Friday, March 12, 2010

ഖുര്‍ആന്‍ പാരായണത്തിനുള്ള മാഹാത്മ്യം




1) അബീഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യണം. പാരായണം ചെയ്യുന്നവര്‍ക്ക് അന്ത്യദിനത്തില്‍ അത് ശുപാര്‍ശക്കാരനായി വരുന്നതാണ്. (മുസ്ലിം)

2) നവ്വാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ഖുര്‍ആനും ഇഹത്തില്‍ അതനുസരിച്ച് ജീവിതം നയിച്ച അഹ്ലുല്‍ ഖുര്‍ആനും അന്ത്യദിനത്തില്‍ കൊണ്ടുവരപ്പെടും. അവയില്‍ നിന്ന് ബഖറ സൂക്തവും ആലുഇംറാന്‍ സൂക്തവും അതനുസരിച്ച് പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി വാദിക്കുന്നതാണ്. (മുസ്ലിം)

3) ഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചു പറഞ്ഞു: നിശ്ചയം, അല്ലാഹു ഈ ഖുര്‍ആന്‍ മുഖേന ചില ജനങ്ങളെ ഉയര്‍ത്തുകയും മറ്റു ചിലരെ താഴ്ത്തുകയും ചെയ്യും. (മുസ്ലിം)

4) ഇബ്നുമസ്ഉദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഖുര്‍ആനിലെ ഒരക്ഷരംവല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ്ലാമീം ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ! അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (തിര്‍മിദി)

5) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഖുര്‍ആനില്‍ നിന്ന് യാതൊന്നും ഹൃദയത്തിലില്ലാത്തവന്‍ ശൂന്യമായ ഭവനത്തിന് തുല്യമാണ്. (തിര്‍മിദി)

6) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഖുര്‍ആന്‍ പാണ്ഡിത്യമുള്ളവനോട് പറയപ്പെടും. ഇഹലോകത്ത് മന്ദം മന്ദം ഓതിക്കൊണ്ടിരുന്നപോലെ ഇവിടെയും നീ മന്ദം മന്ദം ഓതുകയും (ആവേശത്തിമര്‍പ്പ്കൊണ്ട്) ഉയരുകയും ചെയ്യുക. നീ ഓതുന്ന ആയത്തിന്റെ അന്ത്യത്തിലാണ് നിന്റെ ഔന്നത്യം നിലക്കൊള്ളുന്നത്. (അബൂദാവൂദ്, തിര്‍മിദി) (കൂടുതല്‍ പാരായണം ചെയ്യുന്നവന് കൂടുതല്‍ പ്രതിഫലവും കുറച്ച് പാരായണം ചെയ്യുന്നവന് കുറച്ച് പ്രതിഫലവും ലഭിക്കുന്നതാണ്)

7) ബഷീര്‍(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഊന്നിപ്പറഞ്ഞു: ഖുര്‍ആന്‍ മണിച്ചോതാത്തവന്‍ നമ്മളില്‍പെട്ടവനല്ല. (അബൂദാവൂദ്)

8) അനസി(റ)ല്‍ നിന്ന് നിവേദനം: നിശ്ചയം, ഒരാള്‍ പറഞ്ഞു: പ്രവാചകരെ! ഇഖ്ലാസ് സൂറത്തിനെ ഞാനിഷ്ടപ്പെടുന്നു. നബി(സ) പറഞ്ഞു: അതിനോടുള്ള സ്നേഹം നിന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. (തിര്‍മിദി)

9) ഉഖ്ബത്തി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചു ചോദിച്ചു: ഇന്നേ രാത്രിയില്‍ കുറെ ആയത്തുകള്‍ ഇറക്കപ്പെട്ടത് നീ കണ്ടില്ലേ? അതുപോലെയുള്ളത് മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല. ഫലക്ക് സൂറത്തും അന്നാസ് സൂറത്തുമാണവ. (മുസ്ലിം)

10) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: മുഅവ്വദത്താനി അവതരിക്കുന്നതുവരെ കണ്ണേറില്‍നിന്നും ജിന്നില്‍നിന്നും റസൂല്‍(സ) കാവലപേക്ഷിച്ചിരുന്നു. അവ രണ്ടും ഇറങ്ങിയപ്പോള്‍ (കാവലപേക്ഷിക്കുന്നതിനു പകരം) അവ രണ്ടും അവലംബിക്കുകയും മറ്റുള്ളവ ഉപേക്ഷിക്കുകയും ചെയ്തു (തിര്‍മിദി)

11) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചു പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. പൊറുക്കപ്പെടുന്നതുവരെ അത് ആളുകള്‍ക്ക് ശുപാര്‍ശ ചെയ്യും. സൂറത്തുല്‍ മുല്‍ക്ക് ആണത്. (അബൂദാവൂദ്, തിര്‍മിദി)

12) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വന്തം വീടുകള്‍ നിങ്ങള്‍ ശ്മശാനമാക്കി മാറ്റരുത്. (അവിടെ ഖുര്‍ആന്‍ പാരായണം നടത്തണം) നിശ്ചയം, ബഖറ സൂറത്ത് ഓതുന്ന ഭവനത്തില്‍ നിന്ന് പിശാച് പുറപ്പെട്ടുപോകും. (മുസ്ലിം) (വിവിധ ആശയങ്ങളും വിഷയങ്ങളും ഉള്‍ക്കൊണ്ടതുകൊണ്ടും പിശാചിന്റെ കുതന്ത്രങ്ങള്‍ വരച്ചുകാട്ടിയിട്ടുള്ളതുകൊണ്ടും പിശാചിന് ഏറ്റവും വിഷമം ഉണ്ടാക്കിത്തീര്‍ക്കുന്ന ഒരു സൂറത്താണത്. തന്നിമിത്തം പാരായണം ചെയ്യപ്പെടുമ്പോള്‍ അതിന്റെ ബര്‍ക്കത്തുകൊണ്ട് പിശാച് ഒഴിഞ്ഞുമാറുന്നതാണ്)

13) ഉബയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ചോദിച്ചു: അബുല്‍മുന്‍ദിറേ! അല്ലാഹുവിന്റെ ഖുര്‍ആനില്‍ നീ പഠിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രാധാന്യമുള്ള ആയത്തേതെന്നു നിനക്കറിയാമോ? ഞാന്‍ പറഞ്ഞു: ആയത്തുല്‍കുര്‍സിയാണത്. അന്നേരം അവിടുന്ന് എന്റെ നെഞ്ചത്തടിച്ചിട്ട് പറഞ്ഞു: അബുല്‍മുന്‍ദിറേ! വിജ്ഞാനം നിന്നെ പുളകമണിയിക്കട്ടെ! (സുസ്ഥിരവും സദൃഢവുമായി വിജ്ഞാനം അല്ലാഹു നിനക്ക് പ്രദാനം ചെയ്യട്ടെ!) (മുസ്ലിം)

14) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കഹ്ഫ് സൂറത്തിന്റെ ആദ്യ ഭാഗത്തില്‍ നിന്ന് 10 ആയത്തുകള്‍ ഹൃദിസ്ഥമാക്കുന്നവന് ദജ്ജാലില്‍ നിന്ന് കാവല്‍ ലഭിക്കും. കഹ്ഫ് സൂറത്തിന്റെ അവസാന ഭാഗങ്ങളില്‍ നിന്ന് എന്നാണ് മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്. (മുസ്ലിം)

15) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ജിബ്രീല്‍ (അ) നബി(സ)യുടെ സന്നിധിയിലിരിക്കെ ഉപരിതലത്തില്‍ നിന്ന് ഒരു ശബ്ദം കേട്ടു. ഉടനെ തലയുയര്‍ത്തിയിട്ട് ജിബ്രീല്‍ (അ) പറഞ്ഞു: ഇതാ, ഇന്നേ ദിവസം വാനലോകത്തില്‍ ഒരു കവാടം തുറക്കപ്പെട്ടിരിക്കുന്നു. ഇന്നല്ലാതെ മുമ്പൊരിക്കലും അത് തുറക്കപ്പെട്ടിട്ടില്ല. എന്നിട്ടതില്‍ നിന്ന് ഒരു മലക്ക് ഇറങ്ങി വന്നിരിക്കുന്നു. ജിബ്രീല്‍ (അ) വിശദീകരിച്ചു. ഇദ്ദേഹം ഭൂലോകത്തേക്ക് ഇറങ്ങിവന്നിട്ടുള്ള ഒരു മലക്കാണ്. ഇന്നേ ദിവസമല്ലാതെ മറ്റൊരിക്കലും അദ്ദേഹം ഇറങ്ങിവന്നിട്ടില്ല. അങ്ങേയ്ക്ക് സലാം ചൊല്ലിയിട്ട് അദ്ദേഹം പറയുന്നു: നിങ്ങള്‍ക്ക് നല്‍്കപ്പെട്ടിട്ടുള്ള രണ്ട് പ്രകാശം കൊണ്ട് നീ സന്തോഷിക്കൂ! നിങ്ങള്‍ക്ക് മുമ്പേ ഒരു നബിക്കും അവ രണ്ടും നല്കപ്പെട്ടിട്ടില്ല. ഫാത്തിഹ സൂറത്തും2. ബഖറ സുറത്തിന്റെ അവസാനഭാഗവും, അവയില്‍ നിന്ന് ഒരു വിഷയവും നിങ്ങള്‍ ഓതുകയില്ല- നിങ്ങള്‍ക്കത് നല്കപ്പെട്ടിട്ടല്ലാതെ. (മുസ്ലിം)

16) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ ഏതെങ്കിലും ഭവനത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടും ചര്‍ച്ച ചെയ്തുകൊണ്ടും ആരും സമ്മേളിക്കുകയില്ല - സകീനത്ത് അവരില്‍ ഇറങ്ങിയിട്ടും റഹ്മത്ത് അവരെ ആവരണം ചെയ്തിട്ടും മലക്കുകള്‍ അവരെ വലയം ചെയ്തിട്ടും അല്ലാഹു തന്റെ അടുത്തുള്ളവരില്‍ അവരെ സംബന്ധിച്ച് പറഞ്ഞിട്ടുമല്ലാതെ. (മുസ്ലിം) (നാനാവിധേനയുള്ള സമാധാനവും സംരക്ഷണവും അനുഗ്രഹവും പ്രശസ്തിയും അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും)

0 comments:

Post a Comment

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)