Friday, January 29, 2010

വസ്വിയ്യത്ത്




1) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) ഒരു മുസ്ളിമിന് എന്തെങ്കിലും വസ്വിയത്ത് ചെയ്യാനുണ്ടെങ്കില്‍ തന്റെ വസ്വിയത്ത് കൈവശം എഴുതി സൂക്ഷിക്കാതെ രണ്ടു ദിവസം അവന്‍ രാത്രി താമസിക്കുകയില്ല. (ബുഖാരി. 4. 51. 1)

2) ജുവൈരിയ(റ) യുടെ സഹോദരന്‍ അംറ്(റ) പറയുന്നു. നബി(സ) മരിക്കുമ്പോള്‍ ഒരു അടിമയോ ദിര്‍ഹമോ ദിനാറോ ഒരു അടിമസ്ത്രീയോ മറ്റു വല്ല സാധനമോ വിട്ടുപോയിരുന്നില്ല. ഒരു കോവര്‍ കഴുതയും തന്റെ ആയുധവും ഒരു ഭൂമിയും മാത്രമാണ് നബി(സ) ക്കുണ്ടായിരുന്നത്. (ബുഖാരി. 4. 51. 2)

3) അബ്ദുല്ല ബിന്‍ അബി ഔഫ(റ) നിവേദനം: നബി(സ) എന്തെങ്കിലും വസ്വിയത്ത് ചെയ്തിരുന്നോ എന്ന് ത്വല്‍ഹ അദ്ദേഹത്തോട് ചോദിച്ചു. ഇല്ലെന്ന് അബ്ദുല്ല(റ) മറുപടി പറഞ്ഞു. മനുഷ്യനോട് വസ്വിയ്യത്ത് ചെയ്യാന്‍ പിന്നീടെന്തുകൊണ്ടാണ് നബി(സ) കല്‍പ്പിച്ചത്? അദ്ദേഹം പറഞ്ഞു:അല്ലാഹുവിന്റെ കിതാബ് കൊണ്ട് അവിടുന്ന് വസ്വിയ്യത്തു ചെയ്തു. (ബുഖാരി. 4. 51. 3)

4) ഇബ്നുഅബ്ബാസ്(റ) പറയുന്നു: ജനങ്ങള്‍ 1/4 ഭാഗത്തിലേക്ക് ചുരുക്കുന്നതാണ് നല്ലത്. കാരണം 1/3 ഭാഗത്തെക്കുറിച്ച് നബി(സ) പറഞ്ഞത് അതു കൂടുതലാണ് എന്നാണ്. (ബുഖാരി. 4. 51. 6)

5) ഇബ്നുഅബ്ബാസ്(റ) പറയുന്നു: ആദ്യകാലത്ത് ധനം ആണ്‍കുട്ടിക്കായിരുന്നു. വസ്വിയ്യത്ത് മാതാപിതാക്കള്‍ക്കും ശേഷം വസ്വിയത്തില്‍ ദുര്‍ബ്ബലമാക്കല്‍ ഉദ്ദേശിച്ചതു അല്ലാഹു ദുര്‍ബ്ബലമാക്കി. അങ്ങനെ പുരുഷന് സ്ത്രീയുടെ ഇരട്ടിയും മാതാപിതാക്കള്‍ക്ക് 1/6 വീതവും ഭാര്യക്ക് 1/8, 1/4, ഭര്‍ത്താവിന് 1/2, 1/4 ഓഹരികളും നിശ്ചയിച്ചു. (ബുഖാരി. 4. 51. 10)

6) അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ നബി(സ) യോടു ചോദിച്ചു. പ്രവാചകരേ! ഏത് ദാനധര്‍മ്മമാണ് ഏറ്റവും ശ്രേഷ്ഠമായത്? നബി(സ) അരുളി: നീ ആരോഗ്യവാനായിരിക്കുക. ധനത്തോട് നിനക്ക് ആഗ്രഹമുണ്ടായിരിക്കുക. ഐശ്വര്യത്തെ നീ പ്രതീക്ഷിക്കുക. ദാരിദ്യ്രത്തെക്കുറിച്ച് നീ ഭയപ്പെടുക എന്നീ പരിതസ്ഥിതിയില്‍ നീ നല്‍കുന്ന ദാനമാണ് ഏറ്റവും ശ്രേഷ്ഠമായത്. നീ ദാനത്തെ പിന്തിരിപ്പിക്കരുത്. ജീവന്‍ കണ്ഠനാളത്തിലെത്തിക്കഴിഞ്ഞാല്‍ ഇന്നവന്നിത്ര കൊടുക്കണം എന്നെല്ലാം നീ പറയാന്‍ തുടങ്ങും. എന്നാല്‍ അതു മറ്റൊരുവന്റെ സ്വത്തായി മാറിയിരിക്കുന്നു. (ബുഖാരി. 4. 51. 11)

7) അബൂഹുറൈറ(റ) നിവേദനം: നിന്റെ അടുത്ത കുടുംബത്തെ നീ താക്കീത് ചെയ്യുക എന്ന ആയത്തു അവതരിപ്പിക്കപ്പെട്ടപ്പോള്‍ നബി(സ) ഇപ്രകാരം അരുളി: ഖുറൈശീ ഗോത്രമേ! നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകാഗ്നിയില്‍ നിന്ന് മോചിപ്പിക്കുവീന്‍. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അശേഷവും നിങ്ങളെ രക്ഷിക്കുവാന്‍ എനിക്ക് കഴിയുകയില്ല. അബ്ദുമനാഫ് സന്താനങ്ങളേ! അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അല്‍പം പോലും നിങ്ങളെ രക്ഷിക്കാന്‍ എനിക്ക് കഴിയുകയില്ല. അബ്ദുല്‍ മുത്ത്വലിബിന്റെ പുത്രന്‍ അബ്ബാസേ! അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് ഒന്നും തന്നെ തടുക്കുവാന്‍ എനിക്ക് സാധ്യമല്ല. പ്രവാചകന്റെ അമ്മായി സഫിയ്യാ! അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും തന്നെ തടുക്കുവാന്‍ എനിക്ക് സാധ്യമല്ല. മുഹമ്മദിന്റെ പുത്രി ഫാത്തിമാ! എന്റെ ധനത്തില്‍ നിന്ന് നീ ഉദ്ദേശിക്കുന്നതു ചോദിച്ചു കൊള്ളുക. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും തന്നെ നിന്നില്‍ നിന്ന് തടുക്കുവാന്‍ സാധ്യമല്ല. (ബുഖാരി. 4. 51. 16)

8) ഇബ്നുഅബ്ബാസ്(റ) നിവേദനം: സഅ്ദ്ബനു ഉബാദയുടെ മാതാവ് മരണപ്പെട്ടപ്പോള്‍ അദ്ദേഹം വിദൂരത്തായിരുന്നു. നബി(സ)യോട് അദ്ദേഹം പറഞ്ഞു. പ്രവാചകരേ! എന്റെ മാതാവ് മരണപ്പെട്ടു. ഞാന്‍ അവരുടെ സദസ്സില്‍ ഇല്ലാത്ത സന്ദര്‍ഭം. ഇനി ഞാന്‍ അവര്‍ക്കുവേണ്ടി ദാനം ചെയ്താല്‍ അവര്‍ക്ക് എന്തെങ്കിലും ഉപകാരം ലഭിക്കുമോ? നബി(സ) അരുളി: അദ്ദേഹം പറഞ്ഞു. താങ്കളെ സാക്ഷി നിറുത്തി മഹ്റാഫിലെ എന്റെ തോട്ടം അവര്‍ക്ക് വേണ്ടി ഞാന്‍ ദാനം ചെയ്യുന്നു. (ബുഖാരി. 4. 51. 19)

9) ഇബ്നുഅബ്ബാസ്(റ) നിവേദനം: ചില ആളുകള്‍ ഈ ആയത്തു ദുര്‍ബ്ബലമാക്കപ്പെട്ടതാണെന്ന് വാദിക്കുന്നു. അല്ലാഹു സത്യം! ഇതു ദുര്‍ബ്ബലമാക്കപ്പെട്ട ആയത്തല്ല. എന്നാല്‍ ജനങ്ങള്‍ നിസ്സാരമാക്കിത്തള്ളിയ ആയത്താണ്. രണ്ടുതരം ബന്ധുക്കള്‍ ഉണ്ട്. ഒന്ന് അനന്തരം എടുക്കുന്നവന്‍. അവരാണ് ഹാജരാകുന്നതുവരെ തീറ്റിക്കേണ്ടത്. മറ്റൊന്ന് അനന്തരവകാശം എടുക്കാത്തവര്‍. അവരാണ് ഹാജരാകുന്നവരോട് നല്ല വാക്ക് പറയേണ്ടത് നിനക്ക് യാതൊന്നുമില്ലെന്ന് അവന്‍ പറയണം. (ബുഖാരി. 4. 51. 21)

10) ഇബ്നുഅബ്ബാസ്(റ) നിവേദനം: സഅ്ദ്ബ്നു ഉബാദ(റ) പറയുന്നു. എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ക്ക് നേര്‍ച്ചയുണ്ടായിരുന്നു. അതു ഞാന്‍ നിര്‍വ്വഹിക്കുന്നതിനെക്കുറിച്ച് നബി(സ)യോട് മതവിധി അന്വേഷിച്ചു. അവിടുന്ന് അരുളി: നീ അവര്‍ക്ക് വേണ്ടി അതു വീട്ടുക. (ബുഖാരി. 4. 51. 23)

11) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഏഴ് മഹാപാപങ്ങളെ വര്‍ജ്ജിക്കുവീന്‍. അനുചരന്മാര്‍ ചോദിച്ചു. അവ ഏതെല്ലാമാണ് പ്രവാചകരേ? നബി(സ) അരുളി. അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, മാരണം, നിരപരാധിയെ വധിക്കല്‍, പലിശ തിന്നല്‍, അനാഥയുടെ ധനം ഭക്ഷിക്കല്‍, യുദ്ധത്തില്‍ പിന്തിരിഞ്ഞോടല്‍, പതിവ്രതകളും ശുദ്ധഹൃദയരുമായ സത്യവിശ്വാസിനികളുടെ പേരില്‍ അപരാധം പറയല്‍ എന്നിവയാണവ. (ബുഖാരി. 4. 51. 28)

12) അനസ്(റ) നിവേദനം: നബി(സ) മദീനയില്‍ വന്നപ്പോള്‍ നബി(സ)ക്ക് ഭൃത്യന്മാര്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ അബൂത്വല്‍ഹ(റ) എന്റെ കൈ പിടിച്ച് നബി(സ)യുടെ സന്നിദ്ധിയില്‍ വന്നു പറഞ്ഞു. പ്രവാചകരേ, അനസ് ബുദ്ധിയുള്ള കുട്ടിയാണ്. അവന്‍ നിങ്ങള്‍ക്ക് സേവനം ചെയ്യട്ടെ. അനസ്(റ) പറയുന്നു. അങ്ങനെ യാത്രയിലും സ്വദേശത്തും ഞാന്‍ നബി(സ)ക്ക് സേവനം ചെയ്തു. ഞാന്‍ പ്രവര്‍ത്തിച്ച ഏതെങ്കിലും ഒരു പ്രവര്‍ത്തിയെ സംബന്ധിച്ച് നീ എന്തിന് അപ്രകാരം ചെയ്തു എന്ന് നബി(സ) ചോദിച്ചിട്ടില്ല. ഞാന്‍ പ്രവര്‍ത്തിക്കാതിരുന്നതിനെ സംബന്ധിച്ച് നീ എന്തുകൊണ്ട് ആ ജോലി ചെയ്തില്ല എന്നു പ്രസ്താവിച്ചിട്ടില്ല. (ബുഖാരി. 4. 51. 29)

13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ അനന്തരാവകാശികള്‍ക്ക് ദിര്‍ഹമോ ദിനാറോ ഓഹരി വെക്കാനുണ്ടാവുകയില്ല. എന്റെ ഭാര്യമാരുടെ ചിലവും എന്റെ ഉദ്യോഗസ്ഥന്മാരുടെ ചിലവും കഴിച്ച് ബാക്കിയുള്ളത് ജനങ്ങള്‍ക്ക് പൊതു സ്വത്തായി ചിലവ് ചെയ്യാനുള്ളതാണ്. (ബുഖാരി. 4. 51. 37)


0 comments:

Post a Comment

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)