Saturday, March 6, 2010

മറവി




1) അബ്ദുല്ല(റ) നിവേദനം: നബി(സ) ഒരു ളുഹ്ര്‍ നമസ്കാരത്തില്‍ ഇരിക്കാതെ എഴുന്നേറ്റു. നമസ്കാരം പൂര്‍ത്തിയാക്കിയ ശേഷം അവിടുന്നു രണ്ട് സുജൂദ് ചെയ്യുകയും ശേഷം സലാം വീട്ടുകയും ചെയ്തു. (ബുഖാരി. 2. 22. 315)

2) അബ്ദുല്ല(റ) നിവേദനം: നബി(സ) ഒരിക്കല്‍ ളുഹര്‍ നമസ്കാരം അഞ്ച് റക്ക്അത്ത് നമസ്കരിച്ചു. നമസ്കാരത്തിന്റെ റക്അത്തുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ എന്ന് അപ്പോള്‍ നബി(സ)യോട് ചോദിക്കപ്പെട്ടു. അങ്ങിനെ ചോദിക്കാനെന്താണ് കാരണമെന്നു നബി(സ) അന്വേഷിച്ചു. അവിടുന്ന് അഞ്ച് റക്അത്താണ് നമസ്കരിച്ചതെന്ന് അവര്‍ മറുപടി നല്‍കി. ഉടനെ നബി(സ) രണ്ട് സുജൂദ് ചെയ്തു. സലാം ചൊല്ലി നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷമായിരുന്നു ആ സുജൂദ്. (ബുഖാരി. 2. 22. 317)

3) കുറൈബ്(റ) നിവേദനം: ഇബ്നു അബ്ബാസ്(റ) മിസ്വര്‍(റ) അബ്ദുറഹ്മാന്‍(റ) മുതലായവര്‍ ആയിശ(റ) യുടെ അടുക്കലേക്ക് അദ്ദേഹത്തെ - ഇപ്രകാരം പ്രസ്താവിച്ചും കൊണ്ട് - നിയോഗിച്ചു. നീ ഞങ്ങളുടെ എല്ലാവരുടേയും സലാം അവര്‍ക്ക് പറയുക. ശേഷം അസറിന്റെ ശേഷമുള്ള രണ്ട് റക്അത്തു സുന്നത്തു നമസ്കാരത്തെക്കുറിച്ച് അവരോട് ചോദിക്കുക. നീ അവരോട് പറയുക: നിശ്ചയം നിങ്ങള്‍ അത് നമസ്കരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതെ സന്ദര്‍ഭം നബി(സ) അതിനെ വിരോധിച്ചതായും ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു. അതു നമസ്കരിക്കുന്നവരെ ഉമര്‍(റ) യുടെ കൂടെ ഞാനും അടിക്കാറുണ്ട്. കുറൈബ്(റ) പറയുന്നു. അങ്ങനെ ഞാന്‍ ആയിശ(റ) യുടെ അടുക്കല്‍ പ്രവേശിക്കുകയും അവര്‍ എന്നെ നിയോഗിച്ച വിവരം അവരോട് പറയുകയും ചെയ്തു. അപ്പോള്‍ ആയിശ(റ) പറഞ്ഞു: നീ ഈ വിഷയം ഉമ്മുസലമ:യോടു ചോദിക്കുക. അപ്പോള്‍ ഞാന്‍ അവരുടെ അടുത്ത് ചെന്ന് ആയിശ(റ) പറഞ്ഞ വിവരം പറഞ്ഞു. നബി(സ) അതിനെ വിരോധിക്കുന്നത് ഞാന്‍ കേട്ടു. പിന്നീട് നബി(സ) അസറിന്ന് ശേഷം രണ്ട് റക്അത്തു നമസ്കാരം നിര്‍വ്വഹിക്കുന്നത് ഞാന്‍ കണ്ടു. അനന്തരം എന്റെ അടുത്തു നബി(സ) പ്രസംഗിച്ചു. എന്റെയടുക്കല്‍ അന്നേരം ബനൂഹറാമില്‍ പെട്ട ചില അന്‍സാരി സ്ത്രീകള്‍ ഇരിക്കുന്നുണ്ടായിരുന്നു. നബി(സ)യുടെ അടുക്കലേക്ക് ഒരു പെണ്‍കുട്ടിയെ ഞാന്‍ പറഞ്ഞയച്ചു. നബി(സ)യുടെ അരികില്‍ നിന്നിട്ട് ദൈവ ദൂതരേ, അവിടുന്നു അസര്‍ നമസ്കാരശേഷം രണ്ട് റക്അത്തു സുന്നത്തു നമസ്കരിക്കുന്നത് വിരോധിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അവിടുന്ന് ഇപ്പോള്‍ അതു നമസ്കരിക്കുന്നത് ഞാന്‍ കാണുന്നുമുണ്ട്. എന്താണിതിന്റെ കാരണമെന്ന് അങ്ങയോടന്വേഷിക്കാന്‍ ഉമ്മുസലമ(റ) എന്നെ ഏല്‍പ്പിച്ചിരിക്കയാണ് എന്നു നീ പറയുകയും ചെയ്യണം. അപ്പോള്‍ നബി(സ) കൈ കൊണ്ട് ആംഗ്യം കാണിച്ചെങ്കിലോ നീ പിന്നോട്ടു തെറ്റി നില്‍ക്കണം. ആ പെണ്‍കുട്ടി അങ്ങിനെ തന്നെ ചെയ്തു. നബി(സ) നമസ്കാരത്തില്‍ കൈകൊണ്ട് ആംഗ്യം കാണിച്ചും അവള്‍ പിന്നോട്ട് മാറി നിന്നു. നബി(സ) നമസ്കാരത്തില്‍ നിന്നു വിരമിച്ച ശേഷം അരുളി: അബൂഉമയ്യയുടെ മകളേ! അസര്‍ നമസ്കാരത്തിനുശേഷമുള്ള രണ്ട് റക്അത്ത് സുന്നത്തിനെക്കുറിച്ച് നീ എന്നോട് ചോദിക്കുന്നു. അബ്ദുല്‍ ഖൈസ് ഗ്രോത്രത്തിലെ ചില ആളുകള്‍ എന്റെയടുക്കല്‍ വന്നിരുന്നു. അവര്‍ കാരണം ളുഹ്ര്‍ നമസ്കാരത്തിന്നു ശേഷമുള്ള രണ്ട് റക്അത്തു സുന്നത്തു നമസ്കരിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ നമസ്കരിച്ചത് ആ രണ്ട് റക്അത്താണ്. (ബുഖാരി. 2. 22. 325)

0 comments:

Post a Comment

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)