനത്തിലെത്തിച്ചേരുന്നു. അറിയുക: നിശ്ചയം, അല്ലാഹുവിന്റെ കച്ചവടച്ചരക്ക് വിലപിടിച്ചതാണ്. അറിയണം. അല്ലാഹുവിന്റെ ചരക്ക് സ്വര്‍ഗ്ഗമാണ്. (തിര്‍മിദി).
57) അബൂദര്‍റ്(റ) വില്‍ നിന്ന് നിവേദനം: അല്ലാഹു അരുള്‍ ചെയ്തതായി റസൂല്‍(സ) പ്രസ്താവിച്ചിരിക്കുന്നു. നന്മ ചെയ്തവന് പത്തിരട്ടിയോ അതില്‍ കൂടുതലോ പ്രതിഫലം ലഭിക്കും. വല്ലവനും തിന്മ പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം തിന്മക്ക് തുല്യമായതായിരിക്കും. അതുമല്ലെങ്കില്‍ ഞാന്‍ അവനു പൊറുത്തുകൊടുക്കും. വല്ലവനും എന്നോടൊരു ചാണ്‍ അടുത്താല്‍ ഞാന്‍ ഒരു മുഴം അവനോടടുക്കും. വല്ലവനും ഒരു മുഴം എന്നോടടുത്താല്‍ ഒരു മാറ് ഞാനവനോടടുക്കും. വല്ലവനും എന്റെ അടുത്ത് നടന്നു വന്നാല്‍ ഞാന്‍ അവന്റെയടുത്ത് ഓടിച്ചെല്ലും. എന്നോട് എന്തിനെയെങ്കിലും പങ്കുചേര്‍ക്കാതെ ഭൂമി നിറയെ പാപങ്ങളുമായി ആരെങ്കിലും എന്റെ അടുത്ത് വരുന്നപക്ഷം അത്രയും മഗ്ഫിറത്തുമായി ഞാനവനെ സമീപിക്കും. (മുസ്ലിം)
58) ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: ഒരുഗ്രാമീണനായ അറബി നബി(സ)യുടെ സന്നിധിയില്‍ വന്ന് ചോദിച്ചു. പ്രവാചകരെ! (സ്വര്‍ഗ്ഗ-നരകങ്ങളെ) അനിവാര്യമാക്കുന്ന രണ്ടുകാര്യങ്ങളെന്താണ്? അവിടുന്ന് പറഞ്ഞു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതെ മരണപ്പെട്ടവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവനോടു വല്ലതിനെയും പങ്കുചേര്‍ത്തുകൊണ്ട് മരണപ്പെട്ടവന്‍ നരകത്തിലും പ്രവേശിക്കും. (മുസ്ലിം)
59) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) അരുള്‍ ചെയ്തു. എന്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവനെക്കൊണ്ട് സത്യം! നിങ്ങളാരും പാപം ചെയ്യുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങളെ ഇവിടെ നിന്ന് തുടച്ചുമാറ്റും: പാപം ചെയ്ത് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും പൊറുക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അവന്‍ ഇവിടെ കൊണ്ടുവരികയും ചെയ്യും. (മുസ്ലിം)
60) അബൂഅയ്യൂബ്(റ) വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറയുന്നത് ഞാന്‍ കേട്ടൂ നിങ്ങളാരും പാപം ചെയ്യുന്നില്ലെങ്കില്‍ പാപം ചെയ്യുകയും പൊറുക്കലിനെ തേടുകയും പൊറുക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാത്തെ അല്ലാഹു സൃഷ്ടിക്കുകതന്നെ ചെയ്യും. (മുസ്ലിം)
61) ജാബിര്‍(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറഞ്ഞു: അഞ്ചു ഫര്‍ളു നമസ്കാരങ്ങളുടെ സ്ഥിതി നിങ്ങളോരോരുത്തരുടെയും കവാട പരിസരത്തിലൂടെ ഒഴുകുന്ന നദിയില്‍ നിന്ന് ഓരോ ദിവസവും അഞ്ചുപ്രാവശ്യം കുളിച്ചു വൃത്തിയാവുന്നതിന്റെ സ്ഥിതിയാണ്. (മുസ്ലിം)
62) ഇബ്നു അബ്ബാസ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. വല്ല മുസ്ളിമും മരണപ്പെടുകയും ബഹുദൈവവിശ്വാസികളല്ലാത്ത 40 സത്യവിശ്വാസികള്‍ അവന്റെ ജനാസ നമസ്കരിക്കുകയും ചെയ്താല്‍ അല്ലാഹു ആ ശുപാര്‍ശ സ്വീകരിക്കാതിരിക്കുകയില്ല. (മുസ്ലിം)
63) അബൂമൂസ(റ) വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരുദൂതന്‍(സ) പ്രവചിച്ചു. അന്ത്യ ദിനമായാല്‍ അല്ലാഹു ഓരോ മുസ്ളിമിനും ഒരു ജൂതനെയോ കൃസ്ത്യാനിയെയോ കൊടുത്തുകൊണ്ട് പറയും. ഇവനാണ് നരകത്തില്‍ നിന്ന് നിന്നെമോചിപ്പിച്ചത് (അഥവാനരകത്തിലെ അംഗസംഖ്യ ഇവനെ ക്കൊണ്ടാണ് പൂര്‍ത്തികരിക്കപ്പെട്ടത്) മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്. നബി(സ) പറഞ്ഞു. അന്ത്യദിനത്തില്‍ മുസ്ളിംകളില്‍ ചിലര്‍ പര്‍വ്വത തുല്യങ്ങളായ പാപങ്ങളുമായി വരും. അല്ലാഹു അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നു. (മുസ്ലിം)
64) അനസ്(റ) വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരുദൂതന്‍(സ) പ്രവചിച്ചു. നിശ്ചയം, ഒരു ദാസന്‍ ഏതെങ്കിലും ഭക്ഷണം കഴിച്ചിട്ട് അതിന്റെ പേരില്‍ അല്ലാഹുവിനെ സ്തുതിക്കുകയോ ഏതെങ്കിലും പാനീയം കുടിച്ച് അതിന്റെ പേരില്‍ അവനെ സ്തുതിക്കുകയോ ചെയ്യുന്നത് അല്ലാഹുവിന് തൃപ്തിയുള്ള കാര്യമാണ്. (മുസ്ലിം)
65) അബൂമൂസ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: പകല്‍ കുറ്റകൃത്യം ചെയ്തവന്റെ പശ്ചാത്താപം സ്വീകരിക്കാന്‍ വേണ്ടി രാത്രി അല്ലാഹു കൈനീട്ടി കാണിക്കും. അപ്രകാരം തന്നെ രാത്രി കുറ്റം ചെയ്യുന്നവന്റെ പശ്ചാത്താപം സ്വീകരിക്കാന്‍വേണ്ടി പകലിലും കൈ നീട്ടിക്കാണിക്കാം. സൂര്യന്‍ പശ്ചിമഭാഗത്തുനിന്ന് ഉദിക്കുന്നതുവരെ ഇത് തുടരും. (മുസ്ലിം)
66) അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രവചിച്ചു. അല്ലാഹു ഒരു സമുദായത്തെ അനുഗ്രഹിക്കാനുദ്ദേശിച്ചാല്‍ ആ സമുദായത്തിനുമുമ്പ് അവരുടെ നബിയെ അല്ലാഹു മരണപ്പെടുത്തുന്നതും അദ്ദേഹത്തെ അവരുടെ ആതിഥേയനാക്കുന്നതുമാണ്. മറിച്ച് ഒരു സമുദായത്തെ നശിപ്പിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അവരുടെ നബി ജീവിച്ചിരിക്കെ, അദ്ദേഹത്തിന്റെ കണ്‍മുമ്പില്‍വെച്ച് അവനവരെ ശിക്ഷിക്കും. തന്നെ നിഷേധിക്കുകയും തന്റെ ആജ്ഞകള്‍ ധിക്കരിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കുഭവിച്ച നാശങ്ങള്‍ ആ നബി കണ്ടാസ്വദിക്കുന്നതുമാണ്. (മുസ്ലിം)
67) ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: നബി(സ) ഇഹലോകവാസം വെടിയുന്നതിന് മൂന്നു ദിവസം മുമ്പ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളിലൊരാളും അല്ലാഹുവില്‍ നല്ല പ്രതീക്ഷ വെച്ചുകൊണ്ടല്ലാതെ മരണപ്പെട്ടുപോകരുത്. (മുസ്ലിം) (എത്ര വലിയ പാപിയാണെങ്കിലും അതൊക്കെ പൊറുക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു)
68) അനസ്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹു അരുള്‍ ചെയ്തു. ആദമിന്റെ സന്താനമേ! നിന്നില്‍ നിന്നു എന്തുമാത്രം പാപങ്ങളുണ്ടായാലും നീ എന്നോട് പ്രാര്‍ത്ഥിക്കുകയും എന്റെ അനുഗ്രഹങ്ങളെ പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴൊക്കെ ഞാന്‍ നിനക്ക് പൊറുത്തുതരുന്നതാണ്. (നിന്റെ പാപങ്ങളൊന്നും) എനിക്കൊരുപ്രശ്നമേയല്ല. ആദമിന്റെ മകനേ! നിന്റെ പാപങ്ങള്‍ ഉപരിലോകത്തുള്ള മേഘപടലത്തോളം വലുതായി എന്നിട്ട് നീ എന്നോട് പാപമോചനത്തിന്നര്‍ത്ഥിച്ചു. എന്നാലും നിന്റെ പാപങ്ങളൊക്കെ നിനക്ക് ഞാന്‍ പൊറുത്തുതരും. ആദമിന്റെ മകനേ! ഭൂമി നിറയെ പാപങ്ങളുമായി നീ എന്റെ അടുത്തു വന്നു. (എന്നില്‍) യാതൊന്നിനെയും നീ പങ്കുചേര്‍ത്തിട്ടുമില്ല. എന്നാല്‍ ആ ഭൂമി നിറയെ പാപമോക്ഷം ഞാന്‍ നിനക്ക് സമ്മാനിക്കും. (തിര്‍മിദി)
69) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. അല്ലാഹുവിങ്കലുള്ള ശിക്ഷ സത്യവിശ്വാസി അറിയുന്നപക്ഷം ഒരാളും സ്വര്‍ഗ്ഗം ആഗ്രഹിക്കുകയില്ല. (ആ ശിക്ഷ കിട്ടാതിരുന്നാല്‍ മാത്രം മതിയായിരുന്നു എന്ന് തോന്നിപ്പോവും) അപ്രകാരം സത്യ നിഷേധി അല്ലാഹുവിങ്കലുള്ള കാരുണ്യം അറിയുന്നപക്ഷം ഒരാളും അവന്റെ സ്വര്‍ഗ്ഗത്തെത്തൊട്ട് നിരാശപ്പെടുകയില്ല. (മുസ്ലിം)
70) ഇബ്നുമസ്ഊദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു. സ്വര്‍ഗ്ഗം നിങ്ങളോരോരുത്തരോടും സ്വന്തം ചെരിപ്പിന്റെ വാറിനേക്കാള്‍ ഏറ്റവും അടുത്തതാണ്. അപ്രകാരം തന്നെയാണ് നരകവും. (മുസ്ലിം)
71) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: കറന്നെടുത്ത പാല്‍ അകിടുകളിലേക്ക് മടങ്ങിപ്പോയാലും, അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് കരഞ്ഞവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള (രണാങ്കണത്തിലുള്ള) പൊടിയും നരകത്തിന്റെ പുകയും ഒരുമിച്ചുകൂടുകയില്ല. (തിര്‍മിദി)
72) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ അടുത്തുചെന്നു. അന്നേരം കരച്ചില്‍ നിമിത്തം അവിടുത്തെ ഹൃദയം തിളച്ചുപൊങ്ങുന്ന ചട്ടി പോലെയായിരുന്നു. (അബൂദാവൂദ്)
73) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. രണ്ടു തുള്ളിയേക്കാളും രണ്ടടയാളത്തേക്കാളും അല്ലാഹുവിനിഷ്ടപ്പെട്ട മറ്റൊന്നും തന്നെയില്ല. 1 അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ടുള്ള കണ്ണുനീര്‍ത്തുള്ളി. 2. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിന്തുന്ന രക്തത്തുള്ളി രണ്ടടയാളത്തിലൊന്ന് രണാങ്കണത്തില്‍ വെച്ചുള്ള പരിക്ക്, രണ്ടാമത്തേത് അല്ലാഹുവിന്റെ ഫര്‍ളുകള്‍ നിര്‍വ്വഹിച്ചതിലുള്ള തഴമ്പ്. (തിര്‍മിദി)
74) മുആവിയയില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങള്‍ ചോദിച്ചു വിഷമിപ്പിക്കരുത്. അല്ലാഹുവാണെ, നിങ്ങളാരെങ്കിലും എന്നില്‍ നിന്ന് യാചിച്ചുകൊണ്ട് സംതൃപ്തി കൂടാതെ വല്ലതും നേടിയെടുത്താല്‍ ഞാനവന് നല്കിയതില്‍ അവനൊരിക്കലും ബര്‍ക്കത്തുണ്ടായിരിക്കുകയില്ല. (ബലമായി പിടിച്ചെടുത്താലോ അഭിവൃദ്ധിലഭിക്കുകയില്ല. ഏതോ വിധത്തില്‍ അത് പ്രയോജനപ്പെടാതെ നഷ്ടപ്പെട്ടുപോകും) (മുസ്ലിം)
75) ഇബ്നു ഔഫി(റ) വില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഏഴോ എട്ടോ ഒമ്പതോ ആളുകള്‍ തിരുദൂതന്റെ(സ) സന്നിധിയില്‍ ഉണ്ടായിരുന്നു. അന്നേരം അവിടുന്ന് പറഞ്ഞു; നിങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകനോട് പ്രതിജ്ഞ ചെയ്യുന്നില്ലേ ? ഞങ്ങളാണെങ്കില്‍ പ്രതിജ്ഞ ചെയ്തിട്ട് അധിക കാലമായിരുന്നില്ല. ഉടനെ ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ! ഞങ്ങള്‍ അങ്ങയോട് പ്രതിജ്ഞ ചെയ്യുന്നു. പിന്നേയും അവിടുന്ന് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകനോട് നിങ്ങള്‍ പ്രതിജ്ഞചെയ്യുന്നില്ലേ? ഞങ്ങളപ്പോള്‍ കൈ നീട്ടിക്കൊണ്ട് പറഞ്ഞു. പ്രവാചകരെ! ഞങ്ങള്‍ അങ്ങയോടിതാ ബൈഅത്ത് ചെയ്യുന്നു. ഞങ്ങളെന്തിന്മേലാണ് അങ്ങയോട് ബൈഅത്ത് ചെയ്യേണ്ടത്? അവിടുന്ന് അരുളി: അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുക, അവനോട് മറ്റൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്, അഞ്ചു സമയങ്ങളിലെ നമസ്കാരം നിങ്ങള്‍ നിര്‍വ്വഹിക്കുക, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുക. ഒരു ചെറിയ വാക്ക് രഹസ്യം പറഞ്ഞു: നിങ്ങള്‍ ജനങ്ങളോട് ഒന്നും യാചിക്കരുത്. (റാവി പറയുന്നു) അവരില്‍ ചിലരെ ഞാന്‍ കണ്ടു. തങ്ങളുടെ വടി താഴെ വീഴും. എന്നാലത് എടുത്തുകൊടുക്കുന്നതിനു കൂടി ആരോടും ആവശ്യപ്പെടുകയില്ലായിരുന്നു. (മുസ്ലിം)
76) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഉള്ളത് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വല്ലവനും ജനങ്ങളോട് യാചിക്കുന്നപക്ഷം നിശ്ചയം, തീക്കട്ടയാണ് അവന്‍ യാചിക്കുന്നത്. അതുകൊണ്ട് അതവന്‍ ചുരുക്കുകയോ അധികരിപ്പിക്കുകയോ ചെയ്തുകൊള്ളട്ടെ. (മുസ്ലിം)
77) സമുറത്ത്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: നിശ്ചയം, യാചന ഒരു പരിക്കാണ്. യാചകന്‍ അതുകൊണ്ട് അവന്റെ മുഖത്ത് പരിക്കേല്പിക്കുന്നു. ഭരണകര്‍ത്താവിനോടോ അത്യാവശ്യകാര്യത്തിലോ യാചിച്ചാലൊഴികെ. (അഭിമാനത്തിന് ക്ഷതം വരുത്തുന്നവന്നാണ് യാചന). (തിര്‍മിദി)
78) സൌബാന്‍(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു: ജനങ്ങളോട് യാതൊന്നും യാചിക്കുകയില്ലെന്ന് ആരെങ്കിലും എനിക്കുറപ്പ് തന്നാല്‍ അവന് സ്വര്‍ഗ്ഗം നല്കാമെന്ന് ഞാനേല്ക്കാം. ഞാനുണ്ടെന്ന് സൌബാന്‍ പറഞ്ഞു. പിന്നീടദ്ദേഹം ആരോടും യാചിക്കാറില്ല. (അബൂദാവൂദ്)
79) ഖബീസത്തി(റ)ല്‍ നിന്ന് നിവേദനം: ഞാനൊരു ചുമതല ഏറ്റെടുത്തു. അതിലേക്ക് എന്തെങ്കിലും ചോദിക്കാന്‍ വേണ്ടി തിരുസന്നിധിയില്‍ ചെന്നപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ ഇവിടെ താമസിക്കൂ! സകാത്തിന്റെ ധനം വന്നാല്‍ ഞാന്‍ നിനക്കു തരാന്‍ കല്പിക്കാം. എന്നിട്ടവിടുന്ന് പറഞ്ഞു: ഹേ, ഖബീസത്തേ! മൂന്നിലൊരാള്‍ക്കല്ലാതെ ഭിക്ഷാടനം അനുവദനീയമല്ല. 1. ഏതെങ്കിലും ഭാരമേറ്റടുക്കുന്നവര്‍ താനത് പരിഹരിക്കുന്നതുവരെ യാചിക്കാം. പിന്നീട് അവനതില്‍ നിന്ന് പിന്മാറണം. 2. തന്റെ ധനം മുഴുവനും നശിപ്പിക്കുമാറുള്ള വിപത്ത് നേരിട്ടവന്‍ തനിക്കേതെങ്കിലും ജീവിതമാര്‍ഗ്ഗം കൈവരുന്നത് വരെ ഭിക്ഷയാചിക്കല്‍ അനുവദനീയമാണ്. 3. തന്റെ നാട്ടുകാരില്‍ നിന്ന് മൂന്ന് നായകന്‍മാര്‍ കടുത്ത ക്ഷാമം നേരിട്ടിരിക്കുന്നുവെന്ന്, സാക്ഷ്യം വഹിക്കുവോളം ദാരിദ്യ്രം ബാധിച്ചവന്‍, അവനും ഏതെങ്കിലും ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതുവരെ യാചിക്കല്‍ അനുവദനീയമാണ്. ഖബീസത്തേ! അതല്ലാത്ത യാചനകളെല്ലാം നിഷിദ്ധമാണ്. അവനത് ഭക്ഷിക്കുന്നത് ചീത്ത ധനസമ്പാദനമാര്‍ഗ്ഗത്തിലൂടെയാണ്. (മുസ്ലിം)
80) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു; സകരിയ്യ നബി (അ) ഒരു മരപ്പണിക്കാരനായിരുന്നു (മുസ്ലിം)
81) അബൂസഈദില്‍ ഖുദ്രിയ്യി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍ നബി(സ) യൊന്നിച്ച് യാത്രയിലായിരിക്കെ, ഒരാള്‍ തന്റെ വാഹനത്തിലേറി പ്രത്യക്ഷപ്പെട്ടു. എന്നിട്ടയാള്‍ വലതുവശത്തേക്കും ഇടതുവശത്തേക്കും തന്റെ ദൃഷ്ടി തെറ്റിച്ചുകൊണ്ടിരുന്നു. അന്നേരം നബി(സ) പറഞ്ഞു: ആരുടെയെങ്കിലും പക്കല്‍ കൂടുതല്‍ വാഹനമുണ്ടെങ്കില്‍ വാഹനമില്ലാത്തവര്‍ക്ക് കൊടുത്തുകൊള്ളട്ടെ. അപ്രകാരം തന്നെ കൂടുതല്‍ ഭക്ഷണം കയ്യിലിരിപ്പുള്ളവര്‍ ഇല്ലാത്തവനും കൊടുത്തുകൊള്ളട്ടെ. അങ്ങനെ മുതലിന്റെ പല വകുപ്പുകളെ സംബന്ധിച്ചും നബി(സ) ഇതുതന്നെ പറഞ്ഞു. അവസാനം മിച്ചം വരുന്ന യാതൊന്നിലും ഞങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് ഞങ്ങള്‍ വിചാരിച്ചുപോയി. (മുസ്ലിം)
82) ബുറൈദത്ത്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: ഖബര്‍ സിയാറത്ത് (ഒരുകാലത്ത്) ഞാന്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ സിയാറത്ത് ചെയ്തുകൊള്ളുക. (മുസ്ലിം)
83) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്നോടൊപ്പം ശയിക്കാറുള്ള രാത്രിയിലെ അന്ത്യയാമത്തില്‍ സാധാരണ ബഖീഉല്‍ അര്‍ഖദ് എന്ന ശ്മശാനത്തിലേക്ക് പുറപ്പെടാറുണ്ടായിരുന്നു. എന്നിട്ട് അവിടുന്ന് പറയാറുണ്ട്: മുഅ്മിനുകളുടെ ഭവനത്തില്‍ വസിക്കുന്നവരേ! നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷ സദാ വര്‍ഷിക്കുമാറാകട്ടെ! നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ടത് നിങ്ങള്‍ക്കിതാ വന്നു കഴിഞ്ഞു. പക്ഷേ, നാളേക്ക് നിങ്ങള്‍ പിന്തിക്കപ്പെട്ടിരിക്കുകയാണ്. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നമ്മളും നിങ്ങളോട് വന്നുചേരുന്നതാണ്. അല്ലാഹുവേ! ബഖീഉല്‍ അര്‍ഖദിന്റെ നിവാസികള്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. (മുസ്ലിം)
84) ബൂറൈദത്ത്(റ) വില്‍ നിന്ന് നിവേദനം: സന്തതസഹചാരികള്‍ ശ്മശാനത്തിലേക്ക് പുറപ്പെടുമ്പോള്‍ അവരില്‍ നിന്നാരെങ്കിലും അസ്സലാമു അലൈക്കും എന്ന് പറയാന്‍ നബി(സ) അവരെ പഠിപ്പിച്ചിരുന്നു. മുഅ്മിനുകളും മുസ്ളീംകളുമായ ഖബറാളികളെ! നിങ്ങളില്‍ അല്ലാഹുവിന്റെ രക്ഷ സദാ വര്‍ഷിക്കുമാറാകട്ടെ. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം (അടുത്തുതന്നെ) ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്. നമ്മള്‍ക്കും അഭയമുണ്ടാകട്ടെ! എന്ന് അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊള്ളുന്നു. (മുസ്ലിം)
85) ഇബ്നു അബ്ബാസ്(റ) വില്‍ നിന്ന് നിവേദനം: മദീനയിലെ ചില ശ്മശാനങ്ങളിലൂടെ ഒരിക്കല്‍ റസൂല്‍(സ) നടന്നുപോയി. അന്നേരം ശ്മശാനവാസികള്‍ക്ക് അഭിമുഖമായിക്കൊണ്ട് അവിടുന്ന് പറഞ്ഞു: ഹേ, ഖബറാളികളേ! നിങ്ങളില്‍ അല്ലാഹുവിന്റെ രക്ഷ സദാ വര്‍ഷിക്കുമാറാകട്ടെ. മാത്രമല്ല, നമ്മള്‍ക്കും നിങ്ങള്‍ക്കും അവന്‍ പൊറുത്തുതരികയും ചെയ്യട്ടെ! നിങ്ങളാണെങ്കില്‍ ഞങ്ങളുടെ മുന്‍ഗാമികളും ഞങ്ങള്‍ നിങ്ങളുടെ പിന്‍ഗാമികളുമാണ്. (അടുത്തുതന്നെ മരണപ്പെടുന്നവരുമാണ്) (തിര്‍മിദി)
86) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) യുടെ വലതുകൈ അവിടുത്തെ ശുചീകരണത്തിനും ഭക്ഷണത്തിനുമായിരുന്നു. ഇടതുകൈ ശൌചത്തിനും മറ്റഴുക്കുകള്‍ നീക്കം ചെയ്യുന്നതിനുമായിരുന്നു. (അബൂദാവൂദ്)
87) ഹഫ്സ്വ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) വലതുകൈ ആഹാര പാനീയങ്ങള്‍ക്കും വസ്ത്രത്തിനുമായിരുന്നു ഉപയോഗിച്ചിരുന്നത്. മറ്റാവശ്യങ്ങള്‍ക്കാണ് ഇടതുകൈ ഉപയോഗിക്കാറ്. ( അബൂദാവൂദ്)
88) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോഴും വുളുചെയ്യുമ്പോഴും വലതുഭാഗത്തുനിന്ന് ആരംഭിക്കേണ്ടതാണ്. (അബൂദാവൂദ്)
89) യഈശി(റ)ല്‍ നിന്ന് നിവേദനം: എന്റെ പിതാവ് - ത്വിഖ്ഫത്ത്(റ)- പറഞ്ഞു: ഞാന്‍ ഒരിക്കല്‍ പള്ളിയില്‍ കമിഴ്ന്നുകിടന്നപ്പോള്‍ ഒരാള്‍ കാലുകൊണ്ട് എന്നെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു. ഇത് അല്ലാഹുവിന് കോപമുള്ള കിടത്തമാണ്. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അത് റസൂല്‍(സ) ആയിരുന്നു. (അബൂദാവൂദ്)
90) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. ഒരിടത്ത് ഇരുന്നവന്‍ അവിടെവെച്ച് അല്ലാഹുവിനെ സ്മരിച്ചില്ലെങ്കില്‍ അവന് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അപ്രകാരം ഒരിടത്ത് കിടന്നുറങ്ങിയവന്‍ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കില്‍ അവന് അല്ലാഹുവിങ്കല്‍ നിന്ന് നാശനഷ്ടം സംഭവിക്കുന്നതാണ്. (അബൂദാവൂദ്) (വിലമതിപ്പുള്ള സമയം നഷ്ടപ്പെടുത്തിയതു കൊണ്ടാണത്)
91) ജാബിറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) സുബ്ഹി നമസ്കാരം നിര്‍വ്വഹിച്ചുകഴിഞ്ഞാല്‍ സൂര്യന്‍ പൂര്‍ണ്ണമായി ഉദിച്ചുയരുന്നതുവരെ അവിടുന്ന് തല്‍സ്ഥാനത്തു തന്നെ ചമ്രം പടിഞ്ഞ് ഇരിക്കുകയായിരുന്നു. (അബൂദാവൂദ്)
92) ഖൈല(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) മുട്ടുകെട്ടിയിരിക്കുന്നത് ഞാന്‍ കണ്ടു. അന്നേരം ഭക്തിനിര്‍ഭരമായി അവിടുന്ന് ഇരിക്കുന്നത് കണ്ടപ്പോള്‍ ഭയം നിമിത്തം ഞാന്‍ ഞെട്ടിവിറച്ചുപോയി. (അബൂദാവൂദ്, തിര്‍മിദി)
93) ശരീദി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ഒരിക്കല്‍ ഇടതുകൈ പിന്നില്‍ വെച്ചു കൊണ്ട് (കൈപ്പത്തിയില്‍) ചാരിയിരിക്കെ, നബി(സ) എന്റെ അരികിലൂടെ നടന്നുപോയി. അന്നേരം അവിടുന്ന് ചോദിച്ചു. നീ ക്രോധിക്കപ്പെട്ടവരെ (ജൂതരെ) പ്പോലെയിരിക്കുകയാണോ? (അബൂദാവൂദ്) (ഇസ്ളാമികദൃഷ്ട്യാ നല്ലതല്ലാത്തതേതും, അതാരില്‍ നിന്നുണ്ടായതാണോ അവരോട് ചേര്‍ത്ത് പറയാവുന്നതാണ്)
94) കില്‍ദ(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ അടുക്കല്‍ സലാം പറയാതെ കടന്നുചെന്നു. അപ്പോള്‍ നബി(സ) പറഞ്ഞു. നീ തിരിച്ചുപോയി, അസ്സലാമു അലൈക്കും അ അദ്ഖുലു എന്ന് പറഞ്ഞു കൊണ്ടനുവാദം ചോദിക്കൂ. (അബൂദാവൂദ്, തിര്‍മിദി) (എന്നിട്ട് അനുമതിലഭിച്ചെങ്കില്‍ മാത്രം കടന്നുവരൂ. ഇല്ലെങ്കില്‍ തിരിച്ചുപോകൂ!)
95) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളാരെങ്കിലും തുമ്മുകയും അനന്തരം അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താല്‍ നിങ്ങള്‍ അവനു വേണ്ടി പ്രാര്‍ത്ഥിക്കുക. ഇനി അവന്‍ അല്ലാഹുവിന് ഹംദ് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളവന് പ്രാര്‍ത്ഥിക്കേണ്ടതില്ല. (മുസ്ലിം)
96) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തുമ്മുമ്പോള്‍ കയ്യോ വസ്ത്രമോ വായില്‍വെച്ചുകൊണ്ട് ശബ്ദം കുറച്ചിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
97) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: യര്‍ഹമുകല്ലാ എന്ന് റസൂല്‍(സ) പ്രാര്‍ത്ഥിക്കുമെന്ന് ആഗ്രഹിച്ചുകൊണ്ട് ജൂതന്മാര്‍ റസൂല്‍(സ) ന്റെ അടുത്ത് വന്ന് തുമ്മാറുണ്ട്. എന്നാല്‍ നബി(സ) യഹ്ദീകമുല്ലാഹു വയുസ്ളിഹു ബാലകം എന്നാണ് പ്രാര്‍ത്ഥിക്കാറ്. (അബൂദാവൂദ്, തിര്‍മിദി)
98) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങളാരെങ്കിലും കോട്ടുവായ് ഇടുകയാണെങ്കില്‍ സ്വന്തം കൈകൊണ്ട് വായ പൊത്തണം! കാരണം പിശാച് അതില്‍ കടന്നുകൂടും. (മുസ്ലിം) (വായില്‍ കൈ വെക്കുന്നത് കൊണ്ട് അവന്റെ പ്രവേശനം തടുക്കാന്‍ കഴിയും)
99) അനസ്(റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ യമന്‍ നിവാസികള്‍ വന്നപ്പോള്‍ റസൂല്‍(സ) പറഞ്ഞു. യമന്‍കാരാണ് നിങ്ങളുടെ അടുത്ത് വന്നിട്ടുള്ളവര്‍, അവരത്രെ ആദ്യമായി ഹസ്തദാനം നടപ്പില്‍ വരുത്തിയത്. (അബൂദാവൂദ്)
100) ബറാഅ്(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: രണ്ടു മുസ്ളിംകള്‍ കണ്ടുമുട്ടുമ്പോള്‍ ഹസ്തദാനം ചെയ്യുകയാണെങ്കില്‍ അവര്‍ രണ്ടുപേരും വിട്ടുപിരിയുന്നതിനുമുമ്പ് തങ്ങളുടെ പാപം പൊറുക്കപ്പെടുന്നതാണ്. (അബൂദാവൂദ്)
101) അനസി(റ)ല്‍ നിന്ന് നിവേദനം: ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളാരെങ്കിലും സഹോദരനെയോ, സ്നേഹിതനെയോ കണ്ടുമുട്ടുമ്പോള്‍ അവനുവേണ്ടി (തല) കുനിക്കാന്‍ പാടുണ്ടോ? റസൂല്‍(സ) പറഞ്ഞു. ഇല്ല. വീണ്ടും അയാള്‍ ചോദിച്ചു. അവനെ അണച്ചുപൂട്ടി ആലിംഗനം ചെയ്യാന്‍ പാടുണ്ടോ? അവിടുന്ന് പറഞ്ഞു. വേണ്ട, വീണ്ടും അയാള്‍ ചോദിച്ചു. എന്നാല്‍ അവന്റെ കൈ പിടിച്ച് ഹസ്തദാനം ചെയ്യട്ടെയോ? അവിടുന്ന് മറുപടി പറഞ്ഞു. അതെ. (തിര്‍മിദി)
102) സഫ്വാനി(റ)ല്‍ നിന്ന് നിവേദനം: ഒരു ജൂതന്‍ സ്നേഹിതനോട് പറഞ്ഞു. നമുക്ക് നബി(സ)യുടെ അടുത്തേക്ക് പോകാം. അങ്ങനെ അവര്‍ രണ്ടുപേരും റസൂല്‍(സ) യുടെ അടുക്കല്‍ ചെന്നുകൊണ്ട് ഒമ്പത് ദൃഷ്ടാന്തങ്ങളെ സംബന്ധിച്ചു ചോദിച്ചു. റിപ്പോര്‍ട്ടര്‍ ആ ഹദീസ് അവസാനം വരെ നിവേദനം ചെയ്തിട്ടുണ്ട്. അപ്പോള്‍ അവര്‍ നബി(സ)യുടെ കൈകാല്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു. നിങ്ങള്‍ ഒരു യഥാര്‍ത്ഥ നബി തന്നെയാണെന്ന് ഞങ്ങള്‍ ഉറപ്പിക്കുന്നു. (തിര്‍മിദി)
103) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. സല്‍ക്കര്‍മ്മങ്ങളില്‍ ഒന്നും തന്നെ നീ നിസ്സാരമാക്കിത്തള്ളരുത്. അത് മുഖപ്രസന്നതയോടെ സഹോദരനെ സമീപിക്കുക എന്ന എത്രയും ചെറിയ കാര്യമാണെങ്കിലും. (മുസ്ലിം)
104) സഖ്റ്(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! എന്റെ ജനതക്ക് അവരുടെ പ്രഭാതത്തില്‍ ബര്‍ക്കത്ത് നല്‍കേണമേ! ഒരു സൈന്യത്തെ അവിടുന്ന് അയക്കുമ്പോള്‍ പകലിന്റെ ആദ്യസമയത്താണ് അയക്കാറ് പതിവ്, സഖ്റ് ഒരു കച്ചവടക്കാരനായിരുന്നു. പകലിന്റെ ആദ്യത്തിലാണ് അദ്ദേഹത്തിന്റെ ചരക്ക് അയക്കാറ്. അങ്ങനെ അദ്ദേഹം വളരെ വലിയ സമ്പന്നനായി മാറി. (അബൂദാവൂദ്, തിര്‍മിദി)
105) അംറുബിന്‍ ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും അദ്ദേഹം തന്റെ പിതാമഹനില്‍ നിന്നും നിവേദനം: റസൂല്‍(സ) പറയുന്നു: ഒറ്റക്ക് യാത്ര ചെയ്യുന്നവന്‍ ശൈത്താനാണ്. രണ്ടുപേരുള്ള യാത്രക്കാരും ശൈത്താന്മാരാണ്. മൂന്നാളുകള്‍ ഒരു സംഘമാണ്. (പരസ്പര സഹായങ്ങള്‍ക്ക് അവര്‍ക്കേ കഴിയൂ). (അബൂദാവൂദ്, തിര്‍മിദി, നസാഈ)
106) അബൂസഈദില്‍ നിന്നും അബൂഹുറയ്റ(റ)യില്‍ നിന്നും നിവേദനം: റസൂല്‍(സ) പറയുന്നു: മൂന്നാളുകള്‍ കൂടി ഒരു യാത്ര പുറപ്പെട്ടാല്‍ തങ്ങളില്‍ നിന്ന് ഒരാളെ അവര്‍ അമീറായി നിശ്ചയിക്കണം. (അബൂദാവൂദ്)
107) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നാലുപേരുള്ള സൂഹൃല്‍ സംഘമാണ് നല്ലത്. ചെറിയ സൈന്യങ്ങളില്‍ ഉത്തമമായത് 400 ആളുകള്‍ ഉള്ളതും വലിയ സൈന്യങ്ങളില്‍ ബൃഹത്തായത് 4000 ആളുകളുള്ളതുമാണ്. 12000 വരുന്ന ജനസംഖ്യ കുറവുകൊണ്ട് ഒരിക്കലും പരാജയപ്പെടുകയില്ല. (അബൂദാവൂദ്, തിര്‍മിദി)
108) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: ക്ഷേമകാലത്ത് യാത്ര ചെയ്യുമ്പോള്‍ ഒട്ടകത്തിന് ഭൂമിയില്‍ നിന്നുള്ള അവകാശത്തെ നിങ്ങള്‍ വകവെച്ചുകൊടുക്കണം. മന്ദം മന്ദം മേച്ചുകൊണ്ട് യാത്ര തുടരണം. മറിച്ച് ക്ഷാമകാലത്താണ് നിങ്ങള്‍ യാത്ര പോകുന്നതെങ്കില്‍ ദ്രുതഗതിയില്‍ യാത്ര തുടരേണ്ടതാണ്. (മന്ദം മന്ദം യാത്രചെയ്യുമ്പോള്‍ പുല്ലും വെള്ളവും കിട്ടാതെ ഒട്ടകം കഷ്ടപ്പെടേണ്ടിവരും) ഒരിടത്ത് ഇറങ്ങിത്താമസിക്കുമ്പോള്‍ സഞ്ചാരപാത നിങ്ങള്‍ ഒഴിഞ്ഞുമാറണം. കാരണം അത് ഇഴജന്തുക്കളുടേയും വിഷജന്തുക്കളുടേയും രാത്രിയിലെ സഞ്ചാരമാര്‍ഗ്ഗമാണ്. (മുസ്ലിം)
109) അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) യാത്രക്കിടയില്‍ ഇറങ്ങിത്താമസിക്കേണ്ടി വന്നാല്‍ വലതുഭാഗത്ത് തിരിഞ്ഞുകിടക്കും. സുബ്ഹിനു അല്പം മുമ്പാണ് ഇറങ്ങിത്താമസിക്കുന്നതെങ്കില്‍ മുഴംകൈ നാട്ടിക്കൊണ്ട് തല പടം കയ്യില്‍ വെക്കുമായിരുന്നു. (മുസ്ലിം)
110) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ രാത്രിയാത്ര ചെയ്യുക. നിശ്ചയം രാത്രി ഭൂമി ചുരുട്ടപ്പെടും. (അബൂദാവൂദ്)
111) അബൂസഹ്ലബ(റ)യില്‍ നിന്ന് നിവേദനം: യാത്രാമദ്ധ്യേ ഒരിടത്ത് ഇറങ്ങിത്താമസിക്കുമ്പോള്‍ ചുരങ്ങളിലും താഴ്വരകളിലും ജനങ്ങള്‍ ചിന്നിച്ചിതറിയിരുന്നു. റസൂല്‍(സ) പറഞ്ഞു: ഈ പര്‍വ്വതനിരകളിലും താഴ്വരകളിലും നിങ്ങള്‍ ചിന്നിച്ചിതറുകയാണെങ്കില്‍ നിസ്സംശയം അത് പിശാചില്‍ നിന്നുള്ളതാണ്. പിന്നീട് അവര്‍ ഒരിടത്തും ഇറങ്ങിയിട്ടില്ല. അന്യോന്യം കൂടിച്ചര്‍ന്നിട്ടല്ലാതെ. (അബൂദാവൂദ്)
112) ഇബ്നുല്‍ഹന്‍ളലിയ്യ(റ)യില്‍ നിന്ന് നിവേദനം: (അദ്ദേഹം ബൈഅത്തുറിള്വാന്റെ ആളുകളില്‍പെട്ട ആളാണ്) റസൂല്‍(സ) ഒരിക്കല്‍ ഒരു ഒട്ടകത്തിന്റെ അരികിലൂടെ നടന്നുപോയി. അതിന്റെ വയറ് ഒട്ടി മുതുകിനോട് ചേര്‍ന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ഈ മിണ്ടാപ്രാണികളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടണം. അതുകൊണ്ട് നല്ല നിലയില്‍ നിങ്ങള്‍ അതില്‍ സവാരി ചെയ്യുകയും നല്ല രീതിയില്‍ നിങ്ങള്‍ അതിനെ അറുത്ത് ഭക്ഷിക്കുകയും ചെയ്യുക. (അബൂദാവൂദ്)
113) അബ്ദുല്ലാഹിബിന്‍ ജഅ്ഫരി(റ)ല്‍ നിന്ന് നിവേദനം: ഒരു ദിവസം റസൂല്‍(സ) എന്നെ പിന്നില്‍ ഇരുത്തിക്കൊണ്ട് യാത്ര ചെയ്തു. അന്നേരം എന്നോട് ഒരു രഹസ്യം പറഞ്ഞു. ഒരാളോടും ഞാനത് പറയുകയില്ല. കുന്നുകളോ ഈത്തപ്പനത്തോട്ടങ്ങളോ ആയിരുന്നു (വിസര്‍ജ്ജനവേളയില്‍) നബി(സ) മറയായി ഇഷ്ടപ്പെട്ടിരുന്നത്. ഈ ഹദീസ് സംക്ഷിപ്തമായി മുസ്ളീം(റ) ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബര്‍ക്കാനി(റ) മുസ്ളിമിന്റെ ഇതേ സനദില്‍തന്നെ ഹാഇശുന്‍ നഹ്ല് എന്നതിന്റെ ശേഷം ഈ വിധം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അങ്ങനെ അന്‍സാരികളില്‍പെട്ട ഒരാളുടെ തോട്ടത്തില്‍ നബി(സ) പ്രവേശിച്ചു. അപ്പോള്‍ അവിടെയുണ്ടൊരൊട്ടകം. നബി(സ) യെ കണ്ടതോടെ അതിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും അത് അയവിറക്കുകയും ചെയ്തു. തല്‍ക്ഷണം അരികില്‍ചെന്ന് നബി(സ) അതിന്റെ പൂഞ്ഞയും ചെവിയുടെ പിന്‍ഭാഗവും തൊട്ടുതടവിയപ്പോള്‍ അത് ശാന്തമായി. അങ്ങനെ നബി(സ) അന്വേഷിച്ചു. ആരുടേതാണ് ഈ ഒട്ടകം? അപ്പോള്‍ അന്‍സാറുകളില്‍പ്പെട്ട ഒരാള്‍ വന്നുപറഞ്ഞു. പ്രവാചകരേ! ഇത് എന്റേതാണ്. നബി(സ) ചോദിച്ചു. നിനക്ക് ഉടമയാക്കിത്തന്നിട്ടുള്ള ഈ കാലിയുടെ കാര്യത്തില്‍ നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? നീ പട്ടിണിയിടുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്ന് എന്നോട് ഇത് ആവലാതിപ്പെട്ടിരിക്കുന്നു. (അബൂദാവൂദ്)
114) ജാബിര്‍ (റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) യുദ്ധത്തിനുപുറപ്പെടാനുദ്ദേശിച്ചാല്‍ പറയാറുണ്ട്. ഹേ! മുഹാജിറുകളുടെയും അന്‍സാരികളുടേയും സമൂഹമേ! നിശ്ചയമായും നിങ്ങളുടെ സഹോദരന്‍മാരില്‍ ധനവും കുടുംബവും ഇല്ലാത്തവരുണ്ട്. അതുകൊണ്ട് നിങ്ങളില്‍ ഓരോരുത്തരും രണ്ടോ മൂന്നോ ആളുകളെ തന്നിലേക്ക് ചേര്‍ത്തുകൊള്ളട്ടെ. തന്നിമിത്തം ഞങ്ങളില്‍ ഓരോരുത്തര്‍ക്കും കൈമാറി കൈമാറിക്കിട്ടുന്ന വാഹനമല്ലാതെ ഉണ്ടായിരുന്നില്ല. (കുറച്ചുസമയം അവരും കുറച്ചുസമയം ഞങ്ങളും കൈമാറിയിട്ടായിരുന്നു ഞങ്ങള്‍ വാഹനപ്പുറത്ത് ഏറിയിരുന്നത്) റിപ്പോര്‍ട്ടര്‍ പറയുന്നു: രണ്ടോ, മൂന്നോ ആളുകളെ ഞാന്‍ എന്നിലേക്ക് കൂട്ടി. എന്റെ ഒട്ടകത്തില്‍ അവര്‍ക്കുള്ള ഊഴം തന്നെയായിരുന്നു എനിക്കും ലഭിച്ചിരുന്നത്. (അബൂദാവൂദ്) (ഒട്ടകം ഞങ്ങളും അവരും സമാസമം കൈമാറിക്കൊണ്ടാണ് സഞ്ചരിച്ചിരുന്നത്)
115) ജാബിറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പിന്നിലായിരിക്കും (രാത്രിയില്‍) നടക്കുക. അബലരെ നയിച്ചുകൊണ്ടും സ്വന്തം വാഹനത്തിലേറ്റിക്കൊണ്ടും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പിന്തുടരുന്നത് (അബൂദാവൂദ്)
116) ഇബ്നുഉമര്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) ഒട്ടകപ്പുറത്ത് കയറി ശരിയായി ഇരുന്നുകഴിഞ്ഞാല്‍ മൂന്നുപ്രാവശ്യം തക്ബീര്‍ ചൊല്ലിക്കൊണ്ട് പറയും. ഇത് എനിക്ക് കീഴ്പ്പെടുത്തിത്തന്നവന്‍ പരിശുദ്ധനാണ്. നമുക്ക് അതിന് കഴിവുണ്ടായിരുന്നില്ല. നിശ്ചയം റബ്ബിങ്കലേക്ക് നമ്മള്‍ മടങ്ങിച്ചെല്ലുന്നതാണ്. അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്രയില്‍ നന്മയും ഭക്തിയും നീ തൃപ്തിപ്പെടുന്ന പ്രവൃത്തിയും നിന്നോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അല്ലാഹുവേ? ഞങ്ങളുടെ ഈ യാത്ര ഞങ്ങള്‍ക്ക് നീ എളുപ്പമാക്കിത്തരേണമേ! അതിന്റെ വിദൂരതയെ ഞങ്ങള്‍ക്ക് നീ ചുരുക്കിത്തരേണമേ! അല്ലാഹുവേ! നീയാണ് ഈ യാത്രയില്‍ ഞങ്ങളുടെ കൂട്ടുകാരനും കുടുംബ ത്തിലെ പ്രതിനിധിയും. അല്ലാഹുവേ! ഈ യാത്രയിലെ വിഷമത്തില്‍ നിന്നും ദുഃഖകരമായ കാഴ്ചയില്‍ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള ചീത്തയായ പരിണാമത്തില്‍ നിന്നും നിന്നോട് ഞാന്‍ കാവലിനപേക്ഷിക്കുന്നു. യാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അതും ഉപരിയായി ഇങ്ങനെയും അവിടുന്ന് പറയുമായിരുന്നു. ഞങ്ങള്‍ പാപത്തില്‍ നിന്ന് മടങ്ങിയവരും ഞങ്ങളുടെ നാഥനെ ആരാധിക്കുന്നവരും അവനെ സ്തുതിക്കുന്നവരുമാണ്. (മുസ്ലിം)
117) അബ്ദുല്ലാഹിബ്ന്‍ സര്‍ജീസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) യാത്ര പുറപ്പെടുമ്പോള്‍ യാത്രയിലെ വിഷമത്തില്‍ നിന്നും ദുഃഖാകുലമായ തിരിച്ചുവരവില്‍ നിന്നും സന്തോഷത്തിനു ശേഷം സന്താപത്തില്‍ നിന്നും മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയില്‍ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള മോശമായ രംഗത്തില്‍ നിന്നും കാവലിന് അപേക്ഷിക്കാറുണ്ട്. (മുസ്ലിം)
118) അലിയ്യുബിന്‍ റബീഅ്(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ അലിയ്യുബിന്‍ അബീതാലിബിന്റെ സന്നിധിയില്‍ ഹാജരായി. അദ്ദേഹത്തിന് സവാരിചെയ്യാന്‍ വാഹനം (അവിടെ) കൊണ്ടുവന്ന് (നിറുത്തിയി) ട്ടുണ്ടായിരുന്നു. അങ്ങനെ കാലണിയില്‍ അദ്ദേഹം കാല് വെച്ചപ്പോള്‍ ബിസ്മില്ലാ എന്നുപറഞ്ഞു. അതിന്റെ പുറത്തുകയറി ശരിയായി കഴിഞ്ഞപ്പോള്‍ പറഞ്ഞു: ഇതു ഞങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തന്ന അല്ലാഹുവിന് സ്തുതി ഞങ്ങള്‍ക്ക് അതിന് കഴിവുണ്ടായിരുന്നില്ല. നിശ്ചയം, ഞങ്ങളുടെ നാഥനിലേക്ക് ഞങ്ങള്‍ മടങ്ങിച്ചെല്ലുന്നവരാണ്. മൂന്ന് പ്രാവശ്യം അല്‍ഹംദുലില്ലാഹി എന്നും മൂന്നുപ്രാവശ്യം അല്ലാഹു അക്ബര്‍ എന്നും പറഞ്ഞശേഷം അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിച്ചു. നീ പരിശുദ്ധനാണ്. ഞാന്‍ എന്നോടുതന്നെ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. അതുകൊണ്ട് എനിക്ക് നീ പൊറുത്തുതരേണമേ! നീയല്ലാതെ പാപങ്ങള്‍ പൊറുക്കുന്നവനില്ല. അനന്തരം അദ്ദേഹം ചിരിച്ചപ്പോള്‍ ചോദിക്കപ്പെട്ടു. അമീറുല്‍ മുഅ്മിനീന്‍! നിങ്ങള്‍ എന്തുകൊണ്ട് ചിരിച്ചു? അദ്ദേഹം പറഞ്ഞു: ഞാന്‍ ചെയ്തതുപോലെ റസൂല്‍(സ) ചെയ്യുകയും അതിനുശേഷം ചിരിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അന്നേരം ഞാന്‍ ചോദിച്ചു: പ്രവാചകരേ! അങ്ങ് എന്തുകൊണ്ട് ചിരിച്ചു? എന്റെ പാപം നീ പൊറുത്തു തരേണമേ എന്നൊരു ദാസന്‍ പറയുമ്പോള്‍ നിന്റെ രക്ഷിതാവ് അത്ഭുതപ്പെട്ടുകൊണ്ട് പറയും: ഞാനല്ലാതെ പാപം പൊറുക്കുന്നവനില്ലെന്ന് അവന്‍ ഗ്രഹിച്ചു. (അബൂദാവൂദ്, തിര്‍മിദി) (അതുകൊണ്ടാണ് ഞാന്‍ ചിരിച്ചത്)
119) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) യും സൈന്യവും ചുരം കയറുമ്പോള്‍ തക്ബീറും അവിടെനിന്ന് ഇറങ്ങുമ്പോള്‍ തസ്ബീഹും ചൊല്ലുമായിരുന്നു. (അബൂദാവൂദ്)
120) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ പറഞ്ഞു: പ്രവാചകരേ! ഞാന്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നു. അതുകൊണ്ട് എന്നെ അങ്ങ് ഉപദേശിച്ചാലും, നബി(സ) പറഞ്ഞു: നീ അല്ലാഹുവിന് തഖ്വാ ചെയ്യുകയും ചുരം കയറുമ്പോള്‍ തക്ബീര്‍ ചൊല്ലുകയും ചെയ്യുക. അങ്ങനെ അയാള്‍ പിന്നിട്ടുപോയപ്പോള്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഇയാള്‍ക്ക് വഴി ദൂരത്തെ നീ ചുരുക്കിക്കൊടുക്കേണമേ! യാത്ര എളുപ്പമാക്കിക്കൊടുക്കേണമേ! (തിര്‍മിദി)
121) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: നിസ്സംശയം മൂന്ന് പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കും. 1. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥന, 2. മുസാഫിറിന്റെ പ്രാര്‍ത്ഥന, 3. സന്താനങ്ങള്‍ക്കുവേണ്ടി (മാതാ) പിതാവിന്റെ പ്രാര്‍ത്ഥന. (അബൂദാവൂദ്, തിര്‍മിദി)
122) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: നിശ്ചയം, റസൂല്‍(സ) വല്ല ആളുകളെയും ഭയപ്പെട്ടാല്‍ പ്രാര്‍ത്ഥിക്കുമായിരുന്നു: അല്ലാഹുവേ! നിന്നെ അവരുടെ ഹൃദയങ്ങളില്‍ ഞങ്ങള്‍ നിക്ഷേപിക്കുന്നു. (അങ്ങനെ അവരുടെ കുതന്ത്രങ്ങളെ നീ പരാജയപ്പെടുത്തും) അവരുടെ ഉപദ്രവത്തില്‍ നിന്ന് നിന്നോട് ഞങ്ങള്‍ കാവല്‍തേടുകയും ചെയ്യുന്നു. (അബൂദാവൂദ്)
123) ഖൌല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: വല്ലവനും ഒരിടത്തിറങ്ങി. എന്നിട്ട് അവന്‍ പറഞ്ഞു: അല്ലാഹുവിന്റെ പരിശുദ്ധമായ വാക്യങ്ങളുടെ പേരില്‍ അവന്റെ സൃഷ്ടികളുടെ ഉപദ്രവത്തില്‍ നിന്ന് ഞാന്‍ കാവലപേക്ഷിക്കുന്നു. എങ്കില്‍ തല്‍സ്ഥാന ത്തുനിന്ന് അവന്‍ യാത്ര തിരിക്കുന്നതുവരെ യാതൊന്നും അവനെ ശല്യപ്പെടുത്തുകയില്ല. (മുസ്ലിം) (ദേഹേച്ഛകളോ പിശാചോ അവനെ പിടികൂടുകയില്ല)
124) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: യാത്രയില്‍ രാത്രിയാകുമ്പോള്‍ നബി(സ) പറയാറുണ്ട്. ഹേ, ഭൂമീ! എന്റെയും നിന്റെയും റബ്ബ് അല്ലാഹുവാണ്. നിന്നിലുള്ളതിന്റെയും (ഉപദ്രജീവിയുടേയും) നിന്നില്‍ സൃഷ്ടിക്കപ്പെട്ട (മണല്‍, കല്ല്, പാറ, മിനുസമുള്ളത്, പരുത്തത് എന്നി) വയുടേയും ഉപദ്രവത്തില്‍ നിന്നും നിന്നില്‍ ഇഴഞ്ഞു നടക്കുന്ന ജന്തുക്കളുടെ ഉപദ്രവത്തില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് കാവല്‍ തേടുന്നു. സിംഹം, മനുഷ്യന്‍, പാമ്പ്, തേള്‍, കരയില്‍ താമസിക്കുന്നത് (ജിന്ന്) എന്നിവയുടേയും വാലിദി (ഇബ്ലീസി) ന്റെയും വലിദിന്റെ (ശൈത്താന്‍) യും ഉപദ്രവത്തില്‍ നിന്നും നിന്നോടു ഞാന്‍ കാവലപേക്ഷിക്കുന്നു. (അബൂദാവൂദ്)
125) അനസി(റ)ല്‍ നിന്ന് നിവേദനം: (ഖൈബര്‍ യുദ്ധത്തില്‍ നിന്ന്) നബി(സ) യൊന്നിച്ച് ഞങ്ങള്‍ യാത്ര തിരിച്ചു. നോക്കിയാല്‍ മദീന കാണാവുന്ന സ്ഥലത്തെത്തിയപ്പോള്‍ നബി(സ) പറഞ്ഞു: പശ്ചാത്തപിക്കുകയും സ്വന്തം നാഥനെ ആരാധിക്കുകയും സ്തുതിഗീതങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തുകൊണ്ട് ഞങ്ങള്‍ സ്വദേശത്തേക്ക് മടങ്ങുന്നവരാണ്. ഞങ്ങള്‍ മദീനയിലെത്തിച്ചേരുന്നതുവരെ നബി(സ) അത് പറഞ്ഞുകൊണ്ടിരുന്നു. (മുസ്ലിം)
126) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മക്കയും മദീനയും ഒഴികെയുള്ള ഏത് സ്ഥലവും ദജ്ജാല്‍ ചവിട്ടാതിരിക്കുകയില്ല. അവ രണ്ടും സംരക്ഷിച്ചുകൊണ്ട് അവയുടെ വാതിലില്‍ മലക്കുകള്‍ അണിനിരക്കും. എന്നാല്‍ (മദീനയോടടുത്തുള്ള) ഒരു ഉപ്പ് ഭൂമിയിലാണ് അവനിറങ്ങുക. തന്നിമിത്തം മൂന്നുപ്രാവശ്യം മദീനക്ക് പ്രകമ്പനമേല്ക്കും. (ദജ്ജാലിനെ സംബന്ധിച്ച് പല കിംവദന്തികളും പ്രചരിക്കുകവഴി മദീനാവാസികള്‍ക്ക് കുറഞ്ഞ ഭീതിയും അസ്വസ്ഥതയും അനുഭവപ്പെടും) എല്ലാസത്യനിഷേധികളേയും കപടവിശ്വാസികളേയും തദ്വാരാ അല്ലാഹു അതില്‍ നിന്ന് പുറപ്പെടുവിക്കും. (മുസ്ലിം)
127) അനസി(റ)ല്‍ നിന്ന് നിവേദനം: ഇസ്ബഹാനിലെ യഹൂദികളില്‍ നിന്ന് എഴുപതിനായിരം ആളുകള്‍ ദജ്ജാലിനെ അനുഗമിക്കും. അവര്‍ ത്വയലിസാന്‍ ധരിക്കുന്നവരാണ്. (വസ്ത്രത്തിന്റെ മീതെ പണ്ഡിതന്മാരും മറ്റും ധരിക്കുന്ന മേല്‍ വസ്ത്രം ) (മുസ്ലിം)
128) ഉമ്മുശരീകി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ദജ്ജാലിന്റെ ഉപദ്രവത്തില്‍ നിന്ന് പര്‍വ്വതങ്ങളിലേക്ക് ജനങ്ങള്‍ ഓടി രക്ഷപ്പെടും. (മുസ്ലിം)
129) ഇംറാനുബ്നു ഹുസ്വൈനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(റ) പറയുന്നത് ഞാന്‍ കേട്ടു: ആദം നബി (അ) സൃഷ്ടിക്കപ്പെട്ടതു മുതല്‍ അന്ത്യദിനം വരെ ദജ്ജാലിനേക്കാള്‍ വലിയ പ്രശ്നം ഉണ്ടായിട്ടില്ല. (മുസ്ലിം)
130) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കാലം അവസാനിക്കുമ്പോള്‍ നിങ്ങളുടെ ഭരണ കര്‍ത്താക്കളിലൊരാള്‍ സമ്പത്ത് വാരിക്കൂട്ടും. അത് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാതാകും. (മുസ്ലിം)
131) അബൂമുസാ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ജനങ്ങള്‍ക്ക് ഒരുകാലം വരാനുണ്ട്. അക്കാലത്ത് ഒരാള്‍ സ്വര്‍ണ്ണത്തിന്റെ സകാത്തുമായി ചുറ്റിനടക്കും. അത് സ്വീകരിക്കാന്‍ ആരുമുണ്ടാവുകയില്ല. നാല്പത് സ്ത്രീകള്‍ ഒരേ പുരുഷനില്‍ അഭയം തേടുന്നതായി കാണാന്‍ കഴിയും. പുരുഷന്മാരുടെ കുറവും സ്ത്രീകളുടെ ആധിക്യവുമാണതിന് കാരണം. (മുസ്ലിം)
132) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സ്ഥലങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് പള്ളിയും അല്ലാഹുവിന് ഏറ്റവും കോപമുള്ളത് അങ്ങാടിയുമാകുന്നു. (മുസ്ലിം)
133) സല്‍മാനി(റ)ല്‍ നിന്ന് നിവേദനം: കഴിവതും അങ്ങാടിയില്‍ ആദ്യം പ്രവേശിക്കുന്നവനും അവിടെ നിന്ന് അവസാനം പുറപ്പെടുന്നവനും നീ ആകരുത്. നിശ്ചയം, പിശാചിന്റെ ആസ്ഥാനമാണിത്. അവിടെയാണ് അവന്‍ തന്റെ പതാക നാട്ടുന്നത്. (മുസ്ലിം)
134) ആസ്വിമി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ റസൂല്‍(സ) യോട് പറഞ്ഞു: പ്രവാചകരേ! അങ്ങയ്ക്ക് അല്ലാഹു പൊറുത്തുതരട്ടെ! അവിടുന്ന് പറഞ്ഞു: നിനക്കും! ആസ്വിം പറഞ്ഞു: ഞാന്‍ അബ്ദുല്ലയോട് ചോദിച്ചു: റസൂല്‍(സ) നിനക്ക് പൊറുക്കലിനെ തേടിയോ? അദ്ദേഹം മറുപടി പറഞ്ഞു: അതെ, നിനക്കും, പിന്നീട് അദ്ദേഹം ഈ സൂക്തം ഓതിക്കേള്‍പ്പിച്ചു. 'നിന്റെയും സത്യവിശ്വാസികളുടെയും സത്യവിശ്വാസിനികളുടെയും പാപമോചനത്തിനുവേണ്ടി നീ പ്രാര്‍ത്ഥിക്കണം. ' (മുസ്ലിം)
135) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പ്രകാശംകൊണ്ടാണ് മലക്കുകള്‍ സൃഷ്ടിക്കപ്പെട്ടത്. കത്തിജ്ജ്വലിക്കുന്ന അഗ്നിയില്‍ നിന്നാണ് ജിന്ന് വംശം സൃഷ്ടിക്കപ്പെട്ടത്. ആദം നബി (അ) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നിങ്ങള്‍ക്ക് വ്യക്തമാക്കപ്പെട്ടിട്ടുള്ള വസ്തുക്കളാലാണ്. (മുസ്ലിം)
136) ആയിശ(റ)ല്‍ നിന്ന് നിവേദനം: ഖുര്‍ആന്‍ വിശേഷിപ്പിച്ച സ്വഭാവമാണ് നബി(സ)യുടെ സ്വഭാവം. (മുസ്ലിം) സുദീര്‍ഘമായ ഒരു ഹദീസിന്റെ കൂട്ടത്തില്‍ മുസ്ളിം അത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
137) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവുമായുള്ള കൂടിക്കാഴ്ച വല്ലവനും ഇഷ്ടപ്പെട്ടാല്‍ അവനുമായുള്ള കൂടിക്കാഴ്ച അല്ലാഹു ഇഷ്ടപ്പെടും. മറിച്ച് അല്ലാഹുവിന്റെ ലിഖാഇനെ വല്ലവനും വെറുത്താല്‍ അല്ലാഹു അവന്റെ ലിഖാഇനെയും വെറുക്കും. ഞാന്‍ ചോദിച്ചു: പ്രവാചകരേ! മരണത്തെ വെറുക്കലാണോ? (അതുകൊണ്ടുദ്ദേശം) എന്നാല്‍ ഞങ്ങളെല്ലാവരും മരണത്തെ വെറുക്കുന്നവരാണല്ലോ. അവിടുന്ന് പറഞ്ഞു: അപ്രകാരമല്ല മുഅ്മിനിന് അല്ലാഹുവിന്റെ റഹ്മത്തുകൊണ്ടും പ്രീതികൊണ്ടും സ്വര്‍ഗ്ഗംകൊണ്ടും സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അല്ലാഹുവിന്റെ ലിഖാഇനെ അവനിഷ്ടപ്പെടും. അനന്തരം അല്ലാഹു അവന്റെ ലിഖാഇനെയും ഇഷ്ടപ്പെടും. സത്യനിഷേധിക്ക് അല്ലാഹുവിന്റെ ശിക്ഷകൊണ്ടും കോപംകൊണ്ടും അറിയിക്കപ്പെട്ടാല്‍ അല്ലാഹുവിന്റെ ലിഖാഇനെ അവന്‍ വെറുക്കും. അന്നേരം അവന്റെ ലിഖാഇനെ അല്ലാഹുവും വെറുക്കും. (മുസ്ലിം)
138) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ജനങ്ങളേ! അല്ലാഹു പരിശുദ്ധനാണ്. നല്ലത് മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളു. മുര്‍സലുകളോട് ആജ്ഞാപിക്കപ്പെട്ടത്, അല്ലാഹു മുഅ്മിനുകളോടും ആജ്ഞാപിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു: പ്രവാചകരേ! നിങ്ങള്‍ നല്ലത് തിന്നുകയും നല്ലത് പ്രവര്‍ത്തിക്കുകയും വേണം. അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക് നാം പ്രദാനം ചെയ്ത നല്ലതില്‍ നിന്ന് ഭക്ഷിക്കുക. പിന്നീട് അവിടുന്ന് പറഞ്ഞു: ദീര്‍ഘയാത്രചെയ്ത്് മുടി ജടകുത്തുകയും പൊടിപുരളുകയും ചെയ്ത ഒരാള്‍ ഇരുകയ്യും ആകാശത്തേക്ക് ഉയര്‍ത്തിക്കൊണ്ട് എന്റെ റബ്ബേ! എന്റെ റബ്ബേയെന്ന് പ്രാര്‍ത്ഥിക്കും. അവന്റെ ആഹാരം ഹറാം, പാനീയം ഹറാം, അവന്റ ഉല്‍ഭവം ഹറാം എന്നിരിക്കെ അവന്റെ പ്രാര്‍ത്ഥനക്ക് എങ്ങനെ ഉത്തരം ലഭിക്കും. (മുസ്ലിം)
139) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സയ്ഹാനും ജയ്ഹാനും ഫുറാത്തും നീലും സ്വര്‍ഗ്ഗത്തിലെ പുഴകളില്‍പ്പെട്ടതാണ്. (മുസ്ലിം)
140) അംറുബ്നു അഖ്ത്തബി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞങ്ങളെയും കൊണ്ട് സുബ്ഹി നമസ്കരിച്ചതിനുശേഷം മിമ്പറില്‍ കയറിയിട്ട് സുഹ്ര്‍ വരെ നബി(സ) പ്രസംഗിച്ചു. ളുഹര്‍ നമസ്കാരം നിര്‍വ്വഹിച്ചതിനുശേഷം വീണ്ടും മിമ്പറില്‍ കയറി അസര്‍വരെ പ്രസംഗിക്കുകയുണ്ടായി. അസര്‍ നമസ്കാരാനന്തരം വീണ്ടും മിമ്പറില്‍ കയറിക്കൊണ്ട് ഉണ്ടായിട്ടുള്ളതും ഉണ്ടാകാന്‍ പോകുന്നതുമായ കാര്യങ്ങളെപ്പറ്റി മഗ്രിബ് വരെ സംസാരിച്ചു. ആ കാര്യം ഹൃദിസ്ഥമാക്കിയവരാണ് ഞങ്ങളില്‍ ഏറ്റവും വലിയ പണ്ഡിതന്മാര്‍. (മുസ്ലിം)
141) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: വല്ലവനും ഗൌളിയെ ആദ്യത്തെ അടിയില്‍ത്തന്നെ കൊന്നുകളഞ്ഞാല്‍ അവന്ന് ഇന്നിന്ന പ്രതിഫലമുണ്ട്. രണ്ടാമത്തെ അടിയിലാണ് കൊന്നതെങ്കില്‍ ആദ്യത്തേതിനേക്കാള്‍ താഴെയുള്ള പ്രതിഫലമുണ്ട്. മൂന്നാമത്തേതിലാണ് കൊന്നതെങ്കിലോ? ഇന്നിന്ന പ്രതിഫലം അവന് ലഭിക്കും. മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്: വല്ലവനും ആദ്യത്തെ അടിയില്‍തന്നെ ഗൌളിയെ കൊലപ്പെടുത്തിയാല്‍ 100 ഹസനത്ത് അവന് എഴുതപ്പെടും. രണ്ടാമത്തേതിന് അതിന് താഴെയും, മൂന്നാമത്തേതിന് അതിന് താഴെയുള്ള ഹസനത്തും ലഭിക്കും. (മുസ്ലിം)
142) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ അവിടെ തിന്നുകയും കുടിക്കുകയും ചെയ്യും. അവര്‍ വെളിക്കിരിക്കുകയോ മൂക്ക് പിഴിയുകയോ മൂത്രമൊഴിക്കുകയോ ചെയ്യുകയില്ല. പക്ഷേ അവര്‍ കഴിക്കുന്ന ആഹാരം കസ്തൂരിമണം വീശുന്ന ഏമ്പക്കമായി രൂപാന്തരപ്പെടും. ശ്വാസോഛാസംപോലെ (നിഷ്പ്രയാസം അവര്‍ തസ്ബീഹും തഹ്ലീലും നിര്‍വ്വഹിക്കുന്നതാണ്) (മുസ്ലിം)
143) മുഗീറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മൂസാനബി (അ) ഒരിക്കല്‍ തന്റെ റബ്ബിനോട് ചോദിച്ചു: സ്വര്‍ഗ്ഗവാസികളില്‍ താഴ്ന്ന പദവിയിലുള്ളവനാരാണ്? റബ്ബ് പറഞ്ഞു: സ്വര്‍ഗവാസികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതിനുശേഷം വന്നുചേരുന്ന ഒരാളായിരിക്കും അത്. നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളൂ എന്ന് അയാളോട് പറയപ്പെടുമ്പോള്‍ അവന്‍ പറയും. നാഥാ! ജനങ്ങള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ സ്ഥലം പിടിച്ചിരിക്കെ ഞാനെങ്ങനെ പ്രവേശിക്കും? തദവസരത്തില്‍ അദ്ദേഹത്തോട് ചോദിക്കപ്പെടും: ഇഹലോകത്തെ രാജാക്കന്മാരില്‍ ഒരു രാജാവിന്റെ അധീനത്തിലുള്ളത്ര വിസ്തൃതി നിനക്കുണ്ടായാല്‍ നീ തൃപ്തിപ്പെടുമോ? അന്നേരം അവന്‍ പറയും: നാഥാ! ഞാന്‍ അതുകൊണ്ട് തൃപ്തിപ്പെടും. അല്ലാഹു പറയും: എന്നാല്‍ അതും അതിന്റെ നാലിരട്ടിയും നിനക്കുണ്ട്. അഞ്ചാംപ്രാവശ്യം അവന്‍ പറയും. നാഥാ! ഞാന്‍ തൃപ്തിപ്പെട്ടു. അല്ലാഹു പറയും. എന്നാല്‍ ഇതും ഇതിന്റെ പത്തിരട്ടിയും നീ ആഗ്രഹിക്കുന്നതും നിന്റെ കണ്ണ് ആസ്വദിക്കുന്നതും നിനക്കുള്ളതാണ്. അവന്‍ പറയും. നാഥാ! ഞാന്‍ തൃപ്തിപ്പെട്ടു. മൂസാനബി (അ) ചോദിച്ചു: നാഥാ, സ്വര്‍ഗ്ഗവാസികളില്‍ ആരാണ് ഉന്നതന്മാര്‍? അവന്‍ പറയും: എന്റെ കൈകൊണ്ട് ഞാന്‍തന്നെ പ്രതാപം നട്ടുവളര്‍ത്തുകയും അതിനെ മുദ്രചെയ്യുകയും ചെയ്തിട്ടുള്ളവരാണവര്‍. കണ്ണുകള്‍ക്ക് കാണാനോ കാതുകള്‍ക്ക് കേള്‍ക്കാനോ മനുഷ്യഹൃദയങ്ങള്‍ക്ക് ഊഹിക്കാനോ കഴിയാത്തതാണ് നാം അവര്‍ക്കുവേണ്ടി തയ്യാര്‍ ചെയ്തിട്ടുള്ളവ. (മുസ്ലിം)
144) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ചില അങ്ങാടികളുണ്ട്. വെള്ളിയാഴ്ച തോറും ജനങ്ങളവിടെ ചെല്ലും. അന്നേദിവസം വടക്കു നിന്ന് അടിച്ചുവീശുന്ന കാറ്റ് അവരുടെ വസ്ത്രങ്ങളിലും മുഖത്തും മണ്ണുവാരി വിതറും. ഉടനെ അവര്‍ കൂടുതല്‍ സൌന്ദര്യവും കൌതുകവുമുള്ളവരായിത്തീരുന്നു. അവരുടെ ബന്ധുക്കള്‍ അവരോട് പറയും. നിശ്ചയം നിങ്ങള്‍ക്ക് കൂടുതല്‍ സൌന്ദര്യവും സന്തോഷവും ലഭിച്ചിട്ടുണ്ട്. അവര്‍ മറുപടി പറയും. അല്ലാഹുവാണ, ഞങ്ങള്‍ പോയശേഷം നിങ്ങളും സൌന്ദര്യമുള്ളവരും സുമുഖന്മാരുമായി മാറിയിട്ടുണ്ട്. (മുസ്ലിം)
145) അബൂസഈദും(റ) അബൂഹുറയ്റ(റ) യും നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ഒരാള്‍ വിളിച്ചുപറയും: നിങ്ങള്‍ എന്നെന്നും മരണപ്പെടാതെ ജീവിക്കുന്നവരാണ്. മാത്രമല്ല, നിങ്ങള്‍ എന്നും ആരോഗ്യമുള്ളവരായിരിക്കും. നിങ്ങള്‍ ഒരിക്കലും വൃദ്ധരാവുകയില്ല. സുഖലോലുപന്മാരായിരിക്കും. നിങ്ങളൊരിക്കലും ക്ളേശം അനുഭവിക്കുകയില്ല. (മുസ്ലിം)
146) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ നിങ്ങളിലേറ്റവും താഴെ നിലയിലുള്ളവനെപ്പറ്റി അല്ലാഹു ഇപ്രകാരം പറയുന്നതായിരിക്കും. നിങ്ങള്‍ക്കാവശ്യമുള്ളത് നിങ്ങള്‍ ആഗ്രഹിച്ചുകൊള്ളൂ. അപ്പോള്‍ അതും ഇതും അവന്‍ ആഗ്രഹിക്കും. നിനക്ക് ആവശ്യമുള്ളതെല്ലാം നീ ആഗ്രഹിച്ച് കഴിഞ്ഞോ? എന്നവനോട് ചോദിച്ചാല്‍ അവന്‍ അതെ എന്ന് മറുപടി പറയും. തത്സമയം അല്ലാഹു പറയും. നീ ആഗ്രഹിച്ചതും അതിന്റത്രയുള്ളതും നിനക്കുണ്ട്. (മുസ്ലിം)
147) സുഹൈബി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചതിനു ശേഷം അല്ലാഹു ചോദിക്കും. കൂടുതല്‍ വല്ലതും നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അന്നേരം അവര്‍ പറയും. ഞങ്ങളുടെ മുഖത്തെ നീ പ്രകാശിപ്പിച്ചില്ലേ? സ്വര്‍ഗ്ഗത്തില്‍ നീ ഞങ്ങളെ പ്രവേശിപ്പിക്കുകയും നരകത്തില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്തില്ലേ? (അതില്‍ കൂടുതല്‍ മറ്റൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല) തല്‍സമയം അല്ലാഹു ഹിജാബിനെ നീക്കം ചെയ്യും. (അപ്പോള്‍ അവര്‍ക്ക് റബ്ബിനെ കാണാന്‍ കഴിയും) തങ്ങളുടെ നാഥനിലേക്ക് നോക്കുന്നതിലുപരി ഇഷ്ടപ്പെട്ട മറ്റൊന്നും അവര്‍ക്ക് കൊടുക്കപ്പെട്ടിട്ടുണ്ടായിരിക്കുകയില്ല. (മുസ്ലിം)

0 comments:
Post a Comment