Wednesday, March 31, 2010

വുളുഅ്

0 comments


1) ഹമ്മാമ്(റ) നിവേദനം: അബൂഹുറൈറ(റ) പറയുന്നതായി അദ്ദേഹം കേട്ടു. തിരുമേനി(സ) അരുളി: വുളു എടുക്കുന്നതുവരെ ചെറിയ അശുദ്ധിയുള്ളവന്റെ നമസ്ക്കാരം സ്വീകരിക്കപ്പെടുകയില്ല. അപ്പോള്‍ ഒരു ഹളറമൌത്തുകാരന്‍ ഹസ്രത്ത് അബൂഹുറൈറ(റ) യോട് ചോദിച്ചു: ഓ!അബുഹുറൈറ! എങ്ങിനെയാണ് ചെറിയ അശുദ്ധിയുണ്ടാവുക? അദ്ദേഹം പറഞ്ഞു: ശബ്ദത്തോട് കൂടിയോ അല്ലാതെയോ വായു പുറത്തുപോവുക. (ബുഖാരി. 1. 4. 137)

2) നുഐം(റ) നിവേദനം: അബൂഹുറൈറ(റ)യുടെ കൂടെ ഞാനൊരിക്കല്‍ പള്ളിയുടെ മുകളില്‍ കയറി. വുളു എടുത്തശേഷം അദ്ദേഹം പറഞ്ഞു: തിരുമേനി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നിശ്ചയം എന്റെ സമുദായം പുനുരുത്ഥാന ദിവസം (അല്ലാഹുവിന്റെ സന്നിധിയിലേക്ക്) വിളിക്കപ്പെടുമ്പോള്‍ വുളുവിന്റെ അടയാളം കാരണം അവരുടെ മുഖവും കൈകാലുകളും പ്രകാശിച്ചിരിക്കും. (അബൂഹുറൈറ പറയുന്നു) അതുകൊണ്ട് നിങ്ങളില്‍ ആര്‍ക്കെങ്കിലും മുഖത്തിന്റെശോഭ വ്യാപിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അവനതു ചെയ്യട്ടെ. (ബുഖാരി. 1. 4. 138)

3) ഉബാദ്ബ്നു തമീമ് തന്റെ പിതൃവ്യനില്‍ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം നബിയോട് ചോദിച്ചു: നമസ്ക്കാരത്തില്‍ വുളു മുറിയുന്ന എന്തെങ്കിലും ഉണ്ടായി എന്നു തോന്നുന്ന മനുഷ്യന്‍ എന്തു ചെയ്യണം? തിരുമേനി(സ) അരുളി: ശബ്ദം കേള്‍ക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ നമസ്ക്കാരം വിട്ടു തിരിഞ്ഞു പോകേണ്ടതില്ല. (ബുഖാരി. 1. 4. 139)

4) ഇബ്നുഅബ്ബാസ്(റ) നിവേദനം: ആദ്ദേഹം പറയുന്നു: എന്റെ മാതൃസഹോദരിയുടെ അടുക്കല്‍ ഞാനൊരു രാത്രി താമസിച്ചു. ആ രാത്രിയില്‍ നബി(സ) (പതിവുപോലെ) രാത്രി നമസ്ക്കാരം നിര്‍വ്വഹിക്കുകയുണ്ടായി. അതായതു രാത്രി കുറച്ചു കഴിഞ്ഞപ്പോള്‍ അവിടുന്നു എഴുന്നേറ്റു കെട്ടി തൂക്കിയിരുന്ന ഒരു പാത്രത്തില്‍ നിന്ന് ലഘുവായ നിലക്ക് വുളു എടുത്തു. അംറ് (നിവേദകന്‍) അതിനെ ലഘുവാക്കികൊണ്ട് കാണിച്ചു. അനന്തരം തിരുമേനി(സ) നമസ്ക്കരിക്കാന്‍ നിന്നു. അപ്പോള്‍ തിരുമേനി വുളു എടുത്തതുപോലെ ഞാനും വുളു എടുത്തു. എന്നിട്ട് അവിടുത്തെ ഇടതുഭാഗത്തു ചെന്നു നിന്നു. (സൂഫ്യാന്‍ (മറ്റൊരു നിവേദകന്‍) ചിലപ്പോള്‍ പറഞ്ഞത് ശിമാല്‍എന്നാണ്) അപ്പോള്‍ തിരുമേനി(സ) എന്നെ വലതുഭാഗത്തേക്കാക്കുകയും എന്നിട്ട് കുറച്ച് നമസ്കരിക്കുകയും ചെയ്തു. ശേഷം അവിടുന്ന് ചെരിഞ്ഞു കിടന്നു. കൂര്‍ക്കം വലിക്കുന്നതുവരെ ഉറങ്ങി. പിന്നീട് ബാങ്കു വിളിക്കാരന്‍ വന്നു നമസ്കാരത്തിന് ബാങ്ക് വിളിച്ചു. അപ്പോള്‍ അവിടുന്നു നമസ്കരിക്കുവാന്‍ അയാളുടെ കൂടെ പുറപ്പെട്ടു. (പുതിയ) വുളു എടുക്കാതെ നമസ്ക്കരിക്കുകയും ചെയ്തു. അംറിനോട് ഞങ്ങള്‍ പറഞ്ഞു. ചില ആളുകള്‍ പറയുന്നു: അല്ലാഹുവിന്റെ ദൂതന്റെ കണ്ണു ഉറങ്ങുന്നു, എന്നാല്‍ ഹൃദയം ഉറങ്ങുന്നില്ല. അംറ് പറഞ്ഞു: ഉബൈദുല്ല പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. പ്രവാചകന്മാരുടെ സ്വപ്നം ദിവ്യസന്ദേശമാണ്. എന്നിട്ട് അദ്ദേഹം പാരായണം ചെയ്തു. നിശ്ചയം നിന്നെ അറുക്കുന്നവനായി ഞാനിതാ സ്വപ്നത്തില്‍ കാണുന്നു. (ബുഖാരി. 1. 4. 140)

5) ഉസാമത്ബ്നു സൈദ്(റ) നിവേദനം: തിരുമേനി(സ) അറഫയില്‍ നിന്ന് പുറപ്പെട്ടു. അങ്ങനെ വഴിയിലുള്ള മലയിടുക്കില്‍ എത്തിയപ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങി മൂത്രമൊഴിച്ചു. ശേഷം വുളു എടുത്തു. പക്ഷെ വുളു പൂര്‍ത്തിയാക്കിയില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ? നമസ്കാരത്തിന്റെ സമയമാണല്ലോ. അവിടുന്നു പറഞ്ഞു: നമസ്കാരം നിന്റെ മുമ്പിലാണ്. (കുറച്ചു പോയിട്ട് നമസ്ക്കരിക്കാം. അങ്ങനെ മുസ്ദലിഫയിലെത്തിയപ്പോള്‍ അവിടെയിറങ്ങി വുളുചെയ്തു. വുളു പൂര്‍ണ്ണമാക്കുകയും ചെയ്തു. പിന്നെ ഇഖാമത്ത് കൊടുത്തപ്പോള്‍ അവിടുന്ന് മഗ്രിബ് നമസ്ക്കരിച്ചു. ശേഷം എല്ലാവരും അവരുടെ ഒട്ടകങ്ങളെ അവരുടെ താവളങ്ങളിലേക്ക് കൊണ്ട്പോയി വിട്ടു. പിന്നെ ഇശാ നമസ്ക്കാരത്തിന് ഇഖാമത്ത് കൊടുത്തപ്പോള്‍ അവിടുന്ന് ഇശാ നമസ്ക്കരിച്ചു. അവയ്ക്കിടയില്‍ വേറെ യാതൊന്നും നമസ്ക്കരിച്ചില്ല. (ബുഖാരി. 1. 4. 141)

6) ഇബ്നു അബ്ബാസ്(റ) നിവേദനം: അദ്ദേഹം ഒരിക്കല്‍ വുളു എടുത്തു. ഒരു കൈ കൊണ്ട് ഒരു കോരല്‍ വെള്ളമെടുത്ത് കുലുക്കുഴിയുകയും മൂക്കില്‍ കയറ്റുകയും ചെയ്തു. പിന്നീട് ഒരു കോരല്‍ വെള്ളമെടുത്ത് മറ്റേ കൈയോട് ചേര്‍ത്ത് രണ്ടു കൈകൊണ്ടും കൂടി മുഖം കഴുകി. പിന്നെ ഒരു കോരല്‍ വെള്ളമെടുത്ത് വലതുകൈ കഴുകി. ഒരു കോരല്‍ വെള്ളമെടുത്ത് ഇടതുകൈയും കഴുകി. അനന്തരം തല തടവി. പിന്നെ ഒരു കോരല്‍ വെള്ളമെടുത്ത് വലതുകാലിന്മേല്‍ കുടഞ്ഞു. അതു കഴുകി. എന്നിട്ട് മറ്റൊരു കോരല്‍ വെള്ളമെടുത്ത് ഇടതുകാലും കഴുകി ശേഷം അദ്ദേഹം പ്രസ്താവിച്ചു. നബി(സ) ഇപ്രകാരം വുളു ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 4. 142)

7) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു. നിങ്ങളില്‍ ആരെങ്കിലും തന്റെ ഭാര്യയെ സമീപിക്കുമ്പോള്‍ അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹുവേ! ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യുന്നതില്‍ നിന്നും പിശാചിനെ അകറ്റേണമേ! എന്നു പ്രാര്‍ത്ഥിക്കുകയും അങ്ങനെ അവര്‍ക്ക് ഒരു സന്താനം വിധിക്കപ്പെടുകയും ചെയ്താല്‍ അതിനെ പിശാച് ദ്രോഹിക്കുകയില്ല. ( (ബുഖാരി. 1. 4. 143)

8) അനസ്(റ) നിവേദനം: തിരുമേനി(സ) മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍, അല്ലാഹുവേ! അല്ലാതരം ആണ്‍, പെണ്‍ മലിനവസ്തുക്കളില്‍ നിന്ന് ഞാന്‍ നിന്നോട് അഭയം പ്രാപിക്കുന്നു എന്നു പ്രാര്‍ത്ഥിക്കാറുണ്ട്. (ബുഖാരി. 1. 4. 144)

9) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കല്‍ നബി(സ) മലമൂത്ര വിസര്‍ജ്ജനസ്ഥലത്തു പ്രവേശിച്ചപ്പോള്‍ ഞാന്‍ ശുദ്ധിയാക്കുവാനുള്ള വെള്ളം കൊണ്ടു പോയി വെച്ചുകൊടുത്തു. അവിടുന്നു ചോദിച്ചു; ആരാണിത് കൊണ്ടുവെച്ചത്? ഇബ്നുഅബ്ബാസാണെന്ന് ആരോപറഞ്ഞു: അപ്പോള്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു. അല്ലാഹുവെ! നീ അവന് മതത്തില്‍ വിജ്ഞാനം നല്‍കേണമേ. (ബുഖാരി. 1. 4. 145)

10) അബു ആയ്യൂബില്‍ അന്‍സാരി(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ വല്ലവനും മലമൂത്രവിസര്‍ജ്ജനസ്ഥലത്തു ചെന്നാല്‍ ഖിബ്ലക്ക് അഭിമുഖമായിട്ടോ പുറം തിരിഞ്ഞോ ഇരിക്കരുത്. നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുക. (ബുഖാരി. 1. 4. 146)

11) അബ്ദുല്ലാഹിബ്നു ഉമര്‍(റ) നിവേദനം: അദ്ദേഹം പറയാറുണ്ടായിരുന്നു. ചില മനുഷ്യരിതാ പറയുന്നു: നീ മലമൂത്ര വിസര്‍ജ്ജനത്തിനിരുന്നാല്‍ കഅ്ബ:യുടെ നേരെയോ ബൈത്തുല്‍ മുഖദ്ദസിന്റെ നേരെയോ തിരിഞ്ഞിരിക്കരുത്. ഒരു ദിവസം ഞാന്‍ ഞങ്ങളുടെ ഒരു വീടിന്റെ മുകളില്‍ കയറിയപ്പോള്‍ ബൈത്തുല്‍ മുഖദ്ദസിന്റെ നേരെ തിരിഞ്ഞു രണ്ടു ഇഷ്ടികയിന്മേല്‍ ഇരു
ന്നുകൊണ്ട് നബി(സ) മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു. (ബുഖാരി. 1. 4. 147)

12) ആയിശ(റ) നിവേദനം: തിരുമേനിയുടെ പത്നിമാര്‍ മലമൂത്രവിസര്‍ജ്ജനത്തിനു വേണ്ടി രാത്രിയില്‍ മനാസ്വിഅ്ലേക്ക് പോകാറുണ്ടായിരുന്നു. തുറന്ന് കിടക്കുന്ന വിശാലമായ മൈതാനമാണത്. ഉമര്‍(റ) നബിയോട് പറയാറുണ്ട്. അങ്ങയുടെ പത്നിമാര്‍ക്ക് താങ്കള്‍ മറ സ്വീകരിക്കുക. എന്നാല്‍ നബി(സ) അതു ചെയ്യാറുണ്ടായിരുന്നില്ല. അങ്ങനെ ഒരു ദിവസം ഇശാ സമയത്ത് സംഅയുടെ പുത്രിയും നബി(സ)യുടെ ഭാര്യയുമായ സൌദ മലമൂത്ര വിസര്‍ജ്ജനത്തിന് പുറപ്പെടുകയുണ്ടായി. അവര്‍ ഒരു പൊക്കമുള്ള സ്ത്രീയായിരുന്നു. തന്നിമിത്തം ഉമര്‍(റ) വഴിക്ക് വെച്ച് അവരെ വിളിക്കുകയും ഹേ! സൌദാ! ഞങ്ങള്‍ നിങ്ങളെ അറിഞ്ഞിരിക്കുന്നു എന്നു പറയുകയും ചെയ്തു. മറയുടെ നിയമം ഇറങ്ങുവാന്‍ ആഗ്രഹിച്ചുകൊണ്ടായിരുന്നു. ഉമര്‍(റ) ഇപ്രകാരം വിളിച്ചുപറഞ്ഞത്. അപ്പോള്‍ അല്ലാഹു മറയുടെ കല്പന അവതരിപ്പിച്ചു. (ബുഖാരി. 1. 4. 148)

13) ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളുടെ ആവശ്യത്തിന് നിങ്ങള്‍ക്ക് പുറത്തുപോകുവാന്‍ അനുവാദം തന്നിരിക്കുന്നു. ഹിശ്ശാമ് പറയുന്നു. അതായത് മലമൂത്രവിസര്‍ജ്ജനത്തിന്. (ബുഖാരി. 1. 4. 149)

14) ഇബ്നുഉമര്‍(റ) നിവേദനം: എന്റെ ചില ആവശ്യത്തിനുവേണ്ടി ഹഫ്സ(റ)യുടെ വീട്ടിന് മുകളില്‍ ഞാന്‍ കയറി. അപ്പോള്‍ തിരുമേനി(സ) ഖിബ്ലക്ക് പിന്നിട്ടു ശാമിന്റെ നേരെ തിരിഞ്ഞു മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നത് ഞാന്‍ കണ്ടു. (ബുഖാരി. 1. 4. 150)

15) അനസ്(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ മലമൂത്ര വിസര്‍ജ്ജനത്തിനു പോയാല്‍ ഞാനും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു ബാലനും തിരുമേനിക്ക് വെള്ളം കൊണ്ടുപോയി വെച്ചുകൊടുക്കാറുണ്ട്. മറ്റൊരു നിവേദനത്തില്‍ വെള്ളവും ഒരു വടിയും എന്നു പറയുന്നു. അങ്ങനെ ആ വെള്ളം കൊണ്ടുതിരുമേനി(സ) ശൌച്യം ചെയ്യും. (ബുഖാരി. 1. 4. 152)

16) അബൂഖതാദ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും കുടിക്കുമ്പോള്‍ ആ പാത്രത്തിലേക്ക് ശ്വാസം വിടാതിരിക്കട്ടെ. മലമൂത്ര വിസര്‍ജ്ജനസമയത്ത് ചെന്നാല്‍ വലം കൈകൊണ്ട് ശുചീകരിക്കുകയോ വലം കൈ കൊണ്ട് ലിംഗത്തെ തൊടുകയോ ചെയ്യരുത്. (ബുഖാരി. 1. 4. 155)

17) അബൂഖതാദ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും മൂത്രിക്കുകയാണെങ്കില്‍ വലം കൈ കൊണ്ട് ശൌച്യം ചെയ്യുകയോപാത്രത്തില്‍ ശ്വാസം വിടുകയോ ചെയ്യരുത്. (ബുഖാരി. 1. 4. 156)

18) അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) മലമൂത്ര വിസര്‍ജ്ജനത്തിനു പുറപ്പെട്ടപ്പോള്‍ പിന്നാലെ ഞാനും പോയി. തിരുമേനി തിരിഞ്ഞു നോക്കിയിരുന്നില്ല. അങ്ങനെ ഞാന്‍ അടുത്തെത്തിയപ്പോള്‍ അവിടുന്ന് അരുളി: എനിക്ക് ശുദ്ധീകരിക്കാന്‍ കുറച്ച് കല്ല് അന്വേഷിച്ച് നോക്കിക്കൊണ്ടു വരൂ. അല്ലെങ്കില്‍ അതുപോലെയുള്ളൊരു വാക്കു പറഞ്ഞു. പക്ഷെ, എല്ലോ കാഷ്ഠമോ കൊണ്ടു വരരുത്. അങ്ങനെ എന്റെ വസ്ത്രത്തിന്റെ ഒരറ്റത്ത് കുറച്ച് കല്ലുകള്‍ പെറുക്കിയിട്ട് കൊണ്ടുവന്നിട്ട് തിരുമേനി ഇരിക്കുന്നതിന്റെ ഒരു ഭാഗത്ത് വെച്ചിട്ട് ഞാന്‍ പിന്മാറിക്കളഞ്ഞു. മലമൂത്ര വിസര്‍ജ്ജനം ചെയ്തു കഴിഞ്ഞപ്പോള്‍ ആ കല്ലുകളുപയോഗിച്ച് അവിടുന്നു ശുചീകരിച്ചു. (ബുഖാരി. 1. 4. 157)

19) ഇബ്നുമസ്ഊദ്(റ) നിവേദനം: തിരുമേനി(സ) മലമൂത്ര വിസര്‍ജ്ജനത്തിന് പുറപ്പെട്ടപ്പോള്‍ എന്നോട് മൂന്ന് കല്ല് കൊണ്ടു വരാന്‍ നിര്‍ദ്ദേശിച്ചു. എനിക്ക് രണ്ടു കല്ല് കിട്ടി. മൂന്നാമത്തെ കല്ല് ഞാന്‍ അന്വേഷിച്ചുവെങ്കിലും അതു ലഭിച്ചില്ല. അപ്പോള്‍ ഒരു മൃഗത്തിന്റെ കാഷ്ഠം എടുത്തിട്ട് അതുകൊണ്ട് തിരുമേനിയുടെ അടുക്കല്‍ ഞാന്‍ ചെന്നു. തിരുമേനി(സ) ആ രണ്ട് കല്ല് എടുത്തിട്ട് അശുദ്ധമെന്നു പറഞ്ഞു കാഷ്ഠം എറിഞ്ഞു കളഞ്ഞു. (ബുഖാരി. 1. 4. 158)

20) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) വുളുവിന്റെ അവയവങ്ങള്‍ ഓരോ പ്രാവശ്യം വീതം കഴുകിയിട്ടുണ്ട്. (ബുഖാരി. 1. 4. 159)

21) അബ്ദുല്ലാഹിബ്നു സെയ്ദ്(റ) നിവേദനം: തിരുമേനി(സ) വുളുവിന്റെ കര്‍മ്മങ്ങള്‍ രണ്ട് പ്രാവശ്യം വീതം നിര്‍വ്വഹിച്ചിട്ടുണ്ട്. (ബുഖാരി. 1. 4. 160)

22) ഉസ്മാനുബ്നു അഫാന്‍(റ) നിവേദനം: അദ്ദേഹം ഒരിക്കല്‍ ഒരു പാത്രം (വെള്ളം) കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് ആ വെള്ളം ഒഴിച്ച് മൂന്ന് പ്രാവശ്യം അദ്ദേഹം തന്റെ രണ്ടു കൈപടങ്ങളും കഴുകി. ശേഷം തന്റെ വലം കൈ പാത്രത്തില്‍ ഇട്ട് വെള്ളമെടുത്ത് കുലുക്കുഴിയുകയും മൂക്ക് പിഴിഞ്ഞു കളയുകയും ചെയ്തു. അനന്തരം മുഖവും മുട്ടു വരെ രണ്ടു കയ്യും മൂന്നു പ്രാവശ്യം വീതം കഴുകി. ശേഷം അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി : ഏതൊരാള്‍ ഞാന്‍ ചെയ്ത് കാണിച്ച ഇതേ പ്രകാരം വുളുചെയ്തു. എന്നിട്ടു രണ്ടു രണ്ടു റക്കഅത്തു നമസ്കരിച്ചു. ആ നമസ്കാരത്തിനിടയില്‍ തന്റെ മനസ്സില്‍ മറ്റു ചിന്തകള്‍ക്കൊന്നും പ്രവേശനം നല്‍കിയില്ല. എന്നാല്‍ അവന്‍ മുമ്പ് ചെയ്ത കുറ്റങ്ങളില്‍ നിന്ന് അല്ലാഹു അവന് പൊറുത്തുകൊടുക്കും. (ബുഖാരി. 1. 4. 161)

23) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും വുളു ചെയ്താല്‍ വെള്ളം മൂക്കില്‍ കയറ്റി അവന്‍ ചീറ്റട്ടെ. വല്ലവനും കല്ല് കൊണ്ട് ശൌച്യം ചെയ്യുന്ന പക്ഷം അവന്‍ അതിനെ ഒറ്റയാക്കുകയും ചെയ്യട്ടെ. (ബുഖാരി. 1. 4. 162)

24) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും വുളു എടുക്കുകയാണെങ്കില്‍ അവന്‍ മൂക്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് ചീറ്റട്ടെ. കല്ലുകൊണ്ട് ശൌച്യം ചെയ്യുന്നപക്ഷം അവന്‍ ഒറ്റയാക്കട്ടെ. വല്ലവനും ഉറക്കില്‍ നിന്നു ഉണര്‍ന്നെഴുന്നേറ്റാല്‍ വുളുവിന്റെ വെള്ളത്തില്‍ കൈ ഇടും മുമ്പ് തന്റെ കൈ അവന്‍ കഴുകട്ടെ. കാരണം രാത്രി തന്റെ കൈ എവിടെയാണ് വെച്ചിരുന്നതെന്ന് നിങ്ങളില്‍ ആര്‍ക്കും അറിയുവാന്‍ കഴിയുകയില്ല. (ബുഖാരി. 1. 4. 163)

25) മഹമ്മദ്ബ്നു സിയാദ് നിവേദനം: ഒരു പാത്രത്തില്‍ നിന്ന് ജനങ്ങള്‍ വുളു എടുക്കുന്ന സന്ദര്‍ഭത്തില്‍ അബൂഹുറൈറ(റ) ഞങ്ങളുടെ അടുത്തുകൂടി നടന്നു പോവുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറയുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ വുളു പൂര്‍ത്തിയാക്കുവീന്‍. നിശ്ചയം അബൂഖാസിം (നബി) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. മടമ്പിന്‍ കാലുകള്‍ക്ക് നരകത്തില്‍ നിന്ന് ശിക്ഷയുണ്ട്. (ബുഖാരി. 1. 4. 166)

26) ഉമ്മു അതിയ്യ(റ) നിവേദനം: തിരുമേനി(സ)യുടെ മകളെ (മയ്യിത്ത്) കുളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ അവിടുന്നു അവരോട് പറഞ്ഞു. അവളുടെ വലഭാഗവും വുളുവിന്റെ സ്ഥലങ്ങളും കൊണ്ട് നിങ്ങള്‍ ആരംഭിക്കുവീന്‍. (ബുഖാരി. 1. 4. 168)

27) ആയിശ(റ) നിവേദനം: കാലില്‍ ചെരിപ്പ് ധരിക്കുക. മുടി വാര്‍ന്നു വെക്കുക, വെള്ളം കൊണ്ട് ശുദ്ധീകരിക്കുക എന്നുവേണ്ട തന്റെ എല്ലാ കാര്യങ്ങളും വലതുഭാഗം കൊണ്ട് തുടങ്ങുന്നതിനെ നബി(സ) ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി. 1. 4. 169)

28) അനസ്(റ) നിവേദനം: ഞാനൊരിക്കല്‍ തിരുമേനി(സ)യെ ഈ സ്ഥിതിയില്‍ കണ്ടു. അസര്‍ നമസ്കാരം അടുത്തിരിക്കുന്നു. ആളുകള്‍ വെള്ളമന്വേഷിക്കുവാന്‍ തുടങ്ങി. എന്നിട്ടവര്‍ക്ക് ലഭിച്ചില്ല. അന്നേരം തിരുമേനിയുടെ അടുക്കല്‍ ഒരു പാത്രത്തില്‍ വുളുവിനുള്ള വെള്ളം കൊണ്ടു വരപ്പെട്ടു. തിരുമേനി(സ) തന്റെ കൈ ആ പാത്രത്തിലിട്ടു. എന്നിട്ട് അതില്‍ നിന്ന് വെള്ളമെടുത്തു വുളു ഉണ്ടാക്കാന്‍ ജനങ്ങളോട് കല്‍പ്പിച്ചു. അനസ്(റ) പറയുന്നു. അന്നേരം തിരുമേനി(സ)യുടെ വിരലുകളുടെ താഴ്ഭാഗത്ത് നിന്ന് വെള്ളം ഉല്‍ഭവിക്കുന്നത് ഞാന്‍ കണ്ടു. അങ്ങനെ അവരെല്ലാം വുളു ചെയ്തു. (ബുഖാരി. 1. 4. 170)

29) അനസ്(റ) നിവേദനം: തിരുമേനി തന്റെ മുടി (ഹജ്ജത്തൂല്‍ വദാഇല്‍) കളഞ്ഞപ്പോള്‍ അബൂത്വല്‍ഹയാണ് തിരുമേനിയുടെ മുടിയില്‍ നിന്ന് ആദ്യമായി അല്‍പമെടുത്തത്. (ബുഖാരി. 1. 4. 172)

30) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരുടെയെങ്കിലും പാത്രത്തില്‍ നിന്ന് നായ കുടിച്ചാല്‍ ആ പാത്രം അവന്‍ ഏഴ് പ്രാവശ്യം കഴുകട്ടെ. (ബുഖാരി. 1. 4. 173)

31) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ് തിന്നുന്നത് ഒരു മനുഷ്യന്‍ കണ്ടു. ഉടനെ ആ മനുഷ്യന്‍ തന്റെ ഷൂ എടുത്തു വെള്ളം കോരിയിട്ട് ആ നായക്ക് ദാഹം മാറുന്നതുവരെ കുടിക്കാന്‍ കൊടുത്തു. അക്കാരണത്താല്‍ അല്ലാഹു അവനോട് നന്ദികാണിക്കുകയും അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. (ബുഖാരി. 1. 4. 174)

32) അദിയ്യ്(റ) നിവേദനം: ഞാനൊരിക്കല്‍ തിരുമേനി(സ) യോട് (വേട്ടനായയെക്കുറിച്ച്) ചോദിച്ചു. അപ്പോള്‍ അവിടുന്നു അരുളി: പരിശീലനം നല്‍കിയ നിന്റെ നായയെ നീ വേട്ടക്ക് ഊരിവിടുകയും എന്നിട്ട് അത് ജീവിയെ വധിക്കുകയും ചെയ്താല്‍ നീ അതു ഭക്ഷിക്കുക. ആ നായ അതില്‍ നിന്ന് ഭക്ഷിച്ചാല്‍ നീ അതു ഭക്ഷിക്കരുത്. കാരണം അതിന് തിന്നാന്‍ വേണ്ടിയാണത് പിടിച്ചിരിക്കുന്നത്. ഞാന്‍ ചോദിച്ചു; ഞാനെന്റെ നായയെ അയക്കും. എന്നിട്ട് അതിന്റെ കൂടെ മറ്റൊരു നായയെ ചിലപ്പോള്‍ ഞാന്‍ കാണാറുണ്ട്. അവിടുന്നു പറഞ്ഞു. നീ അതു ഭക്ഷിക്കരുത്. കാരണം നിന്റെ നായയെ മാത്രമാണ് നീ ബിസ്മി ചൊല്ലി അയച്ചിട്ടുളളത്. മറ്റെ നായയെ നീ ബിസ്മി ചൊല്ലി അയച്ചിട്ടില്ല. (ബുഖാരി. 1. 4. 175)

33) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരം പ്രതീക്ഷിച്ചുകൊണ്ട് പള്ളിയില്‍ തന്നെ ഒരാള്‍ കഴിച്ചുകൂട്ടുകയാണെങ്കില്‍ അവന്‍ നസ്കാരത്തില്‍ തന്നെയാണ്. അവന്റെ വുളു മുറിയാത്ത പക്ഷം. അപ്പോള്‍ ഒരു അനറബിയായ മനുഷ്യന്‍ ചോദിച്ചു. ഹേ! അബൂഹുറൈറാ, എന്താണ് വുളു മുറിയിക്കല്‍? അദ്ദേഹം പറഞ്ഞു. ശബ്ദം അഥവാ അപശബ്ദം. (ബുഖാരി. 1. 4. 176)

34) അബ്ബാദ്ബ്നുതമീമ് തന്റെ പിതൃവ്യനില്‍ നിന്ന് നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുളി: ശബ്ദം കേള്‍ക്കുകയോ അല്ലെങ്കില്‍ വാസന അനുഭവപ്പെടുകയോ ചെയ്യുന്നതുവരെ അവന്‍ പിരിഞ്ഞുപോകരുത്. (ബുഖാരി. 1. 4. 177)

35) സെയ്ദിബ്നുഖാലിദ്(റ) നിവേദനം: അദ്ദേഹം ഒരിക്കല്‍ ഉസ്മാനുബ്നുഅഫാന്‍(റ)നോട് ചോദിച്ചു. ഒരാള്‍ സംയോഗം ചെയ്തിട്ട് ഇന്ദ്രിയം പുറപ്പെട്ടില്ലെങ്കില്‍ അവന്‍ കുളിക്കേണ്ടതുണ്േടാ? നിങ്ങളുടെ അഭിപ്രായമെന്താണ്? ഉസ്മാന്‍(റ) പറഞ്ഞു. അവന്‍ നമസ്കാരത്തിനു വേണ്ടി വുളു എടുക്കുന്നതു പോലെ വുളു എടുക്കുകയും ലിംഗം കഴുകുകയും ചെയ്യുക. (കുളിക്കേണ്ടതില്ല). ഉസ്മാന്‍(റ) പറയുന്നു. ഇതു ഞാന്‍ നബി(സ) യില്‍ നിന്ന് കേട്ടതാണ്. സെയ്ദ്ബ്നുഖാലിദ് പറയുന്നു. ഇതിനെക്കുറിച്ച് ഞാന്‍ അലി, സൂബൈര്‍, ത്വല്‍ഹ: ഉബ്ബയ്യ്ബ്നു കഅ്ബ എന്നിവരോട് ചോദിച്ചു. അപ്പോള്‍ അവരും അതു തന്നെയാണ് കല്‍പ്പിച്ചത്. (ബുഖാരി. 1. 4. 179)

36) അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഒരു അന്‍സാരിയുടെ അടുക്കലേക്ക് ഒരാളെ അയച്ചു. ഉടനെ അദ്ദേഹം വന്നു. അദ്ദേഹത്തിന്റെ തലയില്‍ നിന്ന് വെള്ളം ഉറ്റി വീഴുന്നുണ്ടായിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു. നാം നിന്നെ ധൃതിപ്പെടുത്തിയെന്ന് തോന്നുന്നു. അദ്ദേഹം പറഞ്ഞു. അതെ. അന്നേരം നബി(സ) പറഞ്ഞു. നീ ധൃതിപ്പെട്ടാല്‍ അല്ലെങ്കില്‍ ഇന്ദ്രിയം സ്ഖലിക്കുന്നതിനു മുമ്പായി വിരമിച്ചാല്‍ നീ വുളു എടുക്കലാണ് നിനക്ക് നിര്‍ബന്ധം. (ബുഖാരി. 1. 4. 180)

37) ഉസാമത്ബ്നു സെയ്ദ്(റ) നിവേദനം: തിരുമേനി(സ) അറഫായില്‍ നിന്ന് മടങ്ങിയപ്പോള്‍ ഒരു മലയുടെ ചെരിവിലേക്ക് മാറി മലമൂത്രവിസര്‍ജ്ജനം ചെയ്തു. ഉസാമ(റ) പറയുന്നു ശേഷം നബി(സ) വുളു എടുക്കാന്‍ തുടങ്ങി. ഞാന്‍ വെള്ളം ചൊരിഞ്ഞു കൊണ്ടിരുന്നു. ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! അങ്ങു നമസ്കരിക്കുന്നുവോ? അവിടുന്നു അരുളി: നമസ്കാരം നിന്റെ മുമ്പിലാണ്. (ബുഖാരി. 1. 4. 181)

38) മുഗീറ(റ) നിവേദനം: അദ്ദേഹം ഒരു യാത്രയില്‍ തിരുമേനി(സ) യോടൊപ്പമുണ്ടായിരുന്നു. തിരുമേനി(സ) മലമൂത്ര വിസര്‍ജ്ജനാവശ്യത്തിനു വേണ്ടി പുറപ്പെട്ടു. തിരുമേനി(സ) തിരിച്ചു വന്നു. വുളു ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ മുഗീറ തിരുമേനിക്ക് വെള്ളമൊഴിച്ചു കൊടുക്കാന്‍ തുടങ്ങി. അങ്ങനെ അവിടുന്ന് മുഖവും രണ്ടു കയ്യും കഴുകി. തല തടവി. ബൂട്ട്സിന്മേലും കൈകൊണ്ടു തടവി. (ബുഖാരി. 1. 4. 182)

39) അംറ്ബ്നു അബീഹസന്‍(റ) നിന്ന് നിവേദനം: അദ്ദേഹം ഒരിക്കല്‍ അബ്ദുല്ലാഹിബ്നു സെയ്ദിനോട് തിരുമേനി(സ)യുടെ വുളുവിനെ സംബന്ധിച്ച് ചോദിക്കുകയുണ്ടായി. അപ്പോള്‍ അബ്ദുല്ലാഹിബ്നു സെയ്ദ് ചെറിയ ഒരു ഭരണി വെള്ളം കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് നബി(സ) വുളു എടുത്തിരുന്നതുപോലെ അവര്‍ക്ക് വുളു എടുത്തു കാണിച്ചു കൊടുക്കുകയും ചെയ്തു. അതായത് ആ ഭരണിയില്‍ നിന്ന് വെള്ളം ചൊരിഞ്ഞു മൂന്നു പ്രാവശ്യം മുന്‍കൈകള്‍ കഴുകി. എന്നിട്ട് ഒരു കൈ ആ ഭരണിയില്‍ ഇട്ടു മൂന്നു പ്രാവശ്യം കുലുക്കുഴിയുകയും മൂക്കില്‍ വെളളം കയറ്റുകയും പീഞ്ഞു കളയുകയും ചെയ്തു. പിന്നീട് ഒരു കൈ ഇട്ട് മൂന്നു പ്രാവശ്യം മുഖം കഴുകി. പിന്നീട് ഒരു കൈ ഇട്ട് കൈകള്‍ മുട്ടുവരെ രണ്ടു പ്രാവശ്യം വീതം കഴുകി. പിന്നീട് ഒരു കൈ ഇട്ട് രണ്ടു കൈ കൊണ്ട് തല തടവി. അതായത് രണ്ടു കൈകൊണ്ടു മുന്നോട്ടും പിന്നോട്ടും ഒരു പ്രാവശ്യം തടവി. പിന്നീട് കാലുകള്‍ നെരിയാണി വരെ കഴുകി. (ബുഖാരി. 1. 4. 186)

40) അബൂജൂഹൈഫ:(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഉച്ചസമയത്ത് ഞങ്ങളുടെ അടുക്കല്‍ വരികയുണ്ടായി അന്നേരം അവിടുത്തേക്ക് വുളു എടുക്കുവാന്‍ വെള്ളം കൊണ്ടു വരപ്പെട്ടു. അപ്പോള്‍ അവിടുന്നു വുളു ചെയ്തു. അപ്പോള്‍ ജനങ്ങള്‍ അവിടുത്തെ വുളുവിന്റെ ബാക്കി വെള്ളം എടുക്കുവാനും അതു കൊണ്ടു തടവാനും തുടങ്ങി. എന്നിട്ട് നബി(സ) ളുഹ്റും അസറും ഈ രണ്ടു റക്കഅത്തു വീതം നമസ്കരിച്ചു. അവിടുത്തെ മുമ്പില്‍ ഒരു വടിയുണ്ടായിരുന്നു. (ബുഖാരി. 1. 4. 187)

41) അബൂമൂസാ(റ) പറയുന്നു. തിരുമേനി ഒരു കോപ്പ വെള്ളം കൊണ്ടു വരാന്‍ ആവശ്യപ്പെടുകയും എന്നിട്ട് കൈകളും മുഖവും കഴുകുകയും അതില്‍ തുപ്പുകയും ചെയ്തു. അനന്തരം പറഞ്ഞു. നിങ്ങള്‍ രണ്ടു പേരും ഇതില്‍ നിന്ന് കുടിക്കുകയും നിങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കുകയും ചെയ്യുവീന്‍. (ബുഖാരി. 1. 4. 187)

42) മിസ്വര്‍(റ) നിവേദനം ചെയ്യുന്നു. തിരുമേനി(സ) വുളു ചെയ്താല്‍ അവിടുത്തെ വുളുവിന്റെ വെള്ളം ലഭിക്കുവാന്‍ വേണ്ടി അനുചരന്മാര്‍ സമരം ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 1. 4. 188)

43) സാഇദ്ബ്നു യസീദ്(റ) നിവേദനം: എന്റെ മാതൃസഹോദരി എന്നെയും കൊണ്ടു തിരുമേനി(സ)യുടെ അടുക്കല്‍ ചെന്നു. എന്നിട്ടവര്‍ പറഞ്ഞു. ദൈവദൂതരേ! എന്റെ സഹോദരി പുത്രന് കാലില്‍ വലിയ വേദനയുണ്ട്. അപ്പോള്‍ തിരുമേനി എന്റെ തല തടവുകയും എനിക്ക് നന്മയുണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് തിരുമേനി(സ) വുളു ചെയ്തു. അപ്പോള്‍ തിരുമേനി(സ) വുളു ചെയ്തു അവശേഷിച്ച വെള്ളത്തില്‍ നിന്ന് അല്പമെടുത്ത് ഞാന്‍ കുടിച്ചു. എന്നിട്ട് തിരുമേനിയുടെ പിന്നില്‍ നിന്നു. അന്നേരം പ്രവാചകത്വത്തില്‍ സീല്‍ തിരുമേനിയുടെ ഇരു കൈപലകകള്‍ക്കിടയില്‍ പതിഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. പ്രാവിന്റെ മുട്ടപോലെ. (ബുഖാരി. 1. 4. 189)

44) ജാബിര്‍(റ) നിവേദനം: ഞാന്‍ അബോധാവസ്ഥയില്‍ രോഗിയായി കിടക്കുമ്പോള്‍ തിരുമേനി(സ) എന്നെ സന്ദര്‍ശിക്കുവാന്‍ വന്നു. എന്നിട്ട് അവിടുന്ന് വുളു എടുക്കുകയും അവിടുത്തെ വുളുവിന്റെ വെള്ളത്തില്‍ നിന്ന് എന്റെ മേല്‍ ഒഴിക്കുകയും ചെയ്തു. അപ്പോള്‍ എനിക്ക് ബോധം വന്നു. അന്നേരം ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ആര്‍ക്കാണ് എന്റെ അനന്തരസ്വത്ത്? മാതാപിതാക്കളും സന്താനങ്ങളും ഒഴികെയുള്ളവരാണ് എന്റെ അവകാശികള്‍. ആ സന്ദര്‍ഭത്തില്‍ അനന്തരാവകാശനിയമം സംബന്ധിച്ചുള്ള ആയത്തു അവതരിപ്പിച്ചു. (ബുഖാരി. 1. 4. 193)

45) അനസ്(റ) നിവേദനം: ഒരിക്കല്‍ നമസ്കാരസമയം ആസന്നമായി. അപ്പോള്‍ പള്ളിക്കടുത്തു താമസിക്കുന്നവരെല്ലാം അവരവരുടെ വീടുകളിലേക്ക് പോയി. കുറച്ചാളുകള്‍ അവശേഷിച്ചു. അപ്പോള്‍ തിരുമേനി(സ)യുടെ അടുക്കല്‍ കല്ലിന്റെ ഒരു പാത്രത്തില്‍ വെള്ളം കൊണ്ടു വന്നു. കൈ അതിലിട്ടു കഴുകാന്‍ മാത്രം ആ പാത്രം വലിപ്പമുണ്ടായിരുന്നില്ല. എന്നിട്ടു അവരെല്ലാം അതുകൊണ്ട് വുളു ചെയ്തു. നിങ്ങള്‍ എത്ര പേരുണ്ടായിരുന്നുവെന്ന് അനസിനോട് ചോദിക്കപ്പെട്ടു. എണ്‍പതില്‍പരം ആളുകളുണ്ടായിരുന്നുവെന്നു അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി. 1. 4. 194)

46) അബ്ദുല്ലാഹിബ്നു സെയ്ദ്(റ) നിവേദനം: നബി(സ) ഒരിക്കല്‍ ഞങ്ങളുടെ അടുക്കല്‍ വന്നു. ഞങ്ങള്‍ ചെമ്പുകൊണ്ടുള്ള ഒരു ചെറിയ ഭരണിയില്‍ കുറച്ചു വെള്ളം എടുത്തു കൊടുത്തു. അപ്പോള്‍ അവിടുന്നു വുളു എടുത്തു മുഖം മൂന്നു പ്രാവശ്യം കഴുകുകയും തല മുന്നോട്ടും പിന്നോട്ടും തടവുകയും കാലുകള്‍ തടവുകയും ചെയ്തു. (ബുഖാരി. 1. 4. 196)

47) അനസ്(റ) നിവേദനം: തിരുമേനി(സ) ഒരു സ്വാഅ് മുതല്‍ അഞ്ച് മുദ്ദ് വരെയുള്ള വെള്ളം കൊണ്ട് കുളിക്കുകയും ഒരു മുദ്ദ് വെള്ളം കൊണ്ട് വുളു എടുക്കുകയും ചെയ്തിരുന്നു. (ബുഖാരി. 1. 4. 200)

48) സഅ്ദ്ബ്നു അബീ വഖാസ്(റ) നിവേദനം: തിരുമേനി(സ) (വുളു എടുക്കുമ്പോള്‍ കാല്‍ കഴുകുന്നതിന് പകരം) രണ്ടു ഷൂവിന്മേല്‍ തടവി. നിശ്ചയം ഇബ്നുഉമര്‍(റ) ഇതിനെ സംബന്ധിച്ച് ഉമര്‍(റ) വിനോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അതെ, നബി(സ) അപ്രകാരം തടവിയിട്ടുണ്ട്. സഅ്ദ് നബിയെ സംബന്ധിച്ച് നിന്നോട് എന്തെങ്കിലും നിവേദനം ചെയ്താല്‍ അതിനെക്കുറിച്ച് മറ്റാരോടും നീ ചോദിക്കരുത്. (ബുഖാരി. 1. 4. 201)

49) മുഗീറ(റ) നിവേദനം: നബി(സ) ഒരിക്കല്‍ മലമൂത്ര വിസര്‍ജ്ജനത്തിന് പോയപ്പോള്‍ മുഗീറ: ഒരു പാത്രം വെള്ളവുമായി അദ്ദേഹത്തെ പിന്തുടര്‍ന്നു. തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞുവന്നപ്പോള്‍ അദ്ദേഹം വെള്ളം ഒഴിച്ചുകൊടുക്കുകയും അവിടുന്നു വുളു എടുക്കുകയും രണ്ടു ബൂട്ട്സിന്മേല്‍ തടവുകയും ചെയ്തു. (ബുഖാരി. 1. 4. 202)

50) അംറ്ബ്നു ഉമയ്യ:(റ) നിവേദനം: തിരുമേനി(സ) രണ്ടു ഷൂവിന്മേല്‍ തടവുന്നത് അദ്ദേഹം കണ്ടു. (ബുഖാരി. 1. 4. 203)

51) ജഅ്ഫ്ര്‍(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. തിരുമേനി(സ) തന്റെ തലപ്പാവിന്‍ മേലും ബൂട്ട്സിന്മേലും തടവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 4. 204)

52) ഉര്‍വത്ത്(റ) തന്റെ പിതാവ് മുഗീറയില്‍ നിന്ന് നിവേദനം ചെയ്യുന്നു. ഞാനൊരിക്കല്‍ തിരുമേനി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. തിരുമേനി(സ) വുളു എടുത്തപ്പോള്‍ അവിടുത്തെ ബൂട്ട്സ് അഴിക്കാന്‍ വേണ്ടി ഞാന്‍ കൈ നീട്ടി. അപ്പോള്‍ അവിടുന്നു. അരുളി, അത് രണ്ടും അവിടെ (കാലില്‍ തന്നെ) കിടക്കട്ടെ, ശുദ്ധിയാക്കിയ ശേഷമാണ് ഞാന്‍ അവ കാലില്‍ അണിഞ്ഞിരിക്കുന്നത്. ശേഷം തിരുമേനി(സ) അതു രണ്ടിന്മേലും തടവി. (ബുഖാരി. 1. 4. 205)

53) അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഒരാടിന്റെ കൈപ്പലക തിന്നുകയും ശേഷം നമസ്കരിക്കുകയും ചെയ്തു. അവിടുന്ന് വുളു എടുത്തിരുന്നില്ല. (ബുഖാരി. 1. 4. 206)

54) അംറ്ബ്നു ഉമയ്യ:(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഒരാടിന്റെ കൈപ്പലക മുറിച്ച് തിന്നുകൊണ്ടിരിക്കെ അപ്പോള്‍ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയും ഉടനെ അവിടുന്ന് കത്തി താഴെ വെച്ച് വുളു എടുക്കാതെ നമസ്കരിക്കുകയും ചെയ്തത് അദ്ദേഹം കണ്ടിട്ടുണ്ട്. (ബുഖാരി. 1. 4. 207)

55) സുവൈദ്ബ്നു നുഅ്മാന്‍(റ) നിവേദനം: അദ്ദേഹം തിരുമേനി(സ) യോടൊപ്പം ഖൈബര്‍ ജയിച്ചടക്കിയ കൊല്ലം പുറപ്പെട്ടു. സഹ്ബാഇലെത്തിയപ്പോള്‍ - ഖൈബറിനടുത്തുള്ള ഒരു സ്ഥലമാണത് - തിരുമേനി(സ) അസര്‍ നമസ്കരിച്ചു. എന്നിട്ട് ആഹാരം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഗോതമ്പ് മാവല്ലാതെ മറ്റു യാതൊന്നും ആരും കൊണ്ടുവന്നില്ല. തിരുമേനി(സ)യുടെ നിര്‍ദ്ദേശമനുസരിച്ച് അതു വെള്ളം പകര്‍ന്നു പൊതിര്‍ത്തു. തിരുമേനി(സ)യും ഞങ്ങളും അതു കഴിച്ചു. പിന്നീട് തിരുമേനി(സ) മഗ്രിബ് നമസ്കരിക്കാനൊരുങ്ങി. അപ്പോള്‍ അവിടുന്നു കുലുക്കുഴിഞ്ഞു നമസ്കരിച്ചു. വുളുചെയ്തില്ല. (ബുഖാരി. 1. 4. 208)

56) മൈമൂന(റ) നിവേദനം: തിരുമേനി(സ) അവരുടെ അടുക്കല്‍ വെച്ച് ഒരാടിന്റെ കൈക്കുറക് തിന്നു. ശേഷം അവിടുന്ന് നമസ്കരിച്ചു. വുളു എടുത്തില്ല. (ബുഖാരി. 1. 4. 209)

57) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ പാല്‍ കുലുക്കുഴിഞ്ഞശേഷം പറഞ്ഞു നിശ്ചയം പാലിന് കൊഴുപ്പുണ്ട്. (ബുഖാരി. 1. 4. 210)

58) ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറങ്ങിത്തൂങ്ങിപ്പോയാല്‍ ഉറക്കസമയം പറ്റെ വിട്ടു പോകും വരേക്കും അയാള്‍ ഉറങ്ങട്ടെ. കാരണം ഉറക്കം തൂങ്ങിക്കൊണ്ടു നമസ്കരിക്കുന്ന പക്ഷം അല്ലാഹുവിനോട് പാപമോചനത്തിനു വേണ്ടിയാണോ അതല്ല തനിക്കെതിരായിട്ടാണോ പ്രാര്‍ത്ഥിക്കുന്നതെന്ന് അറിയാന്‍ കഴിയില്ല. (ബുഖാരി. 1. 4. 211)

59) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറക്കം തൂങ്ങിയാല്‍ താനോതുന്നതെന്തെന്ന് തനിക്ക് ശരിക്കും ബോധം വരും വരേക്കും അവന്‍ പോയി ഉറങ്ങട്ടെ. (ബുഖാരി. 1. 4. 212)

60) അനസ്(റ)നെ ഉദ്ധരിച്ച് അംറുബ്നു ആമില്‍ നിവേദനം ചെയ്യുന്നു. അദ്ദേഹം (അനസ്) പറഞ്ഞു തിരുമേനി(സ) ഓരോ നമസ്കാരത്തിനും വുളു എടുത്തിരുന്നു. ഞാന്‍ ചോദിച്ചു. നിങ്ങളെങ്ങനെയായിരുന്നു? അദ്ദേഹം പറഞ്ഞു. വുളു മുറിയാതിരിക്കുവോളം ഞങ്ങള്‍ക്ക് ഉളള വുളു കൊണ്ടു തന്നെ നമസ്കരിക്കും. (ബുഖാരി. 1. 4. 213)

61) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ മദീനയിലെ അല്ലെങ്കില്‍ മക്കയിലെ ഒരു തോട്ടത്തിന്റെ സമീപത്തുകൂടി നടന്നു പോകുമ്പോള്‍ ഖബറുകളില്‍ വെച്ച് ശിക്ഷയേറ്റു കൊണ്ടിരിക്കുന്ന രണ്ടു മനുഷ്യരുടെ ശബ്ദം കേട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. അവര്‍ രണ്ടു പേരും ശിക്ഷിക്കപ്പെടുകയാണ്. വന്‍കുറ്റത്തിന്റെ പേരിലൊന്നുമല്ല. അവരില്‍ ഒരാള്‍ മൂത്രിക്കുമ്പോള്‍ മറ സ്വീകരിച്ചിരുന്നില്ല. മറ്റേയാള്‍ ഏഷണിക്കാരനായിരുന്നു. അനന്തരം അവിടുന്ന് ഒരു ഈത്തപ്പന മടല്‍ കൊണ്ടുുവരാന്‍ പറഞ്ഞു. എന്നിട്ട് അതു രണ്ടു കഷ്ണമാക്കി മുറിച്ച് ഓരോന്നും ഓരോ ഖബറിന്മേല്‍ നട്ടു. അല്ലാഹുവിന്റെ ദൂതരേ! അവിടുന്ന് എന്തിനാണിതു ചെയ്തത് എന്നു ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു. ഇവ ഉണങ്ങാതിരിക്കുന്നത് വരെ അവരുടെ ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം. (ബുഖാരി. 1. 4. 215)

62) അനസ്(റ) നിവേദനം: തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനത്തിന് പോകുമ്പോള്‍ ഞാന്‍ വെള്ളം കൊണ്ടുപോയി കൊടുക്കുകയും അവിടുന്ന് അതുകൊണ്ട് കഴുകി വൃത്തിയാക്കുകയും ചെയ്യും. (ബുഖാരി. 1. 4. 216)

63) അനസ്(റ) നിവേദനം: ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രിക്കുന്നത് തിരുമേനി(സ) കണ്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. നിങ്ങള്‍ അവനെ ഉപദ്രവിക്കാതെ വിടുക. അയാള്‍ മൂത്രമൊഴിച്ചു കഴിഞ്ഞപ്പോള്‍ അവിടുന്നു കുറച്ച് വെളളം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അത് മൂത്രത്തില്‍ ഒഴിക്കുകയും ചെയ്തു. (ബുഖാരി. 1. 4. 218)

64) അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ എഴുന്നേറ്റ് നിന്നു മൂത്രിച്ചു. സഹാബികള്‍ അവനെ വിരട്ടാന്‍ തുനിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു. അവനെ വിടുക അവന്‍ മൂത്രിച്ചതില്‍ ഒരു ബക്കറ്റ് വെള്ളം ഒഴിക്കുക. ജനങ്ങള്‍ക്ക് സൌകര്യമുണ്ടാക്കാനാണ് പ്രയാസമുണ്ടാക്കാനല്ല നിങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. (ബുഖാരി. 1. 4. 219)

65) ആയിശ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ)യുടെ അടുക്കല്‍ ഒരു കുട്ടിയെ കൊണ്ടുവരപ്പെട്ടു. ആ കുട്ടി തിരുമേനി(സ)യുടെ വസ്ത്രത്തില്‍ മൂത്രിച്ചു. അവിടുന്നു കുറച്ച് വെള്ളം കൊണ്ടുവരുവാന്‍ പറയുകയും എന്നിട്ട് അത് തെറിപ്പിക്കുകയും ചെയ്തു. അതിനെ
പിന്‍തുടര്‍ത്തി. (ബുഖാരി. 1. 4. 222)

66) ഉമ്മുഖൈസ്(റ) നിവേദനം: അവര്‍ ഒരിക്കല്‍ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത അവരുടെ ചെറിയ പുത്രനെയും കൊണ്ട് നബി(സ)യുടെ അടുക്കല്‍ വന്നു. നബി(സ) അവനെ മടിയില്‍ ഇരുത്തി. കുട്ടി അവിടുത്തെ വസ്ത്രത്തില്‍ മൂത്രിച്ചു. തിരുമേനി(സ) കുറച്ച് വെള്ളം കൊണ്ടു വരാന്‍ ആവശ്യപ്പെടുകയും എന്നിട്ട് അത് വസ്ത്രത്തില്‍ തെറിപ്പിക്കുകയും ചെയ്തു. അതു കഴുകിയില്ല. (ബുഖാരി. 1. 4. 223)

67) ഹുദൈഫ(റ) നിവേദനം: തിരുമേനി(സ) ഒരു ജനതയുടെ കുപ്പയില്‍ പോടി നിന്നുകൊണ്ടു മൂത്രിച്ചു. എന്നിട്ടു കുറച്ച് വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ വെള്ളം കൊണ്ടുകൊടുത്തു. അപ്പോള്‍ അവിടുന്നു വുളു എടുത്തു. (ബുഖാരി. 1. 4. 224)

68) ഹുദൈഫ(റ) നിവേദനം: ഒരിക്കല്‍ നബി(സ)യും ഞാനും ഒരു സമൂഹത്തിന്റെ കുപ്പയിലൂടെ നടന്നുപോകുമ്പോള്‍ അവിടുന്ന് ഒരു മതിലിന് പിന്നിലായി നിങ്ങളില്‍ ഒരാള്‍ നില്‍ക്കുന്നതുപോലെ ശരിക്കും നിന്നു കൊണ്ട് മൂത്രിച്ചു. ഞാന്‍ അല്‍പം അകന്നു നിന്നു. അപ്പോള്‍ അടുത്തു ചെല്ലാന്‍ അവിടുന്ന് എന്നോട് ആംഗ്യം കാണിച്ചു. അവിടുന്ന് വിരമിക്കുന്നതുവരെ അവിടുത്തെ മടമ്പില്‍ കാലിന്റെ അടുത്തുചെന്ന് ഞാന്‍ നില്‍ക്കുകയും ചെയ്തു. (ബുഖാരി. 1. 4. 225)

69) അസ്മാഅ്(റ) നിവേദനം: അവര്‍ പറയുന്നു. ഒരു സ്ത്രീ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്ന് ചോദിച്ചു. ഞങ്ങളില്‍ ആരുടെയെങ്കിലും വസ്ത്രത്തില്‍ ആര്‍ത്തവരക്തമായാല്‍ എങ്ങിനെ വൃത്തിയാക്കണമെന്നാണ് താങ്കള്‍ പറയുന്നത്? അവിടുന്ന് അരുളി: അത് തിരുമ്മി ഉടച്ചു കളയണം. എന്നിട്ട് വെള്ളമൊഴിച്ച് അതിന്റെ അവശിഷ്ടമെല്ലാം നീക്കി ശുചീകരിക്കണം. പിന്നെ അതേ വസ്ത്രം ധരിച്ച് നമസ്കരിക്കാം. (ബുഖാരി. 1. 4. 227)

70) ആയിശ(റ) നിവേദനം: അബീഹുബൈശിന്റെ മകള്‍ ഫാത്തിമ ഒരിക്കല്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്നിട്ട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! നിത്യേന രക്തം പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ് ഞാന്‍. ശുചിത്വം പാലിക്കുവാന്‍ എനിക്കു സാധിക്കുന്നില്ല. അതുകൊണ്ട് നമസ്കാരം ഉപേക്ഷിക്കണോ? തിരുമേനി(സ) അരുളി: വേണ്ട. അത് ആര്‍ത്തവമല്ല. ഞരമ്പ് സംബന്ധമായ ഒരു രോഗമാണ്. അതുകൊണ്ട് ആര്‍ത്തവദിനങ്ങള്‍ വന്നാല്‍ നമസ്കാരം വിട്ടു കളയുക. ആ ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞാല്‍ രക്തം കഴുകി ശുചീകരിച്ചു നമസ്കരിക്കുക. അങ്ങനെ അടുത്ത മാസം വീണ്ടും ആര്‍ത്തവദിനങ്ങള്‍ വരുന്നതുവരെ ഒരോ നമസ്കാരത്തിനും പ്രത്യേകം പ്രത്യേകം വുളു ചെയ്യുക. (ബുഖാരി. 1. 4. 228)

71) ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ വസ്ത്രത്തില്‍ നിന്ന് ഞാന്‍ ശുക്ളം കഴുകിക്കളയുകയും അവിടുന്ന് ആ വസ്ത്രം ധരിച്ചുകൊണ്ട് നമസ്കരിക്കാന്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ആ വെള്ളം നനഞ്ഞ അടയാളം അവിടുത്തെ വസ്ത്രത്തില്‍ അവശേഷിക്കുന്നുണ്ടായിരിക്കും. (ബുഖാരി. 1. 4. 229)

72) ആയിശ(റ) നിവേദനം: വസ്ത്രത്തില്‍ ശുക്ളമായാല്‍ എന്തുചെയ്യണമെന്ന് സുലൈമാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്റെ വസ്ത്രത്തില്‍ നിന്ന് ഞാനതു കഴുകാറുണ്ട് അവിടുന്ന് നമസ്കരിക്കാന്‍ പുറപ്പെടും. വെള്ളത്തിന്റെ കഴുകിയ അടയാളം അവിടുത്തെ വസ്ത്രത്തില്‍ അവശേഷിച്ചിട്ടുണ്ടായിരിക്കും. (ബുഖാരി. 1. 4. 230)

73) ആയിശ(റ) നിവേദനം: അവര്‍ തിരുമേനി(സ)യുടെ വസ്ത്രത്തില്‍ നിന്ന് ശുക്ളം കഴുകാറുണ്ട്. ശേഷം അതില്‍ അടയാളം ഞാന്‍ കണ്ടിരുന്നു. (ബുഖാരി. 1. 4. 231)

74) അനസ്(റ) നിവേദനം: പള്ളി നിര്‍മ്മിക്കും മുമ്പ് തിരുമേനി(സ) ആടുകളെ കെട്ടിയിടുന്ന ആലയില്‍ വെച്ച് നമസ്കരിക്കാറുണ്ടായിരുന്നു. (ബുഖാരി. 1. 4. 235)

75) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരു മുസ്ളിമിന് പറ്റുന്ന എല്ലാ മുറിവും ആ മുറിവ് പറ്റിയ അതേ രൂപത്തില്‍ തന്നെയാണ് പുനരുത്ഥാനദിവസം കാണപ്പെടുക. രക്തം ഒലിച്ചു കൊണ്ടേയിരിക്കും, നിറം രക്തത്തിന്റെ നിറം തന്നെ. പക്ഷെ മണം കസ്തൂരിയുടെ മണമായിരിക്കും. (ബുഖാരി. 1. 4. 238)

76) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നാം അവസാനത്തവരും ആദ്യത്തവരുമാണ്. തിരുമേനി(സ) അരുളി: അതിനാല്‍ നിങ്ങളില്‍ ആരും തന്നെ ഒലിക്കാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രിക്കുകയും എന്നിട്ട് അതില്‍ കുളിക്കുകയും ചെയ്യരുത്. (ബുഖാരി. 239)

77) ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: ലഹരിയുണ്ടാക്കുന്ന എല്ലാപാനീയവും നിഷിദ്ധമാണ്. (ബുഖാരി. 1. 4. 243)

78) സഹ്ല്(റ) നിവേദനം: തിരുമേനി(സ)ക്ക് പറ്റിയ മുറിവിന്ന് എങ്ങിനെയാണ് ചികില്‍സിച്ചതെന്ന് ജനങ്ങള്‍ അദ്ദേഹത്തോട് ഞാന്‍ തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ അതിനെക്കുറിച്ച് എന്നെക്കാള്‍ കൂടുതല്‍ ജ്ഞാനമുള്ളവരാരും ഇന്നു ജീവിച്ചിരിക്കുന്നില്ല എന്നുണര്‍ത്തിയിട്ട് അദ്ദേഹം പറഞ്ഞു. അലി(റ) തന്റെ പരിചയില്‍ വെള്ളമെടുത്ത് കൊണ്ടുവന്നു. ഫാത്തിമ(റ) ആ വെള്ളം കൊണ്ട് തിരുമേനിയുടെ മുഖം കഴുകി ചോര നീക്കം ചെയ്തു. എന്നിട്ട് പായ എടുത്ത് ചുട്ട് കരിച്ച് (അതിന്റെ വെണ്ണീര്‍) ആ മുറിവില്‍ നിറക്കുകയും ചെയ്തു. (ബുഖാരി. 1. 4. 244)

79) അബൂബുര്‍ദ: തന്റെ പിതാവില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. ഞാനൊരിക്കല്‍ നബി(സ)യുടെ അടുക്കല്‍ ചെല്ലുകയുണ്ടായി. അപ്പോള്‍ അവിടുന്നു കയ്യില്‍ ഉള്ള മിസ്വാക്ക് വായില്‍ ഇരിക്കവെ അവിടുന്നു ഛര്‍ദ്ദിക്കാന്‍ വരും പോലെ ഊ ഊ എന്നു പയുന്നുണ്ട്. (ബുഖാരി. 1. 4. 245)

80) ഹൂദൈഫ(റ) നിവേദനം: തിരുമേനി(സ) രാത്രി ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ബ്രഷ് കൊണ്ട് വായ് ശുദ്ധീകരിക്കാറുണ്ട്. (ബുഖാരി. 1. 4. 246)

81) സഈദിബ്നു സൈദു(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെ അതു (വുസു) ചെയ്യുന്ന ആ മനുഷ്യന്‍ വുസു ചെയ്തിട്ടില്ല. (തിര്‍മിദി)

82) ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹം മഖായിദില്‍ വുസുചെയ്യുമ്പോള്‍ ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) വുസു ചെയ്തതു ഞാന്‍ കാണിച്ചുതരട്ടെയോ? പിന്നീടു അദ്ദേഹം (ഓരോ ഭാഗവും) മൂന്നു പ്രാവശ്യം കഴുകിക്കൊണ്ട് വുസു ചെയ്തു. (മുസ്ലിം)

83) അബുഹുറയ്റാ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോഴും വുസു ചെയ്യുമ്പോഴും വലത്തുഭാഗം മുതല്‍ ആരംഭിക്കുക (അബൂദാവൂദ്)

84) ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു: പ്രവാചകന്‍(സ) തല തടവുകയും, രണ്ടു ചെവിയും അവയുടെ ഉള്‍ഭാഗം രണ്ടു ചൂണ്ടാണിവിരലുകളെക്കൊണ്ടും അവയുടെ പുറഭാഗം തന്റെ രണ്ടു പെരുവിരലുകളെക്കൊണ്ടും (തടവുകയും) ചെയ്തു. (നസാഈ)

85) മുഗീറ:(റ) പറഞ്ഞു: പ്രവാചകന്‍(സ) വുസു ചെയ്കയും, തന്റെ കൈകള്‍ കൊണ്ടു സോക്സിന്റേയും ഷൂസിന്റെയും പുറമെ തടവുകയും ചെയ്തു. (അബൂദാവൂദ്)

86) അബുബക്രഃ(റ) പ്രവാചക(സ) രില്‍ നിന്ന് നിവേദനം ചെയ്തു. : യാത്രചെയ്യുന്ന ഒരാള്‍ക്കു മൂന്നുപകലും രാത്രിയും, യാത്രയിലല്ലാത്ത ഒരാള്‍ക്ക്, ഒരു പകലും രാത്രിയും, അവന്‍ ശുദ്ധമായിരുന്നപ്പോള്‍ ഇട്ടതാണെങ്കില്‍ അവന്റെ ബൂട്ട്സ് തടവാന്‍ (കാലു കഴുകുന്നതിനുപകരം) അവിടുന്നു അനുവദിച്ചു. (ദാ. ഖു)

87) അനസ്(റ) പറഞ്ഞു: പ്രവാചക(സ) ന്റെ അനുയായികള്‍ , രാത്രിപ്രാര്‍ത്ഥനയ്ക്കു (ഇശാ) അവരുടെ തലകള്‍ ഉറക്കംകൊണ്ടു തൂങ്ങുന്നതുവരെ താമസിക്കുക പതിവായിരുന്നു. പിന്നീട് അവര്‍ വുസുചെയ്യാതെ നമസ്കരിക്കുകയും ചെയ്തു. (അബൂദാവൂദ്)

88) ഇബ്നു അബ്ബാസ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ചാരിയിരുന്നു ഉറങ്ങുന്നവന് വുസു ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍, അവന്‍ ചാരിയിരിക്കുമ്പോള്‍, അവന്റെ സന്ധി ബന്ധനങ്ങള്‍ അയഞ്ഞുപോകുന്നു. (തിര്‍മിദി)

89) അബുദ്ദര്‍ദാഅ്(റ) നിവേദനം ചെയ്തു: അല്ലാഹുവിന്റെ ദൂതന്‍(സ) ഛര്‍ദ്ദിച്ചു: പിന്നീട് വുസു ചെയ്തു. (തിര്‍മിദി)

90) ഉമര്‍(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ആരൊരുവന്‍ വുസു ചെയ്കയും അതു ഏറ്റവും കൃത്യമായി ചെയ്യുകയും, പിന്നീട് അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു: അവന്‍ ഏകനാണ്: അവനു പങ്കുകാരില്ല. മുഹമ്മദ് അവന്റെ ദാസനും അവന്റെ ദൂതനും ആകുന്നു. അല്ലാഹുവെ, പശ്ചാത്തപിക്കുന്നവരിലും ശുദ്ധമാക്കുന്നവരിലും നീ എന്നെ ആക്കേണമേ എന്നു പറകയും ചെയ്യുന്നുവോ, അവന് സ്വര്‍ഗ്ഗത്തിന്റെ എട്ടു വാതിലും തുറക്കപ്പെട്ടിരിക്കുന്നു. അവന്‍ തനിക്കിഷ്ടമുള്ള വാതിലിലൂടെ അതില്‍ പ്രവേശിക്കുന്നു. (തിര്‍മിദി)

91) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: എന്റെ ഖലീലായ നബി(സ) പറയുന്നത് ഞാന്‍ കേട്ടു. വുളുവിന്റെ വെള്ളം തട്ടുന്നേടത്തെല്ലാം സത്യവിശ്വാസി ആഭരണമണിയിക്കപ്പെടും. (മുസ്ലിം)

92) ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും നല്ലവണ്ണം വുളു ചെയ്യുന്നപക്ഷം നഖത്തിന്റെ താഴ്ഭാഗത്തിലൂടെ അവന്റെ ചെറിയ പാപങ്ങള്‍ പുറപ്പെട്ടു പോകുന്നതാണ്. (മുസ്ലിം)

93) ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം: എന്റെ ഈ വുളുപോലെ റസൂല്‍(സ) വുളു ചെയ്തതായി ഞാന്‍ കണ്ടു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ഇപ്രകാരം വല്ലവനും വുളു ചെയ്താല്‍ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം അവന് പൊറുക്കപ്പെടും. അവന്റെ നമസ്കാരവും പള്ളിയിലേക്കുള്ള നടത്തവും മിച്ചമായിത്തീരും. (മുസ്ലിം)

94) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) (മദീനയിലെ) ഖബര്‍സ്ഥാനി (ബഖീഹ്) ല്‍ ചെന്നിട്ട് പറഞ്ഞു: സത്യവിശ്വാസികളായ ഭവനവാസികളേ! നിങ്ങളില്‍ രക്ഷ വര്‍ഷിക്കുമാറാകട്ടെ. ഇന്‍ശാഅല്ലാ! അടുത്തുതന്നെ ഞങ്ങളും നിങ്ങളോട് ചേരുന്നതാണ്. നമ്മുടെ ഇഖ്വാനിനെ നമ്മള്‍ കാണാനാഗ്രഹിക്കുന്നു. സഹാബികള്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ അങ്ങയുടെ ഇഖ്വാനല്ലയോ? അവിടുന്ന് പറഞ്ഞു: (അല്ല) നിങ്ങളെന്റെ അസ്ഹാബികളാണ്. ഇതേവരെയും ജനിക്കാത്തവരാണ് നമ്മുടെ ഇഖ്വാന്‍. അവര്‍ ചോദിച്ചു. പ്രവാചകരേ! അങ്ങയുടെ പ്രജകളില്‍ നിന്ന് ഇതേവരെയും ജനിക്കാത്തവരെ അങ്ങയ്ക്ക് എങ്ങനെ പരിചയപ്പെടാന്‍ കഴിയും? നബി(സ) പറഞ്ഞു: നീ പറയൂ! നിശ്ചയം കറുത്ത കുതിരകള്‍ക്കിടയില്‍ ഒരാള്‍ക്ക് കൈകാല്‍ വെളുത്ത കുതിരകളുണ്ടാകുന്ന പക്ഷം, തന്റെ കുതിരയെ തനിക്ക് തിരിച്ചറിയാന്‍ കഴിയുമോ? അവര്‍ പറഞ്ഞു: അതെ, പ്രവാചകരേ! നബി(സ) പറഞ്ഞു: എന്നാല്‍ വുളുകാരണം കൈകാല്‍ വെളുത്തുകൊണ്ടാണ് അവര്‍ (പിന്‍ഗാമികള്‍) വരിക. (അക്കാരണത്താല്‍ എനിക്കവരെ തിരിച്ചറിയുവാന്‍ കഴിയും) ഹൌസുല്‍കൌസറിന്റെ സമീപത്ത് ആതിഥേയനായി ഞാനവരെ കാത്തുനില്‍ക്കും. (മുസ്ലിം).

95) ഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളാരും വുളു പൂര്‍ണ്ണമായി എടുത്തിട്ട് അല്ലാഹുവല്ലാതെ മറ്റാരാദ്ധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനാണ്. അവന്നൊരു പങ്കാളിയുമില്ല. മുഹമ്മദ്(സ) അന്റെ ദാസനും പ്രവാചകനുമാകുന്നു. എന്നവന്‍ പറയുകയില്ല - സ്വര്‍ഗ്ഗത്തിന്റെ എട്ടു കവാടങ്ങളും അവന് തുറക്കപ്പെട്ടിട്ടല്ലാതെ. അവയില്‍ നിന്ന് അവനുദ്ദേശിച്ച കവാടത്തിലൂടെ സ്വര്‍ഗ്ഗത്തില്‍ അവന് പ്രവേശിക്കാന്‍ കഴിയും. (മുസ്ലിം) തിര്‍മിദി കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു: അല്ലാഹുവേ! പശ്ചാത്തപിച്ച് മടങ്ങുന്നവരുടെ കൂട്ടത്തിലും പാപരഹിതരുടെ കൂട്ടത്തിലും എന്നെ നീ അകപ്പെടുത്തേണമേ!.


Tuesday, March 30, 2010

കുളി

0 comments


1) ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കുമ്പോള്‍ ആദ്യം രണ്ടു കയ്യും കഴുകും അനന്തരം നമസ്കാരത്തിന് വേണ്ടിയെന്ന പോലെ വുളു എടുക്കും. പിന്നീട് തന്റെ കൈവിരലുകള്‍ വെള്ളത്തില്‍ മുക്കി ആ വിരലുകള്‍ തല മുടിയില്‍ കടത്തിയിട്ട് ആ മുടിയുടെ ജട തീര്‍ക്കും. ശേഷം മൂന്നു പ്രാവശ്യം ഇരു കൈകൊണ്ടും വെള്ളമെടുത്തു തലയിലൊഴിക്കും. അനന്തരം ചര്‍മ്മം മുഴുവന്‍ വെള്ളമൊഴിക്കും. (ബുഖാരി. 1. 5. 248)

2) മൈമൂന(റ) നിവേദനം: തിരുമേനി(സ) കുളിക്ക് മുമ്പ് നമസ്കാരത്തിന് എന്നതുപോലെ വുളു എടുക്കും. എന്നാല്‍ രണ്ടു കാലും കഴുകുകയില്ല. തന്റെ ഗുഹ്യസ്ഥാനം കഴുകും. അശുദ്ധിയായ ഭാഗങ്ങളും. എന്നിട്ട് ശരീരത്തിലാകമാനം വെള്ളമൊഴിക്കും. അനന്തരം അല്പം മാറി നിന്ന് രണ്ടു കാലും കഴുകും. ഇങ്ങനെയായിരുന്നു അവിടുത്തെ ജനാബത്തു കുളി. (ബുഖാരി. 1. 5. 249)

3) ആയിശ(റ) നിവേദനം: ഞാനും തിരുമേനി(സ)യും ഒരൊറ്റ പാത്രത്തില്‍ നിന്ന് (ഒരേ സമയം) കുളിക്കാറുണ്ട്. ഫറക്ക് എന്നാണ് അതു വിളിക്കപ്പെടാറുള്ളത്. (ബുഖാരി. 1. 5. 250)

4) അബൂസലമ പറയുന്നു: ഞാനും ആയിശയുടെ ഒരു സഹോദരനും കൂടി ആയിശയുടെ അടുത്തു പ്രവേശിച്ചു. അവരുടെ സഹോദരന്‍ സബി(സ)യുടെ കുളിയെ സംബന്ധിച്ച് അവരോട് ചോദിച്ചു. അപ്പോള്‍ ഏതാണ്ട് ഒരു സ്വാഅ് വെള്ളം കൊളളുന്ന ഒരു പാത്രത്തില്‍ അവര്‍ വെള്ളം വരുത്തി. അതും കൊണ്ട് അവര്‍ കുളിച്ചു. തലയിലാണ് അവര്‍ വെള്ളമൊഴിച്ചത്. ഞങ്ങളുടെയും അവരുടെയും ഇടയില്‍ അന്നേരം ഒരു മറയുണ്ടായിരുന്നു. (ബുഖാരി. 1. 5. 251)

5) ജാബിറുബ്നു അബ്ദില്ല(റ) നിവേദനം: അദ്ദേഹത്തോട് ഒരാള്‍ (കുളിക്ക് എത്ര വെള്ളം വേണമെന്നതിനെപ്പറ്റി) ചോദിച്ചു. നിനക്ക് കുളിക്കാന്‍ ഒരു സ്വാഅ് വെള്ളം മതിയെന്ന് ജാബിര്‍(റ) മറുപടി പറഞ്ഞു. എനിക്കത് മതിയാവുകയില്ലെന്ന് ചോദ്യകര്‍ത്താവ് പ്രത്യുത്തരം നല്‍കി. ജാബിര്‍(റ) പറഞ്ഞു. നിന്നെക്കാള്‍ കൂടുതല്‍ മുടിയും ഉന്നതസ്ഥാനവുമുള്ള ഒരാള്‍ക്ക് (നബിക്ക്) കുളിക്കാന്‍ അത്രയും വെള്ളം മതിയായിരുന്നു. (എന്നിട്ട് നീ അതിന്ന് വെറുപ്പ് കാണിക്കുകയോ) ശേഷം ഒരൊറ്റ വസ്ത്രം ധരിച്ച് ഞങ്ങള്‍ക്ക് ഇമാമായി നിന്ന് കൊണ്ട് ജാബിര്‍(റ) നമസ്കരിച്ചു. (ബുഖാരി. 1. 5. 252)

6) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ)യും മൈമൂനയും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ട്. ശുഅ്ബ പറയുന്നു. ഒരു സ്വാഅ് അളവുള്ള പാത്രത്തില്‍ നിന്നും. (ബുഖാരി. 1. 5. 253)

7) ജൂബൈര്‍റ്ബ്നു മുത്വ്ഇം(റ) നിവേദനം: തിരുമേനി(സ) അരുളി: എന്നാല്‍ ഞാന്‍ കുളിക്കുമ്പോള്‍ മൂന്ന് പ്രാവശ്യം എന്റെ തലയില്‍ വെള്ളം ഒഴിക്കും. ഇത് പറഞ്ഞ് തിരുമേനി(സ) തന്റെ രണ്ടു കൈകൊണ്ട് ആംഗ്യം കാണിച്ചു. (ബുഖാരി. 1. 5. 254)

8) ജാബിര്‍(റ) നിവേദനം: തിരുമേനി(സ) അവിടുത്തെ ശിരസ്സിനുമുകളില്‍ മൂന്ന് പ്രാവശ്യം കോരി ഒഴിക്കും. (ബുഖാരി. 1. 5. 255)

9) മൈമൂന(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ നബി(സ)ക്ക് കുളിക്കുവാനായി വെളളം തയ്യാര്‍ ചെയ്തുകൊടുത്തു. എന്നിട്ട് അവിടുന്ന് രണ്േടാ മൂന്നോ പ്രാവശ്യം കൈപടം കഴുകി. പിന്നീട് ഇടതു കൈകൊണ്ട് തന്റെ ജനനേന്ദ്രിയം വെള്ളം ഒഴിച്ചുകൊണ്ട് കഴുകി. ശേഷം തന്റെ കൈ നിലത്തുരച്ച് കഴുകി. ശേഷം വായിലും മൂക്കിലും വെള്ളം കയറ്റി ചീറ്റിക്കളഞ്ഞു. തുടര്‍ന്നു മുഖവും കൈകള്‍ (മുട്ടുവരെയും) കഴുകി. അനന്തരം ശരീരം മുഴുവന്‍ വെള്ളം ഒരു പ്രാവശ്യം കോരി ഒഴിച്ചു. അവിടെനിന്നും മാറിനിന്ന് ഇരുകാലുകളും കഴുകി. (ബുഖാരി. 1. 5. 257)

10) ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കാനൊരുങ്ങിയാല്‍ ഹിലാബ് പോലെയുള്ള വല്ല വസ്തുവും കൊണ്ടു വരാന്‍ ആവശ്യപ്പെടും. എന്നിട്ട് അതു കയ്യിലെടുത്തു ആദ്യം തലയുടെ വലഭാഗവും പിന്നീട് ഇടഭാഗവും തേക്കും. അനന്തരം തലയുടെ മധ്യഭാഗവും. (ബുഖാരി. 1. 5. 258)

11) മൈമൂന:(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളി നിര്‍വ്വഹിച്ചപ്പോള്‍ അവിടുത്തെ ഗുഹ്യസ്ഥാനം കഴുകുകയും ശേഷം കൈ ചുമരില്‍ തടവുകയും പിന്നീട് കഴുകുകയും ചെയ്തു. അനന്തരം നമസ്കാരത്തിന് എന്നതുപോലെ വുളു എടുത്തു. കുളിയില്‍ നിന്ന് വിരമിച്ചപ്പോള്‍ തന്റെ ഇരു കാലുകളും കഴുകി. (ബുഖാരി. 1. 5. 260)

12) ആയിശ(റ) നിവേദനം: ഞാനും നബി(സ)യും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ കൈകള്‍ മാറി മാറി വെള്ളം മുക്കി എടുക്കും. (ബുഖാരി. 1. 5. 261)

13) ആയിശ(റ) നിവേദനം: തിരുമേനി(സ) വലിയ അശുദ്ധിയുടെ കുളി നിര്‍വ്വഹിക്കുമ്പോള്‍ തന്റെ കൈകള്‍ കഴുകാറുണ്ടായിരുന്നു. (ബുഖാരി. 1. 5. 262)

14) അനസ്ബ്നു മാലിക്(റ) നിവേദനം: തിരുമേനി(സ)യും അവിടുത്തെ ഭാര്യമാരില്‍ ഒരുത്തിയും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ടായിരുന്നു. ശുഅ്ബ:(റ) പറയുന്നു. വലിയഅശുദ്ധിയോടു കൂടി. (ബുഖാരി. 1. 5. 264)

15) മൈമൂന:(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ തിരുമേനി(സ)ക്ക് കുളിക്കുവാന്‍ വേണ്ടോ മൂന്നോ പ്രാവശ്യം കൈ കഴുകി. പിന്നീട്
വലം കൈകൊണ്ട് ഇടം കയ്യിന്മേല്‍ വെള്ളം ഒഴുക്കി. തന്റെ ഗുഹ്യസ്ഥാനം കഴുകി. അനന്തരം കൈ മണ്ണില്‍ തുടച്ചു. ശേഷം കുലുക്കുഴിയുകയും മൂക്കില്‍ വെള്ളം കയറ്റുകയും ചെയ്തു. തന്റെ മുഖവും കൈകളും കഴുകി. മൂന്ന് കോരല്‍ വെള്ളം എടുത്തു തല കഴുകി. പിന്നീട് ശരീരത്തില്‍ വെള്ളം ഒഴിച്ചു. അവിടെ നിന്നും മാറി നിന്ന് ഇരുകാലുകളും കഴുകുകയും ചെയ്തു. (ബുഖാരി. 1. 5. 265)

16) ആയിശ(റ) നിവേദനം: അബൂഅബ്ദി റഹ്മാന് അല്ലാഹു അനുഗ്രഹം ചെയ്യട്ടെ. ഞാന്‍ തിരുമേനി(സ)ക്ക് സുഗന്ധദ്രവ്യങ്ങള്‍ പൂശിക്കൊടുക്കുകയും എന്നിട്ട് തിരുമേനി(സ) തന്റെ പത്നിമാരെയെല്ലാം സന്ദര്‍ശിക്കുകയും ചെയ്യാറുണ്ടായിരുന്നു. പിന്നീട് പ്രഭാതത്തില്‍ തിരുമേനി(സ) ഇഹ്റാം കെട്ടും. അന്നേരം തിരുമേനി(സ)യുടെ ശരീരത്തില്‍ നിന്ന് സുഗന്ധം അടിച്ചുവീശിക്കൊണ്ടിരിക്കും. (ബുഖാരി. 1. 5. 267)

17) ആയിശ(റ) നിവേദനം: തിരുമേനി(സ) മുടി വാര്‍ന്നുവെച്ചിട്ട് തലയുടെ മധ്യത്തില്‍ നീണ്ടുകിടക്കുന്ന ആ വരയില്‍ പൂശിയ സുഗന്ധദ്രവ്യം മിന്നിതിളങ്ങുന്നതു ഇതാ ഇപ്പോഴും ഞാന്‍ ദര്‍ശിക്കുന്നു. അന്നേരം തിരുമേനി(സ) ഇഹ്റാം കെട്ടിയിരിക്കയായിരുന്നു. (ബുഖാരി. 1. 5. 271)

18) ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കാനൊരുങ്ങിയാല്‍ രണ്ടു കയ്യും കഴുകും. നമസ്കാരത്തിനെന്ന പോലെ വുളുചെയ്യും. പിന്നീട് കുളിയില്‍ പ്രവേശിക്കും. തന്റെ രണ്ടു കൈകൊണ്ടും ജടനീക്കും. മുടിയുടെ അടിഭാഗത്തിന്റെ ഉഷ്ണം ശമിച്ചുവെന്ന് കണ്ടാല്‍ മൂന്നു പ്രാവശ്യം അതിന്‍മേല്‍ വെള്ളമൊഴിക്കും ശേഷം ശരീരത്തിലെ ബാക്കി ഭാഗങ്ങള്‍ കഴുകും. (ബുഖാരി. 1. 5. 272)

19) അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ നമസ്ക്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടു. അണികളെല്ലാം വളവില്ലാതെ നീണ്ടു നിന്നു. അനന്തരം തിരുമേനി(സ) ഞങ്ങളുടെ അടുക്കലേക്ക് കടന്നുവന്നു. തന്റെ നമസ്ക്കാര സ്ഥലത്തുനിന്ന് കഴിഞ്ഞപ്പോഴാണ് ജനാബത്തു കുളിക്കാനുള്ള കാര്യം അവിടുന്ന് ഓര്‍ത്തത്. ഉടനെ അവിടെ തന്നെ നില്‍ക്കുക എന്നു പറഞ്ഞിട്ട് തിരിച്ചുപോയി. വേഗം കുളിച്ച് ഞങ്ങളുടെ അടുക്കലേക്കുതന്നെ മടങ്ങി വന്നു. അന്നേരം തിരുമേനി(സ)യുടെ ഇറ്റിവീഴുന്നുണ്ടായിരുന്നു. അങ്ങനെ തിരുമേനി തക്ബീര്‍ ചൊല്ലി നമസ്ക്കാരത്തില്‍ പ്രവേശിച്ചു. ഞങ്ങള്‍ കൂടെ നമസ്ക്കരിച്ചു. (ബുഖാരി. 1. 5. 274)

20) ആയിശ:(റ) നിവേദനം: അവര്‍ പറയുന്നു: ഞങ്ങളില്‍ ജനാബത്തുണ്ടായാല്‍ രണ്ടുകൈകൊണ്ടും വെള്ളം കോരിയെടുത്തു മൂന്ന്പ്രാവശ്യം തലയില്‍ ഒഴുക്കും ശേഷം വെള്ളമെടുത്തു അവളുടെ വലതുഭാഗത്തും ഒഴുക്കും. (ബുഖാരി. 1. 5. 276)

21) അബൂഹുറൈറ നിവേദനം: തിരുമേനി(സ) അരുളി: ഇസ്രായീല്യര്‍ നഗ്നരായിട്ടാണ് കുളിച്ചിരുന്നത്. ചിലര്‍ ചിലരുടെ നഗ്നതയിലേക്ക് നോക്കികൊണ്ടും. എന്നാല്‍ മൂസാ (അ) (മറ്റുള്ളവരുടെ കൂട്ടത്തില്‍ ചേരാതെ) ഏകനായികൊണ്ടാണ് കുളിച്ചിരുന്നത്. അപ്പോള്‍ മൂസക്കു ആന്ത്രവീക്കം (പാനി) ഉണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും അവര്‍ പറഞ്ഞു. പിന്നീടൊരിക്കല്‍ മൂസ കുളിക്കാന്‍ പോയി. തന്റെ വസ്ത്രം ഒരു കല്ലിന്മേല്‍ വെച്ചു. ഉടനെ ആ കല്ല് വസ്ത്രവും കൊണ്ടോടി. മൂസ അതിന്റെ പിന്നാലെ കല്ലേ എന്റെ വസ്ത്രം എന്ന് പറഞ്ഞുകൊണ്ടോടി. ഇസ്രായീല്യര്‍ എല്ലാവരും അങ്ങനെ മൂസയുടെ നഗ്നത നോക്കി കണ്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹു സത്യം മൂസക്ക് യാതൊരു കുഴപ്പവുമില്ല. മൂസ തന്റെ വസ്ത്രം എടുത്തു. എന്നിട്ട് കല്ലിനെ അടിക്കാന്‍ തുടങ്ങി. അബൂഹുറൈറ പറയുന്നു. മൂസ അടിച്ചതിന്റെ ആറോ ഏഴോ അടയാളം ആ കല്ലില്‍ അവശേഷിച്ചിട്ടുണ്ട്. (ബുഖാരി. 1. 5. 277)

22) അബൂഹുറൈറ(റ) നിവേദനം: അയ്യൂബ് നബി (അ) ഒരിക്കല്‍ നഗ്നനായികൊണ്ട് കുളിക്കുകയാ യിരുന്നു. അന്നേരം അദ്ദേഹത്തിന്റെ അടുത്ത് സ്വര്‍ണ്ണത്തിന്റെ വെട്ടുകിളികള്‍ വന്നു വീഴാന്‍ തുടങ്ങി. അയ്യൂബ്നബി (അ) ആ വെട്ടുകിളികളെയെല്ലാം പിടിച്ചു തന്റെ വസ്ത്രത്തിലിട്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ രക്ഷിതാവ് വിളിച്ചുപറഞ്ഞു. ഓ! അയ്യൂബ്! ഈ സ്വര്‍ണ്ണത്തിന്റെ വെട്ടുകിളികളെ കൂടാതെത്തന്നെ സ്വയം പര്യാപ്തനായി ജീവിക്കുവാനുള്ള പരിതസ്ഥിതി നിനക്ക് ഞാന്‍ കൈവരുത്തിതന്നിട്ടല്ലേ? അയ്യൂബ് നബി (അ) പറഞ്ഞു. അതെ നിന്റെ പ്രതാപത്തെക്കൊണ്ടു സത്യം. ആ പരിതസ്ഥിതി നീ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ നിന്റെ പക്കല്‍നിന്നുള്ള ബറക്കത്തിനെ ആശ്രയിക്കാതെ എനിക്ക് ജീവിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 1. 5. 277)

23) ഉമ്മുഹാനിഅ്(റ) നിവേദനം: തിരുമേനി(സ)യുടെ അടുക്കലേക്ക് മക്ക ജയിച്ചടക്കിയവര്‍ഷം ഞാന്‍ ചെന്നു. അപ്പോള്‍ അവിടുന്നു കുളിക്കുന്നതായി ഞാന്‍ കണ്ടു. ഫാത്തിമ(റ) തിരുമേനി(സ)ക്ക് മറപിടിച്ചുകൊണ്ടു നില്‍ക്കുന്നുമുണ്ട്. ആരാണെന്ന് തിരുമേനി(സ) ചോദിച്ചു. ഞാന്‍ ഉമ്മുഹാനിഅ് ആണെന്ന് മറുപടി പറഞ്ഞു. (ബുഖാരി. 1. 5. 278)

24) അബൂഹുറൈറ(റ) നിവേദനം: മദീനയിലെ ചില വഴിയില്‍ വെച്ച് തിരുമേനി(സ) അദ്ദേഹത്തെ കണ്ടു. അന്നേരം അബൂഹുറൈറയില്‍ ജനാബത്തു കുളി അവശേഷിച്ചിരുന്നു. അബൂഹുറൈറ(റ) പറയുന്നു. ഞാന്‍ അന്നേരം തിരുമേനി(സ) യില്‍ നിന്ന് ഒഴിഞ്ഞുമാറിക്കളഞ്ഞു. എന്നിട്ട് ഞാന്‍ പോയി കുളിച്ചുതിരിച്ചുവന്നു. അപ്പോള്‍ അബൂഹുറൈറ! നീ എവിടെ പോയിരുന്നുവെന്ന് തിരുമേനി ചോദിച്ചു. ഞാന്‍ ജനാബത്തുകാരനായിരുന്നു. അശുദ്ധനായികൊണ്ട് അങ്ങയോടൊപ്പം ഇരിക്കുന്നതില്‍ വെറുപ്പുതോന്നി എന്ന് അബൂഹുറൈറ: പറഞ്ഞു. തിരുമേനി(സ) അരുളി : സുബ്ഹാനല്ലാഹു. സത്യവിശ്വാസി ഒരിക്കലും അശുദ്ധനാവുകയില്ല. (ബുഖാരി. 1. 5. 281)

25) അബൂസലമ(റ) പറയുന്നു: ഞാന്‍ ആയിശ(റ) യോടു ചോദിച്ചു. നബി(സ) ജനാബത്തുകാരനായി ഉറങ്ങാറുണ്ടോ? അവര്‍ പറഞ്ഞു. അതെ, അവിടുന്നു വുളു എടുക്കും. (ബുഖാരി. 1. 5. 284)

26) ഉമര്‍(റ) നിവേദനം: ഞങ്ങളില്‍ വല്ലവരിലും ജനാബത്തുകുളി അവശേഷിച്ചാല്‍ ഉറങ്ങാന്‍ പാടുണ്ടോ? എന്ന് തിരുമേനി(സ) യോടു അദ്ദേഹം ചോദിച്ചു. അതെ നിങ്ങളില്‍ ജനാബത്തുകുളി അവശേഷിച്ചിട്ടുണ്െടങ്കില്‍ വുളു ചെയ്തിട്ടു ഉറങ്ങാം എന്നു അവിടുന്ന് മറുപടി നല്‍കി. (ബുഖാരി. 1. 5. 286)

27) ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തുകാരനായി ഉറങ്ങാന്‍ ഉദ്ദേശിച്ചാല്‍ ഗുഹ്യസ്ഥാനം കഴുകി വുളു എടുക്കും. നമസ്ക്കാരത്തിന് എന്നതു പോലെ. (ബുഖാരി. 1. 5. 287)

28) ഉമര്‍(റ) നിവേദനം: അദ്ദേഹത്തിന് രാത്രിയില്‍ വലിയ അശുദ്ധിയുണ്ടാവും. അപ്പോള്‍ നബി(സ) അദ്ദേഹത്തോട് പറഞ്ഞു. നീ നിന്റെ ലിംഗം കഴുകിയ ശേഷം ഉറങ്ങുക. (ബുഖാരി. 1. 5. 288)

29) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പുരുഷന്‍ സ്ത്രീയുടെ നാല് ശാഖകള്‍ക്കിടയില്‍ ഇരിക്കുകയും എന്നിട്ട് അവളെ ബുദ്ധിമുട്ടിക്കുകയും ചെയ്താല്‍ കുളി നിര്‍ബന്ധമായി. (ബുഖാരി. 1. 5. 290)

30) ഉസ്മാന്‍(റ) നിവേദനം: ഒരാള്‍ തന്റെ ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുകയും ഇന്ദ്രിയസ്ഖലനം ഉണ്ടാവുന്നതിന് മുമ്പ് തന്നെ വിരമിക്കുകയും ചെയ്താല്‍ അവന്‍ കുളിക്കേണ്ടതുണ്ടോ എന്ന് സെയ്ദ്ബ്നുഖാലിദ് അദ്ദേഹത്തോടു ചോദിച്ചു. അപ്പോള്‍ ഉസ്മാന്‍(റ) പറഞ്ഞു. നമസ്ക്കാരത്തിന് വുളു എടുക്കുന്നത് പോലെ വുളു എടുക്കുകയും ജനനേന്ദ്രിയം കഴുകുകയും ചെയ്താല്‍ മാത്രം മതി. ഞാനത് നബി(സ) യില്‍ നിന്ന് കേട്ടിട്ടുണ്ട്. അപ്പോള്‍ ഞാന്‍ ഈ വിഷയത്തെക്കുറിച്ച് അലി(റ) സൂബൈര്‍(റ) ത്വല്‍ഹ:(റ) ഉബയ്യ്(റ) എന്നിവരോട് ചോദിച്ചു. അവരും ഉസ്മാന്‍(റ) പറഞ്ഞതുപോലെ കുളിക്കേണ്ടതില്ലാ എന്ന് പറഞ്ഞു. അബൂഅയ്യൂബും(റ) ഇതു നബി(സ) യില്‍ നിന്ന് കേട്ടിട്ടുണ്ട്. (ബുഖാരി. 1. 5. 291)

31) ഉബ്യ്യ്ബ്നുകഅ്ബ്(റ) നിവേദനം: അല്ലാഹുവിന്റെ ദൂതരേ! ഒരാള്‍ തന്റെ ഭാര്യയുമായി സംയോഗം ചെയ്തു സ്ഖലനം ഉണ്ടാവുന്നതിന് മുമ്പ് വിരമിച്ചാല്‍ അയാള്‍ കുളിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു തിരുമേനി(സ) അരുളി : സ്ത്രീയില്‍ നിന്നും സ്പര്‍ശിച്ച ലിംഗം കഴുകുകയും അനന്തരം വുളു എടുക്കുകയും ചെയ്തുകൊണ്ട് അവന്‍ നമസ്ക്കരിക്കട്ടെ. അബൂഅബ്ദില്ല (ബുഖാരി) പറയുന്നു. കുളിക്കുന്നതാണ് ഏറ്റവും സൂക്ഷ്മത. അതാണ് അവസാനത്തേത്. അവരുടെ ഭിന്നത വിവരിക്കാനാണ് ഇത്രയും വിവരിച്ചത്. (ബുഖാരി. 1. 5. 292)

32) അബുഹുറൈറ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: മൃതശരീരം കുളിപ്പിക്കുന്നയാള്‍ കുളിക്കേണ്ടതാണ്. (ഇബ്നുമാജാ)

33) ഖയിസ്ബ്നു ആസിം(റ) നിവേദനം ചെയ്തു: അദ്ദേഹം ഇസ്ളാംമതം സ്വീകരിച്ചു. അപ്പോള്‍ പ്രവാചകന്‍(സ) അദ്ദേഹത്തോടു വെള്ളം കൊണ്ടും സിദിര്‍ (ലോട്ടുവൃക്ഷത്തിന്റെ ഇല) കൊണ്ടും കുളിക്കുവാന്‍ ആജ്ഞാപിച്ചു. (തിര്‍മിദി)

34) ആയിശ(റ) നിവേദനം ചെയ്തു: നാലവസരത്തില്‍ പ്രവാചകന്‍(സ) കുളിക്കുമായിരുന്നു. : ജനാബത്തു കാരണത്താലും, വെള്ളിയാഴ്ചകളിലും, (കൊമ്പുവച്ച്) രക്തമെടുക്കുന്നതിനാലും, മൃതശരീരം കുളിപ്പിച്ചതിനാലും. (അബൂദാവൂദ്)

35) അനസ്(റ) പറഞ്ഞു: യഹൂദ സ്ത്രീ ഋതുമതിയായിരിക്കുമ്പോള്‍, അവര്‍ അവളുമായി ഭക്ഷിക്കുകയോ ഒരേ മുറിയില്‍ അവളുമായി ഇരിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് സഹചാരികള്‍ പ്രവാചകനോട് ചോദിക്കുകയും, അല്ലാഹു അവിടുന്നിന് ദിവ്യോദ്ബോധനം നല്‍കുകയും ചെയ്തു: ആര്‍ത്തവത്തെ ക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. (ഖു. 2: 222). അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു. സംഭോഗമൊഴിച്ച് മറ്റെല്ലാ കാര്യവും ചെയ്യുക. (മുസ്ലിം)

36) ആയിശ(റ) പറഞ്ഞു: പ്രവാചകന്‍(സ) കുളിക്കുശേഷം വുസു ചെയ്തിട്ടില്ല. (തിര്‍മിദി)

37) യഅ്ലാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) ഒരു ദിവസം ഒരാള്‍ (നഗ്നനായി) ഒരുതുറന്ന സ്ഥലത്തുനിന്നു കുളിക്കുന്നതു കണ്ടു. അവിടുന്നു പീഠത്തില്‍ കയറി അല്ലാഹുവിനെ സ്തുതിക്കയും സ്തോത്രം ചെയ്യുകയും ചെയ്ത ശേഷം പറഞ്ഞു: അല്ലാഹു ലജ്ജയുള്ളവനും കുറ്റങ്ങളെ മറയ്ക്കുന്നവനും ആകുന്നു. അവന്‍ ലജ്ജയെയും ലജ്ജയുള്ളതേതോ അതു മറയ്ക്കുന്നതിനേയും ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നിങ്ങളില്‍ ആരാണെങ്കിലും, കുളിക്കുമ്പോള്‍ മറയ്ക്കട്ടെ. (അബൂദാവൂദ്)

38) അബീദര്‍റു(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു; പത്തുകൊല്ലത്തേയ്ക്കു വെള്ളം കിട്ടിയില്ലെങ്കിലും, ശുദ്ധമായ മണ്ണുകൊണ്ട്, ഒരു മുസ്ളീമിന്റെ വുസു നിര്‍വ്വഹിക്കാവുന്നതാണ്. വെള്ളം കിട്ടുമ്പോള്‍ ശരീരം അതുകൊണ്ട് കഴുകാവുന്നതാണ്. അതാണ് നല്ലത്. (അബൂദാവൂദ്)

39) ജാബിര്‍(റ) പറഞ്ഞു: ഞങ്ങള്‍ ഒരു യാത്ര തിരിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക് കല്ല് തട്ടുകയും, തലപൊട്ടുകയും രാത്രി ഇന്ദ്രീയ സ്ഖലനമുണ്ടാകുകയും ചെയ്തു. പ്രവാചകന്‍ പറഞ്ഞു: തയമ്മും ചെയ്കയും മുറിവുണ്ടായിരുന്ന സ്ഥലത്ത് കെട്ടുകയും അതില്‍ തുടയ്ക്കുകയും ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ കഴുകുകയും ചെയ്തെങ്കില്‍ മതിയാകുമായിരുന്നു.

Monday, March 29, 2010

ആര്‍ത്തവം

0 comments


1) ആയിശ(റ) നിവേദനം: ഞങ്ങള്‍ പുറപ്പെട്ടു. ഹജ്ജ് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. തിരുമേനി(സ) എന്റെയടുക്കല്‍ കടന്നുവന്നു. ഞാന്‍ കരയുകയാണ്. അവിടുന്ന് ചോദിച്ചു. നിനക്കെന്തു സംഭവിച്ചു? ആര്‍ത്തവം തുടങ്ങിയോ? അതെ എന്നു ഞാന്‍ ഉത്തരം നല്‍കി. തിരുമേനി(സ) അരുളി: ആദമിന്റെ പെണ്‍മക്കള്‍ക്ക് അല്ലാഹു നിശ്ചയിച്ച കാര്യമാണത്. അതുകൊണ്ട് മറ്റു ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍ കഅ്ബയെ പ്രദക്ഷിണം ചെയ്യരുത്. ആയിശ(റ) പറഞ്ഞു. നബി(സ) പത്നിമാര്‍ക്ക് വേണ്ടി പശുക്കളെയാണ് അന്ന് ബലികഴിച്ചത്. (ബുഖാരി. 1. 6. 293)

2) ആയിശ(റ) നിവേദനം: ഞാന്‍ ആര്‍ത്തവക്കാരിയായിരിക്കുമ്പോള്‍ തിരുമേനി(സ)യുടെ മുടി വാര്‍ന്ന് കൊടുക്കാറുണ്ടായിരുന്നു. (ബുഖാരി. 1. 6. 294)

3) ഉര്‍വ്വ(റ) നിവേദനം: ഭാര്യ ആര്‍ത്തവക്കാരിയായിരിക്കുമ്പോള്‍ അവള്‍ എനിക്ക് ശുശ്രൂഷ ചെയ്യാമോ, അവള്‍ ജനാബത്തുകാരി യായിരിക്കുമ്പോള്‍ എന്നെ സമീപിക്കാമോ എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അപ്പോള്‍ ഉര്‍വ്വ(റ) പറഞ്ഞു. ഇവയെല്ലാം നിസ്സാര പ്രശ്നമാണ്. അവരെല്ലാം എന്നെ ശുശ്രൂഷിക്കുകയും എനിക്ക് സേവനം ചെയ്യുകയും ചെയ്യാറുണ്ട്. ആരുടെ മേലിലും ഇതിന്ന് വിരോധമില്ല. ആയിശ(റ) ആര്‍ത്തവഘട്ടത്തിലായിരിക്കുമ്പോള്‍ നബി(സ)യുടെ മുടി ചീകികൊടുക്കാറുണ്ടെന്ന് അവര്‍ എന്നോട് പറയുകയുണ്ടായി. നബി(സ) പള്ളിയില്‍ ഭജനമിരിക്കുകയായിരിക്കും. തല അവരുടെ അടുക്കലേക്ക് നീട്ടിക്കൊടുക്കും. ആയിശ(റ) അവരുടെ മുറിയിലായിരിക്കും. അങ്ങനെ അവര്‍ ആര്‍ത്തവഘട്ടത്തിലായിരിക്കവേ അവിടുത്തെ മുടി വാര്‍ന്നു കൊടുക്കും. (ബുഖാരി. 1. 6. 295)

4) ആയിശ(റ) നിവേദനം: തിരുമേനി(സ) എന്റെ മടിയിലേക്ക് ചാരികിടന്നിട്ട് ഖുര്‍ആന്‍ ഓതാറുണ്ട്. ഞാന്‍ ആര്‍ത്തവ ഘട്ടത്തിലായിരിക്കും. (ബുഖാരി. 1. 6. 296)

5) ഉമ്മുസല്‍മ(റ) നിവേദനം: ഒരു ദിവസം ഞാന്‍ ഒരു പുതപ്പില്‍ തിരുമേനി(സ) യോടൊപ്പം കിടന്നുറങ്ങുകയായിരുന്നു. അതിന്നിടക്ക് എനിക്ക് ആര്‍ത്തവം ആരംഭിച്ചു. ഞാന്‍ പതുക്കെ അവിടെ നിന്നും എഴുന്നേറ്റു. എന്നിട്ട് ആര്‍ത്തവസമയത്ത് ധരിക്കാറുള്ള വസ്ത്രം എടുത്തു. അപ്പോള്‍ തിരുമേനി ചോദിച്ചു. നിനക്ക് നിഫാസ് ആരംഭിച്ചുവോ? അതെ, ഞാന്‍ മറുപടി പറഞ്ഞു. തിരുമേനി(സ) എന്നെ വിളിച്ചു. എന്നിട്ട് തിരുമേനി(സ) യോടൊപ്പം ഒരേ പുതപ്പില്‍ ഞാന്‍ കിടന്നു. (ബുഖാരി. 1. 6. 297)

6) ആയിശ(റ) നിവേദനം: ഞാനും നബി(സ)യും ഒരേ പാത്രത്തില്‍നിന്നും കുളിക്കാറുണ്ട്. ഞങ്ങള്‍ രണ്ടു പേര്‍ക്കും വലിയ അശുദ്ധിയുണ്ടായിരിക്കേ. ആയിശ(റ) നിവേദനം: അവിടുന്ന് ഭജനമിരിക്കുമ്പോള്‍ തല എനിക്ക് നീട്ടിതരും. ഞാന്‍ അവിടുത്തെ തല കഴുകിക്കൊടുക്കും. ഞാന്‍ ഋതുമതി ആയിരിക്കവെ. (ബുഖാരി. 1. 6. 298) (ബുഖാരി. 1. 6. 298)

7) ആയിശ(റ) നിവേദനം: ചിലപ്പോള്‍ ആര്‍ത്തവഘട്ടത്തില്‍ എന്നോട് വസ്ത്രം ധരിക്കാന്‍ തിരുമേനി(സ) നിര്‍ദ്ദേശിക്കും. എന്നിട്ട് അവിടുന്ന് എന്നോട് ചേര്‍ന്ന് കിടക്കും. ഞാന്‍ ആര്‍ത്തവ ഘട്ടത്തിലായിരിക്കും. (ബുഖാരി. 1. 6. 300)

8) ആയിശ(റ) നിവേദനം: ഞങ്ങളില്‍ വല്ലവര്‍ക്കും ആര്‍ത്തവമുണ്ടായി അവളോടൊപ്പം കിടക്കാന്‍ തിരുമേനി(സ) ഉദ്ദേശിച്ചു. എങ്കില്‍ അവളുടെ ശക്തിയായ ആര്‍ത്തവത്തിന്റെ ഘട്ടത്തില്‍ വസ്ത്രം (അടിയില്‍) ധരിക്കാന്‍ ഉപദേശിക്കും. ശേഷം അവളോടൊപ്പം കിടക്കാം. ആയിശ(റ) പറയുന്നു. തിരുമേനി(സ)ക്ക് കഴിഞ്ഞിരുന്നതുപോലെ കാമവികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ? (ബുഖാരി. 1. 6. 299)

9) മൈമൂന(റ) നിവേദനം: തിരുമേനി(സ) ഋതുമതിയായ തന്റെ ഭാര്യയുമായി സഹവസിക്കാന്‍ ഉദ്ദേശിച്ചാല്‍ അവളുടെ തുണി ഉടുക്കുവാന്‍ നിര്‍ദ്ദേശിക്കും. (ബുഖാരി. 1. 6. 300)

10) അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്ക്കാരമൈതാനത്തേക്ക് പുറപ്പെട്ടു. തിരുമേനി(സ) സ്ത്രീകളുടെ അടുക്കലേക്ക് ചെന്നു. അവിടുന്നു അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം? തിരുമേനി(സ) പ്രത്യുത്തരം നല്‍കി. അവര്‍ ശപിക്കല്‍ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കും, ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! ബുദ്ധിയിലും മതത്തിലും ഞങ്ങള്‍ക്കെന്താണ് കുറവ്? അവിടുന്ന് അരുളി. സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അവര്‍ പറഞ്ഞു. അതെ. തിരുമേനി അരുളി :അതാണ് അവര്‍ക്ക് ബുദ്ധി കുറവാണെന്നതിന്റെ ലക്ഷണം. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ പറഞ്ഞു. അതെ തിരുമേനി(സ) അരുളി: മതം കുറവായതിന്റെ ലക്ഷണങ്ങളാണത്. (ബുഖാരി. 1. 6. 301)

11) ആയിശ(റ) പറയുന്നു: അബൂഹുബൈശിന്റെ മകള്‍ ഫാത്തിമ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ! ഞാന്‍ ശുദ്ധിയാവാത്ത ഒരു സ്ത്രീയാണ്. അതുകൊണ്ട് ഞാന്‍ നമസ്ക്കാരം ഉപേക്ഷിക്കട്ടെയോ? തിരുമേനി(സ) അരുളി : നിശ്ചയമായും അതു ഒരു ഞരമ്പുരോഗമാണ്. ആര്‍ത്തവമല്ല. അതുകൊണ്ട് ആര്‍ത്തവം ആസന്നമായാല്‍ നീ നമസ്ക്കാരം ഉപേക്ഷിക്കണം. അതിന്റെ അവധി അവസാനിച്ചാല്‍ രക്തം കഴുകി നീ നമസ്ക്കരിക്കണം. (ബുഖാരി. 1. 6. 303)

12) ആയിശ(റ) നിവേദനം: ഞങ്ങളില്‍ ഒരുവള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ ശുദ്ധിയാക്കുമ്പോള്‍ കൈവിരലിന്റെ അറ്റം കൊണ്ടു വസ്ത്രത്തില്‍ നിന്നും രക്തം കഴുകും. പിന്നീട് വെള്ളം ചേര്‍ത്ത് ബാക്കി സ്ഥലം കഴുകും. എന്നിട്ട് അതില്‍ നമസ്ക്കരിക്കും. (ബുഖാരി. 1. 6. 305)

13) ആയിശ(റ) നിവേദനം: തിരുമേനി(സ) യോടൊപ്പം സ്വപത്നികളില്‍ ചിലര്‍ ഇഅ്ത്തികാഫ് ഇരുന്നു. അവള്‍ക്ക് അമിതമായി രക്തം പോകുന്ന രോഗമുണ്ടായിരുന്നു. രക്തം കാരണം ചിലപ്പോള്‍ താഴെ താലം (പാത്രം) വെക്കുകയാണ് അവര്‍ ചെയ്തിരുന്നത്. മഞ്ഞ നിറമുള്ള ദ്രാവകം ആയിശ(റ) ദര്‍ശിച്ചിരുന്നു. ഇന്നവള്‍ ഈ രീതിയിലുള്ള രക്തമാണ് കണ്ടിരുന്നതെന്ന് അവള്‍ പറയാറുണ്ട്. (ബുഖാരി. 1. 6. 306)

14) ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ കൂടെ അവിടുത്തെ ഒരു ഭാര്യ ഭജനമിരുന്നു. അവള്‍ മഞ്ഞകലര്‍ന്ന നിറമുള്ള രക്തം ദര്‍ശിക്കാറുണ്ട്. അവള്‍ നമസ്ക്കരിക്കുമ്പോള്‍ താലം അവളുടെ ചുവട്ടില്‍ ഉണ്ടായിരിക്കും. (ബുഖാരി. 1. 6. 307)

15) ആയിശ(റ) നിവേദനം: സത്യവിശ്വാസികളുടെ ഉമ്മമാരില്‍പെട്ട ചിലര്‍ രക്തസ്രാവമുള്ള ഘട്ടത്തില്‍ ഭജനമിരിക്കാറുണ്ട്. (ബുഖാരി. 1. 6. 308)

16) ആയിശ(റ) നിവേദനം: ഞങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാവുന്ന ആ ഏക വസ്ത്രമല്ലാതെ മറ്റൊന്നും ചിലപ്പോള്‍ ഉണ്ടാവാറില്ല. ആര്‍ത്തവരക്തം അതില്‍ ബാധിച്ചാല്‍ ഉമിനീര്‍ നഖത്തിലാക്കിക്കൊണ്ട് അതിനെ ഉരസികളയാറുണ്ട്. (ബുഖാരി. 1. 6. 309)

17) ഉമ്മഅത്വിയ്യ(റ) നിവേദനം: ഒരാള്‍ മരിച്ചാല്‍ മൂന്ന് ദിവസത്തിലധികം ദുഃഖമാചരിക്കുന്നത് ഞങ്ങളോട് വിരോധിച്ചിരുന്നു. ഭര്‍ത്താവ് ഒഴികെ. അദ്ദേഹത്തിന്റെ മേല്‍ നാല്മാസവും പത്തു ദിവസവും കല്‍പ്പിച്ചിരുന്നു. ആ ഘട്ടത്തില്‍ സുറുമയിടരുത്, സുഗന്ധദ്രവ്യം ഉപയോഗിക്കരുത്, ചായം പിടിപ്പിച്ച നൂലുകൊണ്ട് നെയ്ത വസ്ത്രമല്ലാതെ ചായം പൂശിയ വസ്ത്രം ധരിക്കരുത് എന്നും ഞങ്ങളോട് കല്‍പ്പിച്ചിരുന്നു. ആര്‍ത്തവം നിന്ന് ഞങ്ങള്‍ കുളിച്ച് ശുദ്ധീകരിക്കുമ്പോള്‍ അല്‍പം സുഗന്ധമുള്ള വസ്തു (കസ്ത്അള്ഫൌ) ഉപയോഗിക്കാന്‍ ഞങ്ങളെ അനുവദിച്ചിരുന്നു. മയ്യത്തിനെ അനുഗമിക്കുന്നതും ഞങ്ങളോട് വിരോധിച്ചിരുന്നു. (ബുഖാരി. 1. 6. 310)

18) ആയിശ(റ) നിവേദനം: ആര്‍ത്തവം നിന്ന ശേഷം കുളിക്കുന്നതിനെക്കുറിച്ച് ഒരു സ്ത്രീ തിരുമേനി(സ) യോട് ചോദിച്ചു. കുളിക്കേണ്ടതെങ്ങിനെയെന്നുപദേശിച്ചുകൊണ്ട് തിരുമേനി(സ) അരുളി : നീ ഒരു കഷ്ണം കസ്തൂരിയെടുത്തു അതുകൊണ്ട് ശുദ്ധീകരിക്കുക. അവള്‍ ചോദിച്ചു. കസ്തൂരികൊണ്ടു ഞാന്‍ ശുദ്ധീകരിക്കേണ്ടതെങ്ങിനെയാണ്. തിരുമേനി(സ) അരുളി: നീ അതു അതുകൊണ്ട് ശൂദ്ധീകരിക്കുക. അവള്‍ വീണ്ടും ചോദിച്ചു. എങ്ങിനെ? തിരുമേനി(സ) അരുളി: സുബ്ഹാനല്ലാ! നീ ശുദ്ധീകരിച്ചു. കൊള്ളുക. ആയിശ(റ) പറയുന്നു. അന്നേരം അവളെ എന്റെ അടുക്കലേക്ക് പിടിച്ചുവലിച്ചു ഞാന്‍ പറഞ്ഞു ആ കസ്തൂരിയുടെ കഷ്ണം രക്തം തട്ടിയ സ്ഥലങ്ങളില്‍ ഉപയോഗിക്കുക. (ബുഖാരി. 1. 6. 311)

19) ആയിശ(റ) നിവേദനം: അന്‍സാരികളില്‍ പെട്ട ഒരു സ്ത്രീ തിരുമേനി(സ) യോടു ചോദിച്ചു. ഞാന്‍ ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയാകുമ്പോള്‍ എങ്ങിനെ കുളിക്കണം? നീ കൈകൊണ്ട് ഒരു കഷ്ണം സുഗന്ധം എടുത്തു വൃത്തിയാക്കുക. എങ്ങിനെയെന്ന് അവള്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. ശേഷം നബി(സ) ലജ്ജിക്കുകയും മുഖം തിരിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അവളെ പിടിച്ചു വലിച്ചു. ശേഷം നബി(സ) ഉദ്ദേശിച്ച സ്ഥലം ഞാന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തു. (ബുഖാരി. 1. 6. 312)

20) ആയിശ(റ) നിവേദനം : ഹജ്ജത്തുല്‍ വിദാഇല്‍ തിരുമേനി(സ) യോടൊപ്പം ഞാന്‍ ഇഹ്റാം കെട്ടി. ബലിമൃഗങ്ങളെ കൊണ്ടുപോകാത്തവരുടെയും ഹജ്ജിനു മുമ്പ് ഉംറക്കുവേണ്ടി മാത്രം ഇഹ്റാം കെട്ടിയവരുടെയും വിഭാഗത്തിലായിരുന്നു ഞാന്‍. അവര്‍ പറയുന്നു. അവര്‍ക്ക് ആര്‍ത്തവമാരംഭിച്ചു. അറഫ രാത്രി വന്നെത്തും വരേക്കും ശുദ്ധിയായില്ല. അപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! ഇത് അറഫാ ദിനത്തിന്റെ രാത്രിയാണ്. ഞാന്‍ ഉംറക്ക് മാത്രം ഇഹ്റാം കെട്ടിയവളാണ്. തിരുമേനി(സ) അവരോട് പറഞ്ഞു. നീ നിന്റെ മുടിയുടെ കെട്ടഴിക്കുക. മുടി വാര്‍ന്നു കൊള്ളുക. ഉംറയുടെ നടപടികള്‍ നിറുത്തിവെക്കുക. ആയിശ പറയുന്നു. ഞാന്‍ അങ്ങനെ ചെയ്തു. ഹജ്ജില്‍ പ്രവേശിച്ചു. അതു നിര്‍വ്വഹിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മുമ്പ് പ്രവേശിച്ചു കഴിഞ്ഞിരുന്ന ഉംറക്ക് പകരം തന്‍ഈമില്‍ നിന്ന് എന്നെ ഉംറക്ക് ഇഹ്റാം കെട്ടിച്ചുകൊണ്ടുവരാന്‍ അബ്ദുറഹ്മാനോട് ഹസ്ബായുടെ രാവില്‍ തിരുമേനി നിര്‍ദ്ദേശിച്ചു. (ബുഖാരി.
1. 6. 313)

21) ആയിശ(റ) നിവേദനം : ദുല്‍ഹജ്ജ് മാസപ്പിറവി കണ്ട ഉടനെ ഞങ്ങള്‍ (ഹജ്ജിന്ന്) പുറപ്പെട്ടു. തിരുമേനി(സ) അരുളി: ഉംറക്ക് മാത്രം ഇഹ്റാം കെട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ അങ്ങനെ ചെയ്തുകൊള്ളുക. ബലിമൃഗങ്ങളെ കൊണ്ടുവന്നിരുന്നില്ലെങ്കില്‍ ഞാനും ഉംറക്കു മാത്രെ ഇഹ്റാം കെട്ടുമായിരുന്നുള്ളു. അങ്ങനെ ഞങ്ങളില്‍ ചലര്‍ ഉംറക്ക് മാത്രമായും ചിലര്‍ ഹജ്ജിനുമാത്രമായും ഇഹ്റാം കെട്ടി. ഞാന്‍ ഉംറക്ക് മാത്രമായി ഇഹ്റാം കെട്ടിയവരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ ഞാന്‍ ഋതുമതിയായിരിക്കെ അറഫാ: ദിവസം ആഗതമായി. ഞാന്‍ നബി(സ) യോട് ആവലാതിപ്പെട്ടു. അവിടുന്നു അരുളി : നീ ഉംറ: ഉപേക്ഷിക്കുക. മുടി കെട്ടഴിച്ച് വാര്‍ന്നുകൊള്ളുക. ഹജ്ജിന് ഇഹ്റാം കെട്ടുക. ഞാനത് അനുഷ്ഠിച്ചു. ഹസ്ബായുടെ രാത്രിയില്‍ എന്റെ സഹോദരന്‍ അബ്ദുറഹ്മാനെ എന്റെ കൂടെ തന്‍ഈമിലേക്ക് അയച്ചു. അങ്ങനെ ഞാന്‍ ഉംറക്ക് പകരം വീണ്ടും ഉംറക്ക് വേണ്ടി ഇഹ്റാം കെട്ടി. ഹിശ്ശാമ് പറയുന്നു. അതിലൊന്നും ബലി കഴിക്കുകയോ നോമ്പു നോല്‍ക്കുകയോ ദാനം ചെയ്യുകയോ ചെയ്യേണ്ടിവന്നില്ല. (ബുഖാരി. 1. 6. 314)

22) അനസ്(റ) നിവേദനം : തിരുമേനി(സ) അരുളി: അല്ലാഹു ഗര്‍ഭപാത്രത്തില്‍ ഒരു മലക്കിനെ നിയമിച്ചിട്ടുണ്ട്. ആ മലക്ക് വിളിച്ചു പറയും. എന്റെ രക്ഷിതാവേ! ഇപ്പോള്‍ ഭ്രൂണമായി. എന്റെ രക്ഷിതാവേ! ഇപ്പോള്‍ രക്തപിണ്ഡമായി. എന്റെ രക്ഷിതാവേ! ഇപ്പോള്‍ മാംസക്കഷ്ണമായി, അങ്ങനെ അതിന്റെ സൃഷ്ടിപ്പ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയും. ആണോ പെണ്ണോ? നിര്‍ഭാഗ്യവാനോ? സൌഭാഗ്യവാനോ? ആഹാരം എന്ത്? അവധി എത്ര? അങ്ങനെ അവന്റെ മാതാവിന്റെ ഗര്‍ഭപ്രാതത്തില്‍ വെച്ച് തന്നെ എഴുതപ്പെടും. (ബുഖാരി. 1. 6. 315)

23) ആയിശ(റ) നിവേദനം: ഹുബൈശിന്റെ പുത്രിക്ക് രക്തസ്രാവമുണ്ടായിരുന്നു. ഇതിനെക്കുറിച്ച് അവര്‍ നബി(സ) യോട് അന്വേഷിച്ചു. അപ്പോള്‍ തിരുമേനി(സ) അരുളി, അതു ഒരു ഞരമ്പ് രോഗമാണ് ആര്‍ത്തവ ദിവസമായാല്‍ നീ നമസ്കാരം ഉപേക്ഷിക്കുക. അതു പിന്നിട്ടാല്‍ കുളിച്ചു നമസ്കരിക്കുക. (ബുഖാരി. 1. 6. 317)

24) ആയിശ(റ) നിവേദനം: സ്ത്രീ ആര്‍ത്തവമില്ലാതെ ശുദ്ധിയായിരിക്കുമ്പോള്‍ മാത്രം നമസ്കരിച്ചാല്‍ മതിയാകുമോ എന്ന് ഒരു സ്ത്രീ അവരോട് ചോദിച്ചു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. നീ ഹറൂരിയ്യ സംഘത്തില്‍ പെട്ടവളാണോ? നബി(സ) യോടൊപ്പം താമസിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളോട് നമസ്കാരം നഷ്ടപ്പെട്ടത് നിര്‍വ്വഹിക്കുവാന്‍ തിരുമേനി(സ) കല്‍പ്പിക്കാറുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ആയിശ(റ) പറഞ്ഞത് ഞങ്ങള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നില്ല എന്നാണ്. (ബുഖാരി. 1. 6. 318)

25) ഹഫ്സ: പറയുന്നു: യുവതികള്‍ രണ്ടു പെരുന്നാളിന് പുറത്തു പോകുന്നത് ഞങ്ങള്‍ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനൂഖലഫിന്റെ എടുപ്പില്‍ വന്നിറങ്ങി. നബി(സ)യൊന്നിച്ച് പന്ത്രണ്ടു യുദ്ധത്തില്‍ പങ്കെടുത്ത ഭര്‍ത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്ന സഹോദരിയില്‍ നിന്ന് അവര്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. എന്റെ സഹോദരി നബി(സ) യോട് ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക് പര്‍ദ്ദയില്ലെങ്കില്‍ വരാതിരിക്കുന്നതില്‍ തെറ്റുണ്ടോ? പര്‍ദ്ദയില്ലാത്തവര്‍ക്ക് കൂട്ടുകാരി നല്‍കണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. ഉമ്മു അത്വിയ്യ(റ) വന്നപ്പോള്‍ ഞാന്‍ അവരോടും ചോദിച്ചു. നബി(സ) ഇപ്രകാരം അരുളിയതു നിങ്ങള്‍ കേട്ടിട്ടുണ്ടോ? അവര്‍ പറഞ്ഞു. അതെ! കേട്ടിട്ടുണ്ട്. എന്റെ പിതാവ് പ്രായശ്ചിത്തമാണ്. അവര്‍ നബി(സ)യെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോള്‍ എന്റെ പിതാവ് പ്രായശ്ചിത്തമാണ് എന്ന് പറയാതിരിക്കാറില്ല - അവര്‍ പറയുന്നു. യുവതികളും വീട്ടില്‍ അന്തഃപുരത്ത് ഇരിക്കുന്ന സ്ത്രീകളും ആര്‍ത്തവമുള്ള സ്ത്രീകളുമെല്ലാം പെരുന്നാള്‍ മൈതാനത്തേക്ക് വരണം, നന്മയുടെയും മുസ്ളിംകളുടെ പ്രാര്‍ത്ഥനയുടെയും രംഗങ്ങളില്‍ അവര്‍ ഹാജറാവട്ടെ, നമസ്കാരസ്ഥലത്ത് നിന്ന് ആര്‍ത്തവകാരികള്‍ ഒഴിഞ്ഞിരിക്കുകയും ചെയ്യട്ടെ, ഇപ്രകാരം നബി(സ) അരുളുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഹഫ്സ: പറഞ്ഞു എന്ത്! ആര്‍ത്തവമുള്ള സ്ത്രീകളെ? ഉമ്മു അത്വിയ്യ(റ) പറഞ്ഞു. അതെ അവര്‍ അറഫായില്‍ പങ്കെടുക്കുന്നില്ലേ? അതിനു പുറമെ ഇന്നിന്ന രംഗങ്ങളിലും പങ്കെടുക്കുന്നില്ലേ? (ബുഖാരി. 1. 6. 321)

26) ഉമ്മുഅത്വിയ്യ(റ) നിവേദനം: മഞ്ഞനിറമോ കലര്‍പ്പോ ഉള്ള വല്ലതും ജനനേന്ദ്രിയത്തില്‍ നിന്നും പുറത്തുവന്നാല്‍ അതു ആര്‍ത്തവമായി ഞങ്ങള്‍ പരിഗണിക്കാറില്ല. (ബുഖാരി. 1. 6. 323)

27) ആയിശ(റ) നിവേദനം: അവര്‍ (ഹജ്ജ് സന്ദര്‍ഭത്തില്‍) തിരുമേനി(സ) യോട് പറഞ്ഞു. സഫിയ്യക്ക് ആര്‍ത്തവം ആരംഭിച്ചിരിക്കുന്നു. നബി(സ) അരുളി. അവള്‍ നമ്മുടെ യാത്ര തടഞ്ഞേക്കാം. അവര്‍ നിങ്ങളോടൊപ്പം ഇഫാളത്തിന്റെ ത്വവാഫ് ചെയ്തില്ലേ എന്ന് തിരുമേനി(സ) ചോദിച്ചു. അതെ, എന്നവര്‍ ഉത്തരം നല്‍കി. എന്നാല്‍ യാത്ര പുറപ്പെട്ടുകൊള്‍കയെന്ന് തിരുമേനി(സ) അരുളി. (ബുഖാരി. 1. 6. 325)

28) ഇബ്നുഅബ്ബാസ(റ) നിവേദനം: ആര്‍ത്തവകാരിക്ക് (ത്വവാഫുല്‍ വദാഅ് നിര്‍വ്വഹിക്കാതെ തന്നെ) പുറപ്പെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. (ബുഖാരി. 1. 6. 326)

29) സമുറത്ത്(റ) നിവേദനം: ഒരു സ്ത്രീ പ്രസവ സംബന്ധമായ ഒരു രോഗത്തില്‍ മരണമടഞ്ഞു. എന്നിട്ട് തിരുമേനി(സ) അവളുടെ പേരില്‍ മയ്യിത്ത് നമസ്കാരം നടത്തിയപ്പോള്‍ മയ്യിത്തിന്റെ നടുവിലാണ് തിരുമേനി(സ) നിന്നത്. (ബുഖാരി. 1. 6. 328)

30) മൈമൂന:(റ) നിവേദനം: അവര്‍ക്ക് ആര്‍ത്തവം ആരംഭിച്ചു കഴിഞ്ഞാല്‍ അവര്‍ നമസ്കരിക്കാറില്ല. തിരുമേനി(സ) നമസ്കരിക്കുന്ന സ്ഥലത്തിന്റെ നേരെ വിരിപ്പ് വിരിച്ച് അവര്‍ കിടക്കും. തിരുമേനി(സ) തന്റെ നമസ്കാരപ്പായ വിരിച്ച് അതില്‍ നിന്നുകൊണ്ട് നമസ്കരിക്കും. തിരുമേനി(സ) സുജൂദ് ചെയ്യുമ്പോള്‍ തിരുമേനി(സ)യുടെ വസ്ത്രം അവരുടെ ശരീരത്തില്‍ തട്ടും. (ബുഖാരി. 1. 6. 329)

Sunday, March 28, 2010

തയമ്മും

0 comments


1) ആയിശ(റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം അവിടുത്തെ ഒരു യാത്രയില്‍ പുറപ്പെട്ടു. ബൈദാഇല്‍ അല്ലെങ്കില്‍ താത്തൂല്‍ ജൈശില്‍ എത്തിയപ്പോള്‍ എന്റെ മാല അറ്റു വീണുപോയി. തിരുമേനി(സ) അതു തിരഞ്ഞു പിടിക്കാന്‍ വേണ്ടി അവിടെ നിന്നു. ജനങ്ങളും തിരുമേനി(സ) യോടൊപ്പം നിന്നു. അവരുടെ കൂടെ വെള്ളമുണ്ടായിരുന്നില്ല. അവസാനം ജനങ്ങള്‍ അബൂബക്കര്‍(റ)ന്റെ അടുക്കല്‍ വന്നിട്ട് ആയിശ(റ) ചെയ്തതു ഇവിടുന്നു കാണുന്നില്ലേ? തിരുമേനി(സ)യുടെ യാത്ര അവര്‍ തടസ്സപ്പെടുത്തി. ജനങ്ങളുടേതും. ആളുകള്‍ക്കാണെങ്കില്‍ വെളളം കിട്ടാനില്ല. അവര്‍ കൂടെ വെള്ളം കൊണ്ടുവന്നിട്ടുമില്ല എന്നു പറഞ്ഞു. ഉടനെ അബൂബക്കര്‍(റ) വന്നു. തിരുമേനി(സ) എന്റെ മടിയില്‍ തലയും വെച്ച് കിടന്നുറങ്ങിക്കഴിഞ്ഞിരുന്നു. അബൂബക്കര്‍(റ) പറഞ്ഞു. തിരുമേനി(സ)യുടെയും ജനങ്ങളുടെയും യാത്ര നീ തടസ്സപ്പെടുത്തി. ആളുകള്‍ വെള്ള ഉള്ള സ്ഥലത്തല്ല ഉള്ളത്. അവര്‍ വെള്ളം കൂടെ കൊണ്ടുവന്നിട്ടുമില്ല. ആയിശ(റ) പറയുന്നു. അബൂബക്കര്‍(റ) എന്തെക്കെയോ പറഞ്ഞു എന്നെ കുറ്റപ്പെടുത്തി. മാത്രമല്ല. എന്റെ വാരിയെല്ലുകളുടെ താഴെ കൈകൊണ്ട് കുത്താന്‍ തുടങ്ങി. തിരുമേനി(സ) എന്റെ കാല്‍ തുടയിന്മേല്‍ തല വെച്ചു ഉറങ്ങിയിരുന്നതാണ് എന്നെ ചലനത്തില്‍ നിന്നും തടഞ്ഞത് (വേദനയുണ്ടായിട്ടും അവിടുത്തെ ഉറക്കത്തെ തടസ്സപ്പെടുത്തരുതെന്ന ചിന്ത) അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ തിരുമേനി(സ) നില കൊണ്ടിരുന്നത് വെള്ളമില്ലാത്തൊരു സ്ഥലത്തായിരുന്നു. അപ്പോള്‍ അല്ലാഹു തയമ്മും ചെയ്യുവാനുള്ള ആയത്തുകള്‍ അവതരിപ്പിച്ചു. അങ്ങനെ എല്ലാവരും തയമ്മും ചെയ്തു ഹുസൈദ്ബ്നുഹുളൈര്‍ പറഞ്ഞു. അബൂബക്കറിന്റെ കുടുംബമേ! ഇതു നിങ്ങളുടെ ഒന്നാമത്തെ ബറക്കത്തല്ല. ആയിശ(റ) പറയുന്നു. അവസാനം ഞാന്‍ യാത്ര ചെയ്തിരുന്ന ഒട്ടകത്തെ ഞങ്ങള്‍ എഴുന്നേല്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ അതിനിടയില്‍ നിന്ന് മാല കണ്ടു കിട്ടി. (ബുഖാരി. 1. 7. 330)

2) ജാബിര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: എനിക്ക് മുമ്പുള്ളവര്‍ക്ക് നല്‍കാത്ത അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു നല്‍കിയിരിക്കുന്നു. ഒരു മാസത്തെ വഴി ദൂരത്തെ ഭയം കൊണ്ട് ഞാന്‍ സഹായിക്കപ്പെട്ടു. ഭൂമിയെ (സര്‍വ്വവും) എനിക്ക് സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലമായും ശുചീകരിക്കാനുള്ള ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചു തന്നു. എന്റെ അനുയായികള്‍ ഏതെങ്കിലും ഒരാള്‍ക്ക് നമസ്കാരസമയം എത്തിയാല്‍ (പള്ളിയും വെള്ളവുമില്ലെങ്കിലും) അവിടെ വെച്ച് അവന്‍ നമസ്കരിക്കട്ടെ. ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എനിക്ക് അനുമതി നല്‍കിയിരിക്കുന്നു. എനിക്ക് മുമ്പ് ആര്‍ക്കും അതനുവദിച്ചുകൊടുത്തിരുന്നില്ല. ശുപാര്‍ശ എനിക്ക് അനുവദിച്ചു തന്നു. നബിമാരെ അവരവരുടെ ജനതയിലേക്ക് മാത്രമാണ് മുമ്പ് നിയോഗിച്ചയച്ചിരുന്നത്. എന്നെ നിയോഗിച്ചയച്ചിരിക്കുന്നതാവട്ടെ മനുഷ്യരാശിയിലേക്കാകമാനവും. (ബുഖാരി. 1. 7. 331)

3) അബൂജുഹൈം(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ബിഅ്റുജമലിന്റെ ഭാഗത്ത് നിന്ന് വരുമ്പോള്‍ ഒരാള്‍ നബി(സ)യെ കണ്ടുമുട്ടി. സലാം പറഞ്ഞു. പക്ഷെ തിരുമേനി(സ) സലാം മടക്കിയില്ല. വേഗം ഒരു മതിലിനെ അഭിമുഖീകരിച്ചു അതിന്മേല്‍ കൈ വെച്ചെടുത്തു തന്റെ മുഖവും രണ്ടു കയ്യും തടവി. ശേഷം സലാം മടക്കി. (ബുഖാരി. 1. 7. 333)

4) സഈദ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: ഒരാള്‍ ഉമര്‍(റ)ന്റെ അടുത്തുവന്നു ചോദിച്ചു. എനിക്ക് വലിയ അശുദ്ധിയുണ്ടാവുകയും വെള്ളം ലഭിക്കാതിരിക്കുകയും ചെയ്യാറുണ്ട്. (അപ്പോള്‍ ഞാന്‍ എന്തുചെയ്യണം) ഉടനെ അമ്മാര്‍(റ) ഉമര്‍(റ)നോട് പറഞ്ഞു. താങ്കള്‍ ഓര്‍ക്കുന്നില്ലേ? ഞാനും താങ്കളും ഒരിക്കല്‍ സഹയാത്രികനായിരുന്നുവല്ലോ. എന്നിട്ട് എനിക്കും താങ്കള്‍ക്കും ജനാബത്തു കുളിക്കേണ്ടി വന്നു. അവസാനം താങ്കള്‍ നമസ്കരിച്ചില്ല. ഞാന്‍ ശരീരം മുഴുവന്‍ മണ്ണില്‍ പുരണ്ടിട്ട് നമസ്കരിക്കുകയും ചെയ്തു. താങ്കള്‍ അതിനെക്കുറിച്ച് തിരുമേനി(സ) യോട് ചോദിച്ചു. ഉടനെ നബി(സ) രണ്ടു കയ്യും ഭൂമിയില്‍ വെച്ചെടുത്തശേഷം അതിന്മേല്‍ ഊതിയശേഷം അതുകൊണ്ട് മുഖവും രണ്ടു മുന്‍കൈയും തടവി. എന്നിട്ട് നിനക്ക് ഇങ്ങിനെ ചെയ്താല്‍ മതിയായിരുന്നല്ലോയെന്ന് അരുളുകയും ചെയ്തു. (ബുഖാരി. 1. 7. 335)

5) അമ്മാറി(റ)ന്റെ ഹദീസില്‍ ശുഅ്ബ(റ) പറയുന്നു. ഭൂമിയില്‍ രണ്ടു കൈ വെച്ച് തന്റെ വായിലേക്ക് അടുപ്പിച്ചു. അനന്തരം മുഖവും ഇരു കൈപടങ്ങളും തടവി. (ബുഖാരി. 1. 7. 336)

6) അമ്മാര്‍(റ) നിവേദനം: അദ്ദേഹം ഉമര്‍(റ) ന് സാക്ഷി നിന്നുകൊണ്ട് പറഞ്ഞു. നാം ഒരു യാത്ര ചെയ്യുകയും നമുക്ക് വലിയ അശുദ്ധിയുണ്ടാവുകയും ചെയ്തത് താങ്കള്‍ക്ക് ഓര്‍മ്മയില്ലേ? അങ്ങനെ ഇരു കൈപടം തടവി. (ബുഖാരി. 1. 7. 337)

7) അബൂമൂസ:(റ) നിവേദനം: അദ്ദേഹം അബ്ദുല്ലാഹിബ്നു മസ്ഊദിനോട് പറഞ്ഞു. ഒരാള്‍ വെള്ളം കണ്ടില്ലെങ്കില്‍ നമസ്ക്കരിക്കരുത്. അബ്ദുല്ല പറഞ്ഞു അതെ, അവര്‍ക്ക് ഇതിന് അനുമതി നല്‍കിയാല്‍ (അല്പം) തണുപ്പ് ഉണ്ടായാലും അവര്‍ തയമ്മും ചെയ്യും. അമ്മാര്‍(റ) ഉമര്‍(റ)നോട് പറഞ്ഞ സംഭവത്തെക്കുറിച്ച് നീ എന്തുപറയുന്നു. എന്നു അബൂമൂസ: വീണ്ടും ചോദിച്ചപ്പോള്‍ ഉമര്‍(റ) അതുകൊണ്ട് തൃപ്തിപ്പെട്ടതായി ഞാന്‍ ദര്‍ശിക്കുന്നില്ലാ എന്ന് അബ്ദുല്ല മറുപടി പറഞ്ഞു. (ബുഖാരി. 1. 7. 341)

8) ശഖീഖ്: നിവേദനം: ഞാനൊരിക്കല്‍ അബ്ദുല്ല, അബൂമൂസ എന്നിവരുടെ അടുക്കലായിരുന്നു. അപ്പോള്‍ അബൂമൂസ അബ്ദുല്ലയോട് പറഞ്ഞു. അബ്ദുറഹ്മാന്‍! ഒരാള്‍ക്ക് ജനാബത്തു ഉണ്ടാവുകയും വെള്ളം ലഭിക്കാതിരിക്കുകയും ചെയ്താല്‍ എന്തു ചെയ്യണം? അബ്ദുല്ല പറഞ്ഞു വെള്ളം ലഭിക്കുന്നത് വരെ അവന്‍ നമസ്ക്കരിക്കരുത്. ഉടനെ, അബൂമൂസ പറഞ്ഞു: അമ്മാര്‍(റ) ഉമര്‍(റ) നോടു പറഞ്ഞ സംഭവത്തെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു? നബി(സ) അദ്ദേഹത്തോട് തയമ്മും മതിയെന്ന് പറഞ്ഞില്ലേ? അബ്ദുല്ല(റ) പറഞ്ഞു ഉമര്‍(റ) അതിനെ തൃപ്തിപ്പെട്ടില്ലാ എന്ന് നീ ദര്‍ശിക്കുന്നില്ലേ? അപ്പോള്‍ അബൂമൂസ(റ) പറഞ്ഞു എന്നാല്‍ അമ്മാറിന്റെ വാക്ക് നമുക്ക് ഉപേക്ഷിക്കാം. അല്ലാഹുവിന്റെ ആയത്തിനെ താങ്കള്‍ എന്തു ചെയ്യും. അതിന് അബ്ദുല്ല എന്തു മറുപടി നല്‍കിയെന്ന് അറിയുകയില്ല. നാം അനുമതി നല്‍കിയാല്‍ അല്‍പം തണുപ്പുണ്ടായാല്‍ പോലും അവര്‍ തയമ്മും ചെയ്യും. ശഖീഖിനോട് ഞാന്‍ ചോദിച്ചു. ഈ ഒരു കാരണത്താലാണോ അബ്ദുല്ല: ജനാബത്തുകാരന്‍ തയമ്മും ചെയ്യുന്നതിനെ വെറുത്തത്? അതെയെന്ന് അദ്ദേഹം മറുപടി നല്‍കി. (ബുഖാരി. 1. 7. 342)

9) ഇംറാന്‍(റ) നിവേദനം: തിരുമേനി(സ) നമസ്ക്കരിക്കാതെ അകന്നു നില്‍ക്കുന്ന ഒരു മനുഷ്യനെ കണ്ടു. അവിടുന്നു ചോദിച്ചു. ഇന്നവനെ! ഞങ്ങളുടെ കൂടെ നീ എന്തുകൊണ്ടു നമസ്ക്കരിച്ചില്ല. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! എനിക്ക് ജനാബത്തു ബാധിച്ചിരിക്കുന്നു. വെള്ളമില്ലതാനും. തിരുമേനി(സ) അരുളി: നീ ഉപരിതലത്തെ ഉദ്ദേശിക്കുക. നിശ്ചയം നിനക്കതുമതി. (ബുഖാരി. 1. 7. 344)

Saturday, March 27, 2010

ഇമാം

0 comments


1) അബു മസ്ഊദ്(റ) പറഞ്ഞു. അല്ലാഹുവിന്റ ദൂതന്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥം കൂടുതല്‍ അറിയുന്നയാള്‍ ആണ് ജനങ്ങളുടെ ഇമാമത്ത് (നേതൃത്വം) വഹിക്കേണ്ടത്. വി. ഖൂര്‍ആനെ കുറിച്ചുള്ള ജ്ഞാനം സമമായിട്ടുള്ളവരാണെങ്കില്‍ സുന്നത്തില്‍ കൂടുതല്‍ ജ്ഞാനമുള്ളവന്‍: സുന്നയിലുള്ള ജ്ഞാനത്തില്‍ സമന്മാരാണെങ്കില്‍ ഹിജറയില്‍ മുമ്പന്‍. ഹിജറയില്‍ സമന്മാരാണെങ്കില്‍, പ്രായത്തില്‍ കൂടിയ ആള്‍. ഒരാളുടെ അധികാരത്തില്‍പെട്ട സ്ഥലത്ത്, മറ്റൊരാള്‍പ്രാര്‍ത്ഥന നയിക്കുവാന്‍ പാടില്ല. യാതൊരാളും മറ്റൊരാളുടെ വീട്ടിലെ മാന്യസ്ഥാനത്തു അയാളുടെ അനുവാദം കൂടാതെ ഇരിക്കാനും പാടില്ല. (മുസ്ലിം)

2) ഇബ്നുഅബ്ബാസ്(റ) പറഞ്ഞു; അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും സദ്വൃത്തനായ ആള്‍ അസാന്‍ കൊടുക്കേണ്ടതും, ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ജ്ഞാനമുള്ളയാള്‍ ഇമാം സ്ഥാനംവഹിക്കേണ്ടതുമാകുന്നു. (അബൂദാവൂദ്)

3) അബുഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഏത് അമീറിന്റെ കീഴിലും ജിഹാദ് നിങ്ങള്‍ക്കു നിര്‍ബന്ധമാണ്; അദ്ദേഹം സദ് വൃത്തനാകട്ടെ, മഹാപാപം ചെയ്ത കുറ്റക്കാരനാവട്ടെ. നമസ്കാരം നിങ്ങള്‍ക്കു ഓരോ മുസ്ളീമിന്റെയും പിന്നില്‍ നിര്‍ന്ധമാണ്; അയാള്‍ സദ് വൃത്തനാകട്ടെ, ദുര്‍വൃത്തനാകട്ടെ, മഹാപാപം ചെയ്ത കുറ്റക്കാരനാകട്ടെ. ഓരോ മുസ്ളീമിനുവേണ്ടിയും മയ്യിത്തുനമസ്കാരം നിങ്ങള്‍ക്കു നിര്‍ബന്ധമാണ്; അയാള്‍ (മരിച്ചയാള്‍) സദ്വൃത്തനാകട്ടെ, ദുര്‍വൃത്തനാകട്ടെ, മഹാപാപം ചെയ്ത കുറ്റക്കാരനാകട്ടെ. (അബൂദാവൂദ്)

4) അനസ്(റ) നിവേദനം ചെയ്തു: പ്രവാചകന്‍(സ) ജനങ്ങളുടെ ഇമാമായി ഇബ്നു ഉമ്മിമക്തൂമിനെ നിയോഗിച്ചു; അദ്ദേഹം കുരുടനായിരുന്നു. (അബൂദാവൂദ്)

5) ഖുര്‍ആന്‍ ഹൃദിസ്ഥമായിരുന്ന ഉമ്മു വറഖഃയെക്കുറിച്ചു നിവേദനം ചെയ്യപ്പെട്ടു. അവരുടെ വീട്ടിലെ ആളുകളുടെ ഇമാം അവര്‍ ആയിരിക്കണമെന്നു അവരോടു പ്രവാചകന്‍(സ) കല്‍പിച്ചു. അവര്‍ക്കു ഒരു മുഅസ്സിന്‍ ഉണ്ടായിരുന്നു. അവര്‍ ആ വീട്ടിലെ ആളുകളുടെ ഇമാം ആയി നമസ്കരിക്കയും ചെയ്തിരുന്നു. (അഹ്മദ്)

6) അബുഹുറയ്റാ(റ) പറഞ്ഞു, ദൈവദൂതന്‍(സ) പറഞ്ഞു: നിങ്ങള്‍ നമസ്കാരത്തിനു വരുമ്പോള്‍ ഞങ്ങള്‍ സുജൂദിലാണെങ്കില്‍ നിങ്ങളും സുജുദുചെയ്യുകയും അത് ഒന്നായിട്ട് കണക്കാക്കാതിരിക്കയും ചെയ്യുക. ഒരു റകഅത്തില്‍ ചേരുന്നവന്‍ നമസ്കാരത്തില്‍ ചേര്‍ന്നു. (അബൂദാവൂദ്)

7) സമുറഃ പറഞ്ഞു: ഞങ്ങള്‍ മൂന്നുപേരാകുമ്പോള്‍ ഒരാള്‍ മുന്‍പില്‍ നില്‍ക്കണമെന്ന് ദൈവദൂതന്‍(സ) കല്പിച്ചു. (തിര്‍മിദി)

8) അബുഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഇമാമിനെ മദ്ധ്യത്തിലാക്കയും, ഇടനികത്തുകയും ചെയ്യുക. (അബൂദാവൂദ്)

Friday, March 26, 2010

നമസ്ക്കാരം

0 comments


1) ഉമ്മുഅത്ത്വിയ(റ) നിവേദനം: അന്തഃപുരത്തു ഇരിക്കുന്ന സ്ത്രീകളേയും ആര്‍ത്തവകാരികളായ സ്ത്രീകളേയും പെരുന്നാള്‍ മൈതാനത്തേക്ക് കൊണ്ടുവരാന്‍ നബി(സ) ഞങ്ങളോട് കല്പിച്ചിരുന്നു. അവര്‍ മുസ്ളിങ്ങളുടെ ജമാഅത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കും. ഋതുമതികള്‍ നമസ്കാരസ്ഥലത്ത് നിന്ന് അകന്നു നില്‍ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ഞങ്ങളില്‍ ഒരുവള്‍ക്ക് വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്റെ വസ്ത്രത്തില്‍ നിന്ന് അവളെ ധരിപ്പിക്കട്ടെ. (ബുഖാരി. 1. 8. 347)

2) മുഹമ്മദ്ബ്നു മുന്‍കദിര്‍ പറയുന്നു. ഒരിക്കല്‍ ജാബിര്‍ തന്റെ തുണി പിരടിയില്‍ബന്ധിച്ച് നമസ്കരിച്ച് തന്റെ തട്ടം വസ്ത്രം തൂക്കിയിടുന്ന വടിയില്‍ വെച്ചിട്ടുണ്ട്. അപ്പോള്‍ ഒരാള്‍ ചോദിച്ചു. തട്ടമുണ്ടായിട്ടും താങ്കള്‍ ഒരു വസ്ത്രം ധരിച്ച് നമസ്ക്കരിക്കുകയാണോ? ഉടനെ അദ്ദേഹം മറുപടി പറഞ്ഞു. അതെ, ഞാനിത് ചെയ്തത് നിന്നെപ്പോലെയുള്ള വിഡ്ഢികള്‍ എന്നെ കണ്ടു പഠിക്കുവാനാണ്. നബി(സ)യുടെ കാലത്തു ഞങ്ങളില്‍ ആര്‍ക്കാണ് രണ്ടു വസ്ത്രം ഉണ്ടായിരുന്നത്. (ബുഖാരി. 1. 8. 348)

3) മുഹമ്മദ്ബ്നു മുന്‍കദിര്‍ പറയുന്നു: ജാബിര്‍(റ) ഒരു വസ്ത്രം മാത്രം ധരിച്ചു കൊണ്ടു നമസ്ക്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നിട്ട് അദ്ദേഹം പറയും. തിരുമേനി(സ) ഒരു വസ്ത്രം ധരിച്ച് നമസ്ക്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 8. 349)

4) ഉമറുബ്നു അബീസലമ:(റ) നിവേദനം: തിരുമേനി(സ) ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട് നമസ്കരിച്ചു. അന്നേരം അതിന്റെ രണ്ടു തലയും രണ്ടു കൈചട്ടകളുടെ മുകളിലേക്ക് ഇടത്തോട്ടും വിപരീതമായി ഇട്ടിരിക്കയായിരുന്നു. (ബുഖാരി. 1. 8. 350)

5) ഉമറ്ബ്നു അബീസലമ:(റ) നിവേദനം: ഉമ്മുസലമ: യുടെ വീട്ടില്‍ വെച്ച് ഒരു വസ്ത്രം മാത്രം ധരിച്ചു കൊണ്ട് തിരുമേനി(സ) നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിന്റെ രണ്ടറ്റവും അവിടുത്തെ ഇരു ചുമലിലും ഇട്ടിട്ടുണ്ട്. (ബുഖാരി. 1. 8. 351)

6) ഉമറ്ബ്നുഅബീസലമ:(റ) നിവേദനം: തിരുമേനി(സ) ഒരു വസ്ത്രം ചുറ്റിപ്പുതച്ച് ഉമ്മുസലമ: യുടെ വീട്ടില്‍ വച്ച് നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിന്റെ രണ്ടറ്റവും തന്റെരണ്ട് ചുമലിലും ഇട്ടിട്ടുണ്ട്. (ബുഖാരി. 356)

7) ഉമ്മുഹാനിഅ്(റ) നിവേദനം: മക്കാവിജയ വര്‍ഷം തിരുമേനി(സ)യുടെ അടുത്ത് ഞാന്‍ ചെന്നു. അവിടുന്നു കുളിക്കുന്നതായി ഞാന്‍ കണ്ടു. ഫാത്വിമ: ഒരു മറ നബി(സ)ക്ക് പിടിച്ച്കൊണ്ടിരിക്കുന്നു. ഞാന്‍ നബി(സ)ക്ക് സലാം പറഞ്ഞു. ഇതാരെന്ന് നബി(സ) ചോദിച്ചു. അബൂത്വാലിബിന്റെ മകള്‍ ഉമ്മുഹാനിഅ ആണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഉമ്മുഹാനിഅക്ക് സ്വാഗതം എന്ന് നബി(സ) അരുളി: അവിടുന്ന് കുളിയില്‍ നിന്ന് വിരമിച്ചപ്പോള്‍ എട്ട് റക്അത്തു നിന്ന് നമസ്കരിച്ചു. ഒരു വസ്ത്രം മാത്രം ചുറ്റി പുതച്ച്കൊണ്ട് നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! ഞാന്‍ അഭയം നല്കിയിരിക്കുന്ന ഇന്ന ആളെ കൊന്ന്കളയുമെന്ന് എന്റെ സഹോദരന്‍ അലി ഭീഷണിപ്പെടുത്തുന്നുവെന്ന്. അപ്പോള്‍ തിരുമേനി(സ) അരുളി: ഓ ഉമ്മു ഹാനിഅ്! നീ അഭയം നല്കിയവന് ഞാനും അഭയം നല്കിയിരിക്കുന്നു ഉമ്മു ഹാനിഅ് പറയുന്നു. അതു ളുഹാ നമസ്കാരമായിരുന്നു. (ബുഖാരി. 1. 8. 353)

8) അബൂഹുറൈറ(റ) നിവേദനം: ഒരു വസ്ത്രം ധരിച്ചുകൊണ്ട് നമസ്കരിക്കുന്നതിനെക്കുറിച്ച് ഒരാള്‍ നബി(സ) യോട് ചോദിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു. നിങ്ങളെല്ലാവര്‍ക്കും ഈ രണ്ടു വസ്ത്രമുണ്ടോ? (ബുഖാരി. 1. 8. 354)

9) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പിരടിയില്‍ ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട് നിങ്ങളാരും നമസ്കരിക്കരുത്. (ബുഖാരി. 1. 8. 355)

10) സഈദ് പറയുന്നു. ഒരു വസ്ത്രം ധരിച്ചുകൊണ്ട് നമസ്കരിക്കുന്നതിനെ സംബന്ധിച്ച് ജാബിറി(റ)നോട് ഞങ്ങള്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ നബി(സ)യുടെ കൂടെ ഒരു യാത്രയില്‍ പുറപ്പെട്ടു. എന്നിട്ട് ഒരിക്കല്‍ എന്റെ ഒരാവശ്യത്തിന് രാത്രിയില്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. തിരുമേനി(സ) നമസ്കരിക്കുന്നതായി ഞാന്‍ കണ്ടു. എന്റെ ശരീരത്തില്‍ ഒരൊറ്റ വസ്ത്രമാണ് ഉണ്ടായിരുന്നത്. ഞാനാ വസ്ത്രം ചുറ്റിപ്പുതച്ച് തിരുമേനി(സ)യുടെ ഒരു ഭാഗത്ത് നിന്ന് നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്നു വിരമിച്ചപ്പോള്‍ തിരുമേനി(സ) ചോദിച്ചു. ജാബിര്‍! എന്തിനാണീ രാത്രിയില്‍ വന്നത്? അപ്പോള്‍ എന്റെ ആവശ്യം തിരുമേനി(സ)യെ ഉണര്‍ത്തി. ഞാന്‍ വിരമിച്ചപ്പോള്‍ തിരുമേനി(സ) ചോദിച്ചു. ഞാന്‍ കാണുന്ന ഈ ചുറ്റിപ്പുതക്കലെന്താണ്? ഞാന്‍ പറഞ്ഞു. വസ്ത്രം ഇടുങ്ങിയതാണ്. തിരുമേനി(സ) അരുളി: വസ്ത്രം വീതിയുള്ളതാണെങ്കില്‍ അത് ചുറ്റിപ്പുതച്ചുകൊള്ളുക. വീതിയില്ലാത്തതാണെങ്കില്‍ അത് ഉടുക്കുകയും ചെയ്യുക. (ബുഖാരി. 1. 8. 357)

11) സഹ്ല്(റ) നിവേദനം: കുട്ടികള്‍ ചെയ്യാറുള്ളത് പോലെ തങ്ങളുടെ തുണിയുടെ തലപിരടിയില്‍ കെട്ടിക്കൊണ്ടു ചില ആളുകള്‍ തിരുമേനി(സ) യോടൊപ്പം നമസ്ക്കരിക്കാറുണ്ടായിരുന്നു. അപ്പോള്‍ പുരുഷന്മാര്‍ സുജൂദില്‍ നിന്നും എഴുന്നേറ്റ് ഇരിക്കും മുമ്പ് സ്ത്രീകള്‍ സുജൂദില്‍ നിന്നും തല ഉയര്‍ത്തരുതെന്ന് തിരുമേനി(സ) സ്ത്രീകളോട് കല്‍പ്പിച്ചു. (ബുഖാരി. 1. 8. 358)

12) മൂഗീറ(റ) നിവേദനം: ഞാനൊരിക്കല്‍ ഒരു യാത്രയില്‍ തിരുമേനി(സ)യുടെ കൂടെയുണ്ടായിരുന്നു. മുഗീറ! നി വെള്ളപാത്രമെടുക്കൂ എന്ന് തിരുമേനി(സ) അരുളി: അപ്പോള്‍ ഞാന്‍ വെള്ളപാത്രമെടുത്തു കൊടുത്തു. തിരുമേനി(സ) അതു കൊണ്ടുപോയി എന്റെ ദൃഷ്ടിയില്‍ നിന്ന് മറയുന്നതുവരെ. എന്നിട്ട് അവിടുന്നു മലമൂത്രവിസര്‍ജനം ചെയ്തു. അന്നേരം ഒരു ശാമിജുബ്ബ അവിടുന്ന് ശരീരത്തില്‍ ധരിച്ചിരുന്നു ആ ജുബ്ബയുടെ കൈ മേല്‍പ്പോട്ടുകയറ്റാന്‍ തിരുമേനി(സ) ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല. അതിന്റെ കൈ വളരെ ഇടുങ്ങിയിരുന്നു. അതിനാല്‍ തന്റെ കൈ തിരുമേനി(സ) ഉള്ളിലേക്ക് ഊരിയെടുത്തു. ഞാന്‍ നബി(സ)ക്ക് വെള്ളമൊഴിച്ചുകൊടുത്തു. നമസ്കാരത്തിന് എന്നതുപോലെ അവിടുന്നു വുളു എടുത്തു. ഇരുകാലുകളും രണ്ട് ബൂട്ട്സിന്മേലായി തടവി. ശേഷം അവിടുന്നു നമസ്കരിച്ചു. (ബുഖാരി. 1. 8. 359)

13) ജാബിര്‍(റ) നിവേദനം: തിരുമേനി(സ) ഖുറൈശികളോടൊപ്പം കഅ്ബ: പുനരുദ്ധരിക്കാന്‍ കല്ല് ചുമന്നു കൊണ്ടുപോവുകയായിരുന്നു. ഒരു ഉടുതുണി മാത്രമേ തിരുമേനി(സ)യുടെ ശരീരത്തിലുണ്ടായിരുന്നുള്ളൂ. അന്നേരം പിതൃവ്യന്‍ അബ്ബാസ് തിരുമേനി(സ) യോടു പറഞ്ഞു: സഹോദരപുത്രാ! നീ നിന്റെ വസ്ത്രമഴിച്ച് ചുരുട്ടി ചുമലില്‍ വെച്ച് അതിന്മേല്‍ കല്ല് വെച്ചുകൊണ്ട് പോന്നാല്‍ നന്നായിരുന്നു. ജാബിര്‍ പറയുന്നു. ഉടനെ നബി(സ) വസ്ത്രമഴിച്ച് ചുമലില്‍ വെച്ചു. താമസിയാതെതന്നെ ബോധം കെട്ടുവീഴുകയും ചെയ്തു. അതിനുശേഷം തിരുമേനി(സ)യെ നഗ്നനായി ഒരിക്കലും കണ്ടിട്ടില്ല. (ബുഖാരി. 1. 8. 360)

14) അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ എഴുന്നേറ്റു നിന്നുകൊണ്ട് ഒരു വസ്ത്രം മാത്രം ധരിച്ചുകൊണ്ട് നമസ്കരിക്കാമോ എന്ന് നബി(സ) യോട് ചോദിച്ചു. അവിടുന്ന് അരുളി: നിങ്ങളില്‍ എല്ലാവര്‍ക്കും രണ്ടു വസ്ത്രം ലഭിക്കുമോ? പിന്നീട് ഉമര്‍(റ)നോട് (അദ്ദേഹത്തിന്റെ ഭരണകാലത്ത്) ഒരാള്‍ ഇതിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു. അല്ലാഹു നിങ്ങള്‍ക്ക് വിശാലമാക്കിയാല്‍ നിങ്ങളും വിശാലമാക്കുവീന്‍. തന്റെ വസ്ത്രം ഒരാള്‍ ശേഖരിച്ച് നമസ്കരിക്കട്ടെ, തുണിയും തട്ടവും, തുണിയും കുപ്പായവും, തുണിയും നീളക്കുപ്പായവും, പാന്റ്സും കുപ്പായവും പാന്റ്സും നീളക്കുപ്പായവും, കാലുറയും നീളക്കുപ്പായവും കാലുറയും കുപ്പായവും കാലുറയും തട്ടവും, ധരിച്ച് നമസ്ക്കരിക്കട്ടെ. (ബുഖാരി. 1. 8. 361)

15) അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: നെഞ്ചും കൈകളുമെല്ലാം ഉള്ളിലാക്കി ഒരൊറ്റ വസ്ത്രം കൊണ്ട് മൂടിപ്പുതക്കുക. അപ്രകാരം തന്നെ, കണങ്കാലുകള്‍ കുത്തി നിറുത്തിയിട്ട് ചന്തി നിലത്തൂന്നിക്കൊണ്ടിരിക്കുകയും ഗുഹ്യസ്ഥാനത്ത് വസ്ത്രത്തില്‍ നിന്നും ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രം കൊണ്ട് ശരീരം മൂടിപ്പുതച്ചിരിക്കുകയും ചെയ്യുക. ഇവ രണ്ടും തിരുമേനി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 1. 8. 363)

16) അബൂഹുറൈറ(റ) നിവേദനം: തിരുമേനി രണ്ടു തരം കച്ചവടത്തെ വിരോധിച്ചിരിക്കുന്നു. ഇന്നതിന്മേല്‍ തൊട്ടാല്‍ ആ തൊട്ട ആള്‍ക്കു ആ സാധനം കിട്ടുമെന്ന് വ്യവസ്ഥ ചെയ്യുന്ന കച്ചവടം, ഇന്ന സാധനം ഇന്നവിധത്തില്‍ എറിഞ്ഞാല്‍ ആ സാധനം ലഭിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന കച്ചവടം, ഇപ്രകാരം തന്നെ നെഞ്ചും കൈകളുമെല്ലാം ഉള്ളിലാക്കി ഒരൊറ്റ വസ്ത്രം കൊണ്ടു മൂടിപ്പുതപ്പിക്കുക, കണങ്കാലുകള്‍ കുത്തിനിറുത്തിയിട്ട് ചന്തി നിലത്തൂന്നി ഗുഹ്യസ്ഥാനം മറക്കാതെ ഒരൊറ്റ വസ്ത്രവും കൊണ്ട് ശരീരം മൂടിപ്പുതച്ചിരിക്കുക എന്നീ വസ്ത്ര രീതിയും തിരുമേനി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 1. 8. 364)

17) അബൂഹുറൈറ(റ) നിവേദനം: (അബൂബക്കര്‍(റ)നെ നേതാവായി നിയോഗിച്ചിരുന്ന) ആ ഹജ്ജില്‍ ബലിയുടെ ദിവസം മിനായില്‍ വെച്ച് വിളിച്ചുപറയാന്‍ നിയോഗിച്ചയച്ചിരുന്നവരുടെ കൂട്ടത്തില്‍ അബൂബക്കര്‍(റ) എന്നെയും അയച്ചിരുന്നു. ഇക്കൊല്ലത്തിനുശേഷം ഒരു ബഹുദൈവവിശ്വാസിയും ഹജ്ജ് ചെയ്യാന്‍ പാടില്ല. നഗ്നരായിക്കൊണ്ട് ആരും കഅ്ബയെ പ്രദക്ഷിണം വെക്കാനും പാടില്ല എന്ന് പരസ്യമായി വിളിച്ചു പറയാന്‍ ഹുമൈദ്(റ) പറയുന്നു. പിന്നീട് ഖുര്‍ആനിലെ ബറാഅത്തു സൂറത്തു വിളംബരം ചെയ്യാന്‍ പിന്നാലെ അലി(റ)നെയും തിരുമേനി(സ) അയച്ചു. അബൂഹുറൈറ(റ) പറയുന്നു. അങ്ങനെ അലി(റ) യും മിനായിലെ ജനക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് ഞങ്ങളുടെ കൂടെ വിളിച്ചു പറഞ്ഞു. ഇക്കൊല്ലത്തിന് ശേഷം ഒരു ബഹുദൈവവിശ്വാസിയും ഹജ്ജ് ചെയ്യരുത്. ഒരാളും നഗ്നരായിക്കൊണ്ട് കഅ്ബയെ പ്രദക്ഷിണം ചെയ്യരുത്. (ബുഖാരി. 1. 8. 365)

18) മുഹമ്മദ്ബ്നുമുന്‍കദര്‍ നിവേദനം: ഞാന്‍ ജാബിര്‍(റ)ന്റെ അടുക്കല്‍ ഒരിക്കല്‍ പ്രവേശിച്ചു. അദ്ദേഹം തന്റെ ഒരു വസ്ത്രം ചുറ്റിപ്പുതച്ച് നമസ്കരിക്കുകയാണ്. മേല്‍മുണ്ട് വസ്ത്രം തൂക്കിയിടുന്ന വടിമേല്‍ വെച്ചിട്ടുണ്ട്. അദ്ദേഹം നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: അബൂഅബ്ദില്ലാ! താങ്കള്‍ മേല്‍മുണ്ട് ഉപയോഗിക്കാതെ നമസ്കരിക്കുകയാണോ? അദ്ദേഹം പറഞ്ഞു. അതെ, നിന്നെപ്പോലെയുള്ള വിഡ്ഢികള്‍ ഇതു കാണും ഞാന്‍ ആഗ്രഹിച്ചു. തിരുമേനി(സ) ഇപ്രകാരം നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 8. 366)

19) ആയിശ(റ) നിവേദനം: തിരുമേനി(സ) സുബ്ഹി നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പള്ളിയില്‍ ഹാജറാവാറുണ്ടായിരുന്നു. പിന്നീട് സ്വഗൃഹങ്ങളിലേക്ക് അവര്‍ തിരിച്ചുപോകുമ്പോള്‍ ആര്‍ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. (ബുഖാരി. 1. 8. 368)

20) ആയിശ(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഒരു വിരിപ്പില്‍ നമസ്കരിച്ചു. അതില്‍ ചില ചിത്രപ്പണികളുണ്ടായിരുന്നു. തിരുമേനി(സ)യുടെ ദൃഷ്ടി അതില്‍ പതിഞ്ഞു. നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ അവിടുന്ന് അരുളി: എന്റെ ഈ വിരിപ്പ് അബൂജഹ്മിന് കൊടുത്തിട്ട് അബൂജഹ്മിന്റെ അംബിജാനിയ്യ: വിരിപ്പ് എനിക്ക് നിങ്ങള്‍ കൊണ്ടുവരൂ. നിശ്ചയം. ഇത് ഇപ്പോള്‍ എന്റെ ശ്രദ്ധയെ തിരിച്ചുകളഞ്ഞു നമസ്കാരത്തില്‍ നിന്നും. (ബുഖാരി. 1. 8. 369)

21) അനസ്(റ) നിവേദനം: ആയിശയുടെ അടുക്കല്‍ ഒരു വിരിയുണ്ടായിരുന്നു. അവരുടെ വീട്ടിന്റെ ഒരു ഭാഗം അതുകൊണ്ടവര്‍ മറച്ചിരുന്നു. തിരുമേനി(സ) അരുളി: നീ ഞങ്ങളുടെ മുമ്പില്‍ നിന്ന് നിന്റെ ഈ വിരി നീക്കം ചെയ്യുക. അതിലെ ചിത്രങ്ങള്‍ നമസ്ക്കാരവേളയില്‍ എന്റെ മുമ്പാകെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. (ബുഖാരി. 1. 8. 371)

22) ഉഖ്ബത്തു(റ) നിവേദനം: തിരുമേനി(സ)ക്ക് പട്ടിന്റെ ഒരു ജുബ്ബ ചിലര്‍ സമ്മാനിച്ചു. അവിടുന്ന് അത് ധരിച്ച് നമസ്ക്കരിച്ചു. നമസ്ക്കാരത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞ ശേഷം വെറുത്തിട്ടെന്നവണ്ണം വളരെ ശക്തിയോടെ അത് ഊരിയിട്ട് തിരുമേനി(സ) അരുളി: ഭയഭക്തന്മാര്‍ക്ക് ഇത് യോജിക്കുകയില്ല. (ബുഖാരി. 1. 8. 372)

23) അബൂജുഹൈഫ(റ) നിവേദനം: തിരുമേനി തോലിന്റെ ഒരു ചുമന്ന കൂടാരത്തില്‍ ഇരിക്കുന്നതായി ഞാന്‍ കണ്ടു. ബിലാലിനെ ഞാന്‍ കണ്ടതു തിരുമേനി(സ)ക്ക് വുളു എടുക്കുവാനുള്ള വെള്ളം കയ്യില്‍ പിടിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ്. ആ വുളുവിന്റെ അവശേഷിച്ച വെള്ളം കരസ്ഥമാക്കുവാന്‍ വേണ്ടി ആളുകള്‍ ധൃതി കാണിക്കുന്നവരായും ഞാന്‍ കണ്ടു. എന്നിട്ട് അതില്‍ നിന്ന് അല്പം വെള്ളം കിട്ടിയവന്‍ ആ വെള്ളം ശരീരത്തില്‍ തടവി. തീരെ ലഭിക്കാത്തവന്‍ തന്റെ സ്നേഹിതന്റെ കയ്യിലെ നനവ് തൊട്ടിട്ടു അത് സ്വശരീരത്തില്‍ തടവാന്‍ തുടങ്ങി. പിന്നീട് ബിലാല്‍ ഒരു ചെറിയ കുന്തം എടുത്തിട്ട് അത് നിലത്തു നാട്ടുന്നതായി ഞാന്‍ കണ്ടു. തിരുമേനി(സ) കണങ്കാലിന് മുകളില്‍ ഒരു ചുവന്ന വസ്ത്രം ധരിച്ചുകൊണ്ടു പുറത്തുവന്നിട്ട് ആ കുന്തത്തിന്റെ നേരെ തിരിഞ്ഞു ജനങ്ങളുടെ ഇമാമായി നിന്നുകൊണ്ട് രണ്ട് റക്അത്തു നമസ്ക്കരിച്ചു. മനുഷ്യരും മൃഗങ്ങളുമെല്ലാം ആ കുന്തത്തിന്റെ മുമ്പിലൂടെ നടക്കുന്നതു ഞാന്‍ കണ്ടു. (ബുഖാരി. 1. 8. 373)

24) അബൂഹാസിം(റ) നിവേദനം: സഹ്ല്ബ്നു സഅ്ദ്(റ)നോട് നബി(സ)യുടെ മിമ്പറ എന്തുകൊണ്ടായിരുന്നുവെന്ന് അവര്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അതിനെക്കുറിച്ച് എന്നെക്കാള്‍ അറിവുള്ളവരാരും ഇന്ന് ജീവിച്ചിരിക്കുന്നില്ല. ഗാബ എന്ന സ്ഥലത്തെ അസല്‍ മരം കൊണ്ടാണതുണ്ടാക്കിയത് തിരുമേനി(സ)ക്ക് വേണ്ടി അത് പണിതതാവട്ടെ ഇന്ന സ്ത്രീയുടെ കൈക്ക് സ്വാതന്ത്യ്രം നേടിയ അടിമ ഇന്നവനുമാണ്. അങ്ങനെ അത് പണിത് അതിന്റെ സ്ഥാനത്തുകൊണ്ടുവന്നു വെച്ച് കഴിഞ്ഞപ്പോള്‍ തിരുമേനി(സ) അതിന്മേല്‍ കയറിയിട്ട് ഖിബ്ലയുടെ നേരെ തിരിഞ്ഞ് നിന്നു. എന്നിട്ട് അവിടുന്ന് തക്ബീര്‍ ചൊല്ലി. ജനങ്ങള്‍ പിന്നിലും നിന്നു. അങ്ങനെ അവിടുന്നു ഓതി. റുകൂഅ് ചെയ്തപ്പോള്‍ ജനങ്ങളും റുകൂഅ് ചെയ്തു. പിന്നീട് തിരുമേനി(സ) തല ഉയര്‍ത്തി. അനന്തരം തിരുമേനി(സ) കാല്‍ പിന്നോട്ടുവെച്ചുകൊണ്ട് താഴെ ഇറങ്ങി ഭൂമിയില്‍ സുജൂദ് ചെയ്തു. അനന്തരം മിമ്പറിലേക്ക് തന്നെ മടങ്ങി. പിന്നീട് റുകൂഅ് ചെയ്തു. അവിടുത്തെ തല ഉയര്‍ത്തി. അനന്തരം കാല്‍ പിന്നോട്ട് വെച്ചുകൊണ്ട് കീഴ്പോട്ടിറങ്ങി. ഭൂമിയില്‍ സുജൂദ് ചെയ്തു. ഇതാണ് മിമ്പറിന്റെ പ്രശ്നം. അബൂഅബ്ദില്ല പറയുന്നു. അലിയ്യ്ബ്നു അബ്ദില്ല(റ) പറഞ്ഞു. ഈ ഹദീസിനെക്കുറിച്ച് അഹമദ്ബ്നുഹമ്പല്‍ എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു നബി(സ) ജനങ്ങളേക്കാള്‍ ഉയര്‍ന്ന സ്ഥലത്തായിരുന്നു എന്ന് ഞാന്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. അതിനാല്‍ ഇമാമ് ജനങ്ങളെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതിന് വിരോധമില്ല. അലി, അഹമ്മദിനോട് പറഞ്ഞു. സുഫ്യാന്‍ ഇതിനെക്കുറിച്ച് ചോദിക്കപ്പെടാറുണ്ട്. താങ്കള്‍ ഇതു അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടില്ലേ? അഹമ്മദ്(റ) പറഞ്ഞു. ഇല്ല. (ബുഖാരി. 1. 8. 374)

25) അനസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ തന്റെ കുതിരപ്പുറത്തുനിന്നു വീഴുകയും അവിടുത്തെ കാല് അല്ലെങ്കില്‍ ചുമല് ചതഞ്ഞു. അതിനാല്‍ ഒരു മാസം ഭാര്യമാരില്‍ നിന്നും അകന്ന് ജീവിക്കാന്‍ തീരുമാനിച്ചു. അനന്തരം തന്റെ ഉയര്‍ന്ന മുറിയില്‍ കയറി ഇരുന്നു. ഈത്തപ്പനതടികൊണ്ടുള്ളതായിരുന്നു അതിന്റെ ചവിട്ടുപടികള്‍. അവിടുത്തെ അനുയായികള്‍ സന്ദര്‍ശിക്കുവാന്‍ വന്ന സന്ദര്‍ഭത്തില്‍ ഇരുന്നു കൊണ്ട് അവര്‍ക്ക് ഇമാമായി നമസ്കരിച്ചു. അവര്‍ നിന്നുകൊണ്ട് പിന്‍തുടര്‍ന്നു. തിരുമേനി(സ) നമസ്കാരത്തില്‍ നിന്നും സലാം വീട്ടിയപ്പോള്‍ പറഞ്ഞു. നിശ്ചയം ഇമാമ് നിശ്ചയിക്കപ്പെടുന്നത് അദ്ദേഹത്തെ പിന്‍തുടരുവാന്‍ വേണ്ടിയാണ്. അതിനാല്‍ അദ്ദേഹം തക്ബീര്‍ ചൊല്ലിയാല്‍ നിങ്ങളും തക്ബീര്‍ ചൊല്ലുവീന്‍. റുകൂഅ് ചെയ്താല്‍ നിങ്ങളും റുകൂഅ് ചെയ്യുവീന്‍, സുജൂദ് ചെയ്താല്‍ നിങ്ങളും സുജൂദ് ചെയ്യുവീന്‍. അദ്ദേഹം നിന്നു നമസ്കരിച്ചാല്‍ നിങ്ങളും നിന്നു നമസ്കരിക്കുവീന്‍ മാസം 29 ദിവസം കഴിച്ചപ്പോള്‍ നബി(സ) ഇറങ്ങി. അപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! താങ്കള്‍ ഒരു മാസം അകലുവാനാണ് തീരുമാനിച്ചത്. തിരുമേനി(സ) അരുളി: നിശ്ചയം മാസം 29 ദിവസമാണ്. (ബുഖാരി. 1. 8. 375)

26) മൈമൂന(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍(സ) നമസ്കരിക്കുമ്പോള്‍ ഞാന്‍ ആര്‍ത്തവക്കാരിയായി ക്കൊണ്ട് അവിടുത്തെ വിലങ്ങ് കിടക്കും. ചിലപ്പോള്‍ അവിടുത്തെ വസ്ത്രം എന്റെ ശരീരത്തില്‍ സുജൂദ് ചെയ്യുമ്പോള്‍ സ്പര്‍ശിക്കാറുണ്ട്. മൈമൂന(റ) പറയുന്നു. തിരുമേനി(സ) വിരിപ്പില്‍ നമസ്കരിക്കാറുണ്ട്. (ബുഖാരി. 1. 8. 376)

27) അനസ്(റ) നിവേദനം: അദ്ദേഹത്തിന്റെ ഉമ്മൂമ്മ മുലൈക്കത്തു, തിരുമേനി(സ)ക്ക് വേണ്ടി ഒരു വിരുന്നു ഒരുക്കിയിട്ട് വിളിച്ചു. എന്നിട്ട് അല്‍പം ആഹാരം തിരുമേനി(സ) കഴിച്ചു. ശേഷം അവിടുന്നു അരുളി: എഴുന്നേല്‍ക്കുവീന്‍. ഞാന്‍ നിങ്ങളെയും കൊണ്ട് നമസ്കരിക്കാം. അനസ്(റ) പറയുന്നു. അന്നേരം ദീര്‍ഘകാലത്തെ ഉപയോഗം കാരണം കറുത്തുപോയിരുന്ന ഞങ്ങളുടെ ഒരു പായ എടുക്കാന്‍ ഞാന്‍ എഴുന്നേറ്റു. അങ്ങനെ ഞാന്‍ അതില്‍ വെള്ളം തളിച്ചു. തിരുമേനി(സ) എഴുന്നേറ്റു നിന്നു. ഞാനും ഒരനാഥക്കുട്ടിയും തിരുമേനി(സ)യുടെ പിന്നില്‍ ഒരു വരിയില്‍ നിന്നു. കിഴവി ഞങ്ങളുടെ പിന്നിലും അങ്ങനെ തിരുമേനി(സ) ഞങ്ങളെയും കൂട്ടിയിട്ട് രണ്ട് റക്അത്തു നമസ്കരിച്ചു. അനന്തരം പിരിഞ്ഞുപോയി. (ബുഖാരി. 1. 8. 377)

28) മൈമൂന(റ) നിവേദനം: തിരുമേനി(സ) പരമ്പില്‍ നമസ്കരിക്കാറുണ്ട്. (ബുഖാരി. 1. 8. 378)

29) ആയിശ(റ) നിവേദനം: ഞാന്‍ തിരുമേനി(സ)യുടെ മുമ്പില്‍ കിടന്നുറങ്ങാറുണ്ട്. എന്റെ രണ്ടു കാലും തിരുമേനി(സ)യുടെ മുമ്പില്‍ വീണു കിടക്കും. എന്നിട്ട് തിരുമേനി(സ) സുജൂദ് ചെയ്യുമ്പോള്‍ എന്റെ കാല്‍ പിടിച്ച് പിച്ചും. അന്നേരം എന്റെ കാല്‍ ഞാന്‍ ഒതുക്കിവെക്കും. തിരുമേനി(സ) സുജൂദില്‍ നിന്നെഴുന്നേറ്റു കഴിഞ്ഞാലോ ഞാന്‍ പിന്നേയും കാല്‍ നീട്ടും. ആയിശ(റ) പറയുന്നു. അന്നു വീടുകളില്‍ വിളക്കുണ്ടായിരുന്നില്ല. (ബുഖാരി. 382)

30) ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രി നമസ്കരിക്കുമ്പോള്‍ തിരുമേനി(സ)യുടെ വീട്ടുകാരുടെ വിരിപ്പില്‍ നിന്നുകൊണ്ട് തന്നെയാണ് നമസ്കരിച്ചിരുന്നത.് അന്നേരം അവര്‍ നബി(സ) ക്കും ഖിബ്ലക്കുമിടയില്‍ മയ്യത്തിനെ കിടത്തിയത് പോലെ കിടക്കും. (ബുഖാരി. 1. 8. 380)

31) ഉര്‍വ്വ(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കുമ്പോള്‍ ആയിശ(റ) ഖിബ്ലക്കും തിരുമേനി(സ) ക്കും ഇടയിലായി അവര്‍ രണ്ടുപേരും കിടന്നുറങ്ങാറുള്ള വിരിപ്പില്‍ കിടക്കാറുണ്ട്. (ബുഖാരി. 1. 8. 381)

32) അനസ്(റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം നമസ്കരിക്കുമ്പോള്‍ ഞങ്ങളില്‍ ചിലര്‍ ഉഷ്ണത്തിന്റെ കാഠിന്യം നിമിത്തം സുജൂദിന്റെ സ്ഥലത്ത് ഞങ്ങള്‍ ധരിച്ച വസ്ത്രത്തിന്റെ ഒരറ്റം വിരിച്ചിട്ട് അതില്‍ സുജൂദ് ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 1. 8. 382)

33) സഈദ് നിവേദനം: തിരുമേനി(സ) ചെരിപ്പ് ധരിച്ച് നമസ്കരിക്കാറുണ്ടോ എന്ന് ഞാന്‍ അനസ്(റ)നോട് ചോദിച്ചു. അപ്പോള്‍ അതെയെന്ന് അദ്ദേഹം മറപടി നല്കി. (ബുഖാരി. 1. 8. 383)

34) ഹമ്മാമ്(റ) നിവേദനം: ജരീര്‍(റ) ഒരിക്കല്‍ മൂത്രിക്കുകയും ശേഷം വുളു എടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രണ്ടു ബൂട്സിന്മേന്‍ തടവി. അനന്തരം എഴുന്നേറ്റു നിന്ന് രണ്ടു റക്അത്തു നമസ്കരിച്ചു. അപ്പോള്‍ അതിനെപ്പറ്റി അദ്ദേഹത്തോട് ചിലര്‍ ചോദിച്ചു. തിരുമേനി(സ) ഇങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇബ്രാഹിം പറയുന്നു. ആളുകളെ ഈ ഹദീസ് തൃപ്തിപ്പെടുത്തിയിരുന്നു. കാരണം തിരുമേനിയുടെ ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ ഇസ്ലാം മതം സ്വീകരിച്ചവരില്‍ ഒരാളായിരുന്നു ജരീര്‍(റ). (ബുഖാരി. 1. 8. 384)

35) മുഗീറ:(റ) നിവേദനം: തിരുമേനി(സ) വുളു എടുക്കുകയും അങ്ങനെ ബൂട്സിന്മേല്‍ തടവി നമസ്കരിക്കുകയും ചെയ്തു. (ബുഖാരി. 1. 8. 385)

36) അബ്ദുല്ലാഹിബ്നു മാലിക്(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കുമ്പോള്‍ (സുജൂദില്‍) തന്റെ രണ്ടു കയ്യും (പാര്‍ശ്വങ്ങളില്‍ നിന്ന്) വിടുത്തി വെക്കാറുണ്ടായിരുന്നു. അവിടുത്തെ കക്ഷത്തിലെ വെളുപ്പ് വ്യക്തമാകുന്നതുവരെ. (ബുഖാരി. 1. 8. 385)

37) അനസ്(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ്ല: യെ ഖിബ്ലയാക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാരോ അവനത്രേ മുസ്ലീം. അവന്ന് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണ ബാധ്യതയുണ്ട്. അതുകൊണ്ട് അല്ലാഹുവിന്റെ സംരക്ഷണ ബാധ്യതയില്‍ നിങ്ങള്‍ ലംഘനം പ്രവര്‍ത്തിക്കരുത്. (ബുഖാരി. 1. 8. 386)

38) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: ജനങ്ങള്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നു പ്രഖ്യാപിക്കുന്നത് വരെ അവരോട് യുദ്ധം ചെയ്യാന്‍ എന്നോട് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. അവരതു പ്രഖ്യാപിക്കുകയും നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ്ലയെ അഭിമുഖീകരിക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്താല്‍ അവരുടെ രക്തവും ധനവും എന്റെ മേല്‍ നിഷിദ്ധമാണ്. അവകാശത്തിനല്ലാതെ, അവരുടെ വിചാരണ അല്ലാഹുവിങ്കലാണ്. (ബുഖാരി. 1. 8. 387)

39) അനസ്(റ) നിവേദനം: ഒരു മനുഷ്യന്റെ രക്തവും ധനവും നിഷിദ്ധമാക്കുന്നത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ലാഇലാഹ ഇല്ലല്ലാഹു എന്നതിന് വല്ലവനും സാക്ഷി നില്‍ക്കുകയും നമ്മുടെ ഖിബ്ല: യെ അഭീമുഖീകരിക്കുകയും നാം നമസ്കരിച്ചത് പോലെ നമസ്കരിക്കയും നാം അറുത്തത് ഭക്ഷിക്കയും ചെയ്താല്‍ അവന്‍ മുസ്ലീമാണ്. മുസ്ലീമിന്ന് ലഭിക്കുന്ന അവകാശങ്ങള്‍ അവനുണ്ട്. ബാധ്യതകളും ഉണ്ട്. (ബുഖാരി. 1. 8. 387)

40) അബൂഅയ്യൂബ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ മലമൂത്രവിസര്‍ജ്ജനത്തിന് പുറപ്പെട്ടാല്‍ ഖിബ്ലയെ അഭീമുഖീകരിക്കയോ പിന്നിടുകയോ ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ തിരിയുക. അബൂഅയ്യൂബ്(റ) പറയുന്നു: ഞങ്ങള്‍ ശാമില്‍ ചെന്നപ്പോള്‍ പരിഷ്കൃത കക്കൂസുകള്‍ ഖിബ്ലക്ക് അഭിമുഖമായി നിര്‍മ്മിച്ചതു കണ്ടു. ഞങ്ങള്‍ തെറ്റിയിരിക്കുകയും അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യും. (ബുഖാരി. 1. 8. 388)

41) അനസ്(റ) നിവേദനം: ഉമര്‍(റ) പറഞ്ഞു: മൂന്ന് പ്രശ്നങ്ങളില്‍ എന്റെ രക്ഷിതാവിനോട് എന്റെ അഭിപ്രായം യോജിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു അല്ലാഹുവിന്റെ ദൂതരെ! മഖാമുഇബ്രാഹിമിനെ നാം നമസ്കാരസ്ഥലമാക്കിയിരുന്നുവെങ്കില്‍ നന്നായിരുന്നു. അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു. മഖാമു ഇബ്രാഹിമിനെ നിങ്ങള്‍ നമസ്കാരസ്ഥലമാക്കി വെക്കുവീന്‍, പര്‍ദ്ദയുടെ ആയത്തിലും യോജിച്ചു. ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ അങ്ങയുടെ പത്നിമാരോട് ജനദൃഷ്ടിയില്‍ നിന്ന് മറഞ്ഞിരിക്കാന്‍ അങ്ങുന്നു കല്‍പിച്ചെങ്കില്‍ നന്നായിരുന്നു. കാരണം അവരോട് ഇന്ന് ദുഷ്ടനും നല്ലവനും സംസാരിക്കുന്നു. അപ്പോള്‍ പര്‍ദ്ദയുടെ ആയത്തു അവതരിപ്പിച്ചു. തിരുമേനി(സ)യുടെ പത്നിമാര്‍ തിരുമേനി(സ) ക്കെതിരില്‍ ഞങ്ങളുടെ അഭിമാനം പൊക്കിപ്പിടിച്ചുകൊണ്ട് സംഘടിച്ചു. അപ്പോള്‍ തിരുമേനി(സ) നിങ്ങളെ വിവാഹമുക്തരാക്കുന്ന പക്ഷം നിങ്ങളേക്കാള്‍ ഉത്തമരായ പത്നിമാരെ അല്ലാഹു അദ്ദേഹത്തിന് പകരം നല്‍കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അപ്പോള്‍ ഇപ്രകാരം തന്നെ ആയത്തു അവതരിപ്പിച്ചു. (ബുഖാരി. 1. 8. 395)

42) ഇബ്നുഉമര്‍(റ) നിവേദനം: ഖുബാഇല്‍ ജനങ്ങള്‍ സുബ്ഹ് നമസ്കരിച്ച്കൊണ്ടിരിക്കുമ്പോള്‍ അവരുടെ അടുത്തു ഒരാള്‍ വന്നു പറഞ്ഞു: നിശ്ചയം ഇന്നു രാത്രിയില്‍ തിരുമേനി(സ)ക്ക് ഖൂര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍ കഅ്ബാലയത്തെ ഖിബ്ല: യാക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അപ്പോള്‍ അവര്‍ (നമസ്കാരത്തില്‍ തന്നെ) അതിന്റെ നേരെ തിരിഞ്ഞു. ആദ്യം അവര്‍ ശാമിന്റെ നേരെ തിരിഞ്ഞാണ് നമസ്കരിച്ചിരുന്നത്. അങ്ങനെ അവര്‍ കഅ്ബയുടെ നേരെ ചുറ്റിത്തിരിഞ്ഞു. (ബുഖാരി. 1. 8. 397)

43) അബ്ദുല്ല(റ) നിവേദനം: തിരുമേനി ഒരിക്കല്‍ ളുഹ്ര്‍ അഞ്ച് റക്അത്തു നമസ്കരിച്ചു. അപ്പോള്‍ സഹാബി വര്യന്മാര്‍ പറഞ്ഞു. നമസ്കാരത്തില്‍ (റക്അ്ത്ത്) വര്‍ദ്ധിപ്പിക്കപ്പെട്ടുവോ? അവിടുന്ന് ചോദിച്ചു: എന്താണത്? അവര്‍ പറഞ്ഞു: താങ്കള്‍ അഞ്ച് റകഅത്ത് നമസ്കരിച്ചു. ഉടനെതിരുമേനി തന്റെ ഇരുകാലുകളും ചുരുട്ടിവെച്ച് രണ്ടു സുജൂദ് ചെയ്തു. (ബുഖാരി. 1. 8. 308)

44) അനസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഖിബ്ലയുടെ ഭാഗത്ത് അല്‍പം കഫം കണ്ടു. തിരുമേനി(സ) ക്കത് അസുഖകരമായിത്തോന്നി. അതിന്റെ ലക്ഷണം അവിടുത്തെ മുഖത്ത് പ്രത്യക്ഷപ്പെട്ടു. ഉടനെ തിരുമേനി(സ) എഴുന്നേറ്റ് സ്വന്തം കൈകൊണ്ട് അതവിടെ നിന്ന് നീക്കം ചെയ്തു എന്നിട്ട് അവിടുന്ന് അരുളി: നിങ്ങളില്‍ വല്ലവനും നമസ്കരിക്കാന്‍ നിന്നാല്‍ അവന്‍ തന്റെ നാഥനോട് രഹസ്യസംഭാഷണം നടത്തുകയാണ്. അല്ലെങ്കില്‍ അവന്റെ നാഥന്‍ അവന്റെയും ഖിബ്ലയുടെയും ഇടയിലുണ്ട്. അതുകൊണ്ട് നിങ്ങളില്‍ ആരും തന്നെ തന്റെ ഖിബ്ലയുടെ നേരെ തുപ്പിപ്പോകരുത്. എന്നാല്‍ ഇടതുഭാഗത്തേക്ക് തുപ്പട്ടെ. അല്ലെങ്കില്‍ കാലിന്റെ താഴ്ഭാഗത്തേക്ക്. ഇത് പറഞ്ഞിട്ട് തിരുമേനി തന്റെ തട്ടമെടുത്തു അതില്‍ അല്‍പം തുപ്പി. അനന്തരം അതിന്റെ ഒരു ഭാഗം മറ്റേ ഭാഗത്തിന്മേല്‍ പിടിച്ചമര്‍ത്തി. എന്നിട്ട് അല്ലെങ്കില്‍ അവന്‍ ഇങ്ങനെ ചെയ്യട്ടെ എന്നരുളി. (ബുഖാരി. 1. 8. 399)

45) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) ഖിബ്ലയുടെ ചുമരില്‍ ആരോ തുപ്പിയതുകണ്ടു. അവിടുന്ന് അത് നീക്കം ചെയ്തു. ശേഷം ജനങ്ങളെ അഭീമുഖീകരിച്ച്കൊണ്ട് പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും നമസ്കരിക്കുകയാണെങ്കില്‍ അവന്റെ മുഖത്തിന് നേരെ അവന്‍ തുപ്പരുത്. കാരണം അവന്‍ നമസ്കരിക്കുമ്പോള്‍ അല്ലാഹു അവന് അഭിമുഖമായിട്ടുണ്ട്. (ബുഖാരി. 1. 8. 400)

46) ആയിശ:(റ) നിവേദനം: തിരുമേനി(സ) ഖിബ്ലയുടെ ചുമരില്‍ കഫമോ അല്ലങ്കില്‍ തുപ്പലോ അല്ലെങ്കില്‍ മൂക്ക് കറന്നതോ കണ്ടു. അപ്പോള്‍ അവിടുന്ന് അത് നീക്കിക്കളഞ്ഞു. (ബുഖാരി. 1. 8. 401)

47) അബ്ഹുറൈറ(റ) യും അബൂസഈദുല്‍ഖുദ്രി(റ) യും നിവേദനം ചെയ്യുന്നു: തിരുമേനി(സ) പള്ളിയിലെ ചുമരില്‍ ഒരു കഫം കണ്ടു. അവിടുന്ന് ഒരു കല്ലുകൊണ്ട് അത് നീക്കം ചെയ്തു. എന്നിട്ട് അവിടുന്ന് അരുളി: നിങ്ങളില്‍ ആരെങ്കിലും തുപ്പിയാല്‍ തന്റെ മുഖത്തിന് നേരെ തുപ്പരുത്. അതു പോലെ വലതുഭാഗത്തേക്കും. എന്നാല്‍ ഇടതുഭാഗത്തേക്കോ തന്റെ ഇടതുകാലിന്റെ ചുവട്ടിലേക്കോ തുപ്പട്ടെ. (ബുഖാരി. 1. 8. 402)

48) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരും തന്നെ തന്റെ മുമ്പിലേക്കും വലതുഭാഗത്തേക്കും തുപ്പരുത്. എന്നാല്‍ തന്റെ ഇടതുഭാഗത്തേക്കോ കാലിന് താഴ്ഭാഗത്തേക്കോ തുപ്പട്ടെ. (ബുഖാരി. 1. 8. 404)

49) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: പള്ളിയില്‍ തുപ്പുന്നത് ഒരു കുറ്റമാണ്. എന്നാല്‍ അതിന്റെ പ്രായശ്ചിത്തം അതു പള്ളിയില്‍ കുഴിച്ചുമൂടുന്നതാണ് (ബുഖാരി. 1. 8. 407)

50) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ ശ്രദ്ധ ഞാന്‍ ഇങ്ങോട്ടു മാത്രം തിരിച്ചിരിക്കുകയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? അല്ലാഹു സത്യം. നിങ്ങളുടെ ഭയഭക്തിയും നിങ്ങളുടെ റുക്കൂഉം എനിക്ക് ഗോപ്യമാകുന്നില്ല. എന്റെ പിന്‍ഭാഗത്ത് നിന്ന് തന്നെ നിങ്ങളെ എനിക്ക് കാണാന്‍ കഴിയും. (ബുഖാരി. 1. 8. 410)

51) ഇബ്നുഉമര്‍(റ) നിവേദനം: ശരീരം മെലിയിച്ച് പാകപ്പെടുത്തിയ ചില കുതിരകളെ സംഘടിപ്പിച്ചിട്ട് ഒരിക്കല്‍ തിരുമേനി(സ) ഒരു പന്തയം നടത്തി. ഓട്ടമാരംഭിച്ചത് ഹൈഫായില്‍ നിന്നാണ്. ഓട്ടം അവസാനിപ്പിക്കേണ്ടത് സനിയ്യത്തൂല്‍ വദാഅ് ആയിരുന്നു. ഇപ്രകാരം തന്നെ ശരീരം മെലിയിച്ചിട്ടില്ലാത്ത ചില കുതിരകളെ സംഘടിപ്പിച്ചും അവിടുന്നു പന്തയം നടത്തി. സനിയ്യത്തൂല്‍ വദാഇല്‍ നിന്ന് മസ്ജിദുമ്പനീസുറൈക്ക് (ബനൂസുറൈഖിന്റെ പള്ളി) വരേയായിരുന്നു ഓട്ടത്തിന്റെ അതിരു നിശ്ചയിച്ചിരുന്നത്. ഇബ്നുഉമറും ആ കുതിരപ്പന്തയത്തില്‍ പങ്കെടുത്തിരുന്നു. (ബുഖാരി. 1. 8. 412)

52) അനസ്(റ) നിവേദനം: തിരുമേനി(സ) ഒരു സംഘം ആളുകളുടെ കൂടെ പള്ളിയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. തിരുമേനി(സ) എന്നോട് ചോദിച്ചു. അബൂത്വല്‍ഹ: നിന്നെ അയച്ചതാണോ? അതെയെന്ന് ഞാന്‍ മറുപടി നല്‍കി. തിരുമേനി(സ) : ഭക്ഷണത്തിന് ക്ഷണിക്കുവാനാണോ? അതെയെന്ന് ഞാന്‍ മറുപടി നല്‍കി. ഉടനെ തിരുമേനി(സ) തന്റെ കൂടെയുള്ളവരോട് പറഞ്ഞു: എഴുന്നേല്‍ക്കുവീന്‍. അങ്ങനെ നബി(സ) പുറപ്പെട്ടു. ഞാന്‍ മുമ്പിലായി നടന്നു. (ബുഖാരി. 1. 8. 414)

53) സഹ്ല്(റ) നിവേദനം: ഒരു മനുഷ്യന്‍ തിരുമേനി(സ) യോട് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ! ഒരാള്‍ തന്റെ ഭാര്യയുടെ കൂടെ മറ്റൊരു പുരുഷനെ കണ്ടാല്‍ അവനെ വധിക്കട്ടെയോ? അങ്ങനെ അവര്‍ പള്ളിയില്‍ വെച്ച് ശാപ പ്രാര്‍ത്ഥന നടത്തി. ഞാന്‍ അതിന്ന് സാക്ഷിയായിരുന്നു. (ബുഖാരി. 1. 8. 415)

54) ഇത്ബാന്‍(റ) നിവേദനം: തിരുമേനി(സ) അദ്ദേഹത്തിന്റെ വീട്ടില്‍ വന്നു. എന്നിട്ട് ചോദിച്ചു. നിന്റെ വീട്ടില്‍ എവിടെ വെച്ച് നമസ്കരിക്കുവാനാണ് നീ ഉദ്ദേശിക്കുന്നത്. അദ്ദേഹം പറയുന്നു: അപ്പോള്‍ ഒരു സ്ഥലം ഞാന്‍ ചൂണ്ടിക്കാണിച്ചു. ഉടനെ തിരുമേനി(സ) തക്ബീര്‍ ചൊല്ലി നമസ്കാരത്തില്‍ പ്രവേശിച്ചു. ഞങ്ങള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിന്നു. അവിടുന്നു രണ്ടു റക്ക്അത്ത് നമസ്കരിച്ചു. (ബുഖാരി. 1. 8. 416)

55) ആയിശ(റ) നിവേദനം: നബി(സ)യുടെ മിക്ക പ്രശ്നങ്ങളിലും വലതുഭാഗത്തെ മുന്തിപ്പിക്കുന്നതിനെ ഇഷ്ടപ്പെട്ടിരുന്നു. അവിടുത്തെ ശുദ്ധീകരണം, മുടി ചീകല്‍, ചെരുപ്പ് ധരിക്കല്‍ മുതലായവയില്‍ (ബുഖാരി. 1. 8. 418)

56) ആയിശ(റ) നിവേദനം: അബ്സീനിയായിലെ കനീസയില്‍ ഉമ്മു ഹബീബയും ഉമ്മു സലമ:(റ) യും കണ്ട ചില രൂപങ്ങളെക്കുറിച്ച് അവര്‍ തിരുമേനി(സ) അരുളി: അക്കൂട്ടരില്‍പ്പെട്ട ഒരു നല്ല മനുഷ്യന്‍ മൃതിയടഞ്ഞാല്‍ അയാളുടെ ഖബറിന്മല്‍ അവര്‍ പള്ളി പണിയും. എന്നിട്ട് അതില്‍ ആ രൂപങ്ങള്‍ നിര്‍മ്മിക്കും. അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അടുത്ത് ഏറ്റവും ദുഷ്ടന്മാര്‍ ഇവരത്രെ. (ബുഖാരി. 1. 8. 419)

57) അനസ്(റ) നിവേദനം: പള്ളി നിര്‍മ്മിക്കുന്നതിന് മുമ്പ് തിരുമേനി(സ) ആടുകളെ കെട്ടിയിടുന്ന സ്ഥലത്ത് നമസ്കരിക്കാറുണ്ട്. (ബുഖാരി. 1. 8. 421)

58) നാഫിഅ്(റ) നിവേദനം: ഇബ്നുഉമര്‍(റ) തന്റെ ഒട്ടകത്തിന്റെ നേരെ തിരിഞ്ഞു നിന്നിട്ട് നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തിരുമേനി(സ) അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. (ബുഖാരി. 1. 8. 422)

59) ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരിക്കല്‍ സൂര്യനു ഗ്രഹണം ബാധിച്ചു. അപ്പോള്‍ തിരുമേനി(സ) നമസ്കരിച്ചു. ശേഷം അവിടുന്നു പറഞ്ഞു. അഗ്നി എനിക്ക് ദര്‍ശിപ്പിക്കപ്പെട്ടു. മുമ്പ് ഇതുപോലെ വികൃതമായ ഒരു കാഴ്ച ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി. 1. 8. 423)

60) അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: കരഞ്ഞും കൊണ്ട് അല്ലാതെ ശിക്ഷ ഇറക്കപ്പെട്ട സ്ഥലത്ത് നിങ്ങള്‍ പ്രവേശിക്കരുത്. നിങ്ങള്‍ കരയുന്നില്ലെങ്കില്‍ അവിടെ പ്രവേശിക്കരുത്. അല്ലാഹുവിന്റെ ശിക്ഷ നിങ്ങള്‍ക്കും അവര്‍ക്ക് ബാധിച്ചതുപോലെ ബാധിക്കാതിരിക്കുവാന്‍. (ബുഖാരി. 1. 8. 425)

61) ആയിശ(റ) യും ഇബ്നുഅബ്ബാസും(റ) നിവേദനം: അവര്‍ രണ്ടുപേരും പറയുന്നു: തിരുമേനി(സ)ക്ക് മരണരോഗം ആരംഭിച്ചപ്പോള്‍ തന്റെ തട്ടം തിരുമേനി(സ) മുഖത്തിന്മേല്‍ ഇട്ടുകൊണ്ടിരുന്നു. കുറെ കഴിഞ്ഞു വിഷമം അതു മൂലം തോന്നിയാല്‍ മുഖത്ത് നിന്ന് അത് നീക്കം ചെയ്യും. അന്നേരം തിരുമേനി(സ) ഇങ്ങനെ പറഞ്ഞിരുന്നു. ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ. അവര്‍ തങ്ങളുടെ നബിമാരുടെ ഖബറുകളെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളാക്കി വെച്ചുകളഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങളെ അനുകരിക്കരുതെന്ന് സ്വന്തം അനുയായികളെ താക്കീതു ചെയ്യുകയായിരുന്നു. തിരുമേനി(സ)യുടെ ഉദ്ദേശ്യം. (അല്ലാതെ അവരെ ശപിക്കല്‍ മാത്രമായിരുന്നില്ല) (ബുഖാരി. 1. 8. 427)

62) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ജൂതന്മാരെ അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ പ്രാവാചകന്മാരുടെ ഖബറുകള്‍ പള്ളികളാക്കി. (ബുഖാരി. 1. 8. 428)

63) ആയിശ(റ) നിവേദനം: ഒരറബിക്കുടുംബത്തിന് ഒരു നീഗ്രോ അടിമപ്പെണ്ണുണ്ടായിരുന്നു. അവളെ ആ കുടുംബം സ്വതന്ത്രയാക്കി. എന്നിട്ടും അവള്‍ അവരുടെ കൂടെ താമസിച്ചു. അവള്‍ പറയുന്നു. ആ കുടുംബത്തിലെ ഒരു പെണ്‍കുട്ടി ഒരിക്കല്‍ വീട്ടില്‍ നിന്ന് പുറത്തുപോയി. അവളുടെ ശരീരത്തില്‍ രത്നം പതിച്ചതും തോലുകൊണ്ടുണ്ടാക്കിയതുമായ ഒരു ചുകന്ന ഏത്താപ്പുപട്ടയുണ്ടായിരുന്നു. ആ കുട്ടി ആ ഏത്താപ്പുപട്ട സ്വയം ഊരി നിലത്തിട്ടു. അല്ലെങ്കില്‍ കുട്ടിയുടെ പക്കല്‍ നിന്ന് അത് താഴെ വീണു പോയി. ഉടനെ അതിനടുത്തുകൂടി ഒരു പരുന്ത് വട്ടമിട്ട് പാറിവന്നു. മാംസമെന്ന് ധരിച്ചിട്ട് പരുന്ത് അത് റാഞ്ചിയെടുത്തുകൊണ്ടുപോയി. ആ സ്ത്രീ പറയുന്നു: എന്നിട്ടും ആ കുടുംബം ആ ഏത്താപ്പുപട്ട അന്വേഷിച്ചു. അവര്‍ക്കത് കിട്ടിയില്ല. അപ്പോള്‍ എന്നെ അവര്‍ തെറ്റിദ്ധരിച്ചു. എന്നിട്ട് അവളുടെ ശരീരം ആകമാനം പരിശോധിച്ചു. ജനനേന്ദ്രിയം പോലും അവര്‍ പരിശോധിച്ചു നോക്കാതിരുന്നില്ല. അവള്‍ പറയുന്നു: അല്ലാഹുസത്യം! ഞാന്‍ അവരോടൊപ്പം നില്‍ക്കുകയായിരുന്നു. അന്നേരം ആ പരുന്ത് അതിലെ പാറിവന്നു. ആ ഏത്താപ്പ് പട്ട പരുന്ത് താഴെയിട്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഇതാ നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കാനിടവരുത്തിയ മാല. നിങ്ങള്‍ എന്റെ പേരില്‍ കുറ്റം ചുമത്തി. ഞാന്‍ ഒരപരാധവും ചെയ്തിട്ടില്ല. ഇപ്പോള്‍ ആ മാല ഇതാ. ആയിശ(റ) പറയുന്നു: പിന്നീട് അവള്‍ തിരുമേനി(സ)യുടെ മുമ്പില്‍ വന്നു ഇസ്ളാം സ്വീകരിച്ചു. അവള്‍ക്ക് പള്ളിയില്‍ ഒരു കൂടാരം അല്ലെങ്കില്‍ മറച്ചുകെട്ടിയ ചെറിയൊരു മുറിയുണ്ടായിരുന്നു. അവള്‍ എന്റെ അടുക്കല്‍ വന്നിട്ട് സാധാരണ വര്‍ത്തമാനം പറയാറുണ്ടായിരുന്നു. എപ്പോള്‍ വന്നിരുന്നാലും ഈ ഒരു വരി പാട്ട് അവള്‍ പാടാതിരിക്കുകയില്ല. ഏത്താപ്പുപട്ടയുടെ (രഹസ്യം പുലര്‍ന്ന) ദിവസം നമ്മുടെ രക്ഷിതാവിന്റെ അത്ഭുതങ്ങളിലൊന്നാണ്. നിങ്ങളോര്‍ക്കണം, സത്യനിഷേധികളുടെ നാട്ടില്‍ നിന്ന് എന്നെ മോചിപ്പിച്ചത് അവനാണ്. ആയിശ(റ) പറയുന്നു. ഒരിക്കല്‍ ഞാനവളോട് ചോദിച്ചു. എന്താണ് നിന്റെ ചരിത്രം? നീയെന്റെ കൂടെ ഇരിക്കുന്ന ഒരവസരത്തിലും ഇത് പാടാതിരുന്നിട്ടില്ലല്ലോ. ആയിശ(റ) പറയുന്നു: അന്നേരം ഈ സംഭവങ്ങളെല്ലാം അവള്‍ എനിക്ക് വിശദീകരിച്ചുതന്നു. (ബുഖാരി. 1. 8. 430)

64) അബ്ദുല്ല(റ) നിവേദനം: അദ്ദേഹം യുവാവും അവിവാഹിതനുമായിരുന്ന കാലത്ത് നബി(സ)യുടെ പള്ളയിലാണ് കിടന്നുറങ്ങാറുള്ളത്. (ബുഖാരി. 1. 8. 431)

65) സഹ്ല്(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഫാത്തിമ: യുടെ വീട്ടില്‍ വന്നു. അപ്പോള്‍ അലി(റ) യെ തിരുമേനി(സ) ചോദിച്ചു. നിന്റെ പിതൃവ്യപുത്രനെവിടെ? അവര്‍ പറഞ്ഞു. എനിക്കും അദ്ദേഹത്തിനുമിടയില്‍ ഒരു ചെറിയ വഴക്കുണ്ടായി. എന്നിട്ട് എന്നോട് കോപിച്ച് അദ്ദേഹം പുറത്തു പോയിക്കളഞ്ഞു. എന്റെ കൂടെ അദ്ദേഹം ഉച്ചക്ക് ഉറങ്ങിയിട്ടില്ല. അന്നേരം ഒരു മനുഷ്യനോട് തിരുമേനി(സ) അരുളി: അലി എവിടെയുണ്ടെന്ന് നീ അന്വേഷിക്കുക. അയാള്‍ തിരിച്ചുവന്നു പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! അദ്ദേഹം പള്ളിയില്‍ ഉറങ്ങിക്കിടക്കുകയാണ്. ഉടനെ തിരുമേനി(സ) അവിടെ വന്നു. അദ്ദേഹം കിടക്കുകയാണ്. ശരീരത്തില്‍ നിന്ന് തട്ടം താഴെ വീണുപോയിട്ടുണ്ട്. ശരീരത്തില്‍ മണ്ണു ബാധിച്ചിട്ടുമുണ്ട്. തിരുമേനി(സ) അദ്ദേഹത്തിന്റെ ശരീരത്തിലെ മണ്ണ് തട്ടിനീക്കിക്കൊണ്ട് അബാതുറാബ് (മണ്ണിന്റെ പിതാവേ!) എഴുന്നേല്‍ക്കൂ എന്ന് ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങി. (ബുഖാരി. 1. 8. 432)

66) അബൂഹുറൈറ(റ) നിവേദനം: പള്ളിയിലെ മൂലയില്‍ താമസിച്ചവരായ എഴുപതില്‍ അധികം പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരില്‍ ആര്‍ക്കും തന്നെ തട്ടമുണ്ടായിരുന്നില്ല. ചിലര്‍ക്ക് തുണിമാത്രവും മറ്റുചിലര്‍ക്ക് പിരടിയില്‍ ബന്ധിച്ച പുതപ്പ് മാത്രവും ഉണ്ടായിരുന്നുള്ളു. ചിലത് കാല്‍തണ്ടിന്റെ പകുതി വരെ എത്തുന്നതും ചിലത് നെരിയാണി വരെ എത്തുന്നതുമായിരുന്നു. നഗ്നത വെളിവാക്കാതിരിക്കുവാന്‍ വേണ്ടി അവരുടെ കൈ കൊണ്ട് അത് ചേര്‍ത്തിപ്പിടിക്കാറുണ്ട്. (ബുഖാരി. 1. 8. 433)

67) ജാബിര്‍(റ) നിവേദനം: തിരുമേനി(സ) പള്ളിയിലിരിക്കവേ, അവിടുത്തെ സന്നിധിയില്‍ ഞാന്‍ പ്രവേശിച്ചു. തിരുമേനി(സ) അരുളി: നീ രണ്ടു റക്അത്തു നമസ്കരിക്കുക. തിരുമേനി(സ) എനിക്ക് കടം തരാനുണ്ടായിരുന്നു. അവിടുന്ന് അത് വര്‍ദ്ധിപ്പിച്ചുതന്നു. (ബുഖാരി. 1. 8. 434)

68) അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ അവന്‍ ഇരിക്കുന്നതിന് മുമ്പായി രണ്ട് റക്അത്തു നമസ്കരിക്കട്ടെ. (ബുഖാരി. 1. 8. 435)

69) അബൂഹുറൈറ(റ) നിവേദനം: വുളു മുറിയാത്ത അവസ്ഥയില്‍ ഒരാള്‍ താന്‍ നമസ്കരിച്ചസ്ഥലത്തുതന്നെ ഇരിക്കുന്ന സമയത്ത് മലക്കുകള്‍ അവനുവേണ്ടി പാപമോചനത്തിന് തേടുന്നതാണ്. അവര്‍ പറയും. അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ, അല്ലാഹുവേ, ഇവന് നീ പൊറുത്തുകൊടുക്കേണമേ. (ബുഖാരി. 1. 8. 436)

70) ഇബ്നുഉമര്‍(റ) നിവേദനം: (മദീന: ) പള്ളി തിരുമേനി(സ)യുടെ കാലത്ത് ചുടാത്ത ഇഷ്ടികകൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. അതിന്റെ മേല്‍പ്പുര ഈത്തപ്പനപട്ട കൊണ്ടും തൂണുകള്‍ ഈത്തപ്പനയുടെ താഴ്ത്തടികൊണ്ടും നിര്‍മ്മിക്കപ്പെട്ടതായിരുന്നു. പിന്നീട് അബൂബക്കര്‍(റ)ന്റെ കാലത്ത് അതിലൊന്നും കൂട്ടിച്ചേര്‍ത്തില്ല. ഹ: ഉമര്‍(റ)ന്റെ ഭരണകാലത്ത് അതില്‍ കുറച്ചൊക്കെ കൂട്ടിച്ചര്‍ത്തു. തിരുമേനി(സ)യുടെ കാലത്തുണ്ടായിരുന്ന തറയിന്മേല്‍ത്തന്നെ ചുടാത്ത ഇഷ്ടികയും ഈത്തപ്പനപട്ടയുംകൊണ്ട് അദ്ദേഹം പള്ളി പുതുക്കിപ്പണിതു. അന്നേരം തൂണുകള്‍ മാത്രം മരത്തിന്റേതാക്കി. പിന്നീട് ഉസ്മാന്‍(റ) അതില്‍ വലിയ മാറ്റങ്ങള്‍ വരുത്തി അത് വിപുലീകരിച്ചു. പള്ളിയുടെ ചുമര്‍ ചിത്രപണികളുള്ള കരിങ്കല്ലുകള്‍കൊണ്ടും കുമ്മായംകൊണ്ടും കെട്ടി. തൂണുകള്‍ കെട്ടിയതും, ചിത്രപണികളോടുകൂടിയ കരിങ്കല്ലുകള്‍ കൊണ്ടാണ്. മേല്‍പ്പുര തേക്കുകൊണ്ടും. (ബുഖാരി. 1. 8. 437)

71) ഇക്രിമ(റ) നിവേദനം: ഇബ്നുഅബ്ബാസ്(റ) എന്നോടും അദ്ദേഹത്തിന്റെ പുത്രനോടും പറഞ്ഞു: നിങ്ങള്‍ അബൂസഈദുല്‍ഖുദ്രി(റ)യുടെ അടുക്കല്‍ പോയി അദ്ദേഹത്തിന്റെ ഹദീസുകള്‍ പഠിക്കുവിന്‍. അങ്ങനെ ഞങ്ങള്‍ പുറപ്പെട്ടു. അപ്പോള്‍ അദ്ദേഹം ഒരു തോട്ടത്തില്‍ അതു നനച്ചുകൊണ്ടിരിക്കയായിരുന്നു. ഉടനെ തന്റെ വസ്ത്രം എടുത്തു ശരീരം ചുറ്റിപ്പൊതിഞ്ഞു. അനന്തരം ഞങ്ങളോട് ഹദീസ് പറയുവാന്‍ തുടങ്ങി. അങ്ങനെ പള്ളിയുടെ നിര്‍മ്മാണത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഓരോ ഇഷ്ടിക മാത്രമേ ചുമന്നുകൊണ്ടുപോയിരുന്നുള്ളു. അമ്മാര്‍ ഈരണ്ട് ഇഷ്ടികകളാണ് ചുമന്നുകൊണ്ട് പോയിരുന്നത്. അതുകണ്ടപ്പോള്‍ അമ്മാറിന്റെ ശരീരത്തിലെ മണ്ണ് തുടച്ചുനീക്കിക്കൊടുത്തിട്ട് തിരുമേനി(സ) അരുളി: ഹാ! അമ്മാര്‍ അതിക്രമികളായ ഒരു സംഘക്കാര്‍ അവനെ വധിച്ചുകളയും. അവന്‍ അവരെ സ്വര്‍ഗ്ഗത്തിലേക്കാണ് വിളിക്കുക. അവര്‍ അവനെ നരകത്തിലേക്കും. ഇക്രിമ(റ) പറയുന്നു: അമ്മാര്‍(റ) പറയാറുണ്ട്. കുഴപ്പത്തില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ രക്ഷതേടുന്നു. (ബുഖാരി. 1. 8. 438)

72) സഹ്ല്(റ) നിവേദനം: തിരുമേനി(സ) ഒരു സ്ത്രീയുടെ അടുക്കലേക്ക് നീ നിന്റെ അടിമയായ ആശാരിയോടു എനിക്കു ഇരിക്കുവാന്‍ പടികള്‍ ഉള്ള മിമ്പറ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിക്കുക എന്നു ആവശ്യപ്പെട്ടുകൊണ്ട് ഒരാളെ നിയോഗിച്ചയച്ചു. (ബുഖാരി. 1. 8. 439)

73) ജാബിര്‍(റ) നിവേദനം: നിശ്ചയം ഒരു സ്ത്രീ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! താങ്കള്‍ക്ക് ഇരിക്കുവാന്‍ ഞാന്‍ എന്തെങ്കിലും നിര്‍മ്മിക്കട്ടെയൊ? എനിക്ക് ആശാരിയായ ഒരടിമയുണ്ട്. തിരുമേനി(സ) അരുളി: നീ ഉദ്ദേശിക്കുന്നുവെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളുക. അങ്ങനെ അവള്‍ മിമ്പറ നിര്‍മ്മിച്ചു. (ബുഖാരി. 1. 8. 440)

74) ഉസ്മാന്‍(റ) നിവേദനം: മസ്ജിദുന്നബവി പുതുക്കിപ്പണിതപ്പോള്‍ മനുഷ്യര്‍ (സഹാബിമാര്‍) അതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അവസാനം അദ്ദേഹം പറഞ്ഞു. നിങ്ങള്‍ എന്നെ വളരെയധികം വിമര്‍ശിച്ചു. നിശ്ചയം. തിരുമേനി(സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. വല്ലവനും അല്ലാഹുവിന്റെ മാത്രം പ്രീതി ഉദ്ദേശിച്ചുകൊണ്ട് ഒരു പള്ളി പണിതാല്‍ തത്തുല്യമായൊരു മന്ദിരം അല്ലാഹു അവന്ന് വേണ്ടി സ്വര്‍ഗ്ഗത്തില്‍ പണിതുകൊടുക്കും. (ബുഖാരി. 1. 8. 441)

75) ജാബിര്‍(റ) നിവേദനം: ഒരാള്‍ പള്ളിയിലൂടെ നടക്കുമ്പോള്‍ അയാളുടെ കയ്യില്‍ അമ്പുകള്‍ ഉണ്ടായിരുന്നു. അന്നേരം തിരുമേനി(സ) അയാളോട് അരുളി: നീ അവയുടെ മുനകള്‍ കൂട്ടി പിടിക്കുക. (ബുഖാരി. 1. 8. 442)

76) അബൂബര്‍ദ(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു; തിരുമേനി(സ) അരുളി: നമ്മുടെ ഏതെങ്കിലും പള്ളിയിലൂടെയോ അല്ലെങ്കില്‍ അങ്ങാടിയിലൂടെയോ വല്ലവനും അമ്പും കയ്യില്‍ പിടിച്ചുകൊണ്ട് നടക്കുന്ന പക്ഷം അവയുടെ മുനകളിന്മേല്‍ അവന്‍ കൈവെക്കട്ടെ. തന്റെ കൈകൊണ്ട് ഒരു മുസ്ളിമിനെ മുറിപ്പെടുത്താന്‍ ഇട വരാതിരിക്കട്ടെ. (ബുഖാരി. 1. 8. 443)

77) ഹസ്സാനുബ്നുസാബിത്ത്(റ) നിവേദനം: അദ്ദേഹം അബൂഹുറൈറ(റ)നോട് സാക്ഷ്യം വഹിക്കുവാനാവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു. അല്ലാഹുവിനെ മുന്‍ നിറുത്തിക്കൊണ്ട് ഞാനിതാ നിങ്ങളോട് ചോദിക്കുന്നു. ഹസ്സന്‍! നീ ദൈവദൂതന്റെ പക്ഷത്തുനിന്ന് ഇസ്ളാമിന്റെ ശത്രുക്കള്‍ക്ക് മറുപടി നല്‍കുക. (കവിത ചൊല്ലിക്കൊണ്ട്) അല്ലാഹുവേ! പരിശുദ്ധാത്മാവിനെക്കൊണ്ട് നീ ഹസ്സനു പിന്‍ബലം നല്‍കേണമേയെന്നു തിരുമേനി(സ) അരുളുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ? അപ്പോള്‍ അതെ എന്ന് അബൂഹുറൈറ(റ) മറുപടി നല്‍കുക. (ബുഖാരി. 1. 8. 444)

78) ആയിശ(റ) നിവേദനം: ഒരു ദിവസം തിരുമേനി(സ) എന്റെ മുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അബ്സീനിയക്കാര്‍ അന്നേരം പള്ളിയില്‍ ആയുധാഭ്യാസപ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. തിരുമേനി(സ) തന്റെ തട്ടവും കൊണ്ട് എന്നെ മറച്ചിരുന്നു. ഞാന്‍ അവരുടെ ആയുധാഭ്യാസ പ്രദര്‍ശനം നോക്കിക്കൊണ്ടുമിരുന്നു. (ബുഖാരി. 1. 8. 445)

79) ആയിശ(റ) നിവേദനം: ഹിറാബ് (കുന്തം പോലെ ഒരു ആയുധം) കൊണ്ട് അബ്സീനിയക്കാര്‍ കളിക്കുമ്പോള്‍ നബി(സ) അവ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടു. (ബുഖാരി. 1. 8. 445)

80) ആയിശ(റ) നിവേദനം: ബറീറ എന്ന പെണ്‍കുട്ടി തന്നെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ മോചനപത്രം എഴുതിക്കൊടുക്കുവാന്‍ വേണ്ടി ആയിശ(റ) യോട് ആവശ്യപ്പെട്ടു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. നീ ഉദ്ദേശിക്കുന്നുവെങ്കില്‍ നിന്റെ യജമാനന് ഞാന്‍ അതിനുള്ള സംഖ്യ നല്‍കാം. എന്നാല്‍ വലാഅ് എനിക്കായിരിക്കും. ബറീറയുടെ യജമാനന്‍ പറഞ്ഞു. ആയിശ(റ) ഉദ്ദേശിക്കുന്നുവെങ്കില്‍ നിന്നെ അവള്‍ മോചിപ്പിച്ചുകൊള്ളട്ടെ എന്നാല്‍ വലാഅ് ഞങ്ങള്‍ക്ക് തന്നെയായിരിക്കും. തിരുമേനി(സ) വന്നപ്പോള്‍ ആയിശ(റ) ഈ വിഷയം അദ്ദേഹത്തോട് പറഞ്ഞു. ഉടനെ തിരുമേനി(സ) അരുളി: നീ അവളെ വില കൊടുത്തുവാങ്ങി മോചിപ്പിച്ചുകൊള്ളുക. നിശ്ചയം വലാഅ് അടിമയെ മോചിപ്പിക്കുന്നവര്‍ക്കുള്ളതാണ്. അനന്തരം നബി(സ) മിമ്പറന്മേല്‍ കയറി ഇപ്രകാരം പ്രസംഗിച്ചു. എന്താണ് ചില മനുഷ്യരുടെ അവസ്ഥ? അല്ലാഹുവിന്റെ മതത്തില്‍ ഇല്ലാത്ത നിബന്ധനകള്‍ അവര്‍ ഉണ്ടാക്കുകയാണോ? വല്ലവനും അല്ലാഹുവിന്റെ കിതാബില്‍ ഇല്ലാത്ത നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ അതവന് ലഭിക്കുകയില്ല നൂറ് നിബന്ധനകള്‍ അവന്‍ ഉണ്ടാക്കിയാലും. (ബുഖാരി. 1. 8. 446)

81) കഅ്ബ്(റ) നിവേദനം: ഇബ്നു അബീഹദ്റദ് കടം വാങ്ങിയ സംഖ്യ പള്ളിയില്‍ വെച്ച് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ രണ്ടു പേരും ശബ്ദം ഉയര്‍ത്തി സംസാരിച്ചു. തിരുമേനി(സ) അവരുടെ സംസാരം കേള്‍ക്കുന്നതുവരെ അവിടുന്നു തന്റെ വീട്ടിലായിരുന്നു. ഉടനെ തിരുമേനി(സ) തന്റെ മുറിയുടെ മറ പൊക്കിയിട്ട് പുറത്ത് വന്നു. എന്നിട്ട് കഅ്ബിനെ വിളിച്ചു. ഉടനെ അല്ലാഹുവിന്റെ ദൂതരെ, ഞാനിതാ ഹാജര്‍ എന്ന് കഅ്ബ് പറഞ്ഞു. തിരുമേനി(സ) ആംഗ്യം കാണിച്ചുകൊണ്ട് നിന്റെ കടത്തില്‍ നിന്ന് പകുതി വീട്ടിക്കൊടുക്കുക എന്ന് കഅ്ബിനോട് പറഞ്ഞു. ഉടനെ കഅ്ബിനുമാലിക്ക്(റ) പറഞ്ഞു. പ്രവാചകരേ, ഞാനിതാ വിട്ടുകൊടുത്തിരിക്കുന്നു. ഉടനെ ഇബ്നുഅബീഹദ്റദിനോട് തിരുമേനി(സ) അരുളി: വേഗം പോയി അദ്ദേഹത്തിന്റെ കടം നീ വീട്ടുക. (ബുഖാരി. 1. 8. 447)

82) അബൂഹുറൈറ(റ) നിവേദനം: നീഗ്രോ വംശജനായ ഒരു പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ തിരുമേനി(സ)യുടെ കാലത്ത് പള്ളി അടിച്ചുവാരി വൃത്തിയാക്കാറുണ്ടായിരുന്നു. അതിനിടക്ക് അയാള്‍ മരിച്ചു. (കാണാതായപ്പോള്‍) അയാളെക്കുറിച്ച് തിരുമേനി(സ) ചോദിച്ചു. അയാള്‍ മരിച്ചുപോയെന്ന് അവര്‍ പറഞ്ഞു. അവിടുന്നു പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ മരണവാര്‍ത്ത അറിയിക്കാമായിരുന്നില്ലേ? ശരി, ഇനി അയാളുടെ ഖബര്‍ അല്ലെങ്കില്‍ അവളുടെ ഖബര്‍ നിങ്ങള്‍ എനിക്ക് കാണിച്ചു തരിക. അങ്ങനെ തിരുമേനി(സ) അയാളുടെ ഖബറിന്റെ അടുക്കല്‍ ചെന്നു മയ്യിത്ത് നമസ്കരിച്ചു. (ബുഖാരി. 1. 8. 448)

83) ആയിശ:(റ) നിവേദനം: അല്‍ബഖറ: യിലെ പലിശ സംബന്ധിച്ചുള്ള വാക്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ തിരുമേനി(സ) പള്ളിയിലേക്ക് പുറപ്പെട്ടു. എന്നിട്ട് ആ കല്‍പ്പനകള്‍ ഓതിക്കേള്‍പ്പിച്ചു. പിന്നീട് പള്ളിയില്‍വെച്ച് തന്നെ മദ്യവ്യാപാരം നിഷിദ്ധമാക്കിക്കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. (ബുഖാരി. 1. 8. 449)

84) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ജിന്നുകളില്‍ പെട്ട ഒരു മല്ലന്‍ ഇന്നലെ രാത്രി എന്റെ മുമ്പില്‍ വന്നു ചാടി - അല്ലെങ്കില്‍ അതുപോലെ ഒരു വാക്കാണ് നബി(സ) അരുളിയത് - എന്റെ നമസ്കാരം മുറിച്ചുകളയാനാണ് അവനങ്ങനെ ചെയ്തത്. എനിക്ക് അവനെ പിടികൂടാന്‍ അല്ലാഹു സൌകര്യം ചെയ്തുതന്നു. എന്നിട്ട് പള്ളിയിലെ ഒരു തൂണിന്മേല്‍ അവനെ പിടിച്ചുകെട്ടാന്‍ ഞാനുദ്ദേശിച്ചു. എന്നാല്‍ നിങ്ങളെല്ലാവര്‍ക്കും പ്രഭാതത്തില്‍ അവനെ കാണാന്‍ കഴിയുമായിരുന്നു. പക്ഷെ, എന്റെ സഹോദരന്‍ സുലൈമാന്‍ നബി (അ) യുടെ പ്രാര്‍ത്ഥന ഞാന്‍ ഓര്‍മ്മിച്ചുപോയി. രക്ഷിതാവേ! എനിക്കു ശേഷം മറ്റാര്‍ക്കും പിടിച്ചടക്കുക ക്ഷിപ്രസാധ്യമല്ലാത്ത ഒരാധിപത്യം എനിക്ക് നീ പ്രദാനം ചെയ്യേണമേ (38:35) എന്നത്. അതിനാല്‍ ഞാനവനെ ആട്ടി ഓടിച്ചു കൊണ്ട് വിട്ടയച്ചു. (ബുഖാരി. 1. 8. 450)

85) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) നജ്ദിന്റെ നേരെ ഒരു കുതിരപട്ടാളത്തെ നിയോഗിച്ചു. ബനൂഹനീഫ ഗോത്രത്തില്‍പെട്ട സുമാമത്തുബ്നുഅസാല്‍ എന്നൊരു മനുഷ്യനെ അവര്‍ പിടിച്ചുകൊണ്ടുവന്നു. എന്നിട്ട് അവനെ പള്ളിയിലെ ഒരു തൂണിന്മേല്‍ ബന്ധിച്ചു. തിരുമേനി(സ) അവന്റെ അടുത്തു പ്രവേശിച്ചു. എന്നിട്ട് സുമാമത്തിനെ നിങ്ങള്‍ മോചിപ്പിക്കുവിന്‍ എന്ന് അരുളി. അനന്തരം സുമാമത്തു ഒരു ചെറിയ കുളത്തിന്റെ നേരെ പുറപ്പെട്ടു. അതില്‍ നിന്ന് കുളിച്ച് പള്ളിയില്‍ പ്രവേശിച്ചു. എന്നിട്ട് ലാഇലാഹ ഇല്ലല്ലാഹു വഅന്നമുഹമ്മദന്‍ റസൂലില്ലാഹി എന്ന് സാക്ഷ്യം വഹിച്ചു. (ബുഖാരി. 1. 8. 451)

86) ആയിശ:(റ) നിവേദനം: ഖന്തക്ക് യുദ്ധത്തില്‍ സഅ്ദുബ്നു മുആദ്(റ) ന്ന് കൈക്ക് മുറിവ് പറ്റി. കയ്യിലെ പ്രധാന രക്തധമനി അറ്റു. അപ്പോള്‍ തന്റെ അടുത്തുതന്നെ കിടത്തിയിട്ട് രോഗശുശ്രൂഷയുടെ മേല്‍നോട്ടം വഹിക്കുവാന്‍ വേണ്ടി തിരുമേനി(സ) പള്ളിയില്‍ തന്നെ ഒരു തമ്പ് കെട്ടി അദ്ദേഹത്തെ അതില്‍ കിടത്തി. മറ്റൊരു തമ്പും ബനൂഗിഫാര്‍ ഗോത്രത്തിന്റെ വകയായി പള്ളിയിലുണ്ടായിരുന്നു. സഅ്ദിന്റെ ശരീരത്തില്‍ നിന്ന് ഒലിച്ചുകൊണ്ടിരുന്ന രക്തം ആ തമ്പിലേക്ക് പെട്ടെന്ന് ഒഴുകിചെന്നത് കണ്ടപ്പോള്‍ മാത്രമാണ് അവര്‍ പരിഭ്രമിച്ചത്. അങ്ങനെ ഞെട്ടിയിട്ട് അവര്‍ വിളിച്ചുചോദിച്ചു. തമ്പിലുള്ളവരേ! നിങ്ങളുടെ ഭാഗത്ത് നിന്ന് ഞങ്ങളുടെ അടുക്കലേക്ക് ഈ ഒഴുകിക്കൊണ്ടിരിക്കുന്നതെന്താണ്? നോക്കുമ്പോള്‍ സഅ്ദിന്റെ മുറിവില്‍ നിന്ന് രക്തമതാ ശക്തിയായി ഒഴുകിക്കൊണ്ടിരിക്കുന്നു. അങ്ങനെ അതില്‍ അദ്ദേഹം മരണപ്പെട്ടു. (ബുഖാരി. 1. 8. 452)

87) ഉമ്മുസലമ(റ) നിവേദനം: എനിക്കു ദേഹസുഖമില്ലെന്നു ഞാന്‍ നബി(സ) യോട് ആവലാതിപ്പെട്ടു. തിരുമേനി(സ) അരുളി: നീ ജനങ്ങളുടെ പിന്നില്‍ വാഹനത്തിലിരുന്നു കൊണ്ടു ത്വവാഫ് ചെയ്തുകൊള്ളുക. അങ്ങനെ തന്നെ ഞാന്‍ ത്വവാഫ് ചെയ്തു. തിരുമേനി(സ) വത്തൂരി വകിതാബിമ്മസ്ത്തൂര്‍ എന്ന സൂറത്ത് ഓതിക്കൊണ്ട് കഅ്ബയുടെ ഒരു ഭാഗത്തുനിന്ന് നമസ്കരിക്കുകയായിരുന്നു. (ബുഖാരി. 1. 8. 453)

88) അനസ്(റ) നിവേദനം: തിരുമേനി(സ)യുടെ ശിഷ്യന്മാരില്‍ രണ്ടുപേര്‍ ഒരു ഇരുള്‍ മുറ്റിയ രാവില്‍ തിരുമേനി(സ)യുടെ അടുക്കല്‍ നിന്നു പുറപ്പെട്ടു. മുമ്പിലേക്ക് വെളിച്ചം കാണിക്കാന്‍ ഉതകുന്ന വിളക്കുപോലെയുള്ള രണ്ടു സാധനങ്ങള്‍ അവരുടെ കൂടെയുണ്ടായിരുന്നു. അവസാനം അവര്‍ രണ്ടുപേരും പിരിഞ്ഞുപോയപ്പോള്‍ കുടുംബത്തിലെത്തും വരേക്കും ഓരോരുത്തരോടൊപ്പവും ഓരോ വിളക്കുണ്ടായിരുന്നു. (ബുഖാരി. 1. 8. 454)

89) ഇബ്നു ഉമര്‍(റ) നിവേദനം: തിരുമേനി(സ) മക്കയില്‍ പ്രവേശിച്ചപ്പോള്‍ ഉസ്മാനുബ്നു ത്വല്‍ഹയെ വിളിച്ച് കഅ്ബയുടെ വാതില്‍ തുറന്നു. അനന്തരം തിരുമേനി, ബിലാല്‍, ഉസാമ: ഉസ്മാനുബ്നുത്വല്‍ഹ എന്നിവര്‍ അതില്‍ പ്രവേശിച്ചു. ശേഷം വാതിലടച്ചു ഒരു മണിക്കൂര്‍ നേരം അവിടെ താമസിച്ചു പുറത്തു കടന്നു. ഇബ്നുഉമര്‍(റ) പറയുന്നു. ഞാന്‍ ധൃതിപ്പെട്ടു ബിലാലിനെ സമീപിച്ചുകൊണ്ട് നബി(സ) നമസ്കരിച്ചുവോ? എന്നു ചോദിച്ചു. അതെ എന്ന് അദ്ദേഹം മറുപടി നല്‍കി. എവിടെ വെച്ച് എന്ന് ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ രണ്ടു തൂണുകള്‍ക്കിടയില്‍ എന്ന് ബിലാല്‍ പ്രത്യുത്തരം നല്‍കി. ഇബ്നുഉമര്‍(റ) പറയുന്നു; എത്ര നമസ്കരിച്ചുവെന്ന് ചോദിക്കാന്‍ ഞാന്‍ മറന്നുപോയി. (ബുഖാരി. 1. 8. 457)

90) സാത്തുബ്(റ) നിവേദനം: ഞാന്‍ പള്ളിയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ എന്നെ ഒരു ചെറിയ കല്ല് കൊണ്ട് എറിഞ്ഞു. ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ അതു ഉമര്‍(റ) ആയിരുന്നു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: നീ പോയി ഈരണ്ടു പുരുഷന്‍മാരെ വിളിച്ചുകൊണ്ടുവരിക. അങ്ങനെ ഞാന്‍ അവരെയുമായി ഉമര്‍(റ)ന്റെ അടുത്തുവന്നു. ഉമര്‍(റ) ചോദിച്ചു. നിങ്ങള്‍ എവിടെനിന്ന് വരുന്നു? അവര്‍ പറഞ്ഞു: ത്വാഇഫില്‍ നിന്ന്, ഉമര്‍(റ) പറഞ്ഞു: നിങ്ങള്‍ ഈ നാട്ടിലെ നിവാസികള്‍ ആയിരുന്നുവെങ്കില്‍ നിങ്ങളെ ഞാന്‍ വേദനിപ്പിക്കുമായിരുന്നു. നബി(സ)യുടെ പള്ളിയില്‍ വെച്ച് നിങ്ങള്‍ ശബ്ദം ഉയര്‍ത്തുകയോ? (ബുഖാരി. 1. 8. 459)

91) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) മിമ്പറിന്മല്‍ നില്‍ക്കുമ്പോള്‍ തിരുമേനി(സ) യോട് ഒരാള്‍ ചോദിച്ചു. രാത്രി നമസ്കാരത്തെക്കുറിച്ച് അങ്ങയുടെ നിര്‍ദ്ദേശമെന്താണ്? തിരുമേനി(സ) അരുളി: ഈരണ്ട് റക്ക്അത്ത് നമസ്കരിക്കണം. പിന്നീട് പ്രഭാതത്തെക്കുറിച്ച് സംശയം തോന്നിയാല്‍ അവസാനം ഒരൊറ്റ റക്ക്അത്ത് നമസ്കരിച്ച് ഇതുവരെ നമസ്കരിച്ചതിനെ നീ വിത്റാക്കുക. രാത്രിയുടെ അവസാനം നീ വിത്റാക്കുക എന്ന് നബി പറഞ്ഞതിനാല്‍ ഇബ്നുഉമര്‍(റ) പറയാറുണ്ട്. (ബുഖാരി. 1. 8. 462)

92) ഉബാദ്(റ) തന്റെ പിതൃവ്യനില്‍ നിന്ന് ഉദ്ധരിക്കുന്നു. ഒരു കാല്‍ മറ്റേ കാലിന്മേല്‍ വെച്ചുകൊണ്ട് തിരുമേനി(സ) പള്ളിയില്‍ മലര്‍ന്ന് കിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരും ഇപ്രകാരം ചെയ്യാറുണ്ടെന്ന് സഈദ്ബ്നു മുസൈയ്യബ്(റ) പറയുന്നു. (ബുഖാരി. 1. 8. 464)

93) ആയിശ(റ) നിവേദനം: എനിക്ക് ബുദ്ധി ഉറച്ചത് മുതല്‍ ഇസ്ലാം മതം അനുഷ്ഠിക്കുന്നവരായിട്ടല്ലാതെ എന്റെ മാതാപിതാക്കളെ (അബൂബക്കര്‍, ഉമ്മുറുമ്മാന്‍) ഞാന്‍ കണ്ടിട്ടില്ല. എല്ലാപകലിന്റെയും രണ്ടറ്റമായ പ്രഭാതത്തിലും വൈകുന്നേരവും നബി(സ) ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു അനന്തരം വീട്ടിന്റെ മുറ്റത്ത് ഒരു പള്ളി നിര്‍മ്മിക്കാന്‍ അബൂബക്കര്‍ തീരുമാനിച്ചു. അദ്ദേഹം ഖുര്‍ആന്‍ ഉറക്കെ ഓതിക്കൊണ്ട് അതില്‍ വെച്ച് നമസ്കരിക്കും. അബൂബക്കറിനെ വീക്ഷിച്ചുകൊണ്ടും പാരായണം ആകര്‍ഷിച്ചുകൊണ്ടും മുശ്രിക്കുകളുടെ സ്ത്രീകളും കുട്ടികളും അവിടെ ഒരുമിച്ച് കൂടും. ഖുര്‍ആന്‍ ഓതുമ്പോള്‍ തന്റെ ഇരുനേത്രങ്ങളേയും നിയന്ത്രിക്കാന്‍ സാധിക്കാതെ കൂടുതല്‍ കരയുന്ന പ്രകൃതിയായിരുന്നു അബൂബക്കറിന്റെത്. മുശ്രിക്കുകളായ ഖുറൈശീ നേതാക്കന്മാരെ ഇത് പരിഭ്രമിപ്പിച്ചു. (ബുഖാരി. 1. 8. 465)

94) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം വീട്ടില്‍ വെച്ചോ അങ്ങാടിയില്‍ വെച്ചോ നമസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തഞ്ചിരട്ടി പുണ്യമുണ്ട്, പള്ളിയില്‍ വെച്ചുള്ള ജമാഅത്തിന്. നിങ്ങളിലാരെങ്കിലും നന്നായി വുളു ചെയ്തു എന്നിട്ടവന്‍ പള്ളിയില്‍ വന്നു നമസ്കാരമല്ലാതെ മറ്റൊരു ഉദ്ദേശവും അവനില്ലതാനും - എന്നാല്‍ അവന്‍ മുമ്പോട്ട് വെക്കുന്ന ഓരോ ചവിട്ടടിയുടെയും എണ്ണം കണ്ടു ഓരോപടി അല്ലാഹു അവനെ ഉയര്‍ത്താതിരിക്കുകയില്ല. അപ്രകാരം തന്നെ ഓരോ കുറ്റവും അവനു പൊറുത്തു കൊടുക്കാതിരിക്കുകയുമില്ല. പള്ളിയില്‍ പ്രവേശിക്കും വരേക്കും ആ അവസ്ഥ തുടരുന്നതാണ്. പള്ളിയില്‍ അവന്‍ പ്രവേശിച്ച് കഴിഞ്ഞാലോ നമസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവന്‍ പ്രതിഫലത്തില്‍ നമസ്കാരത്തില്‍ തന്നെയായിരിക്കും. നമസ്കാരത്തിന് വേണ്ടി ചെന്നിരിക്കുന്ന ആ സദസ്സില്‍ അവനുണ്ടായിരിക്കുന്ന സമയമത്രയും മലക്കുകള്‍ അവന്ന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. 'അല്ലാഹുവേ! അവന്ന് നീ പൊറുത്തുകൊടുക്കണമേ, അല്ലാഹുവേ! അവന് നീ കൃപ ചെയ്യേണമേ, ' എന്ന് മലക്കുകള്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കും. അവന്റെ വുളു ദുര്‍ബ്ബലപ്പെടുത്താതിരിക്കുന്ന സമയമത്രയും ആ നിലപാട് തുടര്‍ന്നു കൊണ്ടിരിക്കും. (ബുഖാരി. 1. 8. 466)

95) അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: അബ്ദുല്ല! ജനങ്ങളുടെ ഇടയിലുള്ള ചികളുടെ കൂട്ടത്തില്‍ നീ (ഇടകലര്‍ന്നു) ജീവിക്കുമ്പോള്‍ നിന്റെ അവസ്ഥ എങ്ങിനെയായിരിക്കും? തുടര്‍ന്ന് അവിടുന്ന് വിരലുകള്‍ കോര്‍ത്തുപിടിച്ചു. (ബുഖാരി. 1. 8. 467)

96) അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു സത്യവിശ്വാസിക്ക് മറ്റേ സത്യവിശ്വാസിയുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്. അതിന്റെ ഒരു വശത്തിന്ന് മറ്റേ വശം പിന്‍ബലം നല്‍കുന്നു. ശേഷം തിരുമേനി(സ) തന്റെ വിരലുകളെ തമ്മില്‍ കോര്‍ത്തു. (ബുഖാരി. 1. 8. 468)

97) മൂസ(റ) നിവേദനം: ഇബ്നുഉമര്‍(റ)ന്റെ പുത്രന്‍ സാലിമ്(റ) വഴിയില്‍ ചില സ്ഥലത്തുവെച്ച് നമസ്കരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഈ സ്ഥലങ്ങളില്‍ നമസ്കരിച്ചിരുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്. പിതാവ് നബി(സ) പ്രസ്തുത സ്ഥലത്തു നമസ്കരിച്ചിരുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്ന് പറയാറുണ്ട്. നാഫിഅ്(റ) ഇബ്നുഉമര്‍(റ) നിന്നും പ്രസ്തുത സ്ഥലങ്ങളില്‍ നമസ്കരിച്ചതായി നിവേദനം ചെയ്യുന്നുണ്ട്. സാലിമും നാഫിഈ എല്ലാ സ്ഥലത്തിന്റെയും പ്രശ്നത്തില്‍ യോജിക്കാനും ശറഫുല്‍ റൌഹാഈലെ പള്ളിയുടെ പ്രശ്നത്തില്‍ മാത്രമാണ് അവര്‍ പരസ്പരം ഭിന്നിക്കുന്നത്. (ബുഖാരി. 1. 8. 470)

98) ഇബ്നു ഉമര്‍(റ) നിവേദനം: തിരുമേനി(സ) ഉംറക്കും അവിടുന്ന് നിര്‍വ്വഹിച്ച് ഹജ്ജിനും പുറപ്പെട്ടു പോയപ്പോള്‍ ദുല്‍ഹുലൈഫായില്‍ ഇന്നു സ്ഥിതിചെയ്യുന്ന പള്ളിയുടെ സ്ഥാനത്തുള്ള സമുറ മരത്തിന്റെ ചുവട്ടില്‍ ഇറങ്ങാറുണ്ടായിരുന്നു. അപ്രകാരം തന്നെ തിരുമേനി(സ) ഒരു യുദ്ധം കഴിഞ്ഞു മടങ്ങി എന്നിട്ടു ആ വഴിക്കു വന്നു. എന്നാല്‍ താഴ്വരയുടെ അടിയില്‍ തിരുമേനി(സ) വന്നിറങ്ങും. പിന്നീട് താഴ്വരയുടെ അടിയില്‍ നിന്ന് മേല്പോട്ട് കയറിയാലോ, ആ താഴ്വരയുടെ കിഴക്കേ വക്കിലുള്ള വിശാലമായ ചരല്‍ പ്രദേശത്ത് തിരുമേനി(സ) ഒട്ടകങ്ങളെ നിറുത്തി വാഹനത്തില്‍ നിന്ന് ഇറങ്ങും. എന്നിട്ട് രാവിന്റെ അന്ത്യദശയില്‍ പ്രഭാതം വരേക്കും അവിടെ ഒന്നു വിശ്രമിക്കും. കല്‍കൂട്ടത്തിന്മേല്‍ ഇന്നു സ്ഥിതി ചെയ്യുന്ന പള്ളിയുടെ അടുത്തല്ല തിരുമേനി(സ) ഇറങ്ങിയിരുന്ന ആ സ്ഥലം. അപ്രകാരം തന്നെ ഇന്നു പള്ളി നിലകൊള്ളുന്ന ആ കുന്നിന്മേലുമായിരുന്നില്ല. അവിടെ ഒരു ചോല (അരുവി) ഉണ്ടായിരുന്നു. അതിനടുത്തു വച്ച് ഇബ്നുഉമര്‍(റ) നമസ്കരിക്കാറുണ്ടായിരുന്നു. ആ ചോലയില്‍ ചില മണല്‍ കൂമ്പാരങ്ങളുണ്ടായിരുന്നു. തിരുമേനി(സ) അവിടെ വച്ച് നമസ്കരിക്കാറുണ്ടായിരുന്നു. പിന്നീട് മലവെള്ളം വന്നപ്പോള്‍ അവിടെ ചരക്കല്ലുകള്‍ വന്നു നിറഞ്ഞു. എന്നിട്ട് ഇബ്നുഉമര്‍ നമസ്കരിച്ചിരുന്ന ആ സ്ഥലത്തെ ചരക്കല്ലുകള്‍ മൂടിക്കളഞ്ഞു. (ബുഖാരി. 1. 8. 472)

99) ഇബ്നുഉമര്‍(റ) തുടരുന്നു: രൌഹായിലെ ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പള്ളിക്കടുത്ത് നിലകൊള്ളുന്ന ചെറിയ പള്ളി നില്ക്കുന്ന സ്ഥലത്ത് വച്ച് തിരുമേനി(സ) നമസ്കരിക്കാറുണ്ടായിരുന്നു. തിരുമേനി(സ) നമസ്കരിക്കാറുണ്ടായിരുന്ന സ്ഥലങ്ങളെക്കുറിച്ച് ഇബ്നുഉമര്‍(റ) അറിവുള്ളവനായിരുന്നു. നീ പള്ളിയില്‍ നിന്നുകൊണ്ട് നമസ്കരിക്കുമ്പോള്‍ ആ സ്ഥലം നിന്റെ വലതുഭാഗത്തായിരിക്കും. നീ മക്കത്തേക്കു പോകുമ്പോള്‍ ആ പള്ളി വഴിയുടെ വലത്തെ ഓരത്തു സ്ഥിതിചെയ്യുന്നത് കാണാം. അതിനും വലിയ പള്ളിക്കുമിടയില്‍ ഒരു കല്ലെടുത്തെറിഞ്ഞാല്‍ എത്തുന്ന ദൂരമേ ഉള്ളൂ. അതുപോലെയുള്ള ദൂരം. (ബുഖാരി. 1. 8. 472)

100) ഇബ്നുഉമര്‍(റ) നാഫിഇനോട് പറയുന്നു: തിരുമേനി(സ) ഒരു വലിയ മരത്തിന്റെ ചുവട്ടില്‍ ഇറങ്ങാറുണ്ടായിരുന്നു. റുവൈസത്തിന്റെ അടുത്താണ് ആ സ്ഥലം. വഴിയുടെ വലതുഭാഗത്തും വഴിയുടെ മുമ്പിലുമായി വിശാലമായിക്കിടക്കുന്ന ഒരു മണല്‍പ്രദേശമാണത്. ദുവൈസത്തിന്റെ രണ്ടു മൈല്‍ അടുത്തുള്ള കുന്ന് തിരുമേനി(സ) കടന്ന് പോകും മുമ്പുള്ള സ്ഥലമാണിത്. ആ മരത്തിന്റെ തല പോട്ടിയിട്ടുണ്ട്. അത് ആ മരത്തിന്റെ ഉള്ളിലേക്ക് ചുരുണ്ട് നില്ക്കുകയാണ്. തായ്ത്തടി മാത്രമായിക്കൊണ്ട് ആ മരം നില്ക്കുന്നു. അതിന്റെ താഴ്ഭാഗത്ത് അനവധി മണല്‍കൂമ്പാരങ്ങളുണ്ട്. (ബുഖാരി. 1. 8. 472)

101) ഇബ്നുഉമര്‍(റ) നാഫിഈ(റ)നോട് പറയുന്നു: തിരുമേനി(സ) ഒരു കുന്നിന്റെ ഓരത്ത് നിന്നുകൊണ്ട് നമസ്കരിച്ചുകൊണ്ട് നീഹള്ബായിലേക്ക് പോകുമ്പോള്‍ അത് അറിജിന്റെ അപ്പുറത്തായിരിക്കും. ആ പള്ളിയുടെ അടുത്ത് രണ്ടോ മൂന്നോ ഖബറുകളുണ്ട്. അവയിന്മേല്‍ വലിയ കല്ലുകള്‍ വെച്ചിട്ടുമുണ്ട്. അവ വഴിയുടെ വല ഭാഗത്താണ്. വഴിയിലെ കല്ലുകള്‍ക്കടുത്ത് ആ കല്ലുകള്‍ക്കിടയിലൂടെ ഉച്ചനേരത്ത് സൂര്യന്‍ ആകാശമധ്യത്തില്‍ നിന്നും തെറ്റിയശേഷം അബ്ദുല്ല യാത്ര പുറപ്പെടും. എന്നിട്ട് ളുഹ്റ് ആ പള്ളിയില്‍വെച്ച് നമസ്കരിക്കും. (ബുഖാരി. 1. 8. 472)

102) ഇബ്നുഉമര്‍(റ) നാഫിഈ(റ)നോട് പറയുന്നു: ബഹര്‍ശക്കടുത്തുള്ള വെള്ളച്ചാലില്‍ വഴിയുടെ ഇടതുഭാഗത്ത് സ്ഥിതിചെയ്യുന്ന വൃക്ഷങ്ങള്‍ക്കടുത്ത് തിരുമേനി(സ) ഇറങ്ങാറുണ്ടായിരുന്നു. ആ വെള്ളച്ചാല്‍ ഹര്‍ശയുടെ ഓരത്തോട് ചേര്‍ന്നാണ് കിടക്കുന്നത്. ആ വെള്ളച്ചാലിനും വഴിക്കുമിടയില്‍ ഏതാണ്ട് ഒരമ്പെയ്താല്‍ എത്തുന്ന ദൂരമേയുള്ളു. അപ്രകാരം തന്നെ വഴിയിലേക്ക് കൂടുതല്‍ അടുത്തു നില്‍ക്കുന്ന ഒരു മരത്തിന്റെ നേരെ തിരിഞ്ഞ് നിന്നുകൊണ്ടും ഇബ്നു ഉമര്‍(റ) നമസ്കരിക്കാറുണ്ട്. അവിടുത്തെ ഏറ്റവും വലിയ മരം അതായിരുന്നു. (ബുഖാരി. 1. 8. 472)

103) ഇബ്നുഉമര്‍(റ) നാഫി ഇനോട് പറയുന്നു: മര്‍റുള്ളഹ്റാന്റെ താഴ്ഭാഗത്തുള്ള വെള്ളച്ചാലില്‍ തിരുമേനി(സ) ഇറങ്ങാറുണ്ടായിരുന്നു. നീ സഫറാവാത്തില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ മദീനയുടെ ഭാഗത്ത് ആ സ്ഥലം സ്ഥിതിചെയ്യുന്നതായി കാണാം. വെള്ളച്ചാലിന്റെ കേന്ദ്രത്തില്‍ തിരുമേനി(സ) ഇറങ്ങാറുണ്ടായിരുന്നു. വഴിയുടെ ഇടഭാഗത്താണത്. നീ മക്കയിലേക്ക് പോകുമ്പോള്‍ തിരുമേനി(സ)യുടെ താവളത്തിനും വഴിക്കുമിടയില്‍ കല്ലേറിലെത്തുന്ന ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. (ബുഖാരി. 1. 8. 472)

104) ഇബ്നുഉമര്‍(റ) നാഫിഈ(റ)നോട് പറയുന്നു: തിരുമേനി(സ) മക്കയിലേക്ക് വരുമ്പോള്‍ ദീത്തുവായില്‍ ഇറങ്ങി രാത്രി താമസിക്കും. പ്രഭാതം വരെ. എന്നിട്ട് സുബ്ഹി നമസ്കരിക്കും. തിരുമേനി(സ) നമസ്കരിച്ച സ്ഥലം കല്ലുകളാല്‍ നിറയപ്പെട്ട ഒരു കുന്നിന്മേലാണ്. അല്ലാതെ അവിടെ എടുക്കപ്പെട്ടുകാണുന്ന പള്ളിയില്ല. ആ പള്ളിയുടെ താഴെ കല്ലുകള്‍ നിറഞ്ഞ ആ കുന്നിന്മേലാണ്. (ബുഖാരി. 1. 8. 472)

105) ഇബ്നുഉമര്‍(റ) നാഫിഈ(റ)നോട് പറഞ്ഞു: തിരുമേനി(സ) ക്കും വളരെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതത്തിനുമിടയില്‍ സ്ഥിതിചെയ്യുന്ന മലകളുടെ രണ്ടു ശിഖരങ്ങളുടെ നേരെയും അതെയവസരത്തില്‍ കഅ്ബത്തിന്നഭിമുഖമായും തിരിഞ്ഞു നിന്നുകൊണ്ട് അവിടുന്ന് നമസ്കരിച്ചിട്ടുണ്ട്. എന്നിട്ട് ഇബ്നു ഉമര്‍(റ) നമസ്കരിച്ചപ്പോള്‍ അവിടെ നിര്‍മ്മിച്ച പള്ളി കുന്നിന്റെ അറ്റത്തിലുള്ള പള്ളിയുടെ ഇടതുഭാഗത്താക്കിക്കൊണ്ട് നിന്നു. തിരുമേനി(സ) നമസ്കരിച്ച സ്ഥലമാവട്ടെ അതിന് താഴെയായി. ആ കറുത്ത കുന്നിന്മേലാണ് കഅ്ബത്തിനും നിനക്കുമിടയില്‍ സ്ഥിതിചെയ്യുന്ന മലയുടെ രണ്ടു ശിഖരങ്ങളുടെ നേരെ തിരിഞ്ഞുനിന്നുകൊണ്ട് നീ നമസ്കരിക്കുമ്പോള്‍ പത്തുമുഴമോ അല്ലെങ്കില്‍ ഏതാണ് അത്രയും അകലമോ കുന്നില്‍ നിന്ന് വിട്ടിട്ട് നീ നില്‍ക്കുന്ന പക്ഷം അതുതന്നെയാണ് തിരുമേനി(സ) നമസ്കരിച്ച സ്ഥലം. (ബുഖാരി. 1. 8. 472)

106) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) പെരുന്നാള്‍ ദിവസം (മൈതാനത്തേക്ക് പുറപ്പെടുമ്പോള്‍ ഒരു ചെറിയ കുന്തം കൊണ്ട് വരാന്‍ കല്‍പിക്കും. അങ്ങനെ അത് തിരുമേനി(സ)യുടെ മുമ്പില്‍ നാട്ടും. എന്നിട്ട് തിരുമേനി(സ) അതിലേക്ക് തിരിഞ്ഞു നിന്ന് നമസ്കരിക്കും. ആളുകള്‍ തിരുമേനി(സ)ക്ക് പിന്നിലും, യാത്രയിലും തിരുമേനി(സ) അങ്ങനെ ചെയ്യാറുണ്ടായിരുന്നു. അക്കാരണം കൊണ്ടാണ് ഭരണമേധാവികള്‍ ചെറിയ കുന്തം കൊണ്ട് പോകല്‍ പതിവാക്കിയത്. (ബുഖാരി. 1. 8. 473)

107) അബീജുഹൈഫ(റ) നിവേദനം: തിരുമേനി(സ) സഹാബികളെയും കൊണ്ട് മക്കയിലെ ബത്ത്ഹാഇല്‍ വെച്ച് നമസ്കരിച്ചു. തിരുമേനി(സ)യുടെ മുമ്പില്‍ ഒരു വടി നാട്ടിയിരുന്നു. ളുഹ്റും അസറും ഈ രണ്ട് റക്ക്അത്തുകളായിട്ടാണ് അവിടുന്ന് നമസ്കരിച്ചത്. ആ വഴിയുടെ മറുവശത്ത്കൂടി സ്ത്രീകളും കഴുതയും നടക്കുന്നുണ്ടായിരുന്നു. (ബുഖാരി. 1. 8. 474)

108) സഹ്ല്(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കാന്‍ നില്‍ക്കുന്ന സ്ഥലത്തിനും ചുമരിന്നുമിടയില്‍ ഒരാടിന് നടന്നുപോകാന്‍ ഒഴിവുണ്ടായിരുന്നു. (ബുഖാരി. 1. 8. 475)

109) സലമ:(റ) നിവേദനം: മിമ്പറയുടെ അടുത്തുള്ള പള്ളിയുടെ ചുമര് ഒരു ആടിന് കടന്നുപോകുവാന്‍ മാത്രം ഒഴിവുണ്ടായിരുന്നു. (ബുഖാരി. 1. 8. 476)

110) അബ്ദുല്ല(റ) നിവേദനം: നബി(സ) ക്കുവേണ്ടി ചെറിയ കുന്തം തറക്കപ്പെടുകയും ശേഷം അവിടുന്ന് അതിന്റെ നേരെ തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. (ബുഖാരി. 1. 8. 477)

111) അനസ്(റ) നിവേദനം: തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനത്തിന് പോകുമ്പോള്‍ ഞാനും ഒരു ചെറിയ കുട്ടിയും തിരുമേനി(സ)യുടെ പിന്നാലെ പോകും. ഞങ്ങളുടെ കൂടെ ഒരു സാധാരണ വടിയോ അല്ലെങ്കില്‍ കുന്തമോ ഉണ്ടായിരിക്കും. ഒരു വെള്ളപ്പാത്രവും. അങ്ങനെ തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ വെള്ളപ്പാത്രം തിരുമേനി(സ)ക്ക് ഞങ്ങള്‍നല്‍കും. (ബുഖാരി. 1. 8. 479)

112) സലമ:(റ) നിവേദനം: മുസ്ഹഫ് സൂക്ഷിച്ച പെട്ടിയുടെ അടുത്തുള്ള തൂണിന്റെ നേരെ നിന്നുകൊണ്ട് അദ്ദേഹം നമസ്കരിക്കാറുണ്ടായിരുന്നു. അപ്പോള്‍ ചിലര്‍ അദ്ദേഹത്തോട് ചോദിച്ചു: അബൂമുസ്ലിം! നിങ്ങള്‍ തൂണിന്നടുത്ത് നിന്നുകൊണ്ട് നമസ്കരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ? അദ്ദേഹം പറഞ്ഞു: തിരുമേനി(സ) ഈ തൂണിന്നടുത്തുനിന്നു കൊണ്ട് നമസ്കരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 8. 481)

113) അനസ്(റ) നിവേദനം: മഗ്രിബ് നമസ്കാരത്തിനു മുമ്പ് സുന്നത്ത് നമസ്കരിക്കുവാന്‍ വേണ്ടി സഹാബിവര്യന്മാരില്‍ പ്രഗല്‍ഭന്മാര്‍ തൂണുകള്‍ക്ക് നേരെ ധൃതിപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മറ്റൊരു നിവേദനത്തില്‍ നബി(സ) വരുന്നത് വരെ എന്നു ഉദ്ധരിക്കുന്നു. (ബുഖാരി. 1. 8. 482)

114) ഇബ്നു ഉമര്‍(റ) നിവേദനം: തിരുമേനി(സ), ഉസാമബിലാല്‍, ഉസ്മാന്‍(റ) മുതലായവര്‍ കഅ്ബയില്‍ പ്രവേശിച്ചു. എന്നിട്ട് അതിന്റെ വാതിലടച്ചു. അതില്‍ കുറച്ചു സമയം കഴിച്ചുകൂട്ടി. ബിലാല്‍ പുറത്തുവന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. എന്താണ് നബി(സ) അവിടെ ചെയ്തത്? അദ്ദേഹം പറഞ്ഞു: ചില തൂണുകളെ വലതുഭാഗത്തും ചില തൂണുകളെ ഇടതു ഭാഗത്തും ചില തൂണുകളെ പിന്‍ഭാഗത്തും ആക്കികൊണ്ട് തിരുമേനി നമസ്കരിച്ചു. അന്ന് കഅ്ബ:ക്ക് ആറു തൂണുകളാണുണ്ടായിരുന്നത്. ഒരു റിവായത്തില്‍ രണ്ടു തൂണുകളെ വലതുഭാഗത്താക്കിക്കൊണ്ട് നമസ്കരിച്ചുവെന്നും പറയുന്നു. (ബുഖാരി. 504)

115) ഇബ്നുഉമര്‍(റ) നിവേദനം: അദ്ദേഹം കഅ്ബ:യില്‍ പ്രവേശിച്ചാല്‍ തന്റെ മുന്നിലേക്ക് നടന്ന് വാതിലിനെ തന്റെ പിന്നിലേക്കാക്കും. ചുമരിന്റെയും അദ്ദേഹത്തിന്റെയും ഇടയില്‍ മൂന്നു മുഴം അകലം ഉണ്ടാവും. നബി(സ) നമസ്കരിച്ചുവെന്ന് ബിലാല്‍ പ്രസ്താവിച്ച സ്ഥലത്തെ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അദ്ദേഹം പറയും. കഅ്ബയുടെ ഏതു ഭാഗത്തേക്ക് തിരിഞ്ഞു നമസ്കരിക്കുന്നതിനും വിരോധമില്ല. (ബുഖാരി. 1. 8. 483)

116) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) തന്റെ വാഹനത്തെ വിലങ്ങില്‍ കിടത്തിയിട്ട് അതിന്റെ നേരെ തിരിഞ്ഞുകൊണ്ട് നമസ്കരിക്കാറുണ്ട്. അന്നേരം ആ വാഹനം എഴുന്നേറ്റുകളഞ്ഞെങ്കിലോ എന്ന് ഞാന്‍ (നിവേദകന്‍) ചോദിച്ചു. അന്നേരം അദ്ദേഹം പറഞ്ഞു. തിരുമേനി(സ) ഒട്ടകകട്ടില്‍ പിടിച്ച് തിരിക്കും. എന്നിട്ട് അതിന്റെ പിന്‍ഭാഗത്തേക്ക് തിരിഞ്ഞു നിന്നു നമസ്കരിക്കും. ഇബ്നു ഉമര്‍(റ) അങ്ങനെ തന്നെയാണ് ചെയ്യാറുണ്ടായിരുന്നത്. (ബുഖാരി. 1. 8. 485)

117) ആയിശ(റ) നിവേദനം: അവര്‍ ഒരിക്കല്‍ ചോദിച്ചു. എന്ത്? നിങ്ങള്‍ ഞങ്ങളെ നായ്ക്കളോടും കഴുതകളോടും തുല്യപ്പെടുത്തുകയോ? ഞാന്‍ ഒരു സംഭവം ഓര്‍ക്കുന്നുണ്ട്. ഞാന്‍ കട്ടിലിന്മേല്‍ കിടക്കുന്നുണ്ടായിരിക്കും. അന്നേരം തിരുമേനി(സ) വന്നിട്ട് കട്ടിലിന്റെ നടുവിലേക്ക് തിരിഞ്ഞുനിന്നു കൊണ്ട് നമസ്കരിക്കും. അന്നേരം തിരുമേനി(സ)യുടെ മുമ്പില്‍ കിടക്കാന്‍ ഞാന്‍ മടിക്കും. ഉടനെ കട്ടിലിന്റെ രണ്ടു കാലുകളുടെ ഭാഗത്തേക്ക് ഞാന്‍ മെല്ലെ നീങ്ങും. ഒടുവില്‍ എന്റെ പുതപ്പില്‍ നിന്ന് പൂര്‍ണ്ണമായും ഞാന്‍ പുറത്തുവന്നിട്ടുണ്ടായിരിക്കും. (ബുഖാരി. 1. 8. 486)

118) അബൂസഈദ്(റ) നിവേദനം: വെള്ളിയാഴ്ച ദിവസം മനുഷ്യരില്‍ നിന്ന് തന്നെ മറക്കുന്ന ഒരു മറയുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് അദ്ദേഹം നമസ്കരിക്കുകയായിരുന്നു. അപ്പോള്‍ അബൂമുഐത്ത് കുടുംബത്തിലെ ഒരു യുവാവ് തന്റെ മുമ്പിലൂടെ കടന്നുപോകാനുദ്ദേശിച്ചു. അബൂസഈദ് ഉടനെ ആ യുവാവിന്റെ നെഞ്ചില്‍ കൈ വെച്ച് കൊണ്ട് യുവാവിനെ തട്ടിനീക്കി. അവസാനം യുവാവ് നോക്കുമ്പോള്‍ അബൂസഈദുല്‍ ഖുദ്രിയുടെ മുമ്പിലൂടെയല്ലാതെ കടന്നുപോകാന്‍ യാതൊരു മാര്‍ഗ്ഗവും കാണുന്നില്ല. ആ യുവാവ് അതേ വഴിക്ക് തന്നെ കടന്നുപോകാനുദ്ദേശിച്ചുകൊണ്ട് തിരിച്ചു വന്നു. അബൂസഈദ് ആദ്യത്തെക്കാള്‍ കൂടുതല്‍ ഊക്കോടെ യുവാവിനെ തള്ളി നീക്കി. അന്നേരം യുവാവ് അബൂസഈദിനെ ശകാരിച്ചു. അനന്തരം മര്‍വാന്റെ അടുക്കല്‍ ചെന്നിട്ട് അബൂസഈദില്‍ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് ആവലാതിപ്പെട്ടു. പിന്നാലെ അബൂസഈദും ചെന്ന് മര്‍വാന്റെ അടുത്ത് പ്രവേശിച്ചു. മര്‍വാന്‍ ചോദിച്ചു: അബൂസഈദ്! നിങ്ങള്‍ക്കും നിങ്ങളുടെ സഹോദരപുത്രനും തമ്മിലെന്താണ് വഴക്ക്? അബൂസഈദ്(റ) പറഞ്ഞു തിരുമേനി(സ) ഇങ്ങനെ അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളിലാരെങ്കിലും മനുഷ്യരില്‍ നിന്ന് തന്നെ മറക്കുന്ന ഒരു മറയുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് നമസ്കരിച്ചിട്ടും അന്നേരം അവന്റെ മുമ്പിലൂടെ കടന്നുപോകാന്‍ ഒരാള്‍ ഉദ്ദേശിച്ചു. എന്നാല്‍ അവനെ നമസ്കരി ക്കുന്നവന്‍ തടയട്ടെ. അവന്‍ തിരസ്കരിക്കുകയാണെങ്കിലോ അവനുമായി പൊരുതട്ടെ. നിശ്ചയം അവന്‍ ശൈത്താനാണ്. (ബുഖാരി. 1. 8. 488)

119) അബൂജഹ്മ്(റ) നിവേദനം: നമസ്കരിക്കുന്നവന്റെ മുമ്പിലൂടെ ഒരാള്‍ നടന്നാല്‍ അവനെക്കുറിച്ച് തിരുമേനി(സ) പ്രസ്താവിച്ചത് എന്താണെന്ന് അന്വേഷിച്ചു കൊണ്ട് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി: നമസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കുന്നവന്റെ പേരിലുള്ള കുറ്റമെന്തെന്ന് അവന്‍ ഗ്രഹിച്ചിരുന്നെങ്കില്‍ നമസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കുന്നതിനേക്കാള്‍ അവിടെ നാല്‍പത് നില്‍ക്കുന്നതാണ് അവന് ഉത്തമമാക്കുക. അബൂല്‍നള്റ് പറയുന്നു. നാല്‍പത് ദിവസമാണോ അതല്ല നാല്‍പത് മാസമാണോ അതല്ല നാല്‍പത് കൊല്ലമാണോ തിരുമേനി(സ) പറഞ്ഞതെന്ന് എനിക്കുമറിയുകയില്ല. (ബുഖാരി. 1. 8. 489)

120) ആയിശ(റ) നിവേദനം: നായ, കഴുത, സ്ത്രീകള്‍ എന്നിവ നമസ്കാരത്തെ മുറിക്കുമെന്ന് ആയിശ(റ)യുടെ അടുത്തുവെച്ച് ചിലര്‍ പറഞ്ഞു. അപ്പോള്‍ ആയിശ(റ) അരുളി: നിശ്ചയം ഈ അഭിപ്രായം പ്രകടിപ്പിച്ച് നിങ്ങള്‍ ഞങ്ങളെ പട്ടികളാക്കിയിരിക്കുന്നു. നിശ്ചയം നബി(സ) നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിനും ഖിബ്ലക്കും മധ്യത്തിലായി തന്നെ കട്ടിലിന്മേല്‍ കിടക്കാറുണ്ട്. എനിക്ക് പുറത്തുപോവേണ്ട ആവശ്യം നേരിടും. അപ്പോള്‍ അവിടുത്തെ മുമ്പിലൂടെ അഭിമുഖീകരിക്കുന്നതിനെ ഞാന്‍ വെറുക്കും. അതിനാല്‍ ഞാന്‍ മെല്ലെ നീങ്ങും. (ബുഖാരി. 1. 8. 490)

121) ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ വിരിപ്പില്‍ ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അതിന്റെ നടുവിലേക്ക് തിരിഞ്ഞു നിന്നുകൊണ്ട് തിരുമേനി(സ) നമസ്കരിക്കാറുണ്ടായിരുന്നു. അവസാനം തിരുമേനി(സ) വിത്ത്ര്‍ നമസ്ക്കരിക്കാനൊരുങ്ങിയാല്‍ എന്നെ ഉണര്‍ത്തും എന്നിട്ട് ഞാന്‍ തിരുമേനി(സ) യോടൊപ്പം വിത്ത്ര്‍ നമസ്ക്കരിക്കും. (ബുഖാരി. 1. 8. 491)

122) ആയിശ(റ) നിവേദനം: ഖിബ്ല:യുടെ നേരെ എന്റെ രണ്ടു കാലുകളും നീട്ടിക്കൊണ്ടു നബി(സ) നമസ്കരിക്കുമ്പോള്‍ ഞാന്‍ കിടക്കാറുണ്ട്. അവിടുന്നു സുജൂദ് ചെയ്യുമ്പോള്‍ എന്നെ പിച്ചും. അപ്പോള്‍ ഞാന്‍ കാല്‍ ചുരുട്ടും. അവിടുന്ന് എഴുന്നേറ്റാല്‍ വീണ്ടും ഞാന്‍ കാല് നീട്ടിവെക്കും. അന്നു വീടുകളില്‍ വിളക്ക് കത്തിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 1. 8. 492)

123) അബൂഖത്താദ(റ) നിവേദനം: നിശ്ചയം തിരുമേനി(സ) തന്റെ പുത്രി സൈനബ:യുടെ മകള്‍ ഉമാമത്തിനെ ചുമന്നുകൊണ്ട് നമസ്കരിക്കാറുണ്ടായിരുന്നു. അബുല്‍ആസ്വിക്ക് സൈനബ:യില്‍ ജനിച്ച കുട്ടിയായിരുന്നു അത്. എന്നിട്ടു തിരുമേനി(സ) സുജൂദ് ചെയ്യുമ്പോള്‍ കുട്ടിയെ താഴെ വെക്കും. എഴുന്നേറ്റ് നിന്നാല്‍ കുട്ടിയെ വഹിക്കുകയും ചെയ്യും. (ബുഖാരി. 515)

124) മൈമൂന(റ) നിവേദനം: എന്റെ വിരിപ്പ് ചിലപ്പോള്‍ നബി(സ)യുടെ നമസ്കാര സ്ഥലത്തിന്റെ പാര്‍ശ്വഭാഗത്തായിരിക്കും. അവിടുത്തെ വസ്ത്രം ചില സന്ദര്‍ഭത്തില്‍ എന്റെ ശരീരത്തില്‍ വീഴാറുണ്ട്. ഞാന്‍ എന്റെ വിരിപ്പില്‍ കിടക്കുകയായിരിക്കും. (ബുഖാരി. 516)

125) മൈമൂന(റ) നിവേദനം: നബി(സ) നമസ്കരിക്കുമ്പോള്‍ അശുദ്ധിയുള്ളവളായി ഞാന്‍ അവിടുത്തെ അടുത്തുതന്നെ കിടന്നുറങ്ങാറുണ്ട്. സുജൂദ് ചെയ്യുമ്പോള്‍ അവിടുത്തെ വസ്ത്രം എന്റെ ശരീരത്തില്‍ സ്പര്‍ശിക്കാറുണ്ട്. (ബുഖാരി. 517)

126) ആയിശ:(റ) നിവേദനം: അവര്‍ പറഞ്ഞു: പട്ടിയുടെയും കഴുതയുടെയും വിഭാഗത്തില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തി എത്ര ചീത്ത തുലനപ്പെടുത്തലാണ് സ്ത്രീകള്‍ക്ക് നിങ്ങള്‍ നല്‍കുന്നത്? നബി(സ) നമസ്ക്കരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെയും ഖിബ്ലയുടെയും മധ്യത്തില്‍ കിടക്കുകയും സുജൂദ് ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ എന്നെ പിച്ചുകയും ചെയ്യാറുണ്ട് അപ്പോള്‍ ഞാന്‍ എന്റെ ഇരുകാലുകളും വലിക്കും. (ബുഖാരി. 518)

127) അബീദര്‍ദാഅ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: പട്ടണത്തിലോ മരുഭൂമിയിലോ കൂട്ടമായി പ്രാര്‍ത്ഥന നടത്താത്ത മൂന്നുപേരുണ്ടെങ്കില്‍ പിശാച് അവരെ ജയിച്ചടക്കാതിരിക്കയില്ല. അതുകൊണ്ട് ജമാഅത്തിനെ മുറുകെപ്പിടിക്കുക: പറ്റത്തില്‍നിന്നും വേര്‍തിരിഞ്ഞതിനെയാണ് ചെന്നായ ഭക്ഷിക്കുന്നത്. (അബൂദാവൂദ്)

128) അനസ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഒന്നാമത്തെ നിര (സഫഫ്) പൂര്‍ത്തിയാക്കുക: പിന്നീട്, അതിനടുത്ത നിര; തികയാതെവരുന്നതേതോ, അത് അവസാനത്തെ നിരയില്‍ ആയിക്കൊള്ളട്ടെ. (അബൂദാവൂദ്)

129) ഫസാല(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) എന്നെ പഠിപ്പിച്ചു. അവിടുന്നു പഠിപ്പിച്ചതില്‍ (ഈ കല്പന) ഉണ്ടായിരുന്നു. അഞ്ചു നമസ്കാരത്തെക്കുറിച്ചു ജാഗ്രതയുണ്ടായിരിക്കുക. ഞാന്‍ പറഞ്ഞു (മറ്റു) ജോലികളില്‍ ശ്രദ്ധിക്കുവാനുള്ള സമയങ്ങളാണല്ലോ ഇവ. അതിനാല്‍, ഞാനതു ചെയ്തുകഴിഞ്ഞാല്‍ അതുകൊണ്ടു മതിയാവുന്ന വിധത്തില്‍ വ്യാപകമായ ഏതെങ്കിലും എന്നോടാജ്ഞാപിച്ചാലും അവിടുന്നു പറഞ്ഞു. രണ്ടു അസര്‍ നമസ്കാരങ്ങളില്‍ ജാഗ്രതയുണ്ടായിരിക്കുക. ഇതു ഞങ്ങളുടെ ഭാഷാ ശൈലിയില്‍ അറിയപ്പെട്ടിരുന്നില്ല. അതുകൊണ്ടു ഞാന്‍ പറഞ്ഞു രണ്ടു അസര്‍ നമസ്കാരങ്ങള്‍ ഏതാണ്? അവിടുന്നു പറഞ്ഞു: സൂര്യന്‍ ഉദിക്കുന്നതിനു മുമ്പുള്ള ഒരു നമസ്കാരവും, അസ്തമിക്കുന്നതിന് മുമ്പുള്ള ഒരു നമസ്കാരവും (അബൂദാവൂദ്)

130) ഇബ്നു ഉമര്‍(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദൂത(സ) നൊന്നിച്ചു വീട്ടില്‍ താമസിക്കുമ്പോഴും യാത്രയിലും നമസ്കരിച്ചു. വീട്ടില്‍ താമസിക്കുമ്പോള്‍, അവിടുന്നു ളുഹ്ര്‍ നമസ്കാരം നാലു റകഅത്തും അതിന് പിറകെ രണ്ടു റകഅത്തും, അസര്‍ നമസ്കാരം നാലു റകഅത്തും നമസ്കരിക്കയും അതിന് പുറകെ ഒന്നുമില്ലാതിരിക്കയും, അവിടന്നു മഗരിബ് നമസ്കാരം മൂന്നു റകഅത്തു നമസ്കരിക്കയും അതിന് പുറകെ രണ്ടു റകഅത്തും, ഇഷാ നമസ്കാരം നാല് റകഅത്തു നമസ്കരിക്കയും;യാത്രയില്‍ ളുഹ്ര്‍ നമസ്കാരം രണ്ടു റകഅത്തും അതിന് പിറകെരണ്ട് റകഅത്തും, അസര്‍ രണ്ട് റകഅത്തും അതിന് പുറകെ ഒന്നുമില്ലാതിരിക്കയും, മഗരിബ്മൂന്ന് റകഅത്തും, അതിന് പുറകെ രണ്ട് റകഅത്തും, ഇഷാ രണ്ടു റകഅത്തും അതിന് പിറകെ രണ്ടു റകഅത്തും നമസ്കരിച്ചു. (അഹ്മദ്)

131) അബുഹുറയ്റ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: തന്റെ നാഥനോട് ദാസന്‍ ഏറ്റവും അടുത്തിരിക്കുന്നത്, അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്: അതുകൊണ്ട്, ഏറ്റവും കൂടുതല്‍ അര്‍ത്ഥനകള്‍ (സുജൂദില്‍) ചെയ്യുക. (മുസ്ലിം)

132) ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) രണ്ട് സൂജൂദിനിടയില്‍ പറയാറുണ്ടായിരുന്നു: അല്ലാഹുവെ, എനിക്ക് മാപ്പു തന്നാലും, എന്നില്‍ കരുണയുണ്ടായാലും, എനിക്ക് മാര്‍ഗ്ഗദര്‍ശനം തന്നാലും, എനിക്ക് ആരോഗ്യം നല്‍കിയാലും, എനിക്കു ആഹാരം നല്‍കിയാലും. (അബൂദാവൂദ്)

133) അബ്ദുല്ലാഇബ്നു മസ്ഊദ്(റ) പറഞ്ഞു: ഞാന്‍ നമസ്കരിക്കയായിരുന്നു. പ്രവാചകന്‍(സ) സന്നിഹിതനായിരുന്നു. അവിടുത്തെ കൂടെ അബൂബക്കറും ഉമറും ഉണ്ടായിരുന്നു. ഞാന്‍ ഇരുപ്പ് പ്രാപിച്ചപ്പോള്‍ ഞാന്‍ അല്ലാഹുവിന് സ്തോത്രം ചെയ്യുകയും പിന്നീട് പ്രവാചകനു വേണ്ടി പ്രാര്‍ത്ഥിക്കയും ചെയ്തു. പ്രവാചകന്‍ പറഞ്ഞു: ചോദിക്കുക. നല്‍കപ്പെടും. ചോദിക്കുക, നല്‍കപ്പെടും. (തിര്‍മിദി)

134) അബ്ദുല്ലാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) തന്റെ വലത്തെ കവിളിന്റെ വെള്ളനിറം കാണുന്നതുവരെ വലഭാഗം (തിരിഞ്ഞു) തസ്ലിം പറഞ്ഞിരുന്നു നിങ്ങളില്‍ സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും ഉണ്ടാകട്ടെ. അവിടുന്നു തന്റെ ഇടത്തെ കവിളിന്റെ വെള്ളനിറം കാണുന്നതുവരെ ഇടഭാഗം (തിരിഞ്ഞു) തസ്ലിം പറഞ്ഞിരുന്നു. നിങ്ങളില്‍ സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും ഉണ്ടാകട്ടെ. (അബൂദാവൂദ്)

135) സൌബാന്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) നമസ്കാരത്തില്‍ നിന്ന് മാറുമ്പോള്‍, മൂന്ന് പ്രാവശ്യം ഇസ്തിഗിഫാര്‍ ചെയ്തു പറഞ്ഞു: അല്ലാഹുവെ, നീ സമാധാനത്തിന്റെ നാഥന്‍, നിന്നില്‍ നിന്നാകുന്നു സമാധാനം. മഹത്വത്തിന്റെയും ബഹുമാന്യതയുടെയും നാഥാ, നീ പരിശുദ്ധനാകുന്നു. (അബൂദാവൂദ്)

136) അബുസഈദ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ക്ക് തന്റെ നമസ്കാരത്തില്‍ സംശയമുണ്ടാകുകയും താന്‍ എത്ര റകഅത്തു - മൂന്നോ നാലോ -കഴിഞ്ഞുവെന്ന് സംശയമുണ്ടാകുകയും ചെയ്താല്‍ അവന്‍ സംശയത്തെ ത്യജിച്ച് നിസ്സംശയമായതില്‍ തുടരുകയും അതിന് ശേഷം തസ്ലിം പറയുന്നതിന് മുമ്പ് രണ്ട് സുജൂദ് ചെയ്കയും ചെയ്തു കെള്ളട്ടെ. (മുസ്ലിം)

137) ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: വല്ല മുസ്ളീമിനും ഫര്‍ള് നമസ്കാരം ആസന്നമായി. എന്നിട്ടവന്‍ അതിന്റെ വുളു, ഖുശുഅ,് റുകൂഅ് എന്നിവ നല്ല വിധത്തില്‍ നിറവേറ്റി. വന്‍പാപങ്ങള്‍ക്ക് ആ നമസ്കാരം പരിഹാരമാകാതിരിക്കയില്ല. എക്കാലത്തും ഇത് ബാധകമാണ്. (മുസ്ലിം) (ഒരു പ്രത്യേക സമയത്തോ ദിവസത്തിലോ മാത്രമല്ല. ഏതു കാലത്തും നമസ്കാരം ചെറുപാപങ്ങളെ പൊറുപ്പിക്കാതിരിക്കുകയില്ല)

138) അബുസുഹൈരി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. സൂര്യോദയത്തിനുമുമ്പും അസ്തമനത്തിനുമുമ്പും നമസ്കരിക്കുന്നവരാരും നരകത്തില്‍ പ്രവേശിക്കേണ്ടിവരികയില്ല. സുബ്ഹിയും അസറും ആണ് അതുകൊണ്ട് നബി(സ) വിവക്ഷിച്ചിട്ടുള്ളത്. (മുസ്ലിം)

139) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) ശഠിച്ചു പറഞ്ഞു. വല്ലവനും തന്റെ വീട്ടില്‍ വെച്ച് വുളുചെയ്തുകൊണ്ട് അല്ലാഹുവിന്റെ ഭവനങ്ങളില്‍പെട്ട ഒരു ഭവനത്തില്‍ ഫര്‍ളുനിര്‍വ്വഹിക്കാന്‍ വേണ്ടി ചെന്നുവെങ്കില്‍ തന്റെ ചവിട്ടടികളില്‍ ഒന്ന് ഒരു പാപമകറ്റുന്നതും മറ്റേത് ഒരു പദവി ഉയര്‍ത്തുന്നതുമാകുന്നു. (മുസ്ലിം)

140) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: (ജമാഅത്തായി നമസ്കരിക്കുമ്പോള്‍) പള്ളികളിലേക്ക് കൂരിരുട്ടില്‍ നടന്നുപോകുന്നവര്‍ക്ക് അന്ത്യദിനത്തില്‍ പരിപൂര്‍ണ്ണമായ പ്രകാശം ലഭിക്കുമെന്ന് നിങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. (അബൂദാവൂദ്, തിര്‍മിദി)

141) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ചെയ്തു: പതിവായി പള്ളിയില്‍ പോകുന്നവരെ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ അവന് ഈമാനുണ്ടെന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളു.! അല്ലാഹു പറഞ്ഞിട്ടുണ്ട്. നിശ്ചയം, അല്ലാഹുവിനും അന്ത്യദിനത്തിലും വിശ്വാസമുള്ളവരേ അല്ലാഹുവിന്റെ പള്ളി പരിപാലിക്കുകയുള്ളു. (തിര്‍മിദി)

142) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ)യുടെ അടുത്ത് ഒരു അന്ധന്‍ വന്നുകൊണ്ട് പറഞ്ഞു. പ്രവാചകരേ! പള്ളിയിലേക്ക് കൊണ്ടുപോകുവാന്‍ ഒരു വഴികാട്ടി എനിക്കില്ല. അങ്ങനെ സ്വന്തം വീട്ടില്‍വെച്ച് നമസ്കരിക്കാനുള്ള വിട്ടുവീഴ്ച റസൂല്‍(സ) യോട് അദ്ദേഹം ആവശ്യപ്പെട്ടു. റസൂല്‍(സ) അദ്ദേഹത്തിന് വിട്ടുവീഴ്ച നല്കിയെങ്കിലും അദ്ദേഹം പിന്തിരിഞ്ഞുപോയപ്പോള്‍, അയാളെ വിളിച്ചു ചോദിച്ചു. നീ ബാങ്ക് കേള്‍ക്കാറുണ്ടോ? അതെ എന്നയാള്‍ പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ അതിനുത്തരം ചെയ്യണം. (മുസ്ലിം)

143) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രവാചകരേ! നിശ്ചയം വന്യമൃഗങ്ങളും ദുഷ്ടജന്തുക്കളും ധാരാളമുള്ള സ്ഥലമാണ് മദീന. (അതുകൊണ്ട് ജമാഅത്തിന് പങ്കെടുക്കാതെ എന്റെ വീട്ടില്‍വെച്ച് നമസ്കരിക്കാനുള്ള അനുവാദം അവിടുന്ന് നല്‍കിയാലും) നബി(സ) ചോദിച്ചു. നമസ്കാരത്തിലേക്ക് വരൂ! വിജയത്തിലേക്ക് വരു! എന്ന് നീ കേള്‍ക്കാറുണ്ടോ? എന്നാല്‍ നീ ഇവിടെ വരിക തന്നെ വേണം. (അബൂദാവൂദ്) (അതാണ് നിനക്കുത്തമം)

144) ഇബ്നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: യഥാര്‍ത്ഥ മുസ്ളീമായിക്കൊണ്ട നാളെ അല്ലാഹുവിനെ സമീപിക്കുവാന്‍ വല്ലവനും ഇഷ്ടപ്പെടുന്നുവെങ്കില്‍ ബാങ്ക് വിളിക്കുന്ന സ്ഥലത്തുവെച്ച് അവന്‍ പതിവായി നമസ്കരിച്ചുകൊള്ളട്ടെ. നിശ്ചയം, നിങ്ങളുടെ പ്രവാചകന് സന്മാര്‍ഗ്ഗപന്ഥാവ് അല്ലാഹു കാണിച്ചുകൊടുത്തിരിക്കുന്നു. ഇവ (നമസ്ക്കാരങ്ങള്‍ ) ആ സന്മാര്‍ഗ്ഗപന്ഥാവില്‍ പെട്ടതാകുന്നു. നിശ്ചയം, ജമാഅത്തില്‍ പങ്കെടുക്കാത്ത ഇവന്‍ തന്റെ വീട്ടില്‍ വെച്ച് ഒറ്റക്ക് നമസ്കരിക്കുംപോലെ നിങ്ങളും സ്വന്തം ഭവനങ്ങളില്‍ വെച്ച് നമസ്കരിക്കുന്നപക്ഷം നബി(സ)യുടെ മാതൃക നിങ്ങള്‍ കൈവെടിഞ്ഞു. നബി(സ)യുടെ മാതൃക കൈവെടിഞ്ഞാല്‍ നിശ്ചയം, നിങ്ങള്‍ വഴിപിഴച്ചവരായിത്തീരും. നിശ്ചയം. ഞങ്ങളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കലവറയില്ലാത്ത മുനാഫിഖുകളല്ലാതെ ജമാഅത്തില്‍ പങ്കെടുക്കാതെ പിന്തിനില്ക്കാറില്ല. ചില ആളുകള്‍ രണ്ടാളുകളുടെ (ചുമലില്‍) നയിക്കപ്പെട്ട് കൊണ്ട് വന്ന് നമസ്കാരത്തിന്റെ സഫില്‍ നിര്‍ത്തപ്പെടാറുണ്ടായിരുന്നു. (മുസ്ലിം) മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്: നിശ്ചയം, റസൂല്‍(സ) സന്മാര്‍ഗ്ഗപന്ഥാവ് ഞങ്ങളെ പഠിപ്പിച്ചു. ബാങ്കുകൊടുക്കുന്ന പള്ളിയില്‍വെച്ച് ജമാഅത്തായുള്ള നമസ്കാരം അവയില്‍പ്പെട്ടതാണ്.

145) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. : നമസ്കാരം ജമാഅത്തായി നിര്‍വ്വഹിക്കാതെ ഗ്രാമത്തിലോ കുഗ്രാമത്തിലോ മൂന്നാളുകള്‍ ഉണ്ടാവുകയില്ല -പിശാച് അവരെ ജയിച്ചടക്കിയിട്ടല്ലാതെ, അതുകൊണ്ട് നിങ്ങള്‍ ജമാഅത്ത് നിലനിര്‍ത്തണം. നിശ്ചയം, ആടുകളില്‍ നിന്ന് ഒറ്റപ്പെട്ടുപോയ ആടുകളെയാണ് ചെന്നായ തിന്നുക. (അതുകൊണ്ട് നമസ്കാരത്തിലും മറ്റും ജമാഅത്ത് കൈകൊള്ളണം) (അബൂദാവൂദ്)

146) ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. വല്ലവനും ഇശാ ജമാഅത്തായി നിര്‍വ്വഹിച്ചാല്‍ (ഫലത്തില്‍) രാത്രി പകുതിവരെ നമസ്ക്കരിച്ചതുപോലെയാണ്. സുബ്ഹി ജമാഅത്തായി നിര്‍വ്വഹിച്ചാല്‍ (ഫലത്തില്‍) രാത്രി മുഴുവന്‍ നമസ്കരിച്ചതുപോലെയാണ്. (മുസ്ലിം). (സുബ്ഹിയും ഇശായും ജമാഅത്തായി നമസ്കരിക്കുന്നവന് രാത്രി മുഴുവന്‍ സുന്നത്ത് നമസ്കരിച്ചവന്റെ പ്രതിഫലം ലഭിക്കുന്നതാണ്) തിര്‍മിദിയുടെ റിപ്പോര്‍ട്ടിലുണ്ട് ഉസ്മാന്‍(റ) നിവേദനം ചെയ്തു: റസൂല്‍(സ) പറഞ്ഞു: ഇശായുടെ ജമാഅത്തില്‍ വല്ലവരും പങ്കെടുക്കുന്നപക്ഷം ഫലത്തില്‍ രാത്രിയുടെ പകുതി സുന്നത്ത് നമസ്കരിച്ചവന്റെ പ്രതിഫലം അവന് ലഭിക്കും. ഇശായും സുബ്ഹിയും വല്ലവനും ജമാഅത്തായി നമസ്കരിച്ചാല്‍ രാത്രി മുഴുവന്‍ സുന്നത്ത് നമസ്കരിച്ച പ്രതിഫലം അവന് ലഭിക്കും (തിര്‍മിദി)

147) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, ഒരാളുടെ സത്യവിശ്വാസത്തിന്റെയും സത്യനിഷേധത്തിന്റെയും ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കല്‍ മാത്രമാണ്. (മുസ്ലിം)

148) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നമ്മുടേയും അവരുടേയും (മുനാഫിഖുകളുടേയും) ഇടയിലുള്ള ബന്ധം നമസ്കാരം കൊണ്ട് മാത്രമാണ്. അവരാരെങ്കിലും അത് കൈവെടിഞ്ഞാല്‍ അവന്‍ സത്യനിഷേധിയത്രെ. (തിര്‍മിദി) (കാഫിറുകളും മുനാഫിഖുകളും തമ്മിലുള്ള വ്യത്യാസം നമസ്കാരം മാത്രമാണ്. നമസ്കാരംകൊണ്ട് മുസ്ളീംകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്കും ലഭിക്കും. അത്തരം കാര്യങ്ങള്‍ അവര്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ അവരും കാഫിറുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഉണ്ടായിരിക്കയില്ല)

149) ഷഫീഖി(റ)ല്‍ നിന്ന് നിവേദനം: നമസ്കാരമല്ലാതെ കൈവെടിഞ്ഞാല്‍ കാഫിറാകുന്ന യാതൊരു ഇബാദത്തും മുഹമ്മദ് നബി(സ)യുടെ സന്തത സഹചാരികള്‍ കണ്ടിരുന്നില്ല. (തിര്‍മിദി)

150) അബുഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഒരടിമയുടെ ഇബാദത്തുകളില്‍ അന്ത്യദിനത്തില്‍ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് നമസ്ക്കാരത്തെകുറിച്ചാണ്. അത് നന്നായിട്ടുണ്ടെങ്കില്‍ അവന്‍ വിജയിയും അത് ഫാസിദായിട്ടുണ്ടെങ്കില്‍ അവന്‍ പരാജിതനുമത്രെ! ഇനിയൊരാള്‍ ഫര്‍ള് നിര്‍വ്വഹിച്ചതില്‍ വല്ല വീഴ്ചയും വരുത്തീട്ടുണ്ടെങ്കില്‍ (മലക്കുകളോട്) അല്ലാഹു പറയും: അവന്‍ വല്ല സുന്നത്തും നിര്‍വ്വഹിച്ചിട്ടുണ്ടോ? നിങ്ങള്‍ ഒന്നു നോക്കൂ! അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ ഫര്‍ളിലെ ന്യൂനത അതുകൊണ്ട് പരിഹരിക്കപ്പെടും. പിന്നീട് മറ്റ് അമലുകളുടെയും നില ഇതു തന്നെ. (തിര്‍മിദി) (ഫര്‍ളിലെ വീഴ്ച സുന്നത്തുകൊണ്ട് പരിഹരിക്കപ്പെടും)

151) ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) ഞങ്ങളുടെ അടുത്ത് പുറപ്പെട്ടുവന്നുകൊണ്ട് ചോദിച്ചു. മലക്കുകള്‍ റബ്ബിന്റെ അടുക്കല്‍ അണിയായി നില്ക്കുംപോലെ നമസ്കാരത്തില്‍ നിങ്ങള്‍ക്കും അണിയായി നിന്നുകൂടെ? ഞങ്ങള്‍ ചോദിച്ചു: പ്രവാചകരെ! മലക്കുകള്‍ റബ്ബിന്റെ അടുത്ത് എങ്ങനെയാണ് അണിയായി നില്ക്കുന്നത്? അവിടുന്ന് പറഞ്ഞു: ആദ്യമാദ്യം അണികളെ അവര്‍ പൂര്‍ത്തീകരിക്കും. അണികളെ അവര്‍ നേരെയാക്കുകയും ചെയ്യും. (മുസ്ലിം)

152) അബുഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പുരുഷന്മാരുടെ അണികളില്‍ ആദ്യത്തേതാണുത്തമം. അവസാനത്തേത് ശര്‍റുമാകുന്നു. (ഇമാമിന്റെ ഖിറാഅത്ത് കേള്‍ക്കാനും അദ്ദേഹത്തിന്റെ സ്ഥിതിഗതികള്‍ നേരില്‍ മനസ്സിലാക്കാനും കഴിയുന്നതുകൊണ്ടും അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്തിന് അര്‍ഹനായിത്തീരുന്നതുകൊണ്ടും ആദ്യത്തെ അണിയാണുത്തമം) സ്ത്രീകളുടെ അണികളില്‍ അവസാനത്തേതാണുത്തമം. ആദ്യത്തേത് ശര്‍റുമാകുന്നു. (മുസ്ലിം) (ആദ്യമാദ്യമുള്ള സഫ്ഫുകളിലെ പുരുഷന്മാരുമായുള്ള സാമീപ്യം കാരണം സ്ത്രീക്ക് ഏറ്റവും നല്ലത് പിന്‍സഫ്ഫുകളില്‍ നില്‍ക്കലാകുന്നു)

153) അബുസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഒരിക്കല്‍ അവിടുത്തെ സന്തതസഹചാരികള്‍ സഫ്ഫുകളില്‍ പിന്തിനില്‍ക്കുന്നത് കാണാനിടയായി. അന്നേരം നബി(സ) അവരോട് പറഞ്ഞു. നിങ്ങള്‍ മുന്തുകയും എന്നോട് തുടരുകയും ചെയ്യണം. നിങ്ങള്‍ക്ക് ശേഷമുള്ളവര്‍ നിങ്ങളോടും തുടരട്ടെ. (നിങ്ങളുടെ പ്രവര്‍ത്തനങ്ങളും ചലനങ്ങളും അവര്‍ കണ്ടു മനസ്സിലാക്കട്ടെ) ചില ആളുകള്‍ അണികളില്‍ പിന്തിക്കൊണ്ടിരിക്കും. അവസാനം അല്ലാഹു അവരെ അനുഗ്രഹത്തില്‍ നിന്ന് പിന്തിക്കും. (മുസ്ലിം)

154) ബറാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഞങ്ങളുടെ നെഞ്ചുകളും ചുമലുകളും ശരിയാക്കി ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗം വരെ സഫ്ഫുകള്‍ക്കിടയിലൂടെ നടന്നുകൊണ്ടു പറഞ്ഞിരുന്നു. നിങ്ങള്‍ ഛിന്നഭിന്നമാകരുത്. (ചിലര്‍ മുന്തിയും മറ്റുചിലര്‍ പിന്തിയും നില്ക്കരുത്) അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ ഹൃദയങ്ങള്‍ വിഭിന്നമാകും. മാത്രമല്ല, അവിടുന്ന് പറയാറുണ്ട്: നിശ്ചയം, അല്ലാഹു ആദ്യസഫ്ഫുകളുടെമേല്‍ അനുഗ്രഹം ചൊരിയുന്നു. മലക്കുകള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. (അബൂദാവൂദ്)

155) ഇബ്നുമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ശഠിച്ചുപറഞ്ഞു: നിങ്ങള്‍ അണി ശരിയാക്കുകയും ചുമലുകള്‍ നേരെയാക്കുകയും വിടവുകള്‍ അടയ്ക്കുകയും നിങ്ങളുടെ സഹോദരന്മാരുടെ കൈക്ക് വഴങ്ങിക്കൊടുക്കുകയും ചെയ്യുക. (സഫ്ഫുകളില്‍ അണിനിരക്കുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങള്‍ മര്‍ക്കടമുഷ്ടി കൈവെടിയണം) പിശാചിന് നിങ്ങള്‍ വിടവുകളുപേക്ഷിച്ചിടരുത്. (തിങ്ങിനില്‍ക്കേണ്ടതാണ്) അണി ചേര്‍ക്കുന്നവനെ അല്ലാഹു ചേര്‍ക്കുകയും അണി മുറിക്കുന്നവനെ അല്ലാഹു മുറിക്കുകയും ചെയ്യട്ടെ.! (അബൂദാവൂദ്)

156) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ അണികള്‍ ചേര്‍ക്കണം (വിടവുണ്ടാക്കരുത്. ഏകദേശം 3 മുഴം മാത്രം അകലെ) അവയ്ക്കിടയില്‍ ചേര്‍ന്ന് നില്‍ക്കുകയും പിരടികള്‍ സമമാക്കുകയും ചെയ്യേണ്ടതാണ്. എന്റെ ആത്മാവ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനെ ക്കൊണ്ട് സത്യം! നിശ്ചയം അണികളുടെ ഇടയില്‍ കറുത്ത ആട്ടിന്‍കുട്ടികളെപ്പോലെ പിശാച് കടന്നുവരുന്നത് ഞാന്‍ കാണുന്നുണ്ട്. (അബൂദാവൂദ്)

157) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ മുമ്പിലുള്ള സഫ്ഫുകളെ (ആദ്യമാദ്യം) പൂര്‍ത്തീകരിക്കുക. വല്ല അപൂര്‍ണ്ണതയുമുണ്ടെങ്കില്‍ അത് അവസാനത്തെ അണിയിലായിക്കൊള്ളട്ടെ. (അബൂദാവൂദ്)

158) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിശ്ചയം, അല്ലാഹു അണികളില്‍ നിന്ന് വലതുഭാഗത്തുള്ളവരുടെമേല്‍ അനുഗ്രഹം ചൊരിയുന്നു. മലക്കുകള്‍ അവര്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കുന്നു. (അബൂദാവൂദ്)

159) ബറാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ)യുടെ പിന്നില്‍ നിന്ന് നമസ്കരിക്കുമ്പോള്‍ അവിടുത്തെ വലതുഭാഗത്താകാന്‍ ഞങ്ങളിഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ക്കഭിമുഖമായി പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടു. നാഥാ! പുനരുത്ഥാനദിവസം അതല്ലെങ്കില്‍ നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന ദിവസം നിന്റെ ശിക്ഷയെക്കുറിച്ച് ഞങ്ങളെ നീ കാക്കേണമേ. (മുസ്ലിം)

160) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ ഇമാമിനെ നടുവിലാക്കുകയും വിടവുകള്‍ നികത്തുകയും ചെയ്യുക! (അബൂദാവൂദ്)

161) റംല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. എല്ലാ ദിവസവും ഫര്‍ളിനുപുറമെ പന്ത്രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിക്കുന്ന ഓരോ മുസ്ളീമിനും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഓരോ ഭവനമുണ്ടാക്കാതിരിക്കുകയില്ല. (മുസ്ലിം)

162) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സുബ്ഹിന്റെ രണ്ടു റക്അത്ത് ഇഹലോകത്തേക്കാളും അതിലുള്ളതിനെക്കാളും ഗുണകരമായതാണ്. (മുസ്ലിം)

163) ബിലാലി(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം ഒരിക്കല്‍ സുബ്ഹി നമസ്കാരം ഓര്‍മ്മപ്പെടുത്താന്‍ റസൂല്‍(സ)യുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ നല്ലവണ്ണം പുലരുന്നതുവരെ ബിലാലി(റ)നോട് ഏതോ കാര്യം ചോദിച്ചുകൊണ്ട് ആയിശ(റ) അദ്ദേഹത്തെ ജോലിയിലാക്കി. അങ്ങനെ ബിലാല്‍(റ) പെട്ടെന്ന് എഴുന്നേറ്റു കൊണ്ട് നമസ്കാരസമയം നബി(സ)യെ അറിയിച്ചു. വീണ്ടും വീണ്ടും അദ്ദേഹം അറിയിച്ചെങ്കിലും റസൂല്‍(സ) പുറപ്പെടുകയുണ്ടായില്ല. പിന്നീട് പുറപ്പെട്ട് ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചപ്പോള്‍ ബിലാല്‍(റ) പറഞ്ഞു: ആയിശ(റ) ഒരു കാര്യം ചോദിച്ച് നേരം പുലരുന്നതുവരെ വൈകിച്ചതാണ്. അവിടുന്ന് പറഞ്ഞു: ഞാന്‍ സുബ്ഹിന്റെ രണ്ടു റക്അത്ത് നമസ്കരിക്കുകയായിരുന്നു. (അതുകൊണ്ടാണ് പുറപ്പെടാന്‍ വൈകിയത്) ബിലാല്‍(റ) പറഞ്ഞു: പ്രവാചകരെ! അങ്ങ് (നമസ്കരിക്കാതെ) നേരം വെളുപ്പിച്ചല്ലോ. നബി(സ) പറഞ്ഞു: ഇതില്‍ കൂടുതല്‍ നേരം പുലര്‍ന്നാലും ഭംഗിയായിത്തന്നെ ഞാന്‍ അവ രണ്ടുംനമസ്കരിക്കും. (അബൂദാവൂദ്)

164) ആയിശ(റ)യില്‍ നിന്ന് നിവേദനം: ഇശാഅ് നമസ്കാരം കഴിഞ്ഞ് സുബ്ഹി നമസ്കാരത്തില്‍ പ്രവേശിക്കുന്നതിനിടയില്‍ നബി(സ) 11 റക്അത്ത് സുന്നത്ത് നമസ്കരിച്ചിരുന്നു. എല്ലാ ഈരണ്ട് റക്അത്തുകള്‍ക്കിടയിലും അവിടുന്ന് സലാം വീട്ടും. ഒരു റക്അത്തുകൊണ്ട് ആ നമസ്കാരത്തെ ഒറ്റയാക്കും. അങ്ങനെ ബാങ്ക് വിളിക്കുന്നവന്‍ സുബ്ഹി ബാങ്കില്‍ നിന്ന് വിരമിക്കുകയും പ്രഭാതം വ്യക്തമാവുകയും (നമസ്കാരസമയം അറിയിക്കാന്‍വേണ്ടി) നബി(സ)യുടെ അടുത്ത് മുഅദ്ദിന്‍ ചെല്ലുകയും ചെയ്താല്‍ അവിടുന്ന് എഴുന്നേറ്റ് ലഘുവായി രണ്ട് റക്അത്ത് നമസ്കരിക്കും. എന്നിട്ട് ഇഖാമത്ത് കൊടുക്കുവാന്‍വേണ്ടി മുഅദ്ദിന്‍ വരുന്നതുവരെ അവിടുന്ന് വലതുഭാഗത്ത് ചരിഞ്ഞുകിടക്കും. (മുസ്ലിം). (സുബ്ഹിയുടെ സുന്നത്ത് നമസ്കരിച്ചുകഴിഞ്ഞാല്‍ അല്പം ചരിഞ്ഞുകിടക്കല്‍ സുന്നത്തുണ്ട്)

165) അബുഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങളാരെങ്കിലും സുബ്ഹിന്റെ രണ്ട് റക്അത്ത് നമസ്കരിച്ചാല്‍ തന്റെ വലതുഭാഗത്ത് ചരിഞ്ഞുകിടന്നുകൊള്ളട്ടെ! (അബൂദാവൂദ്, തിര്‍മിദി)

166) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) എന്റെ വീട്ടില്‍ വെച്ച് ളുഹറിന്റെ മുമ്പ് നാലു റക്അത്ത് നമസ്കരിച്ചിരുന്നു. പിന്നീട് അവിടുന്ന് പുറത്തുപോയി ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കും. അതിനുശേഷം വീട്ടില്‍ മടങ്ങിവന്ന് രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കാറുണ്ട്. അപ്രകാരം തന്നെ അവിടുന്ന് മഗ്രിബിന് ഇമാമായി നമസ്കരിച്ചതിനുശേഷം എന്റെ വീട്ടില്‍ തിരിച്ചുവന്ന് രണ്ട് റക്അത്ത് നമസ്കരിക്കും. ജനങ്ങള്‍ക്ക് ഇമാമായി ഇശാ നമസ്കരിച്ചതിനുശേഷവും വീട്ടില്‍വന്ന് രണ്ട് റക്അത്ത് നമസ്കരിച്ചിരുന്നു. (മുസ്ലിം)

167) ഉമ്മുഹബീബ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ളുഹറിന്റെ മുമ്പ് നാല് റക്അത്തും അതിനുശേഷം നാലു റക്അത്തും പതിവായി അനുഷ്ഠിച്ചാല്‍ അല്ലാഹു അവനെ നരകത്തിന് ഹറാമാക്കുന്നതാണ്. (അതില്‍ ശാശ്വതമാകേണ്ടി വരില്ല) (അബൂദാവൂദ്, തിര്‍മിദി)

168) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റിയതിനുശേഷം ളുഹറിനുമുമ്പായി റസൂല്‍(സ) നാലു റക്അത്ത് നമസ്കരിച്ചിരുന്നു. ഒരിക്കല്‍ അവിടുന്ന് പറഞ്ഞു. വാനലോകത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുന്ന ഒരു സമയമാണത്. അതുകൊണ്ട് ആ സമയത്ത് എന്റെ ഏതെങ്കിലും സ്വാലിഹായ അമല്‍ ഉയര്‍ത്തപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു. (തിര്‍മിദി) (സ്വാലിഹായ അമലുകളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് നമസ്കാരമാകുന്നു)

169) ആയിശ(റ)യില്‍ നിന്ന് നിവേദനം: ളുഹറിനുമുമ്പ് നാല് റക്അത്ത് നമസ്കരിക്കാന്‍ നബി(സ)ക്ക് സൌകര്യപ്പെട്ടിട്ടില്ലെങ്കില്‍ അതിനുശേഷം നാലു റക്അത്ത് നമസ്കരിച്ചിരുന്നു. (തിര്‍മിദി)

170) അലി(റ)യില്‍ നിന്ന് നിവേദനം: നബി(സ) അസറിനുമുമ്പ് നാല് റക്അത്ത് നമസ്കരിച്ചിരുന്നു. അവര്‍ക്കിടയില്‍ (രണ്ട് റക്അത്തിനുശേഷം) മുക്കര്‍റബായ മലക്കുകള്‍ക്കും അവരെ അനുധാവനം ചെയ്ത മുസ്ളീംകള്‍ക്കും മുഅ്മിനുകള്‍ക്കും സലാം ചൊല്ലുമായിരുന്നു. (തിര്‍മിദി) (ഇടയില്‍ സലാം ചൊല്ലി ഈരണ്ട് റക്അത്തായി കൊണ്ടാണ് നമസ്കരിച്ചിരുന്നത്)

171) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഒരിക്കല്‍ പ്രാര്‍ത്ഥിച്ചു; അസറിമുമുമ്പ് നാല് റക്അത്ത് നമസ്കരിക്കുന്ന മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ! (അബൂദാവൂദ്, തിര്‍മിദി)

172) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ)യുടെ കാലഘട്ടത്തില്‍ സൂര്യാസ്തമനത്തിന് ശേഷം മഗ്രിബ് നമസ്കാരത്തിനുമുമ്പ് രണ്ട് റക്അത്ത് ഞങ്ങള്‍ നമസ്കരിച്ചിരുന്നു. ചോദിക്കപ്പെട്ടു. നബി(സ) അത് നമസ്കരിച്ചിരുന്നുവോ? റാവി പറഞ്ഞു ഞങ്ങളത് നമസ്കരിക്കുന്നതായിട്ട് നബി ഞങ്ങളെ കണ്ടിരുന്നു. അപ്പോള്‍ അവിടുന്ന് ഞങ്ങളോട് നിരോധിക്കുകയോ കല്‍പിക്കുകയോ ചെയ്തിട്ടില്ല. (മുസ്ലിം)

173) അനസി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങള്‍ മദീനയിലായിരിക്കുമ്പോള്‍ മഗ്രിബ് നമസ്കാരത്തിന് മുഅദ്ദിന്‍ ബാങ്കുകൊടുത്താല്‍ അവര്‍ തൂണുകളുടെ അടുത്തേക്ക് ഓടിച്ചെന്ന് രണ്ട് റക്അത്ത് നമസ്കരിക്കുമായിരുന്നു. ഒരു വിദേശി പള്ളിയില്‍ വന്ന് കടന്നാല്‍ മഗ്രിബ് നമസ്കരിക്കുകയാണെന്ന് വിചാരിക്കും. നമസ്കരിക്കുന്നവരുടെ സംഖ്യ കൂടുതലായതുകൊണ്ടാണ്അങ്ങനെ വിചാരിക്കുവാനിടയാകുന്നത്. (മുസ്ലിം)

174) അബുഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. നിങ്ങളാരെങ്കിലും ജൂമുഅ നമസ്കരിച്ചാല്‍ അതിനുശേഷം അവന്‍ നാല് റക്അത്ത് സുന്നത്ത് നമസ്കരിച്ചുകൊള്ളട്ടെ.! (മുസ്ലിം)

175) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: തീര്‍ച്ചയായും സ്ഥലം വിടുന്നതുവരെ ജുമുഅക്കു ശേഷം നബി(സ) സുന്നത്ത് നമസ്കരിക്കാറില്ല. സ്ഥലം വിട്ടതിനുശേഷം വീട്ടില്‍ വെച്ച് രണ്ട് റക്അത്ത് നമസ്കരിക്കാറുണ്ട്. (മുസ്ലിം)

176) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: നിങ്ങളാരെങ്കിലും പള്ളിയില്‍വെച്ച് നമസ്കാരം നിര്‍വ്വഹിക്കുന്നുവെങ്കില്‍ തന്റെ നമസ്കാരത്തില്‍ നിന്ന് ഒരോഹരി അവന്റെ ഭവനത്തിനും ആക്കിക്കൊള്ളട്ടെ! തന്റെ നമസ്കാരം മൂലം നിസ്സംശയം അവന്റ ഭവനത്തില്‍ അല്ലാഹു അഭിവൃദ്ധി നല്‍കും. (മുസ്ലിം)

177) അംറി(റ)ല്‍ നിന്ന് നിവേദനം: അംറിനെ ഒരിക്കല്‍ നാഫിഅ്(റ) സാഇബിന്റെ അടുത്തേക്ക് പറഞ്ഞയച്ചു. അദ്ദേഹത്തില്‍ നിന്ന് നമസ്കാരത്തില്‍വെച്ച് മുആവിയാ(റ) വിന് കാണാന്‍കഴിഞ്ഞ ഏതോ കാര്യത്തെ സംബന്ധിച്ച് സാഇബിനോട് ചോദിച്ചറിയുവാന്‍ വേണ്ടിയായിരുന്നു പറഞ്ഞയച്ചത്. അങ്ങനെ ഞാന്‍ സാഇബിന്റെ അടുത്തുചെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അതെ! ഞാന്‍ മുആവിയ(റ) യൊന്നിച്ച് ഒരു മുറിയില്‍ ജുമുഅ നമസ്കരിച്ചു. ഇമാം സലാം വീട്ടിയപ്പോള്‍ ഞാന്‍ എഴുന്നേറ്റുനിന്ന് അവിടെവെച്ച് സുന്നത്ത് നമസ്കരിച്ചു. അദ്ദേഹം തന്റെ കൊട്ടാരത്തില്‍ പ്രവേശിച്ചപ്പോള്‍ എന്റടുത്ത് ആളെ പറഞ്ഞയച്ചുകൊണ്ട് പറഞ്ഞു: നീ ഈ ചെയ്തത് ആവര്‍ത്തിക്കരുത്. ജുമുഅ നമസ്കരിച്ചാല്‍ സംസാരിക്കുകയോ സ്ഥലംവിടുകയോ ചെയ്യുന്നതുവരെ മറ്റൊരു നമസ്കാരം അതിനോട് നീ ചേര്‍ക്കരുത്. നിശ്ചയം സംസാരിക്കുകയോ സ്ഥലം വിടുകയോ ചെയ്യാതെ തുടര്‍ന്ന് നമസ്കരിക്കരുതെന്ന് റസൂല്‍(സ) നമ്മോട് ആജ്ഞാപിച്ചിട്ടുണ്ട്. (മുസ്ലിം)

178) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) നാല് റക്അത്ത് ളുഹാ നമസ്കരിച്ചിരുന്നു. ചിലപ്പോള്‍ അവിടുന്നുദ്ദേശിക്കുന്നത്ര റക്അത്തുകള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്. (മുസ്ലിം)

179) സൈദുബ്നു അര്‍ഖമി(റ)ല്‍ നിന്ന് നിവേദനം: (ആദ്യ സമയത്ത്) ളുഹാ നമസ്കരിക്കുന്ന ചില ആളുകളെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതല്ലാതെ സമയത്ത് നമസ്കരിക്കലാണ് ഏറ്റവും ഉത്തമമെന്ന് അവര്‍ക്കറിഞ്ഞുകൂടെ? നിശ്ചയം, റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. അവ്വാബീങ്ങളുടെ (പാപങ്ങളില്‍ നിന്ന് സദാപശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ) (ളുഹാ) നമസ്കാരം ഒട്ടകക്കുഞ്ഞുങ്ങള്‍ അത്യുഷ്ണം കാരണമായി എരിഞ്ഞുപൊള്ളുന്ന സമയമത്രെ.! (മുസ്ലിം)

180) സഅ്ദി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍ മക്കയില്‍ നിന്ന് മദീന ലക്ഷ്യംവെച്ചുകൊണ്ട് നബി(സ) യോടൊപ്പം യാത്ര തിരിച്ചു. അങ്ങനെ ഞങ്ങള്‍ (മക്കയോടടുത്ത) അസ്വസാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ നബി(സ) അവിടെ ഇറങ്ങി. ഇരുകരങ്ങളും ഉയര്‍ത്തിപ്പിടിച്ച് ഒരു മണിക്കൂര്‍ സമയം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. പിന്നീട് അവിടുന്ന് സാജിദായിക്കൊണ്ട് വീണു. പിന്നെയും സാജിദായി വീണു, മൂന്നു പ്രാവശ്യം ഇതാവര്‍ത്തിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: ഞാന്‍ എന്റെ റബ്ബിനോട് ദുആ ഇരക്കുകയും പ്രജകള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുകയും ചെയ്യുകയായിരുന്നു. അങ്ങനെ എന്റെ പ്രജകളില്‍ മൂന്നിലൊരു ഭാഗത്തെ (സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുവാന്‍) എനിക്ക് അനുവാദം നല്‍കി. അതിനു നന്ദിയായിക്കൊണ്ട് ഞാന്‍ സാജിദായി വീണു. അതിനുശേഷം ഞാന്‍ തലയുയര്‍ത്തി വീണ്ടും പ്രജകള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്തു. അപ്പോഴും മൂന്നിലൊരു ഭാഗം സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാന്‍ എനിക്ക് അനുമതി നല്‍കി. പിന്നെയും നന്ദിയായി ഞാന്‍ സുജൂദില്‍ വീഴുകയുണ്ടായി. അതില്‍നിന്നു തലയുയര്‍ത്തി വീണ്ടും പ്രജകളുടെ കാര്യത്തില്‍ ഞാന്‍ ശുപാര്‍ശ ചെയ്തപ്പോള്‍ ബാക്കിയുള്ള മൂന്നിലൊന്നും എനിക്കനുവദിച്ചു. തുടര്‍ന്ന് മൂന്നാം പ്രാവശ്യവും ശുക്റായിക്കൊണ്ട് സുജൂദില്‍ വീണു. (അബൂദാവൂദ്)

181) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: ജനങ്ങളെ! നിങ്ങള്‍ സലാം വ്യാപിപ്പിക്കുകയും ആഹാരം നല്‍കുകയും ജനങ്ങള്‍ രാത്രി നിദ്രയിലാണ്ടു കഴിയുന്നസമയം നമസ്കരിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ സുരക്ഷിതരായിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയും. (തിര്‍മിദി)

182) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: റമസാനിലേതല്ലാത്തനോമ്പുകളില്‍വെച്ച് ഏറ്റവും ഉത്തമമായത് മുഹറ മാസത്തിലെ നോമ്പാകുന്നു. അപ്രകാരം തന്നെ ഫര്‍ളു നമസ്കാരത്തിനുശേഷം നമസ്കാരങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമായത് രാത്രിയിലെ സുന്നത്ത് നമസ്കാരമാകുന്നു. (മുസ്ലിം)

183) ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) ചോദിക്കപ്പെട്ടു. നമസ്കാരങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളതേതാണ്? അവിടുന്ന് ഉത്തരം നല്‍കി: നിറുത്തം കൂടുതല്‍ ദീര്‍ഘിപ്പിക്കുന്ന നമസ്കാരമാണത്. (മുസ്ലിം)

184) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, രാത്രിയില്‍ ഒരു (പ്രത്യേക) സമയമുണ്ട്. ഇഹപരകാര്യങ്ങളില്‍ നന്മ ചോദിച്ചുകൊണ്ട് ഒരു മുസ്ളീമും അതുമായി എത്തിമുട്ടുകയില്ല-അല്ലാഹു അവനത് നല്‍കിയിട്ടല്ലാതെ. എല്ലാ രാത്രിയിലും ഇങ്ങനെതന്നെയാണ്. (മുസ്ലിം) (ഒരു രാത്രിയിലെ മാത്രം പ്രത്യേകതയല്ല)

185) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളാരെങ്കിലും രാത്രിനമസ്കരിക്കുന്ന പക്ഷം ലഘുവായ രണ്ട് റക്അത്ത് കൊണ്ട് നമസ്കാരം ആരംഭിച്ചുകൊള്ളുക. (മുസ്ലിം)

186) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) രാത്രിയില്‍ എഴുന്നേറ്റ് നമസ്കരിക്കുമ്പോള്‍ ലഘുവായ രണ്ട് റക്അത്തുകൊണ്ടാണ് നമസ്കാരം ആരംഭിച്ചിരുന്നത്. (മുസ്ലിം)

187) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: രാത്രിയില്‍ എഴുന്നേറ്റു നമസ്കരിച്ചവനേയും ഭാര്യയെ വിളിച്ചുണര്‍ത്തി, അവള്‍ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ മുഖത്ത് വെള്ളംകുടഞ്ഞു എഴുന്നേല്‍പ്പിച്ചവനേയും, അല്ലാഹു അനുഗ്രഹിക്കട്ടെ! അപ്രകാരംതന്നെ രാത്രി എഴുന്നേറ്റ് നമസ്കരിക്കുകയും ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി അയാള്‍ എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചപ്പോള്‍ മുഖത്ത് വെള്ളം കുടഞ്ഞ് എഴുന്നേല്‍പ്പിക്കുകയും ചെയ്തവളേയും അല്ലാഹു അനുഗ്രഹിക്കട്ടെ. (അബൂദാവൂദ്)

188) അബൂഹുറയ്റ(റ)യില്‍ നിന്നും അബുസഈദി(റ)ല്‍നിന്നും നിവേദനം: റസൂല്‍(സ) പറഞ്ഞു; ഒരാള്‍ രാത്രിയില്‍ തന്റെ സഹധര്‍മ്മിണിയെ വിളിച്ചുണര്‍ത്തി. എന്നിട്ട് അവരിരുവരും (ജമാഅത്തായോ ഒറ്റക്കോ) രണ്ടു റക്അത്ത് നമസ്കരിച്ചു. എങ്കില്‍ സ്മരിക്കുന്നവര്‍ക്കിടയില്‍ അവരെപ്പറ്റി എഴുതപ്പെടുന്നതാണ്. (അബൂദാവൂദ്)

189) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നിങ്ങളാരെങ്കിലും രാത്രി എഴുന്നേറ്റ് നമസ്കരിക്കുമ്പോള്‍ ഖുര്‍ആന്‍ ഓതാന്‍ നാവില്‍ പ്രയാസം നേരിടുകയും പറയുന്നത് ഗ്രഹിക്കാന്‍ കഴിയാതാവുകയും ചെയ്താല്‍ ഉറങ്ങിക്കൊള്ളുക. (മുസ്ലിം)

190) ആയിശ(റ)യില്‍ നിന്ന് നിവേദനം: മറ്റേത് മാസങ്ങളിലുമില്ലാത്ത പരിശ്രമമാണ് റമസാനില്‍ റസൂല്‍(സ) ചെയ്യാറ്. അപ്രകാരം മറ്റേത് ദിവസങ്ങളിലുമില്ലാത്ത പരിശ്രമം റമസാന്റെ അവസാനത്തെ പത്തില്‍ അവിടുന്ന് ചെയ്യാറുണ്ട്. (മുസ്ലിം)

191) ആയിശ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ലൈലത്തുല്‍ ഖദ്ര്‍ ഏതാണെന്ന് ഞാനറിയുന്നപക്ഷം അതില്‍ ഞാനെന്താണ് പറയേണ്ടത്: നബി(സ) പറഞ്ഞു: നീ പറയൂ - അല്ലാഹുവേ! നീ മാപ്പ് കൊടുക്കുന്നവനാണ്. മാപ്പ് കൊടുക്കാന്‍ നിനക്കിഷ്ടമാണ്. അതുകൊണ്ട് എനിക്ക് നീ മാപ്പു തരേണമെ!. (മുസ്ലിം)

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)