Friday, January 1, 2010

പ്രാര്‍ത്ഥനകള്‍




1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന പ്രാര്‍ത്ഥനയുണ്ട്. അതു അദ്ദേഹം പ്രാര്‍ത്ഥിക്കും. എന്റെ പ്രാര്‍ത്ഥന പരലോകത്ത് എന്റെ സമുദായത്തിന് ശഫാഅത്തു ലഭിക്കുവാന്‍ വേണ്ടി ഞാന്‍ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. (ബുഖാരി. 8. 75. 317)

2) ശദ്ദാദ്(റ) നിവേദനം: പാപമോചനത്തിന്റെ നേതാവ് അല്ലാഹുമ്മഅന്‍ത റബീ ലാഇലാഹ ഇല്ലാ അന്‍ത ഖലത്തനീ വഅനഅബ്ദുക വഅന അലാ അഹ്ദിക്ക വ വഅദിക്ക മസ്തതഉതു, അഊദുബിക മിന്‍ശര്രി മാ സനഅ്തു അബുഉ ലക ബി നിഅ്മതിക അലയ്യ വ അബുഉ ലക ബിദന്‍ബീ ഫഗ്ഫിര്‍ലീ ഇന്നഹൂ ലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അന്‍ത. എന്ന് ചൊല്ലലാണെന്ന് നബി(സ) അരുളി: വല്ലവനും പകല്‍സമയത്ത് തന്റെ മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് ഇപ്രകാരം ചൊല്ലി. ശേഷം രാത്രിയാകുന്നതിനുമുമ്പ് അവന്‍ മരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തിലെ ആളുകളില്‍ ഉള്‍പ്പെടും. രാത്രിയിലാണെങ്കിലും അപ്രകാരം തന്നെ. (ബുഖാരി. 8. 75. 318)

3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു സത്യം! തീര്‍ച്ചയായും ഞാന്‍ ഒരു ദിവസം എഴുപതില്‍ അധികം പ്രാവശ്യം അല്ലാഹുവിനോട് പാപമോചനം തേടാറുണ്ട്. (ബുഖാരി. 8. 75. 319)

4) അബ്ദുല്ല(റ) നിവേദനം: അദ്ദേഹമൊരിക്കല്‍ രണ്ടു വാര്‍ത്തകള്‍ എടുത്തുപറഞ്ഞു. ഒന്നു നബി(സ)യില്‍ നിന്നുദ്ധരിച്ചതും മറ്റേത് സ്വന്തം വകയും. അദ്ദേഹം പറഞ്ഞു: ഒരു മലയുടെ താഴ്ഭാഗത്തിരിക്കുന്നവനെപ്പോലെയാണ് സത്യവിശ്വാസിയായ മനുഷ്യന്‍ തന്റെ പാപങ്ങളെ ദര്‍ശിക്കുക. താഴെയിരിക്കുന്നവനെ മല അവന്റെ മീതെ വീണേക്കുമോയെന്ന് ഭയമായിരിക്കും. ദുര്‍മാര്‍ഗ്ഗികള്‍ അവന്റെ പാപങ്ങളെ ദര്‍ശിക്കുക മൂക്കിന്റെ മുമ്പിലൂടെ പാറിപ്പോകുന്ന ഈച്ചയെ പോലെയായിരിക്കും. ഇതുപറഞ്ഞിട്ട് ഇബ്നുമസ്ഊദ് കൈ കൊണ്ട് ആംഗ്യം കാണിച്ചു. അദ്ദേഹം തുടര്‍ന്നു. ഒരു മനുഷ്യന്‍ യാത്രാ മധ്യേ ഒരുതാവളത്തിലിറങ്ങി. അവന്ന് ജീവഹാനി വരുത്താന്‍ പര്യാപ്തമായ ഒരു സ്ഥലമാണ്. അവനോടൊപ്പം അവന്റെ ഒട്ടകവുമുണ്ട്. അതിന്മേല്‍ ആഹാരപാനീയങ്ങളും. അവിടെയിറങ്ങി അവന്‍ അല്പമൊന്ന് കിടന്നുറങ്ങിപ്പോയി. ഉണര്‍ന്ന് നോക്കുമ്പോള്‍ ഒട്ടകം അവിടെനിന്നും പോയിക്കഴിഞ്ഞിരുന്നു. ചൂടും ദാഹവും കഠിനമായപ്പോള്‍ അവന്‍ വിശ്രമിച്ച് സ്ഥലത്തേക്ക് തന്നെ തിരിച്ചുപോകുവാന്‍ തീരുമാനിച്ചു. വീണ്ടും ഉറങ്ങിപ്പോയി. ഉണര്‍ന്നുനോക്കുമ്പോള്‍ ഒട്ടകമതാ മുമ്പില്‍ നില്‍ക്കുന്നു. ഈ മനുഷ്യനുണ്ടായതിനേക്കാള്‍ സന്തോഷം അല്ലാഹുവിന് അവന്റെ ദാസന്‍ തൌബ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ്. (ബുഖാരി. 8. 75. 320)

5) അനസ്(റ) പറയുന്നു: നബി(സ) അരുളി: മുരുഭൂമിയില്‍ വെച്ച് നഷ്ടപ്പെട്ട ഒട്ടകം ഒരാള്‍ക്ക് തിരിച്ചുകിട്ടിയാല്‍ ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം അല്ലാഹുവിന് അവന്റെ ദാസന്‍ തൌബ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ്. (ബുഖാരി. 8. 75. 321)

6) ഹുദൈഫ(റ) നിവേദനം: നബി(സ) തന്റെ വിരിപ്പിനെ സമീപിച്ചാല്‍ ഇപ്രകാരം ചൊല്ലും ബിസ്മിക അമൂതു വ അഹ്യാ (നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു). ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാല്‍ ഇപ്രകാരം ചൊല്ലും അല്‍ഹംദുലില്ലാഹില്ലതീ അഹ്യാനാ ബഅ്ദ മാ അമാതനാ വ ഇലൈഹിന്നുശൂര്‍ (ഞങ്ങളെ മരിപ്പിച്ചശേഷം ജീവിപ്പിച്ച അല്ലാഹുവിന് സര്‍വ്വ സ്തുതിയും) അവനിലേക്കാണ് പുനര്‍ജന്മം. (ബുഖാരി. 8. 75. 324)

7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളിലാരെങ്കിലും രാത്രി കിടക്കാന്‍ വിരിപ്പിലേക്ക് ചെന്നാല്‍ താന്‍ ധരിച്ച തുണിയുടെ ഉള്‍ഭാഗം കൊണ്ട് ആ വിരിപ്പ് ഒന്നു തട്ടി വൃത്തിയാക്കട്ടെ. എഴുന്നേറ്റു പോയശേഷം ആ വിരിപ്പില്‍ എന്തെല്ലാമാണ് കടന്നുവന്നതെന്ന് അവനറിയുകയില്ല. അനന്തരം അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കട്ടെ. ബിസ്മിക റബ്ബീ വദഅതു ജന്‍ബീ വ ബിക അര്‍ഫഅഹു, ഇന്‍ അംസക്ത നഫ്സീ ഫര്‍ഹംഹാ വ ഇന്‍ അര്‍സല്‍തഹാ ഫഹ്ഫള്‍ഹാ ബിമാ തഹ്ഫളു ബിഹീ ഇബാദിക്ക സ്വാലിഹീന്‍ (രക്ഷിതാവേ! നിന്റെ നാമത്തില്‍ എന്റെ ശരീരത്തെ ഞാനിതാ താഴെ കിടത്തുന്നു. ഇനി ഈ വിരിപ്പില്‍ നിന്ന് എന്റെ ശരീരത്തെ എഴുന്നേല്‍പ്പിക്കുന്നതും നിന്റെ നാമത്തില്‍ തന്നെയായിരിക്കും. നീ എന്റെ ജീവനെ പിടിച്ച് വെക്കുന്ന പക്ഷം അതിനോട് നീ കാരുണ്യം കാണിക്കേണമേ! പിടിച്ചുവെക്കാതെ വിട്ടയക്കുകയാണെങ്കിലോ നല്ലവരായ നിന്റെ ദാസന്മാരെ സംരക്ഷിക്കുന്ന രൂപത്തില്‍ എന്റെ ആത്മാവിനെ നീ സംരക്ഷിക്കുകയും ചെയ്യേണമേ!) (ബുഖാരി. 8. 75. 332)

8) ഇബ്നുഅബ്ബാസ്(റ) ഇക്രിമ: യോട് പറഞ്ഞു: എല്ലാ വെള്ളിയാഴ്ചയും ഒരുപ്രാവശ്യം ജനങ്ങളെ ഉപദേശിക്കുക. അതിന് നീ വിസമ്മതം കാണിക്കുകയാണെങ്കില്‍ രണ്ടുപ്രാവശ്യം. അതിലുപരി നീ വര്‍ദ്ധിപ്പിച്ചാല്‍ മൂന്ന് പ്രാവശ്യം. ഈ ഖുര്‍ആന്‍ ജനങ്ങളെ നീ വെറുപ്പിക്കരുത്. അവര്‍ പ്രധാനകാര്യം സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ അവരുടെ സംസാരത്തെ മുറിപ്പിച്ച് കൊണ്ട് നീ ഉപദേശിക്കുന്നതായി നിന്നെ ഞാന്‍ ഒരിക്കലും ദര്‍ശിക്കരുത്. അപ്പോള്‍ നീ അവരെ വെറുപ്പിക്കും. അവന്‍ നിന്നോട് ആഗ്രഹിച്ച്കൊണ്ട് ആവശ്യപ്പെടുമ്പോള്‍ നീ അവരെ ഉപദേശിക്കുക. നീ പ്രാര്‍ത്ഥനയില്‍ പ്രാസം യോജിപ്പിക്കല്‍ ഉപേക്ഷിക്കുക. നബി(സ)യും അനുചരന്മാരും പ്രാര്‍ത്ഥനയില്‍ പ്രാസം യോജിപ്പിക്കുന്നതിനെ വര്‍ജ്ജിച്ചവരായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. (ബുഖാരി. 8. 75. 349)

9) അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അല്ലാഹുവേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് പൊറുത്തുതരേണമേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് നല്‍കേണമേ എന്ന് പറയരുത്. ഉറപ്പിച്ച് തന്നെചോദിക്കുക. നിര്‍ബന്ധിച്ച് അല്ലാഹുവിനെ കൊണ്ട് ഒരുകാര്യം ചെയ്യിപ്പിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. (ബുഖാരി. 8. 75. 350)

10) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നിട്ടെന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടില്ല എന്ന് ആവലാതിപ്പെടാത്ത കാലം വരെ നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകതന്നെ ചെയ്യും. (ബുഖാരി. 8. 75. 352)

11) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ)ക്ക് ദു:ഖം ബാധിക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. മഹാനും ക്ഷമാശീലനുമായ അല്ലാഹുവല്ലാതെ ഒരു ഇലാഹില്ല. മഹത്തായ സിംഹാസനത്തിന് നാഥനായ അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല. ആകാശഭൂമികളുടെ നാഥനും ആദരണീയമായ സിംഹാസനത്തിന്റെ അധിപനുമായ അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ല. (ബുഖാരി. 8. 75. 356)

12) അബൂഹുറൈറ(റ) നിവേദനം: ആപത്തുകള്‍ മൂലം അനുഭവപ്പെടുന്ന പ്രയാസങ്ങളില്‍ നിന്നും പരാജയം അനുഭവപ്പെടുന്നതില്‍ നിന്നും വിധിയുടെ തിന്മ ബാധിക്കുന്നതില്‍ നിന്നും ശത്രുക്കള്‍ സന്തുഷ്ടരാകുന്ന സാഹചര്യങ്ങള്‍ ഉടലെടുക്കുന്നതില്‍ നിന്നും കാത്തു രക്ഷിക്കുവാനായി നബി(സ) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഈ ഹദീസിന്റെ നിവേദകന്മാരില്‍ ഒരാളായ സുഫ്യാന്‍ പറയുന്നു. മൂന്നുകാര്യങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ നബി പ്രാര്‍ത്ഥിച്ചിരുന്നതായി മാത്രമാണ് ഹദീസിലുള്ളത്. അതിലൊന്ന് ഞാന്‍ കൂട്ടിച്ചേര്‍ത്തതാണ്. പക്ഷെ ആ ഒന്ന് ഏതെന്ന് എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. (ബുഖാരി. 8. 75. 358)

13) അബൂഹുറൈറ(റ) നിവേദനം: നബി(സ) പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടു. അല്ലാഹുവേ! വല്ല മുസ്ലീമിനേയും ഞാന്‍ ശകാരിച്ചിട്ടുണ്ടെങ്കില്‍ അതുപരലോകദിനത്തില്‍ അദ്ദേഹത്തിന് നിന്നെ സമീപിക്കാനുള്ള ഒരുപുണ്യ കര്‍മ്മമാക്കിക്കൊടുക്കേണമേ!. (ബുഖാരി. 8. 75. 372)

14) ആയിശ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ! അലസത, വാര്‍ദ്ധക്യത്തിന്റെ പാരമ്യതയിലുണ്ടാകുന്ന അവശത, പാപകൃത്യങ്ങള്‍, കടബാധ്യത, ഖബറിലെ ശിക്ഷ, നരകശിക്ഷ, ധനത്തില്‍ നിന്നുണ്ടാകുന്ന പരീക്ഷണം, ദാരിദ്യ്രത്തില്‍ നിന്നുണ്ടാകുന്ന പരീക്ഷണം, ലോകത്ത് ചുറ്റിനടക്കുന്ന ദജ്ജാലിന്റെ പരീക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് രക്ഷ നേടുവാനായി ഞാനിതാ നിന്നെ അഭയം പ്രാപിക്കുന്നു. (ബുഖാരി. 8. 75. 379)

15) അബൂമൂസ:(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. റബ്ബിഗ്ഫിര്‍ലീ ഖതീഅതീ വ ജഹ്ലീ വ ഇസ്വ്റാഫീ ഫീ അംരീ കുല്ലിഹീ, വമാ അന്‍ത അഅ്ലമു ബിഹീ മിന്നീ. അല്ലാഹുമ്മഗ്ഫിര്‍ലീ ഖഥായാ വ അംദീ വ ജഹ്ലീ വ ജിദ്ദീ, വ കുല്ലു ധലൈക ഇന്‍തീ. അല്ലാഹുമ്മഗ്ഫിര്‍ലീ മാ ഖദ്ദംതു വ മാ അഖ്ഖര്‍തു വമാ അസ്റര്‍തു വ മാ അഅ്ലന്‍തു അന്‍തല്‍ മുഖദ്ദിമു വ അന്‍തല്‍ മുഅഖ്ഖിറു വ അന്‍ത അലാ കുല്ലി ശൈഇന്‍ ഖദീര്‍!. (അല്ലാഹുവേ! എന്റെ തെറ്റുകളും എന്റെ അജ്ഞതയും എന്റെ അതിര് കവിയലും എന്നേക്കാള്‍ നിനക്കറിവുള്ള എന്റെ മറ്റുപിഴവുകളും എനിക്ക് പൊറുത്ത് തരേണമെ! അല്ലാഹുവേ! ഞാന്‍ ഗൌരവഭാവത്തിലും വിനോദമായും പറയുന്നവാക്കുകളും മന:പൂര്‍വ്വവും അല്ലാതെയും ചെയ്യുന്ന തെറ്റുകളും എനിക്ക് നീ പൊറുത്തു താ. അതെല്ലാം എന്നിലുള്ളതു തന്നെയാണ്. അല്ലാഹുവേ! ഞാന്‍ പ്രവര്‍ത്തിച്ചതും വീഴ്ച വരുത്തിയതും ഞാന്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്ക് പൊറുത്തു തരേണമേ. നീയാണ് ആദ്യത്തേതും അവസാനത്തേതും. നീ എല്ലാറ്റിനും കഴിവുള്ളവനാണ്) (ബുഖാരി. 8. 75. 407)

16) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും സുബ്ഹാനല്ലാഹി വബിഹംദിഹി എന്ന് ഒരു ദിവസം നൂറ് പ്രാവശ്യം ചൊല്ലിയാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും. സമുദ്രത്തിലെ നുര കണക്കില്‍ ഉണ്ടായിരുന്നാലും. (ബുഖാരി. 8. 75. 414)

17) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ട് പദങ്ങള്‍ നാവിന് ലഘുവാണെങ്കിലും തുലാസില്‍ ഭാരം കൂടിയതാണ്. പരമകാരുണികന് ഇഷ്ടപ്പെട്ടത്. സുബ്ഹാനല്ലാഹി വബി ഹംദിഹീ, സുബ്ഹാനല്ലാഹില്‍ അളിം. (ബുഖാരി. 8. 75. 415)

18) അബൂമൂസ(റ) നിവേദനം: നബി(സ) അരുളി: തങ്ങളുടെ രക്ഷിതാവിനെ സ്മരിക്കുകയും വിസ്മരിക്കുകയും ചെയ്യുന്നവരുടെ സ്ഥിതി ജീവിച്ചിരിക്കുന്നവനും മരിച്ചവനും തമ്മിലുള്ള സ്ഥിതിപോലെയാണ്. (ബുഖാരി. 8. 75. 416)

19) അനസി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഉറങ്ങാന്‍ വേണ്ടി വിരിപ്പില്‍ വരുമ്പോള്‍ പറയുമായിരുന്നു. നമ്മെ തീറ്റുകയും കുടിപ്പിക്കുകയും ആവശ്യം നിര്‍വ്വഹിച്ചു തരികയും രക്ഷ നല്‍കുകയും ചെയ്ത അല്ലാഹുവിന്നാണ് സര്‍വ്വസ്തുതിയും. ആവശ്യം നിറവേറ്റിക്കൊടുക്കുവാനോ അഭയം നല്‍കുവാനോ ആരുമില്ലാത്ത എത്ര ആളുകളാണ്. (മുസ്ലിം)

20) ഹുദൈഫ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) ഉറങ്ങാനുദ്ദേശിച്ചാല്‍ അവിടുത്തെ വലതുകൈ കവിളിനുതാഴെ വെച്ചുകൊണ്ട് പറയുമായിരുന്നു: എന്റെ നാഥാ! നിന്റെ അടിമകളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിവസം നിന്റെ ശിക്ഷയില്‍ നിന്നും എന്നെ രക്ഷിക്കേണമേ! (തിര്‍മിദി)

21) നുഅ്മാനി(റ)ല്‍ നിന്ന് നിവേദനം: ദുആ ഇബാദത്ത് തന്നെയാണ്. (അത് അല്ലാഹുവിനോട് മാത്രമെ പാടുള്ളു) (അബൂദാവൂദ്, തിര്‍മിദി)

22) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) വിവിധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്രോഡീകൃതമായ പ്രാര്‍ത്ഥന ഇഷ്ടപ്പെടുകയും മറ്റുള്ളവ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. (അബൂദാവൂദ്)

23) ത്വാരിഖി(റ)ല്‍ നിന്ന് നിവേദനം: ഒരാള്‍ ഇസ്ളാം സ്വീകരിച്ചാല്‍ നബി(സ) അദ്ദേഹത്തിന് നമസ്കാരം പഠിപ്പിച്ചുകൊടുക്കുകയും എന്നിട്ട് ഈ വചനങ്ങള്‍ പറഞ്ഞു പ്രാര്‍ത്ഥിക്കാന്‍ കല്പിക്കുകയും ചെയ്യുമായിരുന്നു: നാഥാ, നീ എനിക്ക് പൊറുത്തുതരികയും കരുണ ചെയ്യുകയും എന്നെ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ആരോഗ്യം പ്രദാനം ചെയ്യുകയും ആഹാരം നല്‍കുകയും ചെയ്യേണമേ ! (മുസ്ലിം)

24) ഇബ്നു അംറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രാര്‍ത്ഥിച്ചു: ഹൃദയത്തെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവേ! നിന്റെ ത്വാഅത്തിലേക്ക് ഞങ്ങളുടെ ഹൃദയങ്ങളെ നീ തിരിച്ചുവിടേണമേ! (മുസ്ലിം)

25) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! എന്റെ പ്രശ്നങ്ങള്‍ക്ക് ഏകാവലംബമായ എന്റെ ദീനിനെ എനിക്ക് നീ വെട്ടിത്തെളിയിച്ചുതരേണമേ! എന്റെ ജീവിതം നിലക്കൊള്ളുന്ന ദുനിയാവ് എനിക്ക് നീ ശരിപ്പെടുത്തി തരേണമേ! ഞാന്‍ മടങ്ങിച്ചെല്ലുന്ന പരലോകത്തെ നീ നന്നാക്കിത്തീര്‍ക്കേണമേ! നല്ലതായ കാര്യങ്ങളില്‍ എനിക്ക് ദീര്‍ഘായുസ്സും ചീത്ത കാര്യങ്ങളില്‍ നിന്ന് മരണം എനിക്ക് ഒരു വിശ്രമവുമാക്കേണമേ! (മുസ്ലിം)

26) അലി(റ)യില്‍ നിന്ന് നിവേദനം: നബി(സ) എനിക്ക് പറഞ്ഞുതന്നു: അല്ലാഹുവേ! എന്നെ നീ ഹിദായത്തിലാക്കുകയും എനിക്ക് നീ തൌഫീഖ് നല്‍കുകയും ചെയ്യേണമേ! എന്ന് നീ പറയുക. (മുസ്ലിം)

27) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രാര്‍ത്ഥിച്ചിരുന്നു: അല്ലാഹുവേ! അശക്തിയില്‍ നിന്നും ഉദാസീനതയില്‍ നിന്നും ഭീതിയില്‍ നിന്നും വാര്‍ദ്ധക്യത്തില്‍ നിന്നും ലുബ്ധില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ശിക്ഷയില്‍ നിന്നും ജിവിതത്തിലും മരണത്തിലും നേരിടുന്ന ഫിത്നയില്‍ നിന്നും ഞാന്‍ രക്ഷതേടുന്നു. (മുസ്ലിം)

28) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) ദുആ ഇരക്കുമ്പോള്‍ പറയാറുണ്ട്. അല്ലാഹുവേ! എന്റെ പ്രവൃത്തി മൂലമുണ്ടാകുന്ന നാശത്തില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. (മുസ്ലിം)

29) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) യുടെ പ്രാര്‍ത്ഥനയില്‍പ്പെട്ടതാണ്. അല്ലാഹുവേ! നീ തന്നിട്ടുള്ള അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകുന്നതില്‍ നിന്നും നീ തന്നിട്ടുള്ള സൌഖ്യം അകന്ന് പോകുന്നതില്‍ നിന്നും ആകസ്മികമായി ഭവിക്കുന്ന നിന്റെ ശിക്ഷയില്‍ നിന്നും നിന്റെ എല്ലാ കോപത്തില്‍ നിന്നും നിന്നില്‍ ഞാന്‍ അഭയം തേടുന്നു. (മുസ്ലിം)

30) സൈദുബ്നു അര്‍ഖമി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! അശക്തിയില്‍ നിന്നും ഉദാസീനതയില്‍ നിന്നും പിശുക്കില്‍ നിന്നും ശേഷിയറ്റ വാര്‍ദ്ധക്യ രോഗത്തില്‍ നിന്നും ഖബര്‍ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ! എനിക്ക് നീ ഭക്തി പ്രദാനം ചെയ്യുകയും അതിനെ കുറ്റമറ്റതാക്കുകയും ചെയ്യേണമെ. മനസ്സിനെ ശുദ്ധമാക്കുന്നതില്‍ നീയാണ് ഏറ്റവും ഉത്തമന്‍. നീയാണതിന്റെ ഉടമസ്ഥനും രക്ഷാധികാരിയും. അല്ലാഹുവേ! പ്രയോജനമില്ലാത്ത വിദ്യയില്‍ നിന്നും ഭക്തിയില്ലാത്ത ഹൃദയത്തില്‍ നിന്നും വയര്‍ നിറയാത്ത ശരീരത്തില്‍ നിന്നും ഉത്തരം ലഭിക്കാത്ത പ്രാര്‍ത്ഥനയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. (മുസ്ലിം)

31) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! നരകത്തിലേക്ക് വഴിതെളിയിക്കുന്ന ഫിത്നയില്‍ നിന്നും നരകശിക്ഷയില്‍ നിന്നും ഐശ്വര്യം നിമിത്തവും ദാരിദ്യ്രം നിമിത്തവും വന്നു ഭവിക്കുന്ന ആപത്തില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. (മുസ്ലിം)

32) സിയാദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! ദുസ്സ്വഭാവങ്ങളില്‍ നിന്നും ദുഷ്കൃത്യങ്ങളില്‍ നിന്നും ദേഹേഛകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. (തിര്‍മിദി)

33) ശക്ലി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! എനിക്ക് ഒരു ദുആ പഠിപ്പിച്ചുതന്നാലും! അവിടുന്ന് പറഞ്ഞു: നീ പ്രാര്‍ത്ഥിക്കൂ! അല്ലാഹുവേ! എന്റെ കേള്‍വി നിമിത്തവും കാഴ്ച നിമിത്തവും സംസാരം നിമിത്തവും ഹൃദയത്തിലെ വിചാരം നിമിത്തവും ഉണ്ടാകുന്നദോഷത്തില്‍ നിന്നും ഇന്ദ്രിയത്തിന്റെ ദോഷത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (അബൂദാവൂദ്, തിര്‍മിദി)

34) അനസി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പ്രാര്‍ത്ഥിച്ചിരുന്നു: വെള്ളപ്പാണ്ഡില്‍ നിന്നും ഭ്രാന്തില്‍ നിന്നും കുഷ്ഠരോഗത്തില്‍ നിന്നും മറ്റുവെറുക്കപ്പെട്ട രോഗങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (അബൂദാവൂദ്)

35) അബുഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രാര്‍ത്ഥിക്കുമായിരുന്നു: അസഹനീയമായ വിശപ്പില്‍ നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു. ചീത്തയായ കൂട്ടുകാരനത്രെ അത്. വഞ്ചനയില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. തീര്‍ച്ചയായും അതു മോശമായ സഹചാരിയാണ്. (അബൂദാവൂദ്)

36) അലി(റ)യില്‍ നിന്ന് നിവേദനം: മോചനപത്രം എഴുതപ്പെട്ട ഒരടിമ എന്റെ അടുത്ത് വന്നുപറഞ്ഞു: ഞാന്‍ കരാര്‍ പാലിക്കാന്‍ അശക്തനായിരിക്കുന്നു. എന്നെ സഹായിക്കണം. ഞാന്‍ പറഞ്ഞു: റസൂല്‍(സ) പഠിപ്പിച്ചുതന്ന ചില വാക്കുകള്‍ നിന്നെ ഞാന്‍ പഠിപ്പിക്കട്ടെയോ? (ആ വാക്കുകള്‍ പതിവായി ചൊല്ലിവരുന്ന പക്ഷം) ഒരുപര്‍വ്വതത്തിന്റെ അത്രയും വലിയ കടം നിനക്കുണ്ടെങ്കിലും അല്ലാഹു നിനക്കത് വീട്ടിത്തരും. നീ പറയൂ! അല്ലാഹുവേ! ഹലാലുകൊണ്ട് നിന്റെ ഹറാമില്‍ നിന്ന് എനിക്ക് നീ മതിയാക്കേണമേ! നിന്റെ ഔദാര്യംകൊണ്ട് നീയല്ലാത്തവരെ ആശ്രയിക്കാന്‍ എനിക്കിടയാക്കരുതേ. (തിര്‍മിദി)

37) ഇംറാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്റെ പിതാവ് ഹുസൈനിന്ന് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി രണ്ട് വാക്ക് പഠിപ്പിച്ചു കൊടുത്തു. അല്ലാഹുവേ! നീ എനിക്ക് നല്ല മാര്‍ഗ്ഗം കാണിച്ചുതരേണമേ! എന്നില്‍ നിന്നുണ്ടാകുന്ന ശര്‍റില്‍ നിന്ന് എന്നെ നീ രക്ഷിക്കേണമേ! (തിര്‍മിദി)

38) അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകരേ! അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കേണ്ടത് എനിക്ക് പഠിപ്പിച്ചുതന്നാലും. അവിടുന്ന് പറഞ്ഞു: ആഫിയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ഞാന്‍ ചെന്ന് പറഞ്ഞു. പ്രവാചകരേ! ഞാന്‍ അല്ലാഹുവിനോട് ചോദിക്കേണ്ടത് എനിക്ക് പഠിപ്പിച്ചുതന്നാലും. അപ്പോഴും പറഞ്ഞു. അബ്ബാസേ, റസൂലിന്റെ പിതൃസഹോദരാ! ഇഹത്തിലും പരത്തിലും ആഫിയത്തിനുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊള്ളുക. (തിര്‍മിദി)

39) ശഹ്റി(റ)ല്‍ നിന്ന് നിവേദനം: ഉമ്മുസല്‍മ(റ) യോട് ഞാന്‍ ചോദിച്ചു: മുഅ്മിനുകളുടെ മാതാവേ! നബി(സ) നിങ്ങളുടെ അടുത്താകുമ്പോള്‍ അവിടുന്ന് കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നത് എന്തായിരുന്നു? അവര്‍ പറഞ്ഞു: അവിടുത്തെ പ്രാര്‍ത്ഥനയില്‍ കൂടുതലും ഇപ്രകാരമായിരുന്നു: ഹൃദയങ്ങള്‍ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവേ! എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ മാത്രം നീ നിലയുറപ്പിക്കേണമേ! (തിര്‍മിദി)

40) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: ദാവൂദ് (അ) ന്റെ ദുആയില്‍ പെട്ടതായിരുന്നു: അല്ലാഹുവേ! നിന്റെ സ്നേഹത്തേയും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹത്തേയും നിന്നോടുള്ള സ്നേഹത്തെ ഉണ്ടാക്കിത്തരുന്ന പ്രവര്‍ത്തനത്തെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ! നിന്റെ സ്നേഹത്തെ എന്നേക്കാളും എന്റെ കുടുംബത്തേക്കാളും (ദാഹമുള്ളപ്പോള്‍) തണുത്ത വെള്ളത്തേക്കാളും എനിക്ക് ഏറ്റവും പ്രിയങ്കരമാക്കിത്തീര്‍ക്കേണമേ! (തിര്‍മിദി)

41) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: യാദല്‍ജലാലി വല്‍ ഇക്റാം എന്ന് നിങ്ങള്‍ പതിവായിചൊല്ലുക. (തിര്‍മിദി)

42) അബുഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) ഉരുവിട്ട ധാരാളം പ്രാര്‍ത്ഥനകള്‍ ഉണ്ട്. അതില്‍ നിന്നൊന്നും നമ്മള്‍ മനഃപാഠമാക്കിയിരുന്നില്ല. അങ്ങനെ ഞങ്ങള്‍ പറഞ്ഞു. പ്രവാചകരേ! അങ്ങ് ധാരാളം പ്രാര്‍ത്ഥിച്ചു. അതില്‍ നിന്നൊന്നും ഞങ്ങള്‍ മനഃപാഠമാക്കിയിട്ടില്ലല്ലോ. അവിടുന്ന് പറഞ്ഞു. അവയെല്ലാം ഉള്‍ക്കൊള്ളിക്കുന്ന പ്രാര്‍ത്ഥന ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? നീ പറയൂ. അല്ലാഹുവേ! മുഹമ്മദ് നബി(സ) നിന്നോട് ചോദിച്ച നല്ല കാര്യങ്ങളില്‍ നിന്ന് ഞാനും നിന്നോട് ചോദിക്കുന്നു. അപ്രകാരം തന്നെ മുഹമ്മദ് നബി(സ) അഭയം തേടിയിട്ടുള്ളവയില്‍ നിന്ന് ഞാനും. നിന്നോട് അഭയം തേടുന്നു. സഹായം അഭ്യര്‍ത്ഥിക്കപ്പെടുന്നവന്‍ നീയാണ്. ലക്ഷ്യം പ്രാപിക്കലും നിന്റെ പക്കലാണ്. പാപത്തില്‍ നിന്ന് പിന്മാറലും ഇബാദത്തിന്നുള്ള ശേഷിയും അല്ലാഹുവിനെക്കൊണ്ട് മാത്രമാണ്. (തിര്‍മിദി)

43) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് അദ്ദേഹം കേട്ടു. മുസ്ളിമായ ഒരാളും തന്റെ സഹോദരനുവേണ്ടി അവന്റെ അഭാവത്തില്‍ പ്രാര്‍ത്ഥിക്കുകയില്ല. മലക്ക് പ്രാര്‍ത്ഥിച്ചിട്ടല്ലാതെ: അതുപോലുള്ളത് നിനക്കുമുണ്ടാകട്ടെ. (മുസ്ലിം)

44) ഉസാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ആര്‍ക്കെങ്കിലും നന്മ ലഭിച്ചാല്‍ നന്മ ചെയ്തു കൊടുത്തവനു വേണ്ടി അല്ലാഹു നിനക്ക് നന്മ തരട്ടെ ! എന്ന് പ്രാര്‍ത്ഥിച്ചാല്‍ അവനെ മുക്തകണ്ഠം വാഴ്ത്തിയവനായി. (തിര്‍മിദി)

45) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) നിര്‍ദ്ദേശിച്ചു: നിങ്ങള്‍ തന്നെ നിങ്ങള്‍ക്ക് ദോഷമായി പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ സന്താനങ്ങള്‍ക്കും കേടായി നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ ധനത്തിന് നാശമുണ്ടാകുവാനും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഉത്തരം ലഭിക്കുന്ന സമയവുമായി നിങ്ങളെത്തിമുട്ടാതിരിക്കാന്‍ വേണ്ടി. (മുസ്ലിം)

46) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) യോട് ചോദിക്കപ്പെട്ടു: ഏത് പ്രാര്‍ത്ഥനയാണ് കൂടുതല്‍ സ്വീകാര്യമായത്? നബി(സ) പ്രതിവചിച്ചു. രാത്രിയിലെ അന്ത്യയാമത്തിലെ പ്രാര്‍ത്ഥനയും ഫര്‍ള് നമസ്കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാര്‍ത്ഥനയുമാണത്. (തിര്‍മിദി)

47) ഉബാദത്തി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഭൂലോകത്തുവെച്ച് അല്ലാഹുവിനോട് വല്ല മുസ്ളിമും പ്രാര്‍ത്ഥിച്ചാല്‍ ചോദിച്ചത് അല്ലാഹു അവന് നല്കുകയോ അത്രയും ആപത്ത് അവനില്‍ നിന്ന് എടുത്തുകളയുകയോ ചെയ്യാതിരിക്കുകയില്ല. അന്നേരം സദസ്സിലൊരാള്‍ പറഞ്ഞു: എന്നാല്‍ ഞങ്ങള്‍ ധാരാളം പ്രാര്‍ത്ഥിക്കും. അവിടുന്ന് പറഞ്ഞു: അല്ലാഹു അതില്‍ കൂടുതല്‍ ഗുണം ചെയ്യുന്നവനാണ്. (തിര്‍മിദി) (നിങ്ങളുടെ പ്രാര്‍ത്ഥന നിമിത്തം അവന് യാതൊരുകുറവും സംഭവിക്കുകയില്ല)

0 comments:

Post a Comment

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)